ഫാസിസം യുദ്ധമാണ്...


ഫെബ്രുവരി 27 1933. റിഷ് സ്റ്റാഗിനു തീ പിടിക്കുന്നു. ഡച്ച് വംശജനായ കൽപ്പണിക്കാരനെ കൊലപ്പെടുത്തുന്നു. ഹിറ്റ്ലർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് കമ്യൂണിസ്റ്റു വേട്ട ആരംഭിക്കുന്നു. 30 ലക്ഷം ജൂതന്മാർ കൊല്ലപ്പെടുകയും 3 കോടി ജീവിതങ്ങളെ തുലച്ച ലോകയുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾക്കുള്ള ആരംഭം കുറിക്കലുമായി അതുമാറി. വർഷങ്ങൾക്കു ശേഷം ജർമ്മൻ പാർലമെന്റിലെ മുകളിൽ വിശേഷിപ്പിച്ച തീപിടുത്തം നാസി പാർട്ടിയുടെ ഗൂഡാലോചനയായിരുന്നു എന്നു തെളിയിക്കപ്പെട്ടു. കാറൽ ഏണസ്റ്റ് എന്ന നേതാവ് ഇതിനു പിന്നിൽ പ്രവർത്തിച്ചു എന്ന് പിന്നീട് തെളിയിക്കപ്പെട്ടു.

ഫാസിസം തെറ്റായ വാർത്തകൾ പടച്ച്, ഒരു വിഭാഗത്തെ സാമൂഹിക ശത്രുക്കളായി വിവരിച്ച് തങ്ങൾ മാത്രമാണ് ശരി എന്ന് ആവർത്തിക്കുന്നു. ഇങ്ങനെയുള്ള തെറ്റായ വ്യാഖ്യാനങ്ങളുടേയും അതിശയോക്തിയുടേയും വ്യാജ പ്രചരങ്ങളുടെയും സാധ്യതകൾ തേടുന്ന ഫാസിസം എങ്ങനെയാണ് ഒരു വ്യവസ്ഥിതിയെ വരിഞ്ഞുമുറുക്കുന്നത്? അത് കേവലം ഗുണ്ടാപ്രവർത്തനമല്ല. ദാർശനികമായ ഉള്ളടക്കവും ശക്തമായ രാഷ്ട്രീയവും മനഃശാസ്ത്രപരവും സാംസ്കാരികമായ ഉള്ളടക്കവുമുള്ള ഫാസിസം എന്ന സാമൂഹിക ഇസം ജനങ്ങളിൽ സ്വാധീനം നേടുന്നത് നീണ്ട കാലത്തെ സാമൂഹിക ഇടപെടലിലൂടെയും ആസൂത്രിതമായ പ്രവർത്തനങ്ങളിലൂടെയുമാണ്. നിഷേയുടെയും  ജിയോവാനോ ജൻ്റലിയുടെയും ദർശനങ്ങൾ വ്യക്തിയുടെ കഴിവുകളിലെ വലിയ സാധ്യതയെ തിരിച്ചറിയുന്നുണ്ട്. വ്യക്തിയുടെ ഇടപെടലുകൾ സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ, സംഘടനകൾ വ്യക്തിത്വത്തെ തടങ്ങലിൽ എത്തിക്കുന്നത്‌, ദർശനങ്ങളും അതിന്റെ നടപ്പാക്കലും വ്യക്തി കേന്ദ്രീകൃതമാകണം, നേതാവും അയാളുടെ നേതൃത്വപാടവവും ചോദ്യം ചെയ്യലുകൾക്കും അപ്പുറത്താണ്, എല്ലാവരും േസ്റ്ററ്റിനു കീഴടങ്ങി ഒറ്റകെട്ടായി അണിനിരക്കണം, േസ്റ്ററ്റിനോടുള്ള കുറ് ചർച്ചകൾക്കതീതമാണ് തുടങ്ങിയ വാദങ്ങളെ ഫാസിസ്റ്റ് ദർശനങ്ങൾ അംഗീകരിക്കുന്നു. ജനാധിപത്യത്തിന്റെ അടിത്തറയായ അപര ശബ്ദങ്ങളെ ഫാസിസം അപകടരമായി കാണുന്നു. 

ഫാസിസം അടിസ്ഥാനപരമായി ദേശീയത, സമഗ്ര ആധിപത്യം, സ്റ്റാറ്റിസം, ദേശസ്നേഹം, ഏകാധിപത്യം, പട്ടാള വൽക്കരണം, കോർപ്പറേറ്റിസം, പോപ്പുലിസം, കളക്ടീവിസം മുതലായ സ്വഭാവങ്ങൾ ഉൾക്കൊള്ളുന്നു. േസ്റ്ററ്റിന്റെ പൂർണ്ണമായ അധികാരത്തെ മുൻനിർത്തി ഒരു സംസ്കാരം, ഒരു വിശ്വാസം, ഒരു രാഷ്ട്രീയം, ഒരു ദൈവം, ഒരു ഗ്രന്ഥം, ഒരു മതം, ഒരു പാർട്ടി, ഒരു നേതാവ് എന്ന അവസ്ഥയിൽ കാര്യങ്ങളെ വിലയിരുത്തുക ഈ പ്രത്യയശാസ്ത്രത്തിന്‍റെ സ്വഭാവമാണ്. എല്ലാം േസ്റ്ററ്റ് എന്ന് പറയുന്പോൾ അതിന്‍റെ രക്ഷകൻ‍ ഒരാളായിരിക്കും. എല്ലാവരും അയാളെ രക്ഷകനായി കാണണം. ഒരു പ്രദേശത്തിന്‍റെ പ്രതിസന്ധിയെ ഉപയോഗപ്പെടുത്തിയാണ് ഫാസിസം ജനങ്ങളിൽ വേരോട്ടം ഉണ്ടാക്കുന്നത്. സ്വയം ഫാസിസ്റ്റായി അറിയപ്പെട്ട മുസ്സോളിനി ഇറ്റലിയുടെ കലങ്ങി മറിഞ്ഞ രാഷ്ട്രീയ അവസ്ഥയെ ഉപയോഗപ്പെടുത്തുവാൻ‍ മടിച്ചില്ല. സോഷ്യലിസ്റ്റുകളെ അരാചക വാദികളായി മുസോളിനിയും കൂട്ടരും സമൂഹത്തിൽ‍ അവതരിപ്പിച്ചു. ശക്തരായിരുന്ന ഇടതു ഗ്രൂപ്പുകളെ ആക്രമിക്കുന്നതിന് മുസോളിനിക്കൊപ്പം മറ്റുള്ളവരും അണിനിരന്നു. അങ്ങനെ മുസോളിനി ഇറ്റാലിയൻ‍ സമൂഹം ചെന്നുപെട്ട ദുരിതങ്ങളെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച് രക്ഷകനായി സ്വയം വിശദീകരണം നൽ‍കി അധികാരത്തിന്‍റെ ഇടങ്ങൾ കൈയടക്കി. സ്വയം ഫാസിസ്റ്റ് ആയി വിശേഷണം നൽ‍കി വന്ന മുസോളിനിയുടെ കൂടി ആരാധനാപാത്രമായി മാറിയ അഡോൾ‍ഫ് ഹിറ്റ്ലർ‍ നാസി പ്രത്യയശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിൽ അധികാരത്തിൽ എത്തിയ ശേഷം ഫാസിസം മുന്നോട്ടു വെയ്ക്കുന്ന ദർ‍ശനങ്ങളെ പ്രവർ‍ത്തിപഥത്തിൽ എത്തിക്കുവാൻ‍ വിജയിച്ച ഭരണാധിപന്‍റെ ചെയ്തികൾ പരിശോധിച്ചാൽ ഒരു ഉത്തമ ഫാസ്സിസ്റ്റ് എങ്ങനെ പ്രവർ‍ത്തിക്കണം എന്ന് മനസ്സിലാക്കാം. മുസോളിനിയും ഹിറ്റ്ലറും എഴുതിയ അവരുടെ ജീവിതചരിത്രം വായിച്ചാൽ അവരുടെ ചെയ്തികൾ‍ക്ക് അവർ നൽ‍കുന്ന വിശദീകരണങ്ങൾ എത്ര വൈകൃതമായിരുന്നു എന്ന് മനസ്സിലാക്കാം. ഈ ഗ്രന്ഥങ്ങൾ ഇന്നും മാതൃകയാക്കുവാൻ‍ പലരും ഇഷ്ടപ്പെടുന്നു.

ഹിറ്റ്ലർ മുസോളിനിയെ ഓർമ്മിപ്പിക്കുംവിധം അധികാരത്തിൽ വന്നത് വോട്ടെടുപ്പിൽ കൂടി തന്നെ. കുത്തഴിഞ്ഞ ജർ‍മ്മൻ‍ രാജ്യത്തിന്‍റെ അധിപനായി വന്ന ഇയാൾ ജർ‍മ്മൻ‍ സാന്പത്തിക രംഗത്ത് വൻ‍ പോളിച്ചെഴുത്തുകൾ നടത്തി. ബാങ്കുകളെ നിയന്ത്രിച്ചു. റോക്ക് ഫെല്ലർ പോലെയുള്ള ബാങ്കുകളെ നിയന്ത്രിച്ചു. പുതിയ നാണയത്തിലേയ്ക്ക് ജർ‍മ്മനി മാറി. അതിന്‍റെ പേര് റീച്ച്മാർ‍ച്ചെസ് എന്നാക്കി. പലിശ രഹിത വായ്പാസങ്കൽ‍പ്പങ്ങൾ‍ നിലവിൽവന്നു. കുടുംബങ്ങൾ‍ക്ക് 1000 റീച്ച്മാർ‍ക്ക് (9മാസത്തെ വേതനം) വായ്പ അനുവദിച്ചു. കുടുംബത്തിൽ കുട്ടികൾ ജനിച്ചാൽ 250 മാർ‍ക്ക് സമ്മാനമായി നൽ‍കുവാൻ‍ ഹിറ്റ്ലർ‍ മറന്നില്ല. തൊഴിലാളികൾ‍ക്ക് 5 ദിവസം ജോലി, സൗജന്യ ആരോഗ്യം, വിശ്രമകേന്ദ്രം എന്നീ ആനുകൂല്യങ്ങൾ അവർ‍ക്ക് ലഭിച്ചു. പുകവലിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 18 വയസ്സിനു താഴെയുള്ളവൾ‍ക്കും സ്‌ത്രീകൾ‍ക്കും പുകവലിക്കുവാൻ‍ അവകാശം ഉണ്ടായിരുന്നില്ല. സംഗീതത്തെ കൂടുതൽ പരിചയപ്പെടുത്തുവാൻ‍ നാസി നേതവ് ശ്രദ്ധിച്ചു. സിനിമാരംഗത്ത്‌ റിഫെൻ‍ സ്റ്റാഗിനെ മുന്നിൽ നിർ‍ത്തി triumph of the Will എന്ന ഡോക്യുമെന്ററിയുടെ നിർ‍മ്മാണം ലോകസിനിമാരംഗത്തെ വൻ‍ സംഭവമായിരുന്നു. സാങ്കേതിക രംഗത്തും ഊർ‍ജ്ജ രംഗത്തും മറ്റും നാസ്സി പാർ‍ട്ടി നടത്തിയ ശ്രമങ്ങളാണ് അമേരിക്കയ്ക്ക് ആറ്റം ബോംബ്‌ നിർ‍മ്മാണത്തിന് പ്രചോദനം നൽ‍കിയത്. മൃഗ സംരക്ഷണത്തിന് ലോകത്തിൽ ആദ്യം നിയമം ഉണ്ടാക്കിയവരും ഇതേ ജർ‍മ്മൻ‍ ഭരണ കർ‍ത്താക്കൾ. ചുരുക്കത്തിൽ കാര്യങ്ങൾ വളരെ ആരോഗ്യകരമായി തോന്നാം. എന്നാൽ ഇതെല്ലാം ജർ‍മ്മനിയിലെ ഒരു വിഭാഗത്തിന് മാത്രം. ജൂതനും കമ്മ്യൂണിസ്റ്റുകളും മറ്റ് ഇടതുപക്ഷക്കാരും ഈ ഗുണഭോക്തൃ സംവിധാനത്തിന് പുറത്ത് എന്നുമാത്രമല്ല അവരെ കൂട്ടക്കൊലകൾ‍ക്ക് തന്നെ വിധേയമാക്കുവാൻ‍ ഹിറ്റ്ലർ മടിച്ചില്ല. ഒപ്പം  ഒരു ഡസ്സൻ‍ കോർ‍പ്പറേറ്റുകളെ വഴിവിട്ടു സഹായിക്കുന്നതിൽ‍ ഹിറ്റ്ലർ‍ ബദ്ധശ്രദ്ധ ചെലുത്തി. മൃഗ സ്നേഹത്തിനു പിന്നിലെ ഹിറ്റ്ലറുടെ ലക്ഷ്യം ജൂതരുടെ ഭക്ഷണ ശീലത്തെ തകർ‍ക്കുകയായിരുന്നു. വിശ്വാസകരമായി ജൂതർ‍  ശീലിച്ച Kosher killingനെ ആണ് ഹിറ്റ്ലർ‍ നിരോധിച്ചത് എന്നതിൽ‍ നിന്നും ഇയാൾ‍ നടപ്പിലാക്കിയ ഏതൊരു നിയമവും ലക്ഷ്യം വെച്ചത് എങ്ങനെ ആയിരുന്നു എന്ന് വ്യക്തം.

ഫാസിസത്തിന്റെ പ്രയോഗരാഷ്ട്രീയ ഉപജ്ഞാതാവ് മുസ്സോളിനിയാണെങ്കിലും ലോകം അതിന്റെ ഭീകരത കൂടുതലായി തൊട്ടറിഞ്ഞത് ഹിറ്റ്ലറിൽ നിന്നാണ്. ഇവർക്ക് രണ്ടു പേർക്കും ഒപ്പം ഫ്രാങ്കോ സുഹാർത്തോ പിന്നോഷെ എന്നിവരെ ഫാസിസത്തിന്റെ വക്താക്കളായി കണ്ടുവരുന്നു. ലോകത്തെ ചില ഭാഗങ്ങളിൽ മാത്രം ഭരണം നിയന്ത്രിക്കുകയും എന്നാൽ ജനാധിപത്യ സംവിധാനത്തിന് അപകടകരമാം വണ്ണം പ്രവർത്തിക്കുകയും ചെയ്ത ഇക്കുട്ടരെ പറ്റി പഠനം നടത്തിയ ബ്രിറ്റ്, ഉന്പർട്ടോ തുടങ്ങിയവർ ഫാസിസത്തിന്റെ 14 സ്വഭാവങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്.

ദേശീയതയെ അവർ വല്ലാതെ പുകഴ്‌ത്തി കൊണ്ടിരിക്കും. ദേശീയത സ്നേഹത്തിലും സമത്വത്തിലും വിശ്വസിക്കാതെ വൈകാരികമായി പ്രവർത്തിക്കും. പേട്രിയോട്ടിസം എന്ന ബോധത്തിൽ നിന്നും ഷോവനിസം (അപര ദേശീയതയെ ശത്രുവായി കാണുക.) എന്ന തലത്തിൽ വിഷയത്തെ ഇവർ വിലയിരുത്തും.

ദേശ സുരക്ഷയുടെ പേരിൽ അടിച്ചമർത്തലുകൾ നടത്തും. അതിനായി നിയമങ്ങളെ പുനർനിർവ്വചിക്കും. അടിയന്തിരാവസ്ഥക്കു സമാനമായ സംവിധാനങ്ങളെ അവർ ഉപയോഗപ്പെടുത്തും.

ദേശീയതക്ക് ആഭ്യന്തര ശത്രുക്കൾ ഉള്ളതായി അവർ പ്രചരിപ്പിക്കും. അതിന്റെ അടിസ്ഥാന ശിലയായി വംശം, മതം, ഗോത്രം തുടങ്ങിയവയെ ആധാരമാക്കും. പ്രത്യേക (ന്യുനപക്ഷ) പക്ഷത്തുള്ളവരെ സംശയത്തോടെ നോക്കി കാണുവാൻ സമൂഹത്തെ ആഹ്വാനം ചെയ്യും.

പട്ടാളത്തെ അതിയായി മഹത്വവൽക്കരിക്കുകയും വീരകഥാപാത്രങ്ങളായി അവരെ അവതരിപ്പിച്ചു കൊണ്ടിരിക്കും. ഏക വ്യക്തി കേന്ദ്രീകൃതമായ ഭരണത്തെ മാതൃകയാക്കും.

പുരുഷമേധാവിത്വത്തെ അരക്കിട്ടുറപ്പിക്കും. സ്ത്രീയെ രണ്ടാം പൗരയായി കാണുന്ന ഇവർ സ്ത്രീകളെ സതാജാരത്തിന്റെ വാഗ്മികളാക്കും. ദേശത്തിന്റെ പടയാളികളെ പ്രസവിക്കുന്നവർ എന്ന വിശേഷണത്തിന്റെ തണലിൽ അവർക്ക് ചടങ്ങുകളിൽ ദേവതാ പരിവേഷം നൽകും.

മാധ്യമങ്ങളെ തങ്ങളുടെ ആശയ പ്രചരണായുധമാക്കും.

ജനങ്ങളിൽ ഭയം ജനിപ്പിക്കും.

കുത്തകകളെ പുതിയ വ്യാഖ്യാനങ്ങളിലൂടെ  ന്യായീകരിക്കും

കുത്തകകൾക്ക് വഴിവിട്ട സഹായങ്ങൾ നൽകുന്നതിൽ ശ്രദ്ധാലുക്കളാകും.

പോലീസിനെ കൂടുതൽ അധികാരങ്ങൾ നൽകി ഉടച്ചുവാർക്കും

തൊഴിലാളി അവകാശങ്ങളെ ഇല്ലായ്മ ചെയ്യും.

സ്വന്തം കക്ഷികൾക്ക് അഴിമതിയുടെ അവസരങ്ങൾ ഒരുക്കും.

കോടതിയെ ചൊൽപ്പടിയിൽ നിർത്തും.

തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കും.

മുകളിൽ പരാമർശിച്ച ഫാസിസ്റ്റ് ഭരണക്കാർ ഇവ എല്ലാം തങ്ങളുടെ ഭരണകാലത്ത് അക്ഷരം പ്രതി നടപ്പാക്കിയവരാണ്. ഇന്ത്യ എന്ന ബഹുഭാഷ-ബഹുമത-ജാതി-ഗോത്ര-ഭൂമിയുടെ പ്രധാന ശക്തി അതാർജ്ജിച്ച secular പൊതുബോധമാണ്.എല്ലാവരും വിശ്വാസികളായിരിക്കെ പൊതു സമൂഹത്തിൽ മത ഇതര ഭരണത്തെ അംഗീകരിക്കുക എന്ന ശീലം നമ്മൾ നേടി എടുത്തത് ഏതെങ്കിലും മതത്തിന്റെ, ഭരണ കർത്താവിന്റെ ഔദാര്യത്തിലൂടെയല്ല. വിരലില്ലെണ്ണാവുന്ന ചില ഭരണക്കാർ മതത്തെ ഭരിക്കുവാനായി കൂടെ കൂട്ടി എങ്കിലും അവർക്കു പോലും ലക്ഷ്യം ഭരണം നിലനിർത്തുക മാത്രമായിരുന്നു. ഔറംഗസീബും ശിവജിയും ഉറ്റ മിത്രങ്ങളായി മറ്റു മതസ്ഥരിൽ പലരേയും കണ്ടിരുന്നു. ഇവരുടെ പ്രധാന ഉപദേശകരിൽ പലരും ഇവർ പൊതുവായി അവിശ്വാസം രേഖപ്പെടുത്തിയ മതത്തിലെ വ്യക്തിത്വങ്ങളായിരുന്നു. ബഹുഭൂരിപക്ഷം വിശ്വാസികളായിരുന്ന രാജാക്കന്മാർ മറ്റ് മതങ്ങളുടെ പ്രചാരത്തിൽ പ്രോത്സാഹനം നൽകുന്നതിൽ ശ്രദ്ധ നൽകിയവരാണ്.

ഇന്ത്യ മതദർശനങ്ങൾക്കൊപ്പം യുക്തിവാദ ദർശനങ്ങൾക്കും വേരോട്ടമുണ്ടായിരുന്ന നാടാണ്. ദൈവബോധത്തെ തന്നെ ചോദ്യം ചെയ്തിരുന്ന മത ദർശനങ്ങൾക്ക് വലിയ അംഗീകാരം നേടിയ നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യ സമരത്തിന്റെ ദർശനം Secularആകുക സ്വാഭാവികമാണ്. എന്നാൽ ഹൈന്ദവ മതാത്മകത ഒന്നാം സ്വാതന്ത്ര്യ സമര കാലത്തിനു ശേഷം പ്രത്യക്ഷപ്പെട്ടത് ബ്രിട്ടീഷ് താൽപര്യങ്ങളെ സഹായിക്കുവാനായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ സമരസജ്ജരായവരിൽ ഒരു നല്ല പങ്കും ഹിന്ദു മത നവോത്ഥാനത്തിന്റെ ശ്രേണിയിൽ പെട്ടവരാണെന്നിരിക്കെയാണ് ഹിന്ദു മതമൗലികതയിൽ വിശ്വസിക്കുന്ന കൂട്ടർ ബ്രിട്ടീഷ് അനുകൂല നിലപാടിലേക്കെത്തിയത്. അവർ അത് അവസാന നാൾ വരെ തുടർന്നു. സവർക്കറും വാജ്പേയ്്യും സ്വതന്ത്ര സമരത്തിൽ പങ്കെടുത്തവർ ആണെന്നു പറയുന്പോൾ ഇവരിരുവരും നിർണ്ണായക സമയങ്ങളിൽ വൈദേശിക ശക്തികളുമായി സന്ധി ചെയ്തു. മാത്രവുമല്ല 1925ൽ രൂപീകരിച്ച RSS ഒരിക്കലും സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായിരുന്നില്ല. ഫാസിസ്റ്റു നേതാക്കളെ മാതൃകയാക്കുവാൻ ഇവർ എക്കാലവും മുന്നിലായിരുന്നു.

എണ്ണത്തിൽ കുറവായിരുന്ന ഹിന്ദു സവർണ്ണ മതബോധം സംഘടിതമായ സാംസ്കാരിക (ബ്രാഹ്മണിക്കൽ) പ്രവർത്തനത്തിലൂടെ ജനങ്ങളിൽ കടന്നു കയറുവാൻ ശ്രമിച്ചു പോന്നു. ആദിവാസിയെയും ദളിതനെയും സ്ത്രീകളെയും യുവജനങ്ങളെയും വിദ്യാർത്ഥികളെയും തങ്ങളുടെ അനുയായികളാക്കുവാൻ ഉതകുന്ന സംഘടനകൾ ഇവർ ഉണ്ടാക്കി എടുത്തു. അതിനായി വിദേശ ഫണ്ടുകൾ വാങ്ങി കൂട്ടി. RSS രാജ്യത്താകെ 50000 ശാഖകൾ ഉള്ള സ്വകാര്യ സേനയായി ഇന്നു പ്രവർത്തിക്കുന്നു. 4 കോടി അംഗങ്ങൾക്ക് സ്വകാര്യ കായികപരിശീലനം നൽകുന്ന സംഘടനയെ രണ്ടു പ്രാവശ്യം കേന്ദ്ര സർക്കാർ നിരോധിക്കേണ്ടി വന്നത് ഗാന്ധി വധവുമായി ബന്ധപ്പെട്ടും പിന്നീട് ബാബറി മസ്ജിദ് പൊളിച്ചടക്കിയതിലും അവർക്കുണ്ടായിരുന്ന പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ്. RSSന്റെ ഏറ്റവും കൂടുതൽ യൂണിറ്റുകൾ പ്രവർത്തിക്കുന്ന കേരളത്തിൽ സംസ്ഥാന പാർലമെന്ററി രാഷ്ട്രീയത്തിൽ RSS പങ്കാളികളല്ല എങ്കിലും ജനങ്ങളെ വർഗ്ഗീയ വൽക്കരിക്കുന്നതിൽ അവർ വിജയിക്കുന്നുണ്ട്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ BJP, നമ്മുടെ ഭരണഘടന ഉറപ്പു നൽകിയ അവകാശങ്ങളിൽ ഉൾപ്പെടെ കൈ കടത്തുന്നു. Secularism, Socialism തുടങ്ങിയ സമജ്ഞകളെ തന്നെ കൈ ഒഴിയുന്നതിൽ അവർ പരിശ്രമിക്കുന്നു. ഇന്ത്യൻ സർവ്വകലാശാലകളിൽ മുഖ്യസ്ഥാനം വഹിക്കുന്നതും സ്വാതന്ത്ര്യ സമര തീച്ചൂള ജന്മം നൽകിയതുമായ ജാമിയ മില്യ സർവ്വകലാശാലയെയും അലിഗഢ് സർവ്വകലാശാലയെയും ന്യൂനപക്ഷ പദവിക്ക് യോഗ്യത ഇല്ലാത്ത സ്ഥാപനങ്ങളാക്കി മാറ്റുവനായി ശ്രീമതി ഇറാനി പരിശ്രമിക്കുകയാണ്. അതിന്റെ ഭരണ സംവിധാനത്തിലേയ്ക്ക് RSS വക്താക്കളെ നിയമിച്ച കേന്ദ്ര സർക്കാർ തീരുമാനം നടപ്പിലാക്കാൻ കഴിയാതെ പോയത് രാഷ്ട്രപതിയുടെ ഇടപെടൽ ഒന്നു കൊണ്ടു മാത്രം.

ലോക ചരിത്രത്തിൽ ഫാസിസ്റ്റുകൾ ചെയ്തു വന്ന എല്ലാ ജനാധിപത്യ വിരുദ്ധ പ്രവർത്തനവും ഇന്ത്യയിൽ നടപ്പിലാക്കുവാൻ ശ്രമിച്ചു വരുന്ന RSS ദർശനങ്ങൾ അവരെ സംബന്ധിച്ച് തങ്ങളുടെ ആരാധക പാത്രമായിരുന്ന ഹിറ്റ്ലർക്കുള്ള സ്മരണാജ്ഞലിയാണ്. RSS സ്ഥാപകൻ ഹെഡ്ഗേവറിന്റെ ഗുരു മഞ്ച് മുസ്സോളിനിയെ നേരിൽ കണ്ട അനുഭവം ഏറെ വികാരപരമായി അവതരിപ്പിച്ചിട്ടുണ്ട്. RSSന്റെ മുഖ്യ വക്താവായിരുന്ന പ്രമുഖ് ഗോൾവാൾക്കർ ഹിറ്റ്ലറെ ദേശീയ ബോധത്തിന്റെ മാതൃകയായി വാഴ്ത്തി വന്നു. ഫാസിസ്റ്റുകൾ അവരവരുടെ നാട്ടിൽ മത ന്യൂനപക്ഷങ്ങൾക്കും കമ്യൂണിസ്റ്റുകൾക്കും മുകളിൽ നടത്തിയ കലാപങ്ങളെ മാതൃകയാക്കുന്ന ഇന്ത്യയിലെ ഹൈന്ദവ മതമൗലികത ലക്ഷ്യം വെയ്ക്കുന്നതും ഇതേ വിഭാഗം ജനങ്ങളെ തന്നെ.

ഫാസിസത്തിന്റെ ചിഹ്നം കുറച്ചധികം വടികൾ കൂട്ടി കെട്ടിയതിനൊപ്പം ഒരു കൂർത്ത ആയുധമാണ്. ജനങ്ങൾ ഒന്നിക്കുക, അവർ ആയുധമണിയുക എന്നതിനെ സൂചിപ്പിക്കുന്ന ചിഹ്നം ജനങ്ങൾ ഒന്നിച്ച് യുദ്ധ സജ്ജരാകണം എന്ന ഓർമ്മപ്പെടുത്തലാണ്. ജനങ്ങളെ ഒന്നിപ്പിച്ച് അടിച്ചമർത്തുക എന്ന തന്ത്രത്തിൽ RSS ഉം മറ്റും സ്വപ്നം കാണുന്നത് ജനങ്ങളെ യുദ്ധത്തിന്റെ നിഴലിൽ അണിനിരത്തി അവരിൽ ശത്രുസംഹാര താൽപര്യത്തെ പ്രചോതിപ്പിക്കുകയാണ്. ഫാസിസ്റ്റുകൾ യുദ്ധത്തെ നിരന്തരമായി സ്വപ്നം കാണുന്നു. ഫാസിസം യുദ്ധമാണ്...

You might also like

Most Viewed