കേരള ബജറ്റ്: സത്യവും മിഥ്യയും


കേരള നാടിന്‍റെ വികസനത്തെപ്പറ്റി സംസ്ഥാന രൂപീകരണത്തിനു മുന്‍പും അതിനുശേഷവും ഉയർ‍ന്നുവന്ന അഭിപ്രായങ്ങളിൽ‍ വ്യക്തമായ രണ്ടിലധികം ധാരകൾ‍ ഉണ്ടായിരുന്നു. അതിൽ‍ പ്രബലമായ ഒരു സമീപനം ഗാന്ധിയൻ ‍നിലപാടുതന്നെ. അതിന്‍റെ അലയൊലികൾ‍ സ്വാതന്ത്ര്യ സമരങ്ങളിൽ‍ ഉയർ‍ന്നുകേട്ടു. ഭൂമിയുടെ ഉടമകൾ‍ കർ‍ഷകരായിരിക്കണം എന്ന കറാച്ചി പ്രമേയം, ഭൂമിയുടെ വികേന്ദ്രീകരണത്തിലൂടെ അതിന്റെ ഉടമസ്ഥാവകാശം സാമാന്യജനങ്ങളിൽ എത്തുന്ന വഴികൾ  ഫ്യൂഢൽ ഘട്ടത്തിൽ നിന്നും മുതലാളിത്തത്തിലേക്കുള്ള പാതതെളിക്കും എന്നത് സാമാന്യ സാമൂഹിക ശാസ്ത്രമാണ്.

എന്നാൽ സ്വാതന്ത്ര്യസമരമുഖങ്ങളിലെ തങ്ങളുടെ പഴയ നിലപാടുകൾ ശരിവെച്ചു കൊണ്ട് കോൺഗ്രസ്സ്പാർട്ടി ആധുനിക മുതലാളിത്ത പാതയിലേക്കുള്ള ഇന്ത്യൻ മുന്നേറ്റത്തെ അത്രകണ്ട് സ്വാഗതം ചെയ്തിരുന്നില്ല. തൊഴിലാളി വർഗ്ഗ അധികാരമുറപ്പിക്കുക മുഖ്യ അജണ്ടയായി സ്വീകരിച്ചിട്ടുള്ള കമ്യൂണിസ്റ്റ് പാർട്ടി അവരുടെ കൽക്കത്താ തീസ്സിസിൽ ആവർത്തിച്ച് പറഞ്ഞിരുന്നതു പോലെ 51 ലെ തെലുങ്കാനസമരം പരാജയപ്പെട്ടു എങ്കിൽ കൂടിയും കേരളത്തിൽ നേടി എടുക്കുവാൻ കഴിഞ്ഞ അവരുടെ 57ലെ രാഷ്ട്രീയ വിജയം ഭൂപരിഷ്കരണം നടപ്പിലാക്കുവാൻ ഉപയോഗപ്പെടുത്തി. എന്നാൽ ജന്മിത്വം അവസാനിപ്പിക്കുക എന്ന കേവലലക്ഷ്യത്തിൽ നിന്നും പുറത്തു കടക്കുവാൻ ഒന്നാം ദേശീയ തെരഞ്ഞെടുപ്പോടെ കരുത്തു നഷ്ടപ്പെട്ട പാർട്ടിക്ക് സമഗ്ര ഭൂപരിഷ്കരണം ഒരു ബാലികേറാമലയായികഴിഞ്ഞിരുന്നു. കൃഷിഭൂമി കൃഷിക്കാരനെന്ന ലക്ഷ്യം 1930 കളിൽ തന്നെ പ്രഖ്യാപിച്ച കോൺഗ്രസ്സ് തത്വത്തിൽ ഭൂപരിഷ്കരണത്തിനെതിരല്ല. എന്നാൽ ഭൂപരിഷ്കരണത്തെ എക്കാലവും എതിർത്തു വന്ന ഹൈന്ദവ രാഷ്ട്രീയം കേരളത്തിലും അതുതന്നെ ആവർത്തിച്ചു. (ഗോൾവാൾക്കർ വ്യക്തമാക്കിയ പോലെ ഭൂപരിഷ്കരണം ഹൈന്ദവ വിരുദ്ധമാണ്.) കേരള വികസന സങ്കൽപ്പങ്ങളിൽ വ്യത്യസ്തത പുലർത്തുന്ന മൂന്ന് രാഷ്ട്രീയ ഗ്രൂപ്പുകൾക്ക് കേരള വികസനത്തെ പറ്റിയും വിഭിന്നങ്ങളായ നിലപാടുകളാണ് ഉണ്ടായിരുന്നത്.

കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ രൂപീകരണം മുതൽ സാമൂഹിക സുരക്ഷ നൽകുവാൻ സർക്കാർ ബാധ്യസ്തരാണെന്ന നിലപാടുകാരായിരുന്നു. കോൺഗ്രസ്സ് ഈ വിഷയത്തിന് എതിരായിരുന്നില്ല. വൻകിട പൊതുമേഖലാ നിക്ഷേപത്തെ ഇരുവരും സ്വപ്നം കണ്ടു. ആധുനിക സാങ്കേതികത വിദ്യാഭ്യാസത്തിലും മറ്റെല്ലാ മേഖലയിലും യൂറോപ്പിനെ (സോവിയറ്റ് മാതൃകക്ക് മുൻഗണന) മാതൃകയാക്കുന്നതിൽ ഇരുവരും ഏറെക്കുറെ സമാനമായിരുന്നു. എന്നാൽ രാജവാഴ്ച്ചയിലും ദിവാൻ ഭരണത്തിലും അനുകൂലനിലപാടുകൾ എടുത്തു വന്നവരാണ് ഇവർ. ആധുനിക കേരളശിൽപിയാണ് സി.പി രാമസ്വാമി എന്നു പോലും ആർ.എസ്.എസ്സുകാർ വ്യക്തമാക്കിയിട്ടുണ്ട്.

ബുദ്ധമതം മുതൽ മിഷനറിമാരുടെയും വിവേകാനന്ദൻ, നാരായണഗുരു തുടങ്ങിയവരുടെ സമീപനങ്ങൾ, അതിന്റെ തുടർച്ചയായി സ്വാതന്ത്ര്യ സമരം, ഗാന്ധിയൻ സോഷ്യലിസ്റ്റ് നിലപാടുകൾ എല്ലാം തന്നെ കേരളത്തെ സാമൂഹിക സുരക്ഷയിൽ വൻമുന്നേറ്റമുണ്ടാക്കുന്ന നാടാക്കി മാറ്റി. അമേരിക്കൻ വരുമാനത്തിന്റെ പത്തിലൊന്നു പോലും വരുമാനമില്ലാത്ത കേരളത്തിലെ ജനങ്ങളുടെ ജീവിത സൂചിക അമേരിക്കക്കാരനടുത്തു വരുന്നു. എന്നാൽ കാർഷിക-പരന്പരാഗത-വ്യവസായമേഖലയുടെ തു
ടർച്ചയായ മുരടിപ്പുകൾ നാടിന്റെ സാന്പത്തിക അടിത്തറയിൽ വിള്ളൽ വീഴ്ത്തി വരുന്നു. അതിന്റെ തീവ്രത വൻ ഭീഷണിയായി തീർന്നത് ആഗോളവൽക്കരണകാലത്താണ്. അതു വ്യക്തമാക്കുവാൻ കഴിയുന്ന ഏറ്റവും ശക്തവും ചുരുക്കം വരികളിൽ വ്യക്തമാക്കാവുന്നതാണ് കേരള സംസ്ഥാനത്തിന്റെ കടബാധ്യതയുടെ ചരിത്രം. 57 മുതൽ 1991 വരെ സംസ്ഥാനത്തെ ആകെ കടം 19500 കോടിയായിരുന്നു. 34വർഷം കൊണ്ട് ഉണ്ടായ കടത്തിന്റെ  8 മടങ്ങു കടത്തിലേയ്ക്ക് നാടെത്തിയത് 25വർഷം കൊണ്ട് എന്നറിയുന്പോൾ ആഗോളവൽക്കരണം എത്ര വലിയ ചതിക്കുഴികളാണ് തീർത്തു വരുന്നത് എന്നു വ്യക്തം.

കേരള വികസനത്തിൽ കമ്യൂണിസ്റ്റുകൾക്കും കോൺഗ്രസ്സുകാർക്കും ഇപ്പോൾ വലിയ വൈരുദ്ധ്യ നിലപാടുകൾ ഇല്ല എന്ന വസ്തുത അംഗീകരിക്കുന്പോഴും ഇടതുപക്ഷസർക്കാർ ബജറ്റുപോലെയുള്ള ദൈനം ദിന വിഷയങ്ങളിൽ സാമാന്യേന മെച്ചപ്പെട്ട നിലപാടുകൾ എടുക്കുന്നുണ്ട് എന്നു പറയാതെ തരമില്ല. ചാണ്ടി സർക്കാരും അതിനുമുന്പ് ഉണ്ടായിരുന്ന വി.എസ് സർക്കാരും തമ്മിൽ താരതമ്യം ചെയ്താൽ അതു ബോധ്യപ്പെടും. ഈ വൈവിദ്ധ്യം കുറേ കൂടി വ്യക്തമാക്കപ്പെടുവാൻ 16-17സംസ്ഥാന ബജറ്റ് അവസരം ഒരുക്കുന്നുണ്ട്.

12ാം പദ്ധതിയുടെ ഭാഗമായ ഇന്നത്തെ കേരള ബജറ്റ് പൊതുവായി ആഗോളവൽക്കരണത്തിന്റെ പിതൃത്വം പേറുന്നവർ എന്ന് അഭിമാനിച്ചു വരുന്ന കോൺഗ്രസ്സിന്റെ സ്വകാര്യവൽക്കരണ തൃഷ്ണയെ പരിപൂർണ്ണമായും പ്രതിഫലിപ്പിക്കുന്നു. മാത്രവുമല്ല വൈകക്തികമായി ജനങ്ങളെ കയ്യിലെടുക്കുവാൻ പലപ്പോഴും ഉപയോഗപ്പെടുത്തുന്ന  തെരുവു പ്രസംഗമായി ബജറ്റ് ചുരുങ്ങുന്നു. ബജറ്റുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന സാന്പത്തിക അവലോകന റിപ്പോർട്ട് നാടിന്റെ തളർച്ചയെ വ്യക്തമാക്കുന്നുണ്ട്. സാന്പത്തികമാന്ദ്യത്തിലും വൻ നിർമ്മാണവും സ്വർണ്ണ-തുണി-വാഹന വ്യാപാരവും നടക്കുന്നത് ഗൾഫിൽ നിന്നെത്തുന്ന 1 ലക്ഷം കോടിക്കടുത്തു വരുന്ന Drafteconomyയിലൂടെയാണ്. ആ പണത്തിന്റെ അനാരോഗ്യ പ്രവണതയായ Consumer Carnival കച്ചവട മേഖലയിൽ കുതിപ്പുണ്ടാക്കിയിട്ടുണ്ട്. ഭൂമിയുടെ ഉയർന്ന ഊഹ വിലപലരുടെ കൈയ്യിലും പണമെത്തിച്ചു. എന്നാൽ ചരക്കു കൈമാറ്റത്തിനായി ജനം ചിലവാക്കുന്ന പണം താൽകാലിക സാന്പത്തിക ഉണ്ണർവ്വ് ഉണ്ടാക്കുമെങ്കിലും അത് വൻ പ്രതിസന്ധിക്ക് ഇടനൽകും. ആഭ്യന്തര വിപണിയിലെ വൻ കൈ മാറ്റങ്ങളെ നികുതിഘടനയുടെ ഭാഗമാക്കുവാൻ സർക്കാർ പരാജയപ്പെടുന്നതിലൂടെ സാമൂഹിക അനീതിപാരമത്യയിലെത്തുന്നു. കേരള വിപണിയിലെ മുഖ്യ വ്യവഹാരമായ വീടുനിർമ്മാണം, സ്വർണ്ണകച്ചവടം, ഗൃഹ ഉപകരണ വ്യാപാരം, വാഹന വിപണി ഇവ മാത്രം പരിശോധിച്ചാൽ സർക്കാർ എത്ര മാത്രം നാടിനെ മറന്നു പ്രവർത്തിക്കുന്നു എന്ന് ബോധ്യപ്പെടും. 7 ലക്ഷത്തിലധികം പുതിയ വാഹനങ്ങൾ വിറ്റഴിക്കുന്ന നാട്ടിൽ അതിനായി ചിലവഴിക്കുന്ന തുക 30000 കോടിയിലധികം. 200 ടൺ സ്വർണ്ണം ആഭരണമായി മലയാളികൾ വാങ്ങുന്പോൾ അതിനായി മാറ്റിവെക്കുന്ന തുക 60000 കോടിയിലധികം. വീടുവെയ്ക്കുവാൻ 30000 മുതൽ 40000 കോടി വരെ. ഗൃഹ ഉപകരണ വിപണിയിൽ‍ 15000 കോടിയുടെ കച്ചവടം. തുണിയും മറ്റും അതിലും കുറവല്ല. എന്നാൽ ഇവിടെ നിന്നുള്ള നികുതി പിരിവ് ലജ്ജാകരമാം വണ്ണം കുറവാണ്. സ്വർണ്ണ വിപണി മാത്രം പഠിച്ചാൽ അതിനു തെളിവു കിട്ടും. സ്വർണ്ണ കച്ചവടത്തിലെ Sales tax 10%വും VAT 5% ആണ്. എങ്കിൽ VATലൂടെ മാത്രം കിട്ടേണ്ട വരുമാനം കുറഞ്ഞത് 3000 കോടി. എന്നാൽ സർക്കാർ 100 കോടിക്കു കുറച്ചധികം പിരിച്ച് തൃപ്തിപ്പെടുന്നു.സ്വർണ്ണക്കടക്കാർ വേണ്ട നികുതി അടക്കാതെ കൊള്ളകൾ വിപുലമാക്കി പുതിയ സ്ഥാപനങ്ങൾ തുറന്നു വരുന്നു. കഴിഞ്ഞ 4 വർഷത്തിനിടയിൽ നിലവിലെ നാമമാത്ര നികുതി പിരിവിൽ വന്ന കുറവു തന്നെ 30000 കോടി വരുന്നു. ഈ സംവിധാനം സർക്കാരിനെ പാപ്പരാക്കുന്നു. പദ്ധതികൾ നടപ്പിലാക്കുവാൻ പണമില്ലാതെ വിഷമിക്കേണ്ടി വരുന്നു. എവിടെയും കുടിശ്ശികക്കാരൻ എന്ന ദുഷ്പ്പേരിനു സർക്കാർ വിധേയമാണ്.

സാന്പത്തിക അരാജകത്വത്തിന്‍റെ  ദുർഫലങ്ങൾ അടുത്തറിയുവാൻ കഴിഞ്ഞ 4 വർഷത്തെ കാർഷിക രംഗത്തെ പ്രഖ്യാപനങ്ങൾ മാത്രം വില ഇരുത്തിയാൽ മതി. 1858 കോടിവരുന്ന  പ്രഖ്യാപനങ്ങളിൽ മാറ്റി വെച്ച തുക 450 കോടി മാത്രം. നാട്ടിലെ എല്ലാ മുഖ്യകാർഷിക വിളകളും വൻ വില തകർച്ചയെ നേരിടുന്പോൾ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ നിന്നും തടി ഊരുകയാണ്. 10 ലക്ഷം കൃഷിക്കാർവരുമാനം കണ്ടെത്തിയിരുന്ന റബ്ബർ കൃഷിയിലെ പ്രതിസന്ധി പ്രതിവർഷം 10000 കോടിയുടെ നഷ്ടം കർഷകർക്കു വരുത്തി കൊണ്ടിരിക്കുന്നു. സർക്കാർ വിഷയത്തിൽ ഇടപെടുവാനായി 300 കോടി രൂപ പ്രഖ്യാപിച്ചു. അതും കർഷകരുടെ രാഷ്ട്ര ഗുരുതന്നെ. എന്നാൽ സർക്കാർ ചെലവഴിച്ചത് 80 കോടി മാത്രം. (10000 കോടിയുടെ നഷ്ടം 300 കോടി കൊണ്ട് പകരം വെയ്ക്കുന്നത് എങ്ങനെ എന്നൊന്നും ചോദ്യങ്ങൾപാടില്ല). റബ്ബറിന്റെ വില പകുതിയിലും കുറഞ്ഞിട്ടും ടയറിന്റെ വിലയിൽ കുറവുണ്ടാകാത്തതിൽ മലയാളത്തിന്റെ സുപ്രഭാതം investigative journalistകളെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന സംശയം അദ്ധ്വാനവർഗ്ഗസിദ്ധാന്തത്തിൽ പെടുന്നില്ല. കണ്ടത്തിൽ കുടുംബത്തിന് റബ്ബർ വിലഇടിവും ഒരു ലാഭക്കച്ചവടം മാത്രം.(MRF, MM form). നെല്ലുസംഭരണം മറ്റൊരു വാർത്തയായി ചുരുങ്ങി. ഗ്രീൻ ഹൗസ് കൃഷി, നീര യൂണിറ്റ്, ജൈവ കൃഷിക്ക് കേരള ബ്രാൻ‍ഡുകൾ‍, സംയോജിത കൃഷി, നാളീകേര വികസനം, നെൽ‍കൃഷി വികസനം ഇവയെല്ലാം ഇന്നും പ്രഖ്യാപനത്തിന്‍റെ രൂപം വെടിഞ്ഞിട്ടില്ല. ഇതിനുള്ള കാരണങ്ങളിൽ ‍റവന്യൂ കമ്മിയും കാരണക്കാരനാണ്. റവന്യൂവിലെ  വർ‍ദ്ധിച്ച ചെലവ് വികസനത്തിന്‌ തടസ്സം നിൽ‍ക്കുന്നു. പുതിയ ബജറ്റിലെ പ്രഖാപനങ്ങൾ ‍നടപ്പിലാക്കണമെങ്കിൽ‍ 24000 കോടിയുടെ അധിക വരുമാനം ഉണ്ടാകേണ്ടതുണ്ട്. പുതിയ ബജറ്റിലെ വലിയ പ്രഖ്യാപനങ്ങളിൽ‍ ഒന്ന് PPP പദ്ധതിയാണ്. പൊതുസ്ഥലങ്ങൾ‍, സ്ഥാപനങ്ങൾ‍ എല്ലാം ചുളുവിൽ‍ സ്വകാര്യ വ്യക്തികൾ‍ക്കു കൈമാറുന്ന സംവിധാനം. ഇതിലെ തട്ടിപ്പ് ബോധ്യപ്പെടുവാൻ‍ ഇടപ്പള്ളി −അങ്കമാലിറോഡ്‌ കരാർ‍ രേഖകൾ‍ പരിശോധിച്ചാൽ‍ മതി. റോഡ്‌ ചെലവ് 320 കോടി. എന്നാൽ ‍സ്വകാര്യ വ്യക്തിക്ക് 2500 കോടി പിരിച്ചെടുക്കുവാൻ‍ അവസരം. ഇതിനു പിന്നിലെ ന്യായം സർ‍ക്കാർ‍ ദാരിദ്ര്യം. (നികുതി പിരിവിലെ കഴിഞ്ഞ വർ‍ഷത്തെ മാത്രം കുറവ് 7400 കോടി) PPPക്കായി 2500 കോടി മാറ്റിവെച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും ചെലവേറിയ  നിർ‍മ്മാണമാകുവാൻ‍ അവസരം ഒരുക്കുന്ന തിരുവനന്തപുരം −കാസർ‍ഗോഡ്‌ high speed  rail  മറ്റൊരു വൻ‍ സാന്പത്തിക അപകടം ക്ഷണിച്ചു വരുത്തും. പൊതുമേഖലയെ നഷ്ടത്തിൽ‍ നിന്നും പുറത്തുകൊണ്ടു വരുവാൻ‍ കഴിയുന്ന ഭാവനകൾ‍ നിറഞ്ഞ പദ്ധതികളിൽ‍ സർ‍ക്കാർ‍ പരാജയപെടുന്നതിനാൽ‍ സഞ്ചിത നഷ്ടം കൂടുകയാണ്. ഇന്നതിന്‍റെ തുക 2200 കോടിക്കടുത്തു വരുന്നു. കുടുംബശ്രീയിൽ‍ ആകെ 40 ലക്ഷം സ്ത്രീകൾ‍ അംഗങ്ങളാണ്. അവർ‍ക്ക് ആകെ കൊടുത്ത സഹായം 130കോടിയുടേത്. പത്തുലക്ഷം ആളുകളെ നേരിൽ‍ ബാധിച്ച റബ്ബർ‍ വിലതകർ‍ച്ചപരിഹരിക്കുവാൻ‍ ആകെ രണ്ടു വർ‍ഷമായി മാറ്റി വെച്ചത് 500 കോടി. എന്നാൽ‍141 MLA മാരുടെ സൗകാര്യങ്ങൾ‍ വർ‍ദ്ധിപ്പിക്കുവാൻ‍ ആളോഹരി ഒരു കോടി രൂപമാറ്റിവെച്ചു കഴിഞ്ഞു. കേരളത്തിലെ തകർ‍ന്നു കൊണ്ടിരിക്കുന്ന വനഭൂമിയെ സംരക്ഷിക്കുവാൻ‍  കഴിയുന്ന പദ്ധതികളിൽ‍ മൗനം  തുടരുന്ന സർ‍ക്കാർ ‍നദികളുടെ ഭാവിയിൽ‍ ഉത്കണ്ഠാകുലരല്ല. സർ‍ക്കാർ‍ മേഖലയിലെ 5 ലക്ഷം സർ‍ക്കാർ‍ സേവകരുടെ സേവനം മെച്ചപ്പെടുത്തി എടുക്കുവാൻ‍ സഹായകരമായ നിലപാടുകളിലേയ്ക്ക്  ഇന്നും സർ‍ക്കാർ‍ എത്തുന്നില്ല. അങ്ങനെ ഉത്തരവാദിത്തങ്ങളിൽ‍ നിന്നും നിരന്തരം ഒളിച്ചോടുന്ന സർ‍ക്കാർ ‍കേരളത്തിന്‍റെ  ഭാവിയെ മാനിക്കുന്നില്ല. കാർ‍ഷിക തുറകൾ‍ ഒന്നില്ലാതെ എല്ലാം തകിടം മറിഞ്ഞ കാലം. ഗൾ‍ഫ്‌ വൻ‍പ്രതിസന്ധിയിൽ‍ അകപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയിലും  മൂല്യച്യുതികൾ‍ വ്യാപിക്കുന്പോൾ‍ ഇവയെ പ്രതിരോധിച്ച് നാടിനെ രക്ഷിക്കേണ്ട കേരള സർ‍ക്കാർ‍ ബജറ്റിൽ‍ നിന്നും ഒളിച്ചോട്ടം നടത്തി എന്ന വിലയിരുത്തൽ‍ സർ‍ക്കാർ‍ അവരുടെ ഉത്തരവാദിത്തങ്ങൾ‍ മറക്കുന്നു എന്നോർ‍മ്മിപ്പിക്കുന്നു. കേരളത്തിലെ മൂന്നേകാൽ‍ കോടി ജനതയും സംതൃപ്തിയിൽ‍ കഴിയുന്ന അവസ്ഥയിലേയ്ക്ക് ജനത്തെ എത്തിക്കുവാൻ‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനു  കഴിഞ്ഞിരുന്നെങ്കിൽ‍...

 

You might also like

Most Viewed