മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
ഈ കഴിഞ്ഞ പതിനേഴാം തീയതി ഇന്ത്യൻ ക്ലബിൽ വെച്ച് നടന്ന ‘ബഹ്‌റിൻ ബ്രെയിൻ ഹണ്ട്’ പരീക്ഷയ്ക്ക് ശേഷം ബൈജൂസ് ക്ലാസിന്റെ ചെയർമാൻ ബൈജു രവീന്ദ്രൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി എങ്ങനെ പഠിക്കണം? എങ്ങനെ ചിന്തിക്കണം? എന്ന വിഷയത്തിൽ ഊന്നിക്കൊണ്ട് നടത്തിയ വർക്ക് ഷോപ്പിൽ ഒട്ടേറെ ചോദ്യങ്ങൾ നമ്മുടെ വിദ്യാഭ്യാസ രീതിയെ കുറിച്ചുള്ളതായിരുന്നു.
ഔപചാരിക വിദ്യാഭ്യാസ രംഗത്ത് ഏതാനും വർഷങ്ങളായി പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ എന്റെ മനസ്സിലും വർഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. എന്നാൽ വെറും വിമർശനം എന്നതിലുപരി പ്രായോഗിക നിർദ്ദേശങ്ങളും പരിഹാരങ്ങളുമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.
ഇന്നത്തെ വിദ്യാഭ്യാസ രീതി വിദ്യാർത്ഥികളെ അവരുടെ വിലപ്പെട്ട സമയത്തെ കവർന്നെടുത്ത് വഞ്ചിക്കുകയാണെന്ന് തുറന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. നമ്മെ ചതിക്കാൻ വിദ്യാഭ്യാസ സന്പ്രദായത്തെ അനുവദിക്കാതെ, വിദ്യാഭ്യാസ സന്പ്രദായത്തെ ചതിക്കാൻ പഠിക്കുക എന്നതായിരുന്നു. ‘ചതി’ എന്ന പദം പ്രയോഗിച്ചത് നെഗറ്റീവ് ആയ അർത്ഥത്തിലല്ല. conceptual and contextual learning എന്ന രീതിയിൽ കാര്യങ്ങൾ Analyse ചെയ്ത് പഠിക്കുകയും, അവ കൃത്യമായി ഗ്രഹിക്കുന്നതോടൊപ്പം തന്നെ വളരെ ഉയർന്ന മാർക്ക് നേടുകയും ചെയ്യുക എന്ന രീതിയാണ് അദ്ദേഹം അവതരിപ്പിച്ചത്.
നമ്മുടെ വിദ്യാഭ്യാസ രീതി എങ്ങനെ ചിന്തിക്കണം എന്ന് നമ്മെ പഠിപ്പിക്കുന്നില്ല, പകരം എന്ത് ചിന്തിക്കണം എന്നാണ് പഠിപ്പിക്കുന്നത്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നതിന്റെ യഥാർത്ഥ പൊരുൾ വികലമാക്കി ‘Value added education’ എന്ന പ്രയോഗം വ്യാപകമായി ഉപയോഗിക്കുന്ന നാം പലപ്പോഴും ഇതിന്റെ ലളിതമായ അർത്ഥത്തെ ആശയവ്യക്തതയില്ലാതെ ദുർഘടമാക്കുകയാണ് ചെയ്യാറുള്ളത്.
വളരെ ലളിതമായി പറഞ്ഞാൽ ‘മൂല്യാധിഷ്ഠിത വിദ്യാഭ്യാസം’ എന്നാൽ മനസ്സിനും ശരീരത്തിനും കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ലോകത്തിനും ശാശ്വതമായ നന്മകൾ നൽകുന്ന എല്ലാം ചേർന്നതാണ് മൂല്യാധിഷ്ഠിത മനുഷ്യജീവിതം. മൂല്യാധിഷ്ഠിത ജീവിതം നയിക്കാനായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും അഥവാ രക്ഷാകർത്താക്കൾക്കും ലഭിക്കേണ്ടതായ അറിവാണ് ‘മൂല്യാധിഷ്ഠിത വിദ്യാഭ്യാസം’.
പുസ്തകത്തിൽ നിന്നും അദ്ധ്യാപകരിൽ നിന്നും എല്ലാ അറിവുകളും ലഭ്യമാകണമെന്നില്ല. അനന്തമായ അറിവ് നേടാനുള്ള തയ്യാറെടുപ്പിൽ മൂല്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.
‘ആചാര്യാത് പാദമാദത്തെ, പാദംശിഷ്യസ്വമേധയാ
പാദം സ ബ്രഹ്മചാരിദ്യ: ശേഷം കാലക്രമേണച’
(ആചാര്യനിൽ നിന്ന് കാൽഭാഗം ശിഷ്യൻ സ്വമേധയാൽ, കാൽഭാഗം മറ്റുള്ളവരുമായ് ചർച്ച ചെയ്ത് ബാക്കി കാൽഭാഗം ജീവിതത്തിൽ മുന്പോട്ടുള്ള പ്രയാണത്തിൽ) നമ്മുടെ പ്രാചീന വിദ്യാഭ്യാസ രീതിയിൽ ആചാര്യൻന്മാർ ഉപദേശിക്കുന്നത് ഇപ്രകാരമായിരുന്നു.
അത് പ്രകാരം ഒരു ശിഷ്യൻ തന്റെ ജാഗ്രതാവസ്ഥയിൽ കാൽഭാഗം മാത്രം ആചാര്യനിൽ നിന്ന് കേൾക്കുകയും, കാൽഭാഗം സ്വയം അറിവ് നേടാനും ചിന്തിക്കാനും, മറ്റൊരു കാൽഭാഗം സമൂഹമായി ഇടപ്പെട്ട് അറിവ് നേടാനും ഉപയോഗിച്ചിരുന്നു. ഇങ്ങനെ തന്റെ അറിവിന്റെ മുക്കാൽ ഭാഗവും സ്വയം ആർജ്ജി
ച്ചെടുത്തവയായിരുന്നു. എന്നാൽ ഇന്ന് നാം എന്താണ് ചെയ്യുന്നത്? കുട്ടികളുടെ ആരോഗ്യം നന്നാവാൻ അമിതഭക്ഷണം കൊടുത്ത് ദഹനത്തിന് പോലും സമയം നൽകാതെ, പൊണ്ണത്തടി മുതൽ പ്രമേഹം വരെയുള്ള രോഗങ്ങൾ പിടിപ്പെട്ട് അവശരാക്കുന്നത് പോലെ മനനം ചെയ്യാനും പഠിക്കാനും സമയം കൊടുക്കാതെ, രാവിലെ 7 മണി മുതൽ രാത്രി 8 മണിവരെ ഒരേ കാര്യങ്ങൾ ഒരേ രീതിയിൽ ആവർത്തിച്ച്, ചിന്താശേഷിയില്ലാത്ത ഒരു തലമുറയെയല്ലേ നാം സൃഷ്ടിക്കുന്നത്.
അല്ലലില്ലാത്ത മനസുമായി കളിച്ചു വളരേണ്ട കുഞ്ഞ് മനസ്സുകൾക്ക് അൽപ്പമെങ്കിലും സ്വാതന്ത്ര്യം നൽകിയില്ലെങ്കിൽ, അവരുടെ ബാല്യവും കൗമാരവും അവർക്ക് പൂർണ്ണമായും നഷ്ടമാവില്ലേ. നമ്മുക്കത് പിന്നീട് തിരിച്ചു നൽകാൻ കഴിയുമോ?