ഒരുമയോടെ പെരുമ
ഫുട്ബോൾ കളിയെക്കുറിച്ചുള്ള ചില ചിന്തകളിലൂടെ നമുക്ക് യാത്രചെയ്യാം. ഫുട്ബോളിലും, വോളിബോളിലും, ബാസ്കറ്റ് ബോളിലുമെല്ലാം കളിക്കാർ ഒരുമയോടെയും, സഹകരണമനോഭാവത്തോടെയും കളിച്ചെങ്കിൽ മാത്രമെ വിജയത്തിന്റെ സോപാനത്തെ സ്പർശിക്കുവാൻ സാധിക്കുകയുള്ളു. ഈ കളികളിലെ കളിക്കാർ എത്ര പ്രഗത്ഭർ ആയാലും അവർ ഒറ്റയ്ക്ക് കളിച്ചാൽ പരാജയത്തിന്റെ ഓളങ്ങളിൽ മുഴുകേണ്ടിവരും എന്നാൽ ഒരുമയോടെ കളിക്കളത്തിൽ ഓരോ ചുവടും നീക്കിയാൽ വിജയം അകലത്തിലായിരിക്കുകയില്ല. കളിയിൽ മാത്രമല്ല ജീവിതത്തിലും വിജയത്തെ പുൽകാൻ ഓരോരുത്തർക്കും ആവശ്യമായ ഗുണമാണ് ഒരുമ. പ്രകൃതിയുടെ വൈവിദ്ധ്യവും അവ തമ്മിൽ പരസ്പരപൂരകമായ നിലനിൽപ്പുമാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് നിദാനമായിരിക്കുന്നത് എന്നപോലെ മനുഷ്യന്റെ വ്യത്യസ്തയുടെ നടുവിലുള്ള ഒരുമയാണ് ജീവിതത്തെ ധന്യതയിലേക്ക് നയിക്കുന്നത്.
ഒറ്റയ്ക്ക് ഒരാൾക്ക് ചെറിയ കാര്യങ്ങൾ നിറവേറ്റാൻ സാധിക്കുമെങ്കിൽ കൂട്ടമായി ലോകത്തിന് തന്നെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുവാൻ ഇടയാക്കും. കൂടുതൽ ദൂരം സഞ്ചരിക്കണമെങ്കിൽ ഒരുമിച്ച് നടക്കണമെന്ന പ്രായോഗിക തത്വമാണ് ഒരുമയുടെ അടിത്തറ. ഒരുമയ്ക്ക് ആധാരമായിരിക്കുന്നത് ഒരാൾക്ക് തനിയെ പ്രാവർത്തികമാക്കുന്നതിന് പരിധി ഉണ്ടെന്ന മനസ്സിലാക്കലും, മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കലും അവ പരസ്പര നന്മയ്ക്കായി ഉപയോഗപ്പെടുത്തുവാനുള്ള ആർജ്ജവത്വവുമാണ്. വ്യക്തികളുടെ കൂട്ടമായ സമൂഹത്തിൽ എല്ലാവരും വ്യക്തിത്വമുള്ളവരും, പ്രത്യേകമായ നില
നിൽപ്പ് ഉള്ളവരുമാണ്. ഓരോരുത്തർക്കും അവരവരുടെതായ സ്വഭാവരീതികളും, താ
ൽപ്പര്യങ്ങളുമുണ്ട്. ഇതിനിടയിലാണ് ഒരുമയോടെ പ്രവർത്തിച്ച് ജീവിതം വിജയത്തിലേക്ക് നയിക്കേണ്ടത്. ഇങ്ങനെ പ്രവർത്തിക്കുന്പോൾ ഓരോരുത്തരും സ്വന്തം വ്യക്തിത്വത്തെ ഹനിക്കുകയോ, അടിയറവ് വയ്ക്കുകയോ അല്ല മറിച്ച്, അവരവരുടെ ഉത്തരവാദിത്വങ്ങൾ ഫലപ്രദമായി നിവർത്തിക്കുന്നതാണ്. ഇത് സ്വാർത്ഥത നിറഞ്ഞതോ, സ്വാർത്ഥലാഭത്തിനോ ഉള്ള പരിശ്രമമല്ല, മറിച്ച് നന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ്. ‘ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം’ എന്ന പഴമൊഴി ഒരുമയുടെ സന്ദേശം പ്രഘോഷിക്കുന്നു.
പ്രകൃതിയിലെ പല വൃക്ഷങ്ങളും ഫലം പുറപ്പെടുവിക്കുന്നത് ഒറ്റയ്ക്കല്ല എന്നാൽ കൂട്ടമായാണ്. അവയെല്ലാം ഒരുപോലെ വളരുന്നതും വികസിക്കുന്നതുമെല്ലാം ഒരുമയുടെ പ്രായോഗികത പ്രഖ്യാപിക്കുന്നു. മനുഷ്യശരീരത്തിലെ വിഭിന്ന അവയവങ്ങൾക്കുള്ള വിവിധമായ ഉപയോഗങ്ങളും കുറിക്കുന്നത് വ്യത്യസ്തയിലും ഒരുമിപ്പിന്റെ മഹനീയത വെളിവാക്കുകയും നമ്മുക്ക് മാതൃകയാകുകയുമാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം പോലെയുള്ള പല പ്രവർത്തനങ്ങളെയും നയിച്ചത് ഒരുമയുടെ പ്രവർത്തനശൈലിയായിരുന്നു. കുറെ വർഷങ്ങൾക്ക് മുന്പ് വർഷാവർഷമുള്ള പുരമേയലിലും, വിവാഹത്തിന്റെയും മറ്റ് ആഘോഷങ്ങളുടെയുമൊക്കെ ഒരുക്കങ്ങളും സദ്യയുമെല്ലാം ഒരുക്കിയിരുന്നത് ആ ഭവനക്കാർ മാത്രമല്ല പ്രദേശത്തുള്ളവർ ഒരുമിച്ച് ആയിരുന്നു എന്നത് ഒരുമയുടെ പ്രവർത്തനം ഒരു ഉട്ടോപ്യൻ ചിന്താഗതിയല്ല അത് പ്രായോഗികമാക്കാവുന്നതാണ് എന്ന് തെളിയിക്കുന്നു. ഒരുമയുള്ള പ്രവർത്തനത്തിനായി മറ്റുള്ളവരെ അംഗീകരിക്കാനും, ബഹുമാനിക്കാനും സ്വീകരിക്കാനുമുള്ള മനോഭാവം വളർത്തിയെടുക്കണം. വ്യക്തികൾ തമ്മിൽ പരസ്പരം മത്സരമുള്ളവരാകാതെ പരസ്പരം പൂരകമായി പ്രവർത്തിക്കുന്നവരാകണം. എല്ലാ വ്യത്യസ്തകളും ഉൾക്കൊണ്ട് തന്നെ ജീവിതവിജയത്തിനായി കൂട്ടമായി പ്രവർത്തിക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഭവനത്തിന്റെ അനുഗ്രഹപ്രദമായ നിലനിൽപ്പിനും, പ്രവർത്തനമേഖലയിൽ വിജയത്തിന്റെ അണയാത്തദീപമായി പ്രശോഭിക്കാനും ഒരുമ തന്നെ നമ്മുക്കാധരമെന്നത് നാം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ജീവിക്കണം. ഐക്യമത്യം മഹാബലം എന്നത് നമ്മുടെ ജീവിതത്തെ വിജയത്തിന്റെ പെരുമയിലേക്ക് നയിക്കട്ടെ.