എം ഗവേൺസ് സർവീസ്
ജൂലൈ ഒന്ന് മുതൽ ഡിജിറ്റൽ ഇന്ത്യാ വാരം ആഘോഷപൂർവ്വം കൊണ്ടാടി. കർഷകർക്കും, ദരിദ്രർക്കുമെല്ലാം ഇന്റർനെറ്റ് സൗകര്യങ്ങൾ പ്രാപ്യമാക്കുകയാണ് ഈ പദ്ധതിലക്ഷ്യമാക്കുന്നത്. വിവരസാങ്കേതികതയുടെ നവ മേഖലകൾ ജനസേവനത്തിനായി എത്തിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ഇത് നൽകുന്നു. രാജ്യത്തെഒരുമിപ്പിക്കുന്ന അതിവേഗ ഹൈവേകളാണ് തന്റെ സ്വപ്നമെന്നും, ഈ ഗവേൺസിൽ നിന്ന് എം (മൊബൈൽ) ഗവേൺസിലേക്കുള്ള മുന്നേറ്റമാണ് വേണ്ടതെന്നും ഭാരതത്തിന്റെ ആദരണിയനായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി പറഞ്ഞു.
ഈ ഗവേൺസിൽ നിന്ന് എം. ഗവേൺസിലേക്കുള്ള യാത്രയിൽ മനുഷ്യന് പല നേട്ടങ്ങളും സമ്മാനിക്കുന്നു. ക്യാമറയുടെ സ്ഥാനം, മൊബൈൽ ഫോൺ അപഹരിച്ച് നമ്മുടെ സ്മരണയിൽ സൂക്ഷിക്കേണ്ടതും അല്ലാത്തതുമായ പ്രത്യേക നിമിഷങ്ങളെല്ലാം തന്നെ ഒപ്പിയെടുത്തുകൊണ്ടിരിക്കുന്നു. ഇ മെയിൽ നോക്കാനും, സോഷ്യൽ മീഡിയായിൽ യഥേഷ്ടം സഞ്ചരിക്കാനും മാത്രമല്ല ഏതു വിവരവും അടങ്ങുന്ന ഇന്റർനെറ്റ് ലോകം ഒരു വിരൽ തുന്പിൽ എന്നതുമാറി ഒരു സ്പർശത്തിൽ ആയി മാറിയിരിക്കുന്നു. ബാങ്ക് ഇടപാടിന്റെ പൂർണ്ണ വിവരം മൊബൈലിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഇന്നലെകളിൽ നിന്നും ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് പോലും മൊബൈൽ ആപ്ലിക്കേഷനിലൂടെ പണം നിക്ഷേപിക്കാനും, അത് പിൻവലിക്കാനും സാധിക്കുന്നത് ഇന്ന് സാധ്യമായികൊണ്ടിരിക്കുന്നു. മൊബൈൽ വിപ്ലവത്തിലൂടെ ഓരോരുത്തർക്കും ആവശ്യമായ സേവനങ്ങളെല്ലാം സ്വന്തം മൊബൈലിൽ തരമാക്കുവാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നു. അങ്ങനെയാകുന്പോൾ വായു, പാർപ്പിടം, ഭക്ഷണം എന്നിവയോടുകൂടെ സ്മാർട്ട്ഫോണും ഒഴിച്ചുകൂടാനാവാത്തതായി മാറും. അങ്ങനെ മൊബൈൽ ഇല്ലാത്ത ജീവിതം ഒരു ജീവിതമെ അല്ലാതായി മാറികൊണ്ടിരിക്കുന്നു. മൊബൈൽ യുഗവിപ്ലവം മനുഷ്യന് നൽകികൊണ്ടിരിക്കുന്ന നേട്ടങ്ങളുടെ പട്ടിക അസംഖ്യമെങ്കിലും ചില കോട്ടങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ഇത്തരം ജീവിതശൈലി അവലംബിക്കുന്നതുമൂലം സാമൂഹിക ബന്ധങ്ങൾ അറ്റുപോകുമെന്നതാണ് അതിൽ പ്രധാനം. മൊബൈൽ ഗവേൺസിലൂടെ ബാങ്കിൽ പോകണ്ട ആവശ്യമില്ലാതാകുന്നു. എന്തിനും ഏതിനും സ്വന്തം മൊബൈൽ മാത്രം മതി എന്ന അവസ്ഥ സമൂഹവുമായുള്ള സകല ബന്ധവും ഇല്ലാതാക്കുന്നു. ഇപ്പോൾ പോലും കുട്ടികൾ മാത്രമല്ല പ്രായമായവരും യാത്രകളിൽ മാത്രമല്ല ഓരോ പരിപാടികളിൽ സംബന്ധിക്കുന്പോഴും മൊബൈലിന്റെ ലോകത്താണ്. സഞ്ചാരങ്ങൾ ആസ്വദിക്കാതെ സൈബർലോകത്ത് വിരാജിക്കുന്നത് മൂലം എത്രയോ അപകടങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നു. മൊബൈൽ ലോകത്തിൽ അകലങ്ങളിലെ സുഹൃത്തുക്കൾ ധാരാളമെങ്കിലും അടുത്ത സുഹൃത്തുക്കളുടെ എണ്ണം കൂട്ടുവാൻ കൈവിരലുകൾ പോലും വേണ്ടാത്ത അവസ്ഥയാണിന്ന്. ഇത് മനുഷ്യബന്ധത്തിന്റെ ഊഷ്മളതയും സ്നേഹബന്ധവും നഷ്ടപെട്ട് ആ സ്ഥാനത്ത് വൈബറും, വാട്ട്സ് ആപ്പും, ഇമോയും അങ്ങനെ എന്തെല്ലാം. ഇതുമൂലം പല ബന്ധങ്ങളും അറ്റുപോകുന്നു എന്ന് മാത്രമല്ല പല ബന്ധങ്ങളും കാത്തുസൂക്ഷിക്കാൻ ആരും ഒരുക്കവുമല്ല എന്ന അവസ്ഥ കൈവന്നിരിക്കുന്നു.
വ്യക്തികൾ തമ്മിലുള്ള ബന്ധത്തിലൂടെയാണല്ലോ വ്യക്തികൾക്ക് വളർച്ച ലഭിക്കുന്നത്. ബന്ധങ്ങൾ നഷ്ടപ്പെടുത്തുന്നത് വ്യക്തിത്വവികസനമാണ് ഇല്ലാതാക്കുന്നത്. മെഷീനുമായി സംവദിച്ച്, മെഷീനുമായി ഇടപെടുന്നതുമൂലം യാന്ത്രികമായ ജിവിതശൈലിയെ പലരും അവലംബിക്കുന്നു. അതുപോലെ മനുഷ്യരുമായി ബന്ധങ്ങൾ അറ്റുപോകുന്നത് നിരാശയുടെ ലോകത്തെ സൃഷ്ടിക്കും. അതുമൂലം ലോകം മുഴുവൻ നിരാശ പടരുവാൻ ഇടയാകും, അങ്ങനെ മാനസിക വളർച്ചയില്ലാത്ത ആളുകളുടെ കൂട്ടമായി ലോകം ആയിത്തീരുവാനും സാധ്യതയുണ്ട്. ഇത് മനുഷ്യന്റെ അടിസ്ഥാനഗുണവിശേഷമായ ബന്ധങ്ങളിൽ നിന്ന് അവരെ അകറ്റുന്നു എന്നത് മാത്രമല്ല അപകടകരമായ അവസ്ഥയിലേക്ക് നയിക്കും.
സ്വന്തമായ മൊബൈലിൽ എല്ലാം നിറയപ്പെടുന്നതോടുകൂടി ഒന്നിനും മറ്റാരെയും ആശ്രയിക്കേണ്ടതായി വരുന്നില്ല. എല്ലാം സ്വന്തം കൈപ്പിടിയിലൊതുക്കുന്പോൾ സ്വയം എല്ലാം സാധ്യമാണെന്ന ചിന്ത കടന്നുവരുന്നു. അത് സ്വാർത്ഥതയ്ക്ക് വഴിമാറും. മറ്റാരെയും ആശ്രയിക്കേണ്ടതില്ല എന്നത് സ്വയം ചുരുങ്ങുവാൻ ഇടയാകും. ഭൂതലത്തിൽ മനുഷ്യൻ ഉൾപ്പെടുന്ന സകല ജീവജാലങ്ങളും ഒരു ശൃഖലയിൽ നിലനിൽക്കുന്നു എന്ന ജൈവഘടനയെത്തന്നെ വിസ്മരിക്കാൻ സാധ്യമല്ല. ആശ്രയത്വം ഇല്ലാതാകുന്നത് വിധേയത്വത്തിൽ നിന്ന് അന്യമാകുന്നതും സ്വയത്തിന്റെ പുകഴ്ചയുടെ അവസ്ഥയുമായി പരിണമിക്കും. എല്ലാം കൈപ്പിടിയിലൊതുക്കുവാനുള്ള ശ്രമം ഒറ്റയാൾ പട്ടാളത്തെ ഈ ലോകത്തിൽ സൃഷ്ടിക്കും. മൊബൈൽ വിപ്ലവത്തിന്റെ സാധ്യതകളെയും, അവസരങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കുമെങ്കിൽ മാത്രമെ നവ ലോക അവസ്ഥയിൽ പിടിച്ചുനിൽക്കുവാൻ സാധിക്കൂകയുള്ളു. എന്നാൽ ഇതിനിടയിലും ബന്ധങ്ങൾ ശക്തമാക്കുകയും, പരസ്പര ആശ്രയത്വത്തിന്റെ ജീവിതശൈലിയെ അവലംബിച്ചും മുന്പോട്ട് പോകേണ്ടത് വളരെആവശ്യമത്രെ. വിളക്ക് കത്തിച്ചിട്ട് അതിന് തിരിഞ്ഞ് നിന്ന് സ്വയം അന്ധകാരത്തെ പുൽകുന്നത് നന്നല്ല എന്നതിനാൽ മൊബൈൽ ഗവേൺസിന്റെ നാട്ടിൽ സ്നേഹബന്ധങ്ങൾ ഊഷ്മളമാക്കിയും, ആശ്രയത്വത്തിന്റെ കൊടിപാറിച്ചും ജീവിതത്തെ ധന്യതയിലേക്ക് നയിക്കാം.