കുറ്റിച്ചൂൽ വാങ്ങാൻ പോലും അധികാരമില്ലാത്ത പഞ്ചായത്തുകൾ


കരളം ഇപ്പോൾ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ലഹരിയിൽ മുഴുകിയിരിക്കുകയാണല്ലോ? അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി, പഞ്ചായത്തീരാജ് സംവിധാനത്തിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് വേളയിലെങ്കിലും ഈ ഭരണ സംവിധാനങ്ങളെ കുറിച്ച് ഒരൽപം ചിന്തിക്കുന്നത് നന്നായിരിക്കും. 

നമ്മുടെ ജനാധിപത്യ സംവിധാനത്തെ കുറിച്ച് ഡൽഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കേജരിവാൾ അദ്ദേഹത്തിന്റെ ‘സ്വരാജ്’ എന്ന ഗ്രന്ഥത്തിലൂടെ വിമർശനാത്മകമായി വിലയിരുത്തുന്നുണ്ട്. ശ്രീബുദ്ധന്റെ കാലത്ത് തന്നെ നമ്മുടെ രാജ്യത്ത് ജനാധിപത്യ സംവിധാനം ഉണ്ടായിരുന്നു. ലോകത്തെ ആദ്യത്തെ ജനായത്ത ഭരണം നിലനിന്നിരുന്നത് ‘വൈശാലി’യിലായിരുന്നു. ജനാധിപത്യ പാരന്പര്യം നമ്മുടെ ആത്മാവിനുള്ളിൽ വേരുറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് സ്വാതന്ത്ര്യത്തിനു ശേഷം സ്വാഭാവികമായി നാം ആ രീതി പിന്തുടർന്നതും. 

രാജാവിന്റെ മകനായിരുന്നു അടുത്ത രാജാവായിരുന്നത്. രാജാവിനെ തിരഞ്ഞെടുക്കാൻ പ്രത്യേക വോട്ടെടുപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അതേ സമയം അധികാരം രാജാവിൽ നിഷിപ്തമായിരുന്നില്ല. ഗ്രാമസഭകളായിരുന്നു എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത്. ഓരോ ഗ്രാമത്തിലെയും ജനങ്ങൾ എന്താണ് ആശിച്ചിരുന്നത് അത് തന്നെയാണ് ഗ്രാമസഭകളും തീരുമാനമെടുത്ത് നടപ്പാക്കി കൊണ്ടിരുന്നത്. രാജാവിന് ജനങ്ങളുടെ ഇഷ്ടം അംഗീകരിക്കുക മാത്രം ചെയ്‌താൽ മതിയായിരുന്നു. ഇന്ന് അഞ്ച് വർഷത്തിലൊരിക്കൽ നാമൊരു രാജാവിനെ തിരഞ്ഞെടുക്കുന്നു. പക്ഷേ രാജാവ് നിയന്ത്രണത്തിലല്ലെന്നു മാത്രം. പുരാതന കാലത്ത് ജനങ്ങളല്ല രാജാവിനെ തിരഞ്ഞെടുത്തിരുന്നതെങ്കിലും, രാജാവ് അവരുടെ നിയന്ത്രണത്തിലായിരുന്നു.

ജനങ്ങൾ തീരുമാനമെടുക്കുകയും രാജാവ് നടപ്പിൽ വരുത്തുകയും എന്ന ജനാധിപത്യ രീതി 1860 വരെ നടപ്പിലായിരുന്നു. 1830ൽ അന്നത്തെ ഇന്ത്യയുടെ ഗവർണ്ണർ ജനറലായിരുന്നു മെറ്റ് കാഫ് പ്രഭു രേഖപ്പെടുത്തിയത് ഇന്ത്യാ രാജ്യത്തിന്റെ അടിത്തറ ഗ്രാമസഭകളാണെന്നാണ്. 1860ൽ ഗ്രാമ സഭകളെ തകർക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് ഗവൺമെന്റ് നടപ്പിലാക്കിയ നിയമമായിരുന്നു ‘കലക്ടർരാജ്’. ഗ്രാമസഭകൾക്കും ജനങ്ങൾക്കും ഉണ്ടായിരുന്ന എല്ലാ അധികാരങ്ങളും പിടിച്ചെടുത്ത് ബ്രിട്ടീഷ് കലക്ടർമാരിൽ നിക്ഷിപ്തമാക്കി. നിർഭാഗ്യവശാൽ 1947ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോഴും ജനങ്ങളുടെ അധികാരം അവർക്ക് തിരികെ നൽകപ്പെട്ടില്ല. പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശരിയാംവണ്ണം ജോലി ചെയ്യുന്നവരുണ്ടോ എന്ന് മനസ്സിലാക്കാൻ ഗ്രാമത്തിലെ ജനങ്ങൾക്ക് സാധിക്കും. എന്നാൽ അവർക്കെതിരെ നടപടിയെടുക്കാൻ ജനങ്ങൾക്ക് അധികാരമില്ല. ഈ യാഥാർത്ഥ്യം മുതലാക്കി ഉദ്യോഗസ്ഥന്മാർ പലരും അഴിമതി കാണിക്കുന്നു.

സർക്കാർ ഉത്തരവ് പ്രകാരം നടപ്പിലാക്കുന്ന പല പദ്ധതികൾക്കും പണം നൽകുന്നത് പ്രാദേശിക ഫണ്ടിൽ നിന്നാണ്. പഞ്ചായത്തിലെ ഉദ്യോഗസ്ഥരെയും സെക്രട്ടറിയെയും നിയമിക്കുന്നതും ശന്പളം തീരുമാനിക്കുന്നതും സർക്കാരാണ്. കൂടാതെ പ്രാദേശിക നികുതി ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ തീരുമാനിക്കുന്നു. എന്നാൽ സത്യത്തിൽ പഞ്ചായത്തിൽ ഏതെല്ലാം ഉദ്യോഗസ്ഥന്മാർ വേണമെന്നും അവർക്കെന്തെല്ലാം ആനുകൂല്യങ്ങൾ കൊടുക്കണമെന്നും വിലയിരുത്തേണ്ടവർ ജനങ്ങളാണ്. ഏതു തരം ജോലിയാണ് ചെയ്യേണ്ടതെന്നും എപ്പോഴാണ് അത് ചെയ്യേണ്ടതെന്നും തീരുമാനിക്കേണ്ടത് ജനങ്ങളാണ്. 

സർക്കാർ നിർദ്ദേശ പ്രകാരം ജോലികൾ തീർക്കാൻ കഴിയാതെ മാർച്ച് മാസത്തിൽ നെട്ടോട്ടമോടുന്ന പഞ്ചായത്തുകളും ഫണ്ട് പാഴായിപ്പോകുന്ന പഞ്ചായത്തുകളും നമ്മുടെ നാട്ടിൽ സുലഭമാണ്. എന്നാൽ ഈ പാഴായി പോകുന്ന ഫണ്ടിൽ നിന്നും ഒരു കുറ്റിച്ചൂൽ വാങ്ങാൻ പോലും പഞ്ചായത്ത് ഭരണസമിതിക്ക് അധികാരമില്ല. അതിനു ഉദ്യോഗസ്ഥ പ്രമാണിമാർ കനിയണം. നോക്കു കുത്തികളായി മാറിയ ഈ ഭരണസംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ദൗർഭാഗ്യവശാൽ നാം ചർച്ച ചെയ്യുന്നില്ല. 

ജനപ്രതിനിധികളുടെ എണ്ണം പെരുകി കൊണ്ടിരിക്കുകയും ജനപ്രതിനിധികൾ സമൂഹത്തിനു തന്നെ ബാധ്യതയായിരിക്കുകയും ചെയ്യുന്പോൾ, പെൻഷൻ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഐക്യകണ്ഠേന നിയമങ്ങൾ പാസ്സാക്കുന്ന നമ്മുടെ നിയമ നിർമ്മാണ സഭകൾ ഇത്തരം തീരുമാനങ്ങൾ ജനങ്ങളുടെ മുന്പിൽ അവതരിപ്പിച്ച് ഒരു ഹിതപരിശോധനക്കെങ്കിലും തയ്യാറാവേണ്ടതല്ലേ. 

ജനാധിപത്യ സംവിധാനത്തിനും ജനപ്രതിനിധികളെ ഊട്ടുന്നതിനും ദാരിദ്ര്യ നിർമ്മാർജനം ഇനിയും നടപ്പിൽ വരുത്താൻ കഴിഞ്ഞിട്ടില്ലാത്ത ഒരു രാജ്യത്ത് തങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ ഏതെങ്കിലും ഒരു ജനപ്രതിനിധിയെങ്കിലും തയ്യാറല്ല എന്നത് അവരുടെ സാമൂഹ്യ പ്രതിബദ്ധതയെ വിലയിരുത്തുന്നതാണ്.

You might also like

Most Viewed