വിഴിഞ്ഞം വികസനമല്ല വിപണനമാണ് !!


നമ്മുടെ വികസന സങ്കൽ‍പ്പങ്ങൾ‍ ആകെ മാറ്റിമറിക്കപ്പെട്ടു എന്ന് എന്നാണ് നമുക്ക് തിരിച്ചറിയുവാൻ‍ കഴിയുക? പൊതു സമൂഹത്തിന്‍റെ ആസൂത്രണത്തെ (planning) വികസനം (development) എന്ന വാക്കുകൊണ്ട് പകരം വെയ്ക്കുന്നതു വഴി നമ്മുടെ നാളിതുവരെയുള്ള സാമൂഹിക മൂല്യങ്ങളും ധാരണകളും അട്ടിമറിക്കപ്പെട്ടു. വികസനം എന്ന അജണ്ടയിലൂടെ സർ‍ക്കാരും സർ‍വ്വ ബന്ധങ്ങളും ലാഭത്തിന്‍റെ അടിസ്ഥാനത്തിൽ‍ അടയാളപ്പെടുത്തുണമെന്ന അന്തർ‍ദേശീയ ധാരണയിലേയ്ക്ക് നാമേവരും എത്തിച്ചേർ‍ന്നു. കെയിൻ‍സ് സായിപ്പു സിദ്ധാന്തങ്ങൾ‍ തന്നെ മുതലാളിത്ത മുറ്റത്തു നിന്നും തുടച്ചു മാറ്റപ്പെട്ടു. ആസൂത്രണത്തിലൂടെ ഒരു നിശ്ചിത കാലത്തിനുള്ളിൽ‍ പൊതുസമൂഹം ഒരു നിശ്ചിത ലക്ഷ്യം നേടണം എന്ന് ആഗ്രഹിച്ചു. അവിടെ സാധാരണക്കാരൻ‍ മുതൽ‍ എല്ലാവരും അതിന്‍റെ ഉപഭോക്താക്കൾ‍ ആകുകയായിരുന്നു ലക്ഷ്യം.USSR ഇത്തരം പ്ലാനിങ്ങിലൂടെ ആണ് അവർ‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ‍ക്കു പരിഹാരം കണ്ടെത്തിയത്. ഇന്ത്യയും ഭക്ഷ്യ, വ്യവസായ പ്രതിരോധ കുത്തിവെപ്പു മേഖലയിൽ‍ ലക്ഷ്യം വെച്ചുനീങ്ങിയതും പഞ്ചവത്സര പദ്ധതികൾ‍ മൊത്തത്തിൽ‍ നടപ്പാക്കിയതും പ്ലാനിംഗ് എന്ന സങ്കൽ‍പ്പത്തിലായിരുന്നു. എന്നാൽ‍ മൊറാർ‍ജിയും പിൽ‍ക്കാലത്തു കോൺ‍ഗ്രസ് (1991നുശേഷം) −പതുക്കെ പതുക്കെ നിലപാടു എടുത്തു BJPപാർ‍ട്ടികൾ‍ പ്ലാനിംഗിനെ തന്നെ കയ്യൊഴിഞ്ഞു. 12ാം പദ്ധതിവരെ പഞ്ചവത്സര പദ്ധതി എന്നു വിളിച്ചുപോന്ന പദ്ധതികൾ‍ ഇനി ഉണ്ടാകുകയില്ല. ആസൂത്രണം എന്നതുകൊണ്ട് ലക്ഷ്യമാക്കിയ സമീപങ്ങൾ‍ സർ‍ക്കാരുകൾ‍ ഉപേക്ഷിക്കുകയാണ്. ഇത് ഏതെങ്കിലും ഒരു സർ‍ക്കാർ‍ ഇല്ലെങ്കിൽ‍ ഒരു വ്യക്തി എടുത്ത നിലപാടിന്‍റെ പ്രശ്നമല്ല. ആഗോള വൽക്കരണവുമായി കാര്യങ്ങൾ‍ ബന്ധപ്പെട്ടിരിക്കുന്നു. ആഗോളവൽ‍ക്കരണം മറ്റൊരു ലോകത്തെ പറ്റിയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ആ ലോകത്ത് സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർ‍ത്തുക സർ‍ക്കാരിന്‍റെ ബാധ്യതയല്ല. അതുകൊണ്ട് ആസൂത്രണം ഒരു കാലഹരണപ്പെട്ട വസ്തുതയും development സർ‍ക്കാരിന്‍റെ മുഖ്യ വിഷയവുമാകുന്നു.

ആസൂത്രണത്തിൽ‍ ഉണ്ടാകുന്ന വളർ‍ച്ച (planning) ഒരാളുടെ വരുമാനത്തിന്‍റെ കേവല വർദ്ധനവല്ല പകരം സമൂഹത്തിലെ എല്ലാവരും ആർ‍ജ്ജിക്കുന്ന ജീവിതത്തിന്‍റെ പുരോഗതിയാണ്. എന്നാൽ രാജ്യത്തിന്റെ വികസനം രാജ്യത്തെ ഓരോ വ്യക്തികളുടെയും വികസനമാകണമെന്ന് നിർബന്ധമില്ല. ആസൂത്രണ പദ്ധതികളിൽ ഓരോരുത്തരുടെയും വളർച്ച ആസൂത്രണത്തിന്റെ ഭാഗമാണ്. അതിനു കഴിഞ്ഞില്ല എങ്കിൽ ആസൂത്രണം ലക്ഷ്യം കാണാതെ പരാജയപ്പെട്ടു എന്ന് കണക്കാക്കും. വികസനം ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ കന്പോള വളർച്ചയും അതിന്റെ ഭാഗമായ GNP ഇല്ലെങ്കിൽ GDP വളർച്ചയുമാണ്‌. GDP എന്നാൽ Gross Domestic Production. രാജ്യത്തിന്റെ മൊത്തം ഉൽപ്പാദനത്തിന്റെയും സേവനത്തിന്റെയും ആകെ മൂല്യം. അതിനോടൊപ്പം വിദേശ വരുമാനം കൂടി കൂട്ടിയാൽ GNP ആയി. ഇവിടെ ഉൽപ്പാദനത്തിലെ വളർച്ചയിൽ നിന്ന് ഓരോ വ്യക്തിക്കും എന്ത് കിട്ടുന്നു എന്നത് ഒരു വിഷയമല്ല. ഉദാഹരണമായി കേരളത്തിൽ ടൂറിസവുമായി ബന്ധപ്പെട്ട 1000 കോടി രൂപയുടെ ഒരു സപ്ത നക്ഷത്ര ഹോട്ടൽ സമുച്ചയം വന്നാൽ അത് കേരളത്തിന്റെ ടൂറിസവുമായി പുല ബന്ധമില്ലാത്ത ഭൂരിപക്ഷം ജനങ്ങളുടെ ജീവിതത്തിൽ‍ അതിന് കാര്യമായി ഒന്നും നൽ‍കുവാൻ‍ കഴിയുകയില്ല. എങ്കിലും ജനങ്ങളുടെ ശരാശരി GDPയിൽ‍ വളർച്ച രേഖപ്പെടുത്തിയതായി സാന്പത്തിക ലോകം അടയാളപ്പെടുത്തും. ആഫ്രിക്കൻ‍ ഭൂഖണ്ധത്തിലെ GDP വളർച്ചയിൽ ആദ്യ റാങ്ക് നേടി വരുന്നത് നൈജീരിയയാണ്. ഏറ്റവും ദുരിത പൂർവ്വമായ ജീവതം നയിക്കുന്ന അവരുടെ GDP വളർച്ച സാധാ ജനങ്ങളുടെ ജീവിത പുരോഗതിയുടെ ഫലമല്ല മറിച്ച് രാജ്യത്ത് ഷെൽ ഉൾപ്പെടുന്ന ബഹുരാഷ്ട്ര കുത്തകകളുടെ കച്ചവടത്തിനായി മുടക്കുന്ന മൂലധനത്തിന്റെയും അവർ നടത്തുന്ന പെട്രോളിയം കച്ചവടത്തിലൂടെ നേടുന്ന ലാഭത്തിന്‍റെയും ഫലമാണ്. ലോകത്ത് GDP വളർച്ചയിൽ വളരെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. ഇതിനർത്ഥം അവിടങ്ങളിൽ‍ സാധാരണ ജനങ്ങൾ കൂടുതൽ സുരക്ഷിതരായിരുന്നു എന്ന് വിശ്വസിക്കാൻ കഴിയുമോ? ലോകത്ത് വൻ വികസനം നടന്നു വരുന്നു എന്ന് കൊട്ടിഘോഷിച്ച് വരുന്ന ചൈനയിലെ പല ഗ്രാമങ്ങളിലെയും ജീവത സുരക്ഷിതത്വം 1970 കളിലെ അവസ്ഥയിലും പുറകിലാണ്. ജനങ്ങൾ കൃഷിയും ഗ്രാമവും ഉപേക്ഷിച്ച് നഗരങ്ങളിൽ പുതിയ ചേരികൾ തീരത്ത് ദുരിത ജീവിതത്തിൽ പെട്ടുപോയി. ഇന്ത്യയിലെ വ്യാവസായ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും ഗുജറാത്തും രാജ്യത്തിന്റെ ആരോഗ്യ− −വിദ്യാഭ്യാസ− പൊതുവിതരണ മേഖലക്ക് ഒരിക്കൽ പോലും മാതൃക ആകുവാൻ‍ കഴിഞ്ഞിട്ടില്ല. ജീവിത സൂചികയിൽ ലോകത്തെ പല പിന്നോക്ക പ്രദേശങ്ങൾക്കും മാതൃകയായ കേരളത്തിന്റെ GDP വളർച്ച ഇന്ന് ദേശീയ ശരാശരിക്കും മുകളിലാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോത് ഇന്ന് അതു കാട്ടുന്നുണ്ട്. 1970-80 കാലഘട്ടത്തിൽ അതിന്റെ അളവ് ഇന്നത്തേതിന്റെ 1/4 മാത്രമായിരുന്നു. എന്നാൽ കേരളത്തിൽ വിജയകരമായി പൊതു സാമൂഹിക സുരക്ഷിതത്വ പരിപാടികൾ നടന്നു വന്ന കാലമായിരുന്നു അത്. പൊതു വിദ്യാഭ്യാസം, സർക്കാർ ചികിത്സാ സംവിധാനം, പൊതുവിതരണം തുടങ്ങിയ മേഖലകൾ ഏറെ ജനകീയമായി അക്കാലത്ത് നടന്നു. 1991നു ശേഷം കേരളത്തിലെ മുകളിൽ വിശേഷിപ്പിച്ച മേഖലകളിൽ ഒക്കെ സ്വകാര്യ സ്ഥാപനങ്ങൾ വൻ മുന്നേറ്റം തന്നെ നടത്തി. പൊതു വിദ്യാഭ്യാസവും സർക്കാർ ചികിത്സാ സംവിധാനവും രണ്ടാം തരക്കാർക്കായി ചുരുങ്ങി. പൊതു വിതരണ ശൃംഖല തകർന്നു. ഒപ്പം തന്നെ പൊങ്ങച്ച മൂല്യങ്ങൾക്ക് മുൻ‍ തൂക്കമുള്ള വിപണികൾ‍ സജീവമായി. സ്വർണ്ണക്കടകളും തുണിക്കടകളും ഹൈപ്പർമാളുകളും മലയാളികളുടെ വിധി എഴുതി. വീടും അതിന്റെ ആധുനിക ഉൽപ്പന്നങ്ങളും സ്വകാര്യവാഹനങ്ങളും ആളുകളുടെ വ്യക്തിത്വങ്ങളായി മാറി. നിക്ഷേപണത്തിന്റെ ഒഴുക്ക് ഇതിനനുകൂലമായ പശ്ചാത്തലം ഒരുക്കുന്നതിൽ വലിയ സംഭാവനകൾ നൽകി. ശരാശരി മലയാളി ഇതിന്റെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാപ്പരായവരിൽ മുന്പരായി. കച്ചവടം തകർത്തു നടക്കുന്ന കേരളക്കരയുടെ രക്ഷകനായ സർക്കാർ തന്നെ വൻ കടക്കാരനുമായി തീർന്നു. അപ്പോഴും GDP യിൽ കേരളം മറ്റു പല സംസ്ഥാനങ്ങളെ പോലെ ഇന്ത്യക്ക് മാതൃകയായി പരിഗണിച്ചു. ഇത്തരം വികസനമാണ് ലോകബാങ്കും അവരുടെ അധിപനായ അമേരിക്കൻ വികസന വാദികളും സ്വപ്നം കണ്ടുവരുന്നത്‌. ആഗോള വികസനത്തെ ഇത്തരത്തിൽ കണ്ട് പ്രോൽസാഹിപ്പിക്കുന്പോൾ സാധാരണ ജനം പാപ്പരായി കൊണ്ടിരിക്കുന്നു. കൃഷികൾ തകർന്നടിയും പരന്പരാഗത വ്യവസായ മേഖലകൾ അടച്ചു പൂട്ടുന്നു. പ്രാദേശിക ഉൽപന്നങ്ങൾക്ക് വിപണി കിട്ടുന്നില്ല. എന്നാൽ വികസനത്തിന്റെ പേരിൽ വൻകിട സംരംഭങ്ങൾ നമ്മുടെ പ്രകൃതി വിഭവങ്ങളെയും നമ്മുടെ ജീവിത സാഹചര്യങ്ങളെയും തകർത്തെറിഞ്ഞു കൊണ്ടു മുന്നേറുന്നു.

ചിങ്ങമാസം മലയാളികൾക്ക് ഗൃഹാത്വരത്വം ഉയർത്തുന്ന ഒരു സുദിനമാണ്. പല നിർണ്ണായക തീരുമാനങ്ങളും പലരും എടുക്കുന്നതും നടപ്പാക്കാൻ‍ തുടങ്ങുന്നതും ആ ദിനത്തിലാകാറുണ്ട് ഈ വർഷത്തെ ചിങ്ങം ഒന്നിന്റെ പ്രത്യേകത കേരളം ഏറെ ചർച്ച ചെയിതു വന്ന, എല്ലാ രാഷ്ട്രീയ പാർട്ടികളും അവരാൽ കഴിയാവുന്ന സംഭാവനകൾ ചെയ്തു എന്നവകാശപ്പെടുന്ന, വിഴിഞ്ഞം തുറമുഖത്തിന്റെ കരാർ ഒപ്പിടുന്നു എന്നതാണ്. ശ്രീ ഉമ്മൻ‌ചാണ്ടി കടലിനെയും കാറ്റിനെയും സൂര്യ പ്രകാശത്തെയും വികസനത്തിനായി കൂട്ടു പിടിക്കുന്നതിൽ അഗ്രഗണ്യനാണെന്ന് അറിയാത്തവരായി ലോകത്തിൽ തന്നെ ആരും ഉണ്ടാകില്ല. ഈ ഗാന്ധിയനെ പറ്റി UNഉം അപദാനങ്ങൾ പാടി വരുന്നു. വികസനത്തിന്റെ ഭാഗമായി ഏലക്കാടുകളും ചോലക്കാടുകളും വെട്ടി വെളിപ്പിക്കാനും കരിന്പാറകൾ തുരക്കാനും വനഭൂമി “കർഷക ജന സാമ്രാജ്യത്തിന് പതിച്ച് നൽകുവാനും അദ്ദേഹം ഏറെ ശ്രദ്ധാലുവാണ്. ഉമ്മൻ ചാണ്ടിക്ക് മുന്നിൽ ഒരു സ്വപ്നമേ ഉള്ളു കേരളത്തെ വികസനത്തിന്‍റെ പറുദീസാ ആക്കണം അത്രമാത്രം. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ നടപ്പിലാക്കാൻ അദ്ദേഹത്തിനൊപ്പം പ്രതിജ്ഞാ ബന്ധരായി ശ്രീ കെ.എം മാണിയും കുഞ്ഞാലികുട്ടിയും പിന്നെ കുറെ ശുദ്ധാത്മാക്കളും കൂട്ടിനുണ്ടായതിനാൽ പുതുപ്പള്ളിക്കാരനായ ഈ ഗാന്ധിയന്റെ സ്വപ്‌നങ്ങൾ കരക്കടുത്തുകൊണ്ടിരിക്കുകയാണ്. അതിലെ തുറുപ്പ് ചീട്ടാണ്‌ വിഴിഞ്ഞം. കടൽ എത്ര വർഷമായി മലയാള കരയെ തൊട്ടു തലോടി നിൽക്കുന്നു. അതിനെ ആകെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയത് 500 വർഷങ്ങൾക്കു മുന്പ് “ഗാമ”യും അദ്ദേഹത്തിന്റെ പിൻഗാമികളും. ഇപ്പോഴാണെങ്കിൽ ചുരുക്കം ചില NRI പൂച്ചകളും. അങ്ങനെ പോര എന്നാണു കേരളത്തിലെ ഇടതു − വലത് കക്ഷി രാഷ്ട്രീയക്കാരുടെ ആഗ്രഹം. അവരുടെ സ്വപ്ന ഭൂമിയാണ്‌ വിഴിഞ്ഞം. സത്യത്തിൽ ഈ പദ്ധതി കേരളത്തിന്റെ വികസനത്തിന് ഏതു തരത്തിലാണ് സഹായകരമാകുക? അത് പരിസ്ഥിതിയെ എങ്ങനെ ബാധിക്കും? തുടങ്ങിയ വിഷയങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടത് ഏതൊരു മലയാളിയുടെ (എങ്കിലും) കടമയാണ്.

ഇന്ത്യയുടെ ചരക്കു ഗതാഗതിൽ 90%വും കപ്പൽ മാർഗ്ഗമാണ് നടക്കുന്നത്. അത് തന്നെയാണ് അതിന്റെ ശരിയും. കപ്പൽ ഗതാഗതത്തിന് മുൻതൂക്കമൊരുക്കുന്ന 13 വൻകിട തുറമുഖങ്ങൾ നമുക്കുണ്ട്. അതിലെ ഏറ്റവും വലുത് ബോംബയിലെ നവി തുറമുഖമാണ്. കൊച്ചിയും ഈ പട്ടികയിൽ പെടുന്നു. 187 ചെറുകിട തുറമുഖങ്ങളും രാജ്യത്ത് പ്രവർത്തിച്ചുവരുന്നു. ബേപ്പൂർ, കൊല്ലം, അഴീക്കൽ തുടങ്ങിയവയെപ്പോലെ ലോകത്തെ വൻകിട തുറമുഖ പട്ടികയിലെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ് കൊളംബോ. പിന്നീടുള്ള സിംഗപൂർ, ഷാൻഹായ് ഇവ ഇന്ത്യയുടെ ആകെ ചരക്കു മാറ്റത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുവാൻ പ്രാപ്തിയുള്ളതാണ്. ഇന്ത്യയിലേക്ക് വരുന്ന ചരക്കുകളിൽ 25%വും കൊളംബോ വഴിയാണ് ഇന്നും എത്തിച്ചേരുന്നത്. ഇന്ത്യയിലെ തുറമുഖങ്ങളെ പറ്റി പഠിച്ചാൽ നമുക്ക് ആദ്യം തന്നെ വ്യക്തമാകുന്ന ഒരു വസ്തുത ചെറുകിട തുറമുഖങ്ങൾ കാര്യക്ഷമമായ വളർച്ച കൈവരിക്കുന്പോൾ (പങ്കാളിത്തത്തിൽ 7.6%ത്തിൽ‍ നിന്നും 38%) വൻകിട തുറമുഖങ്ങൾ‍ പ്രവർ‍ത്തനത്തിൽ‍  സ്ഥിതിവിവര കണക്കുകൾ‍ മറിച്ചാണ്. ഇന്ത്യയിലെ ആദ്യത്തെ സന്പൂർണ കണ്ടെയ്നർ ടെർമിനൽ ഏറെ വാഗ്ദാനങ്ങളുമായാണ് പണി തുടങ്ങിയത്. അവിടെയും അതിന്റെ ക്രെഡിറ്റ് ആർക്ക് കുത്തകയായി കിട്ടണം എന്നതിലായിരുന്നു രാഷ്ട്രീയക്കാരുടെ ഏക ശ്രദ്ധ. എല്ലാ രാഷ്ട്രീയ പാർട്ടികളിലും സാങ്കേതിക രാഷ്ട്രീയ സാന്പത്തിക വികസന വിദഗ്ദ്ധരുണ്ട്. രാജ്യത്തെ ഉദ്യോഗസ്ഥ ലോകത്തെ പറ്റി ശരാശരി മനുഷ്യരാരും വലിയ പ്രതീക്ഷകൾ വച്ചുപുലത്തുന്നില്ല എന്നിരിക്കെ രാഷ്ട്രീയ ബുദ്ധിജീവികൾ നടപ്പിലാക്കുവാൻ പോകുന്ന പദ്ധതിയെ പറ്റി പഠനങ്ങൾ നടത്തേണ്ടത് ജനതാൽപര്യത്തിന് അത്യന്താപേക്ഷിതമാണ്. വല്ലാർപാടം വൻ വിജയമാകുമെന്ന് പറഞ്ഞു വന്ന രാഷ്ട്രീയ നേതൃത്വം തൊഴിൽ അവകാശങ്ങളെ കുഴിച്ചു മൂടുന്ന SEZ മേഖലയായി പ്രഖ്യാപിച്ച വല്ലാർപാടത്തെ വികസനത്തിന്റെ ഉത്തമമാതൃകയായി ഉയത്തിക്കാട്ടി. ഇന്നത്തെ അതിന്റെ അവസ്ഥ എന്താണ്? രാജീവ് ഗാന്ധി ടെർമിനൽ എന്ന പൊതു മേഖലാ സ്ഥാപനം Dubai Port World എന്ന സ്വകാര്യ കന്പിനിയുടെ നിയന്ത്രണത്തിലുള്ള വല്ലർപാടത്തിന്റെ വരുതിയിലായി. ദുബായ് കന്പിനി കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 400 കോടി രൂപ ലാഭം എടുത്തുടുത്തു. എന്നാൽ സർക്കാരിന് പ്രതി വർഷം നഷ്ടം 200 കോടി. ഇന്ത്യൻ ദേശിയ താൽപര്യങ്ങളെ മാനിക്കുവനായി ഉണ്ടാക്കിയ കബോട്ടാഷ് നിയമത്തിനു കൂടി 3 വർഷം അനുവദിച്ചിട്ടും 40% കപ്പാസിറ്റിയെ ഉപയോഗിക്കാൻ കഴിഞ്ഞുള്ളൂ. പദ്ധതി ഒരിക്കലും ലാഭാത്തിലാകില്ല എന്ന് സർക്കാർ തന്നെ സമ്മതിച്ചു. പദ്ധതിക്ക് വേണ്ടി പടിയിറങ്ങിയവർ (മൂലം പള്ളിക്കാർ) വഴിയാധാരമായി തുടരുന്നു. വിഴിഞ്ഞത്തിന്റെ അനുകൂലഘട്ടമായി പറയുന്നത്, അവിടെയുള്ള ആഴം കൂടിയ കടൽതട്ടാണ്. അതിൽ വസ്തുതകൾ ഉണ്ട്. എന്നാൽ കപ്പലടുക്കണമെങ്കിൽ ഇപ്പോൾ പ്രകൃതിദത്തമായി ലഭ്യമായ 14−16 മീറ്റർ 20 മീറ്ററായി വർദ്ധിപ്പിക്കണം. മാത്രമല്ല കൊച്ചി, വൈഗ തുടങ്ങിയ തുറമുഖങ്ങളിൽ പുലിമുട്ടുകൾ പണിയാതെ കപ്പൽ അടുക്കുവാൻ അവസരം ഉണ്ടെങ്കിൽ ഇവിടെ 3.2 കി.മീ നീളത്തിൽ പുലിമുട്ട് നിർമ്മിക്കേണ്ടതുണ്ട്. അറബിക്കടലിന്റെ തീരങ്ങളിൽ ഏറ്റവും കൂടുതൽ മണ്ണൊലിപ്പ് ഉണ്ടാകുന്ന പ്രദേശമാണ് വിഴിഞ്ഞം. ഇതുമൂലം ഡ്രജ്ജിംഗ് ഒഴിവാക്കുവാൻ‍ കഴിയുകയില്ല. പുലിമുട്ട് നിർമ്മാണം നിരവധി പാരിസ്ഥിക പ്രശ്നങ്ങൾ സൃഷ്ടിക്കും. മത്സ്യബന്ധന തുറമുഖത്തിനായി വിഴിഞ്ഞത്ത് 400 മീറ്റർ പുലിമുട്ട് പണിതപ്പോൾ തന്നെ 200 മീറ്റർ കടൽകയറ്റം പൂന്തുറയിൽ‍ ഉണ്ടായി. അങ്ങനെയെങ്കിൽ 3200 മീറ്ററിലെ പുലിമുട്ട് നിർമ്മാണം 2 കി.മീ വരെ കടലെടുപ്പുണ്ടാകും. പുലിമുട്ട് നിർമ്മിച്ചിട്ടുള്ള തൊട്ടടുത്ത തേങ്ങപട്ടണം, മുതലപ്പെഴി തുടങ്ങിയ സ്ഥലങ്ങളിൽ‍ പുലിമുട്ടിന്റെ തെക്കൻ ഭാഗത്ത് മണ്ണിറക്കവും വടക്കുഭാഗത്ത് വൻ മൺത്തിട്ടകളും ഉണ്ടാകുന്നു. അവിടങ്ങളിലെ പുലിമുട്ടുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ തുറമുഖ പരിസ്ഥിതി വകുപ്പുകൾക്ക് കഴിയുന്നില്ല. 3200 മീറ്ററിലെ പുലിമുട്ടുകൾ കോവളം-വിഴിഞ്ഞം മേഖലകളിൽ പ്രത്യാഘാതങ്ങൾ വരുത്തും. പുലിമുട്ട് നിർമ്മാണത്തിനാവശ്യമായ 70 ലക്ഷം ടൺ (മറ്റ് ആവശ്യങ്ങൾകൂടി കണക്കിലെടുത്താൽ വരുന്ന 1.4 കോടി ടൺ‍) പാറയുടെ സംഭരണം പശ്ചിമഘട്ട മലകളുടെ വൻ തകർച്ചയ്ക്ക് ആക്കം കൂട്ടും. 33800 മത്സ്യ തൊഴിലാളികൾ, മീൻ പിടിക്കുന്ന 1750 ലധികം മത്സ്യബന്ധന ഗ്രാമങ്ങൾ ഇനി ചരിത്രത്തിൽ ഭാഗമകും. കക്കയുടെയും മറ്റ് കടൽ ജീവികളുടെയും ശേഖരണം ഇവിടെ അവസാനിക്കും. 55 ഹെക്ടർ കടൽ നികത്തൽ, 351 ഏക്കർ ഭൂമിയിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, അതിലെ ഹോട്ടൽ സമുച്ചയങ്ങളും മറ്റ് നിർമ്മാണങ്ങളും പദ്ധതിയെ real-estate കച്ചവടമാക്കി മാറ്റുന്നു നിർമ്മാണത്തിനായി കരാർ ഏറ്റെടുത്ത (ഒരു അപേക്ഷകൻ മാത്രം ഉണ്ടായത് എന്തുകൊണ്ട്?) അദാനിക്കും പദ്ധതിയുടെ 67% പണം മുടക്കുന്ന സർക്കാരിനും ഈ പദ്ധതി എങ്ങനെയാണ് പ്രയോജനം ചെയ്യുക എന്നത് പദ്ധതിയുടെ തട്ടിപ്പിന്റെ ചുരുൾ അഴിക്കുന്നു. പദ്ധതി ചിലവ് 7525 കോടി. സർക്കാർ മുടക്ക് 4255 കോടി. അദാനി മുടക്ക് −2453 കോടി (കേന്ദ്ര −സംസ്ഥാന 16 grant 1635 കോടി). 351 ഏക്കറിന് 1/3  ഭൂമിയിൽ എന്തും ചെയ്യുവാൻ അദാനിക്ക് അവസരം. അദാനിക്ക് ആവശ്യമായ തുക SBI ഈടില്ലാതെ വായ്പ നൽകും. ഇനി ലാഭം എങ്ങനെ വീതിക്കും? ആദ്യ 20 വർഷം എല്ലാ ലാഭവും അദാനിക്ക്. 21ാമത്തെ വർഷം മുതൽ സർക്കാരിന് ഒരു ശതമാനം ലാഭം. അദാനിക്ക് 99%. (ഈപറഞ്ഞ കണക്കുകളിൽ‍ ചെറിയ മാറ്റം അവസാന ഒപ്പിടലിൽ‍ ഉണ്ടായിട്ടുണ്ടാകാം. എല്ലാം പക്ഷേ ഗൗദം അദാനിക്ക് കൂടുതൽ‍ കൂടതൽ‍ അനുകൂലമാകും എന്നതിൽ‍ സംശയിക്കേണ്ടതില്ല)

കേരളം വളരേണ്ടതുണ്ട് എന്നതിൽ‍ ആർ‍ക്കും അഭിപ്രായ വ്യത്യാസമില്ല. ആർ‍ക്കുവേണ്ടി എന്നത് മാത്രമാണ് പ്രധാനം. പദ്ധതികൾ‍ പ്രകൃതിയെയും ഭാവി തലമുറയെയും ബഹുമാനിച്ചുകൊണ്ടേ ആകാവൂ എന്ന കാര്യത്തിലെ പിടിവാശിയുള്ളൂ. മാവൂർ‍ റയ്യോൻ‍സും തണ്ണീർ‍മുക്കം ബണ്ടും അതാതു നാട്ടുകാർ‍ക്ക് നൽ‍കിയത് ഗുണങ്ങളല്ല തീരാ ദുരിതങ്ങളാണ്. ആ പട്ടികയിൽ‍ തന്നെയാണ് വല്ലാർ‍പാടവും LNG യും സ്ഥാനം പിടിച്ചത്. വിഴിഞ്ഞം അത്തരം നഷ്ട കച്ചവടത്തിലെ മറ്റൊരിനം കൂടി. എല്ലാം ജനങ്ങളുടെ പേരിൽ‍ കോർപ്പറേറ്റ് താൽപ്പര്യങ്ങൾ‍ക്കായി ഒരുക്കി എടുക്കുന്നു. ഇതു ഭരണഘടനയോടുള്ള വെല്ലുവിളിയാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അതിനായിരിക്കണം നമ്മുടെ രാഷ്ട്രീയ ധാരകളെ ഉപയോഗപെടുത്തെണ്ടത്.

You might also like

Most Viewed