പ്രതി­ഭയു­ടെ­ സ്വപ്നച്ചി­റക്


ഗ്നിച്ചിറകുകൾ‍ വിരിയിച്ച ഭാരതരത്നം ഡോ. എ.പി.ജെ അബ്ദുൽ‍ കലാം 2015 ജൂലൈ 27ന് സ്മരണയുടെ ചിറകിലായി. ഭാരതമക്കൾ‍ ഒന്നടങ്കം അദ്ദേഹത്തിന്റെ ഓർ‍മ്മയ്ക്ക് മുന്പിൽ‍ കണ്ണീരിൽ‍ കുതിർ‍ത്ത ആദരാജ്ഞലികൾ‍ അർ‍പ്പിച്ചു. മിസൈൽ‍ ഗവേഷണത്തിലൂടെ ശാസ്ത്ര സാങ്കേതിക ഭാരതത്തെ ഉയരങ്ങളിൽ‍ എത്തിച്ച് പ്രതിഭാധനനായ ശാസ്ത്രജ്ഞനായി എന്നും ഏവരുടെയും മനസ്സിൽ‍ അദ്ദേഹം ഇടം നേടി. ഭാരതത്തിന്റെ പ്രഥമപൗരനായി ജനങ്ങൾ‍ക്കൊപ്പം സഞ്ചരിച്ച് കൊച്ചുകുട്ടികൾ‍ക്ക് പോലും ഭാരതത്തിന്റെ അഭിമാനമായ രാഷ്ട്രപതിഭവൻ തുറന്ന് കൊടുത്ത്, ലാളിത്യത്തിന്റെയും സ്നേഹ ഊഷ്മളതയുടെയും അനുഭവം സമ്മാനിച്ച വ്യത്യസ്തനായ ആദരണീയനായ മുൻ ‍രാഷ്ട്രപതിയായി അദ്ദേഹം വിളങ്ങുന്നു. സാധാരണകുടുംബത്തിൽ‍ ജനിച്ചുവെങ്കിലും സ്വപരിശ്രമം മൂലം വിദ്യയുടെ കാണാക്കയങ്ങളിലേക്ക് ഊളിയിട്ട് അതിൽ‍ നിന്ന് കോരിക്കുടിക്കുക മാത്രമല്ല അതിൽ‍ നിന്ന് അനേകർ‍ക്ക് കോരിക്കൊടുത്ത് ജനങ്ങളുടെ അന്ധകാരത്തെ നീക്കുവാനായി ജീവിതത്തിന്റെ അവസാന നിമിഷം വരെ പ്രവർ‍ത്തിച്ച മാതൃകാ അദ്ധ്യാപകനായ അദ്ദേഹം പ്രതിഭയുടെ സുവർ‍ണ്ണ അങ്കി ധരിച്ചാണ് എൺപത്തിമൂന്നാം വയസ്സിൽ‍ ഈ ലോകത്തോട് യാത്ര പറഞ്ഞത്. 

ഡോ. കലാമിന്റെ മഹനീയ ശ്രേഷ്ഠതയെന്നത്, അദ്ദേഹം ‘നൂതന ആശയങ്ങളുടെ വറ്റാത്ത ഉറവയായിരുന്നു’ എന്നതാണ്. ഭാരതത്തിന്റെ മിസൈൽ‍ മാൻ എന്ന നാമധേയത്തിന് അദ്ദേഹത്തെ അർ‍ഹനാക്കിയത് ശാസ്ത്രഗവേഷണത്തിനായി തന്റെ ജീവിതത്തെ സ്വയം സമർ‍പ്പിച്ചതാണ്. തന്റെ ജീവിതത്തിലൂടെ അദ്ദേഹം ഏവരേയും പ്രചോദിപ്പിക്കുന്നത് പ്രതിഭകളായിത്തീരാനാണ്. അതിനായി അദ്ദേഹം നൽകുന്ന സൂത്രവാക്യം ‘എല്ലാ പക്ഷികളും മഴ വരുന്പോൾ‍ കൂട്ടിൽ‍ രക്ഷ തേടുന്നു. എന്നാൽ‍ പരുന്ത് മഴയെ ഒഴിവാക്കാൻ മേഘങ്ങൾ‍ക്ക് മുകളിലൂടെ പറക്കുന്നത് ജീവിതത്തിൽ‍ എന്നും പ്രചോദനമായി അവശേഷിക്കണമെന്നതാണ്. ജിജ്ഞാസയുടെ ഉയരങ്ങളിലേക്ക് സഞ്ചരിക്കാനും, അതിലൂടെ ജ്ഞാനത്തെ ഉന്നതമായി പ്രാപിക്കാനും അദ്ദേഹത്തിന്റെ ജീവിതം ആഹ്വാനം നൽകുന്നു. ജീവിതം ഒന്നുമാത്രമാകയാൽ‍ നവ ആശയങ്ങൾ‍ നേടിയെടുക്കാനുള്ള ത്വരയായിരിക്കണം ഓരോരുത്തരെയും ജീവിക്കാൻ പ്രേരിപ്പിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മി‍പ്പിക്കുന്നു. വായനയുടെയും നിരന്തരമായ പഠനത്തിലൂടെയും അദ്ദേഹത്തെ റോക്കറ്റിന്റെ ലോകത്തേക്ക് നയിച്ചത് പോലെ വായനകളും അറിവ് നേടാനുള്ള ആകാംക്ഷയും, അതിന് വേണ്ട നിരന്തര പരിശ്രമത്തിലൂടെയും മാത്രമേ പ്രതിഭകളുടെ ലോകത്തിലേക്ക് നമ്മുക്ക് എത്താൻ സാധിക്കുകയുള്ളൂ എന്നത് നമ്മുടെ ജീവിതത്തെ പ്രചോദിപ്പിക്കണം. 

ഡോ. കലാമിനെ പ്രതിഭയുടെ മഹനീയ സ്ഥാനത്തേക്ക് ഉയർ‍ത്തിയത് ‘ഉയർ‍ച്ചയെ സ്വപ്നം’ കണ്ട് ജീവിച്ചു എന്നതാണ്. യുവജനങ്ങളോടും കുട്ടികളോടും സം വേദിക്കുന്പോഴൊക്കെയും സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചത് സ്വപ്നത്തിന് പുതിയ രൂപവും ഭാവവും നൽകുന്നതിന് ഇടയായി. സ്വപ്നം ഉറങ്ങുന്പോൾ‍ കാണുന്നതല്ല പിന്നെയോ അത് ഉറങ്ങാൻ അനുവദിക്കാത്തതാണ് എന്നത് വളർ‍ച്ചയുടെ പാതയിൽ‍ സ്വപ്നത്തിനുള്ള സ്ഥാനം ഊന്നൽ‍ നൽകുന്നു. ലക്ഷ്യബോധമുള്ള സ്വപ്നങ്ങളിലൂടെ രാജ്യത്തിന്റെ സർ‍വ്വതലത്തിലുള്ള പുരോഗതിയിലേക്ക് സ്വയം നയിക്കപ്പെടണമെന്നത് അദ്ദേഹം ഏവരെയും ഓർമ്മി‍പ്പിക്കുന്നു. സ്വപ്നം കാണേണ്ടത് ഉണർ‍ന്നിരിക്കുന്പോഴാണ് എന്നത് ഉയർ‍ച്ചയിലേക്ക് സ്വപ്നം കാണാൻ‍ പ്രചോദനമായി വർ‍ത്തിക്കുന്നു. രാജ്യത്തിന്റെ ഭാവി യുവാക്കളുടെ കരങ്ങളിലാകയാൽ‍, യുവാക്കൾ‍ സദാ ജ്വലിക്കുന്ന മനസ്സുകളുടെ ഉടമകളായെങ്കിൽ‍ മാത്രമേ സ്വപ്നങ്ങൾ‍ക്ക് ചിറകുകൾ‍ നൽകാനാവൂ എന്നുള്ള ഉപദേശം പ്രതിഭ ആകാൻ ആഗ്രഹിക്കുന്നവർ‍ എപ്പോഴും സ്വയം ജ്വലിച്ചുകൊണ്ടിരിക്കണം എന്ന് ഉദ്ബോധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ‍ അവസാന ശ്വാസം വരെയും രാജ്യത്തിന്റെ ശാസ്ത്രപുരോഗതിയും അത്്വഴി സാധാരണ ജനങ്ങളുടെ ഉയർ‍ച്ചയും സ്വപ്നം കണ്ടത് നമുക്ക് മാതൃകയാകണം. 

‘പ്രവർ‍ത്തന ഉത്സുകത’ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. കുട്ടിയായിരുന്നപ്പോൾ‍ വെളുപ്പിനെ നാല് മണിക്ക് കണക്കും, അഞ്ച് മണിക്ക് അറബിയും പഠിച്ചതിന് ശേഷം പത്ര വിതരണത്തിന് പോയി വന്ന് സ്കൂളിൽ‍ പഠനം നടത്തുന്ന ഡോ.കലാമിനെ ‘അഗ്നിച്ചിറകുകളിൽ’ വരച്ചുകാട്ടുന്നു. രാത്രി പതിനൊന്ന് മണി വരെയും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ‍ അദ്ദേഹം പഠിക്കുന്നതും, ശാസ്ത്രജ്ഞനായിരുന്നപ്പോൾ‍ ജോലിസ്ഥലത്ത് തന്നെ താമസിച്ച് കഠിനാധ്വാനം ചെയ്തും, രാഷ്ട്രപതി ആയപ്പോളും തന്റെ ഉത്തരവാദിത്വങ്ങളെ റോക്കറ്റ് വേഗത്തിൽ‍ ചെയ്ത് തീർ‍ത്തതുമെല്ലാം കൂടെ ജോലി ചെയ്തവർ‍ അനുസ്മരിച്ചത് പത്രത്തിലൂടെ നാം വായിച്ചു. ഒരു വർ‍ഷം 250 പ്രോഗ്രാമുകൾ‍ അദ്ദേഹം ചെയ്തിരുന്നു. അതുപോലെ മരിച്ചതിന്റെ തലേ ദിവസവും രാത്രി ഒരു മണിവരെ ഇരുന്ന് അദ്ദേഹത്തിന് വന്ന കത്തുകൾ‍ക്കും, ഇ മെയിലുകൾ‍ക്കും, ട്വീറ്റുകൾ‍ക്കുമെല്ലാം മറുപടി അയച്ച അദ്ദേഹം പ്രവർ‍ത്തനനിരതയുടെ മകുടോദാഹരണമാണ്. തന്റെ കർ‍മ്മമണ്ധലത്തിൽ‍ വിശ്രമം എന്ന ഒരേർ‍പ്പാടില്ലാത്തതായിരുന്നു. സദാ ചലനാത്മകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കൊച്ചു കൊച്ചു ലക്ഷ്യങ്ങൾ‍ നേടാൻ വേണ്ടിയാകരുത് യത്നങ്ങൾ‍. ലക്ഷ്യം എത്ര വലുതാകുന്നുവോ നേട്ടവും അത്ര കണ്ടുയരും എന്ന സിദ്ധാന്തം സ്വജീവിതത്തിൽ‍ കാണിച്ച മഹാനാണ് അദ്ദേഹം. നമുക്കെല്ലാം ഒരേ നിലയിലുള്ള കഴിവല്ല എന്നാൽ‍ നമുക്കെല്ലാം നമ്മുടെ കഴിവുകൾ‍ വികസിപ്പിക്കാൻ ഒരേ അവസരമാണുള്ളത് എന്ന അദ്ദേഹത്തിന്റെ ഉദ്ധരണി ഏറ്റെടുത്ത് നമ്മുടെ പ്രവർ‍ത്തന മണ്ധലത്തെ കർ‍മ്മനിരതമാക്കാം. 

അദ്ദേഹത്തിൽ‍ കാണുന്ന മറ്റൊരു വിശിഷ്ട ഗുണം ‘ശുഭാപ്തിവിശ്വാസമുള്ള’ ആളായിരുന്നു എന്നതാണ്. വർ‍ഷങ്ങൾ‍ക്ക് മുന്പ് വ്യോമസേനയിൽ‍ പൈലറ്റാകാനുള്ള ഇന്റർ‍ വ്യൂവിൽ‍ പിന്തള്ളപ്പെട്ടുവെങ്കിലും വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽ‍ സഞ്ചരിച്ച ആദ്യത്തെ രാഷ്ട്രപതി എന്ന സ്ഥാനത്തിന് അദ്ദേഹത്തെ അർ‍ഹനാക്കിയത് നിരാശയും ഇച്ഛാഭംഗവുമെല്ലാം ഉപേക്ഷിച്ച് ശുഭാപ്തിവിശ്വാസത്തോടെ കഠിനപരിശ്രമം ചെയ്തതുകൊണ്ട് മാത്രമാണ്. തന്റെ ജീവിതം തന്നെ ഒരു താപസന്റെ നിഷ്ഠകൾ‍ പാലിച്ചുകൊണ്ട് കഠിനാദ്ധ്വാനം ചെയ്ത്, കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധ്യമായി. തന്റെ ജീവിതത്തിലുണ്ടായ വിജയം എല്ലാവർ‍ക്കും അനുഭവിക്കാനായാണ് ദിവസവും ഉണരുന്പോൾ‍ മനസ്സിൽ‍ സ്വയം പറയേണ്ട അഞ്ച് വരികൾ‍ അദ്ദേഹം ഓർമ്മി‍പ്പിക്കുന്നത്: അവ, ‘ഞാൻ‍ പെർ‍ഫെക്ട് ആണ്, എനിക്ക് അത് ചെയ്യാൻ സാധിക്കും, ദൈവം എപ്പോഴും എന്നോട് കൂടെ ഉണ്ട്, ഞാനായിരിക്കും എപ്പോഴും വിജയി, ഇന്നാണ് എന്റെ ദിവസം’ ശുഭാപ്തിവിശ്വാസത്തിന്റെ സൂത്രവാക്യമാണിത്. ഇന്ത്യയിൽ‍ ഒന്നും ശരിയല്ല എന്ന് പറയുന്ന അനേകരുടെ ഇടയിൽ‍ അദ്ദേഹം ഇന്ത്യയുടെ സുശോഭമായ ഭാവിയെപ്പറ്റി സ്വപ്നങ്ങൾ‍ കണ്ട് അതിനെക്കുറിച്ച് പ്രസംഗിച്ചതും പഠിപ്പിച്ചതുമെല്ലാം ശുഭാപ്തിവിശ്വാസമുള്ളതുകൊണ്ടാണ്. നാമും പ്രതിഭാപട്ടം നേടാനുള്ള വഴി എല്ലാത്തിലും ശുഭാപ്തിവിശ്വാസത്തോടെ മുന്നേറുക എന്നതാണ്. 

ഷില്ലോംഗിലേക്ക് പോകുന്നു എന്ന് അവസാനമായി ട്വിറ്റ് ചെയ്ത ഡോ. അബ്ദുൾ‍ കലാം എന്ന പ്രതിഭ തന്റെ ഈ ലോകത്തിലെ നിയോഗം അവസാനിപ്പിച്ച് ബഹുദൂരമുള്ള യാത്രയായി. അദ്ദേഹത്തിന്റെ സ്മരണയും നിയോഗങ്ങളും ബാക്കിയായി അവശേഷിക്കുന്നു. അവയെ നിറവേറ്റാൻ ഇനിയും പ്രതിഭകൾ‍ ഉണ്ടാകണം. നൂതന ആശയങ്ങളോടെ, ഉയർ‍ച്ചയെ സ്വപ്നം കണ്ട്, ശുഭാപ്തി വിശ്വാസത്തോടെ, പ്രവർ‍ത്തന മണ്ധലത്തിൽ‍ കർ‍മ്മനിരതരായിത്തീരാൻ നമുക്ക് ശ്രമിക്കാം. അത് അദ്ദേഹത്തിന് നൽകാനുള്ള ഏറ്റവും അർ‍ത്ഥവത്തായ ആദരാജ്ഞലിയായിത്തീരുമെന്നതിൽ‍ സംശയമില്ല. നമുക്കും ഡോ.കലാമിനെപ്പോലെ മറ്റൊരു പ്രതിഭയായി ചിറകുയർ‍ത്തി പറക്കാം.

You might also like

Most Viewed