കേരളം തിരഞ്ഞെടുപ്പുകളെ ഗൗരവതരമായി കാണുന്നില്ല !
പൊതു ജനം കഴുതയാണ്, ചരിത്രം സൃഷ്ടിക്കുന്നത് നേതാക്കന്മാരാണ് എന്ന് സംശയത്തിനിടം നൽകാതെ പറയുകയും രേഖപ്പെടുത്തുകയും ചെയ്ത ആളാണ് ഹിറ്റ്ലർ. ഫാസിസ്റ്റുകൾ ജനങ്ങളെ വൈകാരികമായി സജ്ജീവമാക്കി കൊണ്ടിരിക്കും. ജർമ്മൻകാരുടെ പ്രാദേശികമായ എല്ലാ വികാരങ്ങളെയും, ദേശീയ ബോധം മുതൽ വംശീയ കായിക വിഷയങ്ങളെയും, നാസി പാർട്ടി വിപുലമായി ഉപയോഗപ്പെടുത്തി.
ഇന്ത്യയുടെ നീണ്ട കാലത്തെ ബഹുസ്വരതയെ അംഗീകരിക്കാതെ, എന്നാൽ ജനാധിപത്യ സാധ്യതയെ ഉപയോഗപ്പെടുത്തി, ദേശീയ ഭരണം നടത്തുന്ന ഹിന്ദുത്വ ശക്തികളെ രാഷ്ട്രീയമായി പരാജയപ്പെടുത്തുവാൻ വടക്കേ ഇന്ത്യൻ ജനതക്ക് ആവർത്തിച്ചു കഴിയുന്നു എന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തുതെളിയിക്കുന്നു. ഇന്ത്യയെ ഹിന്ദു മത രാഷ്ട്രമാക്കി മാറ്റുവാൻ പരസ്യമായി നിലപാടു സ്വീകരിക്കുന്ന ബി.ജെ.പിയെ 1996 ലും 2014 ലും അധികാരത്തിലെത്തിച്ചത് നരസിംഹറാവും മൻമോഹനും നടപ്പിലാക്കിയ ജന വിരുദ്ധ നിലപാടുകളാണ്. അതല്ലാതെ ബി.ജെ.പി മുന്നോട്ടു വെച്ചു കൊണ്ടിരിക്കുന്ന (അതിനു മുൻപ് ജന സംഘവും മറ്റ് ഹൈന്ദവ ഗ്രൂപ്പുകളും) രാമ ക്ഷേത്രം, 357ാം വകുപ്പ്, ഏക സിവിൽ കോഡന്നവകാശെപ്പടുന്ന ഹിന്ദു കോഡ് വിഷയങ്ങളല്ല. ബി.ജെ.പി അധികാരത്തിെലത്തിയ ശേഷം മുസഫർ നഗർ, ആസാം തുടങ്ങിയസ്ഥലങ്ങളിൽ 750 ലേറെ മുസ്ലിം വിരുദ്ധ വർഗ്ഗീയ കലാപങ്ങൾ അരങ്ങേറി. സാഹിത്യ നായകന്മാർ കൊല ചെയ്യപ്പെടുകയും കായികമായി ആക്രമിക്കപ്പെടുകയും ചെയ്തു. ഭക്ഷണത്തിന്റെപേരിൽ കൊലപാതകങ്ങൾ തുടരുന്നു. ഹിന്ദി സിനിമയിലെ സൂപ്പർ സ്റ്റാർ അവർ തയ്യാറാക്കിയ രാജ്യദ്രോഹ കുറ്റാരോപണപട്ടികയിലെ അംഗമാണ്. രാജ്യത്തിന്റെ ദേശ രക്ഷകർ ഞങ്ങൾ മാത്രവും മറ്റുള്ളവർ പാക് ചാരന്മാരുമാണന്ന് ഹിന്ദുത്വ വാദികളായ ജനപ്രതിനിധികൾ ആവർത്തിക്കുന്നു. ദളിതരെ ചുട്ടു കൊല്ലുന്നു. അപ്പോഴും ഇന്ത്യൻ മാധ്യമങ്ങളിലെ അതികായകന്മാർ മോദി ഫാൻസ് അസോസിയേഷനിസ്റ്റുകളായി ഇന്ത്യയുടെ മോചനം മോദിയിലൂടെ എന്ന് ഉരുവിടുകയാണ്.
ഇന്ദിരക്കെതിരായ JP അനുയായികളും (മുലായവും) കാൻഷീറാമിന്‍റെ നേതൃത്വവും ദളിത് −ന്യൂനപക്ഷ നിലപാടുകളിൽ നിലപാടുകൾ ശക്തമാക്കിയതോടെ പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങൾ ഉണ്ടായി. BSP ദളിത് −പിന്നോക്കക്കാരുടെ ഭൂമിയിലെ അവകാശം ഉൾപ്പെടുന്ന വിഷയങ്ങളിൽ നിലപാടുകൾ കൈ കൊള്ളുന്നില്ല. അഖിലേഷും അങ്ങനെ തന്നെ. ബി.ജെ.പിയുടെ മുന്നേറ്റത്തിൽ നിർണ്ണായക പങ്കു വഹിച്ച അയോദ്ധ്യ വിഷയം പിന്നീട് അവരെ UPൽ അധികാരത്തിനു പുറത്തു നിർത്തി. എന്നാൽ മന്‍മോഹൻ--അഖിലേഷ് ഭരണം മോദിയെ വിജയത്തിലെത്തിച്ചു. കോൺഗ്രസ്സ് വിരുദ്ധ തരംഗം ആവും വിധം ആളി കത്തിക്കുവാൻ മോദി വാരണാസിയെലെത്തി. (കാശി തിരഞ്ഞെടുത്തത്തിലും ഹിന്ദു വർഗ്ഗീയതയെ ആളി കത്തിക്കുകയായിരുന്നു ലക്ഷ്യം.) മോദിഇസം 18 മാസം പിന്നിട്ട വേളയിൽ ലോകം ആകെ മോദിയിലേക്ക് എന്ന് പ്രചരണം നടത്തുവാൻ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ലോക കോർപ്പറേറ്റുകൾക്കൊപ്പം ഒന്നിച്ചു നിൽക്കുന്നു. ഉപരി മധ്യവർഗ്ഗം (ശാസ്ത്ര−സാഹിത്യ−ചരിത്ര−കലാ ലോകത്തെ പലരും) സവർണ്ണ ചാതുർവർണ്യ ന്യായങ്ങളിലേയ്ക്ക് ഇന്ത്യ നയിക്കപ്പെടണം എന്ന താൽപ്പര്യത്താൽ സമൂഹത്തിൽ ആശയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ആധുനിക സങ്കേതികരംഗത്ത് സജീവമായ ബഹു ഭൂരിപക്ഷം പുതു തലമുറയും മോദിഫാൻസുകളായി രംഗത്തുണ്ട്.
UP യിൽ കഴിഞ്ഞ 2 വർഷത്തിനുള്ളിൽ 750ലധികം വർഗ്ഗീയ കലാപങ്ങൾ നടന്നു. പഴയത് പോലെ എല്ലാം മുസ്ലിം വിരുദ്ധം. പ്രസ്തുത വിഷയത്തിൽ അഖിലേഷ് വൻ പരാജയമായിരുന്നു. മുസ്ലിംങ്ങകളുടെ സുരക്ഷിതത്വത്തേക്കാൾ അയാൾ വോട്ടുബാങ്കിൽ കണ്ണുനട്ടു. ദളിതനും മുസ്ലിമിനും മുലായംപൊളിറ്റിക്സിൽ സംശയം ഉണ്ടായി. നിരാശരായ ജനം 2014ലെ പോലെ വേട്ടക്കാർക്ക് കീഴടങ്ങാനുള്ള സാധ്യത ഉണ്ടായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ മണ്ണിൽ സംസ്ഥാനത്തു നിന്നുമുള്ള ആൾ പ്രധാനമന്ത്രി ആയിരിക്കെ അവിടെ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയ ഭാവിയുടെ ദിശാസൂചകമാകുക സ്വാഭാവികം. (പ്രത്യേകിച്ചു ഇന്ത്യ ഭരിക്കുന്ന പാർട്ടി തന്നെ സെക്യുലറിസത്തേയും സോഷ്യലിസത്തേയും കടന്നാക്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ) ഭീഷണിയുടെ രാഷ്ട്രീയത്തിനു മുന്‍പിൽ നിരാലംബരായ ജനം കീഴടങ്ങാൻ തീരുമാനിച്ചു പോയിരുന്നു എങ്കിൽ ഇന്ന് അമിത്ഷായേയും കൂട്ടുകാരനേയും ഇന്ത്യൻ മാധ്യമ പടകൾ ചന്ദനഹാരവും ആരതിയും ചാർത്തി എഴുന്നൊള്ളിക്കുമായിരുന്നു. വിലക്കയറ്റവും തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുന്പോഴും ദേശീയ പ്രതിപക്ഷമായ കോൺഗ്രസ്സ് പാർട്ടി രാഷ്ട്രീയ സുഷുപ്താവസ്ഥയിലാണ്. മെട്രോ നഗര രാഷ്ട്രീയ ജീവികളുടെ ശീതികരണ മുറിയിൽ ഉപവിഷ്ടരായി സാമാന്യ രാഷ്ട്രീയ സംശുദ്ധത ലവലേശം കൈമുതലായി ഇല്ലാത്ത (നീരാടിയ− ബർക്ക ബാന്ധവം ഉദാഹരണം) വരുടെ കാർമ്മികത്വത്തിൽ നടത്തുന്ന ചർച്ചകൾ കേട്ടിട്ടില്ലാത്ത സത്യത്തിന്‍റെ മാതൃകകൾ UP തെരഞ്ഞടുപ്പിൽ ഹിന്ദുത്വ ശക്തികളെ അതി ദാരുണമായി പരാജയപ്പെടുത്തിയപ്പോൾ യഥാർത്ഥത്തിൽ അവർ വിജയിപ്പിച്ചത് അവരുടെ അയൽ വാസിയെയോ സൈക്കിൾ ചിഹ്നക്കരനെയോ ആയിരുന്നില്ല (അഖിലേഷിന്‍റെ പാർട്ടിയുടെ ചിഹ്നം) നൂറ്റാണ്ടു പാരന്പര്യമുള്ള ഇന്ത്യൻ ദേശീയതയെ ആയിരുന്നു. പല രാജ്യങ്ങളും ഉറ്റു നോക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിനു ഫാസിസ്സത്തിന്‍റെ വിത്തുകളെ കരിച്ചുകളയുവാൻ കഴിയുമെന്ന് തെളിയിച്ചു. ജർമ്മൻ ജനതയ്ക്ക് ഇത്തരം വിവേക ബുദ്ധി പ്രയോഗിക്കുവാൻ കഴിയുമായിരുന്നു എങ്കിൽ എത്ര കോടി ജനങ്ങളുടെ ജീവനും സ്വത്തും രക്ഷിക്കാമായിരുന്നു?. വിദ്യാഭ്യാസം മനുഷ്യനു വെള്ള കോളർ ജോലിയും ബാങ്കു ബാലൻസും ഉണ്ടാക്കിത്തരും. പക്ഷേ അത് സാമാന്യ രാഷ്ട്രീയ ബോധം ഉത്പാദിപിക്കണമെന്നില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. സാക്ഷരതക്കൊപ്പം ചുവന്ന മണ്ണിന്‍റെയും ചുമപ്പൻ മനസ്സുകളുടെയും ഉടമകളാണ് മലയാളികൾ എന്നുപറയാം. ഇന്ത്യയിൽ ഏറ്റവും കുടുതൽ ആയുസ്സുള്ളവർ മലയാളികൾ ആയതു ജന്മഗുണം കൊണ്ടോ വാസ്തുവിന്‍റെ കണക്ക്നോക്കി വീടു പണിഞ്ഞതിനുള്ളിൽ ജീവിക്കുന്നതു കൊണ്ടോ അല്ല. ഒറിയക്കാരനും ബാഗാളിവാലയും കുറച്ചുനാൾ മുന്‍പുവരെ തമിഴനും കേരളത്തിൽ പണിക്കു വന്നിരുന്നത് അപ്പവും ചക്കപഴവും കഴിക്കാനല്ല. തന്‍റെ നാട്ടിനേക്കാൾ വേദനം കിട്ടുന്നതിനാലാണ്. God’s own countryയിൽ (ദൈവിക വിരുദ്ധമായ പ്രയോഗം, ഇതിന്‍റെ പേരിൽ പഴയ ചീഫ് സെക്രട്ടറിയും കവിയുമായ ജയകുമാറിനെ ചിത്രവധത്തിനു വിധേയമാക്കുവാൻ വിശ്വാസ ലോകം മറന്നുപോയതാകും.!!! അണ്ടകടാഹം മുഴുവനും തന്‍റെ തിരുമുറ്റമായി കൊണ്ടു നടക്കുന്ന ഉഗ്ര പ്രതാപ ശാലിയെ പ്രാദേശിക തട്ടകത്തിൽ അതും പഞ്ചമർക്കും മറ്റു മ്ലേച്ചന്മാർക്കും മുന്തൂക്കമുള്ള നാട്ടിൽ ഒതുക്കുക) നിന്ന് വേതനം കൂടുതൽ കിട്ടുന്നത് നൂറ്റാണ്ടുകൾക്കു മുന്‍പ് പത്തനംതിട്ട ജില്ലയിലെ മണ്ണടിയിൽ നിന്നും ആരംഭിച്ച് ആറാട്ടു പുഴക്കാരൻ വേലായുധന്‍റെയും അയ്യങ്കാളിയുടെയും മെയ് കരുത്തിലും സംഘടനാപടവത്തിലും അതിന്‍റെ തുടർച്ചയായി സഖാവ് കൃഷ്ണപിള്ളയും പത്രോസും അബുവും AKGയും ഒക്കെ നടത്തിയ ധീരമായ സമരത്തിലൂടെയാണ്. അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ തേങ്ങ പറിക്കുവാനും കക്കൂസു കഴുകുവാനും മറുനാട്ടുകാരൻ എത്തിയത്.
കേരളം പുരോഗമന വാദികളുടെ പറുദീസ്സാ ആയി അറിയപ്പെടുന്പോഴും മതമൗലിക വാദികളുടെ സാന്നിദ്ധ്യം പണ്ടേ ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. ആദ്യമന്ത്രി സഭയുടെ ഭൂപരിഷ്ക്കരണത്തെ പരസ്യമായി എതിർക്കുന്ന വിഷയം മുതൽ ചിത്തിര തിരുനാളിനേയും രാജാവിന്‍റെ സവർണ്ണ ഹൈന്ദവ ഭരണത്തേയും പൊക്കിപിടുക്കുവാൻ മടിക്കാത്ത ഹെഗ്ദവർ--സവർക്കർ--ഗോൾവൾക്കർ ഫാൻസുകൾ ചില ഇടങ്ങളിലെങ്കിലും സാന്നിദ്ധ്യം അറിയിച്ചു. ഇവർക്കു പുതു ജീവൻ വീണത് വിമോചന സമര കാലത്താണ്. ലോക കമ്മ്യൂണിസ്റ്റ് ചേരിയുടെ തളർച്ച, ഇന്ത്യൻ ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ അപചയം, തുടങ്ങിയവയും സഭകളുടെയും മുസ്ലിംലീഗ്- കേരളാ കോൺഗ്രസ്സ് മുതലായ പാർട്ടികളുടെ അനാരോഗ്യ തലങ്ങളിൽ എത്തുന്ന അധികാര വിലപേശൽ എല്ലാം ഹൈന്ദവ മതമൗലികതക്ക് കരുത്തുപകരുവാൻ കൂടുതൽ അവസരം ഒരുക്കി. കേരളം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ബി.ജെ.പിയും കൂട്ടുകാരും ഉയർത്തുന്ന ഹിന്ദുത്വ രാഷ്ട്രീയമാണ്. 1980കൾ മുതൽ തിരുവനന്തപുരം, കാസർഗോഡ്, പാലക്കാട് മലപ്പുറം ജില്ലകളിൽ ഇക്കൂട്ടർ ഭേദപ്പെട്ട വോട്ടുകൾ നേടുന്നുണ്ട്. ഇതിനുള്ള കാരണങ്ങൾ രാഷ്രീയത്തിനൊപ്പം ചരിത്രപരവുമാണ്. എന്നാൽ മറ്റേതു ബൂർഷ്വാ പാർട്ടിയേയും പോലെ വോട്ടു കച്ചവടവും അഡ്ജസ്റ്റ്മെന്റ് രാഷ്ടീയവും ഇവരുടെ വളർച്ചക്ക് വിഖതമായി നിൽക്കുന്നു. അതുകൊണ്ട് 10% വരെ വോട്ടിൽ പങ്കാളിത്തം ഉണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ വിജയം (വേണ്ടത്ര) നേടുവാൻ കഴിഞ്ഞില്ല. എന്നാൽ മോദിയുടെ Make in Indiaയുടെ പ്രചരണ തിളകത്തിലും SNDP നേതാവിന്‍റെ ബി.ജെ.പി ബാന്ധവത്തിലും വലിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാകുമെന്ന ധാരണ ഇവർക്ക് അടുത്ത കാലത്ത് സൃഷ്ടിക്കുവാൻ കഴിഞ്ഞു. സമൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചു വന്ന ശാസ്ത്ര-സാഹിത്യ, കലാരംഗത്തെ പലരും അധികാരം കൈയ്യാളുന്ന പാർട്ടിയുമായി ഒട്ടി നിൽക്കുവാൻ തൽപ്പരരാണ്. മാധ്യമങ്ങൾ പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ ബി.ജെ.പി രാഷ്ട്രീയ നേതൃത്വത്തിനു നൽകുന്ന അനാവശ്യ പ്രാധാന്യം അവർക്ക് കൂടുതൽ വാർത്താ പ്രാധാന്യം നേടികൊടുത്തു. ഈ നിലപാടുകൾ ബി.ജെ.പി ഇരു മുന്നണികൾക്കും പകരം നിൽക്കുവാൻ കഴിയുന്ന രാഷ്ട്രീയ പാർട്ടിയായി കാണുവാൻ ചിലരെ പ്രേരിപ്പിച്ചു.
തിരുവനന്തപുരത്തും മറ്റ് കോർപ്പറേഷനിലും ഇവർ നേടിയ കൂടുതൽ സ്ഥാനങ്ങൾ മധ്യ വർഗ്ഗ ജനതയുടെ ജാതി മത സങ്കുചിത താൽപ്പര്യങ്ങൾ തെളിയിക്കുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സീറ്റുകളുടെ എണ്ണത്തിലുണ്ടായ വർദ്ധന അവരെ കോർപ്പറേഷനിൽ രണ്ടാം സ്ഥാനക്കാരാക്കി. എന്നാൽ മുന്നേറ്റം ഉണ്ടായ അവർക്ക് കഴിഞ്ഞ പാർലമെന്റിൽ ലഭിച്ചത്രയും വോട്ടുകൾ നിലനിർത്തുവാൻ കഴിഞ്ഞിട്ടില്ല. 2014 ലെപാർലമെന്റ് തെരഞ്ഞെടുപ്പിൽ 65 കോർപ്പറേഷൻ മണ്ധലത്തിലും രണ്ട് നിയമസഭ മണ്ധലങ്ങളിലും ഒന്നാം സ്ഥാനം നേടിയിരുന്നു എങ്കിലും ഇപ്പോൾ അവർക്ക് വിജയം പകുതിയിൽ താഴെയായി ചുരുങ്ങി. കോർപ്പറേഷൻ ഭരിച്ചു കൊണ്ടിരുന്ന CPIM മുന്നണിയുടെ വിജയം 51 ൽ നിന്നും 43 ആയി ചുരുങ്ങിയത് അവർ കൈക്കൊണ്ട സങ്കുചിത നിലപാടുകളുടെ ഭാഗമായിരുന്നു. അഴിമതി, അഴുക്കു ചാൽ, വെള്ളക്കെട്ട് അനധികൃത നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ അവർ എടുത്ത നിലപാട് സമൂഹത്തിന് തൃപ്തികരമായിരുന്നില്ല. കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകന്റെ ജന്മഭൂമിയിൽ അവർ പഞ്ചായത്തു ഭരിക്കുവാൻ യോഗ്യത നേടിയത് അയ്യങ്കാളിയുടെ പാരന്പര്യത്തിന് ഒട്ടും ചേർന്ന് പോകാത്ത സംഭവമാണ്.
കേരളത്തിലെ എല്ലാ കോർപ്പറേഷനിലും സാന്നിദ്ധ്യമറിയിച്ച ബി.ജെ.പി ചില സ്ഥലങ്ങളിൽ ഉണ്ടാക്കിയ മുന്നേറ്റം വർഗ്ഗീയ ചേരിതിരുവുകളുടെ ഭാഗമാണ്. കോഴിക്കോട് മാറാട് വാർഡിലെ വിജയം, പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായത് തുടങ്ങിയ സംഭവങ്ങൾക്ക് പിന്നിൽ കഴിഞ്ഞ നാളുകളിൽ ഉണ്ടായ മതസ്പർദ്ധ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. കൊടുങ്ങല്ലൂരിലും മാവേലിക്കരയിലും തലശ്ശേരിയിലും മലപ്പുറം ജില്ലയിലും ബി.ജെ.പി സ്വന്തമാക്കിയ നേട്ടത്തിനു പിന്നിൽ അന്യമത വിദ്വേഷം നിഴലിച്ചു നിൽക്കുന്നു. എന്നാൽ കേരള ഗ്രാമങ്ങൾ പൊതുവെ ബി.ജെ.പിയെ തള്ളി പറഞ്ഞത് ശുഭസൂചകമാണ്. കാസർഗോട്ടെ പഴയ മൂന്നു പഞ്ചായത്തുകൾക്കൊപ്പം തിരുവനന്തപുരത്ത് രണ്ട് ഗ്രാമ പഞ്ചായത്തിൽ മാത്രമെ ഭരണം ഇവർക്ക് പിടിച്ചെടുക്കുവാൻ കഴിഞ്ഞുള്ളൂ. ജില്ലാ പഞ്ചായത്തുകളിൽ ആകെ മൂന്നിടത്താണ് ഇവർക്ക് വിജയിക്കുവാൻ കഴിഞ്ഞത്.
ബി.ജെ.പിക്ക് പിന്തുണയുമായി SNDP നേതാവ് മുന്നോട്ട് വരികയും ഇടതു പാർട്ടിയെ വെല്ലുവിളിക്കുകയും ചെയ്തിട്ടും SNDP യുടെ പാരന്പര്യത്തിനെതിരായ തീരുമാനത്തെ ശ്രീ നാരായണീയർ അംഗീകരിച്ചില്ല എന്ന് കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ ഫലങ്ങൾ തെളിയിക്കുന്നു. NSS നേതൃത്വം ബി.ജെ.പിയെ അടിപ്പിച്ചില്ല, എന്നാൽ നായർ സമുദായത്തിന് നിർണ്ണായകമായ സ്വാധീനം ഉള്ളിടങ്ങളിൽ ബി.ജെ.പിയോട് അവർ മമത കാട്ടിയിട്ടുണ്ട്. സാന്പത്തിക സംവരണം, ഹൈന്ദവ വൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ സവർണ്ണർക്കൊപ്പം പലപ്പോഴും നായർ സമുദായത്തിലെ ഒരു കൂട്ടർ നിലയുറപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന് തെളിയിക്കുന്നു.
UP സംസ്ഥാനത്തെ ജനങ്ങളും ബീഹാർ ജനതയും ബി.ജെ.പിക്കെതിരെ ശക്തമായി നിലപാടുകൾ എടുത്തപ്പോൾ കേരള ജനതയിലെ കുറെ ആളുകൾ ബി.ജെ.പിക്കനുകൂലമായി തീരുമാനങ്ങൾ കൈകൊണ്ടത് മധ്യവർഗ്ഗ സമൂഹത്തിന്റെ വർഗ്ഗീയ താൽപ്പര്യത്തിന് തെളിവാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പിയെ ഒറ്റപ്പെടുത്തേണ്ട സാഹചര്യം നിലവിലിരിക്കെ കേരളത്തിലെ സവർണ്ണ ബോധം അവരെ ന്യായാന്യായങ്ങൾ നിരത്തി പിന്തുണക്കുന്നു. ബീഹാറിലെ നിരക്ഷരെയും UP യിലെ സാമാന്യ ജനത്തെയും കണ്ടു പഠിക്കുവാൻ വിദ്യാസന്പന്നർ എന്ന് അവകാശപ്പെടുന്ന മലയാളികൾ ബാധ്യസ്തരാണ്. ഇല്ലെങ്കിൽ ഇന്ത്യ തന്നെ വരുംനാളുകളിൽ മതഭ്രാന്താലയമായി മാറുമെന്ന് തിരിച്ചറിയുവാൻ വലിയ വിജ്ഞാന പാണ്ധിത്യം വേണമെന്നില്ല.