ഇവർ ഭീരുക്കൾ...

ചരിത്രം രചിക്കുന്നത് യുവജനങ്ങളാണ് എന്നത് ചിലരെയെങ്കിലും അസ്വസ്തമാക്കാറുണ്ട്. ലോകത്തെ പിടിച്ചു കുലുക്കിയ പ്രധാന ചരിത്ര സംഭവങ്ങളിലും പങ്കാളികളായിട്ടുള്ളത് വിദ്യാർത്ഥികളാണ് ‘റഷ്യൻ വിപ്ലവത്തിന്റ തുടക്കത്തിന് സെന്റ് പീറ്റേഴ്സ് ബർഗ് യൂണിവേഴ്സിറ്റിയും പങ്കാളിയായത് അവിചാരിതമല്ല. വർണ്ണവെറിക്കെതിരെ തെക്കേ ആഫ്രിക്കയിൽ നെൽസൻ മണ്ടേലയും സുഹൃത്തുകളും കോളേജ് കാന്പസ്സിനെ സമരമുഖമാക്കി. ഒരു സമൂഹത്തിലെ വിപ്ലവകരമായി ചിന്തിക്കുന്നവർ യുവജനതയായതിനാൽ വിമോചന സമരങ്ങൾ അവരുടെ ഇടയിൽ ആദ്യം വളർന്നു വരും. ഭരണകൂടങ്ങൾ വിദ്യാർത്ഥികളെയും യുവജന ങ്ങളെയും എക്കാലവും ഭയപ്പെടുന്നത് ഇതുകാരണമാണ്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങൾ വളർന്നു വികസിച്ചതും അതിനും മുന്പ് നവോത്ഥാന മുന്നേറ്റങ്ങൾ സാമൂഹിക ശീലങ്ങളെ മാറ്റി എഴുതിയതും ആധുനിക വിദ്യാഭ്യാസത്തിന്റെ സ്വാധീനം ലഭിച്ചവരിൽ നിന്നായിരുന്നു. ഗോഖലെ തന്റെ ഇന്ത്യൻ സാന്പത്തിക വീക്ഷണങ്ങൾ പുതു തലമുറയുടെ ഇടയിൽ അവതരിപ്പിച്ച്, ഇന്ത്യ പരാശ്രയത്തിലാണെന്ന വികാരം ഗാന്ധിജി ഉൾപ്പെടുന്ന ഇംഗ്ലീഷ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഇടയിൽ സ്ഥാപിക്കുന്നതിൽ വിജയിച്ചു. ഇന്ത്യയിൽ മടങ്ങി എത്തിയ ഗാന്ധിജി നീലം സമരത്തിനു ശേഷം നടത്തിയ എല്ലാ ഇടപെടലിലും വിദ്യാർത്ഥികളെയും യുവജനങ്ങളെയും പങ്കാളികളാക്കി. നിസ്സഹകരണ പ്രസ്ഥാനവും പിന്നീട് നിയമ ലംഘന പ്രസ്ഥാനവും പൂർണ്ണ സ്വരാജ്, ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങളും ശ്രദ്ധ നേടുന്നതിൽ പഠിപ്പു ബഹിഷ്കരണം ഒരു പ്രധാന പങ്കുവഹിച്ചു.
ഇന്ത്യയുടെ പ്രധമ പ്രധാനമന്ത്രി യുവജനങ്ങളെ വല്ലാതെ രാഷ്ട്ര വിഷയങ്ങളിൽ പങ്കാളികളാക്കുവാൻ ശ്രമിച്ചു. എന്നാൽ ഇന്ദിരയും പിന്നീട് അധികാരത്തിലെത്തിയവരും യുവജനങ്ങളുടെ സമരവീര്യത്തിന്റെ കാഠിന്യം മനസ്സിലാക്കിയവരാണ്. ഇന്ദിരയുടെ അഴിമതിക്കും തേർവാഴ്ച്ചക്കുമെതിരെ ജയപ്രകാശ് നാരായണൻ നേതൃത്വം കൊടുത്ത സമരങ്ങളിൽ പാറ്റ്ന യുണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായിരുന്ന ലല്ലു പ്രസാദും നിതീഷ് കുമാറും നേതൃത്വ നിരയിൽ പങ്കാളികളായി.
ഐക്യകേരളം എന്ന മുദ്രാവാക്യമുയർത്തി തിരുവിതാംകൂറിൽ നടന്ന സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ കുതിര പട്ടാളത്തെ വിട്ട് അടിച്ചമർത്തിയപ്പോൾ രക്തസാക്ഷിയായ രാജേന്ദ്രൻ എന്ന വിദ്യാർത്ഥിയുടെ സ്മരണ ഇന്നും സമരക്കാർക്ക് ആവേശമാണ്. അടിയന്തിരാവസ്ഥയുടെ വൻ അടിച്ചമർത്തലുകളെ ചെറുത്തു തോൽപ്പിക്കുവാൻ സമരം നയിച്ചതിന്റെ പേരിൽ രക്തസാക്ഷികളായ രാജനും വിജയനും ബാലകൃഷ്ണനും ചെറുപ്പക്കാരായിരുന്നു. കേരളത്തിലെ EMSമന്ത്രിസഭയെ രാജിവെപ്പിക്കാനായുള്ള നാലണ സമരം നടത്തിയ എം.എ ജോണും ആൻ്റണിയും രാഷ്ടീയത്തിൽ സാമുദായിക വർഗ്ഗീയതക്കുള്ള സാധ്യതകൾക്ക് പുതിയ അവസരമൊരുക്കി. ഒട്ടുമിക്ക രാഷ്ടീയ നേതൃത്വവും തങ്ങളുടെ രാഷ്ടീയ ദല്ലാളന്മാരെ വളർത്തി എടുക്കുവാനും വിദ്യാലയ രാഷ്ട്രീയത്തെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്.
ആഗോളവൽക്കരണ കാലത്ത് യുവജനങ്ങളും ഒപ്പം വിദ്യാർത്ഥികളും ഒരേ സമയം സാങ്കേതിക പരിജ്ഞാനത്തിന്റെ സ്വാധീനത്തിലും ഒപ്പം വിദ്യാഭ്യാസ ലോകത്തെ കച്ചവടവും Jobless growthഉം സൃഷ്ടിക്കുന്ന പ്രതിസന്ധിയിലുമാണ്. വിദ്യാഭ്യാസം േസ്റ്ററ്റിന്റെ ചുമതലയിൽ നിന്നും വ്യക്തിയുടെ ഉത്തരവാദിത്തമായി മാറി. സാമൂഹിക സുരക്ഷിതത്വങ്ങൾ ഇല്ലാതായി. സർക്കാർ തൊഴിൽ ദാതാവല്ലാതായി ചുരുങ്ങുന്നു. ഈ അവസരത്തിൽ ലോകത്താകെ ഉയർന്നു വരുവാൻ സാധ്യതയുള്ള സമരങ്ങളെ ഒന്നൊന്നായി അട്ടിമറിക്കുവാനുളള പദ്ധതികൾ സർക്കാരും കോർപ്പറേറ്റുകളും ആസൂത്രണം ചെയ്തു വരുന്നു. സമരങ്ങൾ ഒന്നൊന്നായി ഇല്ലാതാകണമെന്ന് സർക്കാരും കോടതിയും ജനങ്ങളെ താക്കീതു ചെയ്യാറുണ്ട്. മൊത്തത്തിൽ വിദ്യാഭ്യാസമേഖലയിൽ നിന്നും സമരങ്ങൾ പടിയിറങ്ങി കഴിഞ്ഞു. എല്ലാ മേഖലയും എന്നപോലെ ഇവിടെയും സമരങ്ങൾ പഴയ ചരിത്രം ആവർത്തിക്കുന്നില്ല. അങ്ങനെ വിമർശനങ്ങൾ ഉയർന്നു വരുന്ന ഇടങ്ങളെല്ലാം സമരരഹിത ഇടങ്ങളാക്കുന്നു.
ഇന്ത്യയുടെ ആധുനിക വിദ്യാലയങ്ങൾ എല്ലാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നതാണ്. ബ്രിട്ടീഷുകാരുടെ മാമൂലുകളെ ലംഘിച്ചു സമരം നടത്തിയ ഇത്തരം വിദ്യാലയങ്ങൾ നാടിന്‍റെ പൂർണ്ണ സ്വരാജ് എന്ന ആശയങ്ങളെ മനസ്സിലാക്കി മുന്നേറി. ബ്രിട്ടീഷ് വിരുദ്ധ സമരത്തിനൊപ്പം ലോകത്തിലെ രാഷ്ട്രീയ സംഭവങ്ങളെ മനസ്സിലാക്കുവാനും അന്ന് ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടായി. ഈ നിലപാടുകൾ പുതിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കുവാൻ സഹായകരമായി പ്രവർത്തിച്ചു. ലോകത്ത് വിവധ ഭാഗങ്ങളിൽ ഉണ്ടായ സമരങ്ങളിൽ എല്ലാം (ചെക്ലോസാവാക്യ (68) വിയറ്റ്നാം (75) ടിയാൻമെൻ സ്ക്വയർ (89) ശക്തമായി നിലപാടുകൾ എടുത്തിരുന്ന വിദ്യാർത്ഥി സമൂഹം പൊതു വിപ്ലവ വിഷയങ്ങളിൽ ഉദാസീനരായി എന്ന് പറയേണ്ടി വരുന്നു. അത് നമ്മുടെ വിദ്യാർത്‍ഥി പ്രസ്ഥാനങ്ങളെയും ബാധിച്ചു എന്നതാണ് ശരി. ഒരു സമൂഹം പുരോഗമന ആശയങ്ങളാൽ സജീവമാകുന്പോൾ അവിടെ അത്തരം നിലപാടുകളുമായി യുവതലമുറ മുന്നിലുണ്ടാകും. എന്നാൽ സമൂഹത്തെ വിഭാഗീയത കീഴടക്കിയാൽ ഇതേ യുവത്വം വളരെ അപകടകരമായി പ്രവർത്തിക്കും.
ഫാസിസം ഒരു സമൂഹത്തെ കീഴടക്കുവാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്പോൾ ആദ്യമായി അവർ മെരുക്കി എടുക്കുവാൻ നോക്കുക പുതു തലമുറയെ ആയിരിക്കും. ആഗോളവൽക്കരണം ആഗ്രഹിക്കുന്നപോലെ മത-−വർണ്ണ-വംശ ബോധത്തെ പ്രകീർത്തിക്കുന്ന ഭരണം എപ്പോഴും വിദ്യാർത്ഥികളെ അരാഷ്രീയവൽക്കരിക്കും.വിദ്യാഭ്യാസത്തെ കച്ചവട വൽക്കരിക്കുന്നതിനിവർ ഒറ്റകെട്ടായി അണിനിരക്കും. വിദ്യാഭ്യാസത്തിന്‍റെ ഉള്ളടക്കത്തെയും അദ്ധ്യാപക നേതൃത്വത്തെയും ഇക്കൂട്ടർ സ്പോൺസർ ചെയ്യും. ഹിറ്റ്ലർ അധികാരത്തിൽ എത്തിയശേഷം ജർമ്മൻ പാഠപുസ്തകങ്ങളിൽ ജൂതവിരുദ്ധ പരാമർശങ്ങൾ ഉൾപ്പെടുത്തി. ആര്യസമൂഹത്തെ മുഖ്യ സാമൂഹിക സംസ്കാരമായി വ്യാഖ്യാനിച്ചു. ജർമ്മൻ സർവ്വകലാശാലകളെ തന്‍റെ പക്ഷത്തുള്ളവരെ കൊണ്ട് നിറച്ചു. ഹൈഡൻബർഗ് എന്ന അതി പ്രശസ്ത സർവ്വകലാശാലയിലെ പ്രമുഖരെ പുറത്താക്കി. ഫാസിസത്തെ ആരാധിക്കുന്നവരുടെ കൈകളിലേയ്ക്ക് സർവ്വകലാശാല കൈമാറി. വിദ്യാഭ്യാസം മാനവികതയിൽ ഉറച്ചുനിന്നുജനപക്ഷ വിഷയങ്ങളിൽ പുരോഗമന നിലപാടുകൾ അംഗീകരിക്കണം എന്ന അഭിപ്രായപ്പെട്ടവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുവാൻ ഹിറ്റ്ലർ മറന്നില്ല. കാൾ യാസർപിൻ എന്ന പുരോഗമന പക്ഷക്കാരനെ പുറത്താക്കി. ഹിറ്റ്ലറുടെ അപദാനം പാടി നടന്ന, യുദ്ധ കൊതിയനായിരുന്ന സ്മിതെ ഹെന്നറെ സർവ്വകലാശാലയുടെ ഉന്നത സ്ഥാനത്തെത്തിച്ചു. ഇതിനു സമാനമായ സംഭവങ്ങൾ ഇന്ത്യയിൽ നടക്കുന്നു എന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.
നമ്മുടെ രാജ്യം സെക്യുലർ ആണെന്ന് പറഞ്ഞു വരുന്നെങ്കിലും, രാഷ്ട്രീയ നേതൃത്വം മത നേതൃത്വങ്ങൾക്കും അന്തവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും കീഴടങ്ങിയ നിരവധി സംഭവങ്ങൾ ഉണ്ട്. എന്നാൽ നമ്മുടെ വിദ്യാലയ അന്തരീക്ഷം, ഉന്നത വിദ്യാലയങ്ങൾ, ഗവേഷണ സ്ഥാപങ്ങനൾ, ചരിത്രം പഠനവേദികൾ, കലാകേന്ദ്രങ്ങൾ എല്ലാം സെക്യുലർ ആശയങ്ങളാൽ നിയന്ത്രിതമായിരുന്നു. ഇവയുടെ നേതൃത്വങ്ങൾ പുരോഗമന ആശയക്കാർ അലങ്കരിച്ചു. എന്നാൽ ഇന്ത്യൻ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത തരത്തിൽ സവർണ്ണ ഹൈന്ദവ വാദികളും പുരാണങ്ങൾ ലോക ശാസ്ത്രത്തിന്‍റെ അടിത്തറയാണെന്നും പറഞ്ഞുവന്നവരും ഇന്ത്യൻ ചരിത്ര സമ്മേളന വേദികളെ ഹൈന്ദവ കഥകൾ പ്രചരിപ്പിക്കുന്ന കേവല വേദികളാക്കി. കൗരവർ െസ്റ്റം സെൽ സാങ്കേതികതയിലൂടെ ജന്മം കൊണ്ടാതാണെന്നും ഗണപതി organ transplantation ശ്രമത്തിലൂടെ ഉണ്ടായതാണെന്നും ശാസ്ത്ര വേദികളിൽനിന്നും കേൾക്കേണ്ടി വന്നു എന്നത് ഇന്ത്യ എത്തപ്പെട്ട സാംസ്‌കാരിക അപചയത്തിന്‍റെ അപകടം വിളിച്ചറിയിക്കുന്നു. ലോകത്തെ പ്രധാന ചരിത്ര സമ്മേളനമായി കരുതുന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസ്സിലാണ് ഇത്തരം വിവാദങ്ങൾ മുഴങ്ങിയത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ ഏറ്റവും പ്രധാന ചലച്ചിത്ര പഠനകേന്ദ്രമാണ്. അവിടെ സത്യചിത്ര റോയ് മുതൽ ഘട്ടക്കും അടൂരും അരവിന്ദനും ഒക്കെ അവരുടെ സാന്നിദ്ധ്യം അറിയിച്ച ഇടമാണ്. മാത്രവുമല്ല ഇന്ത്യൻ സിനിമ കച്ചവട കേന്ദ്രങ്ങളായി പ്രവത്തിക്കന്പോഴും ചലച്ചിത്രപഠന കേന്ദ്രം ഉന്നത സാമൂഹിക മൂല്യങ്ങളോടെ നിലനിന്നു വന്നു. ബാബറി മസ്ജീദ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായപ്പോഴും വർഗ്ഗീയ സംഘർഷങ്ങൾ ഉണ്ടായ അവസങ്ങളിലും സെക്യുലർ ആശയങ്ങളിൽ അടിയുറച്ചു നിൽക്കുവാൻ എല്ലാ ദേശിയ സാംസ്‌കാരിക നിലയങ്ങളും വിജയിച്ചിരുന്നു. എന്നാൽ ഇത്തരം സ്ഥാപനങ്ങളെ ഇന്നു നിയന്ത്രിക്കുന്നത് കലയെ കച്ചവടമാത്ര വിഷയവും അവയെ വർഗ്ഗീയ വിഭജനത്തിന് ഉപയോഗപ്പെടുത്തിയ ചരിത്രമുള്ളവരുമാണ്. ഇത്തരം അപകടമായ പ്രവണതകൾക്കെതിരെ സമരവുമായി രംഗത്ത് വന്ന വിദ്യാർത്ഥികളെയും കലാകാരന്മാരെയും ദേശീയ ദ്രോഹികളായി കാണുവാനാണ് കേന്ദ്ര സർക്കാരും ആർ.എസ്.എസ് ഉൾപെടുന്നവരും തയ്യാറായത്. പൂനെ ഫിലിം സമരത്തെ പൂർണ്ണമായും അവഗണിച്ച് കേവല സീരിയൽ നടനായി പ്രവർത്തിച്ച ഗജേന്ദ്ര ചൗഹാനെ തലപ്പത്തുതുടരുവാൻ സർക്കാർ വേണ്ടതെല്ലാം ചെയ്തു വരുന്നു. കേന്ദ്രവിദ്യാഭ്യാസമന്ത്രി തന്നെ സീരിയൽ നടിയാണ് എന്ന അവസ്ഥ നാടിനു വരുത്തി വെയ്ക്കുന്ന അപഹാസ്യത ചെറുതല്ല.
നമ്മുടെ ഉന്നത വിദ്യാലയങ്ങൾ പോലും ജാതി വിവേചനത്തിന്‍റെ ഇടങ്ങളാണ്. അതിന്‍റെ ഭാഗമായാണ് ഹൈദരാബാദ് സർവ്വകലാശാലയിൽ കേന്ദ്ര മന്ത്രിമാർ എ.ബി.വി.പിയുടെ ഇഷ്ടാനുസരണം ഇടപെട്ടതും അത് ഒരു ഗവേഷണ വിദ്യാർത്ഥിയുടെ ആത്മഹത്യയിലേയ്ക്ക് വരെ കാര്യങ്ങളെ എത്തിച്ചതും. രാജ്യത്തു നിലനിൽക്കുന്ന ബ്രഹ്മനിക്കൽ അധീശത്ത ബോധം ഇത്തരം നിരവധി ദുരന്തങ്ങൾ കഴിഞ്ഞ നാളുകളിലും ഇവിടെ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. മണ്ധൽ വിരുദ്ധ പ്രക്ഷോഭം നടത്തിയ സവർണ്ണ രാഷ്രീയ വിദ്യാർത്‍ഥികൾ ഇന്ത്യൻ വിദ്യാഭ്യാസത്തിലെ കറുത്ത ആശയക്കാരാണെന്ന് പറയാതെ തരമില്ല. അവരുടെ ജാതി ബോധം ഇന്നു ദേശീയ തരത്തിൽ അംഗീകരിച്ചു കൊടുക്കുവാൻ ഒരു ദേശീയ സർക്കാർ ഉള്ളത് അവരുടെ നിലപാടുകൾക്ക് ശക്തി കൂട്ടുന്നു. അതുവഴി ഇന്ത്യയിലെ പല വിദ്യാലയങ്ങളിലും മനു വാദികൾ പഴയതിലും ശക്തി പുറത്തെടുക്കുവാൻ ശ്രമിക്കുന്നുണ്ട്.
കേന്ദ്ര യൂണിവേഴ്‍സിറ്റികളിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന സ്ഥാപനമാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി. അടിയന്തിരാവസ്ഥക്കെതിരായ സമരത്തിൽ വളരെ ശ്രദ്ധേയമായ സമരചരിത്രം രചിച്ച ഈ സ്ഥാപനം ജാദപൂർ ഹൈദ്രാബാദ്-തുടങ്ങിയ സർവ്വകലാശാലകൾക്കും കൂടി പ്രചോദനമായി നിലനിൽക്കുന്നു. പഠന വിഷയങ്ങളിലും ദേശീയ−അന്തർ ദേശിയ വിഷയങ്ങളിലും നിരന്തരം ഇടപെടുവാൻ ഇവിടുത്തെ വിദ്യാർത്ഥികൾ അസാമാന്യ കഴിവ് തെളിയിച്ചിട്ടുണ്ട്. റോമില താപ്പറെ പോലെയുള്ള അതി പ്രശസ്തരുടെ സാന്നിദ്ധ്യം സ്ഥാപനത്തെ കൂടുതൽ സെക്യുലറും ഇടതു ചിന്താ ധാരയിലേക്കും എത്തിച്ചു. സർവ്വകലാശാല ഡൽഹിയുടെ വലതുപക്ഷ−രാഷ്രീയത്തിനൊരിക്കലും ഇടം നൽകിയില്ല. എന്നു മാത്രമല്ല അവിടെ രാജ്യത്തു നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരായി ശക്തമായി പ്രവർത്തിക്കുന്ന ഒരു സാംസ്‌കാരിക നിലയമായി അറിയപെട്ടു. ഇത് ഏറ്റവും അസ്വസ്ഥത ഉണ്ടാക്കിയത് ഹൈന്ദവ രാഷ്ട്രീയക്കാർക്കാകുക സ്വാഭാവികമാണ്. പുരോഗമന ആശയങ്ങൾക്ക് മുനതൂക്കമുള്ള ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ തൂക്കികൊലയെ എന്നും അപലപിച്ചു വന്നവരാണ്. അതിനെതിരായി നിരവധി പരിപാടികൾ അവർ കഴിഞ്ഞ കാലങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്.
കാശ്മീരിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നടന്നു വരുന്ന ഭരണഭീകരതക്കെതിരെ ശക്തമായ പ്രതിക്ഷേധങ്ങൾ കാന്പസുകളിൽ നിന്നും ഉയർന്നുവരാറുണ്ട്. അതുകൊണ്ടുതന്നെ അഫ്സൽഗുരുവിന്‍റെ തൂക്കികൊലയെ ദേശിയതയുടെ വിജയകരമായ പ്രവർത്തനമായി നോക്കി കാണുവാൻ ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ ഒരവസരത്തിലും തയ്യാറായിരുന്നില്ല. മാത്രവുമല്ല തൂക്കികൊലക്കു വിധേയരായവരെ സ്മരിക്കുവാൻ നടത്തിയ പരിപാടികളെ രാജ്യദ്രോഹപരമായി കാണുവാൻ നമ്മുടെ നിയമം അനുശാസിക്കുന്നില്ല. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോട്സെയ്ക്കായി സ്മാരകം പണിയുന്നതും അയാളുടെ തൂക്കികൊല നടന്ന ദിനത്തെ ബലിദാനവുമായി ആചരിക്കുവാനും മോഡിയുടെ നാട്ടിലെ ബി.ജെ.പി, ആർ.എസ്.എസ് സുഹൃത്തുക്കൾ തയ്യാറാകുന്നതിനെ അപകടമായി കാണാത്തവർ, ജെ.എൻ.യുവിൽ നടന്നെന്ന് പറയുന്ന പാർലമെന്റ് ആക്രമണ കേസ്സിൽപ്പെട്ട് തൂക്കിലേറ്റിയ അഫ്സൽ ഗുരു സ്മരണയെ എങ്ങനെയാണ് രാജ്യദ്രോഹമായി കാണുക. മാത്രവുമല്ല ബി.ജെ.പിയുടെ സഖ്യ കക്ഷിയായി J&Kയിൽ പ്രവർത്തിക്കുന്ന PDP അഫ്സൽ ഗുരുവിന്‍റെ കൊലയെ ദുരന്തമായി അംഗീകരിക്കാത്തവരും കൊലപാതകത്തിൽ പ്രതിക്ഷേധിച്ചവരുമാണ്. അഫ്സലിന്‍റെ ശവശരീരം വിട്ടുകൊടുക്കാത്തതിലേ മനുഷ്യാവകാശ ലംഘനത്തിൽ അവർ പലകുറി പ്രതിക്ഷേധിച്ചിരുന്നു. എന്നാൽ അവിടെ ദേശിയവിരുദ്ധത കാണാത്ത കേന്ദ്ര സർക്കാർ കനയ്യകുമാറിലും ജെ.എൻ.യുവിലും മൊത്തമായും ദേശിയ വിരുദ്ധത കാണുന്നതിന് പിന്നിൽ ഹൈന്ദവതക്കെതിരായ എല്ലാ ശബ്ദങ്ങളെയും അടിച്ചമർത്തുവാനുള്ള ഫാസിസ്റ്റ് ശ്രമമാണെന്ന് നമ്മൾ വിലയിരുത്തേണ്ടതായിട്ടുണ്ട്.