ഫാസിസം കേരളത്തെ കീറി മുറിക്കുമോ..


വിളറി വിണ്ടുകീറിയ വ്യവസ്ഥിതിയുടെ വിസർജ്ജ്യമാണ് ഫാസിസം. വാക്കുകളുടെ ആവർത്തന സ്ഥിരതയല്ല ഈ വരികളെ ശ്രദ്ധേയമാക്കുന്നത്. ഫാസിസം എന്ന വ്യവസ്ഥിതി സൃഷ്ടിക്കുന്ന സാമൂഹിക ദുരന്തത്തെ അത് ഓർമ്മിപ്പിക്കുന്നു. ഞാൻ ഫാസിസ്റ്റല്ല എന്നു പറയാത്ത ഒരു ലോക നേതാവേ ഉണ്ടായിരുന്നുള്ളു. അത് ബെനറ്റോ മുസ്സോളിനി എന്ന ഇറ്റാലിയൻ ഭരണകർത്താവായിരുന്നു. പിന്നീട് ഒരാൾ കൂടി ആ പട്ടികയിൽ ഇടം നേടി. അത് മുസ്സോളിനിയുടെയും നേതാവു കൂടിയായിരുന്ന ഹിറ്റ്ലറായിരുന്നു. ഇവർ ഒഴിച്ചുള്ള എല്ലാ ലോക നേതാക്കളും ജനാധിപത്യത്തിന്റെ ഉത്തമ മാതൃകകളാണെന്ന് അവകാശപ്പെടുന്നവരാണ്. ഫാസിസത്തെ ഇത്തരത്തിൽ ലോകം തള്ളിപറയുന്നത് എന്തുകൊണ്ടാണ്? ആരാണ് ഫാസിസത്തിന്റെ ആരാധകർ? ഇന്ത്യയിൽ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന് രാഷ്ട്രവിജയം നേടുവാൻ കഴിയുമോ? ഇന്ത്യയിൽ അതിനു വിജയിക്കുവാൻ കഴിയുന്നത് ആർക്കാണ്? തുടങ്ങിയ ഗൗരവതരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടത്തേണ്ടതുണ്ട് .അത്തരം രാഷ്ട്രീയ ഉത്തരങ്ങൾക്കേ നമ്മുടെ നാടിന്റെ ജനാധിപത്യത്തെ കാത്തു കൊള്ളുവാൻ കഴിയുകയുള്ളു.

ഫാസിസം എന്ന സംവിധാനം, ജനാധിപത്യത്തിനെ പരിപോഷിപ്പിച്ച മുതലാളിത്തത്തിന്റെ തന്നെ ഉൽപ്പന്നമാണ്. ഇറ്റലിയിലും ജർമ്മനിയിലും അത് നിലവിൽ വന്നത് തിരഞ്ഞെടുപ്പുകളിൽ കൂടി തന്നെ. മാത്രവുമല്ല ഹിറ്റ്ലർ നേതാവായ പാർട്ടി ഒരു സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു. നാസി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പാർട്ടി ദേശീയ സോഷ്യലിസത്തെ മുന്നിൽ കണ്ടു കൊണ്ട് പ്രവർത്തിക്കുന്നു എന്നാണ് പറഞ്ഞിരുന്നത്. നീഷേയേ പോലെയുള്ള ദാർശനികരുടെ ദർശനങ്ങളെ ചുറ്റിപ്പറ്റിയാണ് ഫാസിസം അതിന്റെ പരിപാടികൾ രൂപപ്പെടുത്തിയത്. സമൂഹം ഒരു നേതാവിനാൽ നയിക്കപ്പെടേണ്ടതാണ്. അവർ സമൂഹ നന്മയുടെ പാത വെട്ടിതുറക്കും, അവരോട് അനുസരണ ശീലരാകുകയാണ് ജനം ചെയ്യേണ്ടത്. പ്രശ്നങ്ങൾ, അതിന്റെ പരിഹാരമാർഗ്ഗം എല്ലാം നേതാവ് കണ്ടെത്തി കൊള്ളും. ജനം നാടിനു വേണ്ടി പണി എടുക്കുക. നിങ്ങൾക്കായി കാര്യങ്ങൾ നേതാവ് തീരുമാനിക്കും. അദ്ദേഹം രാജ്യത്തെയും അതുവഴി നിങ്ങളെയും രക്ഷിക്കും. ജനം പൂർണ്ണ അനുസരണ ശീലരായി ജീവിച്ചു കൊള്ളുക. ഹിറ്റ്ലർ അയാളുടെ ഭരണകാലത്ത് തൊഴിലിടങ്ങളിൽ ഉയർത്തിയ പരസ്യം അദ്ധ്വാനം നിങ്ങളെ വിമോചിപ്പിക്കും എന്നായിരുന്നു.

ഫാസിസം വളരുന്നത് രോഗബാധിതമായ ഒരു വ്യവസ്ഥയിലാണ്. ഇറ്റലിയിൽ ഉയർന്നു വന്ന സാന്പത്തിക മാന്ദ്യം, അതിന്റെ ഭാഗമായി പ്രസിദ്ധമായ അവരുടെ ദേശീയ ബാങ്കിന്റെ തകർച്ച, അന്ന് ഇറ്റലിയിൽ ഉണ്ടായിരുന്ന ഇടതു സർക്കാരിന്റെ പാളിപോയ നിലപാടുകൾ ഇവയെ ഉപയോഗപ്പെടുത്തിയാണ് പട്ടാളക്കാരനായ മുസോളിനി ഫാസിസ്റ്റ് ആശയങ്ങളെ ശക്തമായി പ്രചരണത്തിൽ ഉപയോഗപ്പെടുത്തിയത്. ഇറ്റലിയുടെ മഹത്വം സംരക്ഷിക്കുവാൻ പരാജയപ്പെട്ട സർക്കാരിനു പകരം ഇറ്റലിക്കാരന്റെ ദേശീയ വികാരത്തെ പൂർണ്ണമായും മാനിക്കുവാൻ ഫാസിസ്റ്റു നിലപാടുകൾ അംഗീകരിക്കുന്നതിലൂടെ മാത്രമെ കഴിയുകയുള്ളൂ എന്ന പ്രസംഗം ഉൾപ്പെടുന്ന വിവിധ പ്രചരണങ്ങളിലൂടെ മുസ്സോളിനിയും സംഘവും സമൂഹത്തെ ബോധ്യപ്പെടുത്തി. അത് ഫാസിസത്തെ അധികാരത്തിലെത്തിച്ചു. ദേശിയത എന്ന വിവേചനത്തിന്റെ ധാരയെ അതിവൈകാരികതയിൽ എത്തിച്ചാണ് മുസ്സോളി ഫാസിസത്തിലേക്ക് ഇറ്റലിയെ എത്തിച്ചത്.

ഹിറ്റ്ലർ ജർമ്മനിയിൽ ഫാസിസ്റ്റ് ഭരണം നടപ്പിലാക്കുവാൻ ഉപയോഗപ്പെടുത്തിയത് തികച്ചും ഒന്നാം ലോക യുദ്ധത്തിൽ ജർമ്മനിക്കേറ്റ തിരിച്ചടിക്കു പകരം ചോദിക്കുവാനുള്ള അവസരം സൃഷ്ടിക്കലിന്റെ മറവിലാണ്. കടൽ അതിർത്തികൾ ഇല്ലാത്ത ജർമ്മനിക്ക് പടയോട്ടത്തിന് സഹായകരമായ കടൽ തീരങ്ങൾ ഉണ്ടായിരിക്കണം എന്ന യുദ്ധതന്ത്രവും പട്ടാളക്കാരനായ ഹിറ്റ്ലർ എടുത്തു പ്രയോഗിച്ചു. ജർമ്മനി എന്ന രാജ്യത്തിന്റെ സകല കുഴപ്പത്തിനും കാരണം യഹൂദന്മാരാണെന്നും അതു കഴിഞ്ഞാൽ തൊഴിലാളി വർഗ്ഗ മുന്നണികളാണെന്നും ഹിറ്റ്ലർ പറയാൻ മറന്നില്ല. നാസി പാർട്ടയുടെ നേതാവ് വംശീയ വികാരത്തെ മുന്നിൽ നിർത്തിയാണ് കാര്യങ്ങൾ എളുപ്പമാക്കിയത്.

ഫാസിസം അതിന്റേതായ സവിശേഷ സ്വഭാവങ്ങൾ എപ്പോഴും പ്രകടിപ്പിക്കും. അത് പ്രവർത്തിക്കുന്നത് ദേശീയതയെ മഹത്വവൽക്കരിച്ചു കൊണ്ടായിരിക്കും. അതിനായി ദേശീയതയെ വംശീയതയുമായോ വർഗ്ഗീയതയുമായോ ബന്ധിപ്പിക്കും. ദേശീയതയുടെ അടിസ്ഥാനം ഇതിൽ ഏതെങ്കിലും ഒന്നായിരിക്കും. അതു കൊണ്ട് തന്നെ ദേശത്തിനുള്ളിൽ ദേശീയതയുടെ ആരാധകരും ദേശക്കൂറിൽ സംശയിക്കേണ്ടവരും ഉണ്ടാകും. ഇതിലെ രണ്ടാം വിഭാഗത്തെ അവിശ്വാസത്തോടെ കണക്കാക്കുവാൻ ഫാസിസം ശ്രദ്ധിക്കും. ഈ കൂട്ടരെ രണ്ടാം തരം പൗരന്മാരായി പരിഗണിച്ച് കൂട്ടകൊലകൾക്കു കൂടി വിധേയമാക്കുവാൻ മടിക്കില്ല. തങ്ങളുടെ പ്രത്യയശാസ്ത്രത്തെ മറ്റുള്ളവർ ആരാധിക്കണമെന്നും അല്ലാത്തവർ രാജ്യ ശത്രുക്കളാണെന്നും ഇവർ ചാപ്പ കുത്തും. ദേശത്തിനായി പടയാളിയാകുന്നതും മരണപ്പെടുന്നതും മഹാബലിയായി ചിത്രീകരിക്കും. മാതൃത്വത്തിന്റെ ധർമ്മം രാജ്യത്തെ പടയാളികളാകേണ്ടവരെ പ്രസവിച്ച് വളർത്തലായി കരുതും. ഫാസിസം പച്ച കള്ളവും ഭാഗിക സത്യങ്ങളും പ്രചരണത്തിന്റെ മുഖ്യ വിഷയമാക്കും. അതിന്റെ പേരിൽ കലാപങ്ങൾ ഒരുക്കും. കലാപത്തിൽ ശത്രു ആരായിരുന്നാലും തകർത്തെറിയുവാൻ അണികളെ പരശീലിപ്പിക്കും. കൊള്ളയും കൊലയും ഒരാഘോഷമാക്കുവാൻ മടിക്കില്ല.ആര്യന്മാർ ശ്രേഷ്ഠരും മറ്റുള്ളവരെ രണ്ടാം തരക്കാരായും പരിഗണിക്കും. സാമ്രാജത്വ താൽപ്പര്യങ്ങൾക്ക് മുന്തിയ പരിഗണന നൽകും. ബഹുരാഷ്ട്ര കുത്തകളെ താലോലിക്കും. വ്യക്തികളെ ആരാധിക്കുന്ന ഫാസിസത്തിന് ജനാധിപത്യത്തെ പുശ്ചമായിരിക്കും. കലയെയും കലാകാരന്മാരെയും ചരിത്രത്തെയും തങ്ങളുടെ വരുതിയിൽ കൊണ്ടുവരും. അച്ചടക്കത്തിന്റെ പേരിൽ പ്രതികരണങ്ങൾ അനുവദിക്കുകയില്ല.

മുകളിൽ സുചിപ്പിച്ച സവിശേഷ സ്വഭാവങ്ങൾ ഹിറ്റ്ലറിലും മുസോളിനിക്കും പൂർണ്ണമായും ബാധകമാണ്. അവരുടെ സർക്കാർ എടുത്തു വന്ന നിലപാടുകൾ മുകളിൽ പറഞ്ഞ സവിശേഷകൾ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയതാണ്.

ഇന്ത്യൻ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് മതങ്ങൾ.ജനസംഖ്യയിലെ 99.97% ആളുകളും വ്യത്യസ്തമതങ്ങളിൽ വിശ്വസിക്കുന്നു. മതം, ജാതി അതിന്റെ പേരിലുള്ള ഉച്ചനീചത്വങ്ങൾക്ക് വൻ മുൻ തൂക്കമുള്ള ഇന്ത്യയിൽ ഫാസിസത്തിന്റെ അടിസ്ഥാനം ഭൂരിപക്ഷ വർഗ്ഗീയതയാകാതെ മറ്റൊന്നിനും അതിനുള്ള സാധ്യതയില്ല. ഒന്നാം സ്വാതന്ത്യ സമര കാലം മുതൽ വർഗ്ഗീയത രാഷ്ട്രീയ രൂപമായി പ്രവർത്തിച്ചിട്ടുണ്ട്. ആ സാധ്യത വർഗ്ഗീയ രാഷട്രീയത്തിന് അടിത്തറ ഉണ്ടാക്കുവാൻ കാരണമായി. സ്വാതന്ത്ര്യ സമരപഥത്തെ ഹൈന്ദവ വിശ്വാസത്തിന്റെ തണലിൽ വളർത്തി കൊണ്ടുവരുവാൻ ബാലഗംഗാധര തിലകനും ലാലാ ലജ്പതി റായും (ഗാന്ധിജിയും) പല ഘട്ടങ്ങളിലും ശ്രമിച്ചിട്ടുണ്ട്. ഗണേശോത്സവത്തെ ദേശീയ ഉത്സവമാക്കി മാറ്റി സ്വാതന്ത്ര്യ സമരങ്ങൾക്ക് ശക്തി പകരുവാൻ തിലകൻ നടത്തിയ ശ്രമം അന്ന് ഫലം കണ്ടു. എന്നാൽ പിൽക്കാലത്ത് ഗണേശോത്സവത്തെ തീവ്ര ഹൈന്ദവ മത മൗലികതയുടെ പ്രതീകമായി ശിവസേന ഉപയോഗിച്ചു വരുന്നു. നിരവധി വർഗ്ഗീയ കലാപങ്ങൾക്ക് ഗണേശോത്സവങ്ങൾ കാരണമായിട്ടുണ്ട്. ലജ്പത്റോയി പിൽക്കാലത്ത് ഹൈന്ദവതയുടെ വക്താവായി. കോൺഗ്രസ്സ് നേതാവായിരുന്ന മദൻ മോഹൻ മാളവ്യ ഹിന്ദു മഹാസഭയുടെ ആദ്യ സമ്മേളനത്തിന്റെ അദ്യക്ഷനായിരുന്നു (ലാഹോർ 1909). ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി അദ്ദേഹമാണ് പിൽക്കാലത്ത് സ്ഥാപിച്ചത്. ഗാന്ധിജിയുടെ ഇഷ്ട രാഷട്രീയ പിൻഗാമിയായി അദ്ദേഹം കണ്ടുവന്ന സർദാർ വല്ലഭായി പട്ടേൽ സോമനാഥ ക്ഷേത്ര പുനർനിർമ്മാണ വിഷയത്തിലും പാകിസ്ഥാനു നൽകാമെന്നേറ്റ തുകയുടെ വിഷയത്തിലും അന്നത്തെ ആർ.എസ്.എസ് RSS, ഹിന്ദു മഹാസഭയുടെ നിലപാടുമായി ഏറെ അടുത്തു നിന്നു.

1925ൽ ആർ.എസ്.എസ് രൂപീകരിച്ച നാളിൽ അതിന്റെ അദ്ധ്യക്ഷനായി ചുമതല ഏറ്റ ഹെഗ്ഡവാർ കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. നമ്മുടെ രാജ്യത്ത് ഹൈന്ദവതയുടെ രാഷ്ട്രീയ മുദ്രാവാക്യമായി ഹിന്ദുത്വ എന്ന മുദ്രാവാക്യം തന്നെ ഉപയോഗിക്കുവാൻ തുടക്കം കുറിച്ച വിനായക ദാമോദർ സവർക്കർ 1909 വരെ ഗാന്ധിജിയുടെ സഹപ്രവർത്തകനായിരുന്നു. അദ്ദേഹത്തിന്റെ തീതുപ്പിയ വരികൾ ഇന്ന് ഇന്ത്യയെ വെട്ടിപരിക്കേൽപ്പിച്ചു വരുന്നു. സ്വാതന്ത്ര്യസമരത്തിലെ പ്രധാന കോൺഗ്രസ്സ് നേതാവും കൂടിയായിരുന്ന അദ്ദേഹമാണ് പിൽക്കാല 1909ൽ രൂപീകരിച്ച ഹിന്ദു മഹാസഭയുടെ സൈദ്ധാന്തികൻ.

ഗാന്ധിജി മുന്നോട്ടു വെച്ച രാമരാജ്യ സങ്കല്പത്തെ ഏറെ അധികം വർഗ്ഗീയ നിറം നൽകി പിൽക്കാലത്ത് രാമജന്മ ഭൂമി തർക്കത്തിലേക്ക് വലിച്ചിഴച്ചു. അദ്ദേഹം വ്യക്തിപരമായി കൊണ്ടു നടന്ന ഗോവധ വിരുദ്ധ ബോധത്തെ മറ്റു മതങ്ങളെ അടിക്കുവാനുള്ള വടിയാക്കുവാൻ ഹിന്ദു വർഗ്ഗീയ സംഘടനകൾ വൻ തോതിൽ ശ്രമിച്ചു പോരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നട്ടെല്ലായിരുന്ന കോൺഗ്രസ്സ് ഹിന്ദുമത മൗലികതയുടെ പിൽക്കാല നേതാക്കന്മാരായി തീർന്ന പലരുടെയും പരിശീലന കേന്ദ്രമായിരുന്നു എന്നത് 1948 മുതലുള്ള ഇന്ത്യൻ രാഷ്ട്രയ ദുരന്തത്തിന് കാരണമായി. ഗാന്ധിജി വധത്തിലൂടെ അസഹിഷ്ണതക്കും അന്യമത സ്പർദ്ധക്കും ഹൈന്ദവ ദേശീയ വികാര പ്രചരണത്തിലും പുതിയ മാനങ്ങൾ തീർത്ത ഹിന്ദുത്വ ശക്തികളുടെ നട്ടെല്ലായി ആർ.എസ്.എസ് തീർന്നതോടെ രാജ്യത്തെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങൾ ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ ഹിന്ദു വർഗ്ഗീയതക്ക് പട്ടാള ചിട്ടയിൽ പ്രവർത്തിക്കുവാൻ പ്രാപ്തിയുള്ള സംഘങ്ങൾ പ്രവർത്തനസജ്ജമായി. അവർ നേതൃത്വം കൊടുത്ത 100 കണക്കിന് വർഗ്ഗീയത കലാപങ്ങളിൽ പതിനായിരങ്ങൾ കൊല്ലപ്പെട്ടു. ബാബറുടെ നാമത്തിലെ പളളി പൊളിച്ച വിഷയത്തിലൂടെ ആർ.എസ്.എസും മറ്റ് സമാന സംഘടനകളും കൂടുതൽ കൂടുതൽ ലോക മതനിരപേക്ഷ ലോകത്തിൽ കുപ്രസിദ്ധി നേടി. എന്നാൽ ഈ കുപ്രസിദ്ധിയെ പോലും വിജയകിരീടമായി കൊണ്ടു നടക്കുന്ന മതമൗലിക സംഘങ്ങൾ ഇന്നു ലോകത്തെ പേടിപ്പിച്ചു വരുന്ന ഐ.എസ്സിന്റെ പല ഭീകര നിലപാടുകളെയും ഓർമ്മിപ്പിക്കുന്നു.

കേരള രാഷ്ട്രയത്തിൽ പല തരത്തിലുള്ള മുന്നേറ്റ പിന്നോട്ടടികൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിന്റെ ഏറ്റവും വലിയ പ്രത്യേകത ഹിന്ദു മതമൗലികതക്ക് രാഷ്ട്രീയമായി മലയാള നാട്ടിൽ മുന്നേറുവാൻ കഴിഞ്ഞില്ല എന്നതാണ്. കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കേളപ്പജി അവസാന നാളുകളിൽ ആർ.എസ്.എസ് വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടും അത് കോൺഗ്രസ്സിൽ ഹിന്ദു മതമൗലികതക്ക് അനുകൂലമായി ഒരു വിധ ചലനവും ഉണ്ടാക്കിയില്ല. ആർ ശങ്കറും മന്നവും കോൺഗ്രസ്സിനെതിരെ ഹിന്ദുക്കളുടെ കൂട്ടായ്മ ഉണ്ടാക്കുവാൻ പരിശ്രമിച്ചെങ്കിലും അവർ ആ നിലപാട് പിന്നീടു തിരുത്തി. തളിക്ഷേത്രത്തിന്റെ പേരിൽ ചേരിതിരുവിന് ശ്രമം നടത്തി എങ്കിലും അതിൽ ഫലം കൊയ്യുവാൻ കഴിഞ്ഞില്ല. രാജഭരണം മുതൽ സവർണ്ണ ജാതി സന്പന്നരുടെയും കോർപ്പറേറ്റുകളുടെയും ദല്ലാൾ പണി ചെയ്തു വന്ന ആർ.എസ്.എസ് സംഘം ഹിന്ദു വിശ്വാസിക്കളുടെ പരിഗണക്കു പോലും പാത്രീഭവിച്ചില്ല.

1980കൾക്കു ശേഷം ക്രിസ്ത്യൻ-മുസ്ലീം മതവിശ്വാസികളുടെ സംഘാടനശേഷിയെ ചൂണ്ടിക്കാട്ടി ഹിന്ദു ഉണരുന്നു എന്ന മുദ്രാവാക്യമുയർത്തുവാൻ ആർ.എസ്.എസ് മുന്നോട്ടു വന്നു. അതിന് നിലക്കൽ പള്ളി നിർമ്മാണത്തെ കരുവാക്കി. (ആ സമരത്തിന്റെ ഉല്പന്നമാണ് ഇന്നത്തെ ബി.ജെ.പി അദ്ധ്യക്ഷൻ) 1989ലെ റഷ്യൻ ചേരിയുടെ തകർച്ച സൃഷ്ടിച്ച കമ്യൂണിസ്റ്റ് പ്രതിസന്ധിയെ ഉപയോഗപ്പെടുത്തി ഹൈന്ദവ രാഷ്ട്രീയ വൽക്കരണത്തിന് വൻ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. (മാർക്സിൽ നിന്ന് മഹർഷിയിലേക്ക് എന്ന പ്രചരണം). അപ്പോഴും ഹിന്ദുത്വ രാഷ്ട്രീയം ലക്ഷ്യത്തിൽ എത്തിയില്ല. ഇതിനുള്ള പ്രധാന കാരണം ഇടതു മനസ്സുകളുടെ കേരള സമൂഹത്തിൽ നിലനിന്നു വരുന്ന മുന്തിയ പ്രാധാന്യമാണ്. അതിന് നവോത്ഥാന പ്രസ്ഥാനങ്ങൾ മുഖ്യ പങ്കുവഹിച്ചു വരുന്നു.

ആഗോളവൽക്കരണത്തിന് ഏറ്റവും വളക്കൂറുള്ള ഇന്ത്യൻ മണ്ണ് കേരളമാണ്. മധ്യ വർഗ്ഗത്തിന്റെ എല്ലാ പിൻതിരിപ്പൻ നിലപാടുകളും അതിന്റെ വളർച്ചക്ക് കാരണമാക്കും. അയൽക്കാരനെ കണ്ണുകടിപ്പിക്കുന്ന (neighbours envy) വിഷയം മുതൽ മനുഷ്യ ദൈവ വിഷയത്തിലും വിദ്യാഭ്യാസ. ആരോഗ്യ ലോകത്തും കെട്ടിട നിർമ്മാണത്തിലും തുടങ്ങി എല്ലാ വിഷയങ്ങളിലും ഇവർ പുലർത്തുന്ന സമീപനങ്ങൾ ഹൈന്ദവതക്ക് വളക്കൂറുള്ള മണ്ണാണ്. എങ്കിലും കാവി രാഷ്ട്രീയം കേരളത്തിൽ വളരാൻ മടിച്ചു നിന്നു. എന്നാൽ മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി, ആധുനിക വൽക്കരണ മുദ്രാവാക്യങ്ങൾ, കോർപ്പറേറ്റ് ബാന്ധവം, അന്യമത സ്പർദ്ധ തുടങ്ങിയ നിലപാടുകൾ പല സങ്കുചിത സാമൂഹിക.. ഉദ്യോഗസ്ഥ.. രാഷ്ട്രീയ.. മത ഗ്രൂപ്പുകളെയും ആർ.എസ്.എസ് ദർശനങ്ങളുടെ പിൻതുണക്കാരാക്കി. മോഹൻ ഭഗതിന്റെ ഏറ്റവും പുതിയ കേരള സന്ദർശനം പഴയ പരാജയ കഥകൾ തിരത്തുവാനുള്ള ഒരു പുതിയ ശ്രമം കൂടിയാണ്. അതിന്റെ ഭാഗമായ ചർച്ചകളിൽ കേരളത്തിലെ ഇടതുപക്ഷ സഹയാത്രികരിൽ (എന്ന് തോന്നിപ്പിക്കുന്ന) ചിലർ ഭാഗഭാക്കായത് അവരുടെ ഭാഗത്തു നിന്നും ഉണ്ടായ തികച്ചും അനാരോഗ്യ സമീപനമായിരുന്നു എന്ന് പറയാതെ വയ്യ.

 കേരളത്തിൽ ഹിന്ദുക്കളുടെ ഐക്യം എന്ന സ്വപ്നം സഹ്യന്റെ വടക്ക് സംഭവിച്ച അതേ രൂപത്തിൽ തന്നെ ലക്ഷ്യം കാണില്ല. കേരള ജനതയിലെ ബഹു ഭൂരിപക്ഷം ഈഴവാദി പിന്നോക്ക ദളിത് ആദിവാസി വിഭാഗങ്ങളെ ഒരു തരത്തിലും ഒന്നിപ്പിക്കുവാൻ മോഹൻ ഭഗതിന്റെ നാടകങ്ങൾ കൊണ്ടു കഴിയില്ല. ചാതുർവർണ്യ സംവിധാനത്തെ ഭാവി സ്വപന്മമായി കണ്ടുവരുന്ന ആർ.എസ്.എസ്സിനും അനുബന്ധ സംഘടനകൾക്കും നന്പൂതിരിയുടെ നേതൃത്വത്തിൽ ദളിതനെയും മറ്റുള്ളവരെയും ഒന്നിപ്പിക്കാം എന്നത് കീരിയെയും പന്പിനെയും ഒരു കൂട്ടുകാരാക്കി മാറ്റാം എന്ന സ്വപ്നം പോലെ ചരിത്ര നിഷേധമായിരിക്കും. നമ്മൾക്ക് ദീക്ഷ നൽകിയത് സായിപ്പാണ് എന്ന നാരായണ ഗുരുവിന്റെ പരാമർശം ചരിത്രത്തിൽ നിന്നു വായിക്കുവാൻ ആർ.എസ്.എസ് സംഘങ്ങൾ തയ്യാറായിരുന്നു എങ്കിൽ കേരളം കാവി രാഷട്രീയക്കാരുടെ സ്വപനങ്ങളോടുള്ള നടത്തിവന്ന പുറം തിരിയൽ തുടർന്നു കൊണ്ടിരിക്കും എന്ന് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്

You might also like

Most Viewed