എന്താണ് പ്രശ്നം?


നാം നമ്മുടെ ദൈനംദിന ജീവിത്തിൽ ഒരുപാട് നെഗറ്റീവ് ആയ വാക്കുകൾ ഉപയോഗിക്കാറുണ്ട്. നെഗറ്റീവ് ചിന്തകളാണ് നെഗറ്റീവ് ആയ വാക്കുകളിലേക്കും നെഗറ്റീവായ പ്രവർത്തികളിലേക്കും നയിക്കുന്നത്. അത്തരത്തിലുള്ള നെഗറ്റീവ് വാക്കാണ് പ്രശ്നം 

(problem) എന്നത്. ജോലി സ്ഥലത്ത് പ്രശ്നം..... വീട്ടിൽ പ്രശ്നം.... നാട്ടിൽ പ്രശ്നം......ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങളാണ്.....

പ്രശ്നങ്ങളെ സമീപിക്കുന്ന രീതിയാണ് പ്രശ്നങ്ങളെ ഉണ്ടാക്കുന്നത്. വിദ്യാ സന്പന്നനായ ഒരു ചെറുപ്പക്കാരൻ ഒരിക്കൽ ജോലി തേടി അലയുകയായിരുന്നു. ഒടുവിൽ ഒരു പത്ര സ്ഥാപനത്തിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു. ആദ്യ ദിവസം തന്നെ അദ്ദേഹത്തിന് മുഖ്യ പത്രാധിപർ ഒരു അസൈൻമെന്റ് കൊടുത്തു. ഇന്ന് സ്വാതന്ത്ര്യ ദിനമാണ്. നമ്മുടെ ഹാർബറിൽ ഒരു നേവി കപ്പൽ നങ്കൂരമിട്ടിട്ടുണ്ട്. അവ‍ർ സ്വാതന്ത്യദിനം ആഘോഷിക്കുന്നുണ്ട്. അവരുടെ സ്വാതന്ത്യ ദിനാഘോഷം റിപ്പോർട്ട് ചെയ്യണം. 

ആദ്യ ദിവസത്തെ ആദ്യ ജോലി ആവേശത്തോടെ എറ്റെടുത്തു. ഹാർബറിലേക്ക് കുതിച്ചു. മറ്റുള്ളവർ സർക്കാർ സ്ഥാപനങ്ങളിലും കലക്ട്രേറ്റുകളിലും പാ‍‍ർട്ടി ഓഫീസുകളിലും വാർത്ത ശേഖരിക്കാൻ പോയി. എല്ലാവരും തിരിച്ചെത്തി റിപ്പോർട്ടുകളുടെ അവസാന മിനുക്ക് പണികളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ പുതുതായി ചേർന്ന ജേർണലിസ്റ്റ് ജോലിയൊന്നും ചെയ്യാതെ ഒറ്റയ്ക്കിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ അദ്ദേഹത്തോട് ചോദിച്ചു. താങ്കളെന്താണ് റിപ്പോർട്ട് ഒന്നും എഴുതാത്തത്...? 

അദ്ദേഹം പറഞ്ഞു. അതെന്റെ ഭാഗ്യമാണ്. ഞാൻ ഉപ്പ് വിൽക്കാൻ പോയി. അത് മഴ കൊണ്ടുപോയി. എന്റെ ആദ്യ ജോലി തന്നെ എന്നെ പ്രശ്നത്തിലാക്കിയിരിക്കുകയാണ്. നാവിക കപ്പലിലെ സ്വാതന്ത്ര്യദിനാഘോഷം റിപ്പോർട്ട് ചെയ്യാനായിരുന്നു എന്നെ ചുമതലപ്പെടുത്തിയത്. പക്ഷേ അവിടെ സ്വാതന്ത്ര്യദിനാഘോഷം ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷം ഉണ്ടായിരുന്നില്ല എന്ന് സുഹൃത്ത് ചോദിച്ചു. 

കപ്പലിൽ വലിയ ഒരു ദ്വാരമുണ്ടായിരുന്നു. സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുക്കം കൂട്ടുന്നതിനിടെ ആരും അത് ശ്രദ്ധിച്ചില്ല. ഒരുപാട് വെള്ളം കപ്പലിനുള്ളിൽ കയറിയതിനു ശേഷമാണ് അത് ആരുടെയോ ശ്രദ്ധയിൽ പെട്ടത്. പിന്നീട് എല്ലാവരും ചേർന്ന് കപ്പൽ നന്നാക്കുന്നതിന്റെ തിരക്കിലായിരുന്നു. അവർക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാനായില്ല. പിന്നെന്ത് റിപ്പോർട്ട് ചെയ്യാനാണ്..? എന്റെ ആദ്യത്തെ റിപ്പോർട്ടിംഗ് ജോലി തന്നെ പ്രശ്നത്തിലായിരിക്കുകയാണ്. 

ഇതു കേട്ട ഉടനെ സഹപ്രവർത്തകൻ പറഞ്ഞു. ഈ വാർത്ത നാളത്തെ തലവാചകമായിരിക്കണം. ചെറുപ്പക്കാരനായ ജേർണലിസ്റ്റിന് ഇതൊരു പ്രശ്നം ആയിരുന്നപ്പോൾ സഹപ്രവർത്തകന് അതൊരു അവസരം (opportunity) ആയിരുന്നു.  ജീവിതം ഒരിക്കലും മുൻകൂട്ടി നിശ്ചയിച്ച അജണ്ടയായിരിക്കില്ല. അത് അവസരങ്ങളുടെ ഒരു ഘോഷയാത്രയായിരിക്കും. ഓരോ പ്രശ്നവും ഓരോ അവസരമായിരിക്കും.

You might also like

Most Viewed