വരളു­ന്ന കേ­രളം രാ­ഷ്ടീ­യലോ­കത്തെ­ ഉത്കണ്ഠപ്പെടു­ത്തു­ന്നി­ല്ല...


കേരളത്തിന്‍റെ മലയും അവിടെ നിന്നും ഉത്ഭവിക്കുന്ന ചെറുതും വലുതുമായ നീരൊഴുക്കുകളും താഴ്്വാരങ്ങളും തീരപ്രദേശവും ആണ് ഈ നാടിനെ വ്യത്യസ്ത പ്രദേശമാക്കി മാറ്റിയത്. ആ വ്യത്യസ്തതകളാണ് കേരളത്തിന്‍റെ ശക്തിയും കരുത്തും. ഇത്തരം പ്രത്യേകതകൾ ഓരോ നാടും നേടിയെടുത്തത് ആയിരമായിരം വർ‍ഷങ്ങൾ നീണ്ട പ്രകൃതിയുടെ പ്രതിഭാസങ്ങളിലൂടെയാണെന്ന് നമ്മൾ‍ പഠിക്കുന്നുണ്ട്. അത്തരം പ്രതിഭാസങ്ങൾ ഇന്നും നമുക്കു ചുറ്റും നടക്കുന്നു. എന്നാൽ ഇന്ന്‍ പ്രകൃതി വൻശോഷണങ്ങളിലൂടെ കടന്നുപോകുന്നു. ഇതിന്‍റെ ഭാഗമായി കാലാവസ്ഥയുടെ സന്തുലനം നഷ്ടപ്പെട്ടു വരികയാണ്. അതുവഴി വൻ വരൾച്ചയും വൻപേമാരിയും രാജ്യങ്ങൾക്ക് വലിയ പ്രതിസന്ധികൾ തീർക്കുകയാണ്. മാറിയ കാലാവസ്ഥകൾ സൃഷ്ടിക്കുന്ന വരൾച്ച, വെള്ളപൊക്കം, തുടങ്ങിയ നിരവധി പ്രകൃതി ദുരിതങ്ങൾ രാജ്യങ്ങളെ വേട്ടയാടുകയാണ്. ആഫ്രിക്കയിലെയും മറ്റു പ്രദേശങ്ങളും (റുവാണ്ട, എത്യോപ്യ, സൊമാലിയ, പെറു, മാലി മുതലായവ) അതിന്‍റെ പിടിയിലാണ്. ഇത്തരം പ്രകൃതി ദുരിതങ്ങൾ വംശീയ കലാപങ്ങൾ‍ക്കു കൂടി അവസരം ഒരുക്കുന്നു. ഇന്ത്യയും ഇതേ ഗതിയിലകപ്പെട്ടു എന്ന് പറയാം. നമ്മുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വരൾ‍ച്ചയുടെ ആഘാതത്തിലായതായി സർക്കാർ തന്നെ പ്രഖ്യാപിച്ചു. ആന്ധ്രയും രാജസ്ഥാനും, ഹരിയാന തുടങ്ങിയ കർഷക സംസ്ഥാനങ്ങളും വരൾച്ച ബാധിതമാണ്. കാർ‍ഷിക ഉത്പാദനത്തിൽ‍ വൻകുറവ് വരുത്തികൊണ്ട് 30 ശതമാനം വരെ വരൾച്ച രേഖപ്പെടുത്തിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ മറാത്ത ജില്ലകൾ നീണ്ടകാലത്തെ തുടർ‍ച്ചയായ വരൾച്ചയിൽ‍ കുടുങ്ങി ജീവിതം പോലും അസാധ്യമായ നാടായി മാറി. ഇന്ത്യയിൽ വലിയ മഴ കുറവ് ബാധിച്ചിട്ടില്ല എന്ന് രേഖപ്പെടുത്തിയ കേരളത്തിലെ വേനൽക്കാലം എത്ര ദുഷ്കരമായിരിക്കുന്നു എന്ന് നമ്മൾ ദിനംപ്രതി നേരിട്ടു മനസിലാക്കി വരികയാണ്. കേരളത്തിനു പരിചിതമല്ലാത്ത സൂര്യാഘാതം ഇന്നു ദിനംപ്രതി വാർത്തയായി മാറിക്കഴിഞ്ഞു.

നമ്മുടെ ഭൂഖണ്ധങ്ങളിൽ (മഴ ഉണ്ടാകുവാൻ ആവശ്യമായ) നീരാവി നിറഞ്ഞ കാറ്റിന്റെ ഗതിയിൽ‍ ഉണ്ടാകുന്ന മാറ്റങ്ങൾ‍, ഒപ്പം ഉണ്ടാകുന്ന കാറ്റിലെ നീരാവിയുടെ അളവിലെ മാറ്റം, ഓരോ സ്ഥലത്തെ മഴകാടുകൾ ഒക്കെ മഴയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. അവയിലെ ചെറിയ മാറ്റം പോലും കാലാവസ്ഥ സ്വഭാവത്തിൽ വ്യതിയാനം വരുത്തും. അത്തരത്തിൽ‍ പെറു എന്ന രാജ്യത്തിന്‍റെ തീരത്തെ വായുവിന്‍റെ ഒഴുക്കിലുള്ള വ്യതിയാനങ്ങൾ എൽ‍നിനോ എന്ന കാലാവസ്ഥ പ്രതിഭാസത്തിന് വഴിയുണ്ടാക്കി. പ്രസ്തുത നാടിന്‍റെ കിഴക്കൻ പസഫിക് കടൽ തീരം പങ്കുവെക്കുന്ന പ്രദേശം പൊതുവെ തണുത്ത ഉപരിതല ജലസാന്നിധ്യമുള്ളതാണ്. ഈ പ്രത്യേകതയും ഒപ്പം തണുത്ത വെള്ളത്തിലെ ഘടകങ്ങളും ലോകത്തെ ഏറ്റവും മത്സ്യ സന്പത്തുള്ള തീരമാക്കി പെറുവിനെ മാറ്റിയിരുന്നു. അത് വലിയ ഒരു പക്ഷി സന്പത്തിനെ വളർത്തികൊണ്ടുവന്നു. പക്ഷിയുടെ കാഷ്ഠം (guano) ഒരു സമീകൃത വളമായി നാട്ടിൽ‍ വൻവിള ഉണ്ടാക്കുവാൻ സഹായിച്ചു. പൊതുവെ മഴ കുറഞ്ഞ തീരങ്ങളിൽ ഉണ്ടായ അധികമഴ അവസ്ഥയെ മാറ്റി മറിച്ചു. എല്ലാം സംഭവിക്കുവാൻ കാരണം വെള്ളത്തിന്‍റെ ഉയർന്ന ചൂടു തന്നെ. സാധാരണമായി പെറു തീരത്തു നിന്നും കടലിലേക്ക് വീശുന്ന ചൂടുകാറ്റിനു പകരം കടലിൽ നിന്നും ചൂട് കാറ്റ് കരയിലേക്ക് വീശിതുടങ്ങുന്ന രീതി എൽനിനോയിലൂടെ ഉണ്ടായി. ഇത് പെറുവിന്‍റെ പ്രതാപങ്ങൾ‍ക്ക് തിരിച്ചടികൾ‍ വരുത്തി. കോളറയും മലേറിയയും വ്യാപിച്ചു. (ഡെങ്കി പനിയുടെ വ്യാപനം ഇതിന്‍റെ ഭാഗമാണ്). കിഴക്കൻ‍ −മധ്യ പസിഫിക് നാടുകളിൽ‍ മഴ കൂടുതലും പടിഞ്ഞാറൻ പസിഫിക്ക്− ഏഷ്യൻ നാടുകളിൽ വരൾ‍ച്ചയും ബാധിക്കുന്നു. അങ്ങനെ പെറുവിലും ഇക്ക്വഡോറിലും വൻതോതിൽ മഴ ലഭിച്ചു. ബ്രസീലിന്റെ തെക്കൻ പ്രവിശ്യയിലും ഇതാവർത്തിച്ചു. എന്നാൽ വടക്ക്− കിഴക്കൻ ബ്രസീലിൽ‍ വരൾച്ചയും സിംബാബ്‌വേയെ, മൊസാംബിക്ക്, തെക്കൻ‍ ആഫ്രിക്ക, എത്യോപിയ ഇവിടങ്ങളിൽ മഴ കുറവും ഉണ്ടായി. അമേരിക്കയുടെ വടക്കൻ പ്രവിശ്യകളിലും തെക്കൻ കാനഡയിലും ശീതകാലത്തും ചൂട്. ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് പ്രദേശങ്ങളിൽ വരൾ‍ച്ചയും കേവലം ചാറ്റൽ മഴകളും മാത്രം അനുഭവപെടുന്നു. പവിഴ പ്പുറ്റുകളുടെ നാശം ഇതിന്‍റെ ഫലമാണ്. ഓസ്ട്രേലിയൻ തീരങ്ങളും മഴക്കുറവിലമർന്നു പോയിരിക്കുന്നു. എൽ‍നിനോ പ്രതിഭാസങ്ങൾ‍ക്കൊപ്പം മറ്റൊരു കാലാവസ്ഥാ മാറ്റവും പെറു തീരത്ത് കാണാം. ഇതിനെ ലാനിനോ എന്ന് വിളിക്കുന്നു (Anti-elnino). ഇതുമൂലം പെറു തീരത്ത് തണുപ്പ് കൂടുന്നു. പെറുവിലും ഇക്വഡോറിലും വരൾച്ച. ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ അധിക മഴ. സോമാലിയയിൽ വൻ വരൾച്ച വരുത്തി വെക്കുന്നു. ചുരുക്കത്തിൽ പെറുവിന്‍റെ പസഫിക് തീരത്തെ വായു പ്രവാഹത്തിലെ വ്യതിയാനങ്ങൾ ഒട്ടുമിക്ക രാജ്യങ്ങളെയും വൻരീതിയിൽ‍ ബാധിച്ചു എന്ന വസ്തുത പരിസ്ഥിതി ആഘാതത്തിന്‍റെ വ്യാപ്തിയെ ബോധ്യപെടുത്തുന്നുണ്ട്.

ഇന്ത്യയിൽ ശീതകാലത്തും കേരള ബംഗാൾ തീരങ്ങളിൽ‍ ചൂട് അനുഭവപെടുന്നത് എൽനിനോ പ്രതിഭാസത്തിലൂടെയാണ്. ലാനിന മൺ‍സൂൺ മഴയിൽ വർദ്ധനവ്‌ നൽകുന്നുണ്ട്. ഇന്ത്യയെ ബാധിക്കുന്ന മറ്റു പ്രവഹങ്ങളാണ് വിവിധങ്ങളായ SSTകൾ‍. (Sea Surface Temperature) വടക്കൻ‍ അറ്റ്‌ലാന്റിക് −ഭൂമധ്യരേഖ ഇന്ത്യൻ ഉൾ‍ക്കടൽ‍ SST, കിഴക്കൻ ഏഷ്യൻ മിയാൻ ‍‍−വടക്കൻ −അറ്റ്‌ലാന്റിക് കടൽ ന്യുന മർ‍ദ്ദങ്ങൾ, പസഫിക് കടലിൽ ഉണ്ടാകുന്ന ഒന്നര കിലോമീറ്റർ ഉയരത്തിലെ ചൂട് കാറ്റ് തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങൾ‍ ഇന്ത്യൻ കാലാവസ്ഥയിൽ മാറ്റങ്ങൾ‍ ഉണ്ടാക്കുന്നു. ഇവ പ്രകൃതി വിഭങ്ങളുടെ കലവറയായ നമ്മുടെ നാട്ടിൽ വിവിധ ദുരിതങ്ങളാണ് വരുത്തുന്നത്. ആഗോളമായി ഇന്നു രാജ്യങ്ങൾ‍ അനുഭവിക്കുന്ന ഇത്തരം പ്രതിസന്ധികളെ ഗൗരവതരമായി കാണുവാൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിക്കുന്നു. അഫ്രിക്കൻ രാഷ്ട്രീയവും ഇത്തരത്തിൽ മാറി ചിന്തിക്കുന്നുണ്ട്. ബ്രസീൽ‍, −മെക്സിക്കോ തുടങ്ങിയ നാടുകൾ പരിസ്ഥിതി ആഘാതത്തിൽ‍ നിന്നും പടികയറുവാൻ വിവിധ സമര രൂപങ്ങൾ കണ്ടെത്തുവാനുള്ള പരീക്ഷണങ്ങളിലാണ്. (അതേസമയം ആമസോൺ കാടുകളെ സ്വകാര്യവൽ‍കരിച്ച് സംരക്ഷിക്കാം എന്ന ലോക ബാങ്ക് പദ്ധതിയെ സർക്കാർ എതിർക്കുന്നില്ല.) മഞ്ഞുരുക്കത്താലും ഭൂഭ്രംശത്താലും വൻ പ്രതിസന്ധി നേരിടുന്ന നേപ്പാളും മറ്റു ഹിമാലയൻ നിരകളും മാലി പോലെയുള്ള ദ്വീപു സമൂഹങ്ങളും താപന വിഷയത്തെ ഗൗരവതരമായി കാണുന്നു. എന്നാൽ നമ്മുടെ ഇന്ത്യൻ സർക്കാരുകളും അതിന്‍റെ ഭാഗമായ ഉദ്യോഗസ്ഥ −ജുഡീഷ്യറി സംവിധാനവും അവരെ നയിക്കുന്ന രാഷ്ട്രീയലോകവും പരിസ്ഥിതി വിഷയത്തിൽ‍ ഉത്തരവാദിത്വപരമായി ഉയർ‍ന്ന നിലയിലേക്ക് എത്തിച്ചേരുന്നില്ല. കോടതികൾ പോലും കേവല നിയമത്തിന്‍റെ ലോകത്തു നിന്നും വിഷയങ്ങളെ നോക്കികാണുന്നു. ആഗോളവൽ‍കരണത്തിൽ‍ മുഴങ്ങി കേൾ‍ക്കുന്നതെല്ലാം പുതിയ സംരഭങ്ങൾ‍ക്ക് എല്ലാതരത്തിലും ഉള്ള അനുവാദം നിമിഷങ്ങൾക്കകം നല്‍കി വികസനം സാധ്യമാക്കലിനെ വികസന മാതൃകയായി കാണുന്നതിനെ ചുറ്റിപറ്റിയാണ്. കഴിഞ്ഞ മൻ‍മോഹൻ സർക്‍കാരിന്‍റെ രണ്ടാം വരവിൽ‍ പ്രകൃതി ആഘാതം വരുത്താവുന്ന പദ്ധതികളിൽ അനുവാദം നല്‍കാതിരുന്നവ മൂന്നു ശതമാനത്തിനു മാത്രം. അതിലും അപകടകരമായ നിലയിലേക്ക് പുതിയ കേന്ദ്രസർക്കാർ പോയിക്കൊണ്ടിരിക്കുന്നു. ഹരിത ട്രൈബ്യൂണൽ തന്നെ വേണ്ടതില്ല എന്ന തീരുമാനത്തിലാണ് സർക്കാർ‍. കോടതി ഹരിത ട്രൈബ്യൂണൽ‍ അതിരു കടക്കരുത് എന്ന് ഒരിക്കൽ‍ നിർദേശം നൽ‍കുവാൻ മടിച്ചില്ല. നമ്മുടെ നദികൾ, പ്രത്യേകിച്ച് പുണ്യ നദികൾ എന്ന് പറയുന്നവ തന്നെ, നേരിടുന്ന തകർച്ചയെ പരിഗണിക്കുവാൻ‍ അധികാരികൾ തയ്യാറല്ല. ഏറ്റവും അവസാനം ജീവന കലയിലൂടെ സമൂഹത്തിൽ‍ മാറ്റങ്ങൾ ഉണ്ടാക്കാം എന്ന വാദം ഉയർത്തി സാന്പത്തിക സാമ്രാജ്യം തീർക്കുന്ന തെക്കേ ഇന്ത്യക്കാരനായ ഒരു ആശ്രമവാസിയുടെ യമുനാതീരത്തെ കൈയേറ്റത്തിനെതിരെ ഹരിത ട്രൈബൂണൽ‍ കോടികൾ‍ ശിക്ഷ വിധിച്ചിട്ടും അതേ പരിസരത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ പ്രധാനമന്ത്രിക്ക് ഒരു വൈമനസ്യവും ഉണ്ടാകത്തതിൽ നിന്നും നമ്മുടെ രാഷ്ട്രീയ നേതൃത്വം ചെന്നുപെട്ട പ്രകൃതി സംരക്ഷണ വിഷയത്തിലെ നിരക്ഷരത ബോധ്യപെടും.

ഇന്ത്യയിലെ ശ്രദ്ധേയമായ പാരിസ്ഥിതി സമരങ്ങൾ‍ നടന്ന ഒരു നാടെന്ന ചരിത്രമുള്ള കേരളം അതിന്‍റെ പ്രകൃതി ഘടനകൊണ്ടുതന്നെ പ്രത്യേകമായ സുരക്ഷിതത്വം ആഗ്രഹിക്കുന്നുണ്ട്. ചരിവ് കൂടിയ, വീതി കുറവുള്ള, ചെറുതും വേഗത്തിൽ ഒഴുകുന്നതും മത്സ്യ സന്പത്തു കൊണ്ട് ശ്രദ്ധേയമായതും വറ്റാത്തതുമായ നിരവധി നദികളും കായലുകളുമുള്ള നാടിന്‍റെ മലനിരകൾ പശ്ചിമഘട്ടത്താൽ‍ സന്പന്നമാണ്. ഇവയുടെ അനുഗ്രഹത്താൽ പ്രകൃതിരമണീയമായ നമ്മുടെ നാട് വളരുവാൻ കണ്ടെത്തിയ മാർഗ്ഗങ്ങൾ മുകളിൽ പറഞ്ഞ പ്രകൃതിവിഭാങ്ങൾ‍ക്ക് വൻനാശം വരുത്തികൊണ്ടാണെന്നത് വലിയ വിരോധാഭാസമായി അവശേഷിക്കുന്നു. ആണവനിലയങ്ങൾ നാട്ടിൽ വരുന്നതിനെ തടയിട്ട നമ്മുടെ നാട്, സയലന്റ്്വാലീ സംരക്ഷണത്തിൽ വിജയം കണ്ട നാട്, എന്നാൽ ഇതിൽ നിന്നും പാഠങ്ങൾ പഠിച്ചില്ല എന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിക്കുന്നു. നമ്മുടെ ചുരുക്കം രാഷ്ട്രീയ പാർട്‍ടികളെയും അതിലെ ചില വ്യക്തികളെയും മാറ്റി നിർ‍ത്തിയാൽ‍ മറ്റെല്ലാവരും പ്രകൃതി സംരക്ഷണ വിഷയത്തിൽ ഏറ്റവും അപകടകരമായ നിലപാടിലാണ്. ഗാഡ്ഗിൽ വിഷയത്തിൽ ഒട്ടുമിക്ക രാഷ്ട്രീയക്കാരും ഒരു ചേരിയിൽ നിന്ന് ഗാഡ്ഗിലിനു പകരം കസ്തൂരി രംഗൻ എന്ന വാദം ഉയർ‍ത്തി. അവിടെ നിന്നും ഉമ്മൻ സമിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചു. മലനിരകളിലെ ജനങ്ങളിൽ തെറ്റിദ്ധാരണകൾ പരത്തി മുഴുവൻ മത−രാഷ്ട്രീയ നേതൃത്വവും പ്രകൃതിയുടെ അതിരുകളില്ലാത്ത നാശത്തിനു കാരണമായ ഖനന ലോബികളുടെയും ടുറിസം− മറ്റു കച്ചവട തൽ‍പ്പരരുടെയും ആഗ്രഹങ്ങൾക്കായി അക്രമസമരങ്ങൾ നടത്തി. പശ്ചിമഘട്ടതിനെതിരായി ഏറ്റവും അപടകരമായ നിലപാടുകൾ‍ എടുക്കുന്നവർ തമ്മിലുള്ള രാഷ്ട്രീയയുദ്ധമായി തിരഞ്ഞെടുപ്പു മാറി. ഇതിന്‍റെ തുടർ‍ച്ചയായി ആതിരപള്ളി− വാഴച്ചാൽ പദ്ധതി നടപ്പിലാക്കുവാൻ വീണ്ടും സജീവമായ ചർച്ചക്ക് CPI-Mക്യാന്പുകൾ‍ നേതൃത്വം കൊടുക്കുന്നു. 166 MW മാത്രം ശേഷിയുള്ള ഈ പദ്ധതി ഷോളയാർ ‍‍−പറന്പിക്കുളം കാടുകളെയും അവയിലെ ജീവികളെയും ചാലക്കുടി പുഴയിലെ അത്യപൂർവ്വ മത്സ്യങ്ങളെയും പ്രതിസന്ധിയിലാക്കും എന്ന കാര്യത്തിൽ CPI(M)എന്ന വലിയ പാർ‍ട്ടിക്ക് ഉൽക്കണ്ഠയില്ലാത്തത് വലിയ ദുരന്തമാണ്. കേരളത്തിലെ വീടുകളിൽ ഇന്നുപയോഗിക്കുന്ന സാധാ ബൾബുകൾക്ക് പകരം LED ബൾബുകൾ ഉപയോഗിച്ചാൽ തന്നെ പ്രസ്തുത പദ്ധതിയിൽ‍ നിന്നും പ്രതീക്ഷിക്കുന്ന വൈദ്യുതിയുടെ അളവിലും ഏഴ് ഇരട്ടി ഊർജ്ജം കണ്ടെത്തുവാൻ കഴിയും. പക്ഷെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക്‌ ഇത്തരം കാര്യങ്ങളെക്കാൾ വൻകിട നിർ‍മ്മാണത്തിനു പിന്നിലെ താൽപര്യങ്ങളുടെ അടിസ്ഥാനം എന്തെന്ന് മനസ്സിലാക്കാവുന്നതാണ്.

കേരളത്തിന്‍റെ മണ്ണിൽ പെയ്തിറങ്ങുന്ന മഴയെ പിടച്ചു നിർത്തുന്നതിൽ വൻ പങ്കാളിത്തം വഹിക്കുന്ന നെൽപാടങ്ങൾ ചുരുങ്ങി വരുന്നതിൽ ഇടതു വലതു കക്ഷികൾ വ്യാകുലരായിരുന്നില്ല. അതിന്‍റെ സേവനം നെല്ല്‍ ഉത്പാദനം മാത്രമല്ല എന്നും സൂക്ഷ്മ ജീവികളുടെ ആവാസവും ഭൂഗർ‍ഭജല വിതാനവും ഒക്കെ ഇവരുടെ സാനിധ്യത്താൽ നിയന്ത്രിക്കപ്പെടുന്നു എന്ന് പലരും മനഃപൂർവം മറക്കുന്നു. അങ്ങനെ നെൽ വയലുകളുടെ വ്യാപ്തി എട്ട് ലക്ഷം ഹെക്ടറിൽ നിന്നും രണ്ട് ലക്ഷത്തിനും താഴെയായി കുറഞ്ഞു. ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ ഇടതുപക്ഷ പക്ഷ സർക്കാർ വിശിഷ്യ CPI എന്ന പാർട്ടിയുടെ താൽ‍പര്യത്തിൽ പാസാക്കി എടുത്ത നീർ‍ത്തട സംരക്ഷണ നിയമം ഒരു പരിധിവരെ നിലവിലുള്ള വയലുകളും അനുബന്ധഭൂമിയും നിലനിർത്തുന്നതിൽ‍ സഹായകരമായിരുന്നു. എന്നാൽ ഇടതുപക്ഷത്തെ ചിലരെങ്കിലും ഈ തീരുമാനത്തെ തള്ളിപറയുവാൻ മറ്റു വാദങ്ങൾ‍ ഉയർത്താതിരുന്നില്ല. തെങ്ങിന്‍ മുകളിൽ‍ വികസനം വരുമോ എന്ന് ചോദിച്ച മന്ത്രിയും ഭൂപരിഷ്കരണം തെറ്റായ തീരുമാനമായിരുന്നു എന്ന് പരസ്യമായി പറഞ്ഞ വ്യവസായ സെക്രട്ടറിയും അന്നത്തെ സർക്കാരിന്‍റെ കൂടി ശബ്ദമായിരുന്നു. 2008ലെ നീർത്തടസംരക്ഷണ നിയമം അട്ടിമറിക്കുവാൻ അന്നു തന്നെ തുടങ്ങിയ ശ്രമങ്ങൾ‍ക്ക് പൂർണ്ണത നേടുവാൻ നിലവിലെ സർക്കാരിനു കഴിഞ്ഞു. അതിൽ ശക്തമായ പ്രതിഷേധം ഉയർത്തുവാൻ‍ പ്രതിപക്ഷ പാർട്ടികൾ ഉണ്ടായിരുന്നില്ല. അത്തരം ശ്രമത്തിന്‍റെ തുടർച്ചയാണ് കുട്ടനാട്ടിലെ വലിയ പാടശേഖരമായ മെത്രാൻ കായൽ നികത്തുവാനുള്ള തീരുമാനം. ഇത്തരം 350നടുത്ത അപകടകരമായ തീരുമാനങ്ങൾ‍ എടുത്തുകൊണ്ടാണ് യു.ഡി.എഫ് സർക്കാർ അവരുടെ അവസാനകാലത്തെ ക്യാബിനറ്റു പിരിഞ്ഞത്.

കേരളം വേനലിൽ ചുട്ടു പൊള്ളുന്പോൾ‍, കുടിവെള്ളം ഇല്ലാതെ, പുതിയ രോഗങ്ങളിൽ കുടുങ്ങി, സൂര്യാഘതങ്ങൾ നിത്യ വാർ‍ത്തകളാകുന്പോൾ നമ്മുടെ രാഷ്ട്രീയം പ്രകൃതിയെ മറക്കുന്നു എന്നാണെങ്കിൽ ആ രാഷ്ട്രീയം നമ്മുടെ രക്ഷകനല്ല ശിക്ഷകനാണ്. അത്തരം രാഷ്ട്രീയം നാടിന്‍റെ ചരമ ഗീതം കുറിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

You might also like

Most Viewed