ഓർമ്മകളായി തീരുന്ന മഴക്കാലം...


ഭൂമിയിലെ ജീവൻ പ്രാണവായു കഴിഞ്ഞാൽ കടപ്പെട്ടിരിക്കുന്നത് ജലത്തിനോടാണ്. പഴയ നിയമവും ഹിന്ദു − ബുദ്ധ പുരാണങ്ങളും മഴയെ പലകുറി പരാമർശിക്കുന്നുണ്ട്. പഴയ നിയമത്തിൽ 40 ദിനങ്ങൾ നീണ്ടു നിന്ന മഴ ഒരു ശുദ്ധീകരണ പ്രവർത്തനമായിരുന്നു. ഭൂമി ഉണ്ടായ കാലത്ത് നിലവിൽ വന്ന നിരവധി പ്രതിഭാസങ്ങളിൽ ഒന്നായിരുന്നു മഴ.

മേഘങ്ങളുടെ രൂപീകരണവും അന്തരീക്ഷത്തിന്റെ തണുക്കലും ഖനീഭവിക്കുന്ന വെള്ളത്തിന്റെ പതനവും തുടങ്ങിയ നിരവധി ഘടകങ്ങൾ മഴയുമായി ബന്ധപ്പെട്ടിരിക്കുന്നു. മഴയുടെ സാധ്യതയ്ക്ക് അവസരം ഉണ്ടാകുന്നത് കരയുടേയും കടലിന്റേയും ചൂടാകുന്നതിലെ വ്യതിയാനങ്ങളാണ്. ചൂടിനുണ്ടാകുന്ന വ്യതിയാനം വായുവിന്റെ കടലിൽ നിന്ന് കരയിലേക്കും മറിച്ചുമുള്ള ഒഴുക്കിന് കാരണമാകുന്നു. കാർമേഘമായി രൂപീകൃതമാകുന്ന വെള്ളം കരയിൽ പെയ്തിറങ്ങുന്ന പ്രക്രിയയിൽ മേഘങ്ങളെ തടഞ്ഞു നിർത്തി തണുപ്പിക്കുന്നത് പച്ച പുതച്ച മലകളാണ്. പ്രകൃതിയിൽ ഉണ്ടാകുന്ന ചെറിയ ആഘാതങ്ങൾ പോലും മഴയുടെ തോതിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി വെയ്ക്കും. അത് വരൾച്ച, വെള്ളപ്പൊക്കം, തുടങ്ങിയ ദുരന്തങ്ങൾക്കു കാരണമാകുന്നുണ്ട്.

കാർഷിക വൃത്തങ്ങളിൽ എല്ലാം മഴയുടെ സാന്നിദ്ധ്യം ഒഴിച്ചു കൂടാൻ പാടില്ലാത്തതാണ്. മഴയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ക്ഷാമത്തിന് കാരണമാകും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ. കാർഷികവൃത്തി മുഖ്യവരുമാനമായി കാണുന്ന ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ബ്രസീൽ തുടങ്ങി നിരവധി രാജ്യങ്ങളുടെ സാന്പത്തിക രംഗം മഴയെ ആശ്രയിച്ചിരിക്കുന്നു.

വിവിധ ഭൂഖണ്ധങ്ങളിൽ ലഭിക്കുന്ന മഴയെ പതിവായി നമ്മൾ മൺ‍സൂൺ‍ മഴയെന്നാണ് വിളിച്ചു വരുന്നത്. പ്രധാനമായി രണ്ടു തരം വായു പ്രവാഹങ്ങളാണ് ഇന്ത്യയിലെ മഴയ്ക്ക് കാരണമായിട്ടുള്ളത്. തെക്ക് പടിഞ്ഞാറൻ മൺ‍സൂണും വടക്കുകിഴക്കൻ മൺ‍സൂണും. മൺ‍സൂൺ‍ മഴകൾ നമുക്ക് ലഭ്യമായി തുടങ്ങിയിട്ട് 1.5 കോടി വർഷങ്ങൾക്കടുത്തായി. അതിനു മുന്പ് മൺ‍സൂൺ‍ പ്രവാഹത്തിന്റെ പാതയിലെ ഭൂഖണ്ധങ്ങളുടെ കാലാവസ്ഥ മറ്റൊന്നായിരുന്നു എന്ന് മനസ്സിലാക്കാം. എല്ലാ ഭൂഖണ്ധങ്ങളിലും മഴ ലഭ്യമാണെങ്കിലും ഭൂമധ്യരേഖക്ക് അടുത്തുള്ള ഭൂപ്രദേശങ്ങളിലാണ് മഴയുടെ അളവ് താരതമ്യേന കൂടുതൽ. ലോകത്ത് ശരാശരി ലഭിക്കുന്ന മഴ 1000 മില്ലിലിറ്ററിനും കുറച്ചു കുറവാണെങ്കിലും ഹിമാലയൻ താഴ്‌വാരങ്ങളിൽപ്പെടുന്ന ചിറാപുഞ്ചി ഉൾപ്പെടുന്ന പ്രദേശങ്ങൾ, പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ പ്രദേശമായ കൂർഗ് മലനിരകൾ, കേരള തീരങ്ങൾ മുതലായ ഇടങ്ങളിൽ മഴയുടെ അളവ് ഇന്ത്യൻ ശരാശരിയുടെ മൂന്ന് ഇരട്ടി വരുന്നു. ചിറാപുഞ്ചിയിൽ 11600 മില്ലിമീറ്റർ ശരാശരി മഴ ലഭിക്കുന്നുണ്ട്. അമേരിക്കയുടെ തെക്ക് ഭാഗത്തുള്ള ഹാവയാൻ ദ്വീപിൽ 11500 മില്ലിമീറ്റർ മഴ ലഭിക്കുന്നു. ആമസോൺ‍ വനപ്രദേശങ്ങളിലും തെക്കൻ ആഫ്രിക്കയിലും ഉയർന്ന അളവിൽ മഴ ഉണ്ട്. മൺ‍സൂൺ‍ കാറ്റിന്റെ ഗതിയിലുണ്ടാകുന്ന വ്യതിയാനത്തിനൊപ്പം കരയുടെ ഒഴുകുവാനുള്ള കഴിവ് മഴയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഇന്ത്യൻ മുനന്പിന്റെ കിഴക്കൻ പ്രദേശങ്ങളേക്കാൾ കൂടുതൽ മഴ പടിഞ്ഞാറൻ കരയിലാണ് ലഭിക്കുന്നത്. ജൂൺ‍ മാസം മുതൽ സപ്തംബർ വരെ ലഭ്യമാകുന്ന തെക്ക് പടിഞ്ഞാറൻ മൺ‍സൂണിന്റെ ശക്തി വടക്ക് കിഴക്കൻ മൺ‍സൂണിനേക്കാൾ കൂടുതലായത് ഇതിനൊരു കാരണമാണ്. മാത്രമല്ല തെക്ക് പടിഞ്ഞാറൻ മൺ‍സൂൺ‍ കൂടുതൽ നാൾ നീണ്ടു നിൽക്കുന്നതും മഴയുടെ സ്വഭാവം താരതമ്യേന ശാന്തവുമാണ്. എന്നാൽ തമിഴ്‌നാട്, ആന്ധ്ര, ഒറീസ, ബംഗ്ലാദേശ്, തുടങ്ങിയ തീരങ്ങളിൽ ആവർത്തിച്ച് ഉണ്ടാകുന്ന കൊടുങ്കാറ്റ്, വെള്ളപ്പൊക്കം പ്രദേശങ്ങളിൽ പലപ്പോഴും വൻതോതിൽ പ്രകൃതി ദുരന്തങ്ങൾ വരുത്തി വെച്ചിട്ടുണ്ട്. കാലാവസ്ഥയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ഈ ദുരന്തങ്ങളുടെ തോതു വർദ്ധിപ്പിച്ചു വരുന്നു.

വ്യവസായ വിപ്ലവത്തിന് ശേഷം ഹരിത വാതകങ്ങളുടെ അളവിലുണ്ടായ കുതിപ്പ് കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നു. കഴിഞ്ഞ 100 വർഷത്തിനിടയിൽ 0.75 ഡിഗ്രി സെൽഷ്യസ് ചൂടിലുണ്ടായ വർദ്ധന, മഞ്ഞു മലകളുടെ ഉരുകലിനും നിരവധി വായു ജല പ്രവാഹങ്ങളുടെ സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി. ഒപ്പം കാർഷിക വൃത്തിയുടെ ഭാഗമായി നടത്തിയ രാസവള പരീക്ഷണങ്ങൾ മരുഭൂമികളുടെ വളർച്ചയ്ക്ക് കാരണമാക്കി. മഞ്ഞുരുകൽ കടൽ വളരുവാൻ ഇടനൽകി. 1900നു ശേഷം ഏറ്റവും കൂടുതൽ തവണ വളർച്ച 1980−2000 കാലത്താണ് ഉണ്ടായത്. മനുഷ്യന്റെ തെറ്റായ ഇടപെടലുകളെ പരിഹരിക്കുവാനുള്ള ശേഷി പ്രകൃതിക്ക് കൈമോശം വന്നു കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണിത്. ഇത്തരത്തിലുള്ള ഇടപെടലുകൾ കത്രീന, എൽനിനോ, സുനാമി എന്നിവ കൂടുതൽ ആവർത്തി ഉണ്ടാകുവാൻ കാരണമാകുന്നു. ഓരോ ഭൂഖണ്ധങ്ങളെയും ബാധിക്കുന്ന നിരവധി അസ്വാഭാവിക പ്രതിഭാസങ്ങൾ കാലാവസ്ഥയിൽ പ്രവചനാതീതമായ മാറ്റങ്ങളാണ് ക്ഷണിച്ചു വരുത്തുന്നത്. ഇത്തരം ദുരന്തങ്ങൾ കൂടുതലായി ബാധിക്കുന്നത് കടലിനടുത്തുള്ള ഫലഭൂഷ്ടമായ സമതലങ്ങളിൽ താമസിക്കുന്നവരെയാണെന്നത് കൊണ്ട് പലപ്പോഴും ദുരന്തങ്ങൾ മൂന്നാം ലോകത്തിന്റെ ദുരന്തമായി തീരുന്നു. കാലാവസ്ഥയിലെ ചെറിയ മാറ്റങ്ങൾ നെല്ല്, ഗോതന്പ്, തുടങ്ങിയ ഭക്ഷ്യ വിളകളുടെ ഉൽപ്പാദനക്ഷമതയിൽ തിരിച്ചടി ഉണ്ടാക്കുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങൾ ഇന്ന് ഇത്തരം പ്രശ്നങ്ങൾ കൂടി ഏറ്റെടുക്കേണ്ട അവസ്ഥയിലാണ്.

അന്തരീക്ഷത്തെ തണുപ്പിച്ച് നിർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നത് കാടുകളാണല്ലോ. സ്വാഭാവിക വനങ്ങളുടെ ശോഷണം കൂടുതൽ മഴ നിഴൽ പ്രദേശങ്ങളുടെ രൂപീകരണത്തിനു കാരണമാണ്. ഇത് ലോകത്ത് ലഭ്യമായ മൺ‍സൂൺ‍ മഴയുടെ അളവിൽ സ്വാഭാവിക കുറവ് ഉണ്ടാക്കുന്നു. ഹിമാലയൻ പശ്ചിമഘട്ട മലകളും ഇൻഡോനേഷ്യ, മലേഷ്യ, വിയറ്റ്നാം പ്രദേശങ്ങളിലെ മഴക്കാടുകളും ആമസോൺ‍ കാടുകളും നിമിഷങ്ങൾക്കകം ശോഷിക്കുകയാണ്. മിനുട്ടിൽ 50 ഏക്കർ വനഭൂമിയാണ് നഷ്ടപ്പെട്ടു വരുന്നത്. ഇത് അന്തരീക്ഷ താപനില കൂടുവാനുള്ള ഒരു കാരണം കൂടിയാണ്. പശ്ചിമഘട്ട മലനിരകളിൽപ്പെട്ട കാർവാർ (കർണാടക), കാസർഗോഡ്‌, കണ്ണൂർ, വയനാട് തുടങ്ങിയ പശ്ചിമഘട്ട പ്രദേശങ്ങളിൽ ഉണ്ടായി കൊണ്ടിരിക്കുന്ന വനനശീകരണം മഴ മൊത്തത്തിൽ കുറയുവാൻ കാരണമാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് അട്ടപ്പാടി. 1970കൾ വരെ 4000 മില്ലിമീറ്റർ മഴ ലഭിച്ചു വന്ന അട്ടപ്പാടിയിൽ ഇന്ന് ലഭിക്കുന്ന മഴ 900 മില്ലിമീറ്റർ മാത്രം. അട്ടപ്പാടിയിൽ നടന്ന വനശോഷണം അല്ലാതെ മറ്റൊരു കാരണവും ഇതിനു പിന്നിലില്ല. മഴയുടെ കുറവിൽ മാത്രമല്ല മഴയുടെ സ്വഭാവത്തിലുണ്ടായ മാറ്റം കൃഷിയെ പ്രതികൂലമായി ബാധിച്ചു. വയനാടിന്റെ പ്രത്യേകതയായ എപ്പോഴും ലഭ്യമായിരുന്ന നൂൽമഴ ഇന്ന് ലഭ്യമല്ല. ഇടവപ്പാതിയെ പ്രതീക്ഷിച്ചു കൊണ്ടുള്ള നമ്മുടെ പ്രധാന കൃഷി രീതികൾ ഇന്ന് പ്രതികൂല അവസ്ഥയിലാണ്. ഇടവപ്പാതിക്ക് ശേഷം ലഭ്യമാകുന്ന തുലാമഴയും താളം തെറ്റിയിരിക്കുന്നു. മഴയുടെ ഇടവേളകളിലെ വ്യത്യാസം, അതിന്റെ മാറി വരുന്ന സ്വഭാവം, ലഭ്യതയിലെ കുറവ് എല്ലാം തന്നെ കൃഷിക്ക് തിരിച്ചടിയാണ്. ഇവ സൃഷ്ടിക്കുന്ന കാർഷിക ഉൽപ്പാദനത്തിലെ വ്യതിയാനം വൻ വിലക്കയറ്റത്തിനു കാരണമാകുന്നു. സ്വാഭാവിക മഴ നിലനിർത്തണമെങ്കിൽ കാലാവസ്ഥയിൽ ഉണ്ടായ നാശത്തെ തടഞ്ഞു നിർത്തുവാനുള്ള വഴികൾക്കാണ് നാം മുന്തിയ പരിഗണന നൽകേണ്ടത്.

ഇന്ത്യയിലെ മൺ‍സൂൺ‍ മഴയുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾക്ക് കാരണമാകുന്നതിൽ മറ്റു ഭൂഖണ്ധത്തിലെ പ്രകൃതി ദുരന്തങ്ങൾ കാരണമാണ്. അമേരിക്കൻ ഭൂഖണ്ധത്തിൽ ആഞ്ഞടിച്ച കത്രീന  New Orleans, മിസ്സിസ്സിപ്പി, ലൂസിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വൻദുരന്തങ്ങൾ വരുത്തി വെച്ചു. 2000 മരണം, 2.3 ലക്ഷം ച.കി.മീ കൃഷി നാശം, 30 ലക്ഷം വീടുകളുടെ തകർച്ച തുടങ്ങി മൊത്തത്തിൽ 15000 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കിയത്. തൊട്ടടുത്ത രാജ്യങ്ങളായ ക്യൂബയിലും കൊടുങ്കാറ്റ് ദുരിതങ്ങൾ വിതച്ചു. 280 കി.മീ വേഗതയിൽ കൊടുങ്കാറ്റ് ഉണ്ടായതിനു കാരണം ആഗോള താപനം തീർത്ത ഉഷ്ണക്കാറ്റാണ്. മെക്സിക്കൻ കടലിടുക്കിൽ ആരംഭിച്ച കത്രീന ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളിലും ദുരന്തങ്ങൾ വരുത്തി. എൽനിനോ എന്ന ചൂടുകാറ്റ് പസഫിക് സമുദ്രത്തിൽ നിന്ന് രൂപം കൊള്ളാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ആയിട്ടുണ്ട്. എന്നാൽ അത് നാശത്തിന്റെ തുടർച്ചയായ ആവർത്തനങ്ങൾ ഉണ്ടാക്കിയത് 1980നു ശേഷമാണ്. ഈ ചൂടുകാറ്റ് ഏഷ്യൻ−ആഫ്രിക്കൻ, അമേരിക്കൻ ഭൂഖണ്ധങ്ങളിൽ വൻ വരൾച്ചയ്ക്ക് കാരണമാകുന്നു. മൺ‍സൂൺ‍ കാറ്റിന്റെ ഗതിയിൽ ഇതുണ്ടാക്കുന്ന സ്വാധീനം മഴ ലഭ്യതയിൽ വൻ മാറ്റങ്ങളാണ് വരുത്തുന്നത്. ഒപ്പം ഉഷ്ണക്കാറ്റ്‌ എന്ന മലയാളിക്ക് അന്യമായിരുന്ന കാലാവസ്ഥയ്ക്ക് ഇത് കാരണമായിട്ടുണ്ട്. കഴിഞ്ഞ നാളുകളിൽ ഗൾഫ്‌ മേഖലയിലും ഒറീസ്സ തീരത്തും ആവർത്തിച്ചുണ്ടായ സൈക്കളോണുകൾ 1990നു ശേഷം തീവ്രതയിലും എണ്ണത്തിലും വർദ്ധനവ്‌ കാണിക്കുന്നു. (ഓരോ കൊടുങ്കാറ്റിനും പേരിടുവാനുള്ള സന്ദർഭങ്ങൾ രാജ്യങ്ങൾക്ക് നൽകി ആവർത്തിച്ചുള്ള സൈക്കലോണ ദുരന്തത്തെ ആഘോഷമാക്കുന്ന രീതി അവലംബിച്ചു വരുന്നുണ്ട്. കഴിഞ്ഞ കാറ്റിന്റെ പേര് നിശ്ചയിച്ചത് ഒമാനായിരുനു. അതിന്റെ പേര് ഹുദൂബ് (Hudduub) എന്നും. ഹുദൂബ് മനോഹരമായ ഒരു പക്ഷിയുടെ പേരായതിനെതിരെ വിമർശനങ്ങൾ ഉണ്ടായി. അടുത്ത കാറ്റിനു പേരിടുവാൻ പാക്കിസ്ഥാനാണ് അവസരം)

മൺ‍സൂൺ‍ മഴയിൽ 10%ത്തിൽ അധികം കുറവുണ്ടായാൽ അത് വളർച്ചക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. അതിന്റെ ഭാഗമായി കാർഷിക ഉൽപ്പാദനം കുറയും. തുടർച്ചയായി വ്യവസായവും സേവനമേഖലയും തിരിച്ചടി നേരിടും. ഇന്ത്യയിൽ വൻതോതിൽ മഴ കുറഞ്ഞ അവസരങ്ങൾ ഇതിനു മുന്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ 1985നു ശേഷം. നിരവധി തവണ ഇത് ആവർത്തിച്ചു. 2 വർഷത്തിലൊരിക്കൽ എന്ന തോതിലാണ് വരൾച്ച ആവർത്തിക്കുന്നത്. പ്രധാനമായി ഇത് ജലലഭ്യത കൂടുതൽ വേണ്ട ഭക്ഷ്യ വിളകളെയാണ് പ്രതിസന്ധിയിലാക്കുക. ഇന്ത്യയിലെ 14 കോടി ഹെക്ടർ കൃഷി ഭൂമിയിൽ 8 കോടി ഹെക്ടറിലും ജല സേചന സൗകര്യം ഇല്ല. മഴയുടെ കുറവിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ 56% സ്ഥലങ്ങളുടെ കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യയുടെ ഖാരിഫ് സമയത്തെ കൃഷികളെ മഴയുടെ വ്യതിയാനം പ്രധാനമായി ബാധിക്കുന്നു. കഴിഞ്ഞ വർഷത്തെ ഖാരിഫ് സീസണിലെ ഉൽപ്പാദനമായ 12.6 കോടി ടണ്ണിലെത്തുവാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. 55 ലക്ഷം ഹെക്ടറിലെ നെൽകൃഷി 36 ലക്ഷം ഹെക്ടറിലായി ചുരുങ്ങിയത് മഴക്കുറവിനാലാണ്. തെക്കേ ഇന്ത്യയിൽ മഴയിൽ ഉണ്ടായ കുറവ് 21 ശതമാനവും മദ്ധ്യ ഇന്ത്യയിൽ 10 ശതമാനവും രേഖപ്പെടുത്തി. മഹാരാഷ്ട്രയിലുണ്ടായ മഴക്കുറവ് 40−50% വരെയാണ്. കർണ്ണാടകയിൽ (വടക്കൻ) 43 % മഴക്കുറവ് വൻ കൃഷി നാശം വരുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിദർഭ, അമരാവതി, തുടങ്ങിയ കർഷക ആത്മഹത്യകൾ ഏറെ കൂടുതലുള്ള ജില്ലകളിലെ ജലദൗർലഭ്യം വീണ്ടും വർദ്ധിക്കും. ഇന്ത്യക്കാരുടെ മുഖ്യ ഭക്ഷ്യ വിളയായ ഉള്ളിയുടെ വിലക്കയറ്റത്തിനു കാരണം വരൾച്ചയാണ്. ഈ പ്രതിസന്ധി മറ്റുവിളകളിലേയ്ക്കും വ്യാപിക്കുന്ന കാലം വിദൂരമല്ല. പത്ത് ശതമാനം മഴക്കുറവ് തന്നെ ഒരു ലക്ഷം കോടി രൂപയുടെ കുറവ് GDP യിൽ സൃഷ്ടിക്കും. അത് അനുബന്ധ മേഖലകളിൽ നിരവധി ലക്ഷം കോടികളാണ് നഷ്ടം ഉണ്ടാക്കുക. Make In India മുദ്രാവാക്യം ഉയർത്തി പ്രചരണ കോലാഹലങ്ങൾ സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ മൺസൂൺ മഴയിൽ ഉണ്ടാക്കുന്ന തിരിച്ചടിയെ ഗൗരവകരമായി കാണുന്നില്ല.

പരിസ്ഥിതിയിൽ സംഭവിച്ചു വരുന്ന തിരിച്ചടികൾക്ക് അടിസ്ഥാനം പ്രകൃതി വിരുദ്ധ വികസന കാഴ്ചപ്പാടുകളാണ്. മൺസൂൺ മഴയിലെ വ്യതിയാനങ്ങൾ നമ്മുടെ നാടിന്റെ വരും കാല ജീവിത സാഹചര്യങ്ങളെ തകർക്കും. നീർത്തടങ്ങൾ, നിത്യഹരിതവനങ്ങൾ പുൽമേടുകൾ ഇവയ്ക്കുണ്ടാകുന്ന നാശം അപരിഹാരമാണ്. സെസ്സ് മറ്റ് വ്യവസായ വാണിജ്യ സോണുകൾ, ഷോപ്പിംഗ്്മാളുകൾ തുടങ്ങിയവയുടെ അനിയന്ത്രിതമായ നിർമ്മാണങ്ങൾ ഒക്കെ തന്നെ നടക്കുന്നത് പരിസ്ഥിതി ലോല പ്രദേശങ്ങളിലാകുന്നതിൽ സർക്കാരുകൾ തെല്ലും ഉൽക്കണ്ഠാകുലരല്ല.കേരളത്തിന്റെ പച്ചതുരുത്തുകൾ, കായൽ പരപ്പുകൾ എല്ലാം ശോഷിച്ചു വരുന്പോൾ, സഹ്യപർവ്വത നിരകൾ മൊട്ടക്കുന്നുകളായി തീരുന്പോൾ നമ്മുടെ മഴക്കാലം നമുക്ക് ഓർമ്മകളായി തീരുന്നു. പുൽമേടുകളാൽ സമൃദ്ധമായിരുന്ന ഇറാൻ, ഇറാക്ക് പ്രദേശങ്ങൾ ഇന്ന് മരുഭൂമികളാണ്. മൺസൂൺ മഴ ഇല്ലാത്ത കേരളം വരണ്ടുണങ്ങിയ മണലാരണ്യമായി മാറുകയല്ലാതെ തരമില്ല. അത്തരം ഒരവസ്ഥ വരും തലമുറയോടുള്ള വെല്ലുവിളിയാണ്...

You might also like

Most Viewed