ഏതാണ് യഥാ­ർ­ത്ഥ ശരി­


ഈ കഴിഞ്ഞ ദിവസങ്ങളിലായി വാട്ട്സ്ആപ്പിലും മറ്റുമായി ഒരു ഉടുപ്പിന്റെ ചിത്രം പ്രചരിപ്പിക്കപ്പെട്ടു. ഒരേ ഫോണിൽ ഒരേ ചിത്രം നോക്കുന്പോൾ ചിലർക്കത് സ്വർണ്ണവർണ്ണത്തിലുള്ളതായും ചിലർക്ക് അത് നീലവർണ്ണത്തിലുള്ളതായും അനുഭവപ്പെടുന്നു. ഇതിൽ ഏതാണ് ശരി?

മഞ്ഞപ്പിത്തമുള്ള ഒരാൾ എല്ലാം മഞ്ഞയായി കാണുന്നു. ചില ആളുകൾ വർണ്ണാന്ധതയുള്ളവരാണ്. ഏകദേശം പത്ത് ശതമാനം പേർക്ക് വർണ്ണാന്ധതയുണ്ട്. നമ്മൾ പക്ഷേ പലപ്പോഴും ആ വസ്തുത അറിയാറില്ല. നമ്മളിൽ ചിലർ ഒരു വർണ്ണം മാത്രം കാണാൻ കഴിയാത്തവരാണ്. ചിലർക്ക് ഒന്നിലധികം വർണ്ണം കാണാൻ കഴിയാത്തവരായുണ്ട്. പക്ഷേ തങ്ങൾ വർണ്ണാന്ധതയുള്ളവരാണെന്ന് അവർ അറിയുന്നില്ല, കാരണം അതിനെപ്പറ്റി അവബോധമുണ്ടാക്കാൻ വളരെ പ്രയാസമാണ്. വല്ലതും നഷ്ടമായിട്ടുണ്ടെന്നതിനെക്കുറിച്ച് ബോധവാനാവുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്.

ബർണാർ‍ഡ്ഷാ വർണ്ണാന്ധനായിരുന്നു. പക്ഷേ അദ്ദേഹത്തിന് അറുപത് വയസ്സായപ്പോൾ മാത്രമാണ് അദ്ദേഹമത് കണ്ടെത്തിയത്. തന്റെ ജീവിതകാലത്ത് ഒരു വൈദ്യപരിശോധനയ്ക്ക് വിധേയനാകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. തന്റെ അറുപതാം പിറന്നാൾ ദിവസം അദ്ദേഹത്തിന് ഒരാൾ പച്ച നിറമുള്ള സ്യൂട്ട് പാരിതോഷികമായി കൊടുത്തു. പക്ഷേ അതിനു പറ്റിയ ടൈ ഒപ്പമുണ്ടായിരുന്നില്ല. ബർണാഡ്ഷാ തന്നെ ഒരു ടൈ വാങ്ങി. അതൊരു മഞ്ഞ ടൈ ആയിരുന്നു. 

തെരുവിൽ വെച്ച് അദ്ദേഹത്തെ കണ്ട, അദ്ദേഹത്തിന്റെ സെക്രട്ടറി ഇങ്ങനെ ചോദിച്ചു. നിങ്ങളെന്താണ് പച്ച സ്യൂട്ടിനോടൊപ്പം മഞ്ഞ ടൈ കെട്ടുന്നത് ബ‍ർണാഡ്ഷാ ചോദിച്ചു. സ്യൂട്ടും ടൈയും ഒരേ നിറമല്ലേ? താങ്കൾ തമാശ പറയുകയാണോ? സെക്രട്ടറി ഉറപ്പിച്ചു പറഞ്ഞു. സ്യൂട്ടും ടൈയും രണ്ട് വർണ്ണങ്ങളാണ്. അദ്ദേഹം നേത്ര പരിശോധനക്കായി പോയി. താൻ വർണ്ണാന്ധനാണെന്നും, തനിക്ക് പച്ചനിറം കാണാൻ സാധ്യമല്ലെന്നും അദ്ദേഹം മനസ്സിലാക്കി. 

ഇതിനെക്കുറിച്ച് ഓഷോ പറയുന്നത് ഇപ്രകാരമാണ്. ഞാൻ എന്റെ കണ്ണിലൂടെ കാണുന്നത് അത് യഥാ‍‍‍‍ർത്ഥമായും നിലനിൽക്കുന്നുണ്ടോ? എന്റെ കണ്ണിലൂടെ കാണുന്നത് പോലെയാണോ യാഥാർത്ഥ്യം? ഒന്നും തന്നെ ഉറപ്പായി പറയാൻ കഴിയില്ല. നാം എന്തു കാണുന്നുവോ, അത് നമ്മുടെ ഭാഗത്തു നിന്നുള്ള ഒരു അനുമാനമാണ്. അത് യഥാർത്ഥമാണെന്നത് നമുക്ക് വിശ്വസിക്കുക മാത്രം ചെയ്യാം.

ഓരോരുത്തർക്കും ഓരോ അനുമാനം ഉണ്ടെന്നുമുള്ള വസ്തുത അംഗീകരിക്കേണ്ടതാണ്. ലോകത്തിൽ ഒരു ശരിയേ ഉള്ളൂ! അത് ഞാൻ കാണുന്നത് മാത്രമാണെന്നുള്ള ധാർഷ്ട്യമാണ് ഇന്ന് ലോകത്തിലെ മിക്കവാറും പ്രശ്നങ്ങൾക്ക് കാരണം.

You might also like

Most Viewed