വിസ്മരിക്കേണ്ട സ്മരണകൾ
കൊച്ചുതൊമ്മൻ മാത്യുവും രഞ്ജിത്ത് കുര്യനും സമപ്രായത്തിലുള്ള ആർക്കിടെക്ടുമാരാണ്. രണ്ടുപേരും ഉന്നതനിലവാരമുള്ള കോളേജിൽ നിന്നും ഉന്നതവിജയം പ്രാപിച്ചവരുമാണ്. തങ്ങളുടെ തൊഴിലിൽ കൊച്ചുതൊമ്മൻ വളരെ അധികം തിരക്കുള്ളവനാണ്. രഞ്ജിത്തിനാകട്ടെ തൊഴിലിൽ ഉന്നതശ്രേണിയിലേക്ക് എത്താൻ സാധിക്കുന്നില്ല. ഏത് പ്രൊജക്ടായാലും അത് ശരിയാകാതെ വരുന്നു. നല്ല രീതിയിൽ വരക്കാനോ, പ്ലാൻ ചെയ്യാനോ സാധിക്കുന്നില്ല എന്ന് മാത്രമല്ല ക്ലൈയന്റ്്സിനെ പ്രീതിപ്പെടുത്തുവാനോ സാധിക്കാത്തതുമൂലം നല്ല ഒരു പ്രൊജക്ടുപോലും പൂർത്തികരിക്കുവാനും സാധിക്കുന്നില്ല. രഞ്ജിത്തുമായി സംസാരിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് എന്തോ അബദ്ധ ധാരണമൂലം അവന്റെ ഒരു അദ്ധ്യാപകൻ അവനെ ശരിക്ക് വഴക്ക് പറഞ്ഞുവെന്നു മാത്രമല്ല, അവൻ ശരിയാകില്ല എന്ന വാക്കും അദ്ദേഹത്തിൽ നിന്ന് ലഭിച്ചത് അവന്റെ സ്മരണയിൽ ഇങ്ങനെ പ്രതിഫലിച്ചു നിൽക്കുകയാണ്. എന്നാൽ കൊച്ചുതൊമ്മനാകട്ടെ തന്റെ സ്കൂളിലെ സിസ്റ്റർ ഒരു ദിവസം പറഞ്ഞ വാക്കുകളായ ‘നീ അടുത്ത വർഷം സ്കൂളിലെ ലീഡറാകണം, അതിനായി നീ നല്ല വിധത്തിൽ പഠിക്കണമെന്നത് എന്നും അവന്റെ സ്മരണയിൽ നിലനിൽക്കുന്നു. ആ സിസ്റ്ററിന്റെ വാക്കുകൾ അവനെ എന്നും പ്രവർത്തിക്കാൻ പ്രേരണയും നൽക്കുന്നു.
സ്മരണകൾ ഓരോരുത്തരുടെയും ജീവിതത്തിൽ കേട്ടവയും, കണ്ടവയും, അനുഭവിച്ചവയുമായവയുടെ ബാക്കിപത്രങ്ങളാണ്. സ്മരണകൾ രണ്ടു വിധത്തിലുണ്ട്. ഒന്നാമത്തേത് നല്ല സ്മരണകളും മറ്റേത് കയ്പേറിയ സ്മരണകളും. നല്ല സ്മരണകൾ ജീവിതയാത്രയിൽ പ്രചോദനവും ശ്രേഷഠവുമാണ്. എന്നാൽ കയ്പ് നിറഞ്ഞവയാകട്ടെ ജീവിതത്തിൽ നിഷേധത്തിന്റെയും, നിരാശയുടെയും കാറ്റ് വീശി ജീവിതം തന്നെ അവസാനിപ്പിക്കാനുള്ള പ്രവണത സൃഷ്ടിക്കുന്നു.
ജീവിതത്തിൽ ഉണ്ടായ ചില കയ്പ് നിറഞ്ഞ അനുഭവങ്ങൾ വളർച്ചയെത്തന്നെ പ്രതിരോധിക്കാറുണ്ട്. നന്നായി പഠിച്ചുകൊണ്ടിരുന്ന പല കുട്ടികളും ഭവനത്തിലെ പരസ്പരമുള്ള കലഹങ്ങളും, വിദ്വേഷവും കയ്പിന്റെ സ്മരണ സൃഷ്ടിച്ചതു മൂലം പഠനത്തിലും, ജീവിതമൂല്യങ്ങളിലും പുറകോട്ട് പോയതെല്ലാം നമുക്കുചുറ്റും നാം കണ്ടിട്ടുള്ളതാണ്. ഒരു ഭവനത്തിലെയും ക്ലാസ്സിലെയും കുട്ടികളെ തമ്മിൽ താരതമ്യപ്പെടുത്തിയതിന്റെ ഫലമായി പല ക്ഷതങ്ങളും മാനസികമായി ഉണ്ടായതിന്റെ സ്മരണ പലരെയും ജീവിതത്തിലെ സകല ക്രിയാത്മകളും നഷ്ടപ്പെടുത്തി നിസംഗതയിലേക്ക് നയിച്ച് സമൂഹത്തിൽ നിന്ന് തന്നെ മാറ്റിയിട്ടുണ്ട്.
പലകുടുംബങ്ങളിലും ഭാര്യാഭർത്തൃ ബന്ധത്തിൽ അകൽച്ചകളും, വിടവുകളും സൃഷ്ടിക്കപ്പെട്ടതിന്റെ പിന്നിലുള്ളതും കയ്പുനിറഞ്ഞ പല സ്മരണകളുമാണ്. പല നല്ല സുഹൃത്തുകളെയും ബന്ധം വഷളാക്കുകയും ഇല്ലാതാക്കുകയും ചെയ്തതിന്റെ പിന്നിലും കയ്പുനിറഞ്ഞ ചില സ്മരണകളാണ്. അവ നിലനിർത്തുന്ന സ്മരണകൾ അത്രമാത്രം കഠിനമാണ് എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
കയ്പേറിയ സ്മരണകൾ ജീവിതയാത്രയിൽ പ്രചോദനവും, ക്രിയാത്മകതയും സമ്മാനിക്കുന്നില്ല എന്നത് ഖേദകരമാണ്. പകരം ജീവിതത്തിലെ എല്ലാ സന്തോഷങ്ങളെയും കെടുത്തികളയുകയും, ജീവിതത്തിലെ സകല പച്ചപ്പിനെയും ഇല്ലാതാക്കി, അതിനെ കരിച്ചുകളയുകയും ചെയ്യുന്നതാകയാൽ കയ്പേറിയ സ്മരണകളെ വിസ്മരിക്കേണ്ടത് ആവശ്യമാണ്. അതിനാൽ മനസ്സിന്റെ ഭിത്തിയിൽ അവയെ മണ്ണിലെഴുതുന്നതുപോലെ എഴുതേണ്ടതാണ്. മണ്ണിൽ എഴുതുന്നതിന്റെ പ്രത്യേകതയെന്നത് അവ മായിച്ചുകളയുവാൻ വളരെ എളുപ്പമാണ് എന്നതാണ്. വെള്ളമുപയോഗിച്ചോ, അൽപം മണ്ണുപയോഗിച്ചോ, അൽപമായ അദ്ധ്വാനത്തിന്റെ അനന്തരമായും അതിനെ മായിച്ചുകളയാം. അങ്ങനെ അതിനെ വിട്ടുമാറുന്നതിന് വളരെ എളുപ്പമാണ് എന്നത് ഇതിന്റെ മഹനീയതയാണ്.
രഞ്ജിത്തിനെപ്പോലെ പലരും ഇത്തരം അനുഭവങ്ങൾ മനസ്സിൽ മണ്ണിൽ എഴുതാതെ കല്ലിൽ എഴുതുകയാണ് ചെയ്യുന്നത്. കല്ലിൽ എഴുതുന്നത് എന്നത്തേക്കുമാണ്. അതിനെ മായിക്കാൻ വളരെ പ്രയാസപ്പെടേണ്ടിവരും എന്ന് മാത്രമല്ല അതിന് അത്യദ്ധ്വാനം ആവശ്യമായി വരുന്നു. അവ ഒരിക്കലും മാറാതെ മനസ്സിൽ തന്നെ ഇടം പിടിച്ച് കുടികൊള്ളുന്നതുമൂലം ജീവിതത്തിലെ സകല ക്രിയാത്മക്തകളും ഇല്ലാതാകുന്നുവെന്ന് മാത്രമല്ല ജീവിതം തന്നെ മുരടിക്കുന്നു. വളരെ ചുരുക്കം ആളുകളാകട്ടെ കയ്പേറിയ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ട് അവ നമ്മുടെ ജീവിതത്തിൽ പ്രചോദനമായിത്തീരാൻ ശ്രമം നടത്താറുണ്ട്.
മനുഷ്യജീവിതത്തിൽ പ്രചോദനാത്മകമായ സ്മരണ മനസ്സിൽ കല്ലിൽ ആലേഖനം ചെയ്യപ്പെടണം. അങ്ങനെയായാൽ അവ എന്നും നിലനിൽക്കുമെന്നു മാത്രമല്ല, മുന്നോട്ടുള്ള ഗമനത്തിൽ അവയെന്നും മുതൽകൂട്ടാകും. അവ ജീവിതത്തെ പച്ചപ്പിന്റെ അനുഭവത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല.
നമ്മുടെ ജീവിതത്തിലെ ഓരോ സ്മരണകളെയും അപ്പാടെ മനസ്സിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. അതിൽ ഒരു ഫിൽറ്ററിംഗ് നടത്തി പ്രചോദനമായവ മനസ്സിൽ കല്ലുകൊണ്ട് എഴുതുകയും, കയ്പേറിയവ മണ്ണിൽ എഴുതുകയും ചെയ്യണം. മണ്ണിൽ എഴുതിയവയെ വളരെ വേഗത്തിൽ മായിച്ചുകളഞ്ഞ് അവ ജീവിതത്തെ തകർക്കാതെ കല്ലിൽ ആലേഖനം ചെയ്യപ്പെട്ടവ തുടർന്നുള്ള നമ്മുടെ ജീവിതത്തിന് ഊടും പാവും നൽകി നമ്മെ ക്രിയാത്മകയിലേക്കും, പ്രചേദനത്തിലേക്കും നയിക്കട്ടെ...