പെന്പളൈ ഒരുമൈ സമരം സിന്ദാബാദ്...
തേയില മനുഷ്യന്റെ അവശ്യ വസ്തു അല്ല. എന്നാൽ ചായ കുടിക്കുക എന്ന ശീലത്തിലൂടെ അത് അവശ്യ വസ്തുവായി മാറിക്കഴിഞ്ഞു. യൂറോപ്യന്മാരുടെ വ്യാപാര താൽപ്പര്യം മുഴച്ചു നിന്ന യാത്രയിൽ അവരുടെ നാട്ടിലെ തണുപ്പ് കാലാവസ്ഥാസ്ഥിതികൾക്ക് യോജിച്ച ചായയുടെ മാർക്കറ്റ് മുന്നിൽ കണ്ട് തേയില തോട്ടം അവർ വ്യവസായ അടിസ്ഥാനത്തിൽ കൃഷി ചെയ്തു തുടങ്ങി. ബ്രസീലിന്റെ റബറും കശുവണ്ടിയും മറ്റു ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിച്ചത് യൂറോപ്യൻ കച്ചവട താൽപ്പര്യങ്ങളാലാണ്. കൃഷി വ്യാവസായികമായി മാറ്റാം എന്നും അതിലൂടെ വ്യവസായ വിപ്ലവത്തെ കൂടുതൽ സജീവമാക്കാം എന്നുമുള്ള കണ്ടെത്തൽ തികച്ചും മുതലാളിത്തത്തിന്റെ ശരിയായ സാന്പത്തിക ശാസ്ത്രം തന്നെ. ഇത്തരം കാർഷിക മേഖലയിലെ വൈവിദ്ധ്യവൽക്കരണം ലോകത്തിന്റെ ഭാവിയെ പിൽക്കാലത്തു മാറ്റി മറിച്ചു.
ബ്രിട്ടീഷുകാരുടെ കോളനികളിൽ ഉഷ്ണമേഖലാ മഴക്കാടുകളെ വ്യവസായ അടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി, പശ്ചിമഘട്ട മലനിരകളും ആസാം, ഡാർജിലിംഗ് മലകളും, ശ്രീലങ്ക, മലേഷ്യ, ഇൻഡോനേഷ്യ തുടങ്ങിയ മറ്റ് പച്ച തുരുത്തുകളും തോട്ടങ്ങളായി രൂപാന്തരപ്പെടുത്തി. സഹ്യ പർവ്വത മലകളിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം തേയില, കാപ്പി, റബർ തോട്ടങ്ങൾ സജീവമായി. തിരുവിതാം കൂറിന്റെ ദിവാനായിരുന്ന മൺറു സായിപ്പിന്റെ സഹായത്താൽ 1870 കളിൽ തേയില കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ മലകളിൽ ആരംഭിച്ചു. എ.എച്ച് ഷാർപ്പ് എന്ന സായിപ്പ് അതിന് നേതൃത്വം നൽകി.
കണ്ണൻ ദേവൻ എന്ന തേയില ബ്രാന്റ് മാർക്കറ്റിൽ സജീവമായി ടാറ്റ വിറ്റഴിക്കുന്പോൾ, ഈ ഉൽപ്പന്നത്തിന്റെ പേര് മൂന്നാറിലെ ആദിവാസി നേതാവായിരുന്ന കണ്ണൻ തേവരുടെതായിരിക്കണം എന്ന് കച്ചവട തന്ത്രജ്ഞന്മാർക്ക് തോന്നുക സ്വാഭാവികമാണ്. അഞ്ചുനാട് എന്ന പേരിൽ നാട് ഭരിച്ചിരുന്ന ഇവർ പൂഞ്ഞാർ രാജാവിന് കീഴ്പ്പെട്ടായിരുന്നു ഭരിച്ചത്. മാർത്താണ്ധ വർമ്മയുടെ വെട്ടിപ്പിടുത്തത്തിൽ പൂഞ്ഞാർ തിരുവിതാം കൂറിന്റെ ഭാഗമായി മാറി. അക്കാലത്ത് ജോൺ ഡാനിയൽ മാൻട്രോ, രാജാവിൽ നിന്ന് തുച്ഛമായ തുകയ്ക്ക് സ്വന്തമാക്കിയതാണ് തെക്കിന്റെ കാശ്മീരായ മൂന്നാർ മലനിരകളെ. തൊഴിലാളികൾ എന്ന വർഗ്ഗം. തന്നെ രൂപപ്പെട്ടു തുടങ്ങാത്ത നമ്മുടെ നാട്ടിൽ, ജന്മിയുടെ കൃഷീവലൻ മാത്രമായ കർഷകത്തൊഴിലാളി അടിമയേക്കാൾ മോശമായ ജീവിതസാഹചര്യത്തിലാണ് കഴിഞ്ഞു വന്നത്. കാർഷിക വൃത്തി മാത്രം തൊഴിലാക്കിയ നമ്മുടെ നാട്ടിൽ പണി എടുക്കുന്നവർക്ക് ഇഷ്ടമുള്ള പണിയിടങ്ങൾ തിരഞ്ഞെടുക്കാൻ സാധ്യമായിരുന്നില്ല. തൊഴിൽ കന്പോളങ്ങൾ ഇല്ലായിരുന്നു. അദ്ധ്വാന ശക്തി വാങ്ങുവാനോ വിൽക്കുവാനോ അവസരമില്ലായിരുന്നു. കാരണം ഓരോ പണിയാളനും ഓരോ ജന്മിയുടെ സ്വകാര്യ സ്വത്തായിരുന്നു. ഈ സാമൂഹിക പശ്ചാത്തലത്തിൽ പുതിയ കൃഷി സ്ഥലങ്ങളിലേയ്ക്ക് ആവശ്യമായ പണിക്കാരെ ബ്രിട്ടീഷ് തോട്ടം വ്യവസായികൾക്ക് ലഭ്യമാകാണെമെങ്കിൽ ബുദ്ധിമുട്ടുണ്ടാകുക സ്വാഭാവികമാണ്. ഈ പ്രശ്നം പരിഹരിക്കുവാനാണ് സായിപ്പ് (മൺറു) അടിമ വ്യാപാരം നിരോധിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ഗൗരവമായി തീരുമാനങ്ങൾ 1853 ൽ തിരുവിതാംകൂർ ഭരണീയരെ കൊണ്ടെടുപ്പിക്കുന്നത്. വ്യവസായ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യ തൊഴിലാളി വർഗ്ഗം എന്ന അദ്ധ്വാന ശക്തി വിലപേശി വിൽക്കുവാൻ അവകാശമുള്ള ഒരു വിഭാഗം യൂറോപ്പിലുണ്ടായി. നമ്മുടെ നാട്ടിലും ഏറെ വൈകിയാണെങ്കിലും ഇതേ വർഗ്ഗം ഇത്തരത്തിൽ പിറന്നു വീണു. മൂന്നാർ തേയില തോട്ടങ്ങളിലും വയനാടൻ പത്തനംതിട്ട കാപ്പി, റബർ മേഖലകളിലും പണി എടുക്കുവാൻ അന്യ പ്രദേശങ്ങളിൽ നിന്നും തൊഴിലാളികളെ ലഭ്യമായി. അടിമകളല്ല എന്ന് നിയമം അനുശാസിക്കുന്പോഴും അടിമകളെ പോലെ ജീവിച്ചു വന്ന ഇവരെ വെളുത്ത സായിപ്പും അവരുടെ പാർട്ണർമാരായ നാട്ടിലെ ജന്മിമാരും പഴയതിലും മോശമല്ലാത്ത നിലയിൽ ചൂഷണം ചെയ്തു കൊണ്ട് മൺറു സായിപ്പ് ബ്രിട്ടീഷ് കച്ചവടങ്ങൾക്കായി സ്വന്തമാക്കിയ 59000 ഹെക്ടർ ഭൂമി മറ്റൊരു ചൂഷണ ഇടമായി നില നിന്നു.
തേയിലയും കാപ്പിയും മറ്റും യൂറോപ്യൻ മണ്ണിൽ വളരില്ല എങ്കിലും അവയുടെ ലോക വ്യാപാരം 19ാം നൂറ്റാണ്ടു മുതൽ ഇന്നും നിയന്ത്രിക്കുന്നത് യൂറോപ്പ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കുത്തകകൾ തന്നെ. ലിപ്ടൺ, ബ്രൂക്ക് ബോൺ തുടങ്ങിയ കന്പനികളാണ് അവരുടെ നാടിന് അന്യമായ ഉൽപ്പന്നങ്ങളെ സ്വന്തം നാടിന്റെ വിള പോലെ കൈകാര്യം ചെയ്യുന്നത്. ഇവയുടെ പയ്ക്കറ്റുകളിൽ ഉൽപ്പാദിക്കുന്നത് സായിപ്പിന്റെ നാട്ടിൽ നിന്നാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ഭൂമി ശാസ്ത്രത്തോട് ഒരു ബന്ധവുമില്ലാത്ത ഉൽപ്പന്നത്തെ വ്യാവസായിക അടിസ്ഥാനത്തിൽ കച്ചവടം ചെയ്ത് ലാഭമുണ്ടാക്കുന്പോൾ നമ്മുടെ മണ്ണും മനുഷ്യരും ആരാലും വിലമതിക്കപ്പെടാതെ പോകുന്നു. മൂന്നാർ മലനിരകളിലെ മനുഷ്യന്റെ സാന്നിദ്ധ്യം എല്ലാം നഷ്ടപ്പെട്ടവരുടെ കഥകളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. സ്വന്തം നാട്ടിൽ നിന്ന് പണിയാളരായി അപരിചിതമായ നാട്ടിൽ എത്തപ്പെട്ടവർ. അന്യമായ കാലാവസ്ഥയിൽ, ഒറ്റപ്പെട്ട ഇടങ്ങളിൽ പറിച്ചു നടപ്പെട്ടവരാണിവർ. നിരക്ഷരരായ ഒരു കൂട്ടം നിരാലംബരായവർ ഉന്നത സ്ഥാനങ്ങളും സന്പത്തും നിയന്ത്രിക്കുന്ന അന്യഭാഷക്കാരായ അധികാരിയുടെ കീഴിൽ പണിചെയ്യുക എന്ന അവസ്ഥ ഭീകരമാണ്.
കണ്ണൻ ദേവൻ തേയില തോട്ടങ്ങൾ രാജാവിൽ നിന്ന് പാട്ടത്തിനെടുത്ത കരാർ സ്വാഭാവികമായും രാജവാഴ്ച അവസാനിക്കുന്പോൾ അസാധുവാകേണ്ടതാണ്. 59000 ഹെക്ടർ ഭൂമിയിലെ ചുങ്കം നൽകി മറ്റൊരു 1.1 ലക്ഷം ഹെക്ടർ ഭൂമി നിലനിർത്തുകയാണ് പിൻക്കാലത്ത് ടാറ്റ ചെയ്തത്. വിദേശ ഉടമസ്ഥതയിൽ നിന്നു പൂർണ്ണമായും ഇന്ത്യൻ കന്പനിയായി മാറി കഴിഞ്ഞിരുന്ന (1983) കണ്ണൻ ദേവൻ ടീ ലിമിറ്റഡിന്റെ ഉടമസ്ഥാവകാശം പരിശോധിച്ചാൽ ഒരു കന്പനിയെ ചെറിയ മുതൽ മുടക്ക് കൊടുത്ത് എങ്ങനെയാണ് പരിപൂർണ്ണമായും നിയന്ത്രിക്കുന്നത് എന്ന് മനസ്സിലാകും. ടാറ്റ കന്പനിക്ക് 19% ഷെയറും തൊഴിലാളികൾക്ക് 75% ഷെയറും ബാക്കി ഉള്ള 6% കന്പനിയിലെ ഉയർന്ന തട്ടിലുള്ള ഭരണം നിയന്ത്രിക്കുന്നവർക്കും. അതുകൊണ്ട് കണ്ണൻ ദേവൻ കന്പനി ടാറ്റയുടെതല്ല തൊഴിലാളി കുടുംബങ്ങളുടെതാണ് എന്ന് വേണമെങ്കിൽ അവകാശപ്പെടാം. കണ്ണൻ ദേവൻ തേയില കന്പനിയുടെ എല്ലാ തീരുമാനങ്ങളും ടാറ്റ കൈക്കൊള്ളുന്നു. കന്പനി ഉൽപാദിപ്പിക്കുന്ന തേയില ടാറ്റ വാങ്ങി ടാറ്റയുടെ ലേബലിൽ വിറ്റഴിക്കുന്നു. ഇവിടെ വിലയിലെ അന്തര 100 മുതൽ 150 ശതമാനത്തിനും മുകളിലാണ്. തേയില പൊടിയുടെ വിലയിൽ സ്ഥിരമായ വർദ്ധനവ് ഉണ്ടാകുന്പോൾ അതിന്റെ ഉറവിടമായ കൊളുന്തിന്റെ വില വൻ തകർച്ചയിലാണ്. 25 വരെ ഉണ്ടായിരുന്ന വില ഇന്ന് 6.50 രൂപയായി താഴ്ന്നിട്ടുണ്ട്. തേയില ഫാക്ടറികൾ ഉള്ള കന്പനികൾക്ക് ഇത് കൊള്ള നടത്തുവാനുള്ള അവസരമാണ്. ടാറ്റയും മറ്റും വിലകുറച്ച് ശേഖരിക്കുന്ന തേയിലയുടെ വില കുറവ് സാധാരണ കൃഷിക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനേക്കാൾ വലിയ ചൂഷണമാണ് സർക്കാർ ഭൂമി തുച്ഛമായ ചുങ്കത്തിനു സ്വന്തമാക്കിയിരിക്കുന്ന അവസ്ഥ. പാട്ട ഭൂമി കരാർ വിരുദ്ധമായി ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും വൻ കന്പനികൾക്ക് ഒരു മടിയുമില്ല. സർക്കാർ സ്ഥാപനമായി 1968 മുതൽ പ്രവർത്തിച്ചു തുടങ്ങിയ കേരള റബർ പ്ലാന്റേഷൻ കോർപ്പറേറ്റുമായി ഉണ്ടാക്കിയ പാട്ടകരാർ മനസ്സിലാക്കിയാൽ എങ്ങനെയാണ് പൊതുഭൂമി കോർപ്പറേറ്റുകൾ തുച്ഛമായ വിലക്ക് കൈ കടത്തി വച്ചിരിക്കുന്നത് എന്ന് മനസിലാകും. കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഭൂമി പാട്ടത്തിനു നൽകിയ തോതിൽ തന്നെ സ്വകാര്യ വ്യക്തികൾക്കും ഭൂമി നൽകണമെന്ന വിധി വൻകിട തോട്ടം മുതലാളിമാർക്ക് സഹായകരമായി എന്ന് പറയേണ്ടതില്ലല്ലോ, എന്ന് മാത്രമല്ല വർദ്ധനവ് 10% ത്തിൽ അധികമാകരുത് എന്നും കോടതി പറയാൻ മറന്നില്ല. കേരള പ്ലാന്റെഷൻ കോർപ്പറേഷൻ സർക്കാർ 7798 ഹെക്ടർ ഭൂമി 50 വർഷം പാട്ട കാലാവധിക്കാണ് നൽകിയത്. ആദ്യ 10 വർഷം (1980വരെ) ഏക്കറിന് 3 രൂപയും പിന്നീട് 10 രൂപയും 10 വർഷം നൽകണം. 1980 ൽ ചുങ്കം പുതുക്കാം എന്ന് കരാർ പറയുന്നു. എന്നാൽ വേണ്ട തരത്തിൽ ചുങ്കം വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായില്ല. അതു ലക്ഷ്യം വെച്ചത് കോർപ്പറേറ്റ് താൽപ്പര്യങ്ങളെ സംരിക്ഷിക്കലായിരുന്നു.
അടിമ തുല്യരായ തൊഴിലാളികളെ 1950മുതൽ സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകിയത് AITUCയായിരുന്നു. തൊഴിലവകാശങ്ങൾക്കായി 1958ൽ ടാറ്റക്കെതിരെ നടന്ന 18 ദിവസത്തെ സമരം പോലീസ് വെടിവെപ്പിൽ കലാശിച്ചു. പിച്ചമ്മാളും റഹ്്മാൻ റാവുത്തറും രക്തസാക്ഷികളായി. 58ലെ ശന്പളം 1 രൂപയും ബോണസ്സ് 4 രൂപ അന്‍പതു പൈസയും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേതനം പറ്റുന്ന തോട്ടം തൊഴിലാളികളായി ഇക്കൂട്ടർ മാറിയിരുന്നു. എന്നാൽ തൊഴിലാളികളെ അവകാശ ബോധമുള്ളവരാക്കി മാറ്റിയ തൊഴിലാളി സംഘടനകൾ പിന്നിട് ചുവടുമാറ്റി. കോർപ്പറേറ്റ് താൽപ്പര്യങ്ങളെ കൂടുതൽ പരിഗണിച്ച് തൊഴിലാളികളിൽ നിന്നും അകന്ന തൊഴിലാളി സംഘടനകളെ വിമർശിക്കുവാൻ തൊഴിലാളികൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല. അനധികൃത കൈയേറ്റ ഭൂമി ഒഴിപ്പിക്കുവാൻ വി.എസ് പ്രത്യേക പരിപാടി തയ്യാറാക്കി മുന്നിട്ട് ഇറങ്ങിയപ്പോൾ അതിനെ തകർക്കുവാൻ സ്വന്തം പാർട്ടിക്കാർക്കൂടി മുന്നിട്ടിറങ്ങിയതിൽ നിന്നും പാർട്ടികൾ എത്തിച്ചേർന്ന കോർപ്പറേറ്റ് പ്രണയം തെളിയിക്കുന്നു. അന്ന് തൊഴിലാളികളെ വി.എസ്സിനെതിരായി രംഗത്തിറക്കുവാൻ തൊഴിലാളി നേതാക്കൾക്ക് കഴിഞ്ഞു. എന്നാൽ ഇന്ന് അതേ തൊഴിലാളികൾക്ക് അവരുടെ തൊഴിൽസംഘടനയും നേതാക്കളും എത്രമാത്രം അപകടകരമാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദേശീയ പണിമുടക്ക് ദിവസം തൊഴിലാളി സ്ത്രീകൾ വിവിധ യൂണിയൻ ആപ്പിസുകളിലേക്ക് പ്രതിക്ഷേധ ജാഥകൾ നയിച്ച് അവരുടെ പ്രതിക്ഷേധം രേഖപെടുത്തി. അപ്പോഴും തൊഴിലാളികൾക്ക് കഴിഞ്ഞ നാളുകളിൽ ലഭിച്ച അവകാശങ്ങൾ എങ്കിലും നേടികൊടുക്കുന്നതിൽ യുണിയനുകൾ തയ്യാറായിരുന്നില്ല. സ്ത്രീ തോഴിലാളികൾ അനുഭവിച്ചു വന്ന നിരന്തര ചൂഷണം അവരുടെ ജീവിതത്തെ വല്ലാതെ തളർത്തിക്കഴിഞ്ഞു. തൊഴിലാളിയുടെ ദുരിതങ്ങൾ മനസ്സിലാക്കുവാൻ കഴിയാത്ത രാഷ്ട്രീയ പാർട്ടികൾ ഉപയോഗശൂന്യമായ ഒരു ശവമാണെന്നും അത് കുഴിച്ചു മൂടേണ്‍ടതാണെന്നും പറയുവാൻ ലഭിച്ച അവസരത്തെ പുതിയ ഒരു സമരമുഖമാക്കുവാൻ സ്ത്രീ തൊഴിലാളികൾ തയ്യാറായി എന്നതാണ് മുന്നാർ അനുഭവങ്ങൾ തെളിയിക്കുന്നത്.
തോട്ടം മേഖലകൾ ഏകപക്ഷീയ പുരുഷാധിപത്യ ഇടങ്ങളാണ്. താഴേ തട്ടിലുള്ള തൊഴിലെല്ലാം സ്ത്രീകൾ ചെയ്യുന്പോൾ ഉയർന്ന തസ്തികകൾ പുരുഷന്മാർക്കായി മാറ്റിവെച്ചിരിക്കുന്നു. ഒരു തോട്ടത്തിലെ താഴേ തട്ടിലെ ജോലി സ്ത്രീകൾ ചെയ്യുന്പോൾ അതിനു മുകളിലുള്ള വാച്ചർ, സൂപ്പർവൈസർ, ഫീൽഡ് ഓഫീസർ, മാനേജർ തസ്ഥിതികകൾ പുരുഷന്മാർക്ക് സംഭരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്ത്രീകൾ രാവിലെ 8 മണി മുതൽ 4.30 വരെ ജോലി ചെയ്യുന്പോൾ പുരുഷന്മാർക്ക് രണ്ടു മണിക്ക് ജോലി മതിയാക്കാം. ഇനി കൊളുന്തു പറിക്കുന്ന തൊഴിലാളിക്ക് (സ്ത്രീകൾ) അധികം നുള്ളുന്ന കൊളുന്തിന് (21 കിലോക്ക് മുകളിൽ) കിലോക്ക് 50 പൈസാ നൽകുന്പോൾ. 40 മുതൽ 60 തൊഴിലാളികളെ നിയന്ത്രിക്കുന്ന സുപ്പർവൈസർക്ക് കിലോക്ക് 1 രൂപാ വീതവും 200 മുതൽ 300 തൊഴിലാളികൾവരെ പണിയെടുക്കുന്ന യൂനിറ്റിന്‍റെ അധിപന് (ഫീൽഡ് ഓഫീസർക്ക്) അധികകിലോയ്ക്ക് 5 രൂപാവീതം കിട്ടും. 2−4 യൂനിറ്റ് ഒന്നിച്ച് നിയന്ത്രിക്കുന്ന മാനേജർക്ക് ഒരുകിലോ തേയില അധികം നുള്ളിയാൽ കിട്ടുന്നത് 10 രൂപാ വെച്ച്. ഇതിനർത്ഥം കൊളുന്തുനുള്ളുന്ന അർദ്ധപട്ടിണിക്കാർക്ക് 50 പൈസ്സ കിട്ടുന്പോൾ മാനേജർക്ക് 20 ഇരട്ടി ലഭിക്കുന്നു. ഒരു തൊഴിലാളി 20 കിലോ അധികം നുള്ളിയാൽ തൊഴിലാളിക്ക് 10രൂപ. 40 തൊഴിലാളിയുടെ സൂപ്പർവൈസർക്കു 20x1x40=800 രൂപ പ്രതിദിനം കിട്ടും. 200 തൊഴിലാളികളുള്ള ഒരു തോട്ടത്തിലെ ഫീൽഡ് ഓഫീസർക്ക് കിട്ടുക 200x20x5= 20000 രൂപയും മാനേജർക്ക് 500 തൊഴിലാളി എങ്കിലും ഉണ്ടെങ്കിൽ 1 ലക്ഷം ഒരു ദിവസം അധികം കിട്ടുമെന്ന് പറഞ്ഞാൽ സാധാരണക്കാർക്ക് വിശ്വസിക്കുവാൻ ഇത്തിരി പ്രയാസമായിരക്കും. തൊഴിലാളികൾക്ക് 8.33 ബോണസ്സ് എന്നു പറഞ്ഞാൽ കയ്യിൽ കിട്ടുക 3500 രൂപ. അതിൽ യുണിയൻ വിഹിതം 200രൂപ. തൊഴിലാളി യുണിയനുകൾ തൊഴിലാളികൾക്ക് പണം പലിശ സഹകരണ സംഘങ്ങൾ വഴി 18% ശതമാനം പലിശയ്ക്കു നൽകുന്നു. ഒരു വിഭാഗം തൊഴിലാളികൾ അടിമ തുല്യം നിരവധി വിവേചങ്ങൾക്കും മറ്റ് ചൂഷണത്തിന്നും വിധേയമായിരിക്കുന്പോൾ അവരോട് ഒരു വിഭാഗത്തിനും കണ്ണടക്കുവാൻ കഴിയില്ല. 100 വർഷം പിന്നിട്ട ലയങ്ങളിൽ (വീടുകളുടെ പേരുതന്നെ ശ്രദ്ധിക്കുക) ഒരു മുറിക്കുള്ളിൽ നിരവധി ദശകങ്ങൾ ജീവിക്കുക, 40 വർഷങ്ങൾക്കുശേഷം ജീവിക്കാൻ ഇടമില്ലാതെ തെരുവിലേക്ക് എറിയപ്പെടുക. ഇവർക്ക് ലഭിക്കുന്ന പെൻഷൻ ഇപ്പോൾ 1500 രൂപ. അതും ആരംഭിച്ചിട്ട് ചുരുക്കം വർഷങ്ങളെ ആയിട്ടുള്ളൂ.വിറകിനും വൈദുദിക്കും പണം ശന്പളത്തിൽ നിന്നും പിടിച്ച് തൊഴിലാളിക്ക് കയ്യിൽ കൊണ്ടുപോകുവാൻ കിട്ടുന്നത് 1700 രൂപക്കടുത്തുമാത്രം. എന്നാൽ തേയിലപ്പൊടിക്ക് 350 രൂപ മാർക്കറ്റിൽ വിലയുള്ളപ്പോൾ ഉൽപ്പന്നത്തിന്‍റെ പ്രധാന ഉത്പാദകർക്ക് പട്ടിണിമാത്രം മിച്ചം. ഈ കാടത്തത്തെ കണ്ടില്ല എന്നു നടിക്കുവാൻ കഴിയുന്നവർ പൊതുസമൂഹത്തിന് അപകടമേ വരുത്തിവെയ്ക്കു.
തോട്ടങ്ങളിലെ കീടനാശിനികളും കളനാശിനികളും സ്ത്രീകളിൽ നിരവധി തീരാ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്്ടിക്കുന്നു. ഈ വിഷയത്തിലും സർക്കാരും തോട്ടം ഉടമകളും താൽപര്യം കാട്ടിയ ചരിത്രമില്ല.
ഡൽഹിയുടെ രാഷ്ട്രീയം ചീഞ്ഞു നാറിയപ്പോൾ അവിടെ AAP രാഷ്ടീയം ജനിച്ചു വീണു. കേരളത്തിലെ തൊഴിലാളിവർഗ്ഗ നേതൃത്വം തൊഴിലാളികളെ ആവർത്തിച്ചു വഞ്ചിച്ച പശ്ചച്ചാതലം നമുക്ക് നൽകുന്നത് സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന പുതിയ സാമൂഹികസംഘടനയാണ്. അത് സർഗാദ്മകമായ പുതിയ ഉത്തരവതിത്ത രാഷ്ട്രീയത്തിന്‍റെ ഒരു ലോകം സൃഷ്ടിച്ച് കേരളത്തെ അതിന്‍റെ പഴയ നാളുകൾ ഓർമ്മിപ്പിക്കുന്ന ആശാവഹമായ ഒരു നല്ല നാടാക്കി പുതുക്കിപണിയുമെന്ന്‍ പ്രത്യാശിക്കാം.