മനു­ഷ്യവി­ഷം


കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ശ്രീ അനൂപ് ജേക്കബ് ഈ അടുത്ത് ഒരു മീറ്റിംഗിൽ‍ പറഞ്ഞു, ‘കേരളത്തിന് ആവശ്യമായ പതിനഞ്ച് ശതമാനം പച്ചക്കറികൾ‍ മാത്രമേ കേരളത്തിൽ‍ ഉൽപ്പാദിപ്പിക്കുന്നുള്ളു എന്ന്’. ബാക്കി എൺപത്തിയഞ്ച് ശതമാനവും അന്യസംസ്ഥാനങ്ങളിൽ‍ നിന്ന് കൊണ്ടു വരുന്നു എന്നതാണ്. ഇത് അർ‍ത്ഥമാക്കുന്നത്. ഈ പ്രസ്താവന വളരെ പ്രസക്തമാക്കുന്നത്, കഴിഞ്ഞ ആഴ്ചയിലെ കേരളത്തിലെ വർ‍ത്തമാനപത്രങ്ങളിൽ‍ വന്ന പ്രധാന ചർ‍ച്ചാവിഷയമായ മറ്റു സംസ്ഥാനങ്ങളിൽ‍ നിന്ന് വരുന്ന പച്ചക്കറികളിലെ വിഷാംശത്തിന്റെ അളവ് വളരെ കൂടുതലാണ് എന്നതാണ്. ഇതെല്ലാം ഉത്ബോദിപ്പിക്കുന്നത് നമ്മുടെ വീട്ടുവളപ്പിൽ‍ തന്നെ ആവശ്യമായ പച്ചക്കറികൾ‍ ഉണ്ടാക്കണമെന്നാണ്. ചില രാസ്തവസ്തുക്കൾ‍ പ്രത്യേക അളവിൽ‍ ചേർ‍ത്താണ് വിഷം ഉണ്ടാക്കുന്നത്. അതേരാസവസ്തുക്കൾ‍ തന്നെ അളവ് മാറ്റുന്പോൾ‍ ഗുണമേന്മയുള്ളതും എല്ലാവർ‍ക്കും പ്രയോജനകരവുമായ വസ്തുക്കൾ‍ സൃഷ്ടിക്കപ്പെടുന്നു. വിഷത്തിന്റെ ഭയാനകത ഭയങ്കരം തന്നെ. അത് ജീവനെ നശിപ്പിക്കുക മാത്രമല്ല, ശാരിരികാരോഗ്യത്തെ ഇല്ലാതാക്കുകയും, രോഗത്തിലേക്ക് വഴുതിവീഴിക്കുകയും ചെയ്യുന്നു. അങ്ങനെ ചത്തതിനൊപ്പമേ ജീവിച്ചിരിപ്പൂ എന്ന അവസ്ഥ സംജാതമാകുകയും ചെയ്യുന്നു. എൻഡോസൾ‍ഫാൻ ഉപയോഗത്തിലൂടെ മനുഷ്യക്കോലങ്ങളായി ജീവിക്കുന്നവരെ കാണുന്പോൾ‍ വിഷാംശത്തിന്റെ ഭീകരത ദർ‍ശിക്കാൻ വേറെ എങ്ങും പോകേണ്ടതായ കാര്യമില്ല. 

ഇന്നത്തെ മനുഷ്യന്റെ പല പ്രവർ‍ത്തനങ്ങളും മനുഷ്യൻ വിഷമാണ് എന്നതിന് തെളിവുകളാണ്. മനുഷ്യൻ തന്നെ മറ്റുള്ളവരുടെ നാശത്തിനായി അക്ഷീണം പ്രയത്നിക്കുന്പോഴും, ജീവന്റെ വളർ‍ച്ചയ്ക്ക് കോട്ടം വരുത്തി വളർ‍ച്ചയ്ക്ക് തടസ്സമായി നിൽക്കുകയും ചെയ്യുന്പോൾ‍ മനുഷ്യൻ തന്നെ വിഷമായി പരിണമിക്കുന്നു. രാസവസ്തുക്കൾ‍ ഉപയോഗിച്ച് മാത്രമല്ല അവയെ സൃഷ്ടിക്കുന്ന മനുഷ്യൻ തന്നെ വിഷമായിത്തീരുന്നത് വളരെ പരിതാപകരമാണ്. അത് എക്കാലത്തെയും ശാപമാണ്. 

മനുഷ്യൻ വിഷമായി പരിണമിക്കുന്നത് പ്രധാനമായി മൂന്ന് വിധത്തിലാണ്. അതിൽ‍ ആദ്യത്തേത് വാക്കുകളിലൂടെയാണ്. ചില വാക്കുകൾ‍ ചിലരെ വളർ‍ത്തുന്നു. ചിലരെയാകട്ടെ തളർ‍ച്ചയിലേയ്ക്ക് നയിക്കുന്നു. അടുത്ത സമയത്ത് ക്യാൻസർ‍ ബാധിച്ച് കീമോതെറാപ്പി ചെയ്തുകൊണ്ടിരുന്ന ഒരു വ്യക്തിയെ കാണാൻ ചിലരോടൊപ്പം പോയി. ആ അവസരത്തിൽ‍ കൂടെ വന്ന ഒരാൾ‍ ക്യാൻസർ‍ ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. അത് ആ രോഗിയിൽ‍ വല്ലാത്ത അസ്വസ്ഥത സൃഷ്ടിക്കുന്നു
എന്ന് മനസ്സിലായി. അത് അവരെ തളർ‍ത്തുന്നതിന് ഇടയാക്കി. മറ്റുള്ളവർ‍ക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നതുമായ വാക്കുകൾ‍ക്ക് പകരം അവരുടെ ജീവിതത്തിൽ‍ നാശത്തിന്റെ വിത്തുകൾ‍ വിതയ്ക്കുന്ന തരത്തിലുള്ള വാക്കുകൾ‍ പലപ്പോഴും വിഷമയമാകയാൽ‍ അവയെ ഒഴിവാക്കേണ്ടത് വളരെ ആവശ്യമാണ്. ഇങ്ങനെ വാക്കുകളിലൂടെ നാം പലപ്പോഴും വിഷമായി പരിണമിക്കാറുണ്ട്. 

മറ്റൊന്ന് നമ്മുടെ പല പ്രവൃത്തികളും മറ്റുള്ളവർ‍ക്ക് ദോഷമായി ഭവിക്കാറുണ്ട്. കന്പ്യൂട്ടറിൽ‍ സൃഷ്ടിക്കപ്പെടുന്ന വൈറസുകൾ‍ മനുഷ്യൻ‍ സൃഷ്ടിക്കുന്നതാണ്. അവ ഉണ്ടാക്കുന്ന നാശങ്ങൾ‍ക്ക് പലപ്പോഴും നാം ഇരയായിട്ടുണ്ട്. നമ്മുടെ അശ്രദ്ധമൂലമോ, അലസത മൂലമോ, മാറ്റിവയ്ക്കൽ‍ മൂലമോ, നമ്മുടെ ഗൗരവമല്ലാത്ത പ്രവർ‍ത്തനങ്ങൾ‍ മൂലമോ മറ്റുള്ളവർ‍ക്ക് എത്രമാത്രം വിഷമായിത്തീർ‍ന്നിട്ടുണ്ട് എന്നത് ചിന്തിക്കുക. അതുപോലെ നാം നിവൃത്തിക്കേണ്ടതായ പല ഉത്തരവാദിത്വങ്ങളും നിറവേറ്റാതെ വരുന്നതും വിഷമായിത്തീർ‍ന്നിട്ടുണ്ട്. ഉദാഹരണമായി പല അപകടങ്ങളും നമ്മുടെ കൺമുന്നിൽ‍ നടന്നപ്പോൾ നാം കണ്ണടച്ച് പോയത് എത്രയോ ആളുകൾ‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാൻ ഇടായായിട്ടുണ്ട് എന്നത് ചിന്തിക്കുക. നമ്മുടെ പ്രവർ‍ത്തനങ്ങൾ‍ മറ്റുള്ളവർ‍ക്ക് ദോഷമായിട്ടാണോ അതോനന്മയായിട്ടാണോ എന്നത് വിലയിരുത്തി പ്രവർ‍ത്തനമേഖലകളെ നവീകരിക്കുക. 

മനനം ചെയ്ത് കാര്യങ്ങൾ‍ ഉത്തമമായും നന്മയുമായും ചിന്തിക്കേണ്ടതിന് പകരം വിഷമായിത്തീരുന്നത് നാം അനുഭവിക്കുന്ന മറ്റൊരു ദോഷമാണ്. മറ്റുള്ളവരെ ദ്വേഷിക്കുവാനുള്ള ചിന്തകൾ‍ മൂലം നമ്മുടെ തന്നെ വളർ‍ച്ച ഇല്ലാതാക്കുന്നു. നന്മകൾ‍ പുറപ്പെടുവിക്കേണ്ട നമ്മിൽ‍ പലരും ദുഷ്ടതയുടെ പര്യായങ്ങളായി അവശേഷിക്കുന്നു. തീവ്രവാദികൾ‍ മറ്റുള്ളവരുടെ ദോഷം ചിന്തിക്കുന്നത് എത്രയോ മുറിവുകളാണ് നിരപരാധികളായവരിൽ സൃഷ്ടിക്കപ്പെടുന്നത്. അവരുടെ ദോഷ ചിന്തകൾ‍ എത്രയോ ആളുകൾ‍ക്കാണ് ദോഷത്തിന്റെ ഫലം പുറപ്പെടുവിക്കുന്നത്. അതുമൂലം ഇന്നിന്റെ എല്ലാ സാധ്യതകളെയും, സന്തോഷങ്ങളെയും ഇല്ലായ്മ ചെയ്ത് ജീവിതം വിഷമയമാക്കിത്തീർ‍ക്കുന്നു. 

ചിന്തിച്ച് പ്രവർ‍ത്തിക്കാനും, നന്മയുടെ കേദാരമായിത്തീർ‍ന്ന് പ്രവർ‍ത്തിക്കാൻ തക്കവിധം കഴിവുകൾ‍ ലഭിച്ചിരിക്കുന്ന മനുഷ്യരായ നാം സ്വയം വിഷമായിത്തീരുന്നത് നാശത്തിന്റെ വിത്തുകൾ‍ സമൂഹത്തിൽ‍ നിപദിപ്പിക്കുന്നതിൽ‍ നിന്ന്, വിഷം സ്വയം ഊറ്റുന്നവരായി മാറുക. നന്മയുടെയും, പ്രചോദനത്തിന്റെയുമായ വിത്തുകൾ‍ സമൂഹത്തിന് ബാക്കിവയ്ക്കുന്നവരായിത്തീരാൻ ശ്രമിക്കാം. നാം ആകുന്ന മനുഷ്യർ‍ വിഷാംശമായിത്തീരാതെ മറ്റുള്ളവർ‍ക്ക് വളമായിത്തീരാൻ ശ്രമിക്കാം. 

You might also like

Most Viewed