ജീവിത വിജയത്തിലേയ്ക്ക്


കഴുകന്റെ പ്രത്യേകത  ജീവിതവിജയത്തിന്‌ പ്രചോദനമാണ്‌. അത് എപ്പോഴും ഉയർ‍ന്ന് പറക്കുന്ന ഒരു പക്ഷിയാണ്‌. മനുഷ്യജീവിതത്തിന്റെ ഉയർ‍ച്ചയ്ക്ക്  അത്യന്ത്യാപേക്ഷിതമായി വേണ്ടത് ഉയർ‍ന്ന ചിന്തകളാണ്‌. ഉയർ‍ന്ന ചിന്ത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെറും വ്യാമോഹങ്ങളോ, വ്യർ‍ത്ഥവിചാരങ്ങളോ, ഒരിക്കലും പൂവണിയാൻ‍ സാദ്ധ്യമല്ലാത്ത  സ്വപ്നങ്ങൾ‍ അല്ല പിന്നെയോ, ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഉയരത്തിൽ‍ നിന്ന് ഉയരത്തിലേയ്ക്ക് നയിക്കുന്ന ചിന്തകളാണ്‌. അവ ജീവിതത്തിലെ നാളയെക്കുറിച്ചുള്ള മഹത്തായ പ്രതീക്ഷകളാണ്‌. ആ പ്രത്യാശകളാണ്‌ ഓരോരുത്തരുടെയും നാളെയെന്ന കാണാ നിധിയെ ശോഭനമാക്കുന്നത്. അവ വ്യക്തിയുടെ ആത്മാർ‍ത്ഥ പ്രവർ‍ത്തങ്ങളുടെ ഫലമായി വിദൂരമല്ലാത്ത ഭാവിയിൽ‍ പൂവണിയാവുന്ന മോഹങ്ങളാണ്‌. ഇത് ഉദ്ദേശിക്കുന്നത് എപ്പോഴും കിനാവുകളിൽ‍ ജീവിച്ച് മഹത്തായ ഇന്നിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നതുമല്ല, പിന്നെയോ നാളെയുടെ ശോഭനതയെ പ്രതിയുള്ള ഇന്നിന്റെ ക്രിയാത്മകമായ ചിന്തകളുടെ ബാക്കിപത്രമാണ്‌. 

ഇത് ഓരോരുത്തർ‍ക്കുമുള്ള കഴിവുകളെ അപഗ്രഥിച്ച് അവരിൽ‍ കൂടെ യാഥാർ‍ത്ഥ്യമാക്കപ്പെടാവുന്നവ മാത്രമായിരിക്കണം. അല്ലാതെ എന്നും കിനാവുകളായി മാത്രം അവശേഷിക്കുന്നവ ആയിരിക്കരുത്. അതുപോലെ മറ്റുള്ളവരെ തോൽപ്പിക്കാനോ, അവരുടെ മുന്പിൽ‍ ആളാകാനോ ഉള്ള പ്രവർ‍ത്തനത്തിന്റെ അനന്തരമായിരിക്കരുത്. എന്റെ ഈ ലോകത്തിലെ നിലനിൽപ്കൊണ്ട് ഞാൻ ഈ ലോകത്തിന്‌ നൽ‍കുന്ന സംഭാവനകളുടെ തുകയായിരിക്കണം ഇതിന്റെ ആത്യന്തിക ലക്ഷ്യമായിരിക്കേണ്ടത്.

ഉയർ‍ന്ന ചിന്ത വെച്ച് പുലർ‍ത്തി ജീവിതത്തിന്റെ ധന്യതയിൽ‍ എത്തിയ പലരിൽ‍ ഒരു ശ്രേഷഠ വ്യക്തിയാണ്‌ ഭാരതത്തിന്റെ മുൻ‍ രാഷ്ട്രപതി ഡോ. അബ്ദുൾ‍ കലാം. ഉയർ‍ന്ന ചിന്തകൾ‍ അദ്ദേഹത്തെ രൂപാന്തരത്തിലേയ്ക്ക് ഇടയാക്കി. ആ ചിന്തകൾ‍ രൂപപ്പെടുത്തിയ ആത്മാർ‍ത്ഥതയുടെയും, കഠിനാദ്ധ്വാനത്തിന്റെയും അനന്തരമായി അസൂയാവഹമായ ജീവിതത്തിലേയ്ക്ക് അദ്ദേഹം ഉയർ‍ന്നു. ഇന്നത്തെ പല പ്രതിഭാസങ്ങൾക്കും ഹേതുവായിരിക്കുന്നത് പല കാലത്ത് ജീവിച്ചിരുന്ന പലരിലും ഉണ്ടായ ഉയർ‍ന്ന ചിന്തകളും അതിനനുസരിച്ചുള്ള ജീവിതക്രമീകരണവുമാണ്‌. ഇന്നത്തെ തലമുറകൾ‍ക്ക് വിജയത്തിലേയ്ക്കുള്ള പാതയിൽ‍ വളരെ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ടത് ഇതാണ്‌. 

ഇന്നലത്തെക്കാൾ‍ കൂടുതൽ‍ ഉയരത്തിൽ‍ ഇന്ന് ചിന്തിക്കുന്നവരാകുക എന്നത് സാധ്യമാക്കാനായി അവരവരുടെ ശരിയെയും, സാധ്യതയെയും മനസ്സിലാക്കി അതിന്റെ പൂർണ്ണതയിൽ‍ എത്താനുള്ള ശ്രമം നടത്തുക എന്നതാണ്‌ പ്രഥമമായി ഉള്ളത്. അത് ആർ‍ജ്ജിച്ചെടുക്കാനായി വായനാസ്വഭാവമുള്ളവരാകുക. അതുപോലെ ജീവിതത്തെക്കുറിച്ച് ഉന്നതമായ സ്വപ്നങ്ങൾ‍ കാണൂന്നവരാകണം. ജീവിതത്തിന്റെ ഏത് അവസ്ഥയിലും നിഷ്ക്രിയരാകാതെയും, നിരാശരാകാതെയും ക്രിയാത്മകത ഉള്ളവരാകുക. അതുപോലെ സ്വപനം കാണുന്നത് യാഥാർ‍ത്ഥ്യമാകുന്നത് ഭാവനയിൽ‍ കാണുക. അതിൽ‍ അഭിമാനിക്കുക. ആ ഉയരത്തിൽ‍ ഞാൻ ഇന്ന് ഏതു ജീവിതസാഹചര്യത്തിലായാലും അതിൽ‍ എത്തിച്ചേരുമെന്ന ദൃഡപ്രതിജ്ഞ എടുക്കുക അതിനു വേണ്ടി പദ്ധതികൾ‍ തയ്യാറാക്കുക. ആ പദ്ധതികളുടെ പൂർ‍ത്തീകരണത്തിനായി ആത്മാർ‍ത്ഥതയോടെ പ്രവർ‍ത്തിക്കുക. എന്റെ ജീവിതം ഒരിക്കലും പരാജയത്തിന്‌ അടിമയാകാൻ സമ്മതിക്കുകയില്ല പിന്നെയോ വിജയത്തിൽ‍ മാത്രമെ എത്തുകയുള്ളു എന്ന തീരുമാനത്തിനു വേണ്ടി നിലനിൽ‌ക്കുക. എപ്പോഴും ക്രിയാത്മകത ഉള്ളവരുടെ സഖിത്വം സ്ഥാപിക്കുക. കൃത്യനിഷ്ടയോടെ പ്രവർ‍ത്തിക്കാനുള്ള സന്നദ്ധതയും മുഖ്യഘടകമാണ്‌.

ഈ ലോകത്തിൽ‍ നാം നിലനിൽ‌ക്കുന്നതും, ഇത്രത്തോളം താലന്തുകൾ‍ നൽ‍കപ്പെട്ടിരിക്കുന്നതും കഴുകനെപ്പോലെ അനന്തവിഹായസ്സിൽ‍ പറക്കാനായികൊണ്ട് ഉയർ‍ന്ന ചിന്താഗതി ഓരോ ദിവസത്തെയും ധന്യമാക്കണം. അതിനുവേണ്ടിയുള്ള കഠിനപരിശ്രമമായിരിക്കണം നമ്മുടെ ജീവിതത്തെ അർ‍ത്ഥവത്താക്കുന്നത്.

You might also like

Most Viewed