യാത്രാസ്മരണ
ജീവിത നാടകത്തിന്റെ സിംഹഭാഗവും യാത്രചെയ്ത് ആടിത്തീർക്കുകയാണ് നാം ഓരോരുത്തരും. എവിടെയായാലും യാത്രകൾ ഒഴിവാക്കാവുന്നതല്ല. ജോലി സ്ഥലത്തേക്കുള്ളതും, ബന്ധുക്കളെ സന്ദർശിക്കുന്നതിനും, സുഹൃത്ത് ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും, തീർത്ഥാടനത്തിനും, വിവിധ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനും, രോഗികളായി ആശുപത്രികളിലേക്കും, രോഗികളെ സന്ദർശിച്ച് ആശ്വാസം പകരുന്നതിനായും നമ്മൾ അനുനിമിഷം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ ഭാഗമായിരിക്കുന്ന യാത്രകൾ നമുക്ക് വിരസതയാണോ അതൊ അർത്ഥസന്പുഷ്ടതയാണോ സമ്മാനിക്കുന്നത്?
നാട്ടിൽ ട്രെയിനിൽ യാത്ര ചെയ്തപ്പോൾ, പലരും തങ്ങളുടെ ഓഫിസ് ജോലികൾ പൂർത്തീകരിക്കുന്നതായും, മൊബൈൽ ലോകത്തിൽ തനിയെ സഞ്ചരിക്കുന്നതായും, നിദ്രാദേവിയുടെ കടാക്ഷത്താൽ യാത്രപോലും മറന്ന് അതിൽ മുഴുകുന്നതായും, അതുപോലെ മറ്റുള്ളവരുടെ സ്വകാര്യതകളിലേയ്ക്ക് കടന്നു കയറുന്ന ചിലരെയും കാണുന്നതിനും ഇടയായി. എന്നെ അത്ഭുതപ്പെടുത്തിയത്, എല്ലാ തിരക്കിനിടയിലും അവരവരുടെ ലോകത്ത് ഏകാന്തതകളിൽ അധികം ആളുകളും യാത്രചെയ്യുന്നതിനാൽ മറ്റുള്ളവരോട് ഒന്ന് പുഞ്ചിരിതൂകുന്നവരുടെ എണ്ണം വളരെ വിരളമായിരുന്നു എന്നതാണ്. നമ്മുടെ ജീവിതത്തിന്റെ മുഖ്യഭാഗവും യാത്രകളായതിനാൽ അവ ആസ്വാദ്യമാക്കേണ്ടത് ആവശ്യമാണ്.
യാത്ര ആസ്വാദ്യമാക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പ്രത്യേകതയുമില്ലാതെ വെറുതെ യാത്രചെയ്തു എന്നതല്ല; മറിച്ച് യാത്ര വ്യക്തിജീവിതത്തിൽ സ്മരണയിൽ സൂക്ഷിക്കുവാൻ തക്കതാകുക എന്നതാണ്. ഓരോ യാത്രയും നവ അനുഭവത്തിന്റെയും അതുവഴി ലഭ്യമാകുന്ന അനുഭൂതിയുടെയും അനന്തരമാകുന്നതാണ്. യാത്രകൾ സമ്മാനിക്കുന്ന നവ അറിവുകൾ ജീവിതയാത്രയെ ഉയർച്ചയിലേയ്ക്ക് കൈ പിടിച്ച് ഉയർത്തി വ്യക്തിത്വവികസനത്തിലേക്കും വിജ്ഞാനത്തിന്റെ ഉന്നതമേഖലകളിലേക്കും എത്തിക്കണം. അത് നന്മയുടെ തിരിനാളങ്ങൾ തെളിയിക്കുന്നതാകണം. ഒരു പുതിയ സുഹൃത്തിനെയെങ്കിലും നേടുന്നതാകണം. അതുവഴി ലഭ്യമാകുന്ന സൗഹൃദങ്ങൾ നമ്മുടെ ചിന്താമണ്ധലത്തിലും, പ്രവർത്തന മേഖലകളിലും പ്രചോദനവും, ക്രിയാത്മകവും ആയിരിക്കണം.
ഓരോ യാത്രയിലും കാണുന്ന മുഖങ്ങൾ വീണ്ടും സംഗമിക്കാനുള്ള സാധ്യത വിരളമാകയാൽ അവരെ പരിചയപ്പെടാൻ ശ്രമിക്കുകയും, അവർക്ക് സ്മരണയിൽ നിലനിർത്തുവാൻ തക്ക അടയാളപ്പെടുത്തലുകൾ അവരുടെ ഹൃദയത്തിൽ സൃഷ്ടിക്കുക എന്നതാണ് യാത്രകൾ ആസ്വാദ്യമാക്കാനുള്ള പ്രഥമപടി. ഓരോ വ്യക്തിയും വ്യത്യസ്തരാകയാലും അവരിലെല്ലാം എന്തെങ്കിലും പ്രത്യേകതകളുമുള്ളതിനാൽ അവരിൽ നിന്ന് അറിവുകളുടെ അക്ഷയനിധികളെ സ്വായത്തമാക്കാൻ ശ്രമിക്കണം. ലഭ്യമായ സമയത്ത് തന്നെ അവ പ്രയോജനപ്പെടുത്തുകയെന്നതാണ് പ്രാധാന്യമേറിയത്. ഒരു പുഞ്ചിരിയാകട്ടെ സൗഹൃദത്തിനുള്ള തുടക്കം. തുടർന്ന് സംഭാഷണത്തിൽ ഏർപ്പെടുക. സംഭാഷണങ്ങളിൽ മറ്റുള്ളവരുടെ സ്വകാര്യതകൾ മാത്രം അന്വേഷിക്കുവാൻ ഇടയാകരുത്. അതിനപ്പുറം ബന്ധങ്ങൾ രൂപപ്പെടുവാനുള്ള മുഖാന്തിരമായിരിക്കണം.
യാത്രകളിൽ നല്ല പുസ്തകങ്ങൾ പരിചയപ്പെടാം, അവ സഹയാത്രികർക്ക് പരിചയപ്പെടുത്താം. അതുപോലെ അവയിലെ അറിവുകളെ സ്വാംശികരിക്കുന്നതിനുമുള്ള വേദികളാക്കി ഉപയോഗപ്പെടുത്താം. ധ്യാനങ്ങൾ നടത്താം. ജീവിതത്തെ പ്ലാൻ ചെയ്യാനും യാത്രകളെ ഉപകരിക്കുന്പോൾ അവ ജീവിതത്തിൽ അർത്ഥവത്താക്കി മാറ്റാം. അതിലൂടെ ജീവിതം സന്പുഷ്ടമാകുകയും ചെയ്യും. യാത്രകളിൽ ഉണ്ടാക്കുന്ന സൗഹൃദങ്ങൾ മറ്റുള്ളവരുടെ ആകുലതകളെ പങ്കിടുക വഴി മറ്റുള്ളവർക്ക് സ്വാന്തനമായി പരിണമിക്കണം. യാത്രകൾ അങ്ങനെ പുതിയ സാധ്യതകളെക്കുറിച്ച് അറിവ് നേടുന്ന യൂണിവേഴ്സിറ്റികളായി മാറണം. ഓരോ യാത്രകളിലും പുതിയ പുതിയ ആളുകളുമായി സൗഹൃദങ്ങൾ സ്ഥാപിച്ച് സൗഹൃദത്തിന്റെ ശൃംഖല വിസ്തൃതമാക്കണം.
ഇവിടെ പാലിക്കേണ്ട മനോഭാവമെന്നത്, മറ്റുള്ളവർ ഇങ്ങോട്ട് വന്ന് സൗഹൃദം സ്ഥാപിക്കട്ടെ എന്നതായിരിക്കരുത് മറിച്ച് നാം മുൻകൈ എടുത്ത് ബന്ധങ്ങൾ സ്ഥാപിക്കണം. യാത്രകൾ വെറുതെ ഉറങ്ങിയും, ഫോൺ വിളിച്ചും, എസ്.എം.എസ്. അയച്ചും, സമയം നിഷ്ക്രിയമാക്കതെ അറിവുനേടാനും, പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും, ചിന്താമേഖലകളെ വിസ്തൃതമാക്കാനും, നല്ല മനുഷ്യരാകാനും, നന്മ ഉയർത്താനും, ജീവിതത്തെ ഉയർച്ചയുടെ അവസ്ഥയിലേക്ക് നയിക്കാനുമുള്ള അവസരങ്ങളാകയാൽ അതിലെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക.
ഓരോ യാത്രകളും നിഷ്ക്രിയങ്ങളാകാതെ സൗഹൃദങ്ങളുടെ തുടക്കവും, അറിവിന്റെ യൂണിവേഴ്സിറ്റിയുമാകട്ടെ. അങ്ങനെ യാത്രകൾ ആസ്വാദ്യമാകട്ടെ. അതിലൂടെ ജീവിതം അർത്ഥപുർണ്ണമാകട്ടെ.