വിശുദ്ധിയുടെ ധന്യത
‘കൊൽക്കൊത്തായിലെ തെരേസാ’യെ കത്തോലിക്കാ സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയപ്പോൾ, 1992−1996 കാലഘട്ടത്തിൽ കൊൽക്കൊത്തായിലെ സെറാന്പൂർ കോളേജിൽ ദൈവശാസ്ത്രപഠനത്തിടെ മിഷനറിസ് ഓഫ് ചാരിറ്റിയിൽ മൂന്നാഴ്ച സന്നദ്ധസേവനത്തിൽ മുഴുകിയതിന്റെ സ്മരണയാണ് എന്നിൽ ഉണ്ടായത്. കൊൽക്കൊത്തായിലെ വാസത്തിനിടയിൽ, വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും മധുരിക്കുന്ന ഓർമ്മകളിൽ പ്രധാനപ്പെട്ടത് അതുതന്നെയാണ്. മാസിഡോണിയയിൽ ജനിച്ച ആഗ്നസ്, മദർ തെരേസായായി സമൂഹത്തിന് ലഭിക്കുന്ന കരുണയുടെയും, സേവനത്തിന്റെയും ഒരു നേർക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുവാൻ അത് ഇടയായി.
അശരണർക്കും, അനാഥർക്കും ‘സാന്ത്വനത്തിന്റെ ശുശ്രൂഷ’ നിറവേറ്റിയത് മദറിനെ ശ്രേഷ്ഠതയിലേക്ക് നയിച്ചു. മൂന്നാഴ്ച അവിടെ ചെലവഴിച്ചപ്പോൾ അന്തേവാസികളായി കണ്ട പലരും പിറ്റേദിവസം ചെല്ലുന്പോൾ ഓർമ്മയായി അവശേഷിച്ചിരുന്നു. അവരിൽ പലർക്കും തങ്ങളുടെ ഈ ലോകത്തിലെ യാത്ര അവസാനിക്കാറായി എന്ന പൂർണ്ണബോധ്യം ഉണ്ടായിരുന്നുവെങ്കിലും അവിടുത്തെ സാന്ത്വനം മനുഷ്യനായി മരിക്കാൻ പലരെയും അനുവദിച്ചു എന്നത് യാഥാർത്ഥ്യമാണ്. തെരുവിൽ കിടന്ന് മൃഗങ്ങളെക്കാളും അധികം മൃഗപ്രായമായ അവസ്ഥയിൽ നിന്ന് മനുഷ്യത്വത്തിന്റെ മുഖം ഇനിയും അന്യം നിന്നിട്ടില്ല എന്നത് തെളിയിക്കുന്ന തരത്തിലാണ് അവിടുത്തെ പ്രവർത്തനമെന്നത് ഇന്നും സ്മരണയിൽ അവശേഷിക്കുന്നു.
സ്നേഹരാഹിത്യത്തിന്റെ ഇന്ന് അതിന്റെ പ്രതി സംസ്കാരമായി ‘സ്നേഹത്തിന്റെ നിറകുടമായി’ പ്രശോഭിക്കുന്നു എന്നതാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ മറ്റൊരു പ്രത്യേകത. മനുഷ്യനുള്ള സ്നേഹം സ്വാർത്ഥ ലാഭങ്ങൾക്കായി മാത്രം അവശേഷിക്കുന്പോൾ യാതൊരു ലാഭേച്ഛയും പ്രതീക്ഷിക്കാതെ സമൂഹത്തിൽ സേവനത്തിന്റെ മാലാഖകളായി പാറിനടക്കുന്നത് ശ്രേഷ്ഠതയാണ്. ഈ മനോഭാവമാണ് മദറിനെ കൊണ്ട് ‘കൊൽക്കൊത്തായുടെ തെരുവീഥികളിൽ കാണുന്ന ഓരോ മനുഷ്യരിലും ദൈവത്തിന്റെ മുഖത്തെ ദർശിക്കുന്നു’ എന്ന് പറയാൻ ഇടയാക്കിയതും സേവനത്തിന്റെ വാതിൽ മുഴുവനായി തുറന്നു കിടക്കുന്നത് മാതൃകയാക്കേണ്ടതാണ്.
തിന്മയുടെ അതിപ്രസരം ഗ്രസിച്ചിരിക്കുന്ന സമൂഹത്തിൽ ‘നന്മയുടെ വെളിച്ചം’ പകരുന്നത് മിഷനറിസ് ഓഫ് ചാരിറ്റിയുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. നന്മ എന്ന വാക്കുപോലും സമൂഹത്തിൽ അന്യമായികൊണ്ടിരിക്കുന്നതിൽ നിന്നും ഇന്നും നന്മയുടെ തിരി കെടാതെ സൂക്ഷിക്കുന്നത് മഹനീയമാണ്. ചെറിയ ചെറിയ നന്മകൾ നിവൃത്തിക്കുന്നതിലൂടെ നന്മയുടെ വലിയ അരുവിയായിത്തീരാൻ മദറിന്റെ സ്മരണ നമ്മെ വെല്ലുവിളിക്കുന്നു.
സമൂഹത്തിൽ സാന്ത്വനത്തിന്റെ ശുശ്രൂഷ നിവർത്തിച്ച്, സ്നേഹത്തിന്റെ പര്യായമായിത്തീർന്ന്, നന്മയുടെ വറ്റാത്ത ഉറവയായി പരിണമിച്ച് സമൂഹത്തിൽ വ്യത്യസ്തയുടെ പാത വെട്ടിതുറന്ന് ഇന്നും മനുഷ്യ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന കരുണയുടെ പര്യായമായ മദർ തെരേസായ്ക്ക് വിശുദ്ധപദവി സ്വന്തം പ്രവൃത്തിയിൽ കൂടി സാധ്യമായെങ്കിൽ ആ നിമിഷത്തിൽ ആനന്ദത്തിന്റെ ഇരന്പൽ നടത്തുന്പോൾ നമുക്കും നമ്മുടെ ലോകത്ത് സ്നേഹത്തിന്റെ വറ്റാത്ത നീരുറ
വയായിത്തീരാം. അങ്ങനെ വിശുദ്ധരുടെഎണ്ണം വർദ്ധിക്കാനുള്ള ശ്രമം നമുക്ക് തുടരാം.