99ലെ വെള്ളപ്പൊക്കം ഇതാ 1194ലെയും !
ഇ.പി അനിൽ
epanil@gmail.com
പ്രകൃതി പ്രതിഭാസങ്ങളാണ് മഴയും കൊടുങ്കാറ്റും വരൾച്ചയുമൊക്കെ. അവ ദുരന്തമായി തീരുക മനുഷ്യ വർഗ്ഗത്തിന് മാത്രമാണ്. ഭൂമിയുടെ നീണ്ട ചരിത്രത്തിൽ ഉണ്ടായിട്ടുള്ള വൻവെള്ളപ്പൊക്കവും ഉരുൾപൊട്ടലും ജീവിച്ചിരുന്ന ഒട്ടുമിക്ക ജീവി വർഗ്ഗങ്ങളെയും ഇല്ലാതാക്കി. പുതിയ ജീവികൾ തന്നെ രൂപപ്പെട്ടു. നയാഗ്ര വെള്ളച്ചാട്ടം ഉണ്ടായത് (താഴ്വരയും) ഉൽക്കകളുടെ പതനത്തിൽ നിന്നാണ്. ഭൂമിയിലെ ഏറ്റവും പ്രായം ചെന്ന മലനിരകൾ ഹിമാലയമാണ്. അത് ഉയർന്നു വന്നത് താലസ് എന്ന കടൽ വഴിമാറിയതിലൂടെയായിരുന്നു. ഇന്നും ഹിമാലയം വളർന്നുകൊണ്ടിരിക്കുന്നു. ഏഷ്യൻ പ്ലേറ്റ്ലറ്റുകൾ യൂറോപ്യൻ പ്ലേറ്റ്ലെറ്റുകളുടെ അടിയിലേയ്ക്ക് ഇറങ്ങി പൊകുന്നതിലൂടെ ഉണ്ടാകുന്ന മാറ്റം പ്രകടമാണ്. ഭൂമിയുടെ കാലാവസ്ഥാ വ്യതിയാനവും മറ്റു പ്രതിഭാസങ്ങളും മനുഷ്യരുടെ ഇടപടലുകൾ മൂലം കലുഷിതമാകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.
14ാം നൂറ്റാണ്ട് മുതലുള്ള ഒട്ടുമിക്ക വെള്ളപ്പൊക്കങ്ങളെ പറ്റിയും വിവരങ്ങൾ ലഭ്യമാണ്. ഓരോ നൂറ്റാണ്ടിലും അടയാളപ്പെടുത്തിയ സംഭവങ്ങൾ പൊതുവെ യുറോപ്പ് കേന്ദ്രീകൃതമാണ്. 1341ൽ യൂറോപ്പിൽ ഉണ്ടായ വെള്ളപൊക്കവും (ആ നൂറ്റാട്ടണ്ടിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു.) പിന്നീട് 19ാം നൂറ്റാണ്ട് വരെ അനുഭവപ്പെട്ട വൻ മഴകളും ഓരൊ 100 വർഷവും വിരലിൽ എണ്ണാവുന്നവ മാത്രമായിരുന്നു എങ്കിൽ പിന്നീട് അതിന്‍റെ എണ്ണത്തിൽ വർദ്ധനവ് കാണാം. 20ാം നൂറ്റാണ്ട് ആയപ്പോൾ ഓരൊ 10 വർഷവും സംഭവിച്ച വെള്ളപൊക്കത്തെപ്പറ്റിയുള്ള വാർത്തകൾ നമുക്ക് കാണുവാൻ കഴിയും. അതിന്റെ ആകെ എണ്ണം 100 ലും വളരെ താഴെയാണ്. എന്നാൽ 21ാം നൂറ്റാണ്ടിലെ ആദ്യ 18 വർഷത്തിനുള്ളിൽ അവയുടെ എണ്ണം 85 കഴിഞ്ഞിരിക്കുന്നു. മഴയും വെള്ളപൊക്കവും അനുഭവപ്പെടുന്നതിൽ പ്രാദേശിക ഘടകങ്ങൾക്കൊപ്പം ആഗോള വ്യതിയാനവും പങ്കാളിയാണ്. മൺസൂൺ പോലെയുള്ള കാറ്റുകൾക്ക് പ്രകൃതിയുടെ ഭാഗമായി മാറ്റങ്ങൾ ഉണ്ടാകുന്നു എങ്കിലും മനുഷ്യരുടെ നിലപാടുകൾ അവയുടെ സ്വഭാവവ്യതിയാനത്തിന്റെ ആക്കം കൂട്ടിവരികയാണ്. മഴ കുറയുന്ന എൽനിനൊ പ്രതിഭാസവും മഴ കൂടുന്ന ലാനിനൊ സ്വഭാവവും കാലാവസ്ഥയിൽ മാറ്റങ്ങൾ വരുത്തി പ്രദേശങ്ങളിൽ വെള്ളപൊക്കം, കാട്ടുതീ മുതൽ പുതിയ തരം അസുഖങ്ങൾ വരെ വരുത്തി വെച്ചുകൊണ്ടിരിക്കുകയാണ്. കേരളവും അതിനു സാക്ഷിയായി കഴിഞ്ഞു.
സംസ്ഥാനത്തെ അറിയപ്പെടുന്ന ആദ്യത്തെ വെള്ളപൊക്കം 1341 ൽ സംഭവിച്ചു. ആ പ്രളയം കേരളത്തിൽ നാശങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും. എന്നാൽ നാശത്തിലും ഉപരി അത് കേരളത്തിന്‍റെ വിസ്തൃതി വർദ്ധിപ്പിച്ചു. പരിയാർ രണ്ടായി പിരിഞ്ഞു. കൊടുങ്ങല്ലൂർ തുറമുഖം ഇല്ലാതെയായി. പകരം കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം മുതൽ പടിഞ്ഞാറോട്ട് വൈപ്പിൻ, ചെറായി തുടങ്ങിയ ദ്വീപുകൾ ഉയർന്നു വന്നു. വേന്പനാട്ടു കായൽ രൂപീകരിച്ചതും കൊച്ചി തുറമുഖ പ്രദേശങ്ങൾ ഉണ്ടായതും അന്നത്തെ വെള്ളപൊക്കത്തിന്‍റെ പരിണിത ഫലമായിട്ടാണ്. 1341ലെ വെള്ളപ്പൊക്കം കേരളത്തിന്‍റെ വിസ്തൃതി കൂട്ടി എന്നാണ് ചരിത്രത്തിൽ നിന്നും മനസ്സി ലാക്കുവാൻ കഴിയുന്നത്.
1924ലെ വെള്ളപൊക്കം ഇടുക്കി, എറണാകുളം, തൃശൂർ മുതലായ ജില്ലകളെ തകർത്തു. മുന്നാർ മലനിരകളിൽ മൂന്നാഴ്ച പെയ്ത മഴയുടെ അളവ് 172 inch ആയിരുന്നു. ഏകദേശം 4360 mm മഴ. സംസ്ഥാനത്ത് ഒന്നര വർഷം പയ്യേണ്ട മഴ 21 ദിവസത്തിനകം ലഭിച്ചു എന്ന് കാണാം. ആ മഴയിൽ മൂന്നാർ മൊത്തത്തിൽ തകർന്നു. കരിന്തിരി മല ഒഴുകിപ്പോയി. കുണ്ടള പ്രദേശത്ത് പ്രവർത്തിച്ചു വന്ന മൊണോ റെയിൽ ഒഴുകിപ്പോയി. മൂന്നാറിൽ തന്നെ 100 ലധികം ആളുകൾ മരിച്ചു. എറണാകുളം, തൃശ്ശൂർ, മലപ്പുറം പ്രദേശങ്ങളിൽ നിന്നും 1000 ആളുകളുടെ ജീവൻ നഷ്ടപട്ടു. അന്നത്തെ ദുരിതാശ്വാസ ഫണ്ട് പിരിവുമായി ഗാന്ധിജി മുന്നിൽ ഉണ്ടായിരുന്നു. ഒരു ലക്ഷം രൂപ പിരിച്ചെത്തിക്കുവാൻ അദ്ദേഹം മുന്നിൽ ഉണ്ടായിരുന്നു. (അക്കാലത്ത് ഒരു പവൻ സ്വർണ്ണത്തിന് വില 15 രൂപയായിരുന്നു എന്നോർക്കുക)
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ 99 നു ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ വ്യത്യസ്തമാകുന്നതിന് വിവിധ കാരണങ്ങൾ ഉണ്ട്. ശാസ്ത്ര സാങ്കേതിക സംവിധാനത്താൽ മെച്ചപ്പെട്ട കേരളത്തിൽ വലിയ തോതിൽ ആൾ നാശം ഉണ്ടാകാഞ്ഞത് മലയാളികളുടെ സാമൂഹിക ഒരുമയും ശാസ്ത്ര ബോധത്തെ ഉപയോഗിക്കുന്നതിൽ വിജയിച്ചതും ആണെന്ന് കാണാം. (ഉത്തരാഖണ്ധിലെ മരണം 10000 ത്തിനടത്തു വന്നു. ജനങ്ങൾ സ്വയം രക്ഷകരായി രംഗത്ത് വന്നതിനുള്ള കാരണം നമ്മൾ പുലർത്തി വരുന്ന ജനകീയ സ്വഭാവവും ശാസ്ത്ര യുക്തിയുമാണ്. 99 ലെ വെള്ളപ്പൊക്കത്തിന്റെ അളവുകൾ ഉയർത്തിക്കാട്ടി നമ്മുടെ മുഖ്യമന്ത്രി നടത്തുന്ന വാദങ്ങൾ എത്രമാത്രം സത്യസന്ധമാണ് എന്ന് പരിശോധിക്കണം. നമ്മുടെ സമൂഹനിർമ്മിതിയിൽ 99 ലെ വെള്ളപ്പൊക്കത്തെ ഒരു അടിസ്ഥാന അളവുകോലായി പരിഗണിച്ചിട്ടില്ലാത്ത സർക്കാർ അന്നത്തെ വെള്ളപ്പൊക്കത്തെ എങ്ങനെയാണ് ഇന്നത്തെ ദുരന്തത്തെ അളക്കുവാനുള്ള മാനദണ്ഡമായി കാണുക? സംസ്ഥാനത്തെ വികസന സമീപനത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തെ അടിസ്ഥാന രേഖകളിൽ ഒരിടത്തും ഓർക്കാതെ വികസനത്തെപ്പറ്റി സംസാരിച്ചവർ ഇന്നത്തെ വെള്ളപ്പൊക്കത്തെ താരതമ്യം ചെയ്യുക അബദ്ധ ജഡിലമാണ്.
1920ൽ 73.1% ഉണ്ടായിരുന്ന കേരള വന വിസ്തൃതി 1970ൽ 48.4%വും ഇപ്പൊൾ അത് (യഥാർത്ഥത്തിൽ) 11%വുമായി. 1920നും 2013നും ഇടയിൽ ഏറ്റവും അധികം പശ്ചിമഘട്ട വനം നഷ്ടപ്പെട്ടത് കേരളത്തിൽ നിന്നുമാണ്(62.7%). നാണ്യവിളയുടെ വ്യാപനം 50.8% വനനശീകരണത്തിന് ഇടനൽകി. 17240 ചതുരശ്ര കി.മീ തോട്ടങ്ങൾ പശ്ചിമഘട്ടത്തിൽ വർദ്ധിച്ചു. 1057 ചതുരശ്ര കി.മീ വനം ഡാമുകളാൽ നഷ്ടപ്പെട്ടു. 7 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങൾ മൂടപ്പെട്ടു. കായലുകൾ പകുതിയിൽ താഴെയായി ചുരുങ്ങി. കണ്ടൽക്കാടുകളുടെ വ്യാപ്തി 700 ചതുരശ്ര കി.മീറ്ററിൽ നിന്നും 9 ചതുരശ്ര കി.മീ ആയി മാറി. പെയ്തിറങ്ങുന്ന മഴയിൽ 50%ത്തിലധികം വെള്ളവും 8 മുതൽ 12 മണിക്കൂറിനകം കടലിൽ എത്തുന്ന അവസ്ഥയ്ക്ക് നദികൾ ചുരുങ്ങി തോടുകളായത് പ്രശ്നങ്ങൾ രൂക്ഷമാക്കി.
അനധികൃത കൈയ്യേറ്റങ്ങൾ/നിർമ്മാണങ്ങൾ/തുരക്കലുകൾ എല്ലാം പ്രദേശങ്ങൾക്കും ടൂറിസ്റ്റുകൾക്കും നാട്ടുകാർക്കും ഭീഷണിയാണ് എന്നു മനസ്സിലാക്കുവാൻ ദുരന്തങ്ങൾ ഉണ്ടാകുവാനായി കാത്തിരിക്കേണ്ടതുണ്ടോ? മൂന്നാറിൽ 3 നിലയ്ക്കു മുകളിൽ തട്ടുകളുള്ള നിർമ്മാണങ്ങൾ പാടില്ല എന്ന നിവേദിതാ പി. ഹരൻ റിപ്പോർട് പുറത്തുവന്നിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. 110 കെട്ടിടങ്ങൾ അനധികൃതമാണെന്ന RDO രേഖകൾ നേതാക്കന്മാരുടെ ക്ഷോഭത്തിനു മാത്രമേ അവസരമുണ്ടാക്കിയുള്ളു.
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കലും മൂന്നാർ ഓപ്പറേഷനും വേണ്ടതില്ല എന്നു വാദിച്ചവർ ഇന്നത്തെ ദുരിതാശ്വാസ ക്യാന്പുകളെ പറ്റി വാചാലരാണ്. ഏല പട്ടയഭൂമിയിലെ 28 തരം മരങ്ങൾ മുറിക്കുവാൻ കഴിഞ്ഞ ആഴ്ചയിൽ സർക്കാർ ഓർഡർ ഇറക്കി. പാട്ട ഭൂമിയിലെ നിർമ്മാണങ്ങൾക്ക് കുറവില്ല. മൂന്നാർ ട്രൈബൂണൽ പിരിച്ചുവിട്ടത് കൈയ്യേറ്റങ്ങൾ അവസാനിച്ചതു കൊണ്ടല്ല ചിലരുടെ താൽപര്യങ്ങളെ മുന്നിൽ കണ്ടുകൊണ്ടു മാത്രമായിരുന്നു. Ecological Fragile Land സംരക്ഷണ നിയമം അവസാനിപ്പിച്ചത് പ്രകൃതിയെക്കാൾ തോട്ടം മുതലാളിമാർ മുൻഗണന അർഹിക്കുന്നതിനാലാണ് എന്ന് മനസ്സിലാക്കുവാൻ വലിയ പ്രയാസമില്ല. കുറിഞ്ഞി സുരക്ഷിത താഴ്വരയുടെ നിയന്ത്രണം ഭൂമാഫിയകൾക്കായിത്തീരുവാൻ സർക്കാർ വലിയ ന്യായങ്ങൾ നിരത്തുകയാണ്. അതിൽ സ്ഥലം എംപിയും ഉൾപ്പെടുന്നു. പ്ലാന്റേഷൻ മുതലാളിമാർക്കായി കേസ്സുകൾ തോറ്റു കൊടുക്കുന്നതിൽ സർക്കാരിന് വിമുഖതയില്ല.
പുഴകളുടെ തീരങ്ങൾ (100 മീറ്റർ) ഇരു വശവും സംരക്ഷിക്കുന്നതിൽ സർക്കാർ തയ്യാറായിട്ടില്ല. കായൽ നികത്തിയുള്ള കൺവൻഷൻ സെന്റർ മഹത്തായ വികസന കുടീരമാണെന്ന് വീമ്പു പറയുന്ന മന്ത്രിമാർ വേന്പനാട്ടു കായൽ പരപ്പിന്‍റെ 60% മുതൽ 80% വരെ ഇല്ലാതായതിൽ പരിഭവിക്കുന്നില്ല. ഉരുൾപൊട്ടി നിരവധിയാളുകൾ മരിക്കുന്നു. കൃഷി തോട്ടങ്ങൾ, വീടുകൾ ഇല്ലാതെയാകുന്നു. കാലവർഷക്കെടുതിയിൽ കുട്ടനാട്ടുകാർ കൂട്ട പാലായനത്തിലാണ്. ഒരു മാസത്തോളം വെള്ളപ്പൊക്കത്താൽ ചങ്ങനാശ്ശേരി -ആലപ്പുഴ റോഡ് അടഞ്ഞുകിടന്നു. വെള്ളപ്പൊക്കത്താൽ അടച്ചിടുന്ന നമ്മുടെ നെടുന്പാശ്ശേരി വിമാനത്താവളം ലോകത്തെ അത്ഭുത Aviation താവളങ്ങളിൽ ഒന്നായിരിക്കും.
ഉരുൾപൊട്ടി നിരവധിയാളുകൾ മരിക്കുന്നു. (ഹെയ്ത്തിയിൽ മരണസംഖ്യ 10000 ത്തിലാണ് പറയുന്നത്). കൃഷി തോട്ടങ്ങൾ, വീടുകൾ ഇല്ലാ തെയാകുന്നു. (ബംഗാൾ ഡൽറ്റകളിൽ നിന്നും ആളുകൾ ഒഴിഞ്ഞു പോയികൊണ്ടിരിക്കുന്നു) നമ്മുടെ കൊല്ലം ജില്ലയിലെ മണ്‍റൊ തുരുത്ത് വെള്ളം കയറി നശിച്ചു കൊണ്ടിരിക്കുകയാണ്.
കാലാവസ്ഥാഥാ വ്യതിയാനങ്ങൾ സ്വാഭാവികമാണ് എന്നിരിക്കെ അതിന്റെ തീവ്രത പരമാവധി കൂട്ടുന്ന നിലപാടുകൾ കൈ ഒഴിയാത്ത സർക്കാർ കേവലം Disaster Club (Management ) ആയി മാത്രം പ്രവർത്തിക്കുന്നു. ഈ വർഷത്തെ വെള്ളപൊക്കം ഉണ്ടാക്കിയ കഷ്ട നഷ്ടങ്ങൾ എത്ര ഭീകരമായിക്കഴിഞ്ഞു. 450നടുത്ത് മരണങ്ങൾ, 10000 ലധികം വീടുകൾ നശിച്ചു. ഭാഗീകമായി തകർന്ന കണക്ക് 50000നടത്തു വരുന്നു. 60000 ഹെക്റ്റർ കൃഷി നശിച്ചു. അരലക്ഷം ആളുകളെ കെടുതി നേരിട്ടു ബാധിച്ചു. മൊത്തത്തിൽ സംസ്ഥാനത്തെ സാന്പത്തിക നഷ്ടം അന്തിമഘട്ടം എത്തുന്പൊൾ ഒരു ലക്ഷം കോടി ആയി തീർന്നാൽ പോലും അത്ഭുതപ്പെടേണ്ടതില്ല. ജമ്മുവിലെ വെള്ളപ്പൊക്കം ഉണ്ടാക്കിയ നഷ്ടം ഒരു ലക്ഷം കോടിയായിരുന്നു. നമ്മൾ ഈ വെള്ളപൊക്കത്തിൽ നിന്നെങ്കിലും പാഠങ്ങൾ പഠിക്കുമൊ?
എന്തായിരിക്കണം 2018 നു ശേഷമുള്ള കേരളത്തിന്റെ വികസന സമീപനം? മറ്റൊരു കേരളം സാധ്യമാണ് എന്ന വരികളെ “മാറി ചിന്തിച്ചില്ല എങ്കിൽ കേരളം ഒരോർമ്മ മാത്രമായിരിക്കും” എന്നു തിരുത്തി വായിക്കുവാൻ നിർബന്ധിക്കുന്ന മറ്റൊരു പ്രകൃതി ദുരന്തം വരെ കാത്തിരിക്കരുത്.
ദുരന്തത്തിന്റെ ആഘാതം, ഇരകളാക്കപ്പെട്ടവർക്കു സഹായം, പുതിയ കേരളത്തെ പറ്റി ചിന്തിക്കുമ്പോൾ വികസനത്തിന്റെ ലക്ഷ്മണരേഖയായി 2018 വെള്ളപ്പൊക്കത്തെ സ്വീകരിക്കൽ, സംസ്ഥാനത്തെ വികസനത്തെ പറ്റി 4 തരം സമീപനമെങ്കിലും മലനാടിന്, ഇടനാടിന്, തീരപ്രദേശത്തിന്, കുട്ടനാടിന് അവരവരുടെ പ്രത്യകതകൾ പരിഗണിച്ചുള്ള പ്രത്യകം പദ്ധതികൾ ഇനിയെങ്കിലും ഉണ്ടാകണം. ലോകത്തെ അത്തരം പരീക്ഷണങ്ങൾ പല രാജ്യങ്ങളിലും നടന്നു വരുന്നു. കടൽ തീരങ്ങളെ സംരക്ഷിക്കുവാൻ ജപ്പാൻ ഉപയോക്കുന്ന വിവിധ തരം കാടുകളെപ്പറ്റി നമ്മുടെ നാട്ടിലും ആലോചിക്കാം. കടലിനടിയിൽ സ്ഥിതി ചെയ്യുന്ന നെതർലൻഡ്സ്ൽ നടത്തിയ നിർമ്മാണ രീതികൾ കുട്ടനാട്ടിൽ പരീക്ഷിക്കുവാൻ കഴിയും. മലകൾ ഇടിഞ്ഞു വീഴുന്ന ശ്രീലങ്കൻ ജില്ലകളിൽ നടത്തിയ നിർമ്മാണങ്ങൾ നമുക്ക് സഹ്യപർവ്വതത്തിനു തൊട്ടു കിടക്കുന്ന ഇടങ്ങളിൽ നടപ്പിലാക്കുവാനുള്ള അന്വേഷണങ്ങൾ നടത്താവുന്നതാണ്.
കേരളത്തിന്‍റെ പ്രകൃതി നാശങ്ങൾ ഉണ്ടാകുവാൻ പ്രധാന കാരണം തെറ്റായ വികസന നയങ്ങൾ ആയിരുന്നു. അതിന്റെ ഉപഭോക്താക്കൾ ഒരുപിടി സന്പന്നരും അവരെ ചുറ്റിപറ്റി നിൽക്കുന്ന വിഭാഗങ്ങളും ആണ്. എന്നാൽ ദുരന്തം എല്ലാവരും പങ്കുവെയ്ക്കേണ്ടി വരുന്നു. പ്രകൃതി വിഭവങ്ങൾ കൊള്ളയടിച്ചു വരുന്നവരെ ശിക്ഷിക്കുവാൻ കർക്കശമായ സംവിധാനം ഉണ്ടാകണം. അതിനവസരം ഒരുക്കുന്ന രാഷ്ട്രീയ നേതാക്കളെയും അവരുടെ പാർട്ടികളെയും അയോഗ്യരാക്കണം. അഴിമതിക്ക് അവസരം ഒരുക്കുന്ന ഉദ്യോഗസ്ഥന്മാരെ ഒറ്റപ്പെടുത്തി സേവന രംഗത്ത് നിന്നും പുറത്താക്കുക പ്രധാനമാണ്. ഇതിലൊക്കെ വിജയിക്കുമ്പോഴെ പുതിയ ഒരു കേരളം നിർമ്മിച്ചെടുക്കുവാൻ കഴിയൂ.
ഏറ്റവും പ്രധാനമായി പ്രകൃതി നശീകരണത്തെ ന്യായീകരിച്ചു വന്ന വ്യക്തികൾ രാഷ്ട്രീയ ലോകത്തു നിന്നും പുറത്തു പോകുവാൻ അവസരം ഒരുക്കേണ്ടതുണ്ട്. മലയാളിയുടെ (മുപ്പത്തിമുക്കോടി ദൈവങ്ങളുടെ) സ്വന്തം നാട് സംരക്ഷിതമായി വെയ്ക്കുന്നതിന് നമ്മൾ ബാധ്യസ്ഥരാണ്. അതിനു കഴിഞ്ഞില്ല എങ്കിൽ നമ്മളെ കുറ്റവാളികളായി വരും ലോകം അടയാളപ്പെടുത്തും. We’re waist deep in the Big Muddy, and the big fool says to push on.” എന്ന കവിത അമരിക്കൻ സർക്കാരിന്റെ വിയറ്റ്നാം യുദ്ധ നിലപാടിനെ വിമർശിച്ചെഴുതിയതാണ്. കേരളീയർക്കും ഈ കവിത ബാധകമായിരിക്കുമോ..?