ഗാന്ധിജിയുടെ മുറിവേറ്റ ഗ്രാമ പഞ്ചായത്ത് സ്വപ്നങ്ങൾ
ഗ്രാമങ്ങളിലാണ് ഇന്ത്യ ജീവിച്ചിരിക്കുന്നത് എന്ന ഗാന്ധിജിയുടെ വാക്കുകൾ ഗ്രാമങ്ങളുടെ സാമൂഹിക സേവനത്തെ പറ്റി കൃത്യമായി രേഖപ്പെടുത്തുന്നു. എല്ലാം ഉൽപ്പാദിപ്പിക്കുന്ന, എല്ലാം സംരക്ഷിക്കുന്ന ദേശത്തിന്റെ ഇടങ്ങളാണ് അവ. ഗ്രാമങ്ങളിലെ നീണ്ടു കിടക്കുന്ന വയലുകൾ, കുളങ്ങൾ, നീർച്ചാലുകൾ, മലനിരകൾ എല്ലാം തന്നെ മനുഷ്യർക്കും മറ്റ് ജീവികൾക്കും ജീവിത സാഹചര്യങ്ങൾ നൽകി സൂക്ഷിക്കുന്നു. എന്നാൽ നഗരങ്ങൾ ഉപഭോഗത്തിന്റെ കേന്ദ്രങ്ങളായി, നദിയിലെ വെള്ളം അനിയന്ത്രിതമായി ഉപയോഗിച്ച്, വൻകിട ഫാക്ടറികളിലെ മലിന വിഭവങ്ങൾ തള്ളി, പകർച്ച വ്യാധികൾ പരത്തി, ഭരണകർത്താക്കളെയും അവരുടെ കൊട്ടാരങ്ങളെയും പേറി, നിയോൺ വിളക്കുകളിലും തിന്നു തിമർത്താടുന്ന സന്പന്ന വർഗ്ഗങ്ങളുടെ സാന്നിദ്ധ്യത്താലും അടയാളപ്പെടുത്തപ്പെടുന്നു. നഗരങ്ങൾ തീർക്കുന്ന പട്ടിണിയും തൊഴിലില്ലായ്മയും ചേരികളെ സൃഷ്ടിക്കുന്നു. കുടിക്കാനും കുളിക്കാനും ശുദ്ധവായു ശ്വസിക്കുവാനും അവസരം ഇല്ലാത്ത കോടിക്കണക്കിന് ആളുകൾ പുഴുക്കളെ പോലെ ചാളകളിൽ ജീവിച്ചു മരിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ ചേരികൾ ഇന്ത്യയിലും ആഫ്രിക്കൻ തെക്കേ അമേരിക്കൻ രാജ്യങ്ങളിലുമാണ് നിലവിലുള്ളത്. കെനിയ, റുവാണ്ട, എത്യോപ്യ, കൊളംബിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ ചാളകൾ ഇന്ത്യയിലെയും ബ്രസീലിലെയും വലിപ്പത്തിനൊപ്പം എത്തില്ല എങ്കിലും അതിദാരുണമായ കുപ്പ തൊട്ടിലുകൾ ആണവ.
ലോകത്തെ ഏറ്റവും വലിയ ചേരിപ്രദേശം ബോംബെയിലെ ധാരാവിയാണ്. ആഗോളവൽക്കരണ കാലത്ത് ചൈനയിലും ഇന്ത്യയിലും ഇവയുടെ എണ്ണം ക്രമാതീതമായി കൂടി വരുന്നു. ധാരാവിയിലെ ചേരിനിവാസികളിൽ 120 ആളുകൾക്ക് ഒരു ശൗചാലയമേ ഉള്ളൂ എന്നതിൽ നിന്നും ചേരി ജീവിതത്തിന്റെ ദുരിതങ്ങൾ വ്യക്തമാണ്. ഗ്രാമങ്ങളിൽ അനുഭവിക്കുന്ന സ്വതന്ത്രമായ ജീവിതം നഗരത്തിൽ അന്യമായിരിക്കും. എന്നാൽ ആധുനിക ജീവിത സങ്കൽപ്പങ്ങൾ നഗര കേന്ദ്രീകൃതമായിരിക്കുന്നു. ആധുനിക വികസന നയങ്ങളിൽ എല്ലാം നഗരങ്ങളെ ആണ് മുഖ്യമായും പരിഗണിച്ചു വരുന്നത്. ഇന്ത്യയിലെ 50% ത്തിൽ അധികം ജനങ്ങളും നഗരങ്ങളിൽ ജീവിച്ചു തുടങ്ങി എന്ന് കണക്കുകൾ വ്യക്തമാക്കുന്പോൾ നമ്മുടെ രാജ്യത്തിന്റെ ഹൃദയ ഭൂമി നഗരങ്ങളായി മാറിയിരിക്കുന്നു എന്ന് പറയേണ്ടി വരുന്നു.
ഗാന്ധിജി മുന്നോട്ട് വെച്ച സമൂഹം സ്വാശ്രയ ഗ്രാമങ്ങളാൽ സമൃദമായിരുന്നു. ഗ്രാമസ്വരാജ് എന്നത് കൊണ്ട് ഗാന്ധിജിയും അദ്ദേഹത്തിന്റെ അനുയായികളും സ്വപ്നം കണ്ടത് പൂർണ്ണമായും സ്വതന്ത്രമായി നിലനിൽക്കുവാൻ ശേഷിയുള്ള ഗ്രമങ്ങളായിരുന്നു. ഗ്രാമങ്ങൾക്കാവശ്യമായ വിഭവങ്ങൾ അവിടെ തന്നെ ഉൽപ്പാദിപ്പിക്കുന്നു. എല്ലാവരും പരസ്പരം ആശ്രയിച്ചു ജീവിക്കുന്നു. ഇന്ത്യയുടെ ഭാവി സ്വയം സന്പൂർണ്ണ ഗ്രാമങ്ങളിലൂടെ സുരക്ഷിതമാക്കുവാനായി അതാതു നാടിന്റെ കാർഷിക പരന്പരാഗത ചെറുകിട വ്യവസായ വ്യാപാരങ്ങളെ പരിഗണിച്ചു കൊണ്ടുള്ള പ്രാദേശിക ആസൂത്രണം നടപ്പിലാക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു. എന്നാൽ ആ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി നഗര കേന്ദ്രീകൃത-വൻകിട വ്യവസായ വികസന നയങ്ങളാണ് ഇന്ത്യയിൽ നടപ്പാക്കിയത്. കാർഷിക രംഗത്തെ വിപ്ലവങ്ങൾ ഗ്രാമീണ സന്പത്ത് ക്രമത്തെ പരിഗണിക്കാത്തതായിരുന്നു. ഇത്തരം നയങ്ങളിലൂടെ ഗ്രാമീണ സന്പത്ത് വ്യവസ്ഥയും അവിടുത്തെ ജനങ്ങളും നഗര കേന്ദ്രീകൃത വികസന നയങ്ങളുടെ ദുരന്തങ്ങൾ പേറുന്നവരായി മാറേണ്ടി വന്നു.
പഞ്ചായത്ത് ഭരണ സമിതികൾ തിരു−കൊച്ചി സംസ്ഥാനത്ത് 1953ൽ നിലവിൽ വന്നു. 5 വർഷത്തിലൊരിക്കൽ പ്രാദേശിക തെരഞ്ഞെടുപ്പുകൾ എന്ന പൊതുമാനദണ്ധം ആദ്യം മുതലെ സംസ്ഥാന സർക്കാർ ആവർത്തിച്ച് അട്ടിമറിക്കുകയുണ്ടായി. രണ്ടാം കേരള സംസ്ഥാന പഞ്ചായത്ത് ഭരണം 1964 മുതൽ 1979 വരെ തുടർച്ചയായി തെരഞ്ഞെടുപ്പില്ലാതെ മുന്നോട്ടു പോയി. കേരളത്തിലെ പോലെ ശക്തമായ രാഷ്ട്രീയ സംഘടനാ അടിത്തറയുള്ള ബംഗാളിലും കർണ്ണാടകത്തിലും ഒഴിച്ചു നിർത്തിയാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ കാൽ നൂറ്റാണ്ടുകൾക്കും മുകളിൽ നീണ്ടുപോയ അനുഭവങ്ങൾ വടക്കേ ഇന്ത്യയിലുണ്ട്. കേരളത്തിലെ ഭരണഘടനാ പരിഷ്കരണ കമ്മീഷൻ, ബൽവന്തറായ്, അശോക് മേത്ത കമ്മീഷനുകൾ പഞ്ചായത്തുകളെ ശക്തിപ്പെടുത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചു. എന്നാൽ അവ നടപ്പിലാക്കുവാൻ ഏറെ വൈകി. 1990ൽ നായനാർ മന്ത്രിസഭയുടെ കാലത്ത് സംസ്ഥാനത്തിൽ ആദ്യമായി ജില്ലാപഞ്ചായത്ത് സംവിധാനം നിലവിൽ വന്നു. അങ്ങനെ പഞ്ചായത്ത് ഭരണം ഗ്രാമ −ജില്ലാതല പഞ്ചായത്തായി വികസിച്ചു. ആ സംവിധാനത്തെ രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ട് തുടർന്ന് വന്ന കരുണാകര സർക്കാർ പിരിച്ചു വിട്ടു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെയ്തു വരുന്ന പോലെ പഞ്ചായത്തുകളും വാർഷിക ബഡ്ജറ്റുകൾ അവതരിപ്പിക്കേണ്ടതുണ്ട്. മാർച്ച് 31 ന് മുന്പായി ബഡ്ജറ്റ് അവതരിപ്പിച്ച് പാസ്സാക്കണം. പണസ്രോതസ്സുകൾ സ്വയം കണ്ടെത്തുവാൻ കഴിയുന്ന നിയമപരമായ അവസരങ്ങൾ പഞ്ചായത്തുകൾക്ക് ഇല്ലാത്തതിനാൽ അവരുടെ ബഡ്ജറ്റുകൾ എല്ലാം മിച്ച ബഡ്ജറ്റ് (5%എങ്കിലും) ആയിരിക്കേണ്ടതുണ്ട്. ബഡ്ജറ്റിന്റെ വരവ് ചെലവ് കണക്കുകളിൽ റവന്യൂ-റവന്യൂതര ഫണ്ടുകൾ ഉണ്ടായിരിക്കും. റവന്യൂ വരുമാനത്തിൽ നികുതികളും നികുതീതര വരുമാനങ്ങളും ഉണ്ടാകും. തൊഴിൽ കരം, വീട്ടുകരം തുടങ്ങിയവയും ലൈസൻസ് ഫീ, എന്റർടൈന്മെന്റ് ഫീ, മണൽ വാരൽ പ്രകൃതി വിഭവങ്ങളിൽ ഏർപ്പെടുത്തുന്ന ഫീസ് മുതലായവയും രണ്ടാം വിഭാഗത്തിൽപ്പെടുന്നു.
നരസിംഹറാവൂ സർക്കാർ ഇന്ത്യൻ ഗ്രാമങ്ങളുടെ ഭരണം ഗൗരവമായി നടപ്പിലാക്കുവനായി 1990ൽ അവതരിപ്പിച്ച 73−74 ഭരണഘടനാ ഭേദഗതി പഞ്ചായത്ത് സംവിധാനങ്ങൾക്ക് കൂടുതൽ അധികാരങ്ങളും അവകാശങ്ങളും ഉള്ള ഗ്രാമീണ സഭകൾക്ക് അവസരമൊരുക്കി. അധികാര വികേന്ദ്രീകരണ വിഷയത്തിൽ പെട്ടെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് താൽപ്പര്യം ഉണ്ടായതിനു പിന്നിൽ ലോക ബാങ്കു നിർദ്ദേശങ്ങൾ ആയിരുന്നു പ്രവർത്തിച്ചത്. അതുവഴി പഞ്ചായത്തുതല തെരഞ്ഞെടുപ്പുകൾ ഇലക്്ഷൻ കമ്മീഷൻ എന്ന സ്വയം ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാക്കി. 5 വർഷത്തിലൊരിക്കൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിർബന്ധമായും നടപ്പിലാക്കപ്പെട്ടു. രാജ്യത്താകമാനം മൂന്നു തലങ്ങളിലുള്ള പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു. ഗ്രാമങ്ങളിലെ പഞ്ചായത്തുകളുടെ മുകളിൽ ബ്ലോക്ക് പഞ്ചായത്തുകൾ. ജില്ലാതലത്തിൽ ജില്ലാ പഞ്ചായത്തുകൾ. ഗ്രാമപഞ്ചായത്തുകൾ ഗ്രാമീണ മേഖലയിലും നഗരങ്ങളിൽ മുനിസിപ്പാലിറ്റിയും വൻ നഗരങ്ങളിൽ കോർപ്പറേഷനും പ്രവർത്തിക്കുന്നു. എല്ലാത്തിന്റെയും അദ്ധ്യക്ഷന്മാർ തെരഞ്ഞെടുക്കപ്പെടുന്ന മെന്പർമാരുടെ ഭൂരിപക്ഷ അംഗീകാരം നേടുന്ന പ്രസിഡണ്ട് ആയിരിക്കും. ജന പ്രതിനിധികൾ എല്ലാ മൂന്നു മാസത്തിലും ഒരിക്കൽ ഗ്രാമസഭ വിളിച്ചു കൂട്ടണം. ഗ്രാമസഭയിൽ ഓരോ വിഷയത്തിലും ജനങ്ങളുടെ ആഗ്രഹപ്രകാരം തീരുമാനങ്ങൾ ഉണ്ടാക്കണം. പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭരണഘടനാ ഭേദഗതിയിൽ ഇന്ത്യയുടെ വ്യത്യസ്ത സ്വഭാവങ്ങൾ ഉള്ള സംസ്ഥാനങ്ങളുടെ പ്രത്യേകതകൾ പരിഗണിക്കാതെയുള്ള കേന്ദ്ര നിർദ്ദേശം പല പോരായ്മകൾക്കും അവസരം ഒരുക്കി. കേന്ദ്രസർക്കാർ തീരുമാനം കേരളം പോലെയുള്ള ചെറിയ സംസ്ഥാനത്തും ജനസാന്ദ്രത കൂടുതലുള്ളതുമായ ഇടങ്ങളിൽ ചില കാര്യങ്ങളിലെങ്കിലും ഗുണപരമായി തീർന്നില്ല. ഒപ്പം തന്നെ ജില്ലാ സർക്കാരുകൾ എന്ന സങ്കൽപ്പത്തെ അവഗണിച്ചാണ് ജില്ലാ പഞ്ചായത്തുകൾ നിലവിൽ വന്നത്. ജില്ലയിലെ മൊത്തം പ്രദേശങ്ങളെയും ഉൾപ്പെടുത്താതെ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ നഗരപ്രദേശങ്ങളെ ഒഴിവാക്കിയുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതി ജില്ലാ പ്രാദേശിക സർക്കാരിന്റെ കാര്യക്ഷമതയിലേയ്ക്ക് വളരാൻ കഴിയാതെ പോയിട്ടുണ്ട്. ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥനായ കലക്ടർ ജില്ലാപഞ്ചായത്തിന്റെ സെക്രട്ടറിയായി പ്രവർത്തിക്കണം. മുഴുവൻ ജില്ലാ സർക്കാർ സംവിധാനത്തെയും ജില്ലാപഞ്ചായത്ത് ഭരണസമിതിക്ക് കീഴിൽ കൊണ്ടുവരിക എന്ന സങ്കൽപ്പത്തെ ഭരണഘടനാ ഭേദഗതി അട്ടിമറിച്ചു. ജില്ലാ വികസന അതോറിറ്റിയിൽ മാത്രമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനു കളക്ടറേക്കാൾ അധികാരം ഉള്ളത്. ഒപ്പം ജില്ലാ ഭരണ നേതാവായി പ്രവർത്തിക്കേണ്ട ജില്ലാ പ്രസിഡണ്ടിന് കാബിനറ്റ് പദവി നൽകി നിലനിർത്തിയാൽ ജില്ലാ പഞ്ചായത്തുകൾക്ക് ഒരു മിനി സർക്കാരായി പ്രവർത്തിക്കുവാൻ കഴിയും. മൊത്തത്തിൽ 73,74 ഭേതഗതികളിൽ നിരവധി പരാതികൾ ഉണ്ടെങ്കിലും പുതിയ തീരുമാനങ്ങൾ ഗ്രാമീണ പഞ്ചായത്തുകളെ സജീവമാക്കി. ഒപ്പം സ്‌ത്രീകൾക്കായി 33% സംവരണം എന്ന ആശയം കൂടുതൽ സ്‌ത്രീകൾ പൊതുരംഗത്ത് വരുവാൻ അവസരം സൃഷ്ടിച്ചു. കേരളം അത് 50% ആയി വർദ്ധിപ്പിച്ചു.
പഞ്ചായത്തുകൾ അവരവരുടെ ബഡ്ജറ്റുകൾ അവതരിപ്പിക്കേണ്ടതായുണ്ട്. മാർച്ച് 31 ന് മുന്പായി ബഡ്ജറ്റ് അവതരിപ്പിച്ച് പാസ്സാക്കണം. പണ സ്രോതസ്സുകൾ സ്വയം കണ്ടെത്തുവാൻ കഴിയുന്ന നിയമപരമായ അവസരങ്ങൾ ഗ്രാമ പഞ്ചായത്തുകൾക്ക് ഇല്ലാത്തതിനാൽ ബഡ്ജറ്റുകൾ എല്ലാം മിച്ച ബഡ്ജറ്റ് (5% എങ്കിലും) ആയിരിക്കണം. ബഡ്ജറ്റിൽ വരവ് ചെലവ് കണക്കുകളിൽ റവന്യൂ-റവന്യൂതര ഫണ്ടുകൾ ഉണ്ടായിരിക്കും. റവന്യൂ വരുമാനത്തിൽ നികുതികളും നികുതീതര വരുമാനങ്ങളും ഉണ്ടാകും. തൊഴിൽ കരം, വീടുകരം തുടങ്ങിയവയും ലൈസൻസ് ഫീ, എന്റർറ്റൈന്മെന്റ് ഫീ, മണൽ വാരൽ പ്രകൃതി വിഭവങ്ങളിൽ ഏർപ്പെടുത്തുന്ന ഫീസ് മുതലായവയും രണ്ടാം വിഭാഗത്തിൽപ്പെടുന്നു. റവന്യൂ ഇതര വരുമാനശ്രോതസ്സ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ബഡ്ജറ്റ് പ്രഖ്യാപന പദ്ധതികൾ പെൻഷൻ ഇവയാണ്. പഞ്ചായത്തുകൾക്ക് അവരുടേതായ നികുതിയും മറ്റും ചുമത്തുവാനുള്ള അവകാശമില്ല. പഞ്ചായത്ത് സ്വയം പര്യാപ്തമായി വളരുവാൻ അവർ പിരിച്ചെടുക്കേണ്ട നികുതികളും മറ്റ് ഫീസുകളും കാര്യക്ഷമമാക്കേണ്ടതുണ്ട്. എന്നാൽ ഈ വിഷയത്തിൽ പല പഞ്ചായത്തുകളും പലപ്പോഴും പരാജയപ്പെടുന്നു. സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിനായി പഞ്ചായത്ത് സമിതികൾ നൽകുന്ന ഇളവുകൾ പഞ്ചായത്തിന്റെ തനതു പദ്ധതികളെ ബാധിക്കുന്നു. ഏറെ കാലമായി പുതുക്കാതിരുന്ന വീട്ടുകരം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം നിലവിലെ സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചു. കഴിഞ്ഞ 25 വർഷമായി കുടിലുകൾ ഒഴിച്ച് മറ്റെല്ലാത്തരം വീടുകൾക്കും കരം അടക്കണമായിരുന്നു. കരം തീരുമാനിക്കുവാനുമുള്ള അധികാരം പഞ്ചായത്ത് എക്സിക്ക്യൂട്ടീവ് ആഫീസറിൽ നിക്ഷിപ്തമായിരുന്നു. വർദ്ധിപ്പിച്ച കരത്തെ പറ്റി പരാതി ഉണ്ടെന്ന കാരണത്താൽ സർക്കാർ 2000 ചതുരശ്ര അടിയുള്ള വീടുകൾക്ക് വരെയുള്ള കരം പിരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. ഇത് പഞ്ചായത്തുകളുടെ വരുമാനത്തിൽ വൻ ഇടിവിനു വഴി ഒരുക്കി കഴിഞ്ഞു. 1500 ച.അടി മുതൽ 2000 അടി വരെ വലിപ്പമുള്ള വീടുകൾക്ക് ശരാശരി 25 ലക്ഷം മുതൽ 50 ലക്ഷം വരെ നിർമ്മാണ ചെലവ് ഉണ്ടെന്നിരിക്കെ അവരിൽ നിന്നും ന്യായമായ വീട്ടുകരം വാങ്ങേണ്ടതില്ല എന്ന സർക്കാർ തീരുമാനം തെറ്റായ രാഷ്‌ട്രീയ കീഴ്്വഴക്കമാണ് സൃഷ്ടിക്കുന്നത്. പഞ്ചായത്തിന് ലഭിക്കുന്ന പണത്തിലെ പ്രധാന ചിലവായ നടത്തിപ്പ് കാശ് പഞ്ചായത്തിലെ ജീവനക്കാരുടെ ശന്പളം, ജനപ്രതിനിധിയുടെ ശന്പളം, യാത്രാപടി, സിറ്റിംഗ് ഫീസ് ഇവർക്ക് ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത്തരം ചിലവ് കൂടുന്നത് (Administrative Expenses) പദ്ധതികൾക്കും മറ്റ് പഞ്ചായത്ത് വികസന പരിപാടികൾക്കും ദോഷകരമാണ്. പഞ്ചായത്തുകൾക്ക് പ്രധാന വരുമാനമായി തീരാവുന്ന പരസ്യങ്ങളിലെ നികുതികൾ കാര്യക്ഷമമാക്കുവാൻ മിക്ക പഞ്ചായത്തുകളും മുന്നോട്ടു വന്നിട്ടില്ല. പഞ്ചായത്തുകൾ കണ്ടെത്തുന്ന അധിക വരുമാനത്തിലൂടെ സപ്ലിമെന്ററി ബഡ്ജറ്റുകൾ ഉണ്ടാക്കി പുതിയ പദ്ധതികൾ നടപ്പിലാക്കുവാൻ അവസരമുണ്ട്. എന്നാൽ നിലവിലെ വരുമാന മാർഗ്ഗത്തെയും അട്ടിമറിക്കുന്ന തീരുമാനങ്ങൾ ആവർത്തിച്ച് ഉണ്ടായിട്ടുണ്ട്. kerala local authoritty entertainment tax act 1961 ന് 1994 ൽ നടത്തിയ ഭേതഗതി ഇതിനൊരു തെളിവാണ്. പഴയ നിയമം അനുശാസിക്കുന്നത് 35% മുതൽ 50%വരെ ടിക്കറ്റ് വിലയിൽ നികുതിയും, നികുതിയായി പിരിക്കുന്നതിന്റെ തുകയുടെ 100% വരെ സർ ചാർജ്ജും പിരിച്ചെടുക്കണമെന്നായിരുന്നു നിയമം. എന്നാൽ 1994 ലെ ഭേതഗതിയിലൂടെ നികുതിcompound ചെയ്യുവാൻ ആരംഭിച്ചു. പഴയ കാലത്ത് സിനിമാ തിയേറ്ററുകൾ ആയിരുന്നു പഞ്ചായത്തുകളുടെ പ്രധാന വിനോദ നികുതി മാർഗ്ഗമെങ്കിൽ 1994നു ശേഷം വൻ പ്രവേശന ഫീസ് ഈടാക്കുന്ന വാട്ടർ തീം പാർക്കുകൾ നിലവിൽ വന്ന സാഹചര്യത്തിൽ പഴയ നിയമം തന്നെ അട്ടിമറിക്കപ്പെട്ടു. വാട്ടർ തീം പാർക്കുകളിൽ പ്രധാനപ്പെട്ട വീഗാലാന്റിന്റെ പ്രവേശനഫീസ് സാധാരണ ദിവസം 700 രൂപയിൽ ആരംഭിക്കുന്നു. 1440 രൂപ വരെയുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ഓരോ ടിക്കറ്റിനും 50%തുക പഞ്ചായത്തുകൾക്ക് (ഏകദേശം) ഈടാക്കാൻ വകുപ്പ് ഉണ്ടായിരുന്ന സ്ഥലത്ത് പുതിയ നിയമപ്രകാരം വീഗാലാന്റ് നൽകേണ്ട നികുതി 25 ലക്ഷം മുതൽ 30 ലക്ഷം വരെ. എന്നാൽ യഥാർത്ഥത്തിൽ അവർ നൽകേണ്ടത് 1000 സന്ദർശകർ എങ്കിലും ഉണ്ടെങ്കിൽ 1000∗500∗50%(2.5 ലക്ഷം രൂപ) നികുതി പള്ളിക്കര പഞ്ചായത്തിന് ദിനംപ്രതി കിട്ടേണ്ടതാണ്. ഒരു വർഷം ലഭിക്കേണ്ടിയിരുന്നത് 365∗2.5 ലക്ഷം = 9.10 കോടി രൂപ. എന്നാൽ പഞ്ചായത്തിന് ലഭിക്കുന്ന പരമാവധി വരുമാനം മുകളിൽ പറഞ്ഞ 30 ലക്ഷം രൂപ. കിട്ടേണ്ട വരുമാനത്തിന്റെ മുപ്പതിൽ ഒന്ന് മാത്രം ഇപ്പോൾ പളളിക്കര പഞ്ചായത്തിന് ലഭിക്കുന്നു. ഈ നിയമ ഭേതഗതിയെ ഇടതുപക്ഷ മുന്നണിയും പിൻ താങ്ങുകയുണ്ടായി. (ചിറ്റിലപ്പള്ളി എന്ന മഹാമനസ്കനാണ് പുതിയ ഭേതഗ
തിക്കായി അഹോരാത്രം പണി എടുത്തത്). CPIM ന്റെ വിസ്മയ പാർക്കായിരുന്നു നിശബ്ദതക്കു കാരണം. പഞ്ചായത്തുകൾ നികുതി പിരിക്കുന്നതിലും വൻ വീഴ്ച കാട്ടുന്നു എന്ന് സർക്കാർ സംവിധാനങ്ങൾ തന്നെ കണ്ടെത്തുകയുണ്ടായി.
പഞ്ചായത്തീരാജ് ശക്തമാകാനായി 95−96ൽ കേരളത്തിൽ നടപ്പിലാക്കിയ ജനകീയ ആസൂത്രണം 30 ലേറെ നിയമഭേതഗതികളിലൂടെ നിരവധി പരിഷ്കരണങ്ങൾക്ക് തുടക്കം കുറിച്ചു. fund, function & functionalities (3F)എന്ന സംവിധാനത്തിലൂടെ സംസ്ഥാന സർക്കാരിന്റെ 30 മുതൽ 40 ശതമാനം ഫണ്ടുകൾ പഞ്ചായത്തുകൾക്കു കൈമാറി. 8 തരം സർക്കാർ ആഫീസുകളുടെ നിയന്ത്രണം പഞ്ചായത്തുകൾക്കാണ്. കൃഷി ആഫീസ്, മൃഗ ആശുപത്രി, LPS, ആശുപത്രികൾ VE ആഫീസ് തുടങ്ങിയവ വികസനത്തിന് മാർഗ്ഗരേഖയുണ്ടാക്കി. ഏറ്റവും അവസാനമായി ഫണ്ടുകൾ കൃഷിക്ക് 30%, ക്ഷേമത്തിനും പശ്ചാത്തല വികസനത്തിനും 40% വീതം മാറ്റി വെക്കുന്നു. ഗ്രാമസഭകൾ കൂടി തെരഞ്ഞെടുക്കുന്ന ഉപഭോകൃതു സമിതികൾ നിർമ്മാണ പെൻഷൻ പദ്ധതികൾ നടപ്പിലാക്കുവാൻ ഉത്തരവാദിത്തം ഏറ്റെടുക്കും. ഗുണഭോക്താക്കളെ കൂട്ടായി ജനകീയ സാനിദ്ധ്യം ഉറപ്പാക്കി തെരഞ്ഞെടുക്കുന്നു.നിർമ്മാണ പ്രവർത്തനങ്ങൾ ജനകീയ കമ്മിറ്റിയുടെ നേതൃത്യത്തിലായിരിക്കും നടക്കുക. വരവ് ചെലവ് കണക്കുകൾ സോഷ്യൽ ആഡിറ്റിംഗിന് വിധേയമായിരിക്കും. കുടുംബശ്രീ ഗ്രാമത്തിന്റെ വികസനത്തിനു പുതിയ സാധ്യതകൾ ഒരുക്കി ജാതി രഹിത മത നിരപേക്ഷ അഴിമതി വിരുദ്ധ ഗ്രാമങ്ങൾ രൂപീകൃതമാകും തുടങ്ങിയ സ്വപ്നങ്ങൾ 20 വർഷം കൊണ്ട് പൂർണ്ണമായും അട്ടിമറിക്കപ്പെട്ടു. CPIM പ്രത്യേക താൽപര്യമെടുത്ത് നടപ്പിലാക്കിയ ജനകീയ ആസൂത്രണ ലക്ഷ്യങ്ങൾ അവർ പോലും അട്ടിമറിച്ചു. പഞ്ചായത്തുകളിൽ (90%) കോൺട്രാക്ടർമാർ പഴയ കാലത്തേക്കാൾ പിടി മുറുക്കി കഴിഞ്ഞു.ഒരു പഞ്ചായത്തിൽ എത്തുന്ന ശരാശരി 4 കോടി മുതൽ 9 കോടി രൂപയോളം വരുന്ന വാർഷിക സർക്കാർ വിഹിതം കമ്മിഷന്റെ അടിസ്ഥാനത്തിൽ വീതംവെയ്ക്കപ്പെടുന്നു. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്തു തലത്തിൽ ഒറ്റകെട്ടായി അഴിമതികളെ മൂടി