രഹസ്യങ്ങളും ഭയവും
എന്താണ് രഹസ്യം? നമുക്കറിയാവുന്നതും എന്നാൽ മറ്റുള്ളവർക്ക് അറിയാത്തതിനെയുമാണ് നാം രഹസ്യം എന്ന് പറയുന്നത്. മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കുന്ന കാര്യങ്ങളും രഹസ്യങ്ങളാണ്. എല്ലാവർക്കും അവരവരുടേതായ രഹസ്യങ്ങൾ ഉണ്ട്. രഹസ്യങ്ങൾ സൂക്ഷിക്കാൻ ഇല്ലാത്തവർ ധീരന്മാരായിരിക്കും. അവരെ സമൂഹം ആദരിക്കും. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മുതൽ മുൻ രാഷ്‌ട്രപതി ഡോ. എ.പി .ജെ അബ്ദുൾ കലാം വരെയുള്ളവർ ജനഹൃദയങ്ങളിൽ ഇടം പിടിച്ചതിന്റെ പ്രധാന കാരണം അവർക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ ഇല്ലായിരുന്നു എന്നതാണ്.
ഒരു ജനാധിപത്യ സംവിധാനത്തിൽ ജനാധിപത്യ പ്രക്രിയയുടെ വിജയം തന്നെ രഹസ്യങ്ങൾ ഇല്ലാതിരിക്കുക എന്നതാണ്. ജനാധ്യപത്യ സംവിധാനത്തിൽ സുതാര്യത എന്ന പദം നാം ധാരാളമായി ഉപയോഗിക്കാറുണ്ട്. എന്നാൽ പ്രവൃത്തിയിൽ വരുന്പോൾ കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കുകയും ചെയ്യും. കൂടുതൽ രഹസ്യങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചു വെക്കുന്ന പാർട്ടികളെ നാം അച്ചടക്കമുള്ള പാർട്ടിയായി അംഗീകരിക്കാറുണ്ട്. 2000ാമാണ്ടിൽ അണ്ണാ ഹസാരയുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ നടപ്പിലാക്കിയ വിവരാവകാശ നിയമം(R t i), തുടർന്ന് 2005 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ RTI ആക്റ്റ്, ഉദ്യോഗസ്ഥ തലത്തിലെയെങ്കിലും രഹസ്യങ്ങൾ ജനങ്ങൾക്കറിയാനുള്ള അവകാശം നൽകി. ആം ആദ്മി പാർട്ടിയുടെ സ്ഥാപകനും ഇപ്പോൾ ഡൽഹി മുഖ്യമന്ത്രിയുമായ ശ്രീ. അരവിന്ദ് കേജരിവാൾ രാഷ്ട്രീയ തലത്തിലെ സുതാര്യത പ്രായോഗിക തലത്തിൽ കൊണ്ട് വരുന്നതിന് ശ്രമം നടത്തി. ഇതിന്റെ ഫലമായി ആ പാർട്ടിയിൽ മാത്രമല്ല മറ്റ് പല പാർട്ടികളും അവരുടെ പ്രവർത്തനങ്ങളിൽ ചെറുതായെങ്കിലും മാറ്റങ്ങൾക്ക് തുടക്കമിട്ടു. ബി.ജെ.പി ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഓൺലൈൻ മെന്പർഷിപ്പ്, മൊബൈൽ മെന്പർഷിപ്പ് മുതലായ പരിപാടികളിലൂടെ കൂടുതൽ ജനാധിപത്യ പ്രക്രിയ നടപ്പിലാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ജനാധിപത്യം, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒട്ടേറെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാണ്. പൊതു പ്രവർത്തകരുടെ രഹസ്യങ്ങൾ ശേഖരിച്ച് വിലപേശൽ രാഷ്ട്രീയം നടത്തുന്നവരുമുണ്ട്. ദൃശ്യ മാധ്യമങ്ങളുടെ കടന്നു കയറ്റത്തോടെ രാഷ്ട്രീയ നേതാക്കൾ മുതൽ പല പൊതു പ്രവർത്തകരും രഹസ്യ ശേഖരം കുറച്ചിട്ടുണ്ടെങ്കിലും പല ദൃശ്യ മാധ്യമങ്ങളും പൊതു പ്രവർത്തകരുടെ വ്യക്തി ജീവിതത്തിൽ വരെ കടന്നു കയറി വിലപേശൽ രാഷ്ട്രീയം നടത്തുന്നതായ വാർത്തകളും ധാരാളമായി വരുന്നത് ആശങ്കാജനകമാണ്.
പല ക്രിമിനലുകളെയും രാഷ്ട്രീയക്കാർ രക്ഷപ്പെടുത്തുന്നതിന് കാരണം അവരുടെ പല രഹസ്യങ്ങളുടെയും സൂക്ഷിപ്പുകാരൻ ഇത്തരം ക്രിമിനലുകളായതു കൊണ്ടാണ്. വളരെ ചെറിയ കാര്യങ്ങൾ പോലും മറ്റുള്ളവരിൽ നിന്ന് മറച്ചു വെക്കുന്ന ശീലം നമുക്കുണ്ട്. രഹസ്യങ്ങൾ അനാവശ്യമായി സൂക്ഷിക്കാൻ നാം പലപ്പോഴും കുട്ടികളെ ശീലിപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു കോളേജ് അദ്ധ്യാപിക പറഞ്ഞ സംഭവമാണ്, അവരുടെ വീട്ടിൽ ഒരാൾ കല്യാണം ക്ഷണിക്കാൻ വന്നു, പക്ഷെ കല്യാണ ദിവസം അദ്ധ്യാപിക കുടുംബസമേതം ഒരു ഉല്ലാസയാത്ര പ്ലാൻ ചെയ്തിരുന്നു. എന്നാൽ ഈ വിവരം അവർ ക്ഷണിക്കാൻ വന്ന ആളോട് പറഞ്ഞില്ല കല്യാണത്തിന് വരമെന്നേറ്റു.
അയാൾ പോയ ഉടനെ തന്നെ അവരുടെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകൻ അദ്ധ്യാപികയോട് ചോദിച്ചു, അന്ന് നമ്മൾ ഉല്ലാസയാത്ര പോവുകയല്ലേ , പിന്നെങ്ങിനെ കല്യാണത്തിനു പോകും? അപ്പോൾ അദ്ധ്യാപിക അവനോടു പറഞ്ഞു, നാം കല്യാണത്തിനു പോകുന്നില്ല, നാം ഉല്ലാസയാത്രക്ക് തന്നെ പോകും. പിന്നെ ക്ഷണിക്കാൻ വരുന്നവരോട് ഇത് പറയേണ്ടതില്ലല്ലോ.
അപ്പോൾ അവരുടെ കൊച്ചു മകൻ ചോദിച്ചത്, ഉല്ലാസയാത്രക്ക് പോകുന്ന വിവരം അവരോടു സത്യസന്ധമായി പറഞ്ഞാൽ എന്താണ് കുഴപ്പം എന്നാണ്. ഇത്തരത്തിൽ വളരെ നിസ്സാര കാര്യങ്ങൾ പോലും രഹസ്യമായി വയ്ക്കാൻ നാം കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ടോ?
ഇതുപോലെ തന്നെ മറ്റൊരു സംഭവം, എന്റെ തൊട്ടടുത്ത ഒരു ബന്ധുവിന്, അവർക്ക് എന്പതിനടുത്തു വയസ്സുണ്ട്. കേൾവിക്കുറവ് തുടങ്ങിയപ്പോൾ ഇയർ ഫോൺ വെക്കുന്നതിനായി എല്ലാവരും നിർബന്ധിച്ചു. അവർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. എനിക്കിത്രയും കേൾവി മതി, എന്നോട് എന്തെങ്കിലും പറയാനുള്ളവർ എന്റെ അടുത്തു വന്ന് പറയും, കൂടുതൽ കേൾവി മറ്റുള്ളവരുടെ രഹസ്യം കേൾക്കാനാണ്. അതെനിക്ക് താൽപ്പര്യമില്ല.
രഹസ്യങ്ങൾ കുറഞ്ഞാൽ ഭയം കുറയും. അതുകൊണ്ട് പരമാവധി രഹസ്യങ്ങൾ കുറയ്ക്കുക. പൊതു സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന രഹസ്യങ്ങൾ പുറത്തുകൊണ്ടു വരാം. ഒപ്പം തന്നെ മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് അനാവശ്യമായി കടന്നു കയറാതിരിക്കുക. പലപ്പോഴും അസ്വസ്ഥതയ്ക്കും അസൂയക്കും കാരണമാവുന്നത് മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് അനാവശ്യമായി കടന്നു കയറുന്നതാണ്. അതൊഴിവാക്കി സ്വസ്ഥമായി ജീവിക്കുക.