രോഹിത്, നിന്നോട് ചെയ്തത് മാപ്പർഹിക്കാത്ത കൊടും ക്രൂരത
ലോകം കണ്ട ഏറ്റവും നീചമായ വ്യവസ്ഥിതി ദളിത് അസ്പ്രശ്യതയാണെന്ന് പറഞ്ഞ അംബേദ്കറിന്റെ വരികൾ ഇന്ത്യയെ പറ്റി ശുഭസൂചകമായ വിശേഷണമല്ല ലോകത്തിനു നൽകുന്നത്. അദ്വൈതത്തെ പറ്റി പറയുന്ന ശങ്കരദർശനത്തിന്റെ ആരാധകർ തന്നെ ജനങ്ങളെ ജാതിയുടെ പേരിൽ പലതട്ടിലും പെടുത്തി മൃഗങ്ങളെക്കാൾ താഴെ തട്ടിലിരുത്തുവാൻ ശ്രമിക്കുന്നു. ജാതി ഉച്ചനീചത്വത്തിന്റെ നിലപാടുകളെ മത ഗ്രന്ഥങ്ങൾ സാധൂകരിക്കുന്പോൾ അത് സിദ്ധാന്തമായി മത നേതൃത്വം അംഗീകരിക്കുന്നു. മാതൃകാ ഭരണകർത്താവായ രാമൻ ശൂദ്രനായ ശംബുകന്റെ തല വെട്ടിമാറ്റിയത് ചാതുർവർണ്യം മുന്നോട്ടു വെയ്ക്കുന്ന വേദം പഠിക്കുവാനുള്ള അവകാശ നിഷേധത്തെ ചോദ്യം ചെയ്തതിനാലാണ്. വർണ്ണവെറിയുടെപേരിൽ കൊലപാതകം ചെയ്ത ത്രേതായുഗ അവതാരം. ഉത്തമരിൽ ഉത്തമനായി പരിഗണിക്കുന്നു എന്നത് പൊതുസമൂഹം വെച്ചു പുലർത്തി വരുന്ന ദളിത് വിരുദ്ധതയെ സൂചിപ്പിക്കുന്നു. ഏകലവ്യൻ എന്ന മഹാ സമർത്ഥനായ വിദ്യാർത്ഥിയോട് ദക്ഷിണയായി തള്ളവിരൽ ചോദിക്കുന്ന അവിശ്വസനീയ ക്രൂരത കാട്ടിയ ഗുരു ദ്രോണാചാര്യർ ഇന്നും ഇന്ത്യൻ പുരാണങ്ങളുടെ മാതൃകാ ഗുരു പട്ടികയിൽ മുൻ സ്ഥാനം അലങ്കരിക്കുന്നുണ്ട്. ഹിന്ദു മതത്തിന്റെ ദാർശനിക ഗ്രന്ഥമായി ഗീതയെ അവതരിപ്പിക്കുന്പോൾ അതിൽ പരാമർശിക്കുന്ന ചാതുർവർണ്യം മഹത്തായ ദൈവഹിതമാണെന്ന വിശേഷണം ഹൈന്ദവത വെച്ചു പുലർത്തുന്ന ദളിത് വിരുദ്ധതയെ പരസ്യമായി ന്യായീകരിക്കുന്നു.ഗീത ഒന്‍പതാം അദ്ധ്യായം പാപയോനിയെപറ്റി പരാമർശിക്കുന്നത് അതസ്ഥിതനെയും സ്ത്രീയെയും ബന്ധപ്പെടുത്തിയാണ്.
പഴയകാല ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ നിയമ സംഹിതയായ മനുസ്മൃതി അവിശ്വസനീയമായ ദളിത് സ്ത്രീ വിരുദ്ധതയുടെ എഴുതപ്പെട്ട രേഖയാണ്. മനുഷ്യന് അവകാശപ്പെട്ടതൊന്നും ദളിതന് അനുവദനീയമല്ല എന്ന പ്രഖ്യാപനത്തിൽ നിന്നും ഇന്ത്യ കടന്നു വന്ന പ്രാകൃത നിലപാടുകൾ വ്യക്തമാണ്. മണ്ണുപുരണ്ട ശരീരത്തെ നികൃഷ്ടജീവിയായി കണ്ട ആ കാലത്ത് അക്ഷരം പഠിക്കുവാനോ നല്ലവസ്ത്രം അണിയുവാനോ വേതനം ലാഭിക്കുവാനോ സ്വന്തമായി സ്വത്തു സന്പാദിക്കുവാനോ അവകാശമുണ്ടായിരുന്നില്ല. ഇരുണ്ട കാലമായി ലോകം വിശേഷിപ്പിച്ച പഴയ ഇന്ത്യയുടെ ചാതുർവർണ്യ കാലത്തെ ഭാരത സംസ്കാരമായി അഭിമാനത്തോടു വിശേഷിപ്പിക്കുന്ന RSS മാനവികതയെ എത്ര വികലമായി കാണുന്നു എന്ന് വിളിച്ചറിയിക്കുന്നുണ്ട്.
ബുദ്ധമതവും മറ്റ് ബ്രാഹ്മണ വിരുദ്ധ സംഹിതകളും ശക്തമായിരുന്ന കാലം വൈദിക വിരുധമായതിനാൽ അക്കാലത്ത് ജനങ്ങളിൽ ജാതി ചിന്തകളുടെ അനാരോഗ്യ പ്രവണതകൾ ഉണ്ടായിരുന്നില്ല. സംഘകാലവും മൗര്യകാലവും എല്ലാ മനുഷ്യരെയും സമഭാവനയോട് കാണുവാൻ അവസരം ഒരുക്കിയിരുന്നു. സാംസ്കാരികവും ശാസ്ത്ര പരവുമായി യൂറോപ്പിനു മാതൃകയായിരുന്ന ഇന്ത്യാ ഭൂഖണ്ധം വൈദേശിക ശക്തികൾക്ക് പൂർണ്ണമായും കീഴടങ്ങുവാൻ കാരണം ജാതിയുടെ പേരിൽ നാട്ടിൽ ഉണ്ടാക്കി എടുത്ത അടിച്ചമർത്തലുകളാണ്.
പ്രാചീന ഇന്ത്യൻ ചരിത്രം പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതിൽ ഹാരപ്പ മുതൽ (B.C3000) മുതൽ ക്രിസ്തുവിനുശേഷം AD400 വരെയുള്ള കാലം ഗോത്ര സ്വഭാവത്താൽ സന്പന്നമായിരുന്നു. ആ കാലത്തെ മതങ്ങൾ ഇന്നും ലോകത്തിൽ പലർക്കും മാതൃകയായി നിലനിൽക്കുന്നു. വർണ്ണ വെറി ഇല്ലാത്ത, യുദ്ധത്തെ−കൊലപാതകത്തെ അപലപിക്കുന്ന, സ്ത്രീകൾക്ക് ഒരുതരത്തിലും വിവേചനങ്ങൾ ഇല്ലാത്ത ഒരു കാലം. എന്നാൽ ഇന്ത്യയുടെ സുവർണ്ണ കാലമായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് ഹിന്ദുത്വം ഔദ്യോഗിക മതമായി അംഗീകരിച്ചു ഭരണം തുടങ്ങിയ ചന്ദ്രഗുപ്ത കാലത്തെയാണ്. (AD400 മുതലുള്ള AD1100 വരെയുള്ള) ഈ കാലത്താണ് ലോകത്തിലെ തന്നെ സമാനതകളില്ലാത്ത അസ്പ്രശ്യതയുടെ സിദ്ധാന്തമായ മനുസ്മൃതി ഭരണഘടനയായിഅംഗീകരിക്കുന്നത്. അക്കാലത്തെ ഇന്ത്യയുടെ സുവർണ്ണ കാലമായി ഇന്ത്യൻ ചരിത്രം രേഖപ്പെടുത്തുന്പോൾ നമ്മുടെ പൊതുഭരണ സംവിധാനം എത്ര മാത്രം ദളിത്−പിന്നോക്ക വിരുദ്ധവും സ്ത്രീവിരുദ്ധവുമായിരുന്നു എന്നു മനസ്സിലാക്കാം.
മനുവിന്‍റെ അഭിപ്രായം അനുസരിച്ച് ശൂദ്രന്മാർ ഒരു ചലിക്കുന്ന ശ്മശാനം ആകുന്നു. അതുകൊണ്ട് ശൂദ്ര സാന്നിദ്ധ്യത്തിൽ വേദം പാരായണം ചെയ്യുന്നത് പാപമാണ്. അവർ തരുന്ന ഭക്ഷണം കഴിക്കരുത്. മത പാഠങ്ങൾ ഉപദേശിക്കുകയോ ബ്രാഹ്മണനെ അധിക്ഷേപിക്കുകയോ ചെയ്യുന്ന ശൂദ്രന്‍റെ നാവ് മുറിച്ചു കളയണം. വേദത്തിനു ചെവികൊടുത്താൽ ഉരുക്കിയ വെളുത്തീയമോ കൊലരക്കോ കൊണ്ട് അവരുടെ ചെവി അടക്കണം. വേദങ്ങൾ ഓർമ്മയിൽ ഉണ്ടെങ്കിൽ അവന്‍റെ ശരീരം പിളർക്കണം. സ്വത്തുകൾ ഒന്നും ശൂദ്രനവകാശപ്പെട്ടിട്ടില്ല. ശൂദ്രൻ ഉയർന്ന സമുദായവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അയാൾക്ക് വധശിക്ഷ. ശൂദ്ര സ്ത്രീകൾക്ക് ചാരിത്ര്യം സംരക്ഷിക്കുവാൻ അവകാശമില്ല. ബ്രാഹ്മണൻ നടത്തുന്ന കൊലപാതകത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ തല മുണ്ടനത്തിനു വിധേയമാക്കുക മാത്രമാണ്. ഇനി കാർത്തികപ്പള്ളി താലൂക്കിലെ ബെട്ടിമന നാടുവാഴിയുടെ ഉത്തരവ് ഇങ്ങനെ ആയിരുന്നു. “നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയർന്ന ജാതിയിലോ പെട്ട പുരുഷന് വശംവദരാകാത്ത സന്മാർഗ ഹീനരായ സ്ത്രീകൾ ഉണ്ടെങ്കിൽ അവരെ ഉടനെ വധിക്കുക.” (കേരളത്തിന്‍റെ സാംസ്കാരിക ചരിത്രം പി.െക ഗോപാലകൃഷ്ണൻ) നമ്മുടെ രാജ്യം എത്ര നീചമായാണ് പാർശ്വവൽകരിച്ചവരെ പരിഗണിച്ചി രുന്നതെന്ന് മുകളിലെ വിശദീകര മനസ്സിലാക്കിതരുന്നു.
ഇന്ത്യയിലെ 70 ശതമാനം ജനങ്ങളും ഹിന്ദു സവർണ്ണ ഗ്രൂപ്പിന് പുറത്താണ്. കേരളത്തിലെ ശൂദ്രപട്ടികയിൽ ഉള്ളവർ നായർ സമുദായ അംഗങ്ങൾ ആണ്. ഈഴവാദി പിന്നോക്കകാരും മറ്റും പഞ്ചമർ വർണ്ണത്തിൽ പെട്ടവരും. ഹിന്ദുത്വം നിർവ്വചിച്ച ശൂദ്രൻ-വൈശ്യൻ-−ക്ഷത്രിയൻ-−ബ്രാഹ്മണൻ തുടങ്ങിയവർ ഇന്ത്യൻ ജനസംഖ്യയിൽ വളരെ കുറഞ്ഞ ശതമാനം മാത്രം. അവരിൽ തന്നെ എല്ലാ അവകാശങ്ങളും അനുഭവിച്ചു വന്ന ബ്രാഹ്മണർക്ക് മാത്രമാണ് സുരക്ഷിതത്വം ലഭിക്കുക. സതിയും പൊതു നിരത്തുകൾ ഉപയോഗിക്കുവാൻ അവസരം ഇല്ലാത്തതും പേരും വിദ്യയും നിഷേധിച്ച സംവിധാനത്തിനെതിരെ രാജ്യത്ത് വിവിധ ഉൽപതിഷ്ണുക്കൾ വിവിധ തരത്തിൽ പ്രക്ഷോഭം ആരംഭിച്ചിരുന്നു.
തമിഴകത്തെ കംബർ, കന്നട നാട്ടിലെ ബസവണ്ണ, മറാട്ടയിലെ ഭുലെ തുടങ്ങിയവർ തുടക്കം കുറിച്ച പ്രക്ഷോഭത്തെ ആധുനിക വിദ്യാഭ്യാസം നേടിയ രാജാറാം മോഹൻ റോയി തുടങ്ങിയവർ മുന്നോട്ട് നയിച്ചു. ആധുനിക ഭരണ വ്യവസ്ഥയുടെ വക്താക്കളായിരുന്ന ബ്രിട്ടിഷുഭരണ കർത്താക്കൾ മാനവികതക്ക് കളങ്കം വരുത്തിവെച്ച് വന്ന സതി, അടിമ കച്ചവടം, മണ്ണാപേടി, പുലപ്പേടി തുടങ്ങിയ അതി പ്രാകൃതമായ ഹിന്ദുത്വ ചടങ്ങുകളെ നിയമം കൊണ്ട് നിരോധിച്ചു. ബ്രിട്ടീഷ് സമന്തന്മാരായിരുന്ന ഹിന്ദു സവർണ്ണ രാജാക്കന്മാർക്ക് ജനങ്ങളെയും ഒപ്പം തങ്ങളുടെ യജമാനനെയും ഒരുപോലെ നേരിടുവാൻ കരുത്തില്ലായിരുന്നു. ഇത്തരം നവോത്ഥാന മുന്നേറ്റങ്ങൾക്ക് ആര്യ സമാജവും പ്രാർത്ഥനാ സമാജവും സഹായികളായി. കേരളം പോലെഉള്ള ഇടങ്ങളിൽ പിന്നോക്ക ദളിതരുടെ ഇടയിൽ നിന്നു തന്നെയും അതിന്‍റെ തുടർച്ചയായി liberal-ഇടതു പക്ഷ നിലപാടുകളുടെ വർദ്ധിച്ച സാമൂഹിക സാന്നിദ്ധ്യം ചാതുർവർണ്ണ സമൂഹത്തിനെ സാമൂഹികമായി ചോദ്യം ചെയ്ത് കേരളത്തിൽ എല്ലാ ജാതിയിലും പെട്ടവർ ജാതി വിമോചന സമരങ്ങളിൽ അണിനിരന്നു. ഉന്നത ജാതി എന്നു പരിഗണിച്ചു വന്നിരുന്ന നന്പൂതിരി ഇല്ലങ്ങൾ തന്നെ സമര കേന്ദ്രങ്ങളായി. ഒപ്പം അംബേദ്‌കറിനെ പോലെയുള്ള ഉന്നത വിദ്യാഭ്യസം നേടി ആർക്കും അവഗണിക്കുവാൻ കഴിയാത്തവരായി നേതൃത്വനിരയിൽ എത്തിയവർ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രവാചകരായി തീർന്നത് അതസ്ഥിതരുടെ ജീവിതത്തിനു പുതിയ ഉണർവ്വ് നൽകി. എന്നാൽ ഈ ഉണർവ്വുകളെ കൂടുതൽ സാമൂഹിക വിപ്ലവത്തിലേയ്ക്ക് നയിക്കുവാൻ പിന്നീട് കഴിയാതെ പോയതിനുള്ള കാരണങ്ങൾ രാഷ്ടീയമാണ്. മഹാനായ അംബേദ്കർ ഞാൻ ഹിന്ദുവായി മരിക്കില്ല എന്നുപ്രഖ്യപിക്കുകയും അത് ജീവിതത്തിൽ നടപ്പാക്കുകയും ചെയ്തു എങ്കിലും അദ്ദേഹത്തെ രാഷ്ട്രീയ വേദികളിൽ പരാചയപ്പെടുത്തുന്നതിൽ കോൺഗ്രസ് പോലും പങ്കാളികളായി. ഇടതു രാഷ്ട്രീയം അദ്ദേഹത്തെ വിപ്ലവത്തിനു തടസ്സം നിൽക്കുന്ന വ്യക്തിയായി ചിത്രീകരിച്ചു. ഇതിനു സമാനനായ കേളത്തിലെ ദളിത് വിപ്ലവകാരിയായ അയ്യങ്കാളിയുടെ സമര സംഘടനയും പഴയ ആവേശം നിലനിർത്തി മുന്നോട്ടു പോകാൻ തടസ്സങ്ങൾ നേരിട്ടു. ഈ അനുഭവങ്ങൾ സ്വാതന്ത്ര ഇന്ത്യയിൽ ദളിത് പിന്നോക്ക അവഗണനകൾ തുടരുവാൻ കാരണമായി. ദളിതർക്കും മറ്റു അടിസ്ഥാന ജനതക്കും ഭൂമി സ്വന്തമാക്കുവാൻ അവസരം ഉണ്ടാക്കുന്ന ഭൂപരിഷ്കരണത്തെ അവഗണിച്ച ഇന്ത്യൻ ഭരണം ദളിത് വിമോചനത്തെ ഒരു സ്വപ്നമാക്കി ചുരുക്കി.
ദളിത് സംരക്ഷണത്തിനായി കേന്ദ്ര സംസ്ഥാന നിയമങ്ങൾ നിലവിലുണ്ട്. മനുഷ്യാവകാശ സംരക്ഷണ നിയമങ്ങളും നിരവധി സെല്ലുകളും നിയമപരമായ അവകാശങ്ങൾ ഉറപ്പുനൽകുന്പോഴും പൊതു സമൂഹം ദളിതരോട് മുഖം തിരിച്ചിരിക്കുന്നു. യച്ചൂരിയും രാഹുൽ മുതൽ അമിത് ഷായും (ജെയിനൻ) തുടങ്ങി ഒട്ടുമിക്ക നേതാക്കന്മാരും സവർണ്ണ മതത്തിന്റെ ജന്മഗുണം പേറുന്നത് അവിചാരിതമല്ല. സംവരണം ഇല്ലാത്ത വകുപ്പുകളിലെ ദളിതരുടെ സാന്നിദ്ധ്യം എത്ര നവാദിതമാണെന്നതിൽ നിന്നും അവർക്ക് ലഭിക്കുന്ന പൊതു സമ്മതത്തെ പറ്റി ഒരു രൂപം ലഭിക്കും. ജഡ്ജിമാരുടെ എണ്ണത്തിൽ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇക്കൂട്ടർ അപൂർവ്വരാണ്. എത്തപ്പെടുന്നവർ തന്നെ മറ്റ് സവർണ്ണ നേതാക്കന്മാ
രെ ഭക്തി പുരസരം കാണുന്നവരും. ഇതു കൊണ്ട് ഇന്ത്യൻ സമുഹം, അതിന്റെ ഭരണകൂട സ്വഭാവം സവർണ്ണ ബ്രാഹ്മണിക്കൽ താൽപര്യങ്ങളെ പൂർണ്ണമായും അംഗീകരിച്ചു വരുന്നു.
ചാതുർവർണ്യത്തെ കൊട്ടിഘോഷിക്കുന്ന ഹൈന്ദവത മനഷത്വം മരവിച്ച സവർണ്ണാധിപത്യമാണ്. ഇത്തരം രാഷ്ട്രീയത്തിനു കൂടുതൽ കരുത്തു പകരുന്ന ആഗോളവൽക്കരണം ദളിത് വിരുദ്ധ ആക്രമണങ്ങളുടെ തോതു കൂട്ടുന്നു. ഹൈന്ദവ രാഷ്ട്രീയം ശക്തമായിരിക്കുന്ന ഹരിയാന, MP, UP മറ്റ് വടക്കേന്ത്യൻ ഗ്രാമങ്ങൾ ദളിത് ആദിവാസി വിരുദ്ധ കലാപഭൂമിയാണ്. ഇന്ത്യയിലെ ദളിത് വിരുദ്ധ ആക്രമണങ്ങളിൽ 37% UP യിൽ സംഭവിക്കുന്നു. അതിനു പുറകിൽ 32% മായി ചൗഹാന്റെ നാടുണ്ട്. മറാത്ത എന്ന അംബ്ദേകർ കർമ്മ ഭുമിയും മറ്റൊരു ദളിത് കുരുതിക്കളം തന്നെ. ഹരിയാനയിൽ പശുവിന്റെ തോലെടുത്തതിന് അര ഡസൻ ദളിതരെ അടിച്ചു കൊന്നതിൽ വലിയ ഞെട്ടൽ ദേശീയപത്രങ്ങൾ രേഖപ്പെടുത്തിയില്ല. (പത്രമേഖലയിൽ പണി എടുക്കുന്നതിൽ ദളിത് സാന്നിദ്ധ്യം വിരലിലെണ്ണാവുന്നതിലും കുറവാണ്). ഖാട്ടു പഞ്ചായത്തുകൾ ദളിതർക്കു മുകളിൽ നടത്തുന്ന പല ശിക്ഷകളും അറവുമാടുകൾക്ക് പോലും വിധിക്കപ്പട്ടതിലും ഗതികെട്ടതാണ്.
കർണ്ണാടകയിലും ആന്ധ്രയിലും പിന്നോക്ക മുന്നോക്കക്കാർ ഒറ്റക്കെട്ടായി ദളിതരെ കടന്നാക്രമിക്കുന്നു. ദ്രാവിഡദേശീയ ഭൂമി MGR ഭരണത്തിനു ശേഷം സവർണ്ണ മത ഗുണ്ടാ പ്രദേശമായി മാറി. കീഴ്‌വാൻ മണിഗ്രാമത്തിൽ കമ്യുണിസ്റ്റ് പാർട്ടിയിൽ ചേർന്ന് സമരം ചെയ്തതിന് 50 തൊഴിലാളികളെ സവർണ്ണ ഗുണ്ടകൾ അടിച്ചു കൊന്നത് 1968 Dec 25നാണ്. മീനാക്ഷിപുരത്ത് ദളിതരെ കൊലപ്പെടുത്തിയത് മുസ്ലീം മതപരിവർത്തനത്തിന് സ്വയം താൽപര്യം കാട്ടിയതിന്. ബോഡി കലാപം, ശങ്കരംകുളം കലാപം തുടങ്ങി മധുര, സേലം, ഈറോഡ് ജില്ലകളിൽ ദളിതരെ കാപ്പി കടകളിൽ പ്രത്യേകം സ്ഥലവും പാത്രങ്ങളും നൽകി ആക്ഷേപിക്കുന്നു.
കേരളത്തിൽ പൊതുവായി ദളിത് വിരുദ്ധ വികാരം പൊതു ഇടങ്ങളിൽ പ്രകടമാകുന്നില്ല എന്നു തോന്നുന്നു എങ്കിൽ അത് തെറ്റായ വില ഇരുത്തലുകളാകും. ഇന്നും കേരളത്തിൽ ഭൂരഹിതരിലെ 90% പേരും ദളിതർ തന്നെ.
അവരുടെ ഉന്നമനം ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്ന DHRM പോലെയുള്ള സംഘടനയുടെ പ്രവർത്തകരെ കൊലപാതകം തുടങ്ങിയ കുറ്റം ചുമത്തി അടിച്ചമർത്തുന്നതിൽ സർക്കാരും രാഷ്ട്രീയ നേതൃത്വവും റ്റെകെട്ടാണ്. ചന്ദ്രലേഖ എന്ന ദളിത് പെൺകുട്ടിക്കെതിരെ CITU നേതൃത്വം പരസ്യമായി നടത്തിയ ആക്രമണത്തെ ഒരു രാഷ്ട്രീയ പാർട്ടിയും വേണ്ടവണ്ണം അപലപിക്കുവാൻ തയ്യാറായിട്ടില്ല.
1942ൽ തിരുവിതാംകൂർ യൂണിവേഴ്‌സിറ്റിയിൽ റാങ്കു നേടിയ ശ്രീ. K.R നാരായണനെ അധികാരികൾ അർഹതപ്പെട്ട ജോലി നൽകാതെ ആക്ഷേപിക്കുവാൻ കാരണമായത് ഇന്ത്യയുടെ പിൽക്കാല രാഷ്ട്രപതിയായി മാറിയ വ്യക്തിയുടെ ദളിത് പശ്ചാത്തലമായിരുന്നു.
നിങ്ങൾ ഈ കത്ത് വായിക്കുന്പോഴേക്കും ഞാൻ ജീവിച്ചിരിപ്പുണ്ടാകില്ല. ദേഷ്യപ്പെടരുത്. നിങ്ങളിൽ പലരും സ്‌നേഹത്തോടെയും കരുതലോടെയുമാണ് എന്നോട് പെരുമാറിയിട്ടുള്ളത്. എനിക്ക് ആരോടും പരാതിയില്ല. പ്രശ്‌നം എന്റേതുമാത്രമാണ്. എന്റെ ആത്മാവും ശരീരവും തമ്മിലുള്ള അകലം കൂടി വരികയാണെന്ന് തോന്നുന്നു. കാൾ സാഗനെപോലെ ശാസ്ത്രത്തെക്കുറിച്ച് എഴുതാനായിരുന്നു ഞാൻ സ്വപ്‌നം കണ്ടിരുന്നത്. എന്നാൽ ഈ കത്ത് മാത്രമാണ് എനിക്ക് എഴുതാനായത്. ‘ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാക്കാനാകുന്നില്ലെങ്കിൽ ക്ഷമിക്കുക. മറ്റുള്ളവർ എന്നെ വിഡ്ഢിയെന്ന് വിളിക്കുമായിരിക്കും. മരണശേഷം സ്വാർത്ഥനെന്നും മണ്ടനെന്നുമുള്ള വിളികൾ ഉയർന്നേക്കാം. എന്നാൽ അതിനെക്കുറിച്ച് ഇപ്പോൾ ഞാൻ ചിന്തിക്കുന്നുപോലുമില്ല. മരണാനന്തരജീവിതത്തിൽ എനിക്ക് വിശ്വാസമില്ല. പ്രേതങ്ങളും ആത്മാക്കളും കെട്ടുകഥയാണെന്ന് കരുതുന്നു. ഇനി അങ്ങനെ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ മരണാനന്തരം നക്ഷത്രങ്ങളിലേക്കും മറ്റു ലോകങ്ങളിലേക്കും ഞാൻ സഞ്ചരിക്കും. ഈ കത്ത് വായിക്കുന്നവർ സാധിക്കുമെങ്കിൽ എനിക്ക് ഒരു സഹായം ചെയ്യണം. സർവ്വകലാശാലയിൽ നിന്നും ഏഴ് മാസത്തെ ഗവേഷണ ഫെല്ലോഷിപ്പ് എനിക്ക് ലഭിക്കാനുണ്ട്. ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയോളം വരുമിത്. എന്റെ കുടുംബത്തിന് ഈ തുക നൽകണം. പിന്നെ രാംജിക്ക് നാൽപ്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലും ആ പണം തിരികെ ചോദിച്ചിട്ടില്ല. പക്ഷെ എനിക്കുവേണ്ടി നിങ്ങൾ ആ കടം വീട്ടണം...
ഈ വരികൾ ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായ രോഹിത്തിന്റെതാണ്. മിടുക്കനായ ആ വിദ്യാർത്ഥിയുടെ അവസാന വരികൾ.
അവന്റെ ആത്മഹത്യക്കു പിന്നിൽ യൂണി വേഴ്സിറ്റിയുടെ കാവി ദാസനായ വൈസ് ചാൻ സലർക്കും രാമഭക്തിയിൽ നാടുവാഴുന്ന കേന്ദ്ര മന്ത്രിക്കും പങ്കുണ്ടെന്നു പറഞ്ഞാൽ...
ആ നാട് അനീതിയുടെ കൂരിരിട്ടിൽ പെട്ടു പോയ ഒരു തെമ്മാടിക്കുഴിയാണെന്നു പറയുവാൻ നമ്മൾ ആരും മറന്നു പോകരുത്...