ചെന്നൈ നമുക്കുള്ള മറ്റൊരു താക്കീത് കൂടി


മഴയും സുനാമിയും കാറ്റും പ്രകൃതിയുടെ സ്വാഭിക പ്രതിഭാസങ്ങളാണ്. അവ കാലാകാലങ്ങളിൽ‍ പ്രകൃതിയിൽ‍ സംഭവിച്ചിട്ടുണ്ട്. എന്നാൽ‍ ആ പ്രതിഭാസം മനുഷ്യന് ദുരന്തമായി തീരുന്നതിൽ‍ അവർ‍ക്കുപങ്കുണ്ടെന്നതാണ് ഇന്നു ലോകം നേരിടുന്ന വലിയ ഭീഷണി. ഒന്നും പുതുതായി നിർ‍മ്മിക്കുവനോ നശിപ്പിക്കുവാനോ സാധ്യമല്ല എന്ന വസ്തുത നമ്മുടെ ഭൂമിയിലെ ജലത്തിന്‍റെ അളവിലും മഴയുടെ അളവിലും മറ്റു ഘടകങ്ങളിലും ബാധകമാണ്. എന്നാൽ‍ മനുഷ്യന്‍റെ യുക്തി രഹിതവും സങ്കുചിതവുമായ പരിസ്ഥിതി ബോധം പ്രകൃതിയിൽ‍ നടത്തുന്ന കടന്നാക്രമണങ്ങൾ‍ ഭൂമിക്ക് വൻ ഭീഷണിയായി തീർ‍ന്നു കഴിഞ്ഞു. അത്തരം അക്രമങ്ങൾ‍ക്ക് എല്ലാ ഭൂഖണ്ധങ്ങളും വിധേയമാകുന്നു. അമേരിക്കയും ലാറ്റിനമേരിക്കൻ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ആഫ്രിക്കൻ −ഏഷ്യൻ രാജ്യങ്ങളും കൊടും കാറ്റിനും വരൾ‍ച്ചക്കും ആവർ‍ത്തിച്ച് വിധേയമാകുന്നതിനു പിന്നിൽ‍ പ്രകൃതിക്കുണ്ടായ തളർ‍ച്ച പ്രധാനമായ പങ്കു വഹിക്കുന്നു. ചെന്നൈ ദുരന്തം ഈ പ്രതിഭാസത്തിന്‍റെ ആവർ‍ത്തനമാണ്. ഇത്തരം ദുരന്തങ്ങൾ‍ ലഡാക്കിൽ‍ ഉണ്ടായി, കാശ്മീരിൽ‍ ആവർ‍ത്തിക്കുന്നു. കേദാർ‍നാഥ്, ബദരിനാഥിൽ‍ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ‍ 10000ത്തിലധികം ആളുകൾ‍ മരിച്ചു. മുംബൈയിൽ‍ പല കുറി ഉണ്ടായ കൊടും മഴ മെട്രോ നഗരത്തിൽ‍ വരുത്തി വെച്ച പ്രശ്നങ്ങൾ‍ മറക്കുവാൻ കഴിയുന്നതല്ല. അത്തരം ആവർ‍ത്തിച്ചു കൊണ്ടിരിക്കുന്ന തെറ്റുകൾ‍ പരിഹരിക്കുവാൻ വേണ്ട പരിശോധനകൾ‍ നടത്തുവാൻ ജനസർ‍ക്കാരുകൾ‍ തയ്യാറാകുന്നില്ല.

വ്യവസായ വിപ്ലവത്തിന് ശേഷം ലോകത്തുണ്ടായ പ്രകൃതി നാശങ്ങളെ പരിഗണിക്കുവാൻ ആധുനികലോകം ഏറെ വൈകിയാണ് തയ്യാറായത്. 1972 വരെയും വിഷയത്തെ ഗൗരവതരമായി കാണുവാൻ ലോക രാജ്യങ്ങൾ‍ തയ്യാറായില്ല. UNസഭയുടെ നേതൃത്വത്തിൽ‍ 87, 92, 97, 2002, 2012, 2015 (ഫ്രാൻസ്) തുടങ്ങിയ വർ‍ഷങ്ങളിൽ‍ ലോക കാലാവസ്ഥ ഉച്ചകോടി നടന്നു. ആദ്യ സമ്മേളനം സ്ടോക്ക്ഹോമിൽ‍ നടക്കുകയും 26 നിർ‍ദ്ദേശങ്ങൾ‍ മുന്നോട്ടു വെക്കുകയും ചെയ്തു. മനുഷ്യാവകാശ സംരക്ഷണം മുതൽ‍ പ്രകൃതിയിലെ ദുരന്തങ്ങൾ‍ക്ക് കാരണമായ വിവിധ വിഷയങ്ങൾ‍ ചർ‍ച്ച ചെയ്തു രാജ്യങ്ങൾ‍ തമ്മിൽ‍ ഒരു പൊതു ധാരണയിൽ‍ എത്തി. പാരിസ്ഥിതി സംരക്ഷണത്തിന്‍റെ മറവിൽ‍ മുന്നാം ലോക ജനതയുടെ വികസന മുന്നേറ്റത്തെ തടയിടാതെ പരിസ്ഥിതി സംരക്ഷണം വികസിത രാജ്യങ്ങളുടെ സാന്പത്തിക ഉത്തരവാദിത്തത്തിൽ‍ നടപ്പക്കന്നമെന്ന വാദം ഉയർ‍ന്നു. ഇന്ദിരാഗാന്ധി പങ്കെടുത്ത അവിടെ പരിസ്ഥിതി സംരക്ഷണത്തിലൂടെ പട്ടിണി നിർമ്‍മാർ‍ജ്ജനം സാധ്യമാകണമെന്ന് ഇന്ദിര പ്രത്യാശ പ്രകടിപിച്ചു. അതിനു ശേഷം നടന്ന ക്യോടോ സമ്മേളനത്തിൽ‍ (1997) ഹരിത വാതക പുറന്തള്ളൽ‍ മുഖ്യ വിഷയമായി ഉയർ‍ന്നു വന്നു.അതിൽ‍ അംഗമായ 192 രാജ്യങ്ങൾ‍ 2005 മുതൽ‍ 12 വരെ നടപ്പകേണ്ട വിഷയങ്ങളിൽ‍ ധാരണയുണ്ടാക്കി. ഈ കരാറിൽ‍ അമേരിക്ക അംഗമായില്ല. കുറച്ചു കഴിഞ്ഞ് കാനഡയും വിട്ടു നിന്നു. അമേരിക്ക അംഗമല്ലാത്തതിനാൽ‍ തീരുമാനങ്ങൾ‍ നടപ്പാക്കുവാൻ ബാധ്യത ഇല്ലായിരുന്നു. ഒപ്പം ഹരിത വാതകങ്ങൾ‍ പുറത്തുവിടുന്നത് പ്രധാനമായി ഇന്ത്യ മുതലായ രാജ്യങ്ങളിലെ നെൽപ്‍പാടങ്ങളും നാൽ‍ക്കാലികളുമാണെന്ന് അമേരിക്ക മറുവാദം ഉന്നയിച്ചു. ഹരിത വാതകങ്ങളിൽ‍ 25% പുറത്തുവിടുന്ന അമേരിക്ക വ്യാപാര താൽപ്പര്യം മുൻ നിർ‍ത്തി ക്യോടോ ഉടന്പടിയെ അവഗണിച്ചു. ജോർജ് ഡബ്ലിയു. ബുഷ് പരിസ്ഥിതിക്കും പുതിയ വനങ്ങൾ‍ വെച്ച് പിടിപ്പിക്കുവാനും നീക്കിവെച്ച തുകയിൽ‍ ഇളവു വരുത്തി. ഒാസോൺ ശോഷണത്തിൽ‍ ഉണ്ടായ കാരണങ്ങൾ‍ പരിഹരിക്കുവാൻ കാര്യമായ പുരോഗതി ഉണ്ടായി എന്നത് ശുഭ സൂചകമാണ്. ക്യോടോയുടെ തുടർ‍ച്ചയായി നടന്ന ദോഹ സമ്മേളനത്തിൽ‍ നിന്നും (2012) കൂടുതൽ‍ രാജ്യങ്ങൾ‍ വിട്ടുനിന്നു. 144 രാജ്യങ്ങളുടെ പിന്തുണ കിട്ടാത്തതിനാൽ‍ ദോഹ തീരുമാനങ്ങൾ‍ നടപ്പാക്കുവാൻ കഴിഞ്ഞില്ല. 

ലോക പാരിസ്ഥിയുടെ അവസാനമായി നടന്ന പാരീസ് സമ്മേളനം (COP) പരിസ്ഥിതി പ്രശ്നത്തെ കൂടുതൽ‍ ഗൗരവതരമായി കണ്ടു. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ‍ ലോക പാരിസ്ഥിതി വിഷയത്തിൽ‍ വികസിത രാജ്യങ്ങൾ‍ എടുക്കേണ്ട ബാധ്യതകൾ‍ അവരെ കൂടുതൽ‍ ബോധ്യപെടുതുവാൻ വിജയിച്ചു. പ്രതിവർ‍ഷം 100 ബില്യൻ ഡോളർ പരിസ്ഥിതി വിഷയങ്ങൾ‍ക്കു മാറ്റിവെക്കണമെന്നുയർ‍ത്തിയ വാദം അംഗീകരിക്കപ്പെട്ടു. ഒപ്പം നഗരങ്ങളിൽ‍ നടപ്പാക്കേണ്ട നിലപാടുകൾ‍ സ്വകാര്യ സ്ഥാപങ്ങൾ‍ കൈക്കൊള്ളേണ്ട തീരുമാനങ്ങൾ‍ ഇവയിൽ‍ ധാരണയുണ്ടായി. ആദിവാസികൾ‍ തുടങ്ങിയ പാരിസ്ഥിയുമായി അടുത്തിനങ്ങി ജീവിക്കുന്നവരെ അവരുടെ പരിസ്ഥിതി ജ്ഞാനത്തെ പ്രകൃതി സംരക്ഷണത്തിനായി ഉപയോഗപ്പെടുത്തുവാൻ പ്രത്യേക പദ്ധതികൾ‍ ഉണ്ടാക്കുവാൻ ശ്രമം ഉണ്ടായി. കാനഡ, ഓസ്ട്രേലിയ മറ്റ് രാജ്യങ്ങളിലെ പാരിസ്ഥിതി സംരക്ഷണത്തിവർ‍ നടത്തുന്ന ഇടപെടലുകളെ അംഗീകരിക്കുവാൻ സമ്മേളനം സമയം കണ്ടെത്തി. (Indigenous people declaration)

പോപ്പ് ഫ്രാൻസിസ് പരിസ്ഥിതി വിഷയത്തിൽ നടത്തിയ ദീർഘമായ പ്രസ്ഥാവന ലോക നേതാക്കളെ കൂടുതൽ പരിസ്ഥിതി വിഷയത്തിൽ തീരുമാനങ്ങളെടുപ്പിക്കുവാൻ നിർബന്ധിതമാക്കി. കത്തോലിക്കാ സഭയുടെ ആത്മീയ ആചാര്യൻ, റോമിന്റെ ഭരണ തലവൻ എന്നതിലും ഉപരി അദ്ദേഹത്തിന്റെ വിവിധ വിഷയങ്ങളിലെ നിലപാടുകൾ പാർശ്വവൽക്കരിക്കപ്പെട്ടവരെയും പരിസ്ഥിതിയെയും പരിഗണിച്ചു കൊണ്ടുള്ളതാണ്. ഒരു നല്ല വിശ്വാസിയാകുവാനുള്ള മാർഗ്ഗം പരിസ്ഥിതിയെ സസൂക്ഷ്മം പരിപാലിക്കുകയാണെന്ന അദ്ദേഹത്തിന്റെ കർക്കശമായ നിലപാട് ലോക പരിസ്ഥിതി പ്രവൃത്തകർ വലിയ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്. പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തിലെ ധാരാളിത്തം, ആഗോളവൽക്കരണം മുന്നോട്ടു വെക്കു
ന്ന ആർത്തിപൂണ്ട വികസന അജണ്ടകൾ, എല്ലാ പ്രകൃതി വിഭവങ്ങളും തങ്ങളുടെ സ്വകാര്യ ചരക്കുകളാണെന്ന ധാരണ ഇവയിലൊക്കെ പോപ്പ് എടുത്ത നിലപാടുകൾ ഏതൊരാളെയും ഇരുത്തി ചിന്തിപ്പിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതിയുടെ കലവറയായ ഇന്ത്യയെ ലോക പരിസ്ഥിതിക്കായി കാത്തു സൂക്ഷിക്കുന്നതിൽ സർക്കാരുകൾ ആവർത്തിച്ച് പരാജയപ്പെടുന്നു എന്നത് ലജ്ജാകരമാണ്.രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ട ഭരണകൂടങ്ങൾ അതിനോടു മുഖം തിരിച്ചു നിൽക്കുന്നു. ഇതിൽ ജ്യൂഡീഷ്യറി പോലും അലംഭാവം കാട്ടിയ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധി 1972 ൽ മോൺട്രിയൽ സമ്മേളനത്തിൽ പരിസ്ഥിതി വിഷയത്തിനോടു കൈക്കൊണ്ട നിലപാടുകൾ ശക്തമായി തുടരുവാൻ പിന്നീടു വന്നവർക്ക് കഴിഞ്ഞില്ല. ഇന്ദിരയുടെ സൈലന്റ് വാലി സംരക്ഷണ നിലപാട് അവർ ലോകത്തിനു നൽകിയ ഇന്ത്യയുടെ ഉറപ്പിന്റെ ഭാഗമായിരുന്നു. നെഹ്റുവിന്റെ കാലത്ത് ഭക്ഷ്യക്ഷാമവുമായി ബന്ധപ്പെട്ട് വനം കൈയ്യേറി കൃഷി ചെയ്യുവാൻ എടുത്ത തീരുമാനം പിന്നീട് തിരുത്തി കുടിയേറ്റത്തെ (വൻകിട പോലും) നിയന്ത്രിക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടി.

ആഗോളവൽക്കരണം പരിസ്ഥിതി വിഷയത്തെ കൂടുതൽ രൂക്ഷമാക്കി. മധ്യ, വടക്കേ ഇന്ത്യൻ ഖനി മേഖലയിലെ വർദ്ധിച്ച കോർപ്പറേറ്റ് താൽപര്യങ്ങൾ വൻ പരിസ്ഥിതി ആഘാതങ്ങൾക്ക് കാരണമാകുന്നു. തൊഴിലാളി നേതാവും ഖനി മാഫിയയാൽ കൊല ചെയ്യപ്പെട്ട ശങ്കർ ഗുഹാ നിയോഗി അനിയന്ത്രിതമായ പ്രകൃതി ചൂഷണം വരുത്തി വെക്കുന്ന ആഘാതങ്ങളെ പറ്റി വ്യക്തമായ വിശദീകരണവുമായി സജ്ജീവമായിരുന്നു എങ്കിലും ആ വാക്കുകളുടെ ഉറവിടത്തെ പോലും നിശബ്ദമാക്കുവാൻ ഭരണകൂടവും മാഫിയകൾക്കൊപ്പം അണിനിരന്നു. കൊല ചെയ്യപ്പെട്ട ശങ്കർ ഗുഹ നിയോ ഗിയുടെ കൊലപാതകികൾ ശിക്ഷക്ക് വിധേയമാകാതെ സ്വതന്ത്ര്യരായി. പപ്പു യാദവും സമാന ഗുണ്ടാ രാഷ്ട്രീയക്കാരും അതേ നിലപാടുമായി പരിസ്ഥിതിക്ക് തുടർ ആഘാതങ്ങൾ ഏൽപ്പിച്ചു വരുന്നു.

ഹിമാലയത്തിന്റെ വിവിധ പ്രദേശങ്ങളിലെ മരം മുറിക്കലും ഖനനവും നിർമ്മാണ പ്രവർത്തനവും ലോകത്തെ തന്നെ പ്രമുഖ നദികൾക്ക് ഭീഷണിയായി തീർന്നു. ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ മരണ സമാനമായി. ഈ വിഷയത്തിൽ ചൈനയുടെ നിലപാട് ഇന്ത്യയുടേതിനേക്കാൾ അപകടരമാണ്. ഹിമാലയൻ മലമടക്കുകളിൽ പണിയുന്ന 5000ലധികം ഡാമുകൾ ഏഷ്യൻ രാജ്യങ്ങൾക്ക് മൊത്തത്തിൽ തന്നെ ഭീഷണിയാണ്. ഇതിന്റെ ഫലമായി നിരന്തരമായി ചലിച്ചു വരുന്ന ഹിമാലയൻ പ്രദേശം (ഭ്രംശ മേഖല) വൻ പ്രകൃതി ദുരന്തകയത്തിലാണ്. ലഡാക്കിൽ ആവർത്തിച്ചുണ്ടാകുന്ന മേഘ വിസ്ഫോടനം (Thunder cloud) ഗ്രാമങ്ങളെ തന്നെ ഒഴുക്കി കൊണ്ടുപോയി. പ്രകൃതിയുടെ അത്ഭുത ഭൂപ്രദേശമെന്ന് അംഗീകരിച്ചു വരുന്ന ലഡാക്ക് ഗ്രാമങ്ങളുടെ ദുരിതത്തിനു കാരണം മലകളുടെ ശോഷണമാണ്. കേദാറിലും മറ്റും ഉണ്ടായ കൊടിയ ക്ഷോഭത്തിനു കാരണവും മറ്റൊന്നല്ല. ഗംഗയുടെ കൈവഴികളായ അളകയും മന്ദാഗിനിയും അവയുടെ സ്വാഭാവികതകൾ കൈവിടേണ്ടി വന്നു.

ഹിമാലയൻ മലനിരകൾ സംരക്ഷിക്കുവാൻ ഗ്രാമങ്ങളിലെ സ്ത്രീകൾ ആരംഭിച്ച ചിപ്കോ പ്രസ്താനവും അതിന്റെ തുടർച്ചയായി വളർന്നു പന്തലിച്ച, മേധ നേതൃത്വം കൊടുക്കുന്ന നർമ്മദാ സംരക്ഷണ സമരങ്ങളും തെഹരി സമരസംഘവും ലോകത്ത് വലിയ ചർച്ചയായി എങ്കിലും അതൊന്നും ഗൗരവരമായി കാണുവാൻ ഭരണകൂടം തയ്യാറായിട്ടില്ല. സുപ്രീം കോടതി വികസനത്തിന്റെ പേര് പറഞ്ഞ് 3000 ഗ്രാമങ്ങളുടെ അന്ത്യത്തിൽ അവരുടേതായ പങ്കുവഹിച്ചു. പ്രകൃതി സംരക്ഷണത്തിനായി പ്രവ്യത്തിക്കുന്ന ഗ്രീൻ പീസ് പോലെയുള്ള സംഘടനയെ നിയന്ത്രിക്കുവാൻ സർക്കാർ കാണിക്കുന്ന താൽപര്യം ദുരൂഹമാണ്. രാജ്യത്തെ പരിസ്ഥിതി അനുവാദം വാങ്ങേണ്ട പദ്ധതികളിൽ 0.033 ശതമാനത്തിന് മാത്രമാണ് പരിസ്ഥിതി അനുവാദം നിഷേധിച്ചത് എന്നതിൽ നിന്നും സർക്കാരിന്റെ പരിസ്ഥിതി താൽപര്യം വ്യക്തമാണ്. വിഴിഞ്ഞം സൃഷ്ടിക്കുന്ന വിവിധ പരിസ്ഥിതി ആഘാതങ്ങളെ അവഗണിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ്.

തെക്കേ ഇന്ത്യ പ്രകൃതി ദുരന്തത്തിന്റെ പിടിയിലാണ്. വരൾച്ച, അധിവർഷം, ഉരുൾപൊട്ടൽ എല്ലാം ഇന്ന് നിത്യ വിഷയമാണ്. മുല്ലപ്പെരിയാർ ആളുകളുടെ പേടിസ്വപ്നമാണ്. ഇടവപ്പാതി കുറയുകയും തുലാവർഷം ആസ്വാഭാവികമായി തീരുകയും ചെയ്യുന്നു. അതിന്റെ അവസാനത്തെ ഇരയാണ് ചെന്നൈ.

500 വർഷം പഴക്കമുള്ള ചെന്നൈ നഗരം 70 ലക്ഷം ആളുകളുമായി വീർപ്പുമുട്ടി നിൽക്കുന്ന നഗരമാണ്. കേരളത്തിന്റെ പകുതി മാത്രം മഴ ലഭിക്കുന്ന ചെന്നൈ നഗരത്തിലെ ചെളിയും ഷെയിൽ (ക്ലേ നിറഞ്ഞ), പാറ തുടങ്ങിയവയുടെ സാന്നിധ്യം ജലത്തിന്റെ സ്വാഭാവിക ഒഴുക്കിന് പ്രതികൂലമാണ്. നഗരത്തിന്റെ പ്രധാന രണ്ടു നദികൾ കൂവം നദിയും ആടയാറും ചുരുങ്ങി വരുന്നു.അവയുടെ വൃഷ്ടി പ്രദേശങ്ങൾ വരണ്ട ഭൂമിയായി മാറി. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നയായി കൊണ്ടുവന്ന വീരനാം പദ്ധതി പരാജയപ്പെട്ടു. കൃഷ്ണ നദിയിൽ നിന്ന് വെള്ളം എത്തിക്കുന്ന തെലുങ്ക് ഗംഗ പദ്ധതി ഇഴയുകയാണ്. പൊതു ഭൂമിയും ചതുപ്പു നിലങ്ങളും അനിയന്ത്രിതമായി നികത്തി വികസനത്തിന്റെ മറവിൽ കെട്ടിട നിർമ്മാണം തരുകയാണ്. അഴുക്കുചാലുകൾ അപ്രത്യക്ഷമായി. പ്ലാസ്റ്റിക് കുന്പാരങ്ങൾ കൊണ്ട് നഗരം വീർപ്പുമുട്ടുന്നു. 600 പ്രധാന കുളങ്ങൾ ഉണ്ടായിരുന്ന നഗരത്തിൽ അവശേഷിക്കുന്നത് 40 ശതമാനം  മാത്രം. പുതുതായി 5000 ഹെക്ടർ ചതുപ്പു പ്രദേശം നികത്തി എടുക്കുവാനുള്ള ശ്രമത്തിലാണ് സർക്കാർ. അന്തർദേശീയ വിമാന താവളത്തിന്റെ റൺവെ ആടയാർ നദിയുടെ കൈവഴിക്കു മുകളിൽ പണിഞ്ഞ് നദിയുടെ ഒഴുക്കിന് ഭീഷണി ഉയർത്തി എന്ന് അറിയുന്പോൾ നമ്മുടെ വികസന സങ്കൽപ്പങ്ങൾ എത്ര വിരൂപമായി മാറിക്കഴിഞ്ഞു എന്നു മനസ്സിലാക്കാം. മഴവെള്ള സംഭരണികളിലൂടെ കുടിവെള്ള പ്രശ്നം പരിഹരിക്കാം എന്ന വാദമുയർത്തി സർക്കാർ പ്രകൃതി ദത്ത ജലസംഭരണികൾ മൂടുന്നതിനു കൂട്ടുനിന്നതും സർക്കാർ തന്നെ അതിനു നേതൃത്വം കൊടുത്തതും ചെന്നൈ നഗരത്തെ ദുരന്തഭൂമിയാക്കി. കുഴൽക്കിണറുകൾ 600 അടിയിലേറെ കുഴിക്കേണ്ട അവസ്ഥയിലേക്ക് ചെന്നൈയിലെ ജലവിതാനം താണുപോയിരിക്കുന്നു. വികസനത്തെ പറ്റിയുള്ള വഴി പിഴച്ച നിലപാടുകൾ തുടരുന്ന എല്ലാ സർക്കാർ സ്വകാര്യ സംരംഭകർക്കും ഇതൊരു പാഠമാകേണ്ടതാണ്. തമിഴ്നാട്ടിലെ പാന്പാർ എന്ന നദി ഭാഗികമായി അസ്തമിച്ചു എന്ന വാർത്തയെ ഗൗരവതരമായി കാണുവാൻ തയ്യാറാകത്തത് സർക്കാരിന്റെ ഇരട്ടതാപ്പാണ്. ഒരേ സമയം കാവേരി, മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനാന്തര വിഷയങ്ങൾ സൃഷ്ടിക്കുന്നവർ തന്നെ സ്വന്തം പ്രദേശത്തെ ജല ശ്രോതസ്സുകൾ സംരക്ഷിക്കുവാൻ മടി കാണിക്കുന്നു.

തമിഴ്നാട്ടിൽ എറ്റവും കൂടുതൽ മഴ ലഭിക്കുന്ന നവംബർ മാസത്തിൽ ശരാശരി ലഭിക്കുന്ന മഴ 400 മില്ലിമീറ്ററാണ്. പ്രതിവർഷം അത് 1500ഉം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 1200 മില്ലി മഴ ലഭിച്ചത് കാലാവസ്ഥയുടെ താളപ്പിഴക്ക് തെളിവാണ്. ഈ അസ്വാഭാവിക പ്രതിഭാസം ജൂണിൽ ബിഹാറിലും യു.പിയിലും ഉണ്ടായി. ചെന്നൈയുടെ ഭാവിക്കു തന്നെ ഭീഷണിയായിരിക്കുന്ന പ്രകൃതി വ്യതിയാനം ആവർത്തിക്കാതിരിക്കണമെങ്കിൽ നമ്മുടെ വികസന സങ്കൽപങ്ങൾ മാറ്റി എഴുതേണ്ടതുണ്ട്.

കേരളത്തിലെ തിരുവനന്തപുരം ആലപ്പുഴ, കൊച്ചി തുടങ്ങിയ നഗരങ്ങളും ചെന്നൈ ദുരന്തത്തിന്റെ അവർ ത്തനത്തിന്റെ പടിവാതിക്കലാണെന്ന് സർക്കാർ ഓർക്കേണ്ടതുണ്ട്. പശ്ചിമ ഘട്ട സംരക്ഷണ്ണത്തിനോടു മുഖം തിരിച്ചു നിൽക്കുന്ന തെക്കേ ഇന്ത്യയിലെ അഞ്ച്  സംസ്ഥാന സർക്കാരും കേന്ദ്രത്തെ പോലെ തന്നെ പ്രകൃതി ദുരന്തത്തെ ആരതി കൊടുത്ത് സ്വാഗതം ചെയ്യുകയാണെന്നത് പ്രകൃതിയുടെ ഒരു ദുരന്തമായി തിരിച്ചറിയണം.

You might also like

Most Viewed