ഒരു­ ബനി­യൻ കഥ


നമ്മുടെ ദേശീയ വൃക്ഷമായ ആൽമരത്തിന്  ഇംഗ്ലീഷിൽ  'ബനിയൻ ട്രീ'  (Banyan Tree) എന്നാണല്ലോ പറയാറുള്ളത്. പുരുഷന്മാരുടെ ഷർട്ടിനടിയിൽ  ധരിക്കുന്ന വസ്ത്രത്തിനും 'ബനിയൻ' എന്നാണ് പേര്. ഇത് രണ്ടും തമ്മിൽ ബന്ധമുണ്ടോ? പ്രത്യക്ഷത്തിൽ വലിയ ബന്ധമൊന്നും കാണില്ലെങ്കിലും, ഇത് രണ്ടും തമ്മിൽ  വലിയ  ബന്ധമുണ്ടെന്നതാണ്  വാസ്തവം. രണ്ടിന്റെയും ഉറവിടം ഒന്ന് തന്നെ.

ശരീര പ്രദർശനത്തിന് വലിയ താൽപ്പര്യം കാണിക്കാത്ത  ഇന്ത്യക്കാർ കുറഞ്ഞ പക്ഷം ഒരു ബനിയനെങ്കിലും ഇട്ടിരിക്കും. പലതരം ബനിയനുകളുണ്ട്, കയ്യും കഴുത്തും തുടങ്ങിയ അവയവങ്ങളോടു കൂടിയതും, കയ്യും കഴുത്തും ഇല്ലാത്ത വികലാംഗ ബനിയനുകളും ഇക്കൂട്ടത്തിലുണ്ട്.

ബനിയൻ എന്ന പദവും ബനിയൻ ട്രീ എന്ന പദവും ഉത്ഭവിച്ചത് ഉത്തരേന്ത്യൻ കച്ചവട സമുദായമായ 'ബനിയ'കളിൽ നിന്നാണ്. ഇംഗ്ലീഷുകാർ  ഇന്ത്യയിൽ ആദ്യമായി എത്തിച്ചേർന്നത്‌  ഗുജറാത്തിലെ  സൂറത്തിലായിരുന്നു. സൂറത്തിൽ അവരെ ആകർഷിച്ചത് ബനിയകൾ എന്നറിയപ്പെടുന്ന കച്ചവട സമൂഹമായിരുന്നു. കച്ചവടത്തിൽ ജൂതന്മാരെക്കാളും സമർത്ഥരായിരുന്നു  ഇവർ. 

സൂപ്പർ മാർക്കറ്റുകളും മാളുകളും ഇല്ലാതിരുന്ന കാലത്ത് പടർന്നു പന്തലിച്ച ആൽമരങ്ങളുടെ ചുവട്ടിലിരുന്നാണ് അവർ കച്ചവടം നടത്തിയിരുന്നത്. എവിടെയെല്ലാം ആൽമരം ഉണ്ടോ അവിടെയെല്ലാം ബനിയൻ  വിൽപ്പന കേന്ദ്രങ്ങളുണ്ടാകും. ബനിയകൾ മേൽവസ്ത്രമായി  ധരിച്ചിരുന്നത് കഴുത്തില്ലാത്ത ചെറിയ കൈകളോട് കൂടിയ മേൽവസ്ത്രം ആയിരുന്നു.  ഇത് രണ്ടും ഇംഗ്ലീഷകാരനെ ആകർഷിച്ചു. വസ്ത്രത്തിന് 'ബനിയൻ' എന്നും ആൽമരത്തിന് 'ബനിയൻ ട്രീ'  എന്നും ഇംഗ്ലീഷുകാരൻ  പേരിട്ടു.

മലബാറിലും ബനിയകൾ തന്നെയാണ് ഈ വസ്ത്രം പ്രചരിപ്പിച്ചത്. ബനിയൻ ട്രീ  എന്ന ആൽമരം നമ്മുടെ ജീവിതത്തിന്റെയും സംസ്ക്കാരത്തിന്റേയും ഭാഗമാണ്. ഒട്ടേറെ പ്രത്യേകതകളുള്ള ഈ ആൽമരവും അതിനോട് ചേർന്നുള്ള ആൽത്തറയും കേരള സമൂഹത്തിൽ പലപ്പോഴും സാംസ്ക്കാരിക കേന്ദ്രങ്ങൾ കൂടിയാണ്. 

എന്റെ ഗ്രാമത്തിലും രണ്ട് ആൽത്തറകളുണ്ട്, കുടുംബ കാര്യങ്ങൾ മുതൽ അന്താരാഷ്ട്ര വിഷയങ്ങൾ വരെ ചർച്ച  ചെയ്യപ്പെടുന്ന  പൊതു വേദികളാണ് ഈ ആൽത്തറകൾ. ഒരു പഠനം പറയുന്നത് ഒരാൽ മരത്തിന്  അതിന്റെ ചുറ്റിലും 7 കെ.എം റേഡിയസ്സിലും 160 കെ.എം ഉയരത്തിൽ വരെയും ഉള്ള ജീവജാലങ്ങൾക്ക്  വേണ്ടതായ ഓക്സിജൻ  നൽകാൻ  കഴിയുമെന്നാണ്. നൂറ്റാണ്ടുകൾ  ആയുസ്സുള്ള ഈ ആൽമരങ്ങൾ നമ്മുടെ നാട്ടില വെച്ച് പിടിപ്പിച്ച് സംരക്ഷിച്ചു വന്നത് നമ്മുടെ ഏതോ മുൻതലമുറയിൽ പെട്ട ആളുകളാണ്.  

നമുക്കനുഭവപ്പെടുന്ന സൂര്യതാപത്തിന്റെ  അളവ് ക്രമാനുഗതമായി വർദ്ധിക്കുന്നതിൽ പ്രധാന കാരണം ഫോസിൽ ഇന്ധനങ്ങളുടെ  വർദ്ധിച്ച ഉപയോഗത്തിലൂടെ, കാർബൺ‍ മോണോക്സൈഡ്, കാർബണ്‍ഡയോക്
സൈഡ്  മുതലായ വിഷവാതകങ്ങളുടെ ബഹിർഗമനമാണ്. ഇതിനെ തടയാനുള്ള ഏറ്റവും ഫലപ്രദമായ  മാർഗം വനവൽക്കരണമാണ്. നമ്മുടെ ദേശീയ വൃക്ഷമായ ആൽമരം  തന്നെയാണ് ഇതിൽ ഏറ്റവും ഫലപ്രദമായതും. നാം ഒരാൽമരത്തെ  സംരക്ഷിക്കുകയോ, പുതുതായി വെച്ച് പിടിപ്പിക്കുകയോ ചെയ്യുന്പോൾ നാം എത്രയോ തലമുറകൾക്ക്  വേണ്ടി ചെയ്യുന്ന ഒരു മഹത്തായ സേവനമായിരിക്കും അത്.

You might also like

Most Viewed