ദണ്ധിയാത്ര (1930), പട്ടിണി ജാഥ (1937): കേരള യാത്ര 2016 ???
കൊട്ടാരങ്ങളും കോട്ടകളും കൊണ്ടലങ്കരിച്ച നഗരങ്ങൾ എക്കാലവും ഭരണകർത്താക്കളുടെ ഇരിപ്പിടങ്ങളാൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ജനവിരുദ്ധ നിലപാടുകളുടെ തീരുമാനങ്ങളും നടപ്പാക്കലുകലുകളും ഉണ്ടായിവരുന്ന ഇടം എന്നതിനും അപ്പുറം ഉത്പാദനത്തിനോടും അതിനായി പണിചെയ്യുന്നവരോടും മുഖം തിരിച്ചു നിൽക്കുന്നവരുടെ ജീവിത പരിസരം എന്നുകൂടിയുള്ള വിശേഷണത്തിന് നഗരങ്ങൾ അർഹമാണ്. ഉത്പാദനം നടത്തുന്ന, അതിനാവശ്യമായ അടിസ്ഥാന കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന, കർഷക തൊഴിലാളികളും കർഷകരും നിരാലംബരായി നഗരങ്ങളിലെ ചേരികളിൽ എത്തുവാൻ വിധിക്കപ്പെടുകയും നഗരങ്ങളുടെ അഴുക്കുചാൽ എന്ന തരത്തിലേയ്ക്ക് ഗ്രാമങ്ങൾ മാറിതീരുകയും ചെയ്യുന്നു. ഗാന്ധിജിയെയും നമ്മുടെ പഴയകാല ഗ്രാമങ്ങളെയും അപ്രധാനമായി തീർക്കുന്ന ആഗോളവൽക്കരണം, നഗരങ്ങളെ കേന്ദ്രീകരിച്ചു നടക്കുന്ന ഹൈടെക് വികസനങ്ങൾ, അതിന്‍റെ ഭാഗമായ മോടിവൽക്കരണം, എല്ലാം ഗ്രാമങ്ങളെ മറന്നുകൊണ്ട് നടപ്പിലക്കപ്പെടുന്നു. നഗരങ്ങളുടെ ഗുണ ഭോക്താക്കൾ തന്നെ ഗ്രാമങ്ങളെ തങ്ങളുടെ സുഖവാസ കേന്ദ്രങ്ങളാക്കി മാറ്റുന്ന രീതി ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ തകിടം മറിക്കുന്നു.
കേരളം ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ വളർന്നു കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ്. അതിന്‍റെ പൊതു സ്വഭാവം ഭൂമിയുടെ വിലയിൽ വൻ കുതിപ്പുകൾ ഉണ്ടാക്കി. ഇന്നത് ഭൂമിയെ ഊഹ കച്ചവട കേന്ദ്രങ്ങൾ ആക്കി തീർത്തു. കേരളം വികസന കാര്യത്തിൽ അതിന്‍റെ തനതുസ്വഭാവം കാട്ടുന്പോൾ തന്നെ അടിത്തറ (സാന്പത്തിക) സുരക്ഷിതമല്ലാത്തതിനാൽ നേടിയ സാമൂഹിക സുരക്ഷിതത്വങ്ങൾ കൈമോശം വന്നുചേരാവുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ ഏത്തുമെന്ന് ഏവരും ശങ്കിക്കുന്നു. ഈ വിഷയങ്ങളെ ഗൗരവതരമായി കാണേണ്ട രാഷ്രീയ നേതൃത്വങ്ങൾ നിഷ്ക്രിയരാണോ എന്ന് സംശയിച്ചാൽ എങ്ങനെയാണ് സംശയിക്കുന്നവരെ കുറ്റപ്പെടുത്തുവാൻ കഴിയുക? കേരളം രാഷ്ട്രീയ രംഗത്തുണ്ടാക്കിയ വലിയ സംഭാവന രാഷ്ട്രീയ പാർട്ടികളെ വിവിധ മുന്നണികളായി അണിനിരത്തി എന്നതാണ്. രാജ്യത്ത് മുന്നണി രാഷ്ട്രീയം ദേശീയമായി വളരുവാൻ ഏറെ വൈകി എങ്കിലും കേരളത്തിൽ അത് 60ൽ തന്നെ തുടക്കം കുറിച്ചു. എന്നുമാത്രമല്ല മുന്നണി രാഷ്ട്രീയത്തിനു സുസ്ഥിരമായ ഒരു ചരിത്രവും ശ്രിഷ്ടിച്ചു നൽകുവാൻ കഴിഞ്ഞു. എന്നാൽ ഈ മുന്നണി രാഷ്ട്രീയം കേരളത്തിന്‍റെ സുസ്ഥിര വികസനത്തിൽ എന്ത് സംഭാവന നൽകി എന്ന ചോദ്യം പ്രസക്തമാണ്. ഒപ്പം ഇരുമുന്നണികളായി അണിനിരന്നവർ നിലപാടുകളിൽ എന്ത് വ്യത്യസ്തതകളാണ് വെച്ചുപുലർത്തിയത് എന്നു കൂടി പരിശോധിച്ചാൽ ഉത്തരം അത്രകണ്ട് മാതൃകാപരമല്ല എന്നായിരിക്കും. ഓരോ അഞ്ചുവർഷവും മാറിമാറി ഭരിക്കുവാൻ അവസരം കിട്ടുന്ന ഇരു രാഷ്ട്രീയ ഗ്രൂപ്പുകൾക്കും നേതൃത്വം കൊടുക്കുന്ന കമ്യുണിസ്റ്റ്പാർട്ടിയും കോൺഗ്രസ്സും തമ്മിൽ വികസന−മറ്റു സാമൂഹിക വിഷയങ്ങളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ വെച്ചു സൂക്ഷിച്ചിരുന്നു. എന്നാൽ ആഗോളവൽക്കരണം തുടങ്ങിയതിനു ശേഷം ഇരുവരും തമ്മിലുള്ള രാഷ്ട്രീയ വ്യത്യാസങ്ങൾ മറഞ്ഞു വരുന്നു. ഇരുവരും തമ്മിൽ വ്യത്യസ്ത പാതയിലാണെന്ന വാദം ഇടതടവില്ലാതെ തുടരുന്നു. രണ്ടു പേരുടെയും നിലപാടുകൾ കേരളത്തെ പിറകോട്ടടിക്കുന്നതിൽ അവരവരുടെ പങ്കു നിർവ്വഹിക്കുന്നുണ്ട്. ഭൂമിയുടെ വിഷയം മുതൽ വിദ്യാഭ്യാസ− ആരോഗ്യ−മറ്റു വികസന പ്രശ്നങ്ങളിൽ വളരെ വൈവിധ്യങ്ങൾ അടങ്ങിയ നിലപാടുകളിൽനിന്നും തികച്ചും പൊതുവായ അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചേർന്നു.അപ്പോഴും അനിവാര്യമായതും സുസ്ഥിരവുമായ സംസ്ഥാന വിഷയങ്ങളെ ആശാവഹമായി സ്വംശീകരിക്കുവാൻ പാർട്ടികൾ പരാജപ്പെടുന്നു. കേവലം അധികാരം നേടുക എന്ന അജണ്ടക്കപ്പുറമുള്ള കാര്യങ്ങളെ ഗൗരവതരമായി കൈകാര്യം ചെയ്യുവാൻ പാർട്ടികൾ വിമുഖരാണ്. ആഗോള ഗ്രാമമായി നാടുമാറുന്നതിന്‍റെ വിവിധ അനുഭവങ്ങൾ, ആനുകൂല്യങ്ങൾ കിട്ടുന്നുണ്ടെങ്കിലും അതിന്‍റെ ആഘാതത്തിൽ നാട്ടുകാർ തിരിച്ചടികൾ നേരിടുകയാണ്.
പുതു വർഷത്തിന്‍റെ ആദ്യ മാസം കേരളത്തിലെ ഒട്ടു മിക്കരാഷ്ട്രീയ പാർട്ടികളും അവരുടെ ശക്തിതെളിയിക്കും വിധം കാസഗോട്ടു നിന്നും തിരുവനന്തപുരം ലക്ഷ്യം വെച്ച് നടത്തുന്ന പ്രചരണ ജാഥകൾ എല്ലാം ലക്ഷ്യം വെക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പിനെയാണ്. അധികാരികൾ ഇരിക്കുന്ന അധികാരി ഇരിപ്പിട നഗരത്തിലേയ്ക്ക് നടത്തുന്ന യാത്രകൾ തുടങ്ങുന്ന കാസർഗോഡ് ഗ്രാമങ്ങൾ വലിയ ദുരന്ത ഭൂമിയാണ്. വികസനത്തിലെ പിന്നോക്കാവസ്ഥകൊണ്ട് ഏറ്റവും വരുമാനം കുറഞ്ഞ ഇടം. എന്റോസൾഫാൻ കീടനാശിനി പ്രയോഗത്താൽ ഒരു ഡസൻ ഗ്രാമങ്ങളിലെ നിരവധി ജനങ്ങൾ അംഗ പരിമിതിമൂലം ജീവിക്കുവാൻ പാടു പെടുന്നു. അകാലത്തിലെ മരണങ്ങൾ ആരെയും വേദനിപ്പിക്കുന്നു. സർക്കാർ സ്ഥാപനങ്ങൾ തന്നെ എൻഡോസൾഫാൻ ഉൽപ്പാദിക്കുന്നതിലും ഉപയോഗിക്കുന്നതിലും പങ്കാളികൾ ആയിരുന്നു എന്നത് വിഷയത്തെ കൂടുതൽ ഗൗരവമേറിയതാക്കുന്നു. ഇത്തരത്തിൽ വിവിധ രാഷ്ടീയ പാർട്ടികൾ വിവിധ വിഷയങ്ങളിൽ നിന്നും ഒളിച്ചോടുവാൻ പരമാവധി ശ്രമിക്കുന്നു.
പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ജാഥകൾ, അവരുടെ മുദ്രാവാക്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഉള്ളടക്കത്തെ എതിർ അഭിപ്രായം പ്രകടിപ്പിക്കുന്നവർ കഴിയുമാറു ആശവഹമാണ്. എന്നാൽ കഴിഞ്ഞ കാലത്ത് ജനങ്ങളുടെ അനുഭവമാണ് അവരുടെ ക്രഡിബിലിറ്റിക്ക് അടിസ്ഥാനം. അതിൽ എത്ര പാർട്ടികൾക്ക് പാസ്മാർക്ക് കൊടുക്കാം ? കോൺഗ്രസ് പാർട്ടിയുടെ ജാഥ ആഗ്രഹിക്കുന്നത് സ്വാഭാവികമായി നിലവിലെ സർക്കാരിന്‍റെ തുടർച്ചയുണ്ടാക്കുക എന്നതാണ്. എന്നാൽ ഇന്നത്തെ സംസ്ഥാന സർക്കാർ ഭരണം, കേന്ദ്ര സർക്കാരിനെതിരായ സമരങ്ങൾ, വർഗ്ഗീയതയെ ചെറുക്കുവാൻ അവർ കാട്ടുന്ന ശുഷ്കാന്തി എല്ലാം വിലയിരുത്തുവാൻ ജാഥ ശ്രമിക്കുന്നുവോ ? രണ്ടു മന്ത്രിമാർ രാജിവെക്കേണ്ടിവന്ന സാഹചര്യം, അഴിമതി, സ്വകാര്യവൽക്കരണം, കാർഷിക മേഖലയിലെ പ്രതിസന്ധി, വിശിഷ്യ റബ്ബർ രംഗത്തെ. എന്നാൽ ജാഥ പ്രതിപക്ഷത്തിരിക്കുന്നവരെ കടന്നാക്രമിക്കുന്ന വിഷയത്തിൽ മാത്രമായി ഒതുങ്ങി എന്നുപറയാം. ഞങ്ങൾ കഴിഞ്ഞ നാളുകളിൽ സംഭവിച്ച തെറ്റുകൾ സമയബന്ധിതമായി പരിഹരിക്കുവാൻ തയ്യാറാണ്, അടുത്ത 5 വർഷമെങ്കിലും ഉത്തരവാദിത്തത്തോടെ നടപ്പാക്കുവാൻ ഉറപ്പ് തുടങ്ങിയ വിഷയങ്ങളിൽ നിന്നും കോൺഗ്രസ് പിറകോട്ടു പോകുന്നു.
ഐക്യജനാധിപത്യ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയുടെ യാത്ര മന്ത്രിതന്നെ നേതൃത്വം കൊടുക്കുന്നു. സമത്വം, സാഹോദര്യം, സമന്വയം എന്ന മൂന്ന് വാക്കുകളെ മുദ്രാവാക്യമായി വെച്ചുകൊണ്ട് ജാഥ നടത്തുന്നവർ കാലങ്ങളായി സർക്കാർ ഭരണത്തിൽ ഇരിക്കുന്പോഴും പുറത്തും സാധാരണ ജന വിഷയങ്ങളിൽ നിസംഗത പുലർത്തുന്നു. വിദ്യാഭ്യാസം, വ്യവസായ, പൊതുനിർമ്മാണേം, സാമൂഹിക ക്ഷേമം, പഞ്ചായത്ത് വകുപ്പുകൾ എന്തെങ്കിലും ഗുണപരമായ മാറ്റങ്ങൾ മാതൃകാപരമായി നാട്ടിൽ നടപ്പാക്കിയതായി പൊതു സമൂഹത്തിന് അഭിപ്രായം ഇല്ല എന്നതാണ് വസ്തുത. മാത്രവുമല്ല വിവാദങ്ങൾ, അഴിമതി തുടങ്ങിയവ കഴിഞ്ഞ കാലത്തേ പോലെ തുടരുന്നു. സ്വന്തം പാർട്ടിക്ക് മന്ത്രിമാരുടെ എണ്ണം കൂട്ടികിട്ടണം എന്നുപറഞ്ഞു നടത്തിയ വിലപേശലുകൾ പാർട്ടി തീർച്ചയായും അധികാര ദുർപ്രഭുത്വത്തിന്‍റെ ദുരാഗ്രഹങ്ങളിൽ അഭിരമിക്കുന്നവരാണന്ന് പൊതുസമൂഹം വീണ്ടും വീണ്ടും ഓർത്തുപോയി.
ഒട്ടേറെ ചെറിയ പാർട്ടികളും ജാഥയിൽ തന്നെ. എന്നാൽ ഏറ്റവും നീണ്ട മുദ്രവാക്യം വെച്ചിരിക്കുന്ന പാർട്ടി ബിജെ.പിയാണ്. അവർ ആഹാരം, തൊഴിൽ തുടങ്ങി നീണ്ട വരികൾക്കൊടുവിൽ തുല്യതയേയും പരാമർശിക്കുന്നു. ഇന്ത്യയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തുണ്ടായ കാവിരാഷ്ട്രീയക്കാരുടെ മുന്നേറ്റം കേരളത്തിൽ ഉപയോഗപെടുത്തുവനുള്ള ശ്രമത്തിലാണവർ. അതിന് ചിലരുടെ പിന്തുണയും മറ്റും (വളരെ ശക്തമായ സ്വാധീനമുണ്ടെന്നവകാശപ്പെടുന്നവർ) കിട്ടും എന്നുറപ്പായപ്പോൾ കൂടുതൽ കരുത്ത് കാട്ടുവാൻ അവർ കോപ്പു കൂട്ടുക സ്വാഭാവികമാണ്. മാത്രവുമല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ (10%) വോട്ടുകിട്ടുന്ന ഇവർ അവരുടെ വർഗ്ഗീയ അജണ്ടാകൾക്കായി രാജ്യത്തു പലയിടത്തും നടത്തുന്ന ഗൂഡാലോചനകൾ നിറഞ്ഞ പരിപാടികൾ കേരളത്തിലും നടപ്പിലാക്കുവാൻ അവർ വ്യഗ്രത കാട്ടുന്നു. മലബാർ കർഷക കലാപവും, തളിക്ഷേത്ര പ്രശ്നവും, നിലക്കലും മറ്റും മുന്നിൽ നിർത്തി അവർ നടത്തിവന്ന അന്യമത വിരുദ്ധ പ്രചരണങ്ങളോടു ജനം മുഖം തിരിച്ചുവന്ന ചരിത്രം തിരുത്തുവാൻ അവർ പരിശ്രമിക്കുന്നു. ആഗോളവൽക്കരണ കാലം വർഗ്ഗീയതക്ക് കൂടുതൽ അവസരം ഒരുക്കും എന്നതിനാൽ അവർ കേരളത്തിലെ മധ്യവർഗത്തിന്‍റെ വിചാര വികാരങ്ങളെ തങ്ങൾക്കനുകൂലമക്കുവാൻ വൻ പദ്ധതികളിലാണ്. RSS മുഖ്യന്‍റെ സ്വാഭാവിക കേരള സന്ദർശനങ്ങൾക്ക് പകരം നാട്ടിൽ ജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്നവരും മതേതരവാദികളുമായവരെ നേരിൽ കണ്ട് സംസാരിക്കുവാൻ കാട്ടിയ ശ്രമം വലിയ അപടകരമായ ഗൂഡ പദ്ധതികളുടെ ഭാഗമാണ്. ഇവരുടെ ജാഥയിൽ ഉയർത്തിയ വിഷയങ്ങൾ മനുഷ്യന്‍റെ അടിസ്ഥാനപ്രശ്നങ്ങൾ ആയിരിക്കുന്പോഴും അവരുടെ നിയന്ത്രണത്തിലുള്ള സർക്കാരുകൾ മറ്റാരെക്കാളും ജനവിരുദ്ധ നിലപാടുകളാൽ കുപ്രസിദ്ധമായിരുന്നു. ഇന്നു തുടരുന്ന കേന്ദ്രസർക്കാർ പെട്രോൾ വിലയിലും തൊഴിൽ മേഖലയിലും എടുക്കുന്ന തീരുമാനങ്ങൾ മാത്രം പരിശോധിച്ചാൽ ഈ കാര്യങ്ങൾ ബോധ്യപ്പെടും. തുല്യത എന്ന വരി ഒരേ പോലെ ഹൈന്ദവ ഇതര− ദളിത് −പിന്നോക്ക വിരുദ്ധമാണ്. ആർ.എസ്.എസ് മുഖ്യൻ നേരത്തെ വ്യക്തമാക്കിയ സംവരണവിരുദ്ധ രാഷ്ട്രീയത്തെയാണ് അതുസൂചിപ്പിക്കുന്നത്. അതേസമയം അവർ കഴിഞ്ഞ കാലത്ത് ഉയർത്തിയ പശ്ചിമഘട്ടവിഷയത്തെ മറക്കുകയും ചെയ്യുന്നു. ഹൈന്ദവ രാഷ്ട്രീയം ഒരേ സമയം സാമ്രാജ്യത്വ കീഴടങ്ങലും അന്യമതവിദ്വേഷപരവും ആയതിനാൽ അതിനെ മുഖ്യ സാമൂഹിക വിപത്തായി സമൂഹം കാണുവാൻ ബാധ്യസ്തമാണ്. അതിനെതിരെ ജഗരൂകരാകുവാൻ മറ്റുള്ള രാഷ്രീയ ഗ്രൂപ്പുകൾ വിജയിക്കാതെ തരമില്ല.
കേരളത്തെ ഇന്നത്തെ ഒരു സാമൂഹിക പശ്ചാത്തലത്തിലേക്കുയർത്തുവാൻ ഏറ്റവും വലിയ സംഭാവന ചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടികൾ അവരുടെ കഴിഞ്ഞ കാല ജനമൈത്രീ നിലപാടിൽ നിന്നും വ്യതിചലിച്ചു വരുന്നു എന്ന് പലരും ഉൽക്കണ്ഠപ്പെടുന്നുണ്ട്. പുതിയ കാലത്തിന്‍റെ കാണാച്ചരടുകളെ കൂടുതൽ അവഗാഹത്തോടെ പഠിച്ചു രാഷ്ട്രീയ പരിഹാരം കാണേണ്ടവർ കോൽപ്പറേറ്റ് താൽപ്പര്യങ്ങളിൽ പെട്ടുപോകുന്നതും അടിസ്ഥാനപ്രശ്നങ്ങളായ ഭൂമി, വെള്ളം, വനം, വിദ്യാഭ്യാസം, ആരോഗ്യ, സേവനം തുടങ്ങിയ തുറകളിൽ ജനപക്ഷ ബദലുകൾക്കായി സമയ ബന്ധിത പരിപാടികൾ ആസൂത്രണം ചെയ്യാത്തതും നിരാശാജനകമാണ്. ഇപ്പോൾ നടക്കുന്ന യാത്രയിൽ തന്നെ നിലവിലെ റബ്ബർ, ഏലം തുടങ്ങിയ നാണ്യ വിളകളെ നിലനിർത്തുവാൻ നടത്തേണ്ട പുതിയ പരീക്ഷണങ്ങളെ പറ്റിയും അവയുടെ മുല്യ വർദ്ധക ഉത്പ്പന്നങ്ങളെ പറ്റിയും ആഗോളകരാറുകളുടെ ചതിക്കുഴികളെ പറ്റിയും ഉള്ള ആസൂത്രണം, സമരങ്ങൾ ഇവയെ പറ്റിയുള്ള ജനകീയ സംവാദങ്ങൾക്ക് വേദി ഉണ്ടാക്കാതെ കേവലം മറുചേരിയ പഴിചാരുന്ന കേവല അധികാര രാഷ്ട്രീയത്തിൽ മുദ്രാവാക്യങ്ങൾകൊണ്ട് പരിപാടി നിറയുന്പോൾ കേരള വികസനം ജനപക്ഷമല്ലാതായി തുടരും. ലോക മുതലാളിത്തം ഇക്കിളിപ്പെടുത്തിയും പ്രകോപിപ്പിച്ചും ഭീഷണിപ്പെടുത്തിയും നടത്തിവരുന്ന ജന വിരുദ്ധ വികസന നിലപാടുകളെ ചെറുത്തു തോൽപ്പിക്കുന്ന മുദ്രാവാക്യങ്ങൾക്കേ ഒരേസമയം സാധാരണ ജനത്തെയും നമ്മുടെ പരിസ്ഥിതിയെയും ഒപ്പം വർഗ്ഗീയതെയും ചെറുത്തു തോൽപ്പിക്കുവാൻ കഴിയൂ. എന്നാൽ നമ്മുടെ രാഷ്രീയ പാർട്ടികൾ, പ്രത്യേകിച്ച് ഇടതുപക്ഷം പോലും ആ ഉത്തരവാദിത്തെ മറക്കുന്നു എന്നുപറയേണ്ടിവരുന്നതിൽ വേദനിക്കാത്തവർ സാമൂഹിക ജീവിതത്തെ സഗൗരവ്വം കണാത്തവരാണന്നു പറയുകയാകും കൂടുതൽ സത്യസന്തം...