ചന്തയെ സ്നേഹിക്കുന്ന സർക്കാർ ജനങ്ങളെ പാപ്പരാക്കും


ഇന്നത്തെ മനുഷ്യരിൽ‍ കച്ചവടം തൊഴിലാക്കിയ വിഭാഗം ഇഷ്ടപ്പെടുന്നത് I shop there for I am എന്ന ദർ‍ശനം ജീവിതത്തിൽ‍ തടസംവിനാ നടപ്പാക്കുന്നവരെ ആയിരിക്കും. മുതലാളിത്തം നാളിതുവരെ ഉണ്ടായിട്ടുള്ള (ഇടവേളകളിലെ സോഷ്യലിസ്റ്റ്‌ കാലത്തെ മാറ്റിനിർ‍ത്താം) ഏറ്റവും പുരോഗമനപരമായ വ്യവസ്ഥിതിയാണെന്ന് പറയുവാൻ രണ്ടു വെട്ടം ആലോചികേണ്ടതില്ല. മുതലാളിത്തം എല്ലാ മനുഷ്യരെയും തുല്യരായി കാണുവാൻ ഇഷ്ടപ്പെടുന്നു. ജാതിക്കും മതത്തിനും വർ‍ണ്ണങ്ങൾ‍ക്കും ഇവിടെ വിലയില്ല. ദൈവത്തെ പോലും വെല്ലുവിളിക്കുവാൻ അവർ‍ക്കിഷ്ടമാണ്. കൃഷിയേയും വ്യവസായത്തെയും അവർ‍ അതിരുകളില്ലാതെ പ്രോത്സാഹിപ്പിക്കും. അനാഥരെ പരിഗണിക്കും. അതിനായി ആതുരസേവന സംവിധാനങ്ങളും പരിപാടികളുടെ ഭാഗമാക്കും. എല്ലാ നന്മകളും അട്ടിമറിക്കുന്ന ഒരു സ്വഭാവ വൈകൃതമേ അതിനുള്ളൂ. അത് മറ്റൊന്നുമല്ല ലാഭം. ലാഭം എന്ന ഭൗതിക വസ്തുവിന്‍റെ മുന്നിൽ‍ എന്തും ചെയ്യാൻ മടിക്കില്ല ഈ മുതലാളിത്തം. ലാഭം പത്തു ശതമാനമാണെങ്കിൽ‍ അവർ‍ പരീക്ഷണങ്ങൾ‍ക്കു മുതിരും. ലാഭം 20% ആണെങ്കിൽ‍ അവർ‍ കടൽ‍ കടക്കാൻ മടിക്കില്ല. ലാഭം 50% ആണെങ്കിൽ‍ ആരെയും തള്ളിപ്പറയും. ലാഭം 100% കടന്നാൽ‍ അവർ‍ക്കു യുദ്ധവും പത്യമാകും. ലാഭം 200% കടന്നാൽ‍ കൂട്ടകൊലാകൾ‍ക്ക് നേതൃത്വം കൊടുക്കും. ഗാമ കോഴിക്കോട്ട്‌ എത്തി അധിനിവേശത്തിനു കോപ്പുകൂട്ടിയത് ലാഭക്കൊതികൊണ്ട് മാത്രം. ഒന്നും രണ്ടും ലോകയുദ്ധങ്ങൾ‍, അതിനും മുന്‍പും പിന്‍പും നടന്നവ, ഇപ്പോഴും തുടരുന്ന അധിനിവേശങ്ങൾ‍, എല്ലാം പ്രതീക്ഷ അർ‍പ്പിച്ചിരിക്കുന്നത്‌ വൻ തോതിലുള്ള ലാഭത്തെ ലക്ഷ്യം വെച്ചു മാത്രം. അവർ‍ക്ക് കച്ചവടവും യുദ്ധവും ലാഭം എത്തിച്ചു കൊടുക്കുന്ന മേൽ‍വിലാസങ്ങൾ‍ മാത്രം. മുതലാളിത്തത്തിന്‍റെ ഇഷ്ട മനുഷ്യ വിഭാഗം മധ്യവർ‍ഗമാണ്. സ്വപനങ്ങളിൽ‍ ജീവിക്കുന്ന ആ വർ‍ഗ്ഗം എപ്പോഴും ഇഗോ എന്ന രോഗത്തിന് വിധേയരായവരും മറ്റുള്ളവരുടെ കണ്ണുകടി നേടിയെടുക്കുവാൻ പാടുപെടുന്നവരും ആയിരിക്കും. അവരുടെ താൽപര്യങ്ങളെ തൃപ്തി പെടുത്തുവാൻ ലോക മുതലാളിത്തം കാട്ടുന്ന പ്രത്യേക താൽപ്പര്യമാണ് ആഗോള വിപണിയുടെ വിജയത്തിനും അതുവഴി മാർ‍ക്കറ്റു വിപണി സജീവമാകുവനും കാരണമാക്കുന്നത്. 

ലോകത്തെ ഒരു പക്ഷേ ഏറ്റവും കൂടുതൽ‍ മധ്യ വർ‍ഗ്ഗ പങ്കാളിത്തമുള്ള കേരളത്തിന്‍റെ മനസാക്ഷി ഇന്നുറ്റു നോക്കുന്നത് വിപണിയെ ആണ്. ആഗോളവൽ‍കരണത്തിന്‍റെ വിജയരഥമായ വിപണിയിൽ‍ ലോക സാന്പത്തിക രാജാക്കന്‍മാർ‍ക്കായി പുതിയ നികുതി രീതികളും നിയമങ്ങളും തുടർ‍ച്ചയായി ഉണ്ടായിവരുന്നു. വാറ്റും പുതിയ കേന്ദ്ര നികുതിരീതികളും അതിന്‍റെ ഭാഗമാണ്. കേരളസർ‍ക്കാർ‍ കഴിഞ്ഞ 2007 മുതൽ‍ വൻ പ്രചരണത്തിൽ‍ ഒന്നര മാസം നീണ്ടുനിൽ‍ക്കുന്ന trade festival വിപണിയിലേക്ക് പരമാവധി ജനങ്ങളെ കൊണ്ടെത്തിക്കുവനാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ഇത് സാന്പത്തികമായി തകർ‍ന്നടിയുവാൻ എറെഅധികം മുദ്രകൾ‍ കാട്ടിവരുന്ന കേരളത്തിന്‍റെ retardation graphന്‍റെ വേഗത കൂട്ടും. ശാസ്ത്രത്തിന്‍റെ ലക്ഷ്യം മാനവിക മോചനമാണ്. മാനവിക മോചനം എന്നാൽ‍ കുറച്ചു സമയം അദ്ധ്വാനം ഏറെ സമയം വിശ്രമം, വിനോദം എന്നാണ്. അദ്ധ്വാനിക്കുന്നവർ‍ക്ക് കുറച്ചദ്ധ്വാനം കൊണ്ടുകൂടുതൽ‍ ഉത്പാദനം സാധ്യമാക്കുക ആയിരിക്കും അതിന്‍റെ ലക്ഷ്യം. മുതലാളിത്തം ശാസ്ത്ര സാങ്കേതികയുടെ പ്രചാരകരാകുന്നത് ജനതയുടെ ജീവിതം കൂടുതൽ‍ ആധുനീകമാക്കുവാനാണ്. ഇത്തരം ഒട്ടേറെ വിമോചന പാതകൾ‍ കാണിച്ചു വരുന്ന മുതലാളിത്തം എന്നാൽ‍ അതിന്‍റെ എല്ലാ സൽ‍ഗുണങ്ങളും കാലത്തിന്‍റെ രാഷ്ട്രീയ കാറ്റിനെ വ്യകതമാക്കി മനസ്സിലാക്കിമാറ്റി എഴുതുവാൻ മടിച്ചിട്ടില്ല. ഭൂപരിഷ്കരണത്തെ വൻ ‍രീതിയിൽ‍ മുതലാളിത്തം പ്രോത്സാഹിപ്പിച്ചത് മാർ‍ക്കറ്റിനോടു പുറം തിരിഞ്ഞു നിന്ന ജൻമിത്തത്തെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം വെച്ചായിരുന്നു. ഒപ്പം ഭൂമിയുടെ ഉടമസ്ഥരായി ഭൂരിപക്ഷം ജനങ്ങളെയും മാറ്റേണ്ടതുണ്ട്. അങ്ങനെ അഡ്രസ്സ് ഉള്ള സമൂഹത്തെ ഉണ്ടാക്കിയെടുക്കുന്നതിലൂടെ മാത്രമേ ചന്ത ആഭിമുഖ്യമുള്ള ജനതയെ രൂപപെടുത്തുവാൻ കഴിയു എന്ന് മുതലാളിത്തം മനസ്സിലാക്കുകയും നടപ്പിലാക്കുകയും ചെയ്തു ജപ്പാനും അമേരിക്കയും യൂറോപ്യന്മാരും അത് ഒന്നാം ലോകയുദ്ധത്തിനു ശേഷം അതി വേഗത്തിൽ‍ നടപ്പിലാക്കി വിപണിയെ സജ്ജമാക്കി. കാലത്തിന്‍റെ മാറ്റം മനസ്സിലാക്കി ക്ഷേമത്തെ (രണ്ടാം ലോകയുദ്ധം കാലം) പറ്റി വാചാലമായ അവർ‍, 70കളിൽ‍ സാന്പത്തിക രംഗത്ത് അവർ‍ക്കുമാത്രം അറിയാവുന്ന ശരികൾ‍ നടപ്പിലാക്കി. അപ്പോഴും മുതലാളിത്തം ജനാധിപത്യത്തിന്‍റെ അടിസ്ഥാന ധർ‍മ്മമായ ലോകനീതിയെ (ജനതയുടെ മിനിമം ജീവിക്കാനുള്ള അവകാശം) കൈ ഒഴിഞ്ഞില്ല. സന്യാസ മുതലാളിത്തമെന്ന് എന്നും മുതലാളിത്തത്തെ പറ്റി പറഞ്ഞു കേട്ട അതിന്‍റെ idealഅവസ്ഥക്ക് ഘടക വിരുദ്ധമായി മുതലാളിത്തം സമസ്തമേഖലയിലും പിടിമുറുക്കുന്നത് ആഗോളവൽ‍ക്കര കാലത്താണ്. അതോടെ മുതലാളിത്തം മനുഷ്യന്‍റെ എല്ലാ മേഖലയിലും കച്ചവട മനസ്സോടെ പിടി മുറുക്കി. അതിന്‍റെ വർ‍ദ്ധിച്ച കടന്നു കയറ്റത്തിലാണ് ഇന്നു ലോകം.

മനുഷ്യന്‍റെ ആവശ്യങ്ങളെ അത്യാവശ്യം, ആവശ്യം, വേണമെങ്കിൽ‍ എന്ന തരത്തിൽ‍ പട്ടികതിരിക്കാം. ഇതിൽ‍ വേണമെങ്കിൽ‍ എന്ന പട്ടികക്ക് പല ഉപവിഭാഗവും സാധ്യമാണ്. ഉൽപ്പന്നങ്ങളെ അതിന്‍റെ സാമൂഹിക ജീവിതപങ്കാളിത്തത്തിന്‍റെ അടിസ്ഥാനത്തിൽ‍ സർ‍ക്കാർ‍ നിയന്ത്രിക്കേണ്ടതാണ്. അത് കേവലം നികുതിയുടെ രൂപത്തിൽ‍ മാത്രമാകരുത്. അവശ്യവിഭാഗത്തിൽ‍ പെടുന്ന ഭക്ഷണം (കൃഷി), മരുന്ന്, കുടിവെള്ള ശ്രോതസ്, വിദ്യാഭ്യാസം, പൊതുവാഹന സംവിധാനം തുടങ്ങിയ മേഖലയിലെ സാങ്കേതിക വിപ്ലവം, ഉത്പാദന കുതിപ്പ്, വിലനിയന്ത്രം തുടങ്ങിയവ സർ‍ക്കാർ‍ പരിശോധനകൾ‍ക്ക് വിധേയമാക്കി എപ്പോഴും അതിന്‍റെ ലഭ്യതയും വിലയും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ആവശ്യം എന്നു പറയാവുന്ന വിഭാഗത്തിലെ വിനോദം, സ്വന്തമായ വീട് തുടങ്ങിയ ജീവിത ആവശ്യത്തെയും സമൂഹം മാനിക്കണം. മുകളിൽ‍ സൂചിപിച്ച രണ്ടു വിഭാഗവും മനുഷ്യന്‍റെ ബുദ്ധിപരവും സാമൂഹിക പരവുമായ ധർ‍മ്മങ്ങൾ‍ പൂർ‍ത്തിയാക്കുവാൻ ആവശ്യമാണ്. ആരോഗ്യമുള്ള നല്ല തലമുറയെ രൂപപെടുത്തുന്നതിൽ‍ അവക്ക് നിർ‍ണായക പങ്കുണ്ട്. ഇത്തരം മനുഷ്യന്‍റെ ആവശ്യങ്ങൾ‍ പ്രാകൃതിയുടെ നിലനിൽ‍പ്പിനു ഭീഷണിയാകുന്നില്ല. എന്നാൽ‍ ലോകത്തെ അടിമുടി നിയന്ത്രിക്കുന്ന സാമ്രാജ്യത്വം മാർ‍ക്കറ്റിനെ മുന്നിൽ‍ നിർ‍ത്തിയാണ് മുന്നോട്ടു പോകുന്നത്. മുതലാളിത്തത്തിന് പ്രതേകിച്ച് അതിന്‍റെ ഇരുപതാം നൂറ്റാണ്ടു രൂപമായ സാമ്രാജ്യത്തിന്, അതിന്‍റെ പോസ്റ്റ്−മോഡേൺ ഭാവമായ ആഗോളവൽ‍കരണത്തിന് വിപണിയും അതിന്‍റെ ഉത്പന്നമായ ചരക്കും ഇല്ലാതെ ഒരടി മുന്നോട്ട് പോകുവാൻ കഴിയില്ല. അതിന്‍റെ സ്വഭാവങ്ങൾ‍ വ്യവസായ വിപ്ലവാനന്തരം ആരംഭിച്ചിരുന്നു. മുതലാളിത്തം അവിശ്വസനീയമായ തിരിച്ചടി നേരിട്ട പാരീസ് വിപ്ലവത്തിനു ശേഷം അവർ‍ അവരുടെ തന്നെ പുരോഗമന ആശയങ്ങളെ ഓരോന്നായി കൈയൊഴിഞ്ഞു. അതുവഴി യുക്തിക്കും മൂല്യങ്ങൾ‍ക്കും (അവരുടെതന്നെ) നിരക്കാത്ത പരീക്ഷണങ്ങൾ‍ പുതിയ രീതിയിൽ‍ നടപ്പാക്കി തുടങ്ങി. എല്ലാം മാർ‍ക്കറ്റിൽ‍ കച്ചവടം കൊഴിപ്പിക്കുന്നതിനെ മുന്നിൽ‍ കണ്ടായിരുന്നു. ഇന്നും ഏറെ തയ്യാറെടുപ്പുകളോടെ തുടരുന്നു. ഇതിന്‍റെ ഭാഗമായി അനാവശ്യ (ഒഴിവാക്കാവുന്ന) വിഭവങ്ങളിൽ‍ ജനങ്ങളുടെ ഇഷ്ടങ്ങളെകൊണ്ടെത്തിക്കുവാൻ വിശ്വാസത്തെ, വിദ്യാഭ്യാസത്തെ, കലയെ, സ്വപ്നത്തെ എല്ലാം ലോക മുതലാളിത്തം ഉടച്ചു വാർ‍ത്തു.

റഷ്യൻ പ്രസിഡനണ്ട് ക്രൂഷചെവ് അമേരിക്ക സന്ദർ‍ശിച്ചപ്പോൾ‍ അമേരിക്കൻ പ്രസിഡണ്ടിന്‍റെ അതിഥിയെ അമേരിക്കയുടെ ആധുനിക അടുക്കള കാണിക്കുവാൻ കൊണ്ടുപോയി എന്ന ഒരുകഥയുണ്ട്. അവിടെ ഉപകരണങ്ങളുടെ അനാവശ്യ സാന്നിധ്യം കണ്ട് അസ്വസ്ഥനായ റഷ്യൻ നേതാവ് അവസാനം ഇതിൽ‍ എത്ര എളുപ്പമാണ് കൈകൊണ്ടു ജ്യൂസ്‌ ഉണ്ടാക്കുക എന്ന് പറഞ്ഞ് ജ്യൂസ്‌ ഉണ്ടാക്കുവാൻ മുതിർ‍ന്നതായി ഒരു വാർ‍ത്ത ഉണ്ടായിരുന്നു. ഇത് ഒരു കഥയാണെങ്കിൽ‍ കൂടി മുതലാളിത്തത്തിന്‍റെ അനാവശ്യ ഉത്പന്ന ഭ്രമം ഇവിടെ കടന്നുവരുന്നു. വൈദ്യുതി ബൾ‍ബ്‌ എഡിസൺ കണ്ടുപിടിച്ച കാലത്ത് അതിന്‍റെ ആയുസ്സ് ഒരു ലക്ഷം മണിക്കൂർ‍ ആയിരുന്നു. എന്നാൽ‍ വിപുലമായി അത് വിൽപന തുടങ്ങി കഴിഞ്ഞതിനു ശേഷം അതിന്‍റെ പ്രവർ‍ത്തന കാലം 1000 മണിക്കുറായി കുറക്കുവാൻ അന്നത്തെ General electrical ഉൾ‍പെടുന്ന കന്പനികൾ‍ തീരുമാനിച്ചു. അങ്ങനെ തീരുമാനിക്കുവാൻ കൂടിയ സമ്മേളനം ഒരു രഹസ്യ കൂടി ഇരുപ്പായിരുന്നില്ല. ചരിത്രത്തിൽ‍ അത് 1000 hrs confereance എന്ന പേരിൽ‍ അറിയപ്പെടുന്നു. നൂറ്റാണ്ടിനു മുന്‍പ് തന്നെ മുതലാളിത്തം എത്ര പരസ്യമായാണ് ശാസ്ത്ര കണ്ടെത്തലിനെ ലാഭാതിഷ്ടിതമായി ഉപയോഗിക്കുന്നതെന്ന് എന്ന് ഇവിടെ വ്യക്തമാക്കപെട്ടിരിക്കുന്നു.

വിപണി വളർ‍ന്നാൽ‍ ജീവിത നിലവാരം HDI (ജീവിത സൂചിക) ഉയർ‍ന്നെന്നു ഭരണാധികാരികൾ‍ നമ്മെ പഠിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി വികസന സൂചിക GDPയാൽ‍ നിർണ്‍ണയിക്കപെടുന്നു. വിപണിയെ തീർ‍ഥാടന കേന്ദ്രവും ചരക്കുകൾ‍ പ്രസാദവുമായി കാണുവാൻ ജനത്തെ പഠിപ്പിക്കുന്നു. അത്തരം പഠനം നൽ‍കുന്ന സ്കൂളുകളാണ് നമ്മുടെ സിനിമ ലോകവും ചാനലുകളും പരസ്യലോകവും. ആവശ്യങ്ങളിൽ‍ നിന്നാണ് ഉൽപ്പന്നങ്ങൾ‍ വാങ്ങുന്നത് എന്ന സാമാന്യ യുക്തിക്കുപകരം, വഴിയിൽ‍നിന്നും പരിചയപെടുന്ന ഉത്പന്നങ്ങൾ‍ നമ്മുടെ ജീവിത സഹായി ആയിതീരും എന്ന് തെറ്റായി മനസ്സിലാക്കി അതു വാങ്ങി ഉപയോഗിക്കുവാൻ നമ്മേ ആഗ്രഹിപ്പിക്കും. 

ഇത്തരത്തിൽ‍ ജനതയെ പരുവപ്പെടുത്തുന്നതിന് വിപണി നായകർ‍ ഒരു തരത്തിലുള്ള മനശ്ശാസ്ത്രം സമീപനമാണ് സ്വീകരിക്കുന്നത്. ഒരു വസ്തുവിനെ നമ്മുടെ മുന്നിൽ‍ കാഴ്ച വസ്തുവാക്കി അവതരിപ്പിക്കും. (ഈ വസ്തുവിന്‍റെ imageമാത്രമായിരുക്കും അവ). അങ്ങനെ കണ്ടുപോകുന്ന വസ്തിവിൽ‍ വീണ്ടും വീണ്ടും കാണുവാൻ ഒരു താൽപര്യം നമ്മുക്കുണ്ടാകും (ഒരുതരത്തിൽ‍ voyerism). കാഴ്ച്ചയുടെ ഉത്സവം തീർ‍ക്കുന്ന വസ്തുക്കൾ‍ സ്വന്തമാക്കുവാൻ ജനങ്ങളിൽ‍ ഉണ്ടാകുന്ന വസ്തുരതി (fetischism) അവരെ ഉൽപ്പന്നങ്ങൾ‍ വാങ്ങുവാൻ നിർബ്‍ബന്ധിതമാക്കുന്നു. ഇതിനായി ഏറ്റവും നിർ‍ണായക പശ്ചാത്തലം ഒരുക്കുന്നത് പരസ്യങ്ങളാണ്. ഈ പരസ്യങ്ങൾ‍ നമ്മുടെ മുന്നിൽ‍ എത്തുന്നത്‌ (പ്രത്യേകിച്ച് പുതിയ കാലത്ത്) ചാനലുകളിലൂടെ. ക്രിക്കറ്റ് ഒരു വലിയ ജനതയുടെ (പ്രത്യേകിച്ച് മുന്നാം ലോകത്തിന്‍റെ) ഹരമായി മാറിയതിനു പിന്നിൽ‍ അതിനു പങ്കുവെക്കുവാൻ കഴിയുന്ന പരസ്യസാധ്യതയാണ് കാരണം. പരസ്യം എങ്ങനെ ആയിരിക്കണമെന്ന് വ്യക്തമായി ഹിറ്റ്ലർ‍ തന്‍റെ ജീവചരിത്രത്തിൽ‍ എഴുതിയിട്ടുണ്ട്. അത് ചുരുക്കം വാക്കുകളിലും കുറിക്കു കൊള്ളുന്നതും ആയിരിക്കണം എന്ന് ഓർ‍മ്മിപ്പിക്കുന്നു. നമ്മുടെ പരസ്യലോകം ആ നിയമങ്ങളെ ഭലപ്രദമായി സ്വീകരിച്ചിരിക്കുന്നു. യുക്തിക്കു നിരക്കാത്ത പ്രസ്താവനകളും കാഴ്ചകളും മനുഷ്യന്‍റെ അധമ ബോധത്തെ തൃപ്ത്തിപ്പെടുത്തുന്ന തരത്തിലാണ്. പിന്നോക്ക സമുദായങ്ങളുടെ പേരിനെ ഓർ‍മിപ്പിക്കുന്ന ഒന്നും പരസ്യത്തിൽ‍ ഉണ്ടാകാതിരിക്കെ ഉന്നത സമുദായമായി അങ്ങീകരിക്കപെട്ട പേരുകൾ‍ ഉൽപ്പന്നങ്ങൾ‍ പേറുന്നു. ചുരുക്കത്തിൽ‍ പരസ്യങ്ങൾ‍ നമ്മുടെ ആഗ്രഹങ്ങളെ രൂപപ്പെടുത്തുന്നു എന്നർ‍ഥം.

ആഗോളവൽ‍ക്കരണം മുന്നോട്ടുവെക്കുന്ന ലക്ഷണമൊത്ത സമൂഹമാണ്‌ കേരള ജനത. മധ്യവർ‍ഗ്ഗം കൊണ്ടുനടക്കുന്ന എല്ലാ ജീവിത ദർ‍ശനവും ആഗോളവൽ‍ക്കരണത്തെ കൊഴിപ്പിക്കുന്നതാണ്. ഇടത്തട്ടുകാരന്‍റെ ഈഗോ, അഭിമാനം (അതിനെപറ്റി ഏറ്റവും മോശമായ ധാരണ വെച്ചുപുലർ‍ത്തുന്നവരാണ് ശരാശരി മലയാളി) പൊങ്ങച്ചം എല്ലാം വിപണിക്ക് അനുകൂലമാണ്. വിപണി സജീവമായിരിക്കുന്ന ഒരു നാടിന്‍റെ സർ‍ക്കാർ‍ സാന്പത്തികമായി പാപ്പരയിരിക്കും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് അമേരിക്ക. ഇന്ത്യയിൽ‍ കേരളവും. രാജ്യത്തെ ഏറ്റവും കൂടുതൽ‍ ആളോഹരി കടമുള്ള സംസ്ഥാനം വിപണികേന്ദ്രീകൃതമായിരിക്കുന്നതിനാൽ‍ കാർ‍ഷിക, പരന്പരകൃത, വ്യാവസായങ്ങൾ‍ തളരുകയും സേവന മേഖലകൾ‍ മുന്‍തൂക്കം നേടുകയും ചെയ്യും. കേരളം ഇത്തരം ഒരു വലിയ സാമൂഹിക−പാരിസ്ഥിക രോഗത്തിന് വിധേയമാണ്. പ്രതിവർ‍ഷം 20000 കിലോ സ്വർ‍ണ്ണം വിൽ‍ക്കുന്ന, 50000 കോടിക്കടുത്ത് കെട്ടിടം പണി നടത്തുന്ന, എട്ട് ലക്ഷം വാഹനങ്ങൾ‍ സ്വന്തമാക്കുന്ന മലയാളിയുടെ നാട്ടിൽ‍ പുതുതായി എത്തിയ ഏറ്റവും കൂടുതൽ‍ സ്ഥാപങ്ങൾ‍ ബ്ലേഡ് കന്പനിക്കാരുടെതാണ്. രാജ്യത്തെ ഏറ്റവും കൂടുതൽ‍ ആത്മഹത്യ നടക്കുന്ന നാടിന്‍റെ ദുരന്ത കാരണത്തിൽ‍ ഏറ്റവും പ്രധാന വില്ലൻ വിപണി തന്നെ. കേരളത്തിൽ‍ ഉത്തരവാദിത്ത രാഷ്ട്രീയത്തിന്‍റെ വക്താക്കൾ‍ തന്നെ വിപണിയെ ഉത്സവമാക്കി ജനങ്ങളെ കൂടുതൽ‍ വിപണിക്ക് ഇരയാക്കുവാൻ അവസാരം ഒരുക്കി കൊണ്ട് കൊച്ചിൻ ട്രേഡ് ഫെയർ ഏഴ് വർ‍ഷങ്ങൾ‍ക്കു മുന്‍പ് തുടങ്ങിയത് ആഗോളവൽ‍ക്കരണ വിരുദ്ധ രാഷ്ട്രീയത്തെ പിന്നോട്ടടിക്കും. സർ‍ക്കാർ‍ തന്നെ കച്ചവടത്തിന് കുടപിടികുന്പോൾ‍ ഇവിടെ സർ‍ക്കാർ‍ അവരുടെ ധർ‍മ്മത്തെ കൈവെടിയുകയാണ് എന്ന് മറക്കരുത്.

You might also like

Most Viewed