രക്ഷകർ തന്നെ ശിക്ഷകരാകുന്പോൾ


പ്രവാസവും അഭയാർത്ഥി പ്രവാഹവും സ്വഭാവത്തിൽ വ്യത്യസ്തമാണെങ്കിലും രണ്ടും പിറന്ന നാടിൽ നിന്നുള്ള പുറത്തുപോകലാണ്. മലയാളികൾ അഭയാർത്ഥികളാകേണ്ടി വന്ന ഒരു സമൂഹമല്ല. എന്നാൽ അവർ പ്രവാസ ജീവിതം തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു. ചരിത്രാതീതകാലാത്തു തന്നെ കടൽയാത്ര മുഖ്യ ജീവിത പദ്ധതികളായി സ്വീകരിച്ച യവനരും ഗ്രീക്കുകാരും പ്രവാസികളാകാതെ തങ്ങളുടെ യാത്രയിൽ പുതിയ ലക്ഷ്യസ്ഥലങ്ങളെ ഉൾപ്പെടുത്തി. കടൽയാത്രയിൽ വിമുഖത കാട്ടിയിരുന്ന മലയാളി  കടൽ കടന്ന് ശന്പളം പറ്റുന്ന പണിക്കാരനായിതുടങ്ങിയത് ബ്രിട്ടീഷ് ഭരണ കാലത്താണ്.

ബ്രിട്ടീഷുകാരന്റെ വിവിധ കോളനികളായ ആഫ്രിക്കയിലേക്കും ഏഷ്യൻ രാജ്യങ്ങളിലേക്കും തോട്ടപ്പണിക്കാരായി ഗുജറാത്ത്, തമിഴ്നാട്, കേരളതീരങ്ങളിൽ നിന്ന് ആളുകളെ കൊണ്ടു പോയിരുന്നു. ആഫ്രിക്കയിൽ നിന്നാണ് അമേരിക്കൻ തോട്ടങ്ങളിൽ പണിക്കാരെ എത്തിച്ചത്. അടിമകളെ വാങ്ങി ഡച്ചുകാരും നാട്ടിലെത്തിച്ചു. ലങ്ക, മലയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ തോട്ടപ്പണിക്കാരായിരുന്ന തമിഴരും മലയാളികളും (കുറേ ആളുകൾ)  നിന്ന് ബ്രിട്ടണിലേക്ക് രണ്ടാം ലോകയുദ്ധസമയത്ത് കുടിയേറി. കുറേ ആളുകൾ അവിടെ തന്നെ സ്ഥിരം താമസമാക്കി. നാടിനു പുറത്തു പണി ചെയ്തിരുന്ന ഇവർക്ക്  അവഗണനകൾ സർവ്വസാധാരണമായിരുന്നു. രണ്ടാം തരമായും  അതിലും  താഴെയുള്ളവരുമായി പരിഗണിച്ചാണ്  കറുത്തവരിൽ പെടുത്തി ഇവരെ കണ്ടു വന്നത്. എന്നാൽ ഇവർക്ക് പ്രതിഷേധിക്കുവാൻ അവസരം ഉണ്ടായിരുന്നു. ബാരിസ്റ്റർ പണിക്കായി തെക്കേ ആഫ്രിക്കയിൽ എത്തിയ മോഹൻ ദാസ് ഗാന്ധിയെ ആക്ഷേപിച്ച വെള്ളക്കാരനെതിരായി ഉയർന്ന പ്രതിഷേധം ഇന്ത്യൻ തൊഴിലാളികളുടെ അവകാശ സമരമായി വളർന്നു. സമരക്കാരെ രാജ്യ ദ്രോഹം ചുമത്തി പുറത്താക്കുന്ന നിലപാടിലേക്ക് ശിക്ഷാ നടപടികൾ നീണ്ടു പോയില്ല. പാരതന്ത്ര്യത്തിൽ പെട്ടുപോയ രാജ്യത്തിന്റെ ജനതദി ഇത്തരം നാടുവിടലുകൾ, അതിന്റെ ഭാഗമായ അപകടരമായ സംഭവങ്ങൾ, ഇവയെ നേരിടേണ്ടി വരിക സ്വാഭാവികമാണ്.

സമാധാനത്തിന്റെ കരുത്തിൽ സ്വാതന്ത്ര്യം നേടി എടുത്ത ഇന്ത്യാ രാജ്യം തന്നെ 10 ലക്ഷം ജനതയുടെ മരണത്തിനും ഒരു കോടി ആളുകളെ അഭയാർത്ഥികൾ ആക്കുന്നതിനും സാക്ഷ്യം വഹിച്ചു. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഭയാർത്ഥി പ്രവാഹമാണ്. പ്രകൃതി ദുരന്തവും പകർച്ച വ്യാധികളും ഇന്ന് അനിയന്ത്രിതമായി പലായനങ്ങൾ  സൃഷ്ടിക്കുന്നില്ല. എന്നാൽ വംശീയ−വർഗ്ഗീയ− സംഘർഷങ്ങൾ എല്ലാ ഭൂഖണ്ധങ്ങളിലും ദശലക്ഷക്കണക്കിന് ജനങ്ങളെ ജീവിത സാഹചര്യങ്ങളിൽ നിന്ന് പുറത്താക്കുന്നു. ഏഷ്യയിൽ ടിബറ്റ് ജനതയും പാകിസ്ഥാൻ വിഭജനകാലവും ശ്രീലങ്കൻ കലാപവും ചെക്കിന്റെ തകർച്ചയും ആഫ്രിക്കയിലെ അഭ്യന്തര കലാപങ്ങളും  അവസാനമായി മ്യാൻമാറും (റൊഹിങ്കകളും) ലിബിയയും ഈ വിഷയത്തിന് സാക്ഷ്യം വഹിച്ചു വരുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യ തുടർന്ന തെറ്റായ വികസന നിലപാടുകൾ ഇന്ത്യയിലെ തൊഴിൽ മേഖലയിൽ ആശാവഹമായ ചലനങ്ങൾ ഉണ്ടാക്കിയില്ല. വൈകി നടപ്പിലാക്കപ്പെട്ട കാർഷിക മേഖലയ്ക്ക് അഭ്യസ്തവിദ്യരെ ഉൾക്കൊള്ളുവാൻ കഴിയുമായിരുന്നില്ല. പുതുതായി ഉണ്ടായ വ്യവസായങ്ങൾ വടക്കേ ഇന്ത്യൻ മണ്ണിൽ കേന്ദ്രീകരിച്ചു. രണ്ടാം ലോകയുദ്ധം വരുത്തിവെച്ച വിനകൾ മലയാളികളെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് തൊഴിലന്വേഷകരാക്കി. ഇന്ത്യയിലുണ്ടായ പുതിയ മാറ്റങ്ങൾ വ്യവസായത്തിൽ പിന്നോക്കമായ, വൻകിട കൃഷിഭൂമിയില്ലാത്ത കേരളത്തിലെ അഭ്യസ്തവിദ്യർക്ക് ഇടം ഉണ്ടായിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കേണ്ട സർക്കാർ അതിൽ വേണ്ടത്ര വിജയിക്കാതിരുന്നപ്പോൾ സ്വയം തൊഴിൽ ഇടം കണ്ടെത്തി ജീവിത മാർഗ്ഗത്തിന് വഴി ഒരുക്കാം എന്ന 1970കളിലെ ചെറുപ്പക്കാരുടെ അഭിലാഷമാണ് ഗൾഫ് കുടിയേറ്റം വ്യാപകമാക്കിയത്. അറബികളുമായി ഉണ്ടായിരുന്ന ബന്ധം, മക്ക എന്ന പുണ്യഭൂമിയുമായി മുസ്ലീം മത വിശ്വാസികൾക്കുള്ള വൈകാരിക ബന്ധം, ഒക്കെതന്നെ  ഗൾഫ് നാട് മലയാളികളുടെ പണി ഇടമാകുവാൻ കാരണമായി. പെട്രോൾ വിപണിയിലൂടെ ഗൾഫ് നാട്ടിലുണ്ടായ സാന്പത്തിക ഉണർവ്വ് കാര്യങ്ങളെ എളുപ്പമാക്കി.

ഇന്ത്യൻ പ്രവാസികളിൽ 10 ശതമാനം വരുന്ന മലയാളി സമൂഹം കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ പൊതു മണ്ധലത്തിൽ വൻ സംഭാവന നൽകിവരുന്നു. എന്നാൽ അവരുടെ ഇടയിൽ നാടുമായി നിരന്തരം ബന്ധവും കുടിയേറ്റം സാധ്യമല്ലാത്തവരുമായ ഗൾഫ് പ്രവാസികൾ  നടത്തുന്ന സാന്പത്തിക ഇടപെടൽ കേരളത്തിനു മാത്രമല്ല രാജ്യത്തിനും  കൂടി വിലമതിക്കുന്നതിനും അപ്പുറമാണ്. സർക്കാരിന് പ്രത്യേകിച്ച് ഒരു പങ്കാളിത്തവും ഇല്ലാതെ സ്വയം തൊഴിൽ തേടി ഗൾഫിൽ എത്തിയ 30 ലക്ഷം മലയാളികൾ സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിനായി അയക്കുന്ന കൃത്യമായ ഇടവേളയിലെ വിദേശ നാണയം രാജ്യത്തിന്റെ Balance of paymentൽ നിർണ്ണായക പങ്കാളിത്തം വഹിക്കുന്നുണ്ട്. നമ്മുടെ രാജ്യം ഇന്നനുഭവിക്കുന്ന സ്വകാര്യ വൽക്കരണത്തിന് പരസ്യമായി തുടക്കമിട്ട 1991ൽ ആരംഭിച്ച Globalisation ന് പെട്ടെന്നവസരം ഒരുക്കിയത് രാജ്യത്തിന്റെ വിദേശ നാണയത്തിലെ വൻ  കുറവായിരുന്നു. അന്നും ഇന്നും രാജ്യത്തിന്റെ വിദേശ വ്യാപാരത്തിൽ വൻ കമ്മിയാണ് നമുക്ക് ഉണ്ടാകുന്നത്. ഈ കമ്മി നികത്തുവാനുള്ള വിദേശ പണം പ്രധാനമായി ലഭ്യമാക്കുന്നത് വിദേശ ഇന്ത്യക്കാർ പ്രതിവർഷം അയക്കുന്ന 4.5 ലക്ഷം കോടിക്കു മുകളിലുള്ള വിദേശ നാണത്തിലൂടെയാണ്.

രാജ്യത്തിന്റെ സുസ്തിര വികസനത്തിനായി സർക്കാർ എടുക്കുന്ന എല്ലാ നിലപാടുകളും (ഉദാര) വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുവാനാണ് എന്ന് വിശദമാക്കാറുണ്ട്. സെസ്സുകൾ എന്ന വ്യവസായ കേന്ദ്രം ഒട്ടുമിക്ക ഇന്ത്യൻ നിയമങ്ങളും ബാധകമല്ലാത്ത തുരുത്തുകളാണ്. റോഡും വൈദ്യുതിയും അവിടെ  സൗജന്യമായി സർക്കാർ എത്തിക്കുന്നു. നികുതി കടന്പകളോ തൊഴിൽ നിയമങ്ങൾ പോലുമോ ബാധകമല്ലവിടെ. ഇത്തരം 500 കേന്ദ്രങ്ങൾക്കായി സർക്കാർ നൽകിയ ഇളവുകൾ 1 ലക്ഷം കോടി വരുന്നു. കഴിഞ്ഞ പ്രാവശ്യത്തെ ശ്രീ മോഡിയുടെ അമേരിക്കൻ സന്ദർശനത്തിനു മുന്പ് ഷെയർ മാർക്കറ്റിലെ വിദേശ നിക്ഷേപകർക്കു നൽകിയ നികുതി ഇളവുകൾ 40000 കോടി രൂപയുടേത്. അന്തർദേശീയ വ്യാപാരം നടത്തുന്ന ഇന്ത്യക്കാർ രാജ്യത്തിലേയ്ക്ക് ഇറക്കുമതി ചെയ്ത് നടത്തുന്ന കയറ്റുമതി വ്യാപരത്തിന്റെ സന്പത്ത് മൗറീഷ്യസ്, മക്കാവെ, ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ചില ദ്വീപുകൾ തുടങ്ങിയവയിലേയ്ക്ക് എത്തിക്കുവാനും അതിന്റെ ഗുണഫലം ഇന്ത്യൻ മണ്ണിൽ ലഭ്യമാക്കുവാനും ശ്രമിക്കുന്പോൾ  സർക്കാർ കാഴ്ച്ചക്കാർ മാത്രം.

മൊത്തത്തിൽ വിദേശ നിക്ഷേപകരുടെ ഇംഗിതത്തെ ശിരസ്സാവഹിച്ച് ലക്ഷം കോടികൾ കോർപ്പറേറ്റുകൾക്ക് നൽകുന്നവർ അതിലും വലിയ സംഭാവന നൽകുന്ന പ്രവാസികളോട് (വിശിഷ്യ അവരുടെ ഇടയിലെ 95% വരുന്ന സാധാരണക്കാരോട്) 100 % പുറം തിരിഞ്ഞു നിൽക്കുവാൻ കാരണമെന്ത് ? ഉത്തരം വളരെ ലളിതമാണ്, ഭരണ വർഗ്ഗത്തിന്റെ വർഗ്ഗ സ്വഭാവം അതു മാത്രം.

ഗൾഫ് മേഖലയിലുണ്ടായ എണ്ണ കച്ചവടം GCC രാജ്യങ്ങളിൽ മൊത്തത്തിൽ സാന്പത്തിക വളർച്ച ഉണ്ടാക്കിയി’രുന്നു. പെട്രോളിയം വിപണിയെ നിയന്ത്രിക്കുന്ന Aramco, Mobil തുടങ്ങിയ കന്പനികൾ ഖനനത്തിലും വിതരണത്തിലും മുഖ്യ ഇടപെടലുകൾ നടത്തുന്നുണ്ട്. എങ്കിലും പെട്രോളിയം ഉൽപ്പാദകരുടെ സംഘടന (OPEC) പെട്രോളിന്റെ വിലയിൽ അവർക്കു തന്നെ നിയന്ത്രിക്കുവാൻ ചില അവസരങ്ങൾ  ഒരുക്കി. ഈ വിഷയത്തിൽ ഉണ്ടായ നഷ്ടം നികത്തുവാൻ അമേരിക്ക കൈകൊണ്ട നിലപാട് പെട്രോൾ പണത്തെ പെട്രോൾ ഡോളറക്കി മാറ്റി എടുക്കലായിരുന്നു. 1975ൽ ഉരുണ്ടുകൂടിയ അമേരിക്കൻ സാന്പത്തിക പ്രതിസന്ധിക്ക് തെല്ലാശ്വാസം ഇതുണ്ടാക്കി എന്നു പറയാം. അതു GCCരാജ്യങ്ങളിലെ രാജകുടുംബങ്ങളുമായി ചങ്ങാത്തം കൂടി രാജ്യത്തിന്റെ വികസനത്തെയും ജനങ്ങളുടെ ജീവിത വീക്ഷണത്തേയും അമേരിക്കൻ രാഷ്ട്രീയം തങ്ങളുടെ മാർക്കറ്റിനായി പുനഃക്രമീകരിച്ചു. മാർക്കറ്റിനെ മാത്രം വികസനമായി കാണുന്ന ഉപഭോഗതൃഷ്ണയുടെ പരീക്ഷണശാലയായി ഗൾഫ് മാറി തിർന്നു. കൃഷി വ്യാപകമാക്കാൻ പരിമിതി ഉണ്ടെങ്കിലും ഉൽപ്പാദനത്തിനു പകരം വിപണിയെയും അതിന്റെ അനുബന്ധ പ്രവർത്തനത്തെയും ആഘോഷമാക്കി. ഇതിന്റെ ഭാഗമായ നിർമ്മാണം, ഹോട്ടൽ, വാഹന വിപണി, കച്ചവടകേന്ദ്രങ്ങൾ എല്ലാം മലയാളിക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. കച്ചവടത്തിനും കെട്ടിടങ്ങൾക്കും റോഡുകൾക്കും ബാങ്കുകൾക്കും വൻ മുൻതൂക്കം നൽകിയുള്ള വിപണി ഊഹ മൂലധനത്തിന്റെ (Speculative Capitalism) തനി സ്വഭാവം കാണിച്ചു. പ്രകൃതി വിഭവങ്ങളിൽ മാത്രം ഊന്നിയുള്ള, വരുമാനത്തെ മുഖ്യമായി കണ്ടുവരുന്ന സാന്പത്തിക ആസൂത്രണം പ്രതിസന്ധിയിലാകുവാൻ ഏറെ സമയം വേണ്ടതില്ല എന്ന് 2008നു ശേഷമുള്ള അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്. അതി സന്പന്ന രാജ്യങ്ങളായി കണക്കാക്കി വരുന്ന ഖത്തർ, യു.എ.ഇ, സൗദി, ബഹ്റിൻ  തുടങ്ങിയവ ലോക ബാങ്കിന്റെ നിർദ്ദേശപ്രകാരം സബ്സിഡികൾ വെട്ടികുറക്കുവാൻ പ്രേരിതമാകുന്നതിനു കാരണം  അവരും ലോക ബാങ്കിന്റെ ചികിത്സയിലാണെന്നാണ്. ജീവിത ചെലവ്  താരതമ്യേന കുറവുള്ള ഇത്തരം രാജ്യങ്ങളിലെ സാധാരണക്കാരന്റെ പ്രവാസി ജീവിതം ഈ തീരുമാനത്തിലൂടെ  അസാധ്യമാകും. GDPആനുപാതികമായി ഏറെ തുശ്ചമായ വേതനം മൂന്നാം ലോക രാജ്യങ്ങളിലെ തൊഴിലാളികൾക്ക് നൽകുന്ന നാടാണ് ഗൾഫ്. (അവിടെ വേതനത്തിന്റെ അടിസ്ഥാനം പാസ്പ്പോർട്ടിന്റെ നിറമാണെന്ന് എത്ര ഇന്ത്യൻ Diplomatകൾക്ക് അറിവുള്ളതാണെന്ന് സംശയമുണ്ട്.) അമേരിക്കയുടെ പ്രതിശീർഷ വരുമാനം ഖത്തറിന്റെ  1/2 ആയിരിക്കെ അമേരിക്കയുടെ മിനിമം വേതനം മണിക്കൂറിന് 10 ഡോളറും ഖത്തറിന്റെത്  3.5 ഡോളറുമാണ്. ജീവിത ചെലവിലെ കുറവാണ് ഏക ആശ്വാസമായിട്ടുണ്ടായിരുന്നത്. ജീവിത ചിലവ് വർദ്ധിക്കുന്നതിലൂടെ സാധാരണ തൊഴിലാളികൾക്ക് പിടിച്ചു നിൽക്കുക അസാധ്യമായിരിക്കും. ചെലവിലെ വർദ്ധന കണ്ടറിഞ്ഞ്  വേതനത്തിൽ വർദ്ധനവ് എന്നത് ഗൾഫ് മേഖലയിലെ 90% കന്പനിയിലും കേവലം പകൽ കിനാവു മാത്രം. മലയാളികളുടെ മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന വിരലിലെണ്ണാവുന്ന കന്പനികളെ ഒഴിച്ചു നിർത്തിയാൽ ബാക്കിയുള്ളവ കോൺസ്ട്രന്റേഷൻ ക്യാന്പുകൾ തന്നെ. ഏറ്റവും കുറച്ച് ശന്പളം നൽകുന്ന, കൃത്യമായി വേതനം കൊടുക്കാത്ത, മനുഷത്വരഹിതമായി പെരുമാറുന്ന, പാസ്പോർട്ട് പോലും തൊഴിലാളി വശം നൽകാത്ത, പരീക്ഷാ സർട്ടിഫിക്കറ്റുകൾ പിടിച്ചു വെയ്ക്കുന്ന വരാണ് വലിയൊരു വിഭാഗം കന്പനികളുടേയും മലയാളി ഉടമസ്ഥർ. 

ഏറ്റവും ചിലവു കുറഞ്ഞ അദ്ധ്വാന ശക്തിയെ ലഭ്യമാക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ സാന്നിദ്ധ്യം ഗൾഫ് വികസനം ചിലവു കുറഞ്ഞ രീതിയിൽ വ്യാപിക്കുവാനുള്ള കാരണങ്ങളിൽ മുഖ്യമാണ്. എന്നാൽ തൊഴിൽ മേഖലയിലെ പ്രവർത്തകർക്ക് UN തൊഴിൽ നിയമങ്ങൾ ബാധകമാക്കുവാൻ വേണ്ടി നമ്മുടെ സർക്കാർ ശ്രമിക്കുന്നില്ല. തൊഴിലാളികളുടെ എഗ്രിമന്റ് നിയമപരമായി  നിലവിൽ വരുന്നത് എംബസ്സിയുടെ സാന്നിദ്ധ്യത്തിൽ ആക്കുവാൻ  ഒരു പദ്ധതിയും നമ്മുടെ സർക്കാർ മുന്നോട്ടു വെയ്ക്കുന്നില്ല. തൊഴിലാളികൾക്ക് അവരുടെ പാസ്പോർട്ട് അവരുടെ സ്വകാര്യ രേഖയാണെന്ന അവകാശം പോലും പ്രായോഗികമായി അംഗീകരിക്കുന്നില്ല. ഷെൽട്ടർ, നിയമപരമായ അവകാശങ്ങൾ തുടങ്ങിയവ ഇന്ന് ഒരു സ്വപ്നം മാത്രം. തൊഴിലാളികളുടെ മാനസിക നിലകൾ പരിശോധിക്കുവാനോ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനോ സംവിധാനമില്ല. വീട്ടുവേല ഒരു തരം അടിമപ്പണിയായി കരുതേണ്ടതുണ്ട്. പ്രവാസിയുടെ ഏക സഞ്ചാര മാർഗ്ഗമായി വിമാനം മാറി. അതിന്റെ താരിഫുകൾ പകൽ−രാത്രി കൊള്ള തന്നെ. പ്രതികൂല സാഹചര്യങ്ങളിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുവാനുള്ള സമാന്തര മാർഗ്ഗങ്ങളെ പറ്റി സർക്കാർ നിശബ്ദത പാലിക്കുന്നു. രാജ്യാന്തര തൊഴിൽ കരാർ നിയമങ്ങൾ ഉണ്ടാക്കുന്നതിൽ ദേശീയ സർക്കാർ വിമുഖരാണ്. പ്രവാസികൾക്കായി കേന്ദ്രസർക്കാർ ഗൗരവതരമായി പറഞ്ഞു വരുന്ന കാര്യങ്ങൾ ഒക്കെ അമേരിക്കൻ-യുറോ− ആഫ്രിക്കൻ−ഇന്ത്യൻ കച്ചവടക്കാരെ  മുന്നിൽ കണ്ടു കൊണ്ടാണ്.

കേരളത്തിലെ 1/3 വീടുകളിലും ഒരു പ്രവാസി വീതമെങ്കിലും  ഉണ്ടെന്നിരിക്കെ, അവർ  പ്രതിവർഷം 1 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് എത്തിക്കുന്നു എങ്കിലും പ്രവാസിയുടെ വിഷയത്തിൽ സർക്കാരുകളുടെ തീരുമാനങ്ങൾ ആശാവഹമല്ല. NORKA എന്ന വകുപ്പിന് ഒരു പുർണ്ണ സമയ സെക്രട്ടറി ഇല്ലാത്തതിൽ നിന്നും എത്ര നിസ്സാരവൽക്കരിച്ചാണ് 40 ലക്ഷം മലയാളികളുടെ വിഷയത്തെ സർക്കാർ നോക്കി കാണുന്നത്? അവർക്കു വേണ്ടി തുടങ്ങിയ പെൻഷൻ പദ്ധതിയിൽ കുറച്ചു പേർ മാത്രം അംഗങ്ങളാകുവാൻ കാരണവും മറ്റൊന്നുമല്ല. 2012നു ശേഷം മടങ്ങി വരുന്ന തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുന്നു. കഴിഞ്ഞ വർഷം 11.6 ലക്ഷം ആളുകൾ മടങ്ങി വന്നു. ഗൾഫ് പ്രവാസ ജീവിതം പ്രതിസന്ധിയിലായി കൊണ്ടിരിക്കെ റബ്ബറിന്റെയും മറ്റു വില ഇടിവുകൾ പ്രശ്നം രൂക്ഷമാകുന്നു. ഈ അവസരത്തിൽ ഉയർന്നു പ്രവർത്തിക്കേണ്ട കേന്ദ്ര സർക്കാർ പ്രവാസി വകുപ്പ് ഇല്ലാതാക്കുവാൻ  തീരുമാനിച്ചത് തീർത്തും അപലപനീയമാണ്.

രാജ്യത്തിന്റെ 3.6 കോടി വരുന്ന പ്രവാസികൾ രാജ്യത്തിന് പല രീതിയിലും മുതൽ കൂട്ടു തന്നെ. അവർ അയക്കുന്ന പണം, അവർ അനുഭവിക്കുന്ന ജീവിതം, അവർ ഉണ്ടാക്കുന്ന വൈദേശിക വ്യക്തി ബന്ധങ്ങൾ എല്ലാം ഇന്ത്യക്ക് മുതൽകൂട്ടാണെന്നിരിക്കെ ഈ വിഭാഗത്തോടുള്ള സർക്കാരുകളുടെ നിലപാടുകൾ കൂടുതൽ പ്രതിലോമകരമാകുന്നു. രാജ്യത്തിന്റെ വിദേശ നാണയ ട്രഷറിയായി പ്രവർത്തിക്കുന്ന സാധാരണ പ്രവാസികളെ അവർ നൽകിവരുന്ന ദേശീയ സംഭാവനയെ  മുഖവിലക്കെടുത്ത് അവർക്ക് ജീവിത സുരക്ഷ നൽകുവാൻ മറക്കുന്ന ഏതു സർക്കാരുകളെയും  അതു കൊണ്ടു തന്നെ ദേശവിരുദ്ധ ശക്തിയായി  ചരിത്രം ചാപ്പ കുത്തും.

You might also like

Most Viewed