സത്യാന്വേഷകനായ മഹാത്മാവ്


ഒക്ടോബർ മാസം രണ്ടാം തീയതി നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രപിതാവിന്റെ ജന്മദിനമായിരുന്നല്ലോ. 2007 മുതൽ ഐക്യരാഷ്ട്ര സംഘടന മഹാത്മജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് അന്താരാഷ്‌ട്ര അഹിംസാദിനമായി പ്രഖ്യാപിച്ചത് മുതൽ ‘ഗാന്ധിജയന്തി’ അന്താരാഷ്‌ട്ര തലത്തിൽ ആഘോഷിക്കപ്പെട്ട് തുടങ്ങി. ഗാന്ധിയൻ ചിന്തകളും അഹിംസാ സിദ്ധാന്തങ്ങളും ഒട്ടേറെ പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പൊക്കോണ്ടിരിക്കുന്നത്.

മഹാത്മജിയെ യഥാർത്ഥ രീതിയിൽ മനസ്സിലാക്കുന്നതിൽ നാം കുറച്ചു താമസിച്ചു പോയില്ലേ എന്ന ആശങ്ക നല്ലൊരു വിഭാഗത്തിലും നില നിൽക്കുന്നു. ഗാന്ധിജിയുടെ ആത്മ ശിഷ്യനായിരുന്ന ആചാര്യ ജെ.ബി കൃപലാനി അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു.

‘ഗാന്ധിജി തെറ്റ് ചെയ്യാത്ത ആളായിരുന്നില്ല, പിഴയ്ക്കാത്ത വ്യക്തിത്വമായിരുന്നില്ല അദ്ദേഹത്തിന്റേത്. അദ്ദേഹം നിരവധി തെറ്റുകൾ ചെയ്തിട്ടുണ്ട്. എല്ലാ തെറ്റുകളുടെ ഇടയിലും അദ്ദേഹം ശുദ്ധനും സത്യവാനുമായിരുന്നു.’

കുറ്റങ്ങളും കുറവുകളും ഉള്ള മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി എന്ന പച്ച മനുഷ്യനെ മൂത്ത മകൻ ഹരിലാൽ ഗാന്ധി മുതൽ ഒട്ടേറെ പേർ പ്രതികൂട്ടിൽ നിർത്തിയിട്ടുണ്ട്. ഒടുവിൽ അദ്ദേഹത്തെ പ്രതികൂട്ടിൽ നിർത്തി വിചാരണ പോലും ചെയ്യാതെ നാഥൂറാം ഗോഡ് സെ വിധിച്ച വധശിക്ഷ അർദ്ധ നഗ്നമായ ശരീരത്തിൽ അദ്ദേഹം ഏറ്റുവാങ്ങി.

ആറര പതിന്റാണ്ടുകൾക്ക് മുന്പ് കേവലം നാൽപ്പത് കോടി ജനങ്ങൾക്ക് മഹാത്മാവായിരുന്ന ‘ഗാന്ധി’ ലോകത്തിന് മുഴുവൻ മഹാത്മാവായി വളർന്നു എന്നതാണ്. വഴി അറിയാതെ അലഞ്ഞവരും വഴിതെറ്റി അലഞ്ഞവരുമായ സഹസ്രങ്ങൾക്ക് വഴികാട്ടിയായ നേതാവായിരുന്നു ഗാന്ധിജി. എന്നാൽ സ്വന്തം പുത്രൻ ഹരിലാലിന് നേർവഴി കാണിച്ചു കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നത് അവിശ്വസനീയമായ ഒരു കാര്യമായിരുന്നു.

അതുപോലെ തന്നെ വിവാദപരമായ ഒന്നാണ് ഗാന്ധിജിയുടെ ഘാതകനായ ഗോഡ് സെയുടെ വിചാരണ കോടതിയിലെ പ്രസ്താവന. അന്ന് കേസ് കേട്ട ജഡ്ജി ജസ്റ്റിസ് ഖോസ് ലെ പ്രസ്ഥാപിച്ചത്, ഗോഡ് സെയുടെ വികാര നിർഭരമായ പ്രസംഗം കോടതിയിൽ നിന്നവർ വിതുന്പുന്ന ഹൃദയത്തോടെയാണ് കേട്ടതെന്നായിരുന്നു.

വളരെയധികം പേർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു അസാധാരണ വ്യക്തിയായിരുന്നു മഹാത്മാജി. അദ്ദേഹത്തെ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ടവരിലെ പ്രമുഖരായിരുന്നു മുകളിൽ പറഞ്ഞ രണ്ട് വ്യക്തികൾ. ഒന്ന് മൂത്തമകൻ ഹരിലാൽ ഗാന്ധിയും. രണ്ട് അദ്ദേഹത്തിന്റെ ഘാതകൻ നാഥൂറാം ഗോഡ് സെയും.

സമരോത്സുകനായി ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജിയോടൊപ്പം നിന്ന ഹരിലാൽ ഗാന്ധി, മഹാത്മജിയുമായി ഇടയാൻ കാരണമായത് അദ്ദേഹത്തെ ലണ്ടനിൽ പഠിപ്പിക്കാൻ തയ്യാറായ ഗാന്ധിജിയുടെ സ്നേഹിതൻ ഡോ. പ്രവീൺ ദാസ് മേത്തയുടെ വാഗ്ദാനം നിരസിച്ചത്‌ കൊണ്ടായിരുന്നു. ജനസേവകരാകാൻ മക്കൾ ഇംഗ്ലണ്ടിൽ പോയി പഠിച്ച് ബാരിസ്റ്റർമാരാകേണ്ട ആവശ്യമില്ലെന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു ഗാന്ധിജി.

ഇന്ത്യയിലേയ്ക്ക് മടങ്ങിയ ഹരിലാൽ ബോംബെയിൽ വന്ന് വിദ്യാഭ്യാസം തുടർന്നുവെങ്കിലും മെട്രിക്കുലേഷൻ പരീക്ഷ പാസ്സാകാൻ കഴിഞ്ഞില്ല. ഗാന്ധിജിയുടെ മനസ്സ് അനുകൂലമാകാതിരുന്നിട്ടും സ്വന്തം ഇഷ്ടപ്രകാരം ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോകാൻ തീരുമാനിച്ച ഹരിലാലിന്റെ സമര തീരുമാനത്തെ അനുകൂലിച്ചു കൊണ്ട് ദക്ഷിണാഫ്രിക്കയിൽ നിന്നും ഗോപാലകൃഷ്ണ ഗോഖലെക്കയച്ചിരുന്ന സന്ദേശത്തിൽ ഗാന്ധിജി പറഞ്ഞിരുന്നത് ഇപ്രകാരമായിരുന്നു. ‘സമരത്തിന്റെ ഭാഗമായി ഹരിലാൽ ജയിലിലേയ്ക്ക് പോവുകയാണെങ്കിൽ അവിടെ െവച്ച് മകനുണ്ടാകുന്ന അനുഭവവും വിദ്യാഭ്യാസവുമായിരിക്കും അവന്റെ യഥാർത്ഥ വിദ്യാഭ്യാസം എന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നായിരുന്നു’.

ഹരിലാൽ ഗാന്ധിയുടെ ജീവിതം പഠിച്ചാൽ നമ്മുക്ക് മനസിലാകുന്നത് അദ്ദേഹം ചഞ്ചലമായ മനസ്സിന്റെ ഉടമയായിരുന്നു എന്നാണ്. തന്റെ പിതാവിനെ മാത്രമല്ല സ്വയം വിലയിരുത്തുന്നതിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ലഭിച്ച ഓരോ അവസരങ്ങളും അദ്ദേഹം പാഴാക്കിക്കൊണ്ടിരുന്നു. ഒട്ടേറെ തവണ പശ്ചാത്താപ പ്രകടനം നടത്തുകയും ഗാന്ധിജിയുമായി ഇണങ്ങുകയും ചെയിതിരുന്നു.

ഗാന്ധിജിയുടെ വധത്തെ അദ്ദേഹത്തിന്റെ കുടുംബം എങ്ങനെയാണ് കണ്ടത് എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ഗാന്ധിജി മരണപ്പെട്ട ഉടൻ അവിടെ ആദ്യമെത്തിയത്‌ അദ്ദേഹത്തിന്റെ പുത്രൻ ദേവദാസ് ഗാന്ധിയാണ്. ഉണങ്ങാത്ത രക്തം കണ്ട് ദേവദാസ് ബാപ്പുജിയുടെ മടിയിൽ തല വെച്ച് കരഞ്ഞു. ദേവദാസും ഭാര്യ ലക്ഷ്മിയും ചേർന്നാണ് ഗാന്ധിജിയുടെ മൃതശരീരം കുളിപ്പിച്ചത്. ഗാന്ധിജിയുടെ പൗത്രി സുമിത്രാ ഗാന്ധി (രാമദാസിന്റെ മകൾ) എഴുതിയ ‘അമൂല്യ പൈതൃകം’ എന്ന ഗാന്ധി ജീവചരിത്രത്തിൽ സൂചിപ്പിച്ചത് പോലെ കുടുംബങ്ങളുടെ മനസ്സിൽ മുഴുവൻ ഉയർന്നു വന്ന ഏക ചോദ്യം ‘ബാപ്പുജിയെ കൊന്നത് കൊണ്ട് ഗോഡ് സെക്ക് എന്ത് കിട്ടി’ എന്നതായിരുന്നു. ഗാന്ധി വധകേസിൽ വിചാരണ നടക്കുന്പോൾ തന്നെ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് ഗോഡ് സെക്ക് മരണ ശിക്ഷ ലഭിച്ചു എന്ന കാര്യം ഉറപ്പായിരുന്നു. ഗാന്ധിവധകേസിന്റെ ചുമതല വഹിച്ചിരുന്ന പ്രമുഖ ക്രിമിനൽ അഭിഭാഷകൻ കൂടിയായിരുന്ന ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ ഘാതകർക്ക് വധശിക്ഷ തന്നെ വാങ്ങിക്കൊടുക്കണമെന്ന അഭിപ്രായമാണ് പുലർത്തിയത്. പക്ഷെ ഗാന്ധികുടുംബം പൊതുവെ ഗോഡ് സെക്ക് മരണ ശിക്ഷ നൽകുന്നതിന് എതിരായിരുന്നു. അതിന്റെ ഭാഗമായിരുന്ന സർദാർ പട്ടേലിന് രാമദാസ് ഗാന്ധി എഴുതിയ കത്ത്. അതിൽ അദ്ദേഹം പറഞ്ഞിരുന്നത് ഗോഡ് സെക്ക് മരണ ശിക്ഷ നൽകുന്നത് ബാപ്പുജിയുടെ അഹിംസക്ക് വിരുദ്ധമായിരിക്കും, അദ്ദേഹത്തിന്റെ ആത്മാവിന് വ്യഥയുണ്ടാകും എന്നായിരുന്നു.

സുമിത്രാ ഗാന്ധി എഴുതിയത് ലോകത്ത് തന്റെ പിതാവിന്റെ ഘാതകനോട് ഇത്രയധികം കരുണ കാണിക്കുകയും അധികാരമുള്ള ഭരണകൂടത്തോട് കൊലപാതകം നടത്തിയ പാപിക്ക്‌ വേണ്ടി മാപ്പ് ചോദിക്കുകയും ചെയ്ത ഏകപുത്രൻ തന്റെ പിതാവായിരിക്കും എന്നാണ്.

തികച്ചും അവിശ്വസിനീയമായ ഒരു രംഗത്തിന് സാക്ഷ്യം വഹിച്ച ശേഷമാണ് ഗാന്ധി വധത്തിന് 21 വർഷങ്ങൾക്ക് ശേഷം രാമദാസ് ഗാന്ധി അന്ത്യശ്വാസം വലിച്ചത്. 1969ൽ ബോംബൈയിലെ ഒരാശുപത്രിയിൽ മരണശയ്യയിലായിരുന്നു. സുമിത്രാ ഗാന്ധി അത് വിവരിക്കുന്നത് ഇങ്ങനെയാണ്, “അന്ന് വിഷാദവും മൂകവുമായ ഒരു സായം വേളയിൽ മുറിയുടെ വാതിലിൽ ഒരു മുട്ട് കേട്ടു. ഞാൻ കതക് തുറന്നപ്പോൾ മുന്നിൽ ഒരു മധ്യവയസ്കനും കൂടെ ഒരു യുവതിയും ഉണ്ടായിരുന്നു. യുവതി അച്ഛന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ച് കൂടെയുള്ളയാളെ പരിചയപ്പെടുത്തി. ഇത് ഗോപാൽ ഗോഡ് സെയാണ്. ഇന്ന് രാവിലെ പത്രത്തിൽ വാർത്ത കണ്ടിട്ട് രാമദാസ് ഗാന്ധിയെ സന്ദർശിക്കാൻ പൂനെയിൽ നിന്ന് വന്നതാണ്. തന്നെ മനസ്സിലാകാതിരുന്ന സുമിത്രാ ഗാന്ധിയെ അത്ഭുതത്തോടെ നോക്കി ഗോപാൽ ഗോഡ് സെ പറഞ്ഞു. “നോക്കൂ രാമദാസ് ഗാന്ധി മാത്രമാണ് മഹാത്മജി വധകേസിൽ ഞങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചത്. ഞാൻ ജീവിതാവസാനം വരെ ആ മഹാനുഭാവനെ മനസ്സിൽ വാഴിച്ചിരിക്കും. ഞങ്ങളുടെ മനസ്സിൽ മഹാത്മഗാന്ധിയെക്കാൾ ശ്രേഷ്ടനാണ് രാമദാസ് ഗാന്ധി”.

ഗാന്ധിജി വധകേസിൽ 20 വർഷത്തെ തടവു ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയ ഗോപാൽ ഗോഡ് സെയുടെ മനസ്സിൽ പോലും ചലനങ്ങൾ ഉണ്ടാക്കിയ മഹാത്മജിയുടെ അഹിംസാ സിദ്ധാന്തം ഇന്ന് ലോകമാകെ ഏറ്റെടുക്കേണ്ടതാണ്. കണ്ണിനു പകരം കണ്ണ് എന്ന സിദ്ധാന്തം ലോകമാകെ അന്ധത പടർത്തുകയുള്ളൂവെന്ന് മഹാത്മജി വളരെ മുൻപേ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോഴാണ് ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ളവർ ഇത് തിരിച്ചറിയുന്നത്.

കഴിഞ്ഞ ദശകങ്ങളിൽ ലോകത്തിലെ പല നഗരങ്ങളുടെ വീഥികളിലും പ്രക്ഷോഭകാരികളുടെ ഹൃദയത്തിൽ നിന്ന് അണപൊട്ടിയ മുദ്രാവാക്യങ്ങൾക്കിടയിൽ ഗാന്ധിജിയുടെ മെതിയടി ശബ്ദവും ലോകം കേട്ടു. വർണ്ണ വിവേചനത്തിനെതിരെ വാഷിംഗ്ടണ്ണിലെ പ്രകടനത്തിലും ബീജിങ്ങിലെ ടിയാൻമെൻ സ്ക്വയറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിലും നാം ആ മെതിയടി ശബ്ദം കേട്ടു. അമേരിക്കയിൽ മാർട്ടിൻ ലൂതർ കിങ്ങിനും അർജന്റീനയിൽ അഡോൾഫോ പെരിസിനും ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ടേലയ്ക്കും മ്യാൻമറിൽ ആങ്ങ്സാൻ സൂകിയ്ക്കും തുടങ്ങി പല ലോക നേതാക്കൾക്കും പ്രചോദനം നമ്മുടെ മഹാത്മജിയായിരുന്നു.

You might also like

Most Viewed