ഒരു സങ്കീർ‍ത്തനം പോലെ-112 -


ഒറ്റയാൻ പാലക്കാടിനപ്പുറം അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ‍ അഞ്ചുദിവസത്തെ ധ്യാനം കൂടാൻ കഴിഞ്ഞ ആഴ്ച പോയി. സൈലന്റ് വാലി വന്യമൃഗസങ്കേത വനത്തിലൂടെയായിരുന്നു യാത്ര. വഴിയിൽ‍ പല കാട്ടുമൃഗങ്ങളെയും കാണാമെന്നുള്ള വിവരം അൽപമൊന്നുമല്ല അങ്കലാപ്പിന് ഇടയാക്കിയത്. മൃഗങ്ങൾ‍ കൂട്ടമായും ഒറ്റയായും വരും എന്നാലും ഒറ്റയാന്മാരെ കൂടുതൽ‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് അതീവശ്രദ്ധയോടെയും ഭയത്തോടെയും ശ്രവിച്ചു. ഒറ്റയാനായി വരുന്ന മൃഗങ്ങൾ‍ അക്രമവാസന കൂടുതലാണ് പ്രദർ‍ശിപ്പിക്കുന്നത്. അവയ്ക്ക് സഹിഷ്ണുത കുറവായതിനാലും, അക്രമസ്വഭാവം കൂടുതലാകയാലും ദുഷ്ടപ്രവൃത്തികൾ‍ നടത്തി നാശത്തിന്റെ വിത്തുകൾ‍ വിതയ്ക്കുമെന്നതിനാൽ‍ അവയുമായി അകലം പാലിക്കുന്നതാണ് ഏറ്റവും കരണീയം എന്ന ഉപദേശം മനസ്സിൽ‍ കോറിയിട്ടു. 

ഒറ്റയാൻ എന്നതിലൂടെ ഉദ്ദേശിക്കുന്നത് മറ്റുള്ള മൃഗങ്ങളുമായി യാതൊരു സംസർ‍ഗ്ഗവുമില്ലാതെ സ്വന്തമായ പാതയിൽ‍ വിഹരിക്കുന്ന മൃഗങ്ങളെക്കുറിച്ചാണ്. മൃഗങ്ങളെപ്പോലെത്തന്നെ ചില മനുഷ്യരും ‘ഒറ്റയാന്മാരാണ്’. മറ്റു മനുഷ്യരുമായി യാതൊരു വിധത്തിലുള്ള സഹകരണവുമില്ലാതെ ജീവിക്കുന്നതാണ് ഇക്കൂട്ടരുടെ പ്രത്യേകത. ഉന്നത വിദ്യാഭ്യാസമുള്ളവർ‍ പോലും ഒറ്റയാന്മാരായി ജീവിതയാത്ര നടത്തുന്നുണ്ട് എന്നത് അറിവ് ഇതിനൊരു മാനദണ്ധമല്ലായെന്ന്‍ സൂചിപ്പിക്കുന്നു. 

ഒറ്റയാനായി ജീവിതയാത്ര തുടരുവാൻ പലരെയും പ്രേരിപ്പിക്കുന്നത് ‘സുപ്പീരിയോറിറ്റി കോപ്ലക്സും ഈഗോയുമാണ്’ ഞാൻ എന്തോക്കെയോ ആണെന്ന് മാത്രമല്ല, മറ്റുള്ളവർ‍ എല്ലാം എന്റെ മുന്പിൽ‍ നിസ്സാരരാണ് എന്ന മനോഭാവവുമാണ് ഇതിന്റെ പിന്നിലുള്ളത്. ഇക്കൂട്ടർ‍ ഒന്നിനെയും അംഗീകരിക്കാൻ‍ ഒരുക്കമില്ലാത്തവരാണ്. മറ്റുള്ളവരിലെ നന്മ ദർ‍ശിക്കാനും അതിനെ ആസ്വദിക്കാനും അവർ‍ക്ക് സാധിക്കില്ല എന്നത് വളരെ ഖേദകരമാണ്. ഇതുകാരണം മറ്റുള്ളവരെ അനുഭാവപൂർ‍വ്വം വീക്ഷിക്കുവാൻ പോലും ഇവർ‍ ഒരുക്കമല്ല. 

ഒറ്റയാനായി തുടരുവാനുള്ള മറ്റൊരു കാരണം ‘അഹങ്കാരത്തിന്റെ ആധിക്യമാണ്’. ഗർ‍വ്വ് മനസ്സിൽ‍ കടന്നുവരികയും അത് ജീവിതത്തിന്റെ ഭാഗമായി തുടരുകയും ചെയ്യുന്പോൾ‍ മറ്റുള്ളവരുടെ മുന്പിൽ‍ സ്വയം സൃഷ്ടിക്കുന്ന അഹങ്കാരത്തിന്റെ വിത്തുകൾ‍ മുളപൊട്ടി താഴ്മയും വിനയവും ഇല്ലതായി അഹങ്കാരത്തിന്റെ മൂർ‍ത്തീഭാവമായി വ്യക്തികൾ‍ ആയിത്തീരുന്നു. അഹങ്കാരം പല കാരണങ്ങൾ‍ മൂലം ഉണ്ടാകാം. അത് ഒരു തരത്തിൽ‍ മാനസിക വൈകല്യം തന്നെയാണ്. 

‘അപകർ‍ഷതാ ബോധവും’ മറ്റുള്ളവരി
ൽ‍ നിന്ന് സ്വയം അകലുവാനും ഒറ്റയാനായി തുടരുവാനും ഇടയാക്കുന്നു. അപകർ‍
ഷതാ ബോധത്തിന്റെ ഉറവിടം പലതുമാകാം. പലരിൽ‍ നിന്നും ഏറ്റ മുറിവുകൾ‍, അവഗണനകൾ‍, ദുരുപയോഗങ്ങൾ‍, വളർ
‍ന്നുവന്ന ചുറ്റുപാടുകൾ‍, കുടുംബപശ്ചാത്തലം അങ്ങനെ പലതും. ഇത് നഷ്ടപ്പെടുത്തു
ന്നത് സഹകരണത്തിന്റെയും, കൂട്ടായ്മയുടെയും ശക്തിയാണ്. ‘ജീവിതത്തിലെ തെറ്റു
കളെ മൂടിവെയ്ക്കുക’ എന്നതും ഒറ്റയാനായി തുടരുവാൻ പ്രേരിപ്പിക്കും. മറ്റുള്ളവരു
മായി സഹകരിക്കാതിരുന്നാൽ‍ തെറ്റുകൾ‍ ആരും അറിയില്ലാ എന്ന മിത്ഥ്യാധാരണയാ
ണ് ഇതിന് പിന്നിലുള്ളത്. ഇവിടെ സംഭവിക്കുന്നത് തെറ്റുകൾ‍ സ്വയം മൂടിവെയ്ക്കുന്നതു മൂലം അവ ആവർ‍ത്തിക്കപ്പെടുകയും അവയിൽ‍ നിന്ന് മോചനം ലഭിക്കാതിരിക്കുകയുമാണ് എന്ന യാഥാർ‍ത്ഥ്യം ഇക്കൂട്ടർ‍ തിരിച്ചറിയുന്നില്ല. വന്നുപോയ തെറ്റുകളാകട്ടെ മറ്റുള്ളവരുടെ മുന്പിൽ‍ ഒരിക്കൽ‍ വെളിപ്പെടുകയും ചെയ്യുമെന്നത് ഉൾ‍കൊള്ളാനുമവർ‍ക്ക് സാധിക്കുന്നില്ല. 

ഒറ്റയാനായി നിൽക്കുന്നത് സ്വയവും മറ്റുള്ളവർ‍ക്കും വലിയ അപകടം വരുത്തിവെയ്ക്കുമെന്നുള്ളത് യാഥാർ‍ത്ഥ്യമാണ്. ഒറ്റയാന്മാരുടെ ലോകവീക്ഷണം വളരെ ചുരുങ്ങും. ‘കിണറ്റിൽ‍ കിടക്കുന്ന തവളയെപ്പോലെ’ വിശാലമായ ലോകത്തെ ഉൾ‍ക്കൊള്ളാൻ അവർ‍ക്ക് സാധിക്കുന്നില്ല. ലോകം ചുരുങ്ങിയ അവസ്ഥ അതിഭയാനകവും വിശാലമായ ലോകത്തിന് മുന്നിൽ‍ സ്വയം കണ്ണുകളടച്ച് ഇരുട്ടാക്കുന്നതും സ്വയം നാശത്തിന്റെ കുഴി വെട്ടുകയാണ്. ഇതുമൂലം ലോകത്തിന്റെ മനോഹാരിത ആസ്വദിക്കാനാവാതെ മരിച്ച അവസ്ഥയ്ക്ക് സമാനമായി ജീവിതം ഇവർ‍ തുടരുന്നു. 

ഒറ്റയാനായി നിലനിൽക്കുന്നവരുടെ വളർ‍ച്ച മുരടിക്കും. മറ്റുള്ളവരുമായുള്ള സഹകരണത്തിന്റെ അഭാവം ലോകവളർ‍ച്ചയെ മനസ്സിലാക്കാനോ അതിലേക്ക് പ്രചോദനമായി വളരുവാനോ അവർ‍ക്ക് സാധിക്കില്ല. ഇക്കൂട്ടർ‍ പലരും ‘സാഡിസ്റ്റ് മനോഭാവത്തിന്നുടമകളായി’ മാറും. ഇത് കഠിനമായ പ്രകൃതത്തിലേക്കും, മറ്റുള്ളവരെ എങ്ങനെയും മുറിവേൽപ്പിക്കാനുമുള്ള ശ്രമം നടത്തുന്നത് അവരുടെ സ്വഭാവമായിത്തീരും. അതിൽ‍ അവർ‍ സന്തോഷവും കൂടി അനുഭവിക്കാൻ തുടങ്ങുന്പോൾ‍ അവർ‍ക്ക് മാത്രമല്ല നാശഹേതുവായി അവർ‍ ആയിത്തീരുന്നത് മറ്റുള്ളവർ‍ക്കു കൂടി നാശം വിതയ്ക്കുന്നവരായിത്തീരും. 

ലോകത്തിന്റെ ഘടനയെന്നത് ഒന്നിനോടൊന്ന് പറ്റിച്ചേർ‍ന്ന് സഹകരണത്തിന്റെയും, പരസ്പര ബന്ധത്തിന്റെയുമായ കൂട്ടായ്മ ബന്ധത്തിലാണ്. ഇതാണ് കുഞ്ഞുണ്ണിമാഷ് പറയുന്ന ‘ഒന്നും ഒന്നും കൂടിയാൽ‍ ഇമ്മിണി വലിയ ഒന്ന്’ എന്നത് കണക്കിലെ തെറ്റോ പരസ്പരവിരുദ്ധമായതോ അല്ല പിന്നെയോ കൂട്ടായ്മയുടെ തത്വവും അടിസ്ഥാനപ്രമാണവുമാണ്. അവിടെ വ്യക്തിത്വങ്ങൾ‍ വ്യത്യസ്തമെങ്കിലും അവ  ഇഴുകിച്ചേർ‍ന്ന് ഒന്നാകുന്ന അനുഭവമാണ്. കൂട്ടായ്മയുടെ പവിത്രതയും വിശുദ്ധിയും കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. കൂട്ടായ്മ നന്മയ്ക്കുവേണ്ടിയും മറ്റുള്ളവരുടെ പ്രയോജനത്തിനുമായിത്തീരണം. എങ്കിലെ കൂട്ടായ്മയുടെ കരുതലും പ്രയോജനവും അനുഭവിക്കാൻ സാധികുകയുള്ളു. നാശത്തിനു വേണ്ടിയുള്ള കൂട്ടായ്മകളെല്ലാം നാശത്തിൽ‍ മാത്രമെ പതിക്കുകയുള്ളു. 

നമ്മിൽ‍ പലരും പല കാരണങ്ങളാലും ഓഫീസിലും ഫ്ളാറ്റുകളിലും സമൂഹത്തിലും ഒറ്റയാന്മാരായി ജീവിക്കുന്നവരാണ്. ചില കുടുംബത്തിൽ‍ പലരും ഒറ്റയാന്മാരായി ജീവിക്കുകയാണ്. പലരും വിഷമതകളുടെ മദ്ധ്യത്തിലും ഒറ്റയാന്മാരായിത്തീരുന്നു. അത് നമ്മിലെ മനുഷ്യത്വത്തെ ഇല്ലായ്മ ചെയ്യുന്നതിനാലും, നമ്മിൽ‍ നിന്നും കാരുണ്യത്തിന്റെ കതിരുകൾ‍ നഷ്ടപ്പെടുത്തുന്നതിനാലും, സമൂഹത്തിൽ‍ നിന്നും അന്യപ്പെട്ടുപോകുമെന്നതിനാലും കൂട്ടായ്മയുടെ പവിത്രത നമ്മെ ശക്തിപ്പെടുത്തണം. 

‘മുപ്പിടിച്ചരട് വേഗത്തിൽ‍ അറ്റുപോകയില്ല’ എന്ന ബൈബിൾ‍ വചനം കൂട്ടായ്മയാകണം മനുഷ്യജീവിതത്തിന്റെ ശക്തിയെന്ന് തെളിയിക്കുന്നു. കൂട്ടായ്മയുടെ സ്നേഹത്തിലും ദൃഡതയിലും, ബന്ധത്തിലും ജീവിതത്തിന്റെ ഉന്നതമായ കോണിപ്പടികൾ‍ കയറുവാൻ‍ നമ്മുക്കിടയാകട്ടെ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed