നെയ്റോബി: കർഷകരെ കൂടുതൽ കരയിപ്പിക്കും


എല്ലാത്തിനെയും ചരക്കായി കാണുക എന്നതാണ് മുതലാളിത്തത്തിന്‍റെ സാന്പത്തിക സ്വഭാവം. അവർ‍ പാതിരിയേയും ശന്പളക്കാരനാക്കും. ഗർ‍ഭപാത്രത്തേയും വിലവെച്ചുവാങ്ങുവാൻ‍ അവസരം ഒരുക്കുന്നു. കന്പോളം യുക്തിയുടെയും നീതിയുടെയും വിജയത്തിന്‍റെയും പ്രതീകമാകുന്പോൾ‍ ഉത്‌പ്പന്നങ്ങൾ‍ മാന്യതയുടെ അടയാളമായി മാറുന്നു. കുടുതൽ‍ ഉത്പ്പന്നങ്ങളുടെ (വിലപിടിപ്പുള്ള) ഉടമസ്ഥൻ‍ സമൂഹത്തിൽ‍ ആദരിക്കപ്പെടുന്നു.

ഭക്ഷണം ഉത്പ്പാദിപ്പിക്കുന്ന കൃഷി ഒരു സംസ്ക്കാരമായി പരിഗണിക്കപ്പെടുന്നതിനു പിന്നിലെ യുക്തിയുടെ അടിസ്ഥാനം ജീവൻ‍ നിലനിർ‍ത്തുവാനുള്ള അതിന്‍റെ പങ്കാണ്. എന്നാൽ‍ യൂറോപ്യന്‍മാർ‍ നാണ്യവിളയെ കൃഷിയുടെ മുഖ്യ ലക്ഷ്യമായി കണ്ടു. കോളനി രാജ്യങ്ങൾ‍ വിപുലമായ വനഭൂമി തോട്ടവിളകൃഷിക്കായി മാറ്റി. വിളകൾ‍ കയറ്റുമതി ഉത്പ്പന്നമായി. ഭൂമിയുടെ ഭക്ഷണ പാത്രങ്ങളായ ഇന്ത്യ, ബ്രസീൽ‍ തുടങ്ങിയ രാജ്യങ്ങളിലെ കൃഷിയിലും മറ്റു മേഖലയിലെന്ന പോലെ കാര്യങ്ങൾ‍ തീരുമാനിക്കുന്നത്‌ യൂറോപ്യന്‍മാരായത് പരന്പരാഗത കൃഷിരീതികൾ‍ മൂന്നാം ലോക രാജ്യങ്ങൾ‍ക്ക് കൈമോശം വരുവാൻ‍ കാരണമാക്കി. കൊളംബസും ഗാമയും ഇന്ത്യയെ ലക്ഷ്യമാക്കി കപ്പൽ‍ കയറിയത് യൂറോപ്പിനെ പട്ടിണിയിൽ‍ നിന്നും രക്ഷിക്കുവനായിരുന്നു.എന്നാൽ‍ അവർ‍ ഇന്ത്യയിലും സമാന രാജ്യങ്ങളിലും എത്തിയത് നമ്മളെ ജീവിതം പഠിപ്പിച്ച് രക്ഷിക്കുവാനാണെന്ന് പിന്നീട് ചരിത്രത്തിൽ‍ രേഖപ്പെടുത്തി. 17ാം നൂറ്റാണ്ടിൽ‍ ഇന്ത്യൻ‍ കർ‍ഷകൻ‍ ലോക കർ‍ഷകരിൽ‍ ഏറ്റവും സന്പന്നനായിരുന്നു. അവരുടെ വരുമാനം ബ്രിട്ടീഷ് കർ‍ഷകരുടെ 70 ഇരട്ടിയോളം ആണെന്നത് ഇന്ത്യൻ‍ കർ‍ഷകന്‍റെ കഴിഞ്ഞ കാല ജീവിത സുരക്ഷക്ക് തെളിവാണ്.

നൂറ്റാണ്ടു നീണ്ട യൂറോ അധിനിവേശം മൂന്നാം ലോക രാജ്യങ്ങളെ ലോകത്തിന്‍റെ ദുഃഖമാക്കി മാറ്റി. പട്ടിണിയും രോഗവും ചേരിയും തൊഴിൽ‍ രാഹിത്യവും വർ‍ഗ്ഗീയ കലാപങ്ങളും അവരുടെ ശാപമായത് അവരാരെങ്കിലും വരുത്തി വെച്ചതല്ല. കോളനി രാജാക്കന്മാരുടെ അതിരുകളില്ലാത്ത ചൂഷണം ഏൽ‍പ്പിച്ച മുറിവുകളാണത്. ലോകജനത സ്വാതന്ത്ര സമരങ്ങളിൽ‍ വിജയിച്ചപ്പോൾ‍ കളം വിട്ട യൂറോപ്യന്‍മാർ‍ ചൂഷണത്തിനൊരുക്കിയ പുതിയ മേൽ‍വിലാസങ്ങളാണ് ലോകബാങ്കെന്നും IMF എന്നും വ്യാപാര ഉടന്പടികൾ‍ക്കായി എന്ന പേരിലും (കു)പ്രസിദ്ധമായി തീർ‍ന്ന അന്തർദേശീയ സ്ഥാപനങ്ങൾ‍. ഇവയിൽ‍ ബാങ്കിംഗ് മേഖലയിൽ‍ പ്രവർ‍ത്തിക്കുന്ന മുകളിൽ‍ പറഞ്ഞ രണ്ടു സ്ഥാപനങ്ങളും 1944ൽ‍ തന്നെ നിലവിൽ‍ വന്നു. അതിന്‍റെ നിയന്ത്രണം ലോകത്തിന്‍റെ പുതിയ താരോദയമായ അമേരിക്ക ഏറ്റെടുത്തു. സ്ഥാപനങ്ങളുടെ ഏറ്റവും വലിയ ഉടമസ്ഥരായി സ്വയം തീരുമാനിച്ച അവർ‍ അവരുടെ ഡോളറിനെ ഇത്തരം സ്ഥാപങ്ങനളുടെ ഔദ്യോഗിക നാണയമാക്കി തീർ‍ത്തു. സ്വന്തം സാന്പത്തിക രംഗത്തെ ഒരേസമയം സുരക്ഷിതവും ലോകത്തിന്‍റെ തലസ്ഥാനവും ആക്കി മാറ്റുവാൻ‍ ചരടുവലിച്ച അമേരിക്ക മൂന്നാം ലോക രാജ്യങ്ങളുടെ (യൂറോപ്യരുടേയും) രക്ഷാകർ‍ത്താവിന്‍റെ ഈ സ്ഥാപനങ്ങളെ പിൽക്കാലത്ത് ഉപയോഗപ്പെടുത്തി. ബ്രിട്ടൻ‍വുഡ് സമ്മേളനത്തിൽ‍ ബാങ്കുകൾ‍ക്കൊപ്പം രൂപീകരിക്കുവാൻ‍ തീരുമാനിച്ച വ്യാപാര ഉടന്പടികൾ‍ രാജ്യങ്ങൾ‍ തമ്മിലുള്ള തർ‍ക്കത്താൽ‍ അനന്തമായി നീണ്ടു. ഡങ്കൽ വിവിധ രാജ്യങ്ങളുമായി 1980കൾ‍ മുതൽ‍ നടത്തിയ ചർച്ചകൾ ഉറുഗ്വേ റൗണ്ടിൽ കൂടുതൽ‍ തീരുമാനങ്ങളിലേക്കടുത്തു. ആ ചർ‍ച്ചകൾ‍ ആണ് 1995 ജനുവരി ഒന്നിലെ ലോകവ്യാപാര സംഘടനാ രൂപീകരണത്തിൽ‍ എത്തിച്ചേർ‍ന്നത്. തീരുമാനങ്ങൾ‍ ഉണ്ടായി എങ്കിലും തർ‍ക്കങ്ങൾ‍ പരിഹരിക്കുവാൻ‍ രണ്ടു വർ‍ഷത്തിൽ‍ ഒരിക്കൽ‍ വിവിധ തരത്തിലുള്ള ചർ‍ച്ചകൾ‍ തുടരുന്നുണ്ട്.

WTOന്‍റെ ഭാഗമായി GATT, GATS, ഭൗദ്ധിക സ്വത്ത് തുടങ്ങിയ വിഷയങ്ങളിൽ‍ നിരവധി തീരുമാനങ്ങൾ‍ കൈകൊള്ളുവാൻ‍WTO നിർ‍ബന്ധം പിടിച്ചു. ഈ തീരുമാനങ്ങൾ എല്ലാം തന്നെ മൂന്നാം ലോക രാജ്യങ്ങളെ പ്രതികൂലമായി ബധിച്ചിരുന്നു. ഓരോ രാജ്യങ്ങളും അവരവരുടെ മാർ‍ക്കറ്റിനെ സംരക്ഷിക്കുവാനായി കൈകൊണ്ട പ്രാദേശിക നിലപാടുകളെ കൈ ഒഴിയുക അത്രകണ്ട് എളുപ്പമായിരുന്നില്ല. ഇറക്കു മതിയുമായി ബന്ധപ്പെട്ടു രാജ്യം കൊണ്ടുനടന്ന പരിരക്ഷകളെ ഓരോന്നായി ഒഴിവാക്കി. ഇറക്കുമതി ചുങ്കം കുറച്ചത് നാളീകേരത്തിനു വില കുറയുവാൻ‍ കാരണമായി. റബ്ബറും ആവഴിക്കു തന്നെ. അമേരിക്കൻ‍ ആപ്പിളും ചൈനീസ്‌ അരിയും ശ്രീലങ്കൻ‍ തേയിലയും വിയറ്റ്നാം, ബ്രസീൽ‍ ഇവിടങ്ങളിലെ ഇഞ്ചി തുടങ്ങിയ വിഭവങ്ങളും ഇന്ത്യൻ‍ മാർ‍ക്കറ്റിൽ‍ എത്തി തുടങ്ങിയത് രാജ്യത്തെ കർ‍ഷകരിൽ‍ ഉണ്ടാക്കിയ പ്രതിസന്ധി നമ്മൾ‍ കഴിഞ്ഞ 20 വർ‍ഷമായി അനുഭവിച്ചുവരുന്നു. അത് വിലത്തകർ‍ച്ചക്ക് കാരണമായി മറ്റു രാജ്യങ്ങളുടെ ഉൽ‍പ്പന്നം നമുക്ക് അവശ്യമാണെന്ന പരിഗണന വെച്ചുകൊണ്ടല്ല പകരം ചില അന്തർ‍ദേശീയ ധാരണയുടെ അടിസ്ഥാനത്തിൽ‍ കന്പോളത്തിൽ‍ എത്തിയത് വിഷയത്തെ കൂടുതൽ‍ വഷളാക്കി. താരിഫിൽ‍ നടത്തിയ ഇളവുകൾ‍ അഭ്യന്തര ഉത്പ്പന്നങ്ങളെ പ്രതികൂലമായി ബാധിച്ചു. GATTലെ രണ്ടാമത്തെ Tയെ ഓർ‍മ്മിപ്പിക്കുന്ന Trade മേഖലയിലെ ഉദാരനിലപാടുകൾ‍ അന്തർ‍ദേശീയ ബ്രാന്റുകളും അവരുടെ കടകൾ‍ തന്നെയും ഇവിടെ തുറന്നു പ്രവർ‍ത്തിക്കുവാൻ കാരണമായി.അതിന്‍റെ ഭാഗമായി walmartt, Metro തുടങ്ങിയ ബ്രാഞ്ചുകളും നാട്ടിൽ‍ എത്തി.

WTOയിലെ മറ്റൊരു വിഭാഗമായ GATSൽ‍ ഉൾ‍ചേർ‍ന്നിരിക്കുന്ന വിഷയം സേവനത്തെ മുൻ‍ നിർ‍ത്തിയാണ്. സേവന മേഖലയിൽ‍ ആഗോള വൽ‍കരണകാലത്തു നടപ്പാകേണ്ട കാര്യങ്ങൾ‍ ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. സേവന മേഖലയിലെ സബ്സിഡികളെ പ്രോത്സാഹിപ്പിക്കരുത് എന്നതാണ് അത് ചുരുക്കമായി പറയുന്നത്. ആരോഗ്യരംഗം, വിദ്യാഭ്യാസം, ബാങ്കിംഗ്, വിലകുറച്ച ഭക്ഷണം, എല്ലാ തരത്തിലുമുള്ള സബ്സിഡി, സർ‍ക്കാർ‍ സേവനത്തിനു ഫീസും സർ‍ക്കാർ‍ ഉദ്യോഗസ്ഥന്മാരുടെ എണ്ണവും വേതനവും വെട്ടികുറക്കുക തുടങ്ങിയ തീരുമാനങ്ങൾ‍ എടുക്കുവാൻ ദേശിയ സർ‍ക്കാർ‍GATS എന്ന ഉടന്പടിയിലൂടെ നിർ‍ബന്ധിതരാകുന്നു.

പകർ‍പ്പവകാശ നിയമം, ഇന്ത്യൻ പാറ്റന്‍റ്് നിയമം തുടങ്ങിയ പല ജനാധിപത്യനിയമ സംവിധാനവും ലോക രാജ്യങ്ങളുടെ നിർ‍ബന്ധത്തിനു വഴങ്ങി ഭേദഗതി ചെയ്യുവാൻ നമ്മൾ‍ തയ്യാറായത് WTOയുടെ അംഗരാജ്യമായി ഇന്ത്യ മാറിയതിലൂടെയാണ്. അത് ഏറ്റവും കൂടുതൽ‍ പ്രതിസന്ധി വിളിച്ചുവരുത്തിയത് മരുന്നു മേഖലയിൽ‍. പുതിയ പല മരുന്നുകളും വൻ‍ വിലക്ക് നമ്മൾ‍ വാങ്ങേണ്ടി വരുന്നത് (മഞ്ഞപ്പിത്തം) പുതിയ നിയമം നമ്മുടെ സ്വയം പര്യാപ്ത്തതയെ തകർ‍ക്കുന്നതുകൊണ്ടാണ്. പല പുതിയ ക്യാൻസർ‍ മരുന്നുകളും പുതിയ നിയമ പ്രകാരം ഇന്ത്യയിൽ‍ ഉത്പാദിപ്പിക്കുവാൻ കഴിയുന്നില്ല.

കാർ‍ഷിക ഉത്പാദനം സ്വയം പര്യപ്തമാകാതെ ഒരു രാജ്യത്തിനും നിവർ‍ന്നുനിൽക്കുവാൻ‍ കഴിയുകയില്ല. അതുകൊണ്ട് ഓരോ രാജ്യവും കർ‍ഷക രംഗത്ത് തീരുമാനങ്ങൾ‍ എടുക്കുന്നത് വളരെ സൂക്ഷിച്ചു മാത്രമായിരിക്കും. WTO രൂപീകൃത മാകുന്നതിനു ശേഷവും കാർ‍ഷിക മേഖലയിലെ പ്രശ്ന പരിഹാരത്തിനായി 2 വർ‍ഷത്തിലൊരിക്കൽ‍ സമ്മേളനങ്ങൾ‍ കൂടി വരുന്നു. ഉറൂഗ്വയിലും ദോഹയിലും ജനീവയിലും ബാലിയിലും അങ്ങനെ തുടർ‍ന്നുവരുന്ന സമ്മേളനങ്ങൾ‍ അവസാനം നെയ്റോബിയിൽ‍ നടന്നു. ചർ‍ച്ചകൾ‍ ഇത്രയും വഴിമുട്ടുവാൻ കാരണം ലോകത്തെ ഏറ്റവും കൂടുതൽ‍ സബ്സിഡി കൊടുക്കുന്ന അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും  സബ്സിഡികൾ‍ മൂന്നാം ലോകരാജ്യങ്ങൾ‍ കൊടുക്കരുത് എന്ന നിർ‍ദ്ദേശം ആവർ‍ത്തിച്ചുകൊണ്ടിരുന്നതിനാലാണ്. കൃഷിക്കൊപ്പം കൃഷിസ്ഥലം വെറുതെ മാറ്റി ഇട്ടാൽ‍ വരെ ഇനാം കൊടുക്കുന്ന അമേരിക്കയും യോറോപ്യൻ‍ രാജ്യങ്ങളും മറ്റുരാജ്യങ്ങളുടെ മുകളിൽ‍ കുതിര കയറുന്നത് ജനാധിപത്യ വിരുദ്ധമാണ്. ജനസംഖ്യയിൽ‍ രണ്ട് ശതമാനത്തിൽ കുറവുള്ള കൃഷി (പരുത്തി കൃഷിക്കാർ 25000) കർ‍ഷകർ‍ക്ക് അമേരിക്ക നൽ‍കുന്ന പ്രതിവർഷ സബ്സിഡി 2000 കോടി ഡോളർ‍ വരും. പരുത്തി കൃഷിക്കാർക്ക് 340 കോടി ഡോളർ കൊടുക്കുന്നു. പശുവിന് പ്രതിദിനം 2 ഡോളർ നൽ‍കിവരുന്ന ജപ്പാൻ, സ്വീഡൻ‍, നെതർലൻസ്, സ്വിസ് തുടങ്ങിയ രാജ്യങ്ങൾ അവരുടെ പാൽ‍ വില കുറച്ച് വിപണിയിൽ‍ എത്തിക്കുന്നു. യൂറോപ്പ് പ്രതിവർഷം കാർഷിക രംഗത്ത് 30000 കോടി ഡോളർ ഇളവു നൽകുന്നു. അതുവഴി യുറോപ്യൻ, അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ വിപണി കീഴ്പ്പെടുത്തുന്നു. യൂറോപ്പിലെ പോർച്ചുഗീസ്, സ്പെയിൻ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ ചെന്നുപെട്ട തൊഴിലില്ലായ്മക്കും മറ്റ് അനുബന്ധ വിഷയങ്ങൾക്കും കാരണം ഇതു തന്നെ. അവരുടെ കടന്നു കയറ്റം ഹൈയ്ത്തി പോലെയുള്ള രാജ്യങ്ങളുടെ കാർ‍ഷിക സ്വയംപര്യാപ്തത അട്ടിമറിച്ചു. കാർഷിക പ്രധാനമായ പ്രസ്തുത രാജ്യത്തിന് ആവശ്യമായ 90% അരിയും അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലെത്തി.

മൂന്നാം ലോക കാർ‍ഷിക മേഖലയിൽ‍ നിന്നും സബ്സിഡികൾ എടുത്തുകളയുവാനുള്ള ലോക ബാങ്കിന്‍റെയുംWTOയുടെയും നിർ‍ദ്ദേശം നടപ്പിലാക്കിയതിനാൽ‍ കർ‍ഷക ആത്മഹത്യകൾ‍ പരക്കുന്നു. നമ്മുടെ രാജ്യത്ത് അത്തരം ആത്മഹത്യ ചെയ്തവരുടെ എണ്ണം ഇന്ന് 2.2ലക്ഷം കഴിഞ്ഞു. ഈ അവസരത്തിൽ‍ കൂടുതൽ‍ നിബന്ധനയുമായി WTOനിലപാടുകൾ എടുക്കുന്പോൾ കർ‍ഷകർ കൂടുതൽ വിഷമ ബന്ധിതമാകും. ഇന്ത്യയിലെ ജനങ്ങളിൽ 50% ത്തിലധികം ജനം പണി എടുക്കുവാനും വരുമാനം കണ്ടെത്തുവാനും ആശ്രയിക്കുന്ന കാർഷിക മേഖലയുടെ അവസ്ഥ ദിനംപ്രതി മോശമായി വരികയാണ്. നാമമാത്രമായിരുന്ന വളം, വൈദ്യുതി ഇളവുകൾ സന്പന്ന കൃഷിക്കാർ തട്ടി എടുത്തിരുന്നതിനാൽ നൽകി വന്ന ആനുകൂല്യങ്ങൾ തന്നെ സാധാരണക്കാർക്ക് ലഭ്യമായിരുന്നില്ല. ഈ അവസ്ഥയിൽ കാർഷിക മേഖലയിലെ ബഹുരാഷ്ട്ര കുത്തകകളുടെ സാന്നിദ്ധ്യവും ജനിതക വിത്തുകളും മറ്റ് വില ഏറിയ പരീക്ഷണങ്ങളും വർദ്ധിച്ച കൃഷി ചെലവുകളും പ്രശ്നം രൂക്ഷമാക്കുന്നു. WTO മുന്നോട്ടു വെക്കുന്ന കാർഷിക സബ്സിഡികളിൽ ഒഴിവാക്കപ്പെടേണ്ടത് എന്ന് നിഷ്കർഷിച്ചിരിക്കുന്ന തരത്തിലുള്ളത് ഇന്ത്യ പോലെയുള്ള രാജ്യങ്ങൾ നൽകുന്നതാണ്. അമേരിക്കയും മറ്റും സബ്സിഡി നൽകുന്നത് കാർഷിക ഉൽപ്പന്നങ്ങൾക്കാണ്. ഫ്രാൻസിന്റെ ഏറ്റവും വലിയ സബ്സിഡി ഗുണഭോക്താവ് ചിക്കൻ കച്ചവ
ടത്തിൽ മുന്നിലുള്ള കന്പനിയാണ്. അമേരിക്കയിലും സബ്സിഡികൾ കൂടുതലായി എത്തിച്ചേരുന്നത് വൻകിട കോർപ്പറേറ്റുകളുടെ കൈകളിലാണ്.

കാർഷിക മേഖലയിലെ സബ്സിഡികളെ green box, blue box, amber coloured box എന്ന നിറത്തിൽ സൂചിപ്പിക്കുന്നു. മൂന്നാം ലോകരാജ്യങ്ങൾക്കായി S & D എന്ന പട്ടികയിൽ പെടുത്തിയ സബ്സിഡികളും ഉണ്ട്. ഇവയിലെ അവസാനത്തെ രണ്ടു തരം ഇളവുകളും താമസിയാതെ ഒഴിവാക്കപ്പെടേണ്ടതാണ്. വളത്തിനും വൈദ്യുതിക്കും കൊയ്ത്തു യന്ത്രങ്ങൾക്കും നൽകുന്ന സഹായങ്ങൾ WTO യുടെ ഒഴിവാക്കപ്പെടേണ്ട പട്ടികയിൽ പെടുന്നത് ഭാവിയിൽ പ്രതികൂലമായി നമ്മെ ബാധിക്കും. നെയ്റോബിയിലുണ്ടായ പല ധാരണകളും മൂന്നാം ലോകരാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില ആഭ്യന്തര മാർക്കറ്റിലും കൂടുതലാണെങ്കിൽ അവയ്ക്ക് സബ്സിഡികൾ നിയന്ത്രിക്കണമെന്ന നിർദ്ദേശം ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. ഭക്ഷ്യ സംഭരണത്തിന് ഇളവുകൾ നൽകരുതെന്ന നിർദ്ദേശം ഇന്ത്യൻ ഭക്ഷ്യ സംഭരണത്തെ തകർക്കും. പരമാവധി വിലയുടെ 10% ത്തിലധികം സബ്സിഡികൾ നൽകരുത് എന്ന തീരുമാനവും താരതമ്യേന ഉൽപ്പന്നങ്ങൾക്ക് വിലക്കുറവുള്ള നമ്മുടെ രാജ്യത്തെ കാർഷിക മേഖലയെ ബാധിക്കും. ചുരുക്കത്തിൽ WTO യുടെ നെയ്റോബി സമ്മേളന തീരുമാനങ്ങൾ രാജ്യത്തെ കർഷകർക്കും ഭക്ഷ്യ സുരക്ഷക്കും ആശാവഹമല്ല എന്നാണ് പഠിപ്പിക്കുന്നത്.

ആഗോളവൽക്കരണം മറ്റെല്ലാ മേഖലയെ എന്ന പോലെ ഒരുപക്ഷേ ഒരു പടി കൂടി കടന്ന് കാർഷിക ലോകത്തിന് കൂടുതൽ ഉറക്കം കെടുത്തുന്ന ദിനങ്ങളാകും സമ്മാനിക്കുക.

New layer...

You might also like

Most Viewed