കടലാക്രമണവും മൃഗീയതയും


നമ്മുടെ സ്വഭാവവുമായി ബന്ധപ്പെടുത്തിയാണ് നാം ലോകത്തിലെ എല്ലാ  പ്രതിഭാസങ്ങളേയും നോക്കി കാണുന്നത്. ഭാഷ മനുഷ്യ നിർമ്മിതമായതു കൊണ്ട് തന്നെ നാം പലപ്പോഴും ഭാഷ പ്രയോഗം നടത്താറുള്ളത് മനുഷ്യ പക്ഷം നിന്ന് കൊണ്ടാണ്. ആക്രമണം, മൃഗീയത മുതലായ വാക്കുകൾ നാം വളരെയേറെ ഉപയോഗിക്കുന്നവയാണ്. ഒരു നിരപരാധിയെ അല്ലെങ്കിൽ നിരപരാധികളെ കാരണമൊന്നും കൂടാതെ ഭീകരമായി ഉപദ്രവിക്കുന്നതിനെയാണ് നാം ആക്രമം എന്ന് പറയാറുള്ളത്. വളരെ നീചമായ രീതിയിൽ നടക്കുന്ന ഇത്തരം പ്രവർത്തികളെ നാം മൃഗീയത എന്നും പറയാറുണ്ട്. തീവ്രവാദി ആക്രമണം സൈനികാക്രമണം മുതലായവരുടെ പ്രയോഗം നമ്മുക്ക് മനസിലാക്കാം. ഇവയെല്ലാം ബോധപൂർവ്വം ആളുകളെ അല്ലെങ്കിൽ ശത്രുവിനെ തകർക്കാൻ വേണ്ടി നടത്തുന്ന പ്രവർത്തികളാണ്. 

എന്നാൽ കടലാക്രമണം എന്ന പ്രയോഗം കേൾക്കുന്പോൾ നാം ധരിക്കുക കടലിനു നമ്മളോട് എന്തോ ശത്രുതയുണ്ടെന്നും അതിന്റെ പേരിൽ അത് ബോധപൂർവ്വം നമ്മെ ആക്രമിക്കുന്നു എന്നുമാണ്. കടലിന് ആരോടും പകയോ വിദ്വേഷമോ ഇല്ല. അതുകൊണ്ട് തന്നെ കടൽ ആരെയും ആക്രമിക്കാറില്ല. യഥാർത്ഥത്തിൽ നാം കടലിനെ ആക്രമിക്കുകയാണ് ചെയ്യുന്നത്. അതിനെ നാം ആക്രമണം എന്ന് പറയാറില്ല. കടൽ നികത്തുക എന്ന ഓമന പേരാണ് ഉപയോഗിക്കാറുള്ളത്. ഭൂമിയിൽ മൂന്നിൽ രണ്ട് ഭാഗമുള്ള ജലാശയങ്ങളെ ആക്രമിച്ച് കീഴടക്കി, ജലത്തിന് കടലിൽ സ്ഥലമില്ലാതാവുകയും ഭൗമ താപം വർദ്ധിപ്പിച്ച് കട്ടിയായി ഉറച്ച് കൊണ്ടിരിക്കുന്ന ഐസ് കട്ടകളെ ഉരുക്കി അവയ്ക്കും കടലിൽ സ്ഥലം ഇല്ലാതാകുന്പോൾ രക്ഷയില്ലാതെ അത് കരയിലേക്ക് വരുന്പോൾ പാവം കടലിനെ അക്രമകാരിയാക്കി കടലാക്രമണം എന്ന് പറഞ്ഞാക്ഷേപിച്ച് നമ്മുടെ കുറ്റത്തിന് കടലിനെ പഴി പറയുന്നു. ഇതേ പോലെയുള്ള മറ്റൊരു പ്രയോഗമാണ് മൃഗീയം എന്നത്. വളരെ ക്രൂരമായ പ്രവൃത്തികളെയാണ് നാം മൃഗീയം എന്ന് വിളിക്കുന്നത്. എന്നാൽ നമ്മെക്കാൾ എത്രയോ മാന്യന്മാരായ ജീവികളാണ് മൃഗങ്ങൾ. മൃഗങ്ങൾ മാന്യന്മാർ മാത്രമല്ല നമ്മെക്കാളും സ്വയം അറിവുള്ളവരും ജീവിതത്തെ കുറിച്ച് ബോധമുള്ളവരുമാണ്. 

ഒരു പശുവിനെയോ പട്ടിയെയൊ അഴിച്ചു വിട്ടാൽ പശു പുല്ലും പട്ടി എല്ലും മാത്രമെ ഭക്ഷിക്കുകയുള്ളൂ.  അതും അതിന്റെ വിശപ്പടങ്ങിയാൽ അത് ഭക്ഷണം നിർത്തും. എന്നാൽ മനുഷ്യൻ പുല്ലും എല്ലും എന്നുവേണ്ട എല്ലാം തിന്നും. വിഷപ്പടങ്ങിയാലും വീണ്ടും ഭക്ഷിക്കും. ബാക്കിയുണ്ടെങ്കിൽ ഉണക്കിയോ ശീതീകരിച്ചോ വെയ്ക്കും. അപ്പോൾ ഭക്ഷണ കാര്യത്തിൽ മൃഗങ്ങളാണ് നമ്മെക്കാൾ മാന്യന്മാർ. എന്ത് ഭക്ഷണം എത്ര എപ്പോൾ കഴിക്കണമെന്ന് അവർക്കറിയാം.

സ്ത്രീകൾക്ക് നേരെ നടന്നു വരുന്ന അതിക്രമങ്ങൾ കുറിച്ചുള്ള ഒരു മാധ്യമ സെമിനാർ കഴിഞ്ഞ ദിവസം കാണാനിടയായി. അതിൽ ചിലർ ഉന്നയിച്ച ഒരു വാദം, ആധുനിക വസ്ത്രധാരണ രീതിയിൽ സ്ത്രീകൾ ഭാഗികമായി നഗ്നത പ്രദർശിപ്പിക്കുന്നതാണ് കാരണമെന്നായിരുന്നു. ഒരു വയസു  കാരിയേയും മൂന്ന് വയസു കാരിയേയും പോലും അതിക്രമത്തിന് മുതിരാൻ ഒരു സമൂഹത്തിൽ ഈ പിഞ്ചു കുഞ്ഞുങ്ങളെ പോലും അടിമുടി മൂടിക്കെട്ടി നടത്തുന്നതാണ് ഇതിനൊരു പരിഹാരം എന്ന് നമുക്ക് പറയാൻ പറ്റുമോ?

നാം ക്രൂര മൃഗങ്ങൾ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന സിംഹവും കടുവയും ഉൾപ്പടെ ആനയും, പൂച്ചയും പട്ടിയുമെല്ലാം പൂർണ്ണ നഗ്നരായാണ് നടക്കാറുള്ളത്. എന്നാൽ ഈ മൃഗങ്ങളൊന്നുംതന്നെ ബലാത്സംഗം നടത്തിയതായി കേട്ടിട്ടില്ല. അതിലും മൃഗങ്ങൾ മനുഷ്യരെക്കാൾ എത്രയോ മാന്യത പുലർത്തുന്നവയാണ്. ഇനി കായികമായി ആക്രമിക്കുന്ന കാര്യം നോക്കാം. സ്വയം രക്ഷയ്ക്കോ, ഭക്ഷണത്തിനോ വേണ്ടിയല്ലാതെ ഒരു മൃഗവും ഒരു ജീവിയേയും അക്രമിക്കാറില്ല. 

അതും സ്വന്തം ജീവി വർഗ്ഗത്തെ അവ അക്രമിക്കാറില്ല. മറ്റ് ജീവികൾ അക്രമിക്കുന്പോൾ അവ കൂട്ടമായി പ്രതിരോധിക്കാറാണുള്ളത്. ഒരിക്കൽ പോലും ജീവിതത്തിൽ കണ്ടിട്ടു പോലുമില്ലാത്ത സഹ ജീവിയെ ആർക്കോ, എന്തിനോ വേണ്ടി വെട്ടി നുറുക്കുകയും, ബോംബും, തോക്കും ഉപയോഗിച്ച്, കൂട്ടകുരുതി നടത്തുകയും ചെയ്യുന്നത് മനുഷ്യൻ മാത്രമാണ്. ലോക ചരിത്രത്തിൽ ഒരു മൃഗവും കാണിച്ചിട്ടില്ലാത്ത ഈ ക്രൂരതകളെ നാം ‘മൃഗീയത’ എന്നാണ് പറയാറുള്ളത്. മൃഗങ്ങൾക്ക് നമ്മുടെ ഭാഷ അറിയില്ലെങ്കിലും മാന്യരായ അവരെ അപമാനിക്കുന്നതെങ്കിലും നാം അവസാനിപ്പിക്കേണ്ടതല്ലേ?

You might also like

Most Viewed