വിശ്വാസം അതല്ലേ എല്ലാം


നമ്മുടെ സമൂഹത്തിൽ മിക്കവാറും ആളുകൾ വിശ്വാസികളാണ്. പല തരത്തിലുള്ള വിശ്വാസികളാണ് നാമെല്ലാം. വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവർ, വിവിധ ദൈവങ്ങളിൽ വിശ്വസിക്കുന്നവർ, ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവർ, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവർ, വിവിധ വ്യക്തികളെയും നേതാക്കന്മാരിലും വിശ്വസിക്കുന്നവർ തുടങ്ങിയ പലതരം വിശ്വാസികളാണ് നാമെല്ലാവരും. 

എന്താണ് വിശ്വാസം? വിശ്വാസം മനസിന്റെ ഒരു കൽപ്പനയാണ്. നാം ഒരു വിശ്വാസിയായാൽ നമുക്ക് അന്വേഷിക്കാൻ കഴിയില്ല. അന്വേഷണം അല്ലെങ്കിൽ ശ്രദ്ധ ഉണ്ടാകുന്പോൾ ചില വിശ്വാസങ്ങൾ മാറി മറിഞ്ഞെന്നു വരും. 

ഒരാൾ ഒരിക്കൽ ഓഷോയുടെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു, ഞങ്ങളുടെ മതത്തിൽ 14 സ്വർഗ്ഗങ്ങളുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. 

മഹാവീരൻ അഞ്ചാം സ്വർഗ്ഗത്തിൽ വരെയേ എത്തിയിട്ടുള്ളൂ. ബുദ്ധൻ ആറു വരെ എത്തി. ക്രിസ്തു 4 വരെയേ എത്തിയിട്ടുള്ളൂ. കബീർ, നാഹാക്ക് തുടങ്ങിയവർ 7 സ്വർഗ്ഗത്തിൽ എത്തിയിട്ടുണ്ട്. എന്റെ ഗുരുനാഥനാകട്ടെ 14 സ്വർഗ്ഗത്തിൽ എത്തിയിട്ടുണ്ട്. ഈ ഗുരുനാഥൻ രാധാസ്വാമി വിഭാഗത്തിൽപ്പെടുന്നയാളാണ്.

ഓഷോ അയാളോട് പറഞ്ഞു, നിങ്ങൾ പറഞ്ഞത് ശരിയാണ്, നിങ്ങളുടെ ഗുരുനാഥനെ ഞാൻ പതിനാലാം സ്വർഗ്ഗത്തിൽ വച്ച് കാണുകയുണ്ടായി. എന്തെന്നാൽ ഞാൻ പതിനഞ്ചാം സ്വർഗ്ഗം കണ്ടവനാണ്. അതുകൊണ്ട് നിങ്ങളുടെ ഗുരുനാഥനെ എനിക്കറിയാം.

പതിനഞ്ചാം സ്വർഗ്ഗമോ? ഞങ്ങളുടെ വേദ പുസ്തകത്തിൽ പതിനാലു സ്വർഗ്ഗങ്ങളെക്കുറിച്ചല്ലെ പറയുന്നുള്ളൂ.

ഓഷോ പറഞ്ഞു, നിങ്ങളുടെ വേദ പുസ്തകത്തിൽ എപ്രകാരമാണ് പതിനഞ്ചാം സ്വർഗ്ഗത്തെ കുറിച്ച് പരാമർശിക്കാൻ കഴിയുക? നിങ്ങളുടെ ആചാര്യൻ പതിനാല് വരെയല്ലേ എത്തിയിട്ടുള്ളൂ!

ഏഴോ എഴുന്നൂറോ സ്വർഗ്ഗങ്ങളെ കുറിച്ച് നാം സംസാരിച്ചു കൊണ്ടിരിക്കും. എത്ര സ്വർഗ്ഗങ്ങൾ ഉണ്ടെന്നും നരഗങ്ങൾ ഉണ്ടെന്നും കൃത്യമായി തിട്ടപ്പെടുത്തി സംസാരിക്കും. പക്ഷേ നമ്മുടെ വിശ്വാസ നിശ്വാസങ്ങൾ എവിടെ നിന്ന് വരുന്നു എന്ന് പോലും നാം അന്വേഷിക്കാറില്ല. സ്വന്തം സ്വത്വത്തോടെ അടുത്ത് നിൽക്കുന്ന സത്യമെന്ത് എന്നതിനെ കുറിച്ച് നമ്മുക്ക് എത്രത്തോളം ബോധമുണ്ട്? എന്നിട്ടും ആര്യന്തികമായ കാര്യങ്ങളെ കുറിച്ചാണ് നാം സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഈ സംസാരം പലപ്പോഴും നമ്മെ നയിക്കുന്നത് യഥാർത്ഥ ജീവിത പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനാണ്.

ഈ ലോകത്ത് ആധിപത്യം ചെലുത്തുന്നത് രണ്ടു വിഭാഗം ആളുകളാണ്. ഒന്ന് സ്വയം ആധിപത്യമില്ലാത്ത കാര്യങ്ങളെ മനസിലാക്കുന്ന ഒരു വിഭാഗം. രണ്ട് സ്വയം മനസിലാകാത്ത കാര്യങ്ങളുടെ മേൽ ആധിപത്യമുള്ള വിഭാഗവും. നമ്മുടെ മനസിനുള്ളിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ആധിപത്യമില്ലാത്ത കാര്യങ്ങളാണ് നമുക്ക് മനസിലാകുന്നത്. നമ്മുക്ക് ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങൾ മനസിലാക്കുക എന്നത് വളരെ എളുപ്പമാണ്. സ്വർഗ്ഗ നഗരങ്ങളെ കുറിച്ചും മറ്റും കൃത്യമായ ധാരണയുള്ള നമുക്ക് സ്വന്തം ജീവിതത്തെ കുറിച്ചു യാതൊരു അവബോധവുമില്ല.

ഒരു കാര്യം കൃത്യമായ അവബോധത്തോടെ ചെയ്യുന്പോൾ നമ്മുടെ കാലിടറും. ഒരടി വീതിയും നൂറടി നീളവുമുള്ള ഒരു പലക നിലത്തു െവച്ച് അതിലൂടെ നടക്കാൻ പറഞ്ഞാൽ നാം എളുപ്പത്തിൽ നടക്കും. ആ മരപ്പലകയിൽ നിന്നും ആരും വീഴില്ല. പക്ഷേ അതേ മരപ്പലക രണ്ടു കെട്ടിടങ്ങളുടെ ഇടയിൽ അവയുടെ മേൽകൂരകളുമായി ബന്ധിപ്പിച്ച് പാലമാക്കിയിട്ട് അതിലൂടെ നടന്ന് ഒരു കെട്ടിടത്തിൽ നിന്ന് അടുത്ത കെട്ടിടത്തിൽ എത്തിച്ചേരാൻ പറഞ്ഞാൽ നമ്മളിൽ എത്ര പേർക്ക് സാധിക്കും? ഗണിത ശാസ്ത്രവും ഭൗതിക ശാസ്ത്രവും അനുസരിച്ച് ഒന്നും തന്നെ മാറുനില്ല. പിന്നെ എന്തിനാണിത്ര പേടി?

മരപ്പലക നിലത്തു വച്ചിരിക്കുന്ന അവസ്ഥയിൽ നമ്മുക്ക് അവബോധം ഉണ്ടാകേണ്ട ആവശ്യമില്ല. ഇപ്പോൾ നാം ബോധപൂർവ്വം നടകേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ വീണു പോയേക്കാം. ഒരു മേൽകൂരയിൽ നിന്ന് മറ്റൊരു മേൽകൂരയിലേക്ക് നടക്കുന്പോൾ നാം ബോധാവാനായിരിക്കുമെന്ന് നമുക്ക് ഉറപ്പില്ല.

നാം അന്വേഷണം ആരംഭിക്കേണ്ടത് നമ്മളിൽ നിന്ന് തന്നെയാണ്. ‘പണ്ധ’ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് ‘ആത്മാവിഷ്കാരം’ എന്നാണ്.  ‘പണ്ധിതൻ’ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ‘സ്വയം അറിഞ്ഞവൻ’ അഥവാ, ആത്മാവിഷ്കാരം ചെയ്യാൻ കഴിയുന്നവൻ എന്നാണ്. സ്വയം ബോധമുള്ള, ഒരു പണ്ഡിത സമൂഹം ഉണ്ടാവാൻ നാം അഹം കാരത്തിൽ നിന്ന് അഹം ബോധത്തിലേയ്ക്ക്‌ മാറേണ്ടിയിരിക്കുന്നു.

You might also like

Most Viewed