പഞ്ചായത്തുകൾ വികസനത്തിന്റെ അവസാന വാക്കുകളാണ്


പഞ്ചായത്ത്‌ എന്ന പേർ പുരാതന ഇന്ത്യൻ‍ ഗ്രാമങ്ങളിലെ ജനകീയ സമിതിയെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചു വന്നിരുന്നു. അഞ്ചു  ഗ്രാമീണ പ്രധാനികൾ‍ അംഗങ്ങളായ പഞ്ചായത്തു സമിതിയിൽ  രക്ഷകർ‍ത്താക്കളായി അവർ പ്രവർത്തിച്ചു. ശ്രീലങ്കയിൽ‍ ഇന്ത്യയിലെ പോലെ പ്രാദേശിക ഭരണ സംവിധാനങ്ങൾ‍ BC 400 മുതൽ‍ നിലനിന്നു. ഇന്നത് കൂടുതൽ‍ സജ്ജീവമായി പ്രവർ‍ത്തിക്കുന്നു. ബ്രസീലിൽ‍ നിലനിന്നുവരുന്ന പ്രാദേശിക സർ‍ക്കാരുകൾ‍ സർക്കാരിന്‍റെ ക്ഷേമ പദ്ധതികളുടെ നടത്തിപ്പുകാരാണ്. 5570 മുൻ‍സ്സിപ്പാലിറ്റികളും  നഗര ഗ്രാമ സഭകളും സജീവമാണ്. പട്ടിണി നിർമർ‍ജ്ജൻ‍ യജ്ഞത്തിൽ‍ വൻ‍ വിജയം കൈവരിക്കുവാൻ‍ ബ്രസീലിന് കഴിഞ്ഞത് പ്രാദേശിക സർ‍ക്കാരിന്റെ നടത്തിപ്പിലൂടെയാണ്. (bolza familia). ഫ്രാൻ‍സിലും ഇംഗ്ലണ്ടിലും 700ാം നൂറ്റാണ്ടു മുതൽ‍ പ്രാദേശീക സർ‍ക്കരുകൾ‍ (commune) പ്രവർ‍ത്തനം സജ്ജീവമായിരുന്നു. തൊഴിലാളി വിപ്ലവ സർ‍ക്കാരുകൾ‍ communeകൾ‍ക്ക് മുന്തിയ പരിഗണന കൊടുത്തുകൊണ്ടാണ് ആസൂത്രണ പരിപാടികൾ‍ നടപ്പിലാക്കിയത്‌. ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലും പ്രാദേശിക സർ‍ക്കാരുകൾ‍ നിരവധി പ്രവർ‍ത്തനങ്ങളിൽ‍ പങ്കെടുത്തിരുന്നു  എന്നാണ് ചരിത്രം പറയുന്നത്.

ഇന്ത്യൻ‍ ഗ്രാമങ്ങൾ‍ പതിനെട്ടാം നൂറ്റാണ്ടുവരെ സ്വയം പര്യാപ്ത ഗ്രാമങ്ങളായിരുന്നു. ഗ്രാമങ്ങളുടെ നട്ടെല്ലായിരുന്ന കൃഷിക്കാർ‍ ലോകത്തിലെ ഏറ്റവും കൂടുതൽ‍ വരുമാനമുള്ളവരും. ഉദാഹരണത്തിന് ഇന്ത്യൻ‍ കർ‍ഷകരുടെ വരുമാനം 17ാം നൂറ്റാണ്ടിൽ  ഇംഗ്ലണ്ട് കർ‍ഷകരുടെ 70 ഇരട്ടിയായിരുന്നു. ഓരോ ഗ്രാമവും ആവശ്യമായവ ഉത്പാദിപ്പിച്ച് പരസ്പരം കൈമാറി വന്നു .ഒപ്പം ജനങ്ങളുടെ മുഴുവൻ‍ പ്രശ്നങ്ങളും പഞ്ചായത്ത്‌ കൂടി തീരുമാനിക്കുന്നു. ഇത്തരം സൗഹൃത കൂട്ടങ്ങളായി ഓരോ ഗ്രാമവും പ്രവർത്തിച്ചു. ഗ്രാമങ്ങൾ‍ സ്വരാജുകളാണെന്നർ‍ത്ഥം. എന്നാൽ‍ ഈ ഗ്രാമങ്ങളിൽ‍ ഒട്ടു മിക്കതും ചാതുർ‍വർ‍ണ്യത്തിൽ‍ നിലയുറപ്പിച്ചിരുന്നതിനാൽ‍ ഗ്രാമങ്ങളിലെ സവർ‍ണ്ണ വിഭാഗത്തിനു മാത്രമായിരുന്നു അവകാശങ്ങൾ‍. അവർ‍ണ്ണർ‍ പലവിധ ദാസ്യപണിക്കും നിർ‍ബ്ബന്ധിതരായിരുന്നു. എങ്കിൽ‍ കൂടി ഗ്രാമങ്ങളുടെ സ്വയം പര്യാപ്തത ഒരു വികസന മാതൃകയായി പിൽ‍ക്കാല ഇന്ത്യൻ‍ രാഷ്ട്രീയം വിലയിരിത്തുന്നുണ്ട്. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയും അതിന്‍റെ വികസനവും സ്വയം പര്യാപ്തമായ ഇത്തരം ഗ്രാമങ്ങളായിരുന്നു. അത്തരം ഗ്രാമങ്ങളെ ഒരു സമര രൂപമാക്കി മാറ്റുവാനും അദ്ദേഹം ശ്രദ്ധിച്ചു.

സ്വതന്ത്രാനന്തര ഇന്ത്യയിൽ‍ വ്യവസായ അടിസ്ഥാനത്തിലുള്ള കൃഷിയും വ്യവസായം മുൻ‍ നിർ‍ത്തിയുള്ള വികസന നയങ്ങൾ‍ നടപ്പിലാക്കി തുടങ്ങിയതിനാൽ‍ സ്വാഭാവികമായും ഗ്രാമ സ്വരാജ് എന്ന സങ്കൽ‍പ്പങ്ങൾ‍ അവഗണിക്കപെട്ടു. എങ്കിലും ത്രിതല പഞ്ചായത്തുകളെ പറ്റി ഭാവി സങ്കൽ‍പ്പങ്ങൾ‍ അവതരിപ്പിക്കുവാൻ‍ 1957ൽ‍ ബൽ‍വന്ത്രറായിയുടെ നേതൃത്വത്തിൽ‍ കമ്മീഷൻ‍ നിലവിൽ‍ വന്നു. അതിനു ശേഷം മൊറാർ‍ജിയുടെ ഭരണകാലത്ത് അശോക് ‌‌‌‌ മേത്ത കമ്മീഷൻ സ്ഥാപിച്ചു. പക്ഷേ  അവരുടെ നിർ‍ദേശങ്ങൾ‍ ഒന്നും തന്നെ ഫലപ്രദമായി നടപ്പാക്കപ്പെട്ടില്ല. കേരളത്തിലും ആദ്യ EMS മന്ത്രിസഭയുടെ കാലം മുതൽ‍ പഞ്ചായത്തുകളെ സജീവമാക്കുവാൻ‍ നിയമ നിർ‍മ്മാണ ശ്രമങ്ങൾ‍ നടത്തി എങ്കിലും കാര്യങ്ങൾ‍ വിജയിച്ചില്ല.

അധികാരങ്ങളും ഒപ്പം വികസന സാധ്യതകളും തുലോം തുച്ഛമായിരുന്ന പഞ്ചായത്തുകളുടെ ഘടനക്കു മാറ്റം ഉണ്ടായത് 1991 ലെ 73−74 ഭരണഘടന ഭേതഗതിയിലൂടെയാണ്. ത്രിതല പഞ്ചായത്തുകൾ‍ക്ക് അധികാരങ്ങൾ‍ കൈമാറിയ നിയമ ഭേദഗതി ഒട്ടേറെ അധികാരങ്ങൾ‍ പഞ്ചായത്തിനു ലഭ്യമാക്കി. ഒപ്പം തിരഞ്ഞെടുപ്പുകൾ‍ ഭരണഘടനാ ബാധ്യതയാക്കി. അതുകൊണ്ട് എല്ലാ അഞ്ചുവർ‍ഷവും തെരഞ്ഞെടുപ്പു നടത്തുക സർ‍ക്കാരിന്റെ ബാദ്ധ്യതയായി. (കഴിഞ്ഞ നാളുകളിൽ‍ തെരഞ്ഞെടുപ്പുകൾ‍ കാൽ‍ നൂറ്റാണ്ടു വരെ നീട്ടികൊണ്ടുപോയ അവസരങ്ങൾ‍ ഉണ്ടായിട്ടിട്ടുണ്ട്. കേരളത്തിൽ‍ പോലും 1965 നു ശേഷം തെരഞ്ഞെടുപ്പു നടന്നത് 1979 ൽ‍). ഗ്രാമ പഞ്ചായത്തിന്‍റെ അധ്യക്ഷൻ‍ executive authorityയായി മാറി. പഞ്ചായത്തിൽ‍ തെരഞ്ഞെടുക്കപ്പെടുന്നവർ‍ തീരുമാനങ്ങൾ‍ എടുക്കുവാനായി ഗ്രാമ സഭകൾ‍ വിളിച്ചുകൂട്ടുവാൻ‍ ബാധ്യസ്തനാണ്. അതിലേയ്ക്ക് സ്ഥലത്തെ ബ്ലോക്ക്‌ −ജില്ല−നിയമസഭാ ജന പ്രതിനിധികളെ ക്ഷണിക്കേണ്ടതുണ്ട്. മൂന്നു മാസത്തിലൊരിക്കൽ‍ ഗ്രാമസഭ കൂടണം. ഗ്രാമസഭയിലേയ്ക്ക് വാർ‍ഡിലെ എല്ലാ വോട്ടർ‍മാരെയും ക്ഷണിക്കണം. ഗ്രാമ സഭയിൽ‍വെച്ച് ഗ്രാമങ്ങളുടെ വികസന പദ്ധതികൾ‍ തീരുമാനിക്കപ്പെടുന്നു. ഉപഭോക്താക്കളെ തീരുമാനിക്കുന്നു. ഗ്രാമസഭയിലെ അംഗങ്ങളിൽ‍ 10%ലധികം ആവശ്യപെട്ടാൽ‍ സഭ 15 ദിവസത്തിനകം വിളിച്ചു കൂട്ടണം. കേരളത്തിലെ നായനാർ‍ മന്ത്രിസഭ നടപ്പിലാക്കിയ ജനകീയ ആസൂത്രണം  ഗ്രാമസഭകൾ‍ക്ക് കൂടുതൽ‍ അധികാരങ്ങൾ‍ നൽ‍കി. അവിടെ ഉപഭോക്തൃ സമതികൾ‍ രൂപീകരിച്ചു. ഉപഭോക്തൃ സമിതികൾ‍ ഗുണഭോക്താക്കൾ‍ക്കൊപ്പം വികസന നടത്തിപ്പിന്‍റെ ചുമതലകൾ‍കൂടി ഏറ്റെടുത്തു. പ്രദേശത്തിന്‍റെ നിർ‍മ്മാണ പ്രവർ‍ത്തനങ്ങൾ‍ സമിതികളുടെ മേൽ‍നോട്ടത്തിൽ‍ നടത്തണമെന്നും കോൺട്രാക്റ്റ് രാജ് ഒഴിവാക്കണമെന്നും നിയമം ഉണ്ടാക്കി. പുതിയ നിയമ പ്രകാരം 15 ലക്ഷം രൂപയുടെ ജോലിവരെ ഇത്തരം ജനകീയ സമിതികൾ‍ക്ക് നേരിട്ടുചെയ്യാം. പഞ്ചായത്തിലെ മറ്റു ജോലികൾ‍ ടെൻ‍ഡർ‍ കൊടുത്ത് ലൈസൻ‍സുള്ള കരാറുകാരനെകൊണ്ടു മാത്രമേ ചെയ്യിക്കാവൂ എന്ന് നിയമമുള്ളപ്പോളാണ്, കൂടുതൽ‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തി ജനകീയ സമിതികൾ‍ നിർ‍മ്മാണ പ്രവർ‍ത്തനങ്ങൾ‍ നടത്തി, ഗ്രാമീണ പൊതു ഇടങ്ങൾ‍ അഴിമതി വിമുക്തമാക്കും എന്ന ആശയത്തിൽ ജനകീയ ആസൂത്രണം ആരംഭിച്ചത്. എന്നാൽ‍ സംഭവിച്ചത് അഴിമതിയുടെ പുതിയ സാധ്യതകളായിരുന്നു. ജനകീയ ആസൂത്രണവും മറ്റേതൊരു പദ്ധതിയും പോലെ ജനവിരുദ്ധ നിലപാടുകളിലേയ്ക്ക് വഴുതിപോയതിൽ‍ അതിന്‍റെ ഉപജ്ഞാതാക്കൾ‍ക്കുകൂടി ഉത്കണ്ഠയില്ല എന്നത് വേദനാ ജനകമാണ്.

പഞ്ചായത്തുകളുടെ നിയന്ത്രണത്തിൽ‍ നാട്ടിലെ 8 സർ‍ക്കാർ‍ ആപ്പീസുകൾ‍ നിലവിൽ‍ വന്നു. അങ്ങനെ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ക്ഷേമ കാര്യങ്ങൾ‍ നടപ്പിലാക്കുന്ന VEO, മൃഗപരിപാലനം ഇവയുടെ നിയന്ത്രണം പഞ്ചായത്ത് സമിതിയുടെ നിയന്ത്രണത്തിലായി. ഇതുവഴി അത്തരം ആപ്പിസുകളിലെ അഴിമതിയും മറ്റു ജനവിരുദ്ധ നിലപാടുകളും തിരുത്താവുന്നതേയുള്ളൂ. എന്നാൽ‍ പഞ്ചായത്തു നിയന്ത്രണത്തിലുള്ള ആപ്പിസുകളെ ജനകീയമാക്കുവാൻ‍ വിജയിച്ച പഞ്ചായത്തുകൾ‍ വിരളമാണ്. ഇത്തരം ആപ്പിസുകളിലെ ഉദ്യോഗസ്ഥരെ ശിക്ഷാ നടപടിക്കു വിധേയമാക്കുവാൻ‍ പഞ്ചായത്തിന് അധികാരം ഉണ്ട്.

തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തു സമിതി നാല് സബ്കമ്മിറ്റികൾ‍ക്ക് രൂപം നൽകും. സാന്പത്തിക സബ്കമ്മിറ്റി അദ്ധ്യക്ഷൻ‍ എപ്പോഴും പഞ്ചായത്തു വൈസ്−പ്രസിഡന്‍റ് ആണ്. മറ്റു കമ്മിറ്റികൾ‍ വികസനം, ക്ഷേമം. അവസാനമായി വിദ്യാഭ്യാസ−ആരോഗ്യ കമ്മിറ്റിയും. ബ്ലോക്കിലും ഇതു തന്നെയാണ് ഘടന. ജില്ലയിൽ‍ മരാമത്ത് പണികൾ‍ക്ക്കൂടി ഒരു സമിതി ഉണ്ടാകും. ഈ സമിതികൾ‍ സർ‍ക്കാർ‍ പ്രഖ്യാപിക്കുന്ന വികസന−ക്ഷേമ പദ്ധതികൾ‍ നടപ്പിലാക്കുന്നു. പഞ്ചായത്ത് തലങ്ങളിൽ‍ മത്സരിച്ചു ജയിക്കുന്ന ആളുകൾ‍ വ്യത്യസ്ഥ രാഷ്ട്രീയ നിറമുള്ളവർ‍ ആണെങ്കിലും ക്ഷേമ−വികസന തീരുമാനങ്ങളിൽ  ഒറ്റക്കെട്ടായി തീരുമാനങ്ങൾ  എടുക്കണമെന്നുണ്ട്.

പഞ്ചായത്തുകൾ‍ക്ക് സംസ്ഥാന റവന്യൂ വിഹിതത്തിന്‍റെ 40% ശതമാനം വരെ ലഭിക്കുന്നു. ഒരു പഞ്ചായത്ത് ബഡ്ജറ്റു വിഹിതം 4 കോടി മുതൽ‍ 8 കോടിക്കു മുകളിൽ‍ വരെയാണ്. പഞ്ചായത്ത് റവന്യൂ വരുമാനം പഞ്ചായത്തു പിരിച്ചെടുക്കേണ്ട വിവിധ നികുതികളും ചുങ്കവുമാണ്. ക്ഷേമത്തിനും വികസനത്തിനുമുള്ള കേന്ദ്ര−സംസ്ഥാന വിഹിതം ഉണ്ടാകുമെങ്കിലും അത് പ്രാദേശിക പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ‍ നടപ്പിലാക്കുവാൻ‍ കൂടുതൽ‍ പണം പഞ്ചായത്തുകൾ‍ കണ്ടെത്തി പരിപാടി കൂടുതൽ കാര്യക്ഷമമാക്കണം.അങ്ങനെ കണ്ടെത്തുവാൻ‍ വിജയിക്കുന്ന പഞ്ചായത്തുകൾ‍ക്ക് സപ്ലിമെന്‍ററി ബഡ്ജറ്റും revised ബഡ്ജറ്റും ഉണ്ടാക്കുവാൻ‍ അവസരം കിട്ടും. പഞ്ചായത്തുകൾ‍ക്ക് സ്വന്തമായി നികുതി ഏർ‍പ്പെടുത്തുവാൻ‍ അവകാശമില്ല. എന്നാൽ‍ പഞ്ചായത്തുകൾ‍ അവർ‍ പിരിച്ചെടുക്കേണ്ട വരുമാന സ്രോതസ്സുകൾ‍ വേണ്ട വിധം ഉപയോഗപ്പെടുത്തുന്നില്ല എന്ന പരാതി നിലനിൽക്കുന്നു. സർ‍ക്കാരും ഇക്കാര്യത്തിലുള്ള അലംഭാവം തുടർ‍ന്നുവരുന്നു. കെട്ടിട നികുതി ഘടന അതിനുള്ള നല്ല തെളിവാണ്. നേരത്തെ (93ലെ) നിലവിലുള്ള നികുതി പണം വർദ്ധിപ്പുക്കുവാൻ‍ സർ‍ക്കാർ‍ തീരുമാനിച്ചു. പഴയനിയമപ്രകാരം  600 sq.foot നു മുകളിലുള്ളവർ‍ക്ക് കൊടുക്കേണ്ടിയിരുന്നവരുടെ നികുതി വർദ്‍ധിപ്പിച്ചു. അതനുസരിച്ച് പഞ്ചായത്തുകൾ‍ പുതുക്കിയ നികുതി പിരിച്ചെടുത്തു. പഞ്ചായത്തിന് നികുതി വരുമാനത്തിൽ 100% വർ‍ദ്ധനവുണ്ടായി. എന്നാൽ‍ സർ‍ക്കാർ‍ പുതിയ തീരുമാനം മരവിപ്പിച്ചതിലൂടെ പഞ്ചായത്ത് വരുമാനത്തിൽ‍ വൻ‍ ഇടിവുണ്ടായി. നിലവിലെ തൊഴിൽ‍ കരം (പ്രതിവർ‍ഷം 24000 രൂപക്ക് കൂടുതൽ‍ ആണെങ്കിൽ‍) 240യും പരമാവധി 2500രൂപയും ആണ്. കച്ചവടക്കാർ‍ക്കും തൊഴിൽ‍കരം ഇങ്ങനെ തന്നെ. traders licences ഉം ഏറെ തുച്ഛം. ഇവ പിരിച്ചെടുക്കുവാൻ‍ പഴയ ബിൽ‍കളക്ടർമാർ  ഇപ്പോൾ‍ നിലവിലില്ലാത്തതിനാൽ‍ പഞ്ചായത്തു വരുമാനത്തിൽ‍ ഇടിവുണ്ടാകുന്നു. വിനോദനികുതിയിൽ‍ സർ‍ക്കാർ‍ വൻ‍കിട water theme പാർ‍ക്കുകാരെ സഹായിക്കുവാനായി എടുത്ത തീരുമാനം പഞ്ചായത്തുകൾ‍ക്ക് വൻ‍ സാന്പത്തിക ചോർ‍ച്ച ഉണ്ടാക്കി. പഞ്ചായത്തുകൾ‍ക്ക് ഏർ‍പ്പെടുത്താവുന്ന നികുതിയാണ് പരസ്യ നികുതി. പൊതുയോഗം പോലുള്ള പരിപാടികളുടേത് ഒഴിച്ചു നിർ‍ത്തിയാൽ‍ പഞ്ചായത്തു പരിധിയിൽ‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർ‍ഡുകൾ‍ക്ക് നികുതി ഏർ‍പ്പെടുത്തുവാൻ‍ പഞ്ചായത്തിന് അധികാരമുണ്ട്‌. എന്നാൽ അത്തരം വിഭവ സമാഹരണത്തിൽ പഞ്ചായത്തുകൾ താല്പര്യം കാട്ടുന്നില്ല.വൻ‍കിട കച്ചവട സ്ഥാപനങ്ങളിൽ‍ നിന്നും ഈടാക്കാവുന്ന അധിക വരുമാനമാർ‍ഗ്ഗങ്ങളെ  പഞ്ചായത്തുകൾ‍ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല.

പഞ്ചായത്തു‍‍‍‍കളുടെ ഏറ്റവും പ്രധാന ഉത്തരവാദിത്തം ഗ്രാമീണ പാരിസ്ഥിതി സംരക്ഷണവും അതിന്‍റെ ഭാഗമായി നീർ‍ച്ചാൽ ‍‍‍‍−നെൽ‍പ്പാടങ്ങൾ‍ ഇവയെ പരിപോഷിപ്പിക്കുകയുമാണ്. പ്രാദേശിക കൃഷിയേയും പാരന്പര്യ പ്രത്യേകതകളെയും നിലനിർ‍ത്തുകയാണ്. അവർ‍ക്ക് അനധികൃത നിർ‍മ്മാണത്തെയും മണ്ണുവാരൽ‍, മലയിടിക്കൽ‍, വന നശീകരണം, പാറഖനനം ഇവയെ നിയന്ത്രിക്കുവാൻ‍ കഴിയും. ഖനനത്തിനും വ്യവസായ സ്ഥാപനങ്ങൾ‍ക്കും ഷട്ടർ‍ ഇടുവിക്കുവാൻ‍ ഇവർ‍ക്കധികാരമുണ്ട്. പാറ ഖനനം പോലെയുള്ള വിഷയങ്ങൾ‍ കൈകാര്യം ചെയ്യുവാൻ‍ അനുശാസിക്കുന്ന dangerous and offensive trades and factories Act, പേരു പോലെ തന്നെ അപകടരമാണ്  പരിസ്ഥിതിക്ക് ഈ നിയമം വെല്ലുവിളിയായി തുടരുന്നു. ഗ്രാമങ്ങളുടെ ഭൂമിശാസ്ത്ര ഘടനയിൽ‍ വൻ‍ മാറ്റം വരുത്തുന്ന മലകളുടെ തുരക്കലിന് (പാറ ഖനനത്തിനും മറ്റും) പഞ്ചായത്ത് വാങ്ങുന്ന ഫീസ്‌ 5000 രൂപ മാത്രം. നിയമ നിർ‍മ്മാണ സഭകൾ‍ ഈ വിഷയത്തിൽ‍ പഞ്ചായത്തുകളെ സഹായിക്കുന്ന നിലപാടുകൾ‍ എടുക്കാറില്ല. ഫലപ്രദമായി നിയമ നിർ‍മ്മാണങ്ങൾ‍ നടത്തി പഞ്ചായത്തുകൾ‍ക്കു കൂടുതൽ‍ അധികാരം കൊടുത്ത്, പരിസ്ഥിതി വിഷയത്തിൽ‍ ശക്തമായ നിലപാടുകൾ‍ കൈകൊള്ളുവാൻ‍ വേണ്ട നീക്കങ്ങൾ‍ ഉണ്ടാക്കുന്നില്ല. പ്രാദേശിക കൃഷി, ജലവിതാനം തുടങ്ങിയ നിർ‍ണ്ണായക വിഷയങ്ങളിൽ‍ പഞ്ചായത്തുകളിൽ നിന്നും ദീർ‍ഘവീഷണ നിലപാടുകൾ‍ ഉണ്ടാകുന്നില്ല.

പഞ്ചായത്തുകൾ‍ക്ക് വേണ്ട സാന്പത്തിക സ്വയം പര്യാപ്തത നേടുവാൻ‍ കഴിയാത്തതും നിലവിലുള്ള അവസരങ്ങളെ ഉപയോഗപ്പെടുത്താത്തതും പ്രാദേശിക സർ‍ക്കാരുകൾ‍ എന്ന രൂപത്തിലേയ്ക്ക് പഞ്ചായത്തുകൾ‍ വളരാതിരിക്കുവാൻ‍ കാരണമാകുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ‍ എന്നും എപ്പോഴും പ്രവർ‍ത്തിക്കുന്ന പഞ്ചായത്തു ജനപ്രനിധികൾ‍ക്ക് മാന്യമായ വേതനം ലഭിക്കുന്നില്ല. പഞ്ചായത്ത് പ്രസിഡണ്ടിന് പ്രതിമാസ ശന്പളം 6500 രൂപയും വൈസ്−പ്രസിഡണ്ടിന് 4500 രൂപയും മെന്പറിന് 3500 രൂപയുമാണ്. സിറ്റിംഗ് ഫീസ്‌  പ്രസിഡണ്ടിന് ലഭിക്കുന്നത് പരമാവധി 400 രൂപ. ഈ വേതന ഘടന അപര്യാപ്തമാണ് എന്നു പറയേണ്ടതില്ലല്ലൊ ‘പാർ‍ലമെന്‍റ് അംഗത്തിനു പ്രതിവർ‍ഷം 32ലക്ഷം രൂപ മുടക്കുന്ന, എം.എൽ.എമാർക്ക് വിദേശ രാജ്യങ്ങളിൽ പോയി ചികിത്സിക്കുവാൻ കോടികൾ മുടക്കുന്ന രാജ്യത്ത് വികസനത്തിന്റെ നടത്തിപ്പുകാരായ പഞ്ചായത്ത് സമിതി അംഗങ്ങൾക്ക് തുച്ഛമായ വേതനം ലഭിക്കുന്നത് പഞ്ചായത്തുകളിൽ‍ അഴിമതി പടരുവാനുളള  കാരണങ്ങളിൽ ഒന്നാണ്.

കേരളത്തിലെ പഞ്ചായത്തുകളിൽ മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലാണ് ഭരണം ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ എറണാകുത്തെ കിഴക്കന്പലം പഞ്ചായത്തിൽ പുതിയ ഒരു മുന്നണി പഞ്ചായത്ത്  ഭരണത്തിന് ചുക്കാൻ പിടിക്കുന്നു. ആശാവഹമെന്ന് തോന്നാവുന്ന പല പരീക്ഷണങ്ങളെ പറ്റി 20−20 എന്ന അക്കൂട്ടർ പറയുന്നുണ്ട്. പക്ഷേ പ്രസ്തുത പഞ്ചായത്തിലെ വൻ വ്യവസായ ഗ്രൂപ്പ് പ്രത്യേകം പണം മുടക്കി നടപ്പാക്കുന്ന വികസന രീതി ജനാധിപത്യത്തിന് വരും കാലങ്ങളിൽ ഭീഷണിയായി തീരും. ചില പണക്കാർ കാട്ടുന്ന പലതരത്തിലുള്ള ക്ഷേമ പരിപാടികളുടെ ഇഷ്ടങ്ങൾക്കു പിന്നിൽ സ്വകാര്യ സാന്പത്തിക രാഷ്ട്രീയ താൽപ്പര്യങ്ങൾ ഒളിഞ്ഞിരിക്കുന്നു.

അത്തരം പരീക്ഷണങ്ങളിലേയ്ക്ക് ജനം ആകർഷിക്ക പ്പെടുന്നത് നിലവിലെ രാഷ്ട്രീയ പാർട്ടികളുടെ (വിശിഷ്യ  ഇടതുപക്ഷത്തിന്റെ) അപചയമായി നോക്കി കാണേണ്ടതുണ്ട്. പഴയ feudal താൽപ്പര്യങ്ങൾ നമ്മുടെ ജനങ്ങളുടെ ഇടയിൽ പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത് ആശാവഹമല്ല.

കേരളത്തിൽ‍ നിലവിൽ‍ വന്ന 941 പഞ്ചായത്തുകൾ‍ക്കും 151 ബ്ലോക്ക് ഘടകത്തിനും 14 ജില്ലാ പഞ്ചായത്തുകൾ‍ക്കും കേരള വികസനത്തിൽ‍ വൻ‍ ചലനങ്ങൾ‍ സൃഷ്ടിക്കുവാൻ‍ കഴിയും. ആഗോളവൽ‍ക്കരണം നിലം പരിശാക്കിയ നമ്മുടെ കൃഷിയേയും മാർ‍ക്കറ്റിനെയും വ്യവസായത്തെയും പുഴയെയും മലകളേയും സംരക്ഷിക്കുവാൻ‍ നമ്മുടെ പഞ്ചായത്തുകൾക്കു കഴിഞ്ഞാൽ‍ അത് കേരളത്തിന്‍റെ ഭാവിയെ  കൂടുതൽ‍ വർണ്ണാഭമാക്കും.

You might also like

Most Viewed