അന്യമത വിശ്വാസികളെ ഭീതിയോടെ കാണുന്നവർ മതേതര കേരളത്തിന് ഭീഷണിയാണ്...
ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിക്ക് ശേഷം വിദ്യാഭ്യാസം, ശാസ്ത്രബോധം , രാഷ്ട്രീയം, കല തുടങ്ങിയ മേഖലകളിൽ ഇന്ത്യക്കു മാതൃകയാകുവാൻ കേരളത്തിനു കഴിഞ്ഞതായി രാജ്യം വിലയിരുത്തുന്നു. അശോക ചക്രവർത്തിയുടെ ഭരണകാലത്ത് മഗദ രാജ്യത്തിലെ നഗരവികസനങ്ങൾ മലയാളക്കരക്ക് സ്വപ്നം കാണുന്നതിന് അപ്പുറമായിരുന്നു. (കേരളത്തിലെ വൻ നഗരനിർമ്മാണം ആദ്യം നടന്നത് മാർത്താണ്ധവർമ്മയുടെ കാലത്ത്) അശോക ചക്രവർത്തിയുടെ മക്കൾക്കൾ നടത്തിയ മതപ്രചാരണ യാത്രകൾ കേരളത്തിലൂടെ കടന്നു പോയിരുന്നു. അക്കാലത്ത് പുതിയ ദർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയുമാറ് നമ്മുടെ ജനത പക്വമായിരുന്നില്ല. എന്നാൽ വൈകി എത്തിയ നവോത്ഥാന മുന്നേറ്റങ്ങൾ വൻ കൊടുങ്കാറ്റാണ് (ചുരുക്കം ദശകങ്ങൾ കൊണ്ട്) ഇവിടെ തീർത്തത്. ആധുനിക നവോത്ഥാന നായകരായ വൈകുണ്ധസ്വാമികൾ, ആറാട്ടുപുഴ വേലായുധൻ എന്നിവരിൽ നിന്ന് തുടങ്ങി ശ്രീ നാരായണഗുരു, അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, പണ്ധിറ്റ് കറുപ്പൻ, ഭാഗ്ഭടാനന്ദൻ അങ്ങിനെ അവരുടെ പട്ടിക നീളുന്നു. സംഭവ ബഹുലമായ കേരളത്തിന്റെ ഇരുപതാം നൂറ്റാണ്ടിലെ സമരങ്ങൾ നാടിനെ അടിമുടി പുതുക്കി പണിതു. സമരങ്ങൾ പൊതുവെ അഹിംസാധിഷ്ഠിതമായിരുന്നു. ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടായതും അതിനു ഇരയായതും അധസ്ഥിതരുടെ സമരങ്ങളോടുള്ള ചിലരുടെ അസഹിഷ്ണുതയിലൂടെ ആണ്. ആറാട്ടുപുഴ വേലായുധൻ എന്ന ആദ്യം ശിവപ്രതിഷ്ഠ നടത്തിയ പിന്നോക്കക്കാരൻ (നാരായണഗുരു പ്രതിഷ്ട് നടത്തിയതിനും 33 വര്‍ഷം മുന്‍പ്),കര്‍ഷക തൊഴിലാളികളെ 1850ൽ തന്നെ സമരഭൂമിയിൽ എത്തിച്ച സംഘാടകൻ. അദ്ദേഹത്തെ സവർണ്ണ ഗുണ്ടകൾ കുത്തികൊലപ്പെടുത്തി. അയ്യങ്കാളിക്കും സംഘത്തിനും എതിരായ നായർ ഗുണ്ടകളുടെ ആക്രമണം. വൈക്കം സത്യഗ്രഹത്തിലെ സമരഭടൻ രാമന്‍റെ കണ്ണിൽ സവർണ്ണ ഗുണ്ടകൾ ചുണ്ണാന്പ് തേച്ച് അന്ധനാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിമോചന സമരങ്ങൾ പിൽക്കാലത്ത് സ്വാതന്ത്ര്യ സമരങ്ങൾക്ക് നാന്ദി കുറിച്ചു. ആരായിരുന്നു കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനതയുടെ ശത്രുക്കൾ?? വിദേശ അധിനിവേശത്തിനും നൂറ്റാണ്ടുകൾക്കു മുന്പ് തന്നെ നാട്ടിലെ ബഹുജനതയുടെ ശത്രുപക്ഷത്തായിരുന്നു സവർണ്ണ നാടുവാഴികൾ. നാൽക്കാലികളേക്കാൾ ദുരിതക്കയത്തിൽ കഴിഞ്ഞു വന്നവരുടെ ശത്രുക്കളായി അണിനിരന്നത് സവർണ്ണ ഹൈന്ദവ രാഷ്ട്രീയത്തിന്റെ അന്നത്തെ വക്താക്കളായിരുന്നു.
ഇന്ത്യൻ മുനന്പിൽ നിലയുറപ്പിച്ച ഭൂ−വിഭാഗം എന്ന നിലയിൽ നാടുമായി ജല മാർഗ്ഗത്തെ ഉപയോഗിച്ചുള്ള വിദേശിയരുടെ കച്ചവടം വൻ വിജയമായിരുന്നു. ചരിത്രപൂർവ്വ കാലം മുതൽ തന്നെ കേരളത്തിന്‍റെ മുഖ്യ തുറമുഖമായിരുന്ന മുസിറീസ് (കൊടുങ്ങല്ലൂർ) മായി ഈജിപ്റ്റ് ഉൾപ്പെടുന്ന ആഫ്രിക്കൻ രാജ്യങ്ങൾ, ഗ്രീക്കുകാർ, മെസൊപൊട്ടൊമ്യ, ചൈന തുടങ്ങിയ നിരവധി പ്രദേശങ്ങൾ കച്ചവടത്തിൽ ഏർപ്പെട്ടു. കൊടുങ്ങലൂരിലും മറ്റും എത്തിയവരുടെ നാടുമായുള്ള ഇടപെടലുകൾ നിരവധി ജീവിത ശീലങ്ങൾ ഇവിടെ എത്തുവാനും വന്നവരുടെ നാട്ടിലേക്കും കൈമാറുവാനും അവസരം ഒരുക്കി. അതിന്‍റെ ഭാഗമായി ജൂതമതവും ക്രിസ്തുമതവും ഇസ്ലാം മതവും മറ്റ് ആശയങ്ങളും ഇവിടെ എത്തി ചേർന്നു. ബന്ധങ്ങൾ മത സന്പന്ധി മാത്രമായിരുന്നില്ല. ഇത്തരം കൊടുക്കൽ വാങ്ങലുകൾ ആയുധ പ്രയോഗത്തിലൂടെയല്ല നടന്നത് എന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. അന്ന് ഇവിടെയുണ്ടായിരുന്ന നാട്ടു രാജാക്കന്മാർ മറ്റുള്ളവർക്ക് മത പ്രചാരണത്തിനായി സഹായ സഹകരണങ്ങൾ ചെയ്തു കൊടുത്തിരുന്നു. ഇത്തരം നിലപാടുകൾ ഒട്ടേറെ സാമൂഹിക മാറ്റങ്ങൾ നമ്മുടെ നാട്ടിൽ വരുത്തി. സഹായം ചെയ്തവർ എല്ലാവരും (കുലശേഖര കാലത്തിനു ശേഷം) ഹിന്ദുമത വിശ്വാസികളായിരുന്നു. വൈദേശിക മതസ്വാധീനം കേരളത്തിനു ഭീഷണിയായി 1940കൾ വരെ കേരള സമൂഹത്തിൽ ആരും ഉന്നയിച്ചിട്ടായിരുന്നില്ല (ഹിന്ദു രാജ്യമായി അറിയപ്പെട്ട തിരുവിതാംകൂർ പോലും). എന്നാൽ കേരളത്തിൽ ഇന്ന് ഹൈന്ദവ മതം ന്യൂനപക്ഷമായി പോകുന്നു എന്നും അത് കേരള സമൂഹത്തിനു ഭീഷണിയാകുന്നു എന്ന വാദം നമ്മുടെ സമൂഹത്തെ, മതാന്ധത വിഴുങ്ങുന്നതിന്‍റെ തെളിവുകളായി കാണാം. മതങ്ങളുടെ സാമൂഹിക കടന്നു കയറ്റങ്ങൾ ലോകത്ത് ശക്തമായി തീർന്ന ആഗോളവൽക്കരണ കാലഘട്ടത്തിൽ രാജ്യത്ത് അതിന്‍റെ ഗുണഭോക്താവായി മാറിയ ബി.ജെ.പിയും കൂട്ടുകാരും കേരളത്തേയും മതാധിഷ്ടിത സമൂഹമാക്കി മാറ്റുകയാണ്. കേരളത്തിലെ ന്യൂന പക്ഷങ്ങളുടെ നിർണ്ണായക എണ്ണം (46 ശതമാനം) ഒരു ഭീഷണിയായി ഉയർത്തികാട്ടുവാൻ ബി.ജെ.പി ശ്രമിക്കുവാൻ കാരണം അവരെ രാഷ്ട്രീയമായി എതിർക്കേണ്ട ഇടതുപക്ഷം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ അപചയമാണ്. കേരളത്തിനു കൈമോശം വന്നു കൊണ്ടിരിക്കുന്ന ഇടതുപക്ഷ സാമൂഹികതയെ വർഗ്ഗീയതയുടെ വളക്കൂറുള്ള മണ്ണാക്കുവാൻ ന്യൂനപക്ഷ മതങ്ങളുടെ രാഷ്ട്രീയ ഗ്രൂപ്പുകൾ നടത്തുന്ന ശ്രമങ്ങൾക്കു ഹൈന്ദവത കൊണ്ട് പകരം വെയ്ക്കാൻ അവസരം ഒരുക്കുന്നത് (മറിച്ചും) കേരള ചരിത്രത്തിൽ നാം നേടിയെടുത്ത സാമൂഹിക വിപ്ലവ മുന്നേറ്റത്തിന് വന്പൻ തിരിച്ചടിയാകും. അത്തരം ശക്തമായി വളരുന്ന ഹൈന്ദവ രാഷ്ട്രീയ മുന്നേറ്റം അപകടകരമായ അവസ്ഥയിലേക്ക് കേരളത്തെ നയിക്കും.
കേരളത്തിലുണ്ടായ ആധുനിക നവോത്ഥാന സമരങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്ന വൈകുണ്ധ സ്വാമികൾ മുതൽ വാഗ്ഭടാനന്ദൻ വരെയുള്ള സന്യാസിവര്യന്മാർ ഹിന്ദു മതത്തിൽ നടമാടിയിരുന്ന ബ്രാഹ്മണ മേധാവിത്വത്തിനെതിരെ, അതിന് പശ്ചാത്തലം ഒരുക്കി വന്ന രാജ്യ ഭരണത്തിനെതിരെ, കലാപമുയർത്തിയവരാണ്. 1850കൾ മുതൽ ശക്തമായി കേരളത്തിന്‍റെ തെക്കൻ ജില്ലകളിൽ ആരംഭിച്ച സാമൂഹിക സമരങ്ങളുടെ മറുവശത്ത് ഹൈന്ദവ മത രാഷ്ട്രമായിരുന്നു (തിരുവിതാംകൂർ) ശക്തമായി അണിനിരന്നത്. മതങ്ങളുടെ രക്ഷകരായ ബ്രാഹ്മണ മേധാവിത്തത്തെ ആരാധിക്കുന്നവരായിരുന്നു ഹിന്ദു മതത്തിന്‍റെ നേതൃത്വവും രാജഭരണ കുടുബങ്ങളും. ഹൈന്ദവമത നേതൃത്വം വഴിയിലൂടെ നടക്കുവാനുള്ള സമരത്തിലോ, അതിനു മുന്‍പ് നിലനിന്നിരുന്ന അടിമവ്യാപാര വിഷയത്തിലോ, ക്ഷേത്രപ്രവേശന വിഷയത്തിലോ സാധാരണക്കാർക്കൊപ്പം അണിനിരക്കുവാൻ വിമുഖരായിരുന്നു. കേവലം രാജഭക്തിയിൽ മുഴുകി അവരുടെ നക്കാപ്പിച്ചകളിൽ കണ്ണും നട്ടായിരുന്നു അക്കൂട്ടർ ജീവിതം നയിച്ചിരുന്നത്. ഉയർന്നു വന്ന സമരങ്ങളെ അടിച്ചമർത്തുന്നവർക്കൊപ്പം നിന്ന് സവർണ്ണ ഹൈന്ദവതയെ താലോലിച്ചവർ നാടുവാഴികൾക്കൊപ്പം എന്നതിനേക്കാൾ ആത്വന്തികമായി ബ്രട്ടീഷ് ഭരണത്തിനൊപ്പമായിരുന്നു.
കേരളത്തിനെ ആധുനിക സമൂഹമാക്കി മാറ്റാൻ നടത്തിയ എല്ലാ സമരങ്ങളും മാനവികതക്കു വേണ്ടിയുള്ളതായിരുന്നു. വഴി നടക്കുവാനുള്ള സമരമായിരുന്ന വൈക്കം സത്യാഗ്രഹത്തെ പിന്നോക്കക്കാരന്‍റെ ഉയർത്തെഴുന്നേൽപ്പായി ചരിത്രം വിലയിരുത്തി. സമരത്തിൽ ഈഴവ, മറ്റു പിന്നോക്ക സമുദായക്കാർ അണിനിരന്നു. സമരത്തിന് പഞ്ചാബിൽ നിന്നും തമിഴ്നാട്ടിൽ നിന്നും (പെരിയോർ) പിന്തുണക്കാൻ ആളുകൾ എത്തി. എം.സി ജോസഫ്, കോൺഗ്രസ് നേതാവ് ടി.കെ മാധവൻ, പി. കൃഷ്ണപിള്ള തുടങ്ങിയവർ സമരപന്തലിൽ അണിനിരന്നു. അന്ന് സമരത്തെ അടിച്ചമർത്താൻ വൈക്കം താലൂക്കിലെ നന്പൂതിരി ഇല്ലങ്ങളുടെ അധിപരായിരുന്ന ‘ഇണ്ടംതുരുത്തി‘ മനക്കാർ നേതൃത്വം നൽകി. ചർച്ചയ്ക്കായി എത്തിയ ഗാന്ധിജിയെ പോലും വീടിനുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്ന മനക്കാരുടെ ധാർഷ്ട്യത്തിനു മുന്നിൽ സമരം പൂർണ്ണ വിജയം കണ്ടില്ല. അന്ന് തിരുവിതാംകൂർ രാജകുടുംബങ്ങൾക്കൊപ്പം സവർണ്ണ ഹൈന്ദവർ ഒറ്റക്കെട്ടായി സമരത്തെ എതിർത്തു. ഗുരുവായൂർ സത്യാഗ്രഹ വിഷയത്തിലും സമരക്കാരായിരുന്ന എ.കെ.ജിയും പി.കൃഷ്ണപിള്ളയും മർദ്ദനങ്ങൾക്ക് വിധേയമായി. ആ സമരത്തെയും പരാജയപ്പെടുത്തുവാനുള്ള ശ്രമത്തിൽ സവർണ്ണരും ഭരണക്കാരും വിജയിച്ചു. 1872ലെ മോണ്ടഗ്−ചെയിസ് ഫോർട്ട് ഭരണപരിഷ്കാരം മുതൽ ഹിന്ദുക്കളായി കരുതി തുടങ്ങിയ എണ്ണത്തിൽ ഭൂരിപക്ഷ സമുദായക്കാരായ ഈഴവ മറ്റു പിന്നോക്കക്കാരെ ഒരു വിധേനയും മനുഷ്യരായി പരിഗണിച്ചിട്ടില്ലാത്ത ഹിന്ദു സവർണ്ണ ചട്ടകൂടിനെ പൊളിച്ചെടുക്കുകയാണ് ഏക മർഗ്ഗമെന്ന് പാർശ്വവൽക്കരിക്കപ്പെട്ടവർ തിരിച്ചറിഞ്ഞു.
തിരുവിതാംകൂർ രാജ്യത്തിന്‍റെ തെക്കേ അതിർത്തിയിലെ നാടാർ സമുദായത്തിന്‍റെ പിന്നോക്കാവസ്ഥയും അന്ധവിശ്വാസവും പരിഹരിക്കുവാനായി സാമൂഹിക ഇടപെടലുകൾ നടത്തിയ വൈകുണ്ധ സ്വാമികളെ സ്വാതിതിരുനാളിന്റെ കാലത്ത് 11 മാസത്തേക്ക് ജയിലിൽ അടച്ചു. സാമൂഹിക ഇടപെടലുകൾ മറന്ന് ജീവിച്ചാൽ പുറത്തുവിടാം എന്ന രാജ വിളംബരത്തെ അദ്ദേഹം പുച്ഛിച്ചു തള്ളി ജയിലിൽ തുടരാൻ തീരുമാനിച്ചു. ജയിൽ ഉദ്യോഗസ്ഥനായിരുന്ന തൈക്കാട് അയ്യാവു എന്ന ചെറുപ്പക്കാരൻ സ്വാമികളുടെ സ്വാധീനത്തിൽ ആകൃഷ്ടനായി ജോലി ഉപേക്ഷിച്ച് ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹമാണ് പിൽക്കാലത്ത് നാരായണഗുരുവിനും ചട്ടന്പി സ്വാമികൾക്കും ഗുരുവായി തീർന്ന മഹാൻ. നാരായണഗുരുവും ചട്ടന്പി സ്വാമികളും രാജവാഴിത്തത്തിനെതിരെ നേരിട്ട് സമരം ചെയ്തില്ല. എങ്കിലും ഹൈന്ദവ മതത്തിലെ സവർണ്ണ മേധാവിത്വത്തിനെതിരെ വന്പൻ പ്രതിരോധങ്ങൾ തീർത്തവരാണവർ. അവരുടെ സംഘബലത്തിൽ ഭയം പൂണ്ടു രാജവഴ്ച്ചക്കാർ ഇവരെ പഴയ കാലത്തെ പോലെ തടവിലാക്കാൻ കരുത്തു കാട്ടിയില്ല. ഇവിടെയും ചതുർവണ്യ സംഹിതയെ ന്യായീകരിച്ചു വന്നവരായിരുന്നു ഹൈന്ദവ സംരക്ഷകരായി ഇക്കൂട്ടർക്കെതിരെ നിലകൊണ്ടവർ.
കേരളത്തിലെ പിന്നോക്കക്കാരന്‍റെ യാതനകൾ കണ്ടു മനസ്സിലാക്കിയ ക്രിസ്തീയ മിഷനറിമാർ പ്രത്യേകിച്ചും എൽ.എം.എസും സി.എം.എസും നിരാലംബരായ ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുവാനും അവരെ മനുഷ്യരായി പരിഗണിച്ച് സഹായകരമായ നിലപാടുകൾ കൈകൊണ്ടവരാണ്. അടിമ പ്പണിക്കാരായവരെ രക്ഷിക്കുവാൻ നടത്തിയ പല ശ്രമങ്ങളും പഴയ ക്രിസ്തീയ ചരിത്രത്തിന്‍റെ ഭാഗമാണ്. പിന്നോക്ക സമുദായത്തിലെ പ്രത്യേകിച്ച് നാരായണഗുരുവിന്‍റെ സംഘടനാ വൈഭവത്തിൽ ഉണർന്ന ഈഴവ സമുദായം ക്രിസ്തു, ഇസ്ലാം, ബുദ്ധ, സിക്ക് തുടങ്ങിയ മതങ്ങൾ പരസ്യമായി സ്വീകരിച്ചു മതം മാറുവാൻ തയ്യാറായത് ചാതുർ വർണ്യ വ്യവസ്ഥിതിയുടെ കുരുക്കുകളിൽ നിന്ന് രക്ഷ നേടുന്നതിന് ലക്ഷ്യം വെച്ചായിരുന്നു. പട്ടിക ജാതി വിഭാഗങ്ങളും വ്യാപകമായി മത പരിവർത്തനത്തിനു തയ്യാറായി.
ബ്രട്ടീഷ് വിരുദ്ധ സമരം ശക്തമായി വളർന്ന മലബാറിൽ ബ്രിട്ടിഷുകാർക്ക് എതിരെ അണിനിരന്നത് പാട്ടക്കാരായിരുന്ന സാധാരണ കർഷകരായിരുന്നു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ പട്ടിണി മലബാറിൽ വ്യാപകമായി. നീലേശ്വരം രാജകുടുംബത്തിനെതിരായി കമ്മ്യൂണിസ്റ്റുകൾ നടത്തിയ ഭക്ഷണത്തിനും ഭൂമിക്കുമായുള്ള സമരത്തിൽ നാട്ടു രാജാക്കന്മാരോടോപ്പമായിരുന്നു ഹിന്ദുവർഗ്ഗീയ സംഘടനകൾ. സി.പിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ രാജഭരണം ഉറപ്പിക്കുന്നതിനായി നടത്തിയ അമേരിക്കൻ മോഡൽ ഭരണ പ്രഖ്യാപനത്തിനെതിരെ വയലാറിൽ തൊഴിലാളികൾ നടത്തിയ രക്ത രൂക്ഷിത സമരത്തിൽ, രാജകുടുംബത്തിനൊപ്പം നിന്ന സവർണ്ണ ഹൈന്ദവ പ്രമാണിമാർ ക്രിസ്തീയ ഭൂപ്രഭുക്കന്മാരുമായും ചേർന്നു നിന്നു.
1957ലെ ആദ്യ കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ ഏറ്റവും വിപ്ലവകരമായ തീരുമാനമായ ഭൂപരിഷ്കരണത്തെ അട്ടിമറിക്കാൻ ആർ.എസ്.എസും കേന്ദ്ര നേതൃത്വം മറ്റ് പിന്തിരിപ്പന്മാർക്കൊപ്പം ഉണ്ടായിരുന്നു. ബീഡി തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കുന്ന ബിൽ നടപ്പാക്കിയതിന്‍റെ ഭാഗമായി കന്പനികൾ അടച്ചുപൂട്ടി. വ്യവസായം സംസ്ഥാനത്ത് നിന്ന് കടത്തിയ ബീഡി മുതലാളിമാർക്ക് ഗുണ്ടാ പണി ചെയ്തത് മലബാറിലെ ആർ.എസ്.എസ്സുകാരാണ്. തളിക്ഷേത്രത്തിനെ ചുറ്റിപറ്റിയുണ്ടായ പ്രശ്നത്തെ ഊതിവീർപ്പിച്ച് കലാപമുണ്ടാക്കുവാൻ നടത്തിയ ശ്രമത്തിന്‍റെ പ്രചാരണാർത്ഥമാണ് വാജ്പേയ് ആദ്യമായി കേരളത്തിൽ എത്തിയത്. മലപ്പുറം ജില്ലാ രൂപീകരണത്തെ ഇന്ത്യാ വിഭജനത്തോളം ആർ.എസ്.എസ് എതിർത്തു. 1982ലെ നിലക്കൽ പള്ളി പ്രശ്നം ഊതിവീർപ്പിച്ച് ബി.ജെ.പി കേരളത്തിൽ ഹിന്ദുക്കൾ ഉണരുകയാണ് എന്ന പ്രചരണം അഴിച്ച് വിട്ടു.
ആഗോളവൽക്കരണ കാലത്ത് കോൺഗ്രസ്സിനെ വെല്ലുന്ന അമേരിക്കൻ പക്ഷപാത നിലപാടുകൾ കൈകൊള്ളുന്ന ഹൈന്ദവ രാഷ്ട്രീയം കേരളത്തിനും അപകടകരമാണ്. ഇന്നു നാം കാണുന്ന കേരളത്തിന്‍റെ രൂപീകരണത്തിൽ പങ്കാളികളാകാതെ ജാതി−ജന്മി−നാടുവാഴികളുടെ പിന്തിരിപ്പൻ നിലപാടുകൾക്കൊപ്പം അണിചേർന്ന ഹിന്ദുമഹാസഭ, ആർ.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവരുടെ പിൻഗാമികളായ ബി.ജെ.പിയുടെ ഭീതി തികച്ചും വിഭാഗീയമാണ്. ആധുനിക കേരളത്തിന്റെ ഭാഷ മുതൽ കുടുംബ−കലാ രംഗങ്ങളിൽ വരെ വ്യത്യസ്ത ജാതി− മത −രാഷ്ട്രീയ ധാരകൾ അവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ആരുടെയും സംഭാവനകൾ മറ്റുള്ളവരിൽ നിന്ന് മെച്ചപ്പെട്ടതോ മോശമോ അല്ല എന്ന സാമാന്യ ബോധ
ത്തെ പോലും വെല്ലുവിളിക്കുന്ന ബി.ജെ.പിപേടി(ഹിന്ദു സമൂഹത്തിന്റെ എണ്ണത്തിൽ ഉണ്ടാകുമെന്നവർ ഭയപ്പെടുന്ന) മതേതര കേരളത്തിന് പൊറുക്കാവുന്നതിനും അപ്പുറമാണ്...