പശു എന്നാണ് രാഷ്ട്രീയ മൃഗമായത് ???


“All animals are equal but some animals are more equal than others” എന്ന പരാമർശം നടത്തിയത് ജോർജ് ഓർവ്വലാണ്. എല്ലാവരും തുല്യരാണെന്നു പറയുന്ന നാവ് കൊണ്ടു തന്നെ മറ്റു ചിലർ കൂടുതൽ മഹാന്മാരാണെന്നു പറയുക. ഈ രീതി ചരിത്രത്തിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. സമൂഹത്തിലെ ഒരു പറ്റത്തിന്റെ അധീശത്വത്തെ മറ്റെല്ലാവരും. അംഗീകരിക്കണം എന്നാണ് ഇവിടെ ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. വർഗ്ഗീയ വാദവും വംശീയവാദവും മുന്നോട്ടു വെയ്ക്കുന്ന ദർശനം ഇത്തരത്തിലുള്ളതായിരിക്കും. സായിപ്പൻമാർ ഈ വാദമുയർത്തിയാണ് മൂന്നാം ലോകരാജ്യങ്ങളിൽ ഭരണം ഉറപ്പിച്ചത്.

കാർഷിക വൃത്തിയിലൂടെ ജീവിതത്തിന് പുതിയ അർത്ഥങ്ങൾ മെനഞ്ഞ മനഷ്യ സമൂഹത്തിന്റെ മുന്നേറ്റത്തിൽ നിർണ്ണായക ശക്തിയായത് വളർത്തു മൃഗങ്ങളാണ്. സമകാലികമായിരുന്ന ഹാരപ്പ-മൊഹൻ ജദാര-ഈജിപഷ്യൻ പ്രദേശങ്ങളിൽ കൃഷിക്ക് താരതമ്യേനകൂടുതൽ മുൻതൂക്കം ലഭിച്ചത് നൈൽ നദിയുടെ തീരത്തായതുകൊണ്ടാണ്. കൃഷിക്ക് ജലം പന്പ് ചെയ്യുവാനുള്ള മോട്ടോർ അക്കാലത്ത് ഈജിപ്റ്റിൽ കണ്ടു പിടിക്കപ്പെട്ടിരുന്നു. പശുവും കാളയും മുഖ്യ സാമൂഹിക പ്രധാനമായ സ്വത്തായി നൈൽ തീരങ്ങളിലെ ജനങ്ങൾ BC 3500-2000 വർഷങ്ങൾക്ക്‌ മുന്പു തന്നെ പരിഗണിക്കപ്പെട്ടു. അവിടെ ശക്തമായിരുന്ന നൂർ വംശർ നിരവധി ആചാരങ്ങൾ നാൽക്കാലികളുമായി ബന്ധപ്പെടുത്തി കൊണ്ടാടി വന്നു. ഹിന്ദുക്കൾ അവരുടെ പാരന്പര്യമായി വിശ്വസിച്ചു വരുന്ന ഭസ്മം അണിയൽ ചരിത്രാതീത കാലത്തു തന്നെ നൂർ വംശജരുടെ പ്രധാന സംസ്കാരമായിരുന്നു (ഇവർ പൂണൂൽ ധരിക്കൽ ശീലമാക്കിയവരുമായിരുന്നു). കാർഷിക പ്രധാനമായ നമ്മുടെ രാജ്യത്ത് നിലം  ഉഴുവാൻ ഉപയോഗിച്ചിരുന്ന നാൽക്കാലികൾക്ക് മുന്തിയ പ്രധാന്യം ലഭിക്കുക സ്വാഭാവികമാണല്ലൊ. ആദ്യകാലത്തെ പല ഗോത്ര യുദ്ധങ്ങൾക്കും കാരണം നാൽക്കാലിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആയിരുന്നു. പല ബന്ധങ്ങളും സൂചിപ്പിക്കുന്ന സംസ്കൃത പദങ്ങൾ പശുവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണം അശോകൻ മുതൽ മുഗൾ ചക്രവർത്തിമാരും പശുവിനെ സംരക്ഷിച്ചു പോന്നു. പ്രാചീന ഇന്ത്യയിൽ പശുവിന്റെ സാമൂഹിക പ്രാധാന്യത്തേക്കാൾ മുൻ പന്തിയിലായിരുന്നു പോത്തിന്റെയും എരുമയുടെയും സ്വാധീനം. എന്നാൽ ആര്യ-വരേണ്യ വർഗ്ഗം കാർഷിക വൃത്തിയിലും പാൽ ഉൽപ്പാദനത്തിലും പശുവിനോളം പ്രധാനമായ എരുമയെ അംഗീകരിക്കാതിരുന്നത് വർണ്ണ വ്യവസ്ഥയുടെ ഭാഗമായിട്ടാണ്. അമേരിക്കയിലെ കറുത്തവർക്കെതിരായ കലാപങ്ങളിൽ എരുമയെ വെള്ളക്കാർ കൊലപ്പെടുത്തിയിരുന്നു.

ഏക ശിലാ രൂപം ഒരിക്കലും അർഹിക്കാത്ത ഹിന്ദുമതം (?) ഒരു വിഷയത്തിലും മോണോലോഗായ തീരുമാനങ്ങൾ എടുക്കുവാൻ പ്രാപ്തമല്ല. അത് സന്യാസിരുടെ കാര്യത്തിലും മറ്റുള്ളവരുടെ കാര്യത്തിലും ബാധകമാണ്. അതുകൊണ്ടാണ് വിവേകാനന്ദന്റെ വാക്കുകൾ മറ്റ് സന്യാസിമാരിൽ നിന്ന് ബഹുദൂരം നിൽക്കുന്നത്. വിവേകാനന്ദൻ‍ വിവിധ വിഷയങ്ങളിൽ നടത്തിയ അഭിപ്രായ പ്രകടനങ്ങളും മറ്റ് പല സന്യാസി സ്രേഷ്ടരുടേയും അഭിപ്രായങ്ങളിൽ നിലനിൽ‍ക്കുന്ന വലിയ അന്തരം ഹൈന്ദവത ഏകശിലാ രൂപമല്ല എന്ന് വ്യക്തമാക്കുന്നു. റാം മോഹൻ‍ റോയും തിലകനും ജ്യോതിഭാ ഭുലയും ബസവയും (കർ‍ണ്ണാടക) നാരായണ ഗുരുവും ദയനാന്ദ സരസ്വതിയും ഗാന്ധിജിയും സവർ‍ക്കറും എല്ലാം ഉരുവിടുന്ന ഹിന്ദുത്വ വീക്ഷണത്തിലെ അന്തരം വളരെ വലുതാണ്. ഹിന്ദുത്വത്തിലെ ഈ വീക്ഷണവൈരുദ്ധ്യമാണതിന്‍റെ ശക്തിയും. എന്നാൽ ‍സെമറ്റിക്ക് മത ബോധത്തിൽ നിന്ന് ഹിന്ദുത്വത്തെ വായിക്കുവാൻ‍ ശ്രമിക്കുന്നത് ഒന്നുമില്ലങ്കിലും ഹിന്ദു മതബോധത്തിന് എതിരാണ്.

ഇന്ത്യയിലെ നവോത്ഥാന സമരങ്ങൾ എല്ലാം ചാതുർ‍വർ‍ണ്യ വിരുദ്ധമായിരുന്നു എന്നിരിക്കെ ഈ സമരങ്ങളിൽ ഒരു ഒത്തു തീർപ്പുകൾ‍ക്കും അവസരം ഉണ്ടാക്കാൻ‍ അന്നത്തെ ബ്രഹ്മണിക്കൽ ഹിന്ദുത്വക്കാർ‍ തയ്യാറായിരുന്നില്ല. കാരണം ഹിന്ദുത്വത്തിലെ അധീശത്വ ബോധം പുലർ‍ത്തിയിരുന്ന മാനവിക വിരുദ്ധതക്കൊപ്പം ഹിന്ദുത്വത്തിലെ വരേണ്യർ ഒത്തു പോയി. ബ്രിട്ടീഷ്‌  ഇന്ത്യയിൽ യൂറോപ്യൻ‍ ചരിത്രകാരന്മാർ തുടക്കം കുറിച്ച Orientalist ചരിത്രരീതിയാണ് ഇന്നത്തെ ഹിന്ദുമതത്തിന്‍റെ സ്വഭാവത്തിലേക്ക്  ഹൈന്ദവതയെ  എത്തിക്കുവാൻ‍ കാരണമാക്കിയത്. (ഹിന്ദു  എന്ന പേര് തന്നെ പേർ‍ഷ്യൻ‍ കച്ചവടക്കാരുടെ ചിന്തയിൽ‍ നിന്നുമാണെന്ന് ഭാഷാ ചരിത്രം പറയുന്നു). ഒരുദൈവം, (മുഖ്യമായെങ്കിലും) ഒരുഗ്രന്ഥം, ഏകീകൃത ആരാധനക്രമം തുടങ്ങി യൂറോപ്യൻ‍ കേന്ദ്രീകൃത മതചിട്ടകൾ ഹിന്ദു മതസംഘടനാ നേതാക്കൾ നടപ്പിലാക്കുവാൻ‍  ആരംഭിച്ചത് വൈദേശിക സ്വാധീനത്തിലൂടെയാണ്.

ഹിന്ദു എന്നത് ഒരു മതവും വിശ്വാസവും എന്നതിൽ‍നിന്നും രാഷ്ട്രീയ ഹിന്ദുത്ത്വത്തിലേക്ക് ചുവടു മാറിയതു മുതൽ അതുവരെ നിലവിൽ ഉണ്ടായിരുന്ന സവർ‍ണ്ണ-അവർ‍ണ്ണ വൈരുദ്ധ്യത്തെ ഭാഗികമായി മാറ്റിനിർ‍ത്തി പകരം അന്യമത അസഹിഷ്ണുത മുഖ്യ വിഷയമാക്കുവാൻ വർഗ്ഗീയ ഗ്രൂപ്പുകൾ  ബോധപൂർ‍വ്വം കരുക്കൾ നീക്കി. ഇത് ആരംഭിക്കുന്നത് ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിച്ചമർ‍ത്തിയ ശേഷവും. അതുവരെ  ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ നിയന്ത്രണത്തിലായ  ഭരണം (1757−1858) ബ്രിട്ടീഷ്‌ രാജഭരണത്തിലേക്കു മാറി. ജനങ്ങളെ അടിച്ചമർ‍ത്താൻ‍ ബ്രിട്ടീഷ് സർ‍ക്കാർ‍ നേരിട്ടുണ്ടാകണം എന്ന വാദമായിരുന്നു തീരുമാനത്തിനു പിന്നിൽ‍. ഈസ്റ്റ് ഇന്ത്യാ കന്പനിക്കെതിരെ നിന്ന നടുവഴികളെയും ഹിന്ദുമത അദ്ധ്യക്ഷരെയും തങ്ങളുടെ പക്ഷത്തുകൊണ്ട് വരുവാൻ‍ സായിപ്പൻമ്മാർ‍ ബോധപൂർവ്വമായി കരുക്കൾ‍ നീക്കി. ആദ്യത്തെ സംഘടിതമായ ഹിന്ദു മത മൗലിക പ്രസ്ഥാനം 1909ൽ സവർ‍ക്കർ‍ രൂപം കൊടുക്കുന്നതിനും മുന്‍പ് തന്നെ മതസ്പർദ്‍ധ വളർ‍ത്തി ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തെ ശിഥിലമാക്കുവാൻ‍ വേണ്ട അണിയറ നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഈ വിഴയത്തിൽ ബ്രിട്ടിഷുകാർ‍ക്കൊപ്പമായിരുന്നു ഹിന്ദുസവർണ്ണ നേതൃത്വം. അതിനായി ഉയർ‍ന്നു വന്ന രണ്ടു വിഷയങ്ങളാണ്  ബാബരി മസ്ജീദ് പ്രശ്നവും ഗോവധ നിരോധനവിഷയവും. ബാബറി മസ്ജീദിനെ ചൊല്ലി തർ‍ക്കങ്ങൾ ആരംഭിക്കുന്നത് ഒന്നാം സ്വാതന്ത്ര്യം അവസാനിച്ച നാളുകളിൽ തന്നെ. ഗോവ് വിഷയത്തിനും അത്ര തന്നെ പഴക്കമുണ്ട് .

ഗോവ് ഒരു രാഷ്ട്രീയ വിഷയമായി ഉയരുന്നത് പഞ്ചാബിൽ ‍നിന്നാണ്. സിക്കു സമുദായത്തിലുള്ള കുക്കാ വിഭാഗക്കാർ 1882 ൽ ഗോവ്സംരക്ഷണ പ്രശ്നം പൊതു ചർ‍ച്ചാ വിഷയമാക്കി. അതിന്‍റെ തുടർ‍ച്ചയായി  അതേ വർ‍ഷം ആര്യ സമാജത്തിന്‍റെ ആചാര്യൻ‍ ദയനാഥ സ്വാമി വിഷയത്തിനു കൂടുതൽ മാനങ്ങൾ നൽ‍കി. 1890കൾ‍ക്കകം ഗോവ് വിഷയം മുസ്ലിം വിഭാഗത്തിനെതിരായി തിരുച്ചുവിടപ്പെട്ടു. ഗോവ് സംരക്ഷണാർത്‍ഥം നിരവധി വർ‍ഗ്ഗീയ കലാപങ്ങൾ വടക്കേ ഇന്ത്യയിൽ അരങ്ങേറി. UPയിലെ അസംഘർ ജില്ലയിലുണ്ടായ വർ‍ഗ്ഗീയ കലാപം വലിയ ദുരന്തങ്ങൾ വരുത്തിവെച്ചു. 1912−13 കാലത്ത് അയോദ്ധ്യയിലും 1917ൽ ഷഹാബാദിലും കലാപങ്ങൾ ഉണ്ടായത് ഗോവിന്‍റെ പേരിൽ. ഇന്ത്യാ വിഭജനവും പെട്ടെന്നുതന്നെ ഉണ്ടായ ഗാന്ധിവധവും അതിന്‍റെ തിരിച്ചടികളും ആർ.എസ്.എസ് തുടങ്ങിയ സംഘടനയെ ഗോവ് വിഷയം ഉയർ‍ത്തി  തുടർ‍ച്ചയായ വർ‍ഗ്ഗീയ കലാപങ്ങൾ‍ സംഘടിപ്പികുന്നതിൽ നിന്നും അകറ്റി നിർ‍ത്തി. പിന്നീട് ഗോവ് വിഷയമായി ബന്ധിപ്പിച്ച പ്രക്ഷോഭങ്ങൾ 1966  ഡൽ‍ഹിയിൽ നടന്നു. ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. അതിൽ ഉണ്ടായ  വെടിവെപ്പിൽ മരിച്ചത് 8 പേർ‍. എന്നാൽ പിന്നീട് അയോദ്ധ്യ ഒരു വിഷയമായി ഉയർ‍ത്തിയ ആർ.എസ്.എസ്സും  കൂട്ടരും അതിലൂടെ ദേ
ശിയമായി വളരുവാൻ‍ ആവശ്യമായ  വർ‍ഗ്ഗീയ മൈലേജ് നേടിയെടുത്തതിനാൽ ഗോവ് വിഷയം തൽക്കാലം മാറ്റിവെച്ചു. കേന്ദ്രത്തിൽ അധികാരം പിടിച്ച BJP ബാബറി വിഷയവുമായി ഇനികൂടുതൽ മുന്നോട്ടുപോകുന്നത് കേന്ദ്ര ഭരണത്തെ  പ്രതികൂലമായി ബാധിക്കുമെന്നു മനസ്സിലാക്കി പരണത്തു വെച്ചിരുന്ന ഗോവ് വിഷയം സംസ്ഥാന തലത്തിൽ ഉയർത്തി വർ‍ഗ്ഗീയ വിദ്വേഷം പടർ‍ത്താനുള്ള ചെയിൻ പ്രോഗ്രാമിലാണ്.

ഭക്ഷണം, വസ്ത്രം, ആരാധന തുടങ്ങിയ അടിസ്ഥാന അവകാശങ്ങളിൽവരെ ആർ.എസ്.എസ് രാഷ്ട്രീയം കൈകടത്തുന്നു എന്ന് മനസ്സിലാക്കേണ്ടിവരുന്പോൾ നാട് ഫാസിസത്തിലേക്ക് നീങ്ങുകയാണെന്ന്ഭയപ്പെടേണ്ടിവരുന്നു. ഇന്ത്യയിൽ മാത്രമല്ല ഈജിപ്റ്റ്‌, സൗരാഷ്ട്ര, യഹൂദർ‍, ബുദ്ധ-ജൈന മതങ്ങൾ ഒക്കെ തന്നെ പശുവിനെ ബഹുമാന പുരസരം കണ്ടുവന്ന ചരിത്രമുണ്ട്.  ഹിന്ദു മതം പൊതുവേ സസ്യാഹാരത്തെ പിന്തുണക്കുന്നു എന്ന് തോന്നാമെങ്കിലും ഇന്ത്യയിൽ സസ്യാഹാരത്തെ പ്രോത്സഹിപ്പിച്ച മതം ജൈന മതം തന്നെ. ബുദ്ധമതം കൊലയെ എതിർക്കുന്നു. ജൈനിസം മുന്നോട്ട് വച്ച  ഭക്ഷണത്തിനായി പോലും മൃഗങ്ങളെ കൊല്ലരുത് എന്ന നിലപാടിൽ ബുദ്ധമതത്തിൽ ചില വിട്ടുവീഴ്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഹിന്ദു മതത്തിൽ പല പുരാണങ്ങളിലും സ്മൃതികളിലും ഉപനിഷത്തുക്കളിലും ഗോവധത്തെ അംഗീകരിക്കുന്ന നിരവധി പരാമർ‍ശങ്ങൾ ‍കാണാം.

ഹിന്ദു പണ്ധിതവര്യനും  ഇന്ത്യയുടെ രാഷ്ട്രപതിയുമായിരുന്ന എസ്. രാധാകൃഷ്ണൻ‍ മൊഴിമാറ്റം വരുത്തിയ ബ്രുഹദാരണിയ ഉപനിഷത്തിന്‍റെ 6ാം അദ്ധ്യായത്തിൽ പറയുന്നത് ഇപ്രകാരമാണ്.

“Now if one wishes...  a son, learned, famous, a frequenter of assemblies... they should have rice cooked with meat and eat it with clarified butter, then they should be able to beget (such a son), either veal or beef.” (Brihad Aranyaka Upanishad, VI.4.18, “The Principal Upanishads,” translated from the Sanskrit by S. Radhakrishnan.) അർത്‍ഥം ചുരുക്കി പറഞ്ഞാൽ‍ വിജ്ഞനവും പ്രശസ്തിയുമുള്ള മകനെ നിങ്ങൾ‍ക്കു കിട്ടണമെങ്കിൽ അച്ഛനമ്മമാർ (ഉപദേശം രാജാവിനോട്) beef or veal(പശുകുട്ടിയുടെ) മാംസം അരിയുമായി വേവിച്ചു തെളിഞ്ഞ നെയ്യിൽ കഴിക്കണം. ഈ വരികൾ ഉപനിഷത്ത് ആരാധകനായ സർ‍വേപള്ളി രാധാകൃഷ്ണൻ‍ വളച്ചൊടിച്ചതായി  സാമാന്യ ജ്ഞനമുള്ളവർ‍ ആരും പറയുകയില്ല. മനുഷ്യന്‍റെ പരിണാമത്തെ പറ്റി പഠിച്ചവർ‍ക്കു മനസ്സിലാക്കുവാൻ‍ കഴിഞ്ഞത് മനുഷ്യന്‍റെ തലച്ചോറിന്‍റെ ഗുണപരമായ പെട്ടെന്നുണ്ടായ വളർ‍ച്ചക്ക് മാട്ടിറച്ചി ഉപയോഗം വലിയപങ്കു വഹിച്ചു എന്നാണ്. poor man’s protien എന്നു വിശേഷിപ്പിച്ചിട്ടുള്ള മാട്ടിറച്ചികളിലും മറ്റുമെ  vitamin B 12  അടങ്ങിയിട്ടുള്ളു. മാത്രമല്ല നല്ല അളവിൽ സിങ്കും ഇരുന്പും അടങ്ങിയ ഇറച്ചി സാധാരണക്കാർ‍ക്ക് ആരോഗ്യദായകം തന്നെ. ഇതു മനസ്സിലാക്കിയിരുന്ന സന്യാസിയായിരുന്നു സ്വാമി വിവേകാനന്ദൻ‍. അദ്ധേഹത്തിന്‍റെ (1893) ചിക്കാഗോ പ്രസംഗം കഴിഞ്ഞ ദിവസം തന്നെ ഹോട്ടലിൽ നിന്നും ബീഫ് ഉൾപ്പെടുന്ന  ഭക്ഷണം കഴിച്ചതായി അദ്ദേഹത്തിന്‍റെ ചിക്കഗോയിലെ സുഹൃത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീ രാമകൃഷ്ണ ആശ്രമക്കാരാരും പ്രസ്തുത വാർത്തയെ നിഷേധിക്കുവാൻ  മുന്നോട്ടു വന്നിട്ടില്ല.

ബ്രുഹദാരണ്യ ഉപനിഷത്തിലെ പരാമർ‍ശം ഒറ്റപ്പെട്ടതായി  കരുതേണ്ടതില്ല. മഹാഭാരതത്തിലെ വാനപർ‍വ്വം വരികൾ വായിക്കുക.

O Brahmana, king Sivi, the son of Usinara, of great forbearance attained to heaven, which is hard to reach, giving away his own flesh. And in days of yore, O Brahmana, two thousand animals used to be killed every day in the kitchen of king Rantideva; and in the same manner two thousand cows were killed every day; and, O best of regenerate beings, king Rantideva acquired unrivalled reputation by distributing food with meat every day. For the performance of the four monthly rites animals ought to be sacrificed daily. ‘The sacred fire is fond of animal food,’ this saying has come down to us. And at sacrifices animals are invariably killed by regenerate Brahmanas, and these animals being purged of sin, by incantation of hymns, go to heaven. If, O Brahmana, the sacred fire had not been so fond of animal food in ancient times, it could never have become the food of any one. And in this matter of animal food, this rule has been laid down by Munis:–Whoever partakes of animal food after having first offered it duly and respectfully to the gods and the manes, is not polluted by the act.”

മഹാഭാരതത്തിലെ ശാന്തിപർ‍വ്വം 24 ബീഫിന്റെ പ്രാധാന്യത്തെ പറ്റി വർ‍ണ്ണിക്കുന്നു. മഹാരഥന്മാരായ കാളിദാസൻ‍, ഭവഭൂതി, ശരിഹർ‍ഷൻ‍ തുടങ്ങിയവർ‍ ബീഫ് ഉപയോഗിച്ചിരുന്നതായി അവരെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങളിൽ കണ്ടെത്താം. രാമനെ ഭരദ്വജൻ‍  സ്വീകരിച്ചത് പശുവിനെ ബലി  കൊടുത്തുകൊണ്ട്. അശ്വമേധത്തിൽ 60ലധികം മൃഗബലിക്കു സമാപനം കുറിച്ച് നടക്കുന്ന ചടങ്ങിൽ 21 പശുക്കളെ കൊല്ലുകയും യാഗത്തിനു നേതൃത്വം കൊടുക്കുന്ന ബ്രാഹ്മണനും പത്നിയും അതിന്‍റെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഹിന്ദു മതത്തിലെ പല ചടങ്ങുകളിലും പശുവിനെ കൊല്ലുന്നത് സാധാ പരിപാടി ആണെന്നിരിക്കെ എന്തിനാണ് ബീഫ് വിഷയം ഉയർ‍ത്തി, വർ‍ഗ്ഗീയ ചേരിതിരുവുകൾ ഉണ്ടാക്കി, നൂനപക്ഷങ്ങളെ ഭീതിയിലും ചിലപ്പോൾ മാംസം ഭക്ഷിച്ചെന്ന പേരിൽ കൊലപ്പെടുത്തുകവരെ ചെയ്യുന്നത്? ഇത്തരം വെല്ലുവിളികൾ ഒറ്റപ്പെട്ട സംഭവമല്ല. എല്ലാം ഉന്നത രാഷ്ട്രീയ മണ്ധലങ്ങളിൽ നിന്ന് ജന്മം എടുക്കുന്നതു തന്നെ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോഡിയും സംഘവും നടത്തിയ പ്രചരണം ഗോവിനെ സംരക്ഷിക്കുവാൻ‍ തങ്ങളെ തെരഞ്ഞെടുക്കു എന്നായിരുന്നു.(മനുഷ്യനെ സംരക്ഷിച്ചു സംരക്ഷിച്ചു കുഴഞ്ഞു വീണ ധീരനാണല്ലോ ഇദ്ദേഹം). ഇന്ത്യയാണ് ലോക മാർ‍ക്കറ്റിൽ ഏറ്റവും കൂടുതൽ ബീഫ് കയറ്റി അയക്കുന്ന രണ്ടാമത്തെ രാജ്യം. കയറ്റുമതി 30000-45000 കോടിയുടേത്. എന്നാൽ കയറ്റുമതി യഥേഷ്ടം തുടരുന്നു. മാത്രമല്ല കയറ്റുമതിയിൽ 20% വർ‍ദ്ധനവ്‌ കഴിഞ്ഞ നാളുകളിൽ ഉണ്ടായി. കയറ്റുമതിക്കാരിൽ 5 പേർ ‍(7ൽ‍) ഹിന്ദുസമുദായ നാമധാരികൾ‍. Al-Kabber എന്നbrandന്‍റെ ഉടമസ്ഥൻ അതുൽ സുബർ‍വാല. ജപ്പാൻ  മാർ‍ക്കറ്റിലെ പേര് സമുറായ്. ഇന്ത്യയിലെ ഇറച്ചി കയറ്റുമതിക്കാരിൽ ചിലർ. ദീപക് തിജൂരി (Arabian exporters) അജയ് സുധീൻ‍, M.K. ധോറ. തുടങ്ങിയവർ‍.

ബി.ജെ.പിയും ആർ.എസ്.എസ്സും തുടങ്ങിയ വർ‍ഗ്ഗീയ ഹിന്ദുഗ്രൂപ്പ്‌ ആരെന്തു കഴിക്കണമെന്നു പറയുന്പോൾ, യു.പിയിലെ ദാദ്രീ ഗ്രാമത്തിൽ ഒരു നിരപരാധിയെ (അഖ്ലക്ക്) ബീഫ് മാംസത്തിന്റെ പേരിൽ  ബി.ജെ.പി എം.പിയുടെ മകന്‍റെ നേതൃത്വത്തിൽ അടിച്ചുകൊല്ലുന്നു. ഇന്ത്യ എത്ര കാടത്തത്തിന്‍റെ നാളുകളിലേക്ക് അധപ്പതിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കൊലപാതകം. കൊലപാതകത്തിൽ പങ്കുണ്ടെന്നു കരുതുന്ന ബി.ജെ.പി പാർ‍ട്ടിയുടെ ആന്ധ്രയിലെ നേതാവ് ബീഫ് കയറ്റി അയക്കുന്ന കന്പനിയുടെ ഡയറക്ടറിൽ ഒരാളെന്നറിന്പോൾ ബി.ജെ.പിയുടെ അതിദാരുണമായ ചതിയുടെ രാഷ്ട്രീയം മനസ്സിലാകും. ഇന്ത്യയിൽ ‍ഏറ്റവും കുടുതൽ അറവുശാലകൾ ഉള്ള ഒരു നഗരം RSSശക്തികേന്ദ്രമായ   നാഗ്പൂർ തന്നെ. ഭക്ഷണത്തിന്‍റെ പേരിൽ സാമൂഹിക സ്പർ‍ദ്ധ വളർ‍ത്തുന്ന ബി.ജെ.പി കാപട്യത്തിന്‍റെയും കലാപത്തിന്‍റെയും വിത്തു വിതക്കുന്നവരാണ് എന്ന് അറിയുന്പോൾ രാജ്യം എത്രമാത്രം മുല്യങ്ങളിൽ നിന്നും അകന്നുപോയി എന്ന് ജനങ്ങൾക്കൊപ്പം വൈദേശികരിൽ പലരും വേദനിക്കുന്നുണ്ടാകും. 

കൽബുർ‍ഗിയും പൻസരയും  ദബ്ബോൽക്കറും കൊലചെയ്യപ്പെട്ടു. വിശ്വഗായകൻ പാകിസ്ഥാനി ആയി പോയതിൽ ഇന്ത്യയിൽ പാടാൻ‍ അനുവാദമില്ല. സമൂഹത്തിൽ അനസ്യൂയം പടരുന്ന ഫാസിസത്തിന്‍റെ കൊടും ഇരുട്ടിൽ‍നിന്ന് നാടിനെ മോചിപ്പിക്കുവാൻ‍ എല്ലാ മനുഷ്യ സ്നേഹികളും ഒറ്റ കെട്ടായി അണിചേരാൻ‍ ഇനിയും വൈകിക്കൂടാ. മനുഷ്യർ എന്തു കഴിക്കരുതെന്നല്ല എല്ലാവരും  എന്തെങ്കിലും നിർബന്ധമായും  കഴിക്കണമെന്നായിരിക്കട്ടെ സമൂഹത്തിന്‍റെ സ്വപ്നം.

You might also like

Most Viewed