ശ്രദ്ധിക്കേണ്ട ബാല്യം
യാത്രാമദ്ധ്യേ ഒരു റെയിൽവേേസ്റ്റഷനിൽ ട്രെയിൻ കുറച്ചു സമയം നിർത്തിയിട്ടപ്പോൾ, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ ഒരു ഷെഡിൽ നിന്ന് നഗ്നനായ ഒരു കുട്ടി ഇറങ്ങിവന്നത് ദൃഷ്ടിപദത്തിൽ പതിച്ചു. അവൻ അലക്ഷ്യമായി പ്ലാറ്റ്ഫോമിൽ അലഞ്ഞു തിരിയുന്നു. അവനെ ശ്രദ്ധിക്കാനോ,അവന്റെ പുറകെ നടക്കാനോ ആരെയും കണ്ടില്ല. അതേ േസ്റ്റഷനിൽ നിന്ന് കയറി എന്റെ സമീപത്ത് വന്ന് ഇരുന്ന മറ്റൊരു കുട്ടി. അവൻ പത്താം ക്ലാസ്സിൽ പഠിക്കുകയാണെങ്കിലും ഐ.ഐ.ടി എൻട്രൻസിന്റെ കോച്ചിംഗിന് അവധി ദിവസമായ അന്ന് രാവിലെ തന്നെ ട്രെയിനിൽ യാത്ര ചെയ്യുകയാണ്. അപ്പോൾ എന്റെ മിഴികൾ അപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന കുട്ടിയിലേക്ക് എത്തി. മാതാപിതാക്കളോടൊപ്പം ഏതോ ദീർഘയാത്രയിലാണവൻ.
മാതാപിതാക്കൾ അവരുടെ ലോകത്താണ്. അവനാകട്ടെ സ്മാർട്ട് ഫോണിൽ നിന്ന് ദൃഷ്ടി ഉയർത്തുന്നതേയില്ല. ശേഷമുണ്ടായിരുന്ന ഒരു മണിക്കൂർ യാത്രയിൽ അവനെ മാത്രം ശ്രദ്ധിച്ചുവെങ്കിലും തന്റെ ദൃഷ്ടി അതിൽ നിന്നും മാറ്റിയില്ല എന്നത് എന്നിൽ വിസ്മയം സൃഷ്ടിച്ചു. ഫോണിന്റെ ടച്ച്പാഡിൽ കൈകൾ അനായാസേന ചലിപ്പിച്ച് അവൻ യാത്ര തുടർന്നു.
ദൈവം കനിഞ്ഞ് നൽകിയതും, ഒരിക്കലും തിരികെ ലഭിക്കാത്തതുമായ ബാല്യം. മറ്റുള്ളവരാൽ സ്നേഹിക്കപ്പെട്ടും, പരിപാലിക്കപ്പെട്ടും, കളിച്ചും, രസിച്ചും നടക്കേണ്ട മനുഷ്യായുസ്സിന്റെ പ്രധാനപെട്ട സമയം. ആദ്യാക്ഷരങ്ങൾ കുറിക്കുന്നതു മുതൽ അറിവിന്റെ വെള്ളി വെളിച്ചം വീശി ബഹുമാനത്തിന്റെയും, ആദരവിന്റെയും അടിസ്ഥാന മൂല്യങ്ങൾ ഉറപ്പിക്കുന്ന സമയം. വളരെ എളുപ്പം ഉടഞ്ഞു പോകാവുന്ന ഗ്ലാസ്സ് കൈകാര്യം ചെയ്യുന്നതിന് ‘ഹാൻഡിൽ വിത്ത് കെയർ’ എന്ന മുന്നറിയിപ്പ് വളരെ പ്രാബല്യത്തിലാക്കേണ്ടുന്ന ജീവിതത്തിന്റെ സുപ്രധാന ഭാഗം.
റെയിൽവേേസ്റ്റഷനിൽ കണ്ട കുട്ടിയുടെ മാതാപിതാക്കൾക്ക് ആഹാരത്തിനുവേണ്ടി നിത്യം അദ്ധ്വാനിക്കുന്നതിന്നിടയിൽ അവനെ ശ്രദ്ധിക്കാൻ സാധിക്കുന്നില്ലായെങ്കിലും, പല മാതാപിതാക്കളും ബാങ്ക് ബാലൻസും, ആസ്തികളും വർദ്ധിപ്പിക്കുന്നതിന്റെ ആധിക്യം മൂലം കുട്ടികളെ ശ്രദ്ധിക്കാൻ സമയം ലഭിക്കാതെ വരുന്നു. ധനം ആർജ്ജിക്കുവാനുള്ള വ്യഗ്രത ജീവിതത്തിന്റെ സർവ്വവുമാകുന്പോൾ കുട്ടികൾക്ക് ആവശ്യമായ സ്നേഹവും പരിചരണവും അന്യം നിൽക്കും. ദിനാറുകളും, ദിർഹങ്ങളും, റിയാലുകളും മാത്രം നൽകി സ്നേഹത്തിന്റെസ്ഥാനം അവ കൈക്കലാക്കുന്നു. ബാല്യം സ്നേഹത്തിലും പരിചരണത്തിലുമാണ് കരുപിടിപ്പിക്കേണ്ടത് എന്ന തത്വം മറന്നുപോകുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരുന്നു. ലഭിക്കേണ്ട സ്നേഹത്തിന്റെ അഭാവം ബാല്യത്തിന്റെ നിഷ്കളങ്കതയും, മനോഹാരിതയും അകറ്റി ചെറുപ്രായത്തിലെ സ്കൂൾ
ബാഗുകൾ പിടിക്കേണ്ട കൈകളിൽ വിലങ്ങണിയിക്കേണ്ട ഗതിഗേടിനും ഇടയാകുന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
മാതാപിതാക്കൾ തങ്ങളുടെ സ്റ്റാറ്റസിനുവേണ്ടി അമിത പ്രതീക്ഷകൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് സാധാരണമാണ്. കുട്ടികളുടെ അഭിരുചികൾക്ക് യാതൊരു പ്രാധാന്യവും നൽകാതെ തുന്പിയെ കൊണ്ട് വലിയ കല്ല് എടുപ്പിക്കുകയാണിവിടെ. കുട്ടികളുടെ ജന്മം പഠനത്തിനുവേണ്ടി മാത്രം എന്നത് അവധി ദിവസങ്ങളും പ്രവൃത്തിദിവസങ്ങളും എന്നതും വ്യത്യാസമില്ലാതെ ട്യൂഷനും, എൻട്രൻസ് കോച്ചിംഗിനുമായി മാറ്റിവയ്ക്കപ്പെടുന്നു. ഇങ്ങനെ അഹോരാത്രംപണിയെടുക്കുവാൻ കുട്ടികൾ നിർബന്ധിതരാകുന്പോൾ തങ്ങളുടെ ബാല്യത്തെ അവർ പഴിക്കുന്നു. വിശ്രമ ദിനങ്ങൾ ഇല്ലതാകുന്പോൾ വിനോദങ്ങൾ എന്നൊന്ന് കുട്ടികൾക്ക് നഷ്ടപ്പെടുന്നു. അതിലൂടെയുള്ള ആനന്ദം അനുഭവിക്കുവാൻ സാധിക്കാതെ വരുന്ന ബാല്യങ്ങൾ മാനസികമായി വരളുന്നു. അവർ അപകർഷതാബോധത്തിനും, നിരാശക്കും അടിമകളായി ബാല്യം മാത്രമല്ല ജീവിതം തന്നെ കരിഞ്ഞുപോകുന്നതിന് ഇടയാകുന്നു. ഒന്നാമൻ ആകുവാനുള്ള പ്രേരണ മാതാപിതാക്കൾ എപ്പോളും നൽകുവാൻ ശ്രമിക്കുന്പോൾ രണ്ടാമനാകുന്നത് മൂലം ആത്മഹത്യയല്ലാതെ പലർക്കും രക്ഷയില്ലാതെ വരുന്നത് ഭയാനകമാണ്.
സാങ്കേതികവിദ്യയുടെ വളർച്ചമൂലം കാഴ്ചപ്പാടുകൾ സ്വന്തമാകുന്നില്ലായെങ്കിലും ‘സ്മാർട്ട്ഫോൺ’ സ്വന്തമാക്കുന്നത് കുട്ടികൾക്കും ഒരു വ്യഗ്രതയാണ്. ഇത് ഇല്ലാത്ത ജീവിതത്തെപ്പറ്റി ചിന്തിക്കാൻ പോലും ഇന്ന് സാധ്യമല്ല. ഫോൺ നന്പറുകൾ തുടങ്ങി, പ്രോഗ്രാം എഴുതുന്ന ഡയറിയും, അത്യാവശ്യം കുറിക്കേണ്ട നോട്ട് ബുക്കും,പ്രധാനപെട്ട ഫയലുകൾ സൂക്ഷിക്കുന്ന ഇടവും, എഴുത്തുപെട്ടിയും, പരസ്പരം കണ്ടിട്ടില്ലായെങ്കിലും ബന്ധപ്പെടുന്ന സോഷ്യൽ മീഡിയായും എല്ലാം ഒരു വിരൽ സ്പർശത്തിൽ ഒതുങ്ങുന്നു. സ്മാർട്ട് ഫോണിന്റെ വിസ്തൃതമായ ലോകത്ത് എത്തുന്ന ബാല്യങ്ങളെ അതിന് അടിമകളാക്കുന്നു. അതുമൂലം പല കുട്ടികളും എല്ലാബന്ധങ്ങളും അറുത്ത് മാറ്റി അന്തർമുഖരാക്കുന്നു. സമീപത്തുള്ളവരുമായി യാതൊരു ബന്ധവുമില്ലായെങ്കിലും അകലങ്ങളിലെ ബന്ധങ്ങൾ ശക്തമാകുന്നു. അതിന്റെ ചതിക്കുഴികളിൽ വീഴുന്ന ബാല്യങ്ങൾക്ക് നഷ്ടങ്ങളുടെ കണക്കുകൾ ഏറെയാണ്.അതുമാത്രമല്ല യഥാർത്ഥ സൗഹൃദങ്ങളുടെ അഭാവം മാനസികവളർച്ചയെ തന്നെ ഇല്ലാതാക്കുന്നു. കളികളും വിനോദങ്ങളും എല്ലാം യന്ത്രവുമായിട്ടായി മനുഷ്യനോടുള്ള സഹവാസവും ബന്ധവും ഇല്ലാതാകുന്പോൾ മനുഷ്യസ്വഭാവം മാറി സർവ്വവും യാന്ത്രികമാകുന്നു. അത് ഈ നൂറ്റാണ്ടിന്റെ ഭീകരതയാകയാൽ അതിനെ സൂക്ഷിക്കുക.ബാല്യത്തിന്റെ ബലമെന്നത് സ്നേഹബന്ധങ്ങളുടെ ഊഷ്മളതയിൽ അടിസ്ഥാനമാകയാൽ,സ്വന്തം കഴിവിനും അഭിരുചിക്കും അനുസരണമായി
ജീവിതത്തെ കരുപ്പിടിപ്പിക്കാൻ അവരെ പ്രാപ്തരാക്കുക. വസിക്കുന്ന ഭൂമിയുമായും, സമീപത്തുള്ളവരുമായുള്ള ബന്ധവും, കൂട്ടായ്മയും വഴി ഉത്തമ സൗഹൃദവുമുള്ളവരുമാകട്ടെ നമ്മുടെ കുട്ടികൾ. ഒരു ശിശുദിനം കൂടി പിന്നിടുന്പോൾ ഉറച്ചബലത്തിൽ അടിസ്ഥാനമായി ബാല്യം തഴച്ചു വളരട്ടെ. ബാല്യം ബലവത്താകുന്നതിലൂടെ ഉറച്ച പൗരന്മാരെ വാർത്തെടുക്കുവാനും ഇടയാകട്ടെ.