ചരിത്രത്തേയും വിഷമയമാക്കുന്ന മതഭ്രാന്തൻമാർ
ചരിത്രം പുതിയ കാലത്തിന്റെ വഴികാട്ടിയാണ്. ചരിത്ര പുരുഷന്മാർ നമുക്ക് മാതൃകകളും. പുരോഗമനകരമായ നാളെകളെ കുറിച്ചുള്ള സങ്കൽപ്പനങ്ങൾക്ക് ചരിത്രത്തെയും അതിലെ വ്യക്തികളെയും നാം പുതിയ കാലത്ത് ഉപയോഗപ്പെടുത്തും. ഒരുമനുഷ്യനും കാലാതീതനല്ല എന്നതിനാൽ അയാൾ ജീവിച്ചിരുന്ന സമയം, അയാളുടെ മേഖല ഒക്കെ തന്നെ വിമർശന വിധേയമാക്കുന്നത് ശാസ്ത്രീയ വീക്ഷണം തന്നെയാണ്. ചരിത്ര പുരുഷന്മാരെ ആരാധനാ പാത്രങ്ങളായി കാണുന്നവരും കാലത്തിന്റെ പരിമിതികളെ കാണാതെ വിമർശിക്കുന്നവരും ചരിത്രത്തിന്റെ സാമൂഹിക പങ്കിനെ ഇകഴ്ത്തുകയാണ്. എന്നാൽ പ്രസ്തുത ശ്രമങ്ങൾക്ക് അപകടകരമായ അജണ്ടയുണ്ടെങ്കിൽ അത് സമൂഹത്തിൽ വളരെ തെറ്റായ ഫലങ്ങൾ ക്ഷണിച്ചു വരുത്തും. വേലുത്തന്പി ദളവയെ സ്വാതന്ത്ര്യ സമരത്തിന്റെ ധീര രക്തസാക്ഷിയായി നമ്മൾ അംഗീകരിച്ചു വരുന്നുണ്ട്. എന്നാൽ തിരുവിതാംകൂർ ആദ്യമായി ബ്രിട്ടന് കപ്പം കൊടുത്തു തുടങ്ങിയത് വെലുത്തന്പിയുടെ കാലത്താണ് എന്നത് ചരിത്ര സത്യമാണെങ്കിലും ആ സത്യം ദളവയുടെ മാറ്റുകുറക്കുന്നില്ല. ചട്ടന്പിസ്വാമികളെ നവോത്ഥാന പുരുഷനായി കേരള സമൂഹം അംഗീകരിച്ചു വരുന്നു. തിരുവിതാംകൂറിലെ അന്നത്തെ LMS മിഷനറിമാരുടെ പ്രവർത്തനത്തിൽ സ്വാമികൾ തൃപ്തനായിരുന്നില്ല. എന്നാൽ അത്തരം നിലപാടുകളെ പിൽക്കാലത്ത് ഏതെങ്കിലും ഒരു വിഭാഗം ഉയർത്തി പിടിച്ചുകൊണ്ട് സ്വാമികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചില്ല.
ലോകത്തിലെ ഏറ്റവും നീണ്ട കാലത്തെ ചരിത്രം പേറുന്ന ഇന്ത്യയെ പറ്റി ചരിത്ര രചനകൾ ഉണ്ടായത് ഏറെ വൈകിയായിരുന്നു. ഇന്ത്യയുടെ ചരിത്രകാരന്മാർ യൂറോപ്യന്മാരും. അവരെ സന്പത്തിച്ച് ഇന്ത്യാചരിത്രം അവരുടെ ഭരണത്തിനു സഹായകമാകേണ്ട ഒരു ഉൽപ്പന്നവും. ജെയിംസ് മില്ലും മാർക്സ് മുള്ളറും ആ പണി അധികാരികൾക്കായി വേണ്ട വിധത്തിൽ തന്നെ ചെയ്തുപോന്നു. ഇന്ത്യയുടെ നീണ്ട കാലത്തെ ഗ്രാമീണ ജീവിതങ്ങൾ കേവല പുരാവൃത്തങ്ങൾ മാത്രമായിരുന്നു അതുകൊണ്ട് അവയ്ക്ക് വേണ്ട വിശ്വാസം ചരിത്ര ലോകത്ത് ഉണ്ടായിരുന്നില്ല. ഓറിയൻലിസ്റ്റുകൾ എന്ന പേരിൽ അറിയപ്പെടുന്ന യൂറോ−ചരിത്രക്കാരന്മാർ ഇന്ത്യയെ വിഭജിച്ചു ഭരിക്കുന്നതിനാവശ്യമായ വിഭവങ്ങൾ ചരിത്രത്തിന്‍റെ പിൻബലത്തിൽ എഴുതിയുണ്ടാക്കി. അങ്ങനെ ഇന്ത്യാ ചരിത്രത്തെ സുവർണ്ണ യുഗം? (ഗുപ്തകാലം), ഇസ്ലാംയുഗം, ബ്രിട്ടീഷ് ഭരണ കാലമെന്ന് രേഖപ്പെടുത്തി. ലോകത്തെ ഇന്നും പ്രബലമായി തുടരുന്ന ബുദ്ധമത ഭരണകാലവും ഇന്ത്യൻ ദേശീയതയുടെ അടിത്തറ പാകിയതിൽ നിർണ്ണായക പങ്കാളിയായ മൗര്യ ഭരണത്തെയോ അലക്സാണ്ടറുടെ ആക്രമണത്തെ ചെറുക്കുന്നതിൽ ആവർ നടത്തിയ ധീരമായ ചെറുത്തു നിൽപ്പുകളെയോ ചരിത്രത്തിലെ മുഖ്യ വിഷയമായി കാണാഞ്ഞത് മനഃപൂർവ്വമല്ല. ഇന്ത്യാ ചരിത്രത്തെ ഭരിക്കുന്ന ആളുടെ മതബോധത്തിന്‍റെ അളവുകോലിൽ അടയാളപ്പെടുത്തുന്നതിന്‍റെ അജണ്ട സാമൂഹ്യ ബോധത്തെ തന്നെ വർഗ്ഗീയ ചേരിതിരുവുകൾക്കായി വിധേയമാക്കുന്നതിന്‍റെ ഭാഗമായിരുന്നു.
മാർക്സ് മുള്ളറാണ് ആര്യ അധിനിവേശത്തെപറ്റി ആദ്യമായി ചരിത്ര പഠനത്തിൽ അവതരിപ്പിച്ചത്. ആ വാദവുമായി ഗംഗാധര തിലകനും ഒത്തുപോയിരുന്നു. (വേദത്തിന്‍റെ പിൻബലത്തിൽ) ആര്യൻ എന്ന യൂറോ കേന്ദ്രീകൃത വിഭാഗത്തിനു സാമൂഹികമായി പ്രത്യേക മേന്മകൾ ഉള്ളവരായി അവർ വിലയിരുത്തി. BC 8000 ത്തിനു ശേഷം ആർട്ടിക്ക് നിന്നു വന്നവർ എന്ന വാദത്തെ മറ്റു ചിലരും പരാമർശിച്ചു. (ദയാനന്ദ് സരസ്വതി പറഞ്ഞത് അവർ അബ്ബീസീനിയയിൽ നിന്ന് എത്തിയവർ എന്നായിരുന്നു). എന്നാൽ മുള്ളർ ഈ വാദത്തെ പിന്നീടു തിരുത്തി. ആര്യൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആര്യ ഭാഷ ഉപയോഗിച്ചു വരുന്നവർ എന്നാക്കി. ആര്യ ഭാഷാ ഗ്രൂപ്പിൽ സംസ്കൃത ഭാഷക്കൊപ്പം ലാറ്റിൻ, ജർമ്മൻ പേർഷ്യൻ തുടങ്ങിയവയും ഉണ്ടെന്നു വിലയിരുത്തി. ഇത്തരം വാദത്തെ RSSഉം മറ്റും ഇന്ത്യൻ ആര്യൻ എന്നും അല്ലാത്തവർ എന്ന വിഭാഗീയ ബോധത്തിൽ നിന്ന് കൊണ്ടു നോക്കികാണുവാൻ പഠിച്ചു. ഇന്ത്യക്ക് മൂന്ന് ആഭ്യന്തര ശത്രുക്കൾ ഉണ്ടെന്ന ഗോൾവാൾക്കർ നിലപാട് ഇതിന്‍റെ ഭാഗമാണ്. ബ്രിട്ടീഷുകാരെ എതിർത്തു വന്നവരെ മോശമായി ചിത്രീകരിച്ച് അവരെ ജനമനസ്സുകളിൽ നിന്നും പടി ഇറക്കിക്കുവാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ആവർത്തിച്ചുണ്ടായി. കമ്മ്യൂണിസ്റ്റ് സമ്മേളനങ്ങളെ ഗൂഡാലോചനയായി നമ്മൾ പഠിച്ചു വന്നത് ഈ പശ്ചാത്തലത്തിലാണ്. ലാഹോർ, കാന്‍പൂർ ഗൂഢാലോചന എന്നറിയപ്പെടുന്നത് കേവലം കമ്മ്യൂണിസ്റ്റ് സമ്മേളനങ്ങളെ ആയിരുന്നു. ഇന്ത്യൻ ചരിത്രത്തെ എത്തരത്തിലാണോ നാം അറിഞ്ഞു കൊണ്ടിരിക്കുന്നത് അത്തരത്തിൽ നാം കാര്യങ്ങൾ മനസ്സിലാക്കുന്പോൾ നമ്മൾ ബ്രിട്ടിഷുകാരൻ പറഞ്ഞു തന്ന വിഭാഗീയതയുടെ ചരിത്ര ബോധത്തിൽ നിന്നുകൊണ്ടാണ് വിഷയങ്ങളെ വിലയിരുത്താൻ ശ്രമിക്കുന്നത് എന്ന് ഓർക്കേണ്ടതുണ്ട്. ഇത് പലപ്പോഴും സാമൂഹിക ശത്രുക്കളെ നിർമ്മിച്ചു കൊണ്ടിരിക്കും. അത്തരത്തിലുള്ള ശ്രമങ്ങൾ ബ്രിട്ടീഷുകാർ തുടക്കം കുറിച്ചത് ഒന്നാം സ്വതന്ത്ര സമരം അടിച്ചമർത്തിയ ശേഷം. ആ സാധ്യതയാണ് 1875ൽ തന്നെ ബ്രിട്ടിഷുകാർ ബാബറി മസ്ജീദ് വിഷയത്തെ സജീവമാക്കുന്നതിൽ കാട്ടിയത്.
ഇന്ത്യയിലെ 550 ലധികം വരുന്ന നാട്ടുരാജാക്കന്മാരുടെ ഭിന്നതകൾ 15ാം നൂറ്റാണ്ടിൽ എത്തിയ വസ്ഗോഡിഗാമയും പിന്നീടെത്തിയ അയാളുടെ സഹോദരനും തുടക്കം മുതൽ മനസ്സിലാക്കി വന്നു. രാജാക്കന്മാരിൽ ചുരുക്കം ആളുകളെ മാറ്റി നിർത്തിയാൽ സമസ്ത മേഖലയിലും ഭോഗികളായി ജീവിതം ആഘോഷിക്കുവാൻ അല്ലാതെ മറ്റൊരു പൊതു വിഷയത്തിലും ഇക്കൂട്ടർ തൽപ്പരരായിരുന്നില്ല. തിരുവിതാംകൂർ മുതൽ ഗ്വാളിയർ ഹൈദരാബാദ്, കാശ്മീർ രാജാക്കന്മാർ അതിനു തെളിവാണ്. വിദേശിക ശക്തികളുമായി തോട്ടൊരുമി തന്‍റെ വ്യക്തിപരമായ സുഖലോലുപതക്കായി മാത്രം മുൻഗണന നൽകിയവരായിരുന്നു ബഹുഭൂരിപക്ഷവും. ചുരുക്കം ചിലരെ മാത്രം ഈ പട്ടികയിൽ നിന്നും ഒഴിച്ചു നിർത്താം. ഝൻസിറാണിയും മണ്ധൽ പാണ്ടെയും പഴശ്ശിയും കുഞ്ഞാലി സഹോദരങ്ങളും മൈസൂർ സുൽത്താൻ ടിപ്പുവും ഈ പട്ടികയിൽ ഇടം നേടിയ ധീര യോദ്ധാക്കൾ. അതിൽ ഒട്ടുമിക്കരും യുദ്ധത്തിൽ നേരിട്ടു പങ്കാളികളായി മരണം വരിച്ചവർ. ജീവൻ രക്ഷിച്ചെടുക്കുവാൻ കഴിയുമായിരുന്ന ഒത്തു തീർപ്പുകൾക്കു വിധേയമാകാതെ രാജ്യ സ്നേഹത്തിനായി രക്തസാക്ഷിത്വം വരിച്ചവരായിരുന്നു ഇവർ. ഇക്കൂട്ടത്തിൽ ഇവർക്കൊപ്പമോ അതിനും മുന്നിലോ നിന്ന് മരണം വരിച്ച വേലുത്തന്പിയുടെയും ആയിരക്കണക്കിനു സാധാരണ ജനതയുടേയും ധീരതയാണ് നാടിനെ വൈദേശിക വിമുക്തമാക്കിയത്. ഈ ധീര രാജ്യസ്നേഹികളെ അവരുടെ പരിമിതികൾക്കതീതമായി രാജ്യം ബഹുമാനിക്കുന്നു. ഇന്ത്യൻ ദേശീയതയെ നാടിന്‍റെ മതേതര ബോധത്തിൽ നിന്നല്ലാതെ നോക്കികാണുന്ന ഒരുകൂട്ടർ സ്വാതന്ത്ര്യ സമര കാലത്തും ഉണ്ടായിരുന്നു. ഗാന്ധിജിയുടെ അടുപ്പക്കാരായിരുന്നവർ പോലും പിൽക്കാലത്ത് ഹിന്ദു രാജ്യത്തിനായി അണിനിരന്നിട്ടുണ്ട്. മദൻ മോഹൻ മാളവ്യ എന്ന ഗാന്ധി ഭക്തൻ പിൽക്കാലത്ത് ഹിന്ദു മഹാസഭയുടെ വക്താവായി.(അദ്ദേഹമാണ് ബനാറസ് ഹിന്ദു യൂണിവേഴ്‍സിറ്റിയുടെ സ്ഥാപകൻ). പാകിസ്ഥാന് ഇസ്ലാം രാജ്യമാകാമെങ്കിൽ (പാകിസ്ഥാൻ ഇസ്ലാം രാജ്യമായി തീർന്നത് സിയാൽ ഉൽ ഹഖിന്‍റെ കാലത്താണ്). ഇന്ത്യയെ ഹിന്ദു രാജ്യമാക്കി തീർക്കുന്നതിൽ തെറ്റില്ല എന്ന വാദം ബ്രിട്ടീഷുകാർക്കും യോജിപ്പുള്ളതായിരുന്നു. എന്നാൽ പൊതുസമൂഹം (ഗാന്ധിയൻ −ഇടതുപക്ഷ) എടുത്ത ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് ബോധം രാജ്യത്തിന്‍റെ പാരന്പര്യത്തെ കാത്തു സൂക്ഷിച്ചു.ബ്രിട്ടീഷ് ഭരണകാലത്ത് സെമീന്താരി− സംവിധാനത്തിന്‍റെ ഭാഗമായി ബ്രിട്ടിഷുകാരുടെ കമ്മീഷൻ ഏജന്റുമാരായി പ്രവർത്തിച്ചു വന്നവർ നാട്ടു രാജാക്കന്മാരും അവരുടെ കൂട്ടു കച്ചവടക്കാരുമായിരുന്നു. ഇവർക്കൊപ്പം ഹിന്ദുത്വ വാദികൾ അണിനിരക്കുക സ്വാഭാവികമാണ്. മലബാർ കലാപത്തിൽ മലബാറിലെ സവർണ്ണ ഹിന്ദുക്കൾ സമരത്തെ ഒറ്റികൊടുത്തതും ഇതിനാലാണ്. ഇതിന്‍റെ ഭാഗമായാണ് RSS−ഹിന്ദുമഹാസഭ തുടങ്ങിയ സംഘടനകാർ ബ്രിട്ടിഷുകാരുമായും മറിച്ചും ഒരുമിച്ചു നീങ്ങിയത്.
ഇന്ത്യ ഹിന്ദുക്കളുടേതാണ് എന്നു പ്രചരണം നടത്തി വരുന്ന ഹിന്ദുത്വശക്തികളെ സംബന്ധിച്ച് സവർണ്ണ ഹിന്ദുക്കള്ളല്ലാത്തവരെ ദേശീയതയിൽ കൂറു പുലർത്താത്തവരായി ചിത്രീകരിക്കുവാൻ ബഹുതൽപ്പരരാണ്. അങ്ങനെ അന്യമത നാമധരികളും കമ്മ്യൂണിസ്റ്റുകളും രാജ്യദ്രോഹികളായി അവതരിക്കപ്പെടുന്നു. ഇവർക്ക് ഭഗത്സിംഗും വൈക്കം അബ്ദുൾഖാദറും വയലാറിലെ രക്തസാക്ഷികളും മഹാന്മാരല്ല. അവർക്കു മഹാന്മാർ ബ്രിട്ടീഷ്‌ക്കാർക്കൊപ്പം ചേർന്നുനിന്ന് ജനങ്ങളെ ഒറ്റികൊടുത്ത സവർക്കരും ചിത്തിര തിരുനാളും വർഗ്ഗീയ വിഭാഗീയതക്ക് കോപ്പുകൂട്ടുവാൻ പണിപെട്ട ഗൊവാൾക്കറും മറ്റും. മൈസൂർനാട് 1399 മുതൽ ഭരിച്ചു വന്നത് വോഡയർ രാജ്യവംശം ആദ്യം വിജയനഗര സാമ്രാജ്യത്തിനും 1799നു ശേഷം (ടിപ്പുവിന്‍റെ അന്ത്യം) ബ്രിട്ടനും കീഴടങ്ങി ഭരണം നടത്തി വന്നു. വോദയർ രാജാവിന്‍റെ പടയാളിയായിരുന്ന ഹൈയ്ദർ പിൽക്കാലത്ത് മൈസൂരിന്‍റെ ദളവയായി തീർന്നു. അദ്ദേഹം നടത്തിയ യുദ്ധങ്ങൾ പ്രധാനമായും ബ്രിട്ടീഷുകാരെ തുരത്തുവനായുള്ളതായിരുന്നു. ഒപ്പം തൊട്ടടുത്ത നാട്ടു രാജ്യങ്ങളെ കീഴ്പ്പെടുത്തി മൈസൂർ രാജ്യത്തിന്‍റെ അതിർത്തി വർദ്ധിപ്പിക്കുകയും ചെയ്തു. മലബാറിലേക്കുള്ള ഹൈദരിന്‍റെ ലക്ഷ്യത്തിനു പിന്നിലുണ്ടായിരുന്നത് പാലക്കാട്ട് രാജാവിന്‍റെ (കോമി അച്ചൻ) നിർബന്ധമായിരുന്നു (1757). അതിന്‍റെ ഭാഗമായി ഹൈദർ മലബാറിനെ ആക്രമിച്ചു. സ്വാഭാവികമായും യുദ്ധത്തിലുണ്ടാകാവുന്ന ആക്രമണങ്ങളും കൊള്ളയും നടന്നിട്ടുണ്ട്. എന്നാൽ അതിനു പിന്നിൽ ഏതെങ്കിലും ഒരു മതനിന്ദ മനപ്പൂർവ്വം ഉണ്ടായിരുന്നില്ല. മംഗലാപുരത്തെ പള്ളികൾക്കു വ്യാപകമായി സഹായം ചെയ്തത് ഒരു ചരിത്ര വസ്തുത. ഹൈദരിന്‍റെ പ്രധാന ഉപദേഷ്ടാവ് ബ്രാഹ്മണനായിരുന്ന ഖണ്ടെ റാവു. ഇന്ത്യയുടെ നാട്ടു ചരിത്രത്തിൽ ഹിന്ദു ദേവാലയങ്ങൾക്ക് വിശ്വാസത്തിനുപരി സാംസ്‌കാരിക സാഹിത്യ സാന്പത്തിക രംഗങ്ങളിൽ നല്ല പങ്കുണ്ടായിരുന്നു. രാജ്യത്തിന്‍റെ ട്രഷറിയായി പ്രവർത്തിച്ചതു തന്നെ പലപ്പോഴും ക്ഷേത്രങ്ങളാണ്. അതുകൊണ്ട് ശത്രുരാജ്യം ആക്രമിക്കുന്പോൾ ദേവാലയങ്ങളെ കീഴ്പ്പെടുത്തുക സ്വാഭാവികമാണ്. കാശ്മീരിലെ ഹിന്ദു ഭക്തനായിരുന്ന ദോഗ്രാ രാജാവ് കൊള്ളയടിച്ച ക്ഷേത്രസ്വത്തുക്കൾ കൈകാര്യം ചെയ്യുവാൻ മാത്രമായി ഒരു മന്ത്രിയെ നിയമിച്ചിരുന്നു. ചരിത്രത്തിൽ ഒരിടത്തും ഇയാളിനെ ഹിന്ദു മതധ്വംസകനായി ചിത്രീകരിച്ചിട്ടില്ല. 16ാം വയസ്സ് മുതൽ അച്ഛനൊപ്പം യുദ്ധത്തിൽ പങ്കെടുത്തുവരുന്ന മകൻ ടിപ്പു പിതാവിനെ പോലെ യുദ്ധതന്ത്രത്തിലും പീരങ്കി ആദ്യമായി നാട്ടിൽ ഉപയോഗത്തിൽ കൊണ്ട് വരുന്നതിലും വിജയിച്ചു. മൈസൂർ രാജ്യം ആദ്യം നടത്തിയ മലബാർ ആക്രമണത്തിൽ 16 വയസ്സുകാരൻ ടിപ്പുവും പങ്കെടുത്തു. പിന്നീട് ടിപ്പു 1797−98കാലത്തു നടത്തിയ മലബാർ ആക്രമണം മൈസൂർ രാജ്യത്തിന്‍റെ അതിർത്തി കേരളത്തിലേയ്ക്കും വളർത്തി. ടിപ്പുവും കീഴടക്കിയ മലബാറിനെ കൊള്ളയടിച്ചു. തലങ്ങും വിലങ്ങും ബ്രിട്ടിഷുകാരുടെ സിൽബന്ധി പണിചെയ്തുവന്ന സവർണ്ണ വർഗ്ഗത്തോട് ടിപ്പുവിനു കൂടുതൽ വിദ്വേഷം ഉണ്ടാകുക സ്വാഭാവികം. എന്നാൽ ടിപ്പു മത ഭ്രാന്തനാണെന്ന തരത്തിൽ അദ്ദേഹത്തെ ചരിത്രത്തിൽ രേഖപെടുത്തുവാൻ ബ്രിട്ടിഷുകാർ എന്നും പ്രയത്നിച്ചിട്ടുണ്ട്.
ടിപ്പു ഒരു ദീനിയായിരുന്നു. എന്നാൽ അദ്ദേഹം നടത്തിയ യുദ്ധങ്ങൾ മത പ്രചരണത്തെ മുഖ്യ അജണ്ടയായി കണ്ടിരുന്നില്ല. വിശ്വസ്തരിൽ ബഹുഭൂരിപക്ഷവും ഹിന്ദു മത വിശ്വാസികളായിരുന്നു. അദ്ദേഹത്തിന്‍റെ ആഭ്യന്തരമന്ത്രി കൃഷ്ണ റാവു പോസ്റ്റൽ മന്ത്രി ശ്യാമ അയ്യങ്കാർ അയാളുടെ അനുജൻ തുടങ്ങി പ്രധാന സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവർ ഹിന്ദു മതക്കാരായിരുന്നു. മൈസൂർ ഗസറ്റു രേഖ പറയുന്നത് ടിപ്പു 150ലധികം ക്ഷേത്രങ്ങളെ പണവും അധികാരവും കൊടുത്ത് സംരക്ഷിച്ചുവെന്നാണ്. ഒപ്പം ശ്രുംഗേരി മഠം ഹിന്ദു രാജാക്കന്മാർ (ശിവജി രാജ്യക്കാർ) ആക്രമിച്ചു കൊള്ളയടിച്ചപ്പോൾ അവർക്ക് പൂർണ്ണ സംരക്ഷണം നൽകിയത് ടിപ്പു വായിരുന്നു.
മലബാർ ആക്രമണത്തിനു ശേഷം ഭൂമിയുടെ രേഖകൾ ശാസ്ത്രീയമാക്കി മാറ്റുന്നതിനു വിജയിച്ചത്, ബ്രാഹ്മണർ ഉൾപ്പെടെ കരം നൽകണമെന്ന് നിയമം കൊണ്ടുവന്നത് ടിപ്പുവാണ്. നാട്ടിൽ പെണ്ണുങ്ങൾ മുലമറച്ചു മാത്രമേ പൊതു ഇടത്തു പ്രത്യക്ഷപ്പെടാവൂ എന്ന നിർദ്ദേശം സവർണ്ണ മതമേലദ്ധ്യക്ഷന്‍മാർക്ക് രസിക്കില്ല എങ്കിലും മലബാറിന് പുതിയ ദിശാബോധം നൽകുന്നതിൽ ടിപ്പു ഒരു പങ്കുവഹിച്ചു എന്നാണ്. ഇതിനർത്ഥം ടിപ്പു മാതൃകാ പുരുഷോത്തമനായിരുന്നു എന്നല്ല. ബ്രിട്ടിഷുകാരനൊപ്പം ചേർന്ന് രാജ്യത്തെ ഒറ്റിക്കൊടുത്ത ശിവജിക്കും തിരുവിതാംകൂറും കാശ്മീർ രാജാവിനും സിന്ധ്യകുടുംബത്തിനും സ്വപ്നം കാണാൻ കഴിയാത്ത തരത്തിൽ ബ്രിട്ടീഷ് കോയ്മക്കെതിരായി അവസാന നിമിഷവും പോരാടി മരിച്ച ടിപ്പുവിനെ മതത്തിന്‍റെ പേരിൽ ബ്രിട്ടീഷുകാരന്‍റെ വാക്കുകളെ കടമെടുത്ത് ആക്രമിക്കുന്ന ഹിന്ദുമതമൗലികവാദികൾ നമ്മുടെ ദേശീയബോധത്തിനു കളങ്കമാണ്...