ഓണം


ഓണം എന്ന മലയാളിയുടെ ഉത്സവവും മറ്റ് ഉത്സവങ്ങളെ പോലെ ശ്രദ്ധേയമാകുന്നതിന് പ്രധാന കാരണം അതുയർത്തുന്ന മനവികതയാണ്. ചിങ്ങമാസം ഒരേ സമയം പുതുവർഷവും വിളവെടുപ്പുത്സവവും ആണ്. ഫ്യൂഡൽ കാലത്തിന്റെ ചടങ്ങുകളെ അത് ഓർമിപ്പിക്കുന്നു. ജാതി−ജന്മി−നാടുവാഴിത്തത്തിന്റെ മാനവിക മുഖം വർഷത്തിൽ ഒരിക്കൽ മനുഷ്യത്തരൂപം പൂണ്ട് വരുന്ന ഒരു സുദിനവും ആണിത്. കാലത്തിന്റെ പരിണാമത്തെ കണക്കാകാതെ ഒന്നിനും മുന്നോട്ടു പോകാൻ കഴിയില്ല എന്നതിന് ഉത്തമ തെളിവാണ് ഓണവും അതിനു സംഭവിച്ച പരിണാമങ്ങളും. എല്ലാ മലയാളികളേയും പല തരത്തിലുള്ള ഗൃഹാതുരത്വം വഴി സ്വാധീനിക്കാൻ ഇതിന് കഴിയുന്നു.

ഓണം കടന്നുവരുന്ന ആഗസറ്റ്-സപ്തംബർ മാസങ്ങൾ നീണ്ട മഴക്കാലത്തിനു ശേഷമുള്ള ഒരു സമയമാണ്. കർക്കിടകത്തിലെ വിട്ടു മാറാത്ത മഴ വറുതിയുടെ നാളുകളാണ്. അതിനു ശേഷം അന്തരീക്ഷം തെളിയുന്ന സമയം വിളവെടുപ്പ് കാലം (നെല്ല്) കൂടിയാണ്. നാടിന്റെ വസന്തവും ഇത് തന്നെ. അങ്ങനെ കൃഷിയുടെ വിളവെടുപ്പുത്സവത്തിനൊപ്പം പ്രകൃതിയുടെ മനോഹര സമയവും കൂടിയാണ് ചിങ്ങ മാസം. കാട്ടു ചെടികൾ പൂവിടുന്ന കാലം. മുക്കുറ്റിയും തുന്പയും കാക്കപൂവും ഒക്കെ സമൃദ്ധമായി വിരിയുന്നതും ഈ സമയത്താണ്. പ്രാദേശിക പുഷ്പങ്ങൾ ഉപയോഗിച്ചുള്ള അത്തം ചമയിക്കൽ ഓണത്തെ പൂക്കളുടെ ഉത്സവ കാലവും കൂടിയാക്കുന്നു. 

ഓണത്തിന് മലയാള ചരിത്രത്തോളം കാലപ്പഴക്കം അവകാശപ്പെടാനില്ല. കേരളത്തിന്റെ ദേശീയ ഉത്സവമായി ഇതിനെ സർക്കാർ പരിഗണിച്ചിട്ട് മൂന്ന് ദശകങ്ങളെ ആയിട്ടുള്ളൂ. അതിനുള്ള കാരണം ടൂറിസം വ്യവസായവുമായി ബന്ധിപ്പിച്ചുകൊണ്ട് കൂടുതൽ ആളുകളെ ഇവിടേക്ക് എത്തിക്കുക എന്നതുമാത്രമാണ്. മലയാളത്തിൽ ഇത് ഒരാഘോഷമായി തുടങ്ങിയത് കുലശേഖര പെരുമാളിന്റെ കാലമായ എ.ഡി 800 വർഷങ്ങളിൽ. എന്നാൽ ബി.സി 500 മുതൽ എ.ഡി 400 വരെ (സംഘ കാലം) ഓണം തമിഴകത്ത് വളരെ പ്രാധാന്യത്തോട് കൊണ്ടാടിവന്നു. ഇന്നും അതിന്റെ തുടർച്ചയായി തിരുപ്പതി, മധുര, മൂകാംബിക തുടങ്ങിയ ക്ഷേത്രങ്ങളിൽ തിരുവോണം ഒരു പ്രധാന ദിനമാണ്. ഓണത്തിന്റെ പ്രധാന നിറമായി പരിഗണിച്ചു വരുന്ന മഞ്ഞ, ജൈന−ബുദ്ധമതങ്ങൾക്ക് പ്രധാനപെട്ട നിറമാണ്.മധുര, ജൈന മതങ്ങളുടെ പ്രധാന ഭൂമിയായിരുന്നു. ഓണം അവിടെ ഏറെ പ്രസിദ്ധമായി ആഘോഷിച്ചു. എന്നാൽ പിൽകാലത്ത് ജൈന മതങ്ങളുടെ ശക്തി ക്ഷയിക്കലിനോപ്പം ഓണം അത്തരം പ്രദേശങ്ങളിൽ അപ്രസക്തമായി. കേരളത്തിന്റെ ഉത്സവമായി ഓണം 800 എ.ഡി മുതൽ പരിണമിച്ചു. 

ഓണത്തിന്റെ ഐതീഹത്തിൽ അടങ്ങിയ കഥയിലെ പ്രധാനി (മാവേലി) സത്യത്തിന്റെ, നീതിയുടെ ഉത്തമ പ്രതീകമെന്ന സങ്കൽപം കഴിഞ്ഞ കാലഘട്ടത്തിലെ ഗോത്ര യുഗത്തെ ഓർമിപ്പിക്കുന്നു. ആദിമ വാസികൾക്കുശേഷം എത്തിയ ദ്രവീഡിയൻ ജനവിഭാഗം തെക്കേ ഇന്ത്യയിൽ ശക്തമായ സ്വാധീനം ഉറപ്പിച്ചു. അന്നത്തെ കേരളത്തിലെ ഭരണക്കാർ, കേരളത്തിലെ മനുഷ്യ വർഗ്ഗത്തിന്റെ തുടക്കകാരയ ആദിവാസികൾ കഴിഞ്ഞാൽ പാരന്പര്യം അവകാശപെടവുന്ന, പുലയ സമുദായമായിരുന്നു.ആവർക്കൊപ്പം പാണ സമുദായവും മുന്നിരക്കരായി ഉണ്ടായിരുന്നു. ബുദ്ധ−ജൈന മതവിശ്വാസികളെയും ഇതേ സമുദായത്തിന്റെ ഭാഗമായി കണ്ടുവന്നു. ആയ് രാജവംശങ്ങൾ പുലയ, പറയ സമുദായക്കാർ ആണെന്നു വിശ്വസിക്കുന്നു. കേരളത്തിന്റെ പ്രാചീന ആഘോഷങ്ങളിൽ പലതും ഹിന്ദു ഇതര സംസ്കാരത്തിന്റെ ഭാഗമാണ്. കഥകളിയും കെട്ടുകാഴ്ചയും നാഗരാധനയും ഇവരുടെ സംഭാവനകളാണ്. എന്നാൽ ഇത്തരം ശീലങ്ങളെ എല്ലാം സവർണ്ണ ഹിന്ദുകടന്നുകയറ്റം മാറ്റിമറിച്ചു. അതിനെ പിന്തുണയ്ക്കുന്ന രണ്ട് കഥകളാണ് വാമാനവതാരവും പരശു രാമകഥയും. ഈ കഥകളെല്ലാം നമ്മുടെ നാടിനെ എങ്ങനെയാണ് ബ്രാഹ്മണരുടെ കൈകളിൽ എത്തിച്ചത് എന്ന് തെളിയിക്കുന്നു. ബുദ്ധ ജൈന കാലഘട്ടത്തിനുശേഷം ഉണ്ടായ ബ്രാഹ്മണ മേൽകോയ്മ പല മുൻകാല ചരിത്രത്തെയും തിരുത്തി. ദ്രാവിഡ സ്വാധീന കാലത്തിന്റെ ഓർമ്മകളെ മാറ്റിവരക്കുന്ന നിരവധി സാംസ്കാരിക പ്രവർത്തനങ്ങളും ഉണ്ടായി. ബുദ്ധ−ജൈന ക്ഷേത്രങ്ങൾ ഹിന്ദു ദേവാലയങ്ങളായി രൂപ−ഭാവ മാറ്റത്തിനു വിധേയമാക്കിയ സംഭവങ്ങളെ ഇന്നാർക്കും തള്ളിപറയുവാൻ കഴിയുകയില്ല. ലോകത്തിനു മാതൃകയായ നാടിന്റെ രാജാവിനെ പ്രത്യേക കാരണങ്ങളില്ലാതെ ദൈവ കുലത്തിന്റെ അധിപനിൽ ഒരാൾ വേഷം മാറി ചതിച്ച് പാതളത്തിലേക്ക് ചവിട്ടിതാഴ്ത്തി. സ്വഭാവികമായി നാടിന്റെ വില്ലനായി മാറെണ്ടാതാണ് ഈ വിഷ്ണുവിന്റെ അവതാരം. എന്നാൽ മഹാ ബലിയെ ചവിട്ടി താഴ്ത്തിയ ആളിന്റെ നാമധേയത്തിലുള്ള ക്ഷേത്രത്തിൽ നിന്നുതന്നെ മഹാബലിയെ വാനോളം ആരാധിക്കുന്ന ഓണചടങ്ങുകൾ ആരംഭിക്കുന്നു എന്നത് സാമാന്യയുക്തിക്ക് എങ്ങനെയാണ് നിരക്കുന്നത്? മാത്രവുമല്ല ചതിയിലൂടെ പാതാളത്തിലേക്ക് എടുത്തെറിയ പെട്ട മഹാ രാജാവിന് വർഷത്തിൽ നടുകാണൂവാൻ അനുവാദം നൽകിയത് ഏതോ വലിയ കാര്യമായി പറയേണ്ടിവരുന്നു. കേരളത്തെ അറബിക്കടലിൽ നിന്നും മോചിപിച്ച പരശുരാമൻ ഒപ്പം തന്റെ കര 64 ബ്രാഹ്മണർക്കായി വീതിച്ചു നൽകിയെന്നും അവരുടെ കുശിനിക്കാരായി നായർ സമൂഹത്തേ ചുമതല പെടുത്തിയതായും പുരാണം വിശദമാക്കുന്നു. അപ്പോൾ കേരളത്തിലെ മറ്റുള്ളവരെപറ്റി എന്താണ് അർദ്ധമാക്കുന്നത്? അവർക്കു ഭൂമിയിൽ ഒരു അവകാശവും ഇല്ല എന്ന മനുവാദത്തെ ഇവിടെ കൂടുതൽ ഉറപ്പിക്കുന്നു. അതുപോലെ കേരളം പൂർണമായും ബ്രാഹ്മണാധിപത്യത്തിന് സർവ്വാത്മന കീഴടങ്ങാൻ വിധിക്കപെട്ടവരാണെന്ന ധാരണ ഇത്തരം പുരാണങ്ങൾ നമ്മെ പഠിപ്പിച്ചു. അതിന്റെ സ്വാധീനം ഇന്നും നമ്മുടെ ഇടയിൽ നിഴലിക്കുന്നു,

ഓണത്തിന്റെ ഏറ്റവും മനോഹരമായ കാലം ജന്മി−കുടിയാൻ സമയം തന്നെയായിരുന്നു. ജന്മിയുടെ കേവലം കുടിയിരുപ്പുകാരനായ വ്യക്തിയേയും കുടുംബങ്ങളെയും സ്വീകരിക്കാനും അവർക്ക് സമ്മാനങ്ങൾ നൽകുന്ന ഈ അവസരങ്ങൾ എല്ലാവരും പരസ്പരം സഹവർത്തികേണ്ടതുണ്ട് എന്നു മറക്കുന്നില്ല. എല്ലാ കാലഘട്ടവും അതിന്റെതായ ചില നല്ല മുഖങ്ങൾ ചില അവസരങ്ങളിൽ കാട്ടാറുണ്ട്. ഏറെ ക്രൂരമായ ജന്മിത്തം തന്റെ അടിയാളനോട് കടപെട്ടുണ്ട് എന്ന് ഓണത്തിന്റെ ചില നിമിഷങ്ങൾ ഓർമ്മിപ്പിക്കുന്നു. എല്ലാം വിലകൊടുത്തു വാങ്ങാൻ കഴിയുന്ന ചരക്കുകളല്ല എന്ന ഒരു യുക്തി അന്നു ശക്തമായിരുന്നു. ഒപ്പം വിപണിക്ക് ഇല്ലാതിരുന്ന സ്വാധീനം ബന്ധങ്ങളെ പണത്തിനു മുകളിൽ പ്രതിഷ്ടിച്ചു. എന്നാൽ ജന്മിത്തം അവസാനിച്ചത് മനുഷ്യബന്ധങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തി. കാർഷിക വൃത്തിയിലുണ്ടായ ക്ഷയം ഗ്രാമീണ ബന്ധങ്ങളിലും പൊളിച്ചെഴുത്ത് അനിവാര്യമാക്കി. അങ്ങനെ കേരളീയ ജീവിത ശീലങ്ങൾ വൻ മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. അപ്പോഴും ഓണത്തിന്റെ മിത്തുകൾ, ഓണത്തിന്റെ ചടങ്ങുകൾ അടിസ്ഥാനപരമായി മാറി എന്നുപറയുവാൻ കഴിയുകയില്ല. 

ഓണം കേരളത്തിന്റെ ഗ്രമാന്തരീക്ഷവുമായി ചേർന്നു നിൽക്കുന്നു. ഗ്രാമീണ ജനതയുടെ കൂട്ടായ്മയെഅത് അരക്കിട്ടുറപ്പിച്ചിരുന്നു. ഓരോ നാടിന്റെയും പ്രാദേശിക കലാ രൂപങ്ങളുടെ അരങ്ങുകൂടിയായിരുന്നു ഓണ നാളുകൾ. വടക്കൻ കേരളത്തിലെ ഓണപൊട്ടൻ, കുമ്മാട്ടികളി (തൃശ്ശൂർ), നാടൻ പന്തുകളി, വടംവലി, തിരുവാതിരകളി, വള്ളംകളി തുടങ്ങിയ നിരവധി ആഘോഷങ്ങൾ പ്രബലമായി ഓണകാലത്ത് അവതരിപ്പിക്കുന്നു. ആദിവാസികളും ഓണോത്സവത്തെ കൊണ്ടാടുന്നുണ്ട്. അവർ നാട്ടു രാജാക്കന്മർക്ക് സമ്മാനങ്ങൾ കൊടുക്കുവാനായി എത്തുന്ന ചടങ്ങുകൾ ഉണ്ടായിരുന്നു. ഇന്നും മുൻ തിരുവിതാംകൂർ രാജകുടുംബത്തെ സന്ദർശിക്കുന്ന ചടങ്ങ് അഗസ്ത്യർകൂടത്തിലെ ആദിവാസികൾ നിലനിർത്തിവരുന്നു. മാറിയ കേരള സാമൂഹിക പശ്ചാത്തലത്തിന് പഴയ ഗ്രാമീണ ശീലങ്ങൾ മാറിയിട്ടുണ്ട്. അതിന്റെ ഭാഗമായി കളികളും സംഘാടനവും പുതിയ തലത്തിലെത്തി. 

കേരളത്തിന്റെ തുണ്ടുവൽകരിക്കപെട്ട ഭൂമി, ഉയർന്ന സാക്ഷരത, നാണ്യ വിളകളുടെ മുന്തിയ സാനിധ്യം ജനങ്ങളിൽ വൻ മാറ്റങ്ങളാണ് വരുത്തിയത്. കൂട്ടുകുടുംബ സംവിധനത്തിന്റെ തകർച്ച, പ്രവാസ ജീവിതം, അതുവഴി യൂറോപ്യൻ ജീവിത ശൈലിയുടെ കടന്നുകയറ്റം ഇവയും പുതിയ ജീവിത മൂല്യങ്ങൾ മലയാളിക്കു നൽകി. ഇവയൊക്കെ സ്വാഭാവികമായി സൃഷ്ടിക്കുന്ന സാഹചര്യം ഇവിടെയും നിലനിൽക്കുന്നു.കാർഷിക വൃത്തി കൃഷി മാത്രമല്ല അത് ഭക്ഷ്യ−തൊഴിൽ −വരുമാനത്തിനും ഉപരി പല ജീവിത അനുഭവങ്ങൾക്കും അവസരം ഒരുക്കി. കാർഷിക വൃത്തിയിൽ ഏറ്റവും അധ്വാനം ആവശ്യമുള്ള നെൽകൃഷി ഒരു നീണ്ട സാംസ്കാരിക പ്രവർത്തനമാണ് എന്ന് പറയാം. അതിന്റെ വിവധ പണികൾ കൂട്ടായ അദ്ധ്വാനത്തിലൂടെയാണ് പുരോഗമിക്കുന്നത്.ഞാറ് നടൽ, കൊയ്ത്തു എല്ലാം ഒരു ഉത്സവമായി കണ്ടുവന്നു. നെല്ല് പത്തായത്തിൽ എത്തുന്നതുവരെ കൂട്ടങ്ങളായി കർഷകതൊഴിലാളികൾ പണിയിൽ ഏർപെടുന്നു. കാലാവസ്ഥക്ക് വിളയിൽ ഉണ്ടാക്കാൻ കഴിയുന്ന വൻ സ്വാധീനം കർഷകരെ പ്രകൃതിയുടെ സന്തത സഞ്ചാരിയാക്കുന്നു. ഒപ്പം മലയാളിയുടെ ഭക്ഷണ ശീലത്തിന്റെ അടിസ്ഥാനമായ നെല്ല് നാടിന്റെ സ്വയം പര്യാപ്തതയിൽ പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ കറ്റയും നെല്ലും പൊതു ചടങ്ങുകളുടെ മുഖ്യ സ്ഥാനം കൈ അടക്കി. പല ആരാധനാ ചടങ്ങുകൾക്കും നെല്ല് ഒരു അവിഭാജ്യ ഘടകമാണ്. കൃഷിയിടം തന്നെ കലയുടെ അരങ്ങേറ്റമാകുന്ന അനുഭവം നെൽകൃഷിക്കു മാത്രം പറയാനുള്ളതാണ്. നെല്ലിന്റെ വിളവെടുപ്പിന് ഓണവുമായി ഉണ്ടായിട്ടുള്ള ബന്ധം നെൽകൃഷിയുടെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നു. നെൽപ്പാടങ്ങൾ പ്രകൃതിക്കുനൽകുന്ന സഹായങ്ങൾ ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. നെൽപ്പാടങ്ങൾ 200ലധികം സൂഷ്മ ജീവികൾക്ക് ആവാസ വ്യവസ്ഥിതി ഒരുക്കുന്നു. അത് ജലവിതാനത്തെ വന്പിച്ച അളവിൽ വർദ്ധിപിക്കുന്നു. നദികളുടെ ഡൽറ്റകളായി അവ പ്രവർത്തിക്കുന്നു. അങ്ങനെ പൊതു ജീവനും മനുഷ്യന്റെ നിലനിൽപ്പിനും പ്രധാനമായി മലയാളിയുടെ വൈകാരികമായി ബന്ധം സ്ഥാപികപെട്ട നെൽകൃഷിയും പാടങ്ങളും മലയാളിക്ക് അന്യമാകുന്നതിൽ ശരാശരി മലയാളിയും അവരുടെ സർക്കാർപോലുമോ ഉത്കണ്ഠാകുലരല്ലത്തത് തീർത്തും നിരാശാജനകമാണ്. നാട്ടിലെ നെൽപ്പാടങ്ങളുടെ വ്യാപ്തി 8.2 ലക്ഷം ഹെക്ടറിൽനിന്നും 2.2 ലക്ഷം ഹെക്ട്ടറിലെക്ക് ചുരുങ്ങി. നാടിനാവശ്യമുള്ള അരിയുടെ 15 ശതമാനം മാത്രം ഉല്പാദിപ്പിച്ച്, 5000 കോടി രൂപ അന്യ സംസ്ഥാനത്തിന് നൽകി നാം അരിയാഹാരം കഴിക്കുന്നു. സാന്പത്തിക മാനേജ്മെന്റ്റിൽ അതിവിധക്തരായ മലയാളിയുടെ വിരുത് ആട്−, മാഞ്ചിയം മുതൽ ഇന്റർനെറ്റ് നോട്ടിരട്ടിപ്പിക്കലിൽ വരെ വ്യാപിച്ചുകിടക്കുന്നു. എന്നാൽ കേരളത്തിലെ ചതിപ്പുനിലങ്ങൾ പ്രതിവർഷം നാടിനു നൽകുന്ന സേവനവില 1.2 ലക്ഷം കോടിയുടേതാണ് എന്ന് മലയാളി സമൂഹം ഓർക്കുന്നില്ല. വികസനത്തിന്റെ മറവിൽ നെൽപ്പാടങ്ങൾ നികത്തി നെൽകൃഷി ഇല്ലാതാക്കി പുതിയ വികസന ലോകം തീർത്തുവരുന്നു. അതിൽ വയലേലകളെ ഭൂസാമിമാരിൽ നിന്നും മോചിപിച്ച്, കർഷക തൊഴിലാളി അവകാശങ്ങൾ നേടികൊടുക്കാൻ നീണ്ട സമരങ്ങൾ നടത്തിയ കമൂണിസ്റ്റ് പാർട്ടികൾക്ക് പോലും പാടങ്ങളുടെ നാശത്തിൽ വേണ്ടത്ര ഉത്കണ്ഠയില്ലാത്തത് നിരുത്തരവാദപരമാണ്.

നമ്മുടെ കൃഷിലോകം നാണ്യവിളകളാൽ നിറഞ്ഞു. ലാഭം മാത്രം ലാക്കാക്കി വൈദേശിക താൽപര്യങ്ങൾക്കു മുൻഗണന നൽകി വളർത്തിയെടുത്ത തോട്ടം കൃഷികൾ സൃഷ്ട്ടിച്ച പുതിയ സംസ്കാരം നമ്മുടെ പ്രകൃതിയിലും മനുഷ്യ ബന്ധങ്ങളിലും വന്മാറ്റങ്ങൾ വരുത്തി. കൃഷിയും വിളയും മണ്ണും എല്ലാം ലാഭത്തിന്റെ തോതിൽ അടയാള പെടുത്തി. തൊടിയിലെ പ്രാദേശികപൂക്കളും വള്ളികളും നിലനിൽക്കാൻ കഴിയാതെ അന്യം നിന്നു. പുതിയ തൊഴിൽ ഇടങ്ങൾ, യൂറോപ്യൻ സംസ്കാരതോടുള്ള അതിയായ താൽപര്യം, ആഗോളവൽക്കരണം ഇവയൊക്കെ മലയാളിയുടെ ജീവിത ദർശനത്തെ പുതിക്കി പണിതു. ഇത് കേരളത്തിന്റെ പല പാരന്പര്യശീലങ്ങളും അവസാനിപ്പിച്ചു. ഇന്നു കേരളം ആധുനിക വിപണിയുടെ ഉത്തമ ഇടമായി മാറികഴിഞ്ഞു.

 കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴമൊഴി I shop therefore I am എന്ന പ്രയോഗത്തിന്റെ പിതൃത്വം പേറുന്നു എന്നുപറയാം. ലോകത്തിന്റെ എല്ലാ സ്പന്തനവും ഇന്നു തീരുമാനിക്കുന്നത് market ആണ്. വിദ്യാസന്പന്നരായ ഇടതട്ടുകാർ ഈ സംവിധാനത്തിനു കീഴ്പെട്ടുപോകുന്നു എന്നത് ഇന്നത്തെ ആഗോള പ്രശനമാണ്. ഇന്ത്യയിൽ ഈ രോഗം കലശലായി മലയാളിയെ ബാധിച്ചു കഴിഞ്ഞു. അങ്ങനെ ഓണവും ബക്രീതും ക്രിസ്തുമസും വിഷുവും ഒക്കെ കച്ചവട ഉത്സവങ്ങളായി. വാങ്ങുന്ന ഉൽപ്പന്നങ്ങൾ എന്തായിരിക്കണം എന്നു തീരുമാനിക്കുവാനുള്ള അവകാശം നമ്മൾ അറിയാതെ നമ്മൾക്ക് നഷ്ടപെട്ടു. ബഹുരാഷ്ട്ര കുത്തകകൾ അവരുടെ കച്ചവടം പല മടങ്ങ് വർദ്ധിപ്പിക്കുവാൻ നേരും നുണയും മാറി മാറി പറഞ്ഞുവരുന്നു. സർക്കാർ തന്നെ വിപണിയെ ഉത്സവമായി മാറ്റി. കച്ചവടത്തെ കൊഴിപ്പിക്കുക ഭരണ കൂടത്തിന്റെ ധർമ്മമായി കാണുന്നു. ഓണ വിപണിയിൽ ശരാശരിക്കു മുകളിൽ ഉണ്ടാകുന്ന 3000 കോടിയിലധികമായുള്ള വ്യാപാരം ഫലത്തിൽ ജനങ്ങളെ കൂടുതൽ കൊള്ളയടിക്കാനുള്ള അവസരമായി കാണാം. ഇത്തരം ശക്തമായ വ്യാപാരലോകം ജനങ്ങളെ കടകെണിയിൽ എത്തിക്കും. വ്യാപാരം ശക്തമായ നാട്ടിൽ സർക്കാരും പാപ്പരകുക സ്വാഭാവികമാണ്. ലോക വ്യാപാരത്തിന്റെ നെറുകയിൽ നിലനിൽകുന്ന അമേരിക്കൻ സർക്കാർ പാപ്പരായി പ്രവർത്തിക്കുവാൻ നിർബന്ധിതമായിട്ട് നാളുകൾ ഏറെയായി. ഇന്ത്യയിലെ ഏറ്റവും കടമുള്ള സംസ്ഥാനത്തിന്റെ പട്ടികയിൽ കേരളവും ഉണ്ട്. രാജ്യത്തെ ഏറ്റവും കൂടുതൽ കച്ചവടം പൊടിപിടിക്കുന്ന കേരളം കടത്തിൽ പെട്ടത് സാന്പത്തിക ലോകം പ്രതീക്ഷിച്ചതു തന്നെ. ജനത്തിനു കൈയ്യിൽ പണം എത്തിച്ചേരുന്നു എങ്കിലും (വിപണിയുമായും മറ്റും ബന്ധപെട്ടു നിൽക്കുന്ന) അവർ കടക്കാരാണ്. പണം ഇല്ലാതെ നിങ്ങൾക്ക് ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ വാങ്ങുവാൻ ബാങ്കുകൾ നൽകുന്ന അവസരം യഥാർത്ഥത്തിൽ കടകെണിയാണെന്ന് അറിയുവാൻ നമ്മൾ വൈകുന്നു. വൻ പലിശക്കും മറ്റും അവസരമൊരുക്കുന്ന ക്രെഡിറ്റ് കാർഡുകൾ സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ സർക്കാർ (ആരെങ്കിലും) ഗവ്വരവമായി എടുത്ത് ചർച്ചചെയ്യുന്നുണ്ടോ? 

 മലയാളത്തനിമ വിഷയത്തിൽ വാശിപിടിക്കുന്നവർക്ക് വിപണി ഓണത്തെതന്നെ അട്ടിമറിക്കുന്ന വിഷയത്തിൽ ഉത്കണ്ഠയില്ലാത്തത് എന്തുകൊണ്ടാണ്?. ആഗോള വിപണിയുടെ മനഃശാസ്ത്ര യുദ്ധത്തിൽ പെട്ട് ഏറ്റവും അധികം അടിമ ബോധത്തിൽ എത്തപ്പെട്ടത് പുതുതലമുറയിൽ പെട്ടവരാണ്. അവർ രാഷ്ട്രീയ വിഷയങ്ങളിൽ ഒട്ടും താൽപര്യം കാണിക്കാതെ ജീവിതത്തെ കേവലം ആഘോഷമായി കാണുന്നു. അങ്ങനെ ക്യാന്പസുകളിൽ റാഗിംഗ് തിരിച്ചു വരുന്നു. മലയാള ഭാഷയെ ഗൗരവതരമായി കാണാൻ ശീലിച്ചിട്ടില്ലാത്ത ചെറുപ്പക്കാർ നാടിന്റെ ചരിത്രം പഠിക്കുന്നതിൽ വിമുഖരാണ്. അങ്ങനെ രാഷ്ട്രീയമായി നിരക്ഷരയായവർ പുതിയ വിഭ്രമിപ്പിക്കുന്ന ആഘോഷങ്ങളിൽ പങ്കാളികളാകുന്നു. സിനിമ എന്ന ജനകീയ രൂപം ആഗോള വിപണി താൽപര്യങ്ങളെ തൃപ്തിപ്പെടുത്തുന്നു.  സിനിമ പരിചയപെടുത്തുന്ന ജീവിത ശീലങ്ങൾ മാതൃകകളാക്കുന്നത്തിലൂടെ വിപണിയുടെ അനുസരണ ശീലരായി യുവജനങ്ങൾ മാറുന്നു. പഴയ തലമുറകളും ഈരോഗത്തിന് അന്യമല്ല.  സാമൂഹിക പ്രതിബദ്ധമായി കാര്യങ്ങൾ ബോധ്യപെടുത്തുവാൻ കഴിയാത്തവർ രാഷ്ട്രീയമായി നിരായുധരാണ്. വിപണിയുടെ കച്ചവട മാർഗ്ഗം വിമോചനമാർഗ്ഗമായി കാണുന്ന വിഭാഗങ്ങൾ ഓണം പോലെയുള്ള ആഘോഷങ്ങളിൽ അനോരാഗ്യപ്രവണതകൾ ക്ലച്ച്പിടിക്കുന്നതിലെ തെറ്റുകളെ തിരിച്ചറിയുവാൻ കഴിയുന്നില്ല. ആഘോഷം മദ്യത്തിന്റെ വർദ്ധിച്ച ഉപഭോഗത്തിനുള്ള അവസരമായി തീരുന്നത് ഓണത്തിന്റെ എല്ലാ നല്ല സന്ദേശത്തിനും മങ്ങലേൽപിക്കും. 

ഓണം എന്ന ഉത്സവം നാടിന്റെ നന്മയുടെ ഓർമ്മകളെ വീണ്ടും നമ്മുടെ മുന്നിൽ എത്തിക്കുന്നു. നമ്മുടെ നായകൻ നീതിമാനായിരുന്നു എന്ന കഴിഞ്ഞ കാല സത്യം നമ്മുക

You might also like

Most Viewed