നന്മയുടെ വെളിച്ചം
തെരുവുനായ്ക്കൾ വളരെ ശല്യമാകയാൽ അവയുടെ എണ്ണം കുറയ്ക്കണമോ അതോ അവയെ ഉന്മൂലനാശം ചെയ്യണമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. എന്റെ വീട്ടിൽ വളർത്തികൊണ്ടിരിക്കുന്ന ഡാഷ് ഇനത്തിൽ പെട്ട നായ് ഈ അടുത്ത് ജലം സ്റ്റോർ ചെയ്യാനായി ഉദ്ദേശിച്ച് പണികഴിപ്പിച്ച ടാങ്കിലേക്ക് അറിയാതെ വീണൂ. ഞങ്ങൾ ആരും ഇല്ലായിരുന്ന സന്ദർഭത്തിൽ ഇതിന്റെ ശബ്ദം കേട്ട് വഴിയെ പോയ ഒരു വ്യക്തി അതിന് രക്ഷകനായി. അദ്ദേഹം അതിനെ ടാങ്കിൽ നിന്നും എടുത്തു. ഞങ്ങൾ വന്നപ്പോൾ ആണ് വിവരം അറിഞ്ഞത്. എന്നാൽ ഇതിന് മുതിർന്ന മനുഷ്ൻ ഞങ്ങളുടെ വഴിയിലൂടെ പലപ്പോഴും പോകുന്നത് കണ്ടിട്ടുണ്ട് എങ്കിലും വലിയ ബന്ധം ഒന്നും ഇല്ലായിരുന്നു. പക്ഷേ അദ്ദേഹം നന്മയുടെ ഉറവിടമായി പ്രവർത്തിച്ചു.
നാം കണ്ടുമുട്ടുന്നവരും, പരിചയപ്പെടുന്നവരും, അല്ലാത്തവരുമായ എല്ലാവരും നന്മയുടെ നിറകുടങ്ങളാണ് എന്നത് എല്ലാവരും തിരിച്ചറിയേണ്ട ഒരു വലിയ യാഥാർത്ഥ്യമാണ്. അത് നാം എല്ലാവരും ആർജ്ജിച്ചെടുക്കേണ്ട ഒരു ഗുണവിശേഷമാണ്. സകലത്തിലും സകലരിലും നന്മ ദർശിക്കുക. അതായിരിക്കണം നമ്മുടെ എറ്റവും വലിയ പ്രത്യേകത. സംഭവിക്കുന്ന സകലത്തിലും എന്നുവേണ്ട സകലത്തിലും നന്മയുടെ കണികകൾ അന്വേഷിക്കുന്നത് നമ്മുടെ സ്വഭവമായി രൂപപ്പെടുത്തുക.
ആ ഉദ്യമത്തിൽ ആദ്യമായി വേണ്ടത് എല്ലാത്തിലും പോസിറ്റിവ് ആയി കാണുക എന്നതാണ്. എല്ലാത്തിലും നെഗറ്റിവിന്റെ ഇടയിലും പോസിറ്റിവിന്റെ അംശങ്ങൾ ചികഞ്ഞെടുക്കുന്നവരാകുക. റോസാപൂക്കൾ കാണാൻ പോയ ചിലർ അതിലെ മുള്ളു കണ്ട് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞതുപോലെ എന്നാൽ മറ്റു ചിലരാകട്ടെ മുള്ളിന്റെ ഇടയിലും പൂക്കളുടെ മനോഹാരിത അനുഭവിക്കാൻ ശ്രമിച്ചത് നമ്മുക്ക് മാതൃകയാകേണ്ടതുണ്ട്. ഒരുവനിലെ നന്മ ദർശിക്കണമെങ്കിൽ മുൻവിധികളോടെ ആരെയും കാണാൻ ഇടയാകരുത് എന്നത് ജീവിതത്തിന്റെ ആപ്തവാക്യമായിരിക്കണം. അവർ ആയിരിക്കുന്ന അവസ്ഥയിൽ അവരുമായി ഇടപെടാനുള്ള മനോഭാവം വളർത്തിയെടുക്കണം. അതുപോലെ ആരെയും ഉൾകൊള്ളാനുള്ള വിശാലമായ മനോഭാവം ജീവിതത്തെ ധന്യമാക്കണം.
മറ്റുള്ളവരിലെ കുറ്റങ്ങളെ പർവ്വതികരിക്കാനുള്ള ശ്രമമല്ല നടത്തേണ്ടത്, വ്യക്തിക്ക് പ്രാധാന്യം കൊടുത്ത് ഏതു സാഹചര്യത്തി അവർ അത് പ്രവർത്തിച്ചു എന്നത് മനസ്സിലാക്കി അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് കരണീയമായിട്ടുള്ളത്. മറ്റുള്ളവരിലെ നന്മ കണ്ടെത്താനുള്ള ഉദ്യമത്തിൽ സ്നേഹത്തിന്റെ മൃദുസ്പർശനത്തിന് വളരെ പ്രാധാന്യമുണ്ട്.
മറ്റുള്ളവരിലെ നന്മ തിരിച്ചറിയാൻ തക്കവിധം മറ്റുള്ളവർ ആയിരിക്കുന്ന അവസ്ഥയിൽ അവരെ അംഗീകരിക്കേണ്ടത് വളരെ ആവശ്യമാണ്. അതുപോലെ നന്മ തിരിച്ചറിയുക മാത്രമല്ല നാം ചെയ്യേണ്ടത് ആ നന്മയുടെ കണികകളെ ഊതി അതിനെ വർദ്ധിപ്പിക്കാനുള്ള ഉത്തരവാദിത്വവും നമ്മുക്കുണ്ട്. നന്മയെ തിരിച്ചറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കുന്നത് മനുഷ്യനായി ജനിച്ച ഏതൊരാളിന്റെയും ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കുക.
നാം എല്ലാവരും നന്മ പ്രവർത്തിക്കുന്നതിൽ ഉത്സുകത കാണിക്കുവാൻ വെന്പൽ കൊള്ളുന്നവരാണ്. അതുപോലെ പ്രധാനപ്പെട്ടതാണ് മറ്റുള്ളവരിലെ നന്മയെ തിരിച്ചറിഞ്ഞ് അവയെ പ്രോത്സാഹിപ്പിക്കുക എന്നത്. ഓരോരുത്തരും നന്മയുടെ തുരുത്തുകളാകയാൽ അവയെ തിരിച്ചറിയുകയും, ഉത്തേജനം നൽകുകയും ചെയ്യുന്നതിലൂടെ നന്മ നിറഞ്ഞ ഒരു ലോകത്തിനു വേണ്ടിയുള്ള കെട്ടുപണി നമ്മുക്ക് ആരംഭിക്കാം. നന്മയുടെ ഉപാസകരായി നന്മയുടെനിലാവെളിച്ചമായ്യിത്തീരുന്ന വ്യക്തികളായി പരിണമിക്കാം. ആ ഉൾവിളി ഏറ്റെടുത്ത് ജീവിതത്തിൽ മുന്നേറാം.