കുട്ടികൾ നമ്മുടെ ഗുരുക്കന്മാർ
ഈ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ബഹ്റിനിലെ പ്രമുഖ ഇന്ത്യൻ വിദ്യാലയമായ ‘ഏഷ്യൻ സ്കൂളി’ന്റെ 32ാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. കൊച്ചു കുരുന്നുകൾ ചിട്ടയാി അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ഹൃദ്യമായിരുന്നു. വിശുദ്ധ ഖുർആൻ, ബൈബിൾ, ഭഗവത് ഗീത എന്നിവ ഒരേ വേദിയിൽ മൂന്ന് പിഞ്ു കുഞ്ഞുങ്ങൾ പാരായണം ചെയ്തു കൊണ്ടായിരുന്നു പരിപാടി ആരംഭിച്ചത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ബഹ്റിനിലെ പാരന്പര്യ അറബ് പരിപാടികളും ജാതിയുടേയോ മതത്തിന്റെയോ ദേശത്തിന്റെയോ ആയ യാതോരു വേർതിരിവുമില്ലാതെ നമ്മുടെ പിഞ്ചു കുട്ടികൾ ആഹ്ലാദത്തോടെ അരങ്ങിൽ പ്രദർശിപ്പിച്ചു.
ഈ പരിപാടികൾ കണ്ടപ്പോൾ മനസ്സിൽ വന്നത് വില്യം വേഡ്സ്−വർത്തിന്റെ ‘റെയിൻബോ’ എന്ന കവിതയിലെ ഒരു വരിയാണ്. ‘The Child is fatehr of man’ നമ്മുടെ ഈ കുരുന്നുകളുടെ വിശാല മനസ്കത എന്നാണ് മുതിർന്നവരിലെത്തുക എന്നതായിരുന്നു ചിന്ത. ഇണങ്ങലുകളും പിണങ്ങളുകളും കുട്ടികളുടെ ഇടയിൽ വളരെ സാധാരണമാണ്. ഏതെങ്കിലും തരം പിണങ്ങലുകളോ ചെറിയ സംഘടനം തന്നെയോ നമ്മുടെ കുട്ടികൾക്കിടയിൽ ഉണ്ടാവുന്പോൾ മിക്കവാറും ആ കുട്ടികൾ സുഹൃത്തുക്കളും തന്നെ അത് പരിഹരിക്കുകയും വീണ്ടും സൗഹൃദം നിലനിർത്തുകയുമാണ് ചെയ്യാറ്.
തിരുവാതിരക്കളിലും ഒപ്പനയും മാർഗ്ഗം കളിയും എല്ലാം ഒരേ കുട്ടികൾ ഒരേ ആഹ്ലാദത്തോടെ ആസ്വദിച്ചുകൊണ്ടിരുന്നതാണ് നമ്മുടെ സാംസ്കാരിക മഹത്വം. നിരവധി രാജ്യങ്ങളുടെ വിദ്യാലയങ്ങൾ ഉള്ള ബഹ്റനിൽ ഇന്ത്യൻ, വിദ്യാലയങ്ങളിൽ നടക്കുന്നതിന്റെ പത്തിലൊന്ന് ആഘോഷങ്ങൾ പോലും മറ്റെവിടെയും നടക്കാറില്ല. ഇത് നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ്, സൗന്ദര്യമാണ്.
എന്നാൽ ഈയടുത്ത കാലത്തായി നമ്മുടെ രാജ്യത്ത് ബോധപൂർവ്വമോ അല്ലാതെയോ നമ്മുടെ സാംസ്കാരിക തനിമയ്ക്കെതിരെ പ്രചാരണങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ നമ്മുടെ മാധ്യമങ്ങളുടെ പങ്കും ചെറുതല്ല. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് എവിടെയെങ്കിലും ദൗർഭാഗ്യകരമായ ഏതെങ്കിലും സംഘട്ടനങ്ങളോ മറ്റോ ഉണ്ടായാൽ, അതിനെ രാജ്യവ്യാപകമാക്കി തീർക്കാനും ജനങ്ങളെ പക്ഷം ചേർക്കാനുമാണ് നമ്മുടെ മാധ്യമങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ പത്രങ്ങൾ, പാശ്ചാത്യമാധ്യമങ്ങൾ പ്രത്യേകിച്ചും അവിടെ നടക്കുന്ന അനിഷ്ടകരമായ സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കാറില്ല. അവരുടെ രാജ്യത്തെ നല്ല കാര്യങ്ങളാണ് ഉയർത്തിക്കാട്ടാറുള്ളത്.
ഒട്ടേറെ മതങ്ങളും ഭാഷകളും മറ്റ് വൈവിധ്യങ്ങളുമുള്ള ഇന്ത്യാരാജ്യത്ത് മാധ്യമങ്ങൾ ഒട്ടേറെ ശ്രദ്ധിക്കേണ്ടതുണ്ട്. മതവിദ്വേഷവും ഭാഷാ വിദ്വേഷവും മറ്റും ആളിക്കത്തിക്കാനോ, പ്രചരിപ്പിക്കാനോ ഉള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്.
വളരെ ശക്തമായ പാർലമെന്ററി സംവിധാനവും ജുഡീഷറി സംവിധാനവുമുള്ള നമ്മുടെ രാജ്യത്ത്, കുറ്റ കൃത്യങ്ങൾ നിയമസംവിധാനത്തിലൂടെയാണ് നേരിടേണ്ടത്, അല്ലാത്ത പക്ഷം, അത് രാജ്യത്തെ അരാജകത്വത്തിലേക്കാണ് നയിക്കുക. മത ഭ്രാന്തോ, രാഷ്ട്രീയ ഭ്രാന്തോ ഉയർത്തി വിടുന്ന തരം ആളുകളെ അവർ ഏത് വിഭാഗത്തിൽപ്പെട്ടവരായാലും മാധ്യമ ചർച്ചകളിൽ നിന്നും അകറ്റി നിർത്തുകയാണ് ചെയ്യേണ്ടത്. സമചിന്തതയും അറിവും രാജ്യ സ്നേഹവും മനുഷ്യ സ്നേഹവുമുള്ള വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് മാധ്യമ ചർച്ചകൾ വൈകാരിക തലത്തിൽ നിന്നും ബൗദ്ധികതലത്തിലേയ്ക്ക് മാറേണ്ടിയിരിക്കുന്നു.
മുന്പ് വായിച്ച ഒരു കഥ ഇവിടെ ഓർക്കുന്നു. പാർക്ക് അവന്യുവിലെ ഒരു കെട്ടിടത്തിന്റെ മുപ്പതാം നിലയിൽ താമസിച്ചിരുന്ന ‘മിസ്സിസ് വീസ്മാൻ’ എന്ന ഒരു സ്ത്രീ ലിഫ്റ്റിൽ താഴോട്ടിറങ്ങുന്പോൾ സ്ഥിരമായി കുരിശു വരയ്ക്കുന്നത് ശ്രദ്ധിച്ച ലിഫ്റ്റ് ഓപ്പറേറ്റർ അവരോട് ചോദിച്ചു. ‘ഞാനെന്റെ തലയിലെ തൊപ്പിയും, മാറിലെ പതക്കവും കൈയ്യിലെ ക്ലിപ്പും യഥാസ്ഥാനത്തു തന്നെയുണ്ടോ എന്ന് പരിശോധിക്കുകയാണ്’.
ഇത്തരത്തിൽ ഓരോ ചലനത്തിലും സംഭവത്തിലെ ഓരോ വിശ്വാസ പ്രമാണങ്ങൾ ആറോപിച്ച് നമ്മുടെ രാജ്യത്തിന്റെ ശക്തിയും സൗന്ദര്യവും നഷ്ടമാവുന്ന ഒരുതരം പ്രവൃത്തികളും വിദ്വേഷമുണ്ടാക്കുന്ന ചർച്ചകളും അവസാനിപ്പിക്കാം.
നഴ്സറി കുരുന്നുകളെ പോലെ ഒരുമിച്ച് പാട്ട് പാടി ആടാനും ആഹ്ലാദിക്കാനും നാം മുതിർന്നവർക്കും സാധിക്കട്ടെ.