വ്യത്യസ്ത പാർട്ടിയും ഭീകരത പടർത്തുന്ന അഴിമതി വാർത്തകളും
ഇന്ത്യക്ക് ലോകചരിത്രത്തിൽ ശ്രദ്ധേയമായ പല സ്ഥാനങ്ങളും നേടി എടുക്കുവാൻ കഴിഞ്ഞിട്ടുള്ളത് പ്രകൃതിയുടേയും സംസ്കാരത്തിന്റേയും നീണ്ടവൈവിധ്യങ്ങളുടെ ഭൂമിക എന്ന നിലയ്ക്കാണ്. അഹിംസ വാദത്തിന്റെ മുൻതൂക്കത്തിലൂടെ വിജയം വരിച്ച ഈ രാജ്യത്തിന്റെ ജനാധിപത്യത്തോടുള്ള പ്രതിപത്തതയാണ് ഏറെ അഭിമാനിക്കാവുന്ന നേട്ടം. എന്നാൽ നേട്ടങ്ങളേക്കാൾ അന്തർദേശീയമായിപോലും കുപ്രസിദ്ധമായി രേഖപ്പെടുത്തേണ്ടി വരുന്ന നിരവധി സംഭവ പരന്പരകൾക്ക് മുന്പിൽ രാജ്യം തലതാഴ്ത്തേണ്ടി വരുന്നു എന്നത് ആരെയും വേദനിപ്പിക്കുന്നു.
ഏഴ് ദശകങ്ങളോളമായി അചഞ്ചലമായി തുടരുന്ന (2 വർഷക്കാലത്തെ മാറ്റി നിർത്തിയാൽ) നമ്മുടെ ജനാധിപത്യ സംവിധാനം അതിന്റെ ലക്ഷ്യങ്ങൾ പൂർത്തികരിക്കാൻ ആവർത്തിച്ചു പരാജയപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. സാന്പത്തിക സർവ്വേകളിലും ഐ.ടി, ശ്യൂന്യാകാശ നിരീക്ഷണങ്ങളിലും സമാന ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും മുന്നേറ്റങ്ങൾ നടത്തിവരുന്പോഴും അടിസ്ഥാന ജനസമൂഹം മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ട് ജീവിത ദുരിതങ്ങളിലാണ്. അവർക്ക് ഭരണഘടന നൽകുന്ന സാമാന്യ അവകാശങ്ങൾ പോലും അട്ടിമറിക്കപ്പെടുന്പോൾ ഭരണ കൂടത്തിന്റെ വിവിധ വിഭാഗങ്ങൾ ഒരുപോലെ കാര്യങ്ങൾ മനസ്സിലാക്കി പരിഹരിക്കുവാനുള്ള നിലപാടുകൾ കൈ കൊള്ളുന്നില്ല.
രാജ്യം നേരിട്ടു വരുന്ന ഏറ്റവും വലിയ പ്രതിസന്ധി പൊതുജീവിതത്തെ അടിമുടി ബാധിച്ചിരിക്കുന്ന അഴിമതി തന്നെ. സ്വാതന്ത്യം നേടിയ നാൾ മുതൽ നീളുന്ന അതിന്റെ ചരിത്രത്തിലെ പുതിയ വാർത്തകൾ ആരേയും അത്ഭുത സ്തബ്ദരാക്കും. ഇന്ത്യയുടെ അന്തർദേശീയ യശ്ശസ്സിൽ വൻ സംഭാവനകൾ ചെയ്ത വി.ആർ കൃഷ്ണമേനോനെ ചുറ്റിപ്പറ്റി ഇംഗ്ലണ്ടിൽ നിന്നുള്ള ജീപ്പ് ഇറക്കുമതിയുമായി ബന്ധപ്പെട്ട വാർത്ത മുതൽ ഏറ്റവുമവസാനമായി കേട്ടുവരുന്ന മദ്ധ്യപ്രദേശിലെ വൻ അഴിമതി വരെ വിവിധങ്ങളായ മേഖലകളിൽ അഴിമതി കഥകൾ വ്യാപരിച്ചിരുന്നു. 1940−50 കളിൽ രാജ്യത്ത് ഉയർന്ന് കേട്ട മുണ്ട്റ അഴിമതിയും സ്വകാര്യ ഇൻഷുറൻസ് തട്ടിപ്പുകളും സജീവ ചർച്ചയാക്കുന്നത് ഭരണകക്ഷിയിലെ തന്നെ എംപിയും നെഹ്റുവിന്റ മരുമകനുമായ ഫിറോസ് ഗാന്ധിയാണെന്നത് കോൺഗ്രസ് അക്കാലത്ത് നിലനിർത്തിവന്ന ഉൾപാർട്ടി ജനാധിപത്യത്തിന്റെ ഗുണഫലമായിരുന്നു. ആ നീക്കമാണ് 245 സ്വകാര്യ ഇൻഷുറൻസ് കന്പനികളെ ദേശസാൽക്കരിച്ച് എൽ.ഐ.സി രൂപീകരിക്കാൻ ഇടം ഉണ്ടാക്കിയത്. എന്നാൽ അതേ നെഹ്റുവിയൻ മന്ത്രിസഭയിൽ കൃഷ്ണനാചാരിക്കെതിരെയുണ്ടായ അഴിമതി ആരോപണങ്ങൾ, അഴിമതി ഒരു ഒഴിയാ ബാധയാണെന്ന് ഓർമ്മിപ്പിക്കുന്നു.
നെഹ്റുവിനു ശേഷം തന്റെ മകൾ പ്രധാനമന്ത്രിയായ കാലത്ത് അവർക്കെതിരെ ഉണ്ടായ നഗർവാല അഴിമതി വിഷയം, അതിന്റെ പ്രതി നഗർവാല അകാലത്തിൽ മരിച്ചത്, അഴിമതിയുടെ നിഗൂഡതകളെ കൂടുതൽ വിപുലമാക്കി. അപ്പോഴും 1990 വരെ സ്വതന്ത്ര ഇന്ത്യയിൽ നടന്ന അഴിമതികൾ എണ്ണത്തിൽ പരിമിതവും പൊതു ഖജനാവിലുണ്ടാക്കിയ നഷ്ടം താരതമ്യേന (ഇന്നത്തെതുമായി ഒത്തുനോക്കിയാൽ) ഭീകരമായ വലിപ്പത്തിലും ആയിരുന്നില്ല. 1948 മുതൽ 1991 വരെയുള്ള കാലഘട്ടത്തിൽ ഉണ്ടായ ദേശ വ്യാപകമായി ശ്രദ്ധിക്കപ്പെട്ട അഴിമതികൾ ഒരു ഡസനിലധികം (14). അക്കാലത്തെ ഏറ്റവും കോളിളക്കം ഉണ്ടാക്കിയ അഴിമതി പ്രശ്നം ബോഫേഴ്സുമായി ബന്ധപ്പെട്ടതായിരുന്നു. ബോഫേഴ്സ് അഴിമതിക്കഥകൾ കോൺഗ്രെസ്സ് ഏക കക്ഷി ഭരണത്തിന് അവസാനം കുറിച്ചു. പ്രസ്തുത അഴിമതി ആരോപണം, ഇന്ത്യയെ ആധുനിക ശാസ്ത്രയുഗത്തിലേയ്ക്ക് നയിക്കുന്നതിന്റെ നായകത്വം വഹിച്ചുവരുന്നു എന്ന് ആത്മാർത്ഥമായി വിശ്വസിച്ചു വന്ന നല്ല വിഭാഗം ജനങ്ങൾക്കും രാജീവ് ഗാന്ധിയെ പറ്റിയുള്ള അഭിപ്രായങ്ങളിൽ മാറ്റം വരുത്തുവാൻ കാരണമാക്കി. പ്രസ്തുത അഴിമതി ആരോപണം 64 കോടി രൂപയുടേതായിരുന്നു എന്ന് ഇന്ന് ഓർക്കുന്പോൾ പ്രസ്തുത വിഷയം എത്ര നിസ്സാര സാന്പത്തിക ആരോപണമാണെന്ന് നമുക്ക് തോന്നിപോകാം.
1991 മുതൽ ഇന്ത്യയിൽ നടപ്പാക്കിവരുന്ന ആഗോളവൽക്കരണ സംസ്ക്കാരം രാഷ്ട്രീയ മണ്ധലത്തിൽ സൃഷ്ടിച്ച ഏറ്റവും വലിയ ആഘാതം അഴിമതിയുടെ അവിശ്വസനീയമായ സാധ്യതകൾ തുറന്നിട്ടു എന്നതാണ്. അഴിമതിക്ക് പുതിയ വ്യാഖ്യാനങ്ങളും അതിനായി പുതിയ (ഒഴിച്ച് കൂടാൻ പാടില്ലാത്ത) അവസരങ്ങളും സൃഷ്ടിച്ചു. അന്തർദേശീയ കരാറുകളിൽ പോലും പുതിയ പദങ്ങളുടെ സാന്നിദ്ധ്യത്തിൽ അഴിമതിയെ ഔദ്ധ്യോഗിക വിഷയമാക്കി തീർത്തു. അമേരിക്ക ഉൾപ്പെടുന്ന രാജ്യങ്ങളിൽ ‘ലോബിയിംഗ്’ പോലെയുള്ള വിഷയങ്ങളെ സെനറ്റർമാരുടെ അവകാശമായി അംഗീകരിച്ചു വരുന്നു. അഴിമതിയെ സ്വാഭാവിക വിഷയമായി കണ്ട 1980 ലെ ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം അഴിമതിയെ പൂർണ്ണമായും ന്യായീകരിക്കുന്നതിൽ വിമുഖത കാട്ടാതിരുന്നത് ആഗോളവൽക്കരണ നിലപാടുകളെ ദേശീയമായി സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി വിലയിരുത്താം. 1991നുശേഷം അഴിമതിയുടെ എണ്ണത്തിലും അളവിലുമുണ്ടായ വർദ്ധനവ് ആരെയും ഞെട്ടിപ്പിക്കും. 1970−80 കാലത്ത് 4 അഴിമതിആരോപണങ്ങളാണ് ഉണ്ടായതെങ്കിൽ 2011 ൽ 22 ദേശീയ തലത്തിലുള്ള അഴിമതി വാർത്തകളാണ് പുറത്തു വന്നത്. 2012 ൽ എണ്ണം 40 ആയി വളർന്നു എന്ന് മാത്രമല്ല പുറത്തുവന്ന വാർത്തകൾ ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്നതാണ്. കൽക്കരി അഴിമതി ആരോപണം (1.85 ലക്ഷം കോടി) 2G Spectrum (1.76 ലക്ഷം കോടി), കോമൺവെൽത്ത് ഗെയിം (77000 കോടി), ശാരദ ചിട്ടി തട്ടിപ്പ് (30,000 കോടി). ഹർഷദ് മേത്തയായിരുന്നു ഇത്തരം ഭീകരമായ അഴിമതിക്കഥകളുടെ തുടക്കക്കാരൻ എന്നു പറയാം. പ്രകടമായ ഇത്തരം അഴിമതിക്കൊപ്പം സർക്കാർ ഉദ്യോഗസ്ഥ മേഖലയിലെ അഴിമതികൾ എണ്ണിയാലൊടുങ്ങാത്തതാണ്. അഴിമതിയിലെ മുഖ്യ വാർത്തകൾ പോലീസ് സംവിധാനവുമായി ബന്ധപ്പെട്ടിട്ടാണ് (46%). വാഹനങ്ങൾ തടഞ്ഞു നിർത്തി മാത്രം പ്രതിവർഷം 22200 കോടി രൂപയുടെ കൈക്കൂലിയാണ് പിരിച്ചെടുക്കുന്നത്.ബോംബെ−ഡൽഹി ഹൈവേയിലെ അഴിമതി സാധ്യതകൾ തുടച്ചു നീക്കിയാൽ ട്രക്കുകൾക്ക് രണ്ടു ദിവസം യാത്ര ലാഭിക്കാവുന്നതാണ്. ശരാശരി ട്രക്ക് യാത്രയിൽ 11 മണിക്കൂർ താമസം ഉണ്ടാകുന്നതിൽ ട്രാഫിക് നികുതി വകുപ്പുകളുടെ അഴിമതികൾ നല്ല പങ്കുവഹിക്കുന്നു. ആരോഗ്യ മേഖലയിൽ 10,000 കോടി രൂപ അഴിമതിയുടെ പേരിൽ ചോർന്നുപോകുന്നുണ്ട്. ഇതിനു പുറമേ നികുതി വെട്ടിപ്പിലൂടെ ഉണ്ടാകുന്ന നഷ്ടം 15 ലക്ഷം കോടിക്കടുത്താണ്. രാജ്യത്തെ പണമിടപാടുകളിൽ 50 ശതമാനത്തിലധികവും കരിംപണമാണ്. പുറത്തേയ്ക്ക് മറ്റൊരു 6 ലക്ഷം കോടി ഒഴുകുന്നു. ഇത്തരം അഴിമതി സംഭവങ്ങൾ രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിത ദുരിതങ്ങളെ രൂക്ഷമാക്കും. മഹാരാഷ്ട്രയിലെ വരൾച്ചബാധിത പ്രദേശമായ അമരാവതി, ആത്മഹത്യ വാർത്തകൾ കൊണ്ട് കുപ്രസിദ്ധമായ വിദർഭ തുടങ്ങിയ ജില്ലകളിലെ ജലക്ഷാമം പരിഹരിക്കാൻ 70,000 കോടി മുടക്കിയിട്ടും പ്രശ്നം പരിഹരിക്കപെടാത്തതിനു കാരണം ശത കോടികളുടെ അഴിമതി തന്നെ. എല്ലാവരും നല്ല വരൾച്ചയെ സ്വപ്നം കാണുന്നു എന്നാണ് വരൾച്ചയെ പറ്റി ലേഖനം എഴുതിയ സായ്‌നാഥ് മേഖലയിലെ അഴിമതിയെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ പരമ ദരിദ്രർ തിങ്ങി പാർക്കുന്ന ബീഹാർ, രാജസ്ഥാൻ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അഴിമതി പ്രശ്നങ്ങൾ പ്രസ്തുത സംസ്ഥാനങ്ങളുടെ ജനജീവിതത്തെ സാരമായി ബാധിച്ചു. ബീഹാറിലെ കാലിത്തീറ്റ അഴിമതി, യു.പിയിലെ പ്രതിമാ നിർമ്മാണം തുടങ്ങിയ വാർത്തകൾ പ്രാദേശിക പാർട്ടികളും അഴിമതി വിഷയത്തിൽ പിന്നോക്കമല്ല എന്നു തെളിയിച്ചു.
ഇന്ത്യയിലെ പൊതുമണ്ധലത്തിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെയെങ്കിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ഭീകരാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. അരി ഇറക്കുമതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇ. എം.എസ് മന്ത്രിസഭക്കെതിരെ ഉയർന്ന അഴിമതി ആരോപണമാണ് മലയാള ഭാഷയിൽ കുംഭകോണം എന്ന പദത്തെ അഴിമതിയുടെ പര്യായ പദമാക്കിയത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കെതിരെ ശങ്കറിന്റെ കാലത്ത് ഉയർന്ന ആരോപണവും ഇടതു രാഷ്ട്രീയ ഭരണത്തിൽ നിന്ന് ഉയർന്നു കേട്ട ആരോപണങ്ങളും ആരും അഴിമതി വിഷയത്തിൽ അന്യരല്ല എന്ന് തെളിയിച്ചു. ഇത് കേരളത്തിലെ അഴിമതിയുടെ സാധ്യത വർദ്ധിപ്പിച്ചു. അഴിമതി സംസ്ഥാന തലത്തിൽ സർവ്വ വ്യാപിയായി. കേരളത്തിലെ വൻ അഴിമതി ആരോപണങ്ങൾ നിരന്തരമായി ഇടതുപക്ഷത്തേയും സംശയത്തിന്റെ നിഴലിൽ നിർത്തി വരുന്നു.
ലോകത്തിലെ മിക്ക രാജ്യങ്ങളിലും അഴിമതി പ്രബലമാണ്. ഫിൻലാന്റ്, സ്വീഡൻ, നോർവ്വെ, ഡെൻമാർക്ക്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ അഴിമതിയുടെ തോത് തുലോം കുറവായിരിക്കെ മറ്റു രാജ്യങ്ങളിൽ, വിശിഷ്യാ മൂന്നാം ലോക രാജ്യത്തിലെ അഴിമതികൾ വൻ സാമൂഹിക പ്രശ്നമായിട്ടുണ്ട്. റൊഹിങ്ക അഭയാർത്ഥികളെ പോലും മുന്നിൽ നിർത്തി അരങ്ങേറുന്ന അഴിമതികൾ അടിമ വ്യാപാരത്തേക്കാൾ മനുഷ്യത്വ രഹിതമാണ്. അഴിമതി വളരെ പ്രബലമായ ഇറ്റലി, ഫ്രാൻസ്, ചൈന, ഇസ്രായേൽ, തുടങ്ങിയ രാജ്യങ്ങളിൽ കർക്കശമായ ശിക്ഷകൾ താമസം വിനാ നടപ്പാക്കി വരുന്പോൾ ഇന്ത്യയിലെ അഴിമതിക്കാരെ ശിക്ഷിക്കുവാൻ നമ്മുടെ ജുഡീഷ്യറി കാലവിളംബം വരുത്തുകയോ തെളിവിന്റെ സ്വഭാവത്തെ പഴിചാരി അഴിമതി ആരോപണ വിധേയരായവരെ സ്വതന്ത്രരാക്കുകയോ ചെയ്യുന്നു. വളരെ വിരളമായി മാത്രമേ അഴിമതി പ്രശ്നത്തിൽ രാഷ്ട്രീയക്കാരെ ശിക്ഷിക്കാറുള്ളൂ. ഇത് അഴിമതിക്കാരെ ഭയരഹിതരാക്കി കൂടുതൽ അഴിമതി സാധ്യതകൾക്ക് അവസരം ഒരുക്കുന്നു.
വ്യത്യസ്ത രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുന്നേറ്റമുണ്ടാക്കുന്നതിൽ വിജയിച്ച ബി.ജെ.പി മറ്റു പാർട്ടികളെ പോലെത്തന്നെ നാണം കെട്ട അഴിമതിക്കാരാണെന്ന സൂചന വാജ്പേയി മന്ത്രിസഭയുടെ കാലത്ത് തന്നെ ഉണ്ടായിരുന്നു. അതിനു കൂടുതൽ ശക്തി പകരുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അവർ 20 വർഷമായി ഭരിക്കുന്ന ഗുജറാത്തിൽ മോദി അധികാരത്തിൽ ഇരിക്കുന്പോൾ തന്നെ ഭൂമികൈമാറ്റത്തിലും പഞ്ചായത്ത് തല ജലവിതരണ പദ്ധതിയിലും ഡാമുകളിലെ മത്സ്യ സന്പത്ത് ലേലം ചെയ്യുന്ന വിഷയത്തിലും കോടികളുടെ ആരോപണം ഉയർന്നു വന്നിരുന്നു. രാജസ്ഥാനിലെ ഭരണത്തെ പറ്റി ഉയർന്ന വിവാദങ്ങൾ ഗ്വാളിയോർ കുടുംബത്തിന്റെ അഴിമതി സൗഹൃദ നിലപാടുകൾ സാധൂകരിക്കുന്നതാണ്. ഛത്തീസ്ഗഡിലെ പൊതു വിതരണത്തിൽ രമൺ സിംഗ് നേതൃത്വം (BJP) കൊടുത്തു നടത്തിയ അഴിമതി 36,000 കോടിയുടേതാണെന്ന് വാർത്തകൾ വന്നിരിക്കുന്നു. മഹാരാഷ്ട്രയിലെ BJP മന്ത്രിസഭയിൽ ഗൗരവതരമായ രണ്ട് ആരോപണങ്ങൾ വൻ ചർച്ചയായി കഴിഞ്ഞു. കർണ്ണാടകയിലെ ബി.ജെ.പി മന്ത്രിസഭയുടെ പതനത്തിനുകാരണമായത് ധാതുമണൽ (ഇരുന്പയിര്) ഖനനവുമായി ബന്ധപ്പെട്ട അഴിമതികളാണ്.ബി.ജെ.പി സംസ്ഥാന മന്ത്രിസഭകളിൽ വികസന കാര്യങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റി എന്ന് മാധ്യമങ്ങൾ പരിചയപ്പെടുത്തിയിട്ടുള്ള മദ്ധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാനെ പറ്റി ഇപ്പോൾ കേൾക്കുന്ന വാർത്തകൾ ലോകത്ത് തന്നെ കേട്ടു കേൾവി ഇല്ലാത്തതാണ്.
മദ്ധ്യപ്രദേശ് ഇന്ത്യയിലെ മാനവിക സൂചികയിൽ പരിതാപകരമായ സ്ഥാനം വഹിക്കുന്നു. വജ്ര ഖനനത്തിലും ചെന്പ് ഖനനത്തിലും സംസ്ഥാനം ശ്രദ്ധേയ സ്ഥാനം നേടിയിട്ടുണ്ട്. അവിടുത്തെ വരൾച്ച കൃഷിക്കാരെ കാർഷിക മേഖല ഉപേക്ഷിക്കുവാൻ നിർബന്ധിതരാക്കി. സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരെയും പ്രഫഷണൽ പഠനത്തിനായുള്ള കുട്ടികളെയും മുൻനിർത്തി നടന്ന പ്രവേശന പരീക്ഷയിലെ അഴിമതി 75 ലക്ഷം ഉദ്യോഗാർത്ഥികളെ ബാധിച്ചു. കഴിഞ്ഞ നിരവധി കൊല്ലങ്ങളായി നടന്നു വരുന്ന തിരിമറികളിൽ ഗവർണർ (കോൺഗ്രസ് പക്ഷപാതി), മുഖ്യമന്ത്രിയും കുടുംബവും മറ്റു മന്ത്രിമാർ, ആർ.എസ്.എസ് മേധാവികൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ വൻ പടകൾ ഉത്തരവാദികൾ ആണെന്നു സാഹചര്യ തെളിവുകൾ വിളിച്ചു പറയുന്നു.
ഇതിന്റെ ഭാഗമായി 2500 ആളുകളെ ജയിലുകളിൽ അടച്ചു. അഴിമതി വാർത്തകൾ പുറത്തു വന്ന ശേഷം ശിവരാജ് സിംഗ് ചൗഹാൻ സംസ്ഥാന തല അന്വേഷണത്തിന് ഉത്തരവിട്ടു. ലക്ഷ്യം പ്രതികളെ രക്ഷിക്കുവാനായിരുന്നു. അവസാനമായി സി.ബി.ഐ കേസ് ഏറ്റെടുക്കുവാൻ മുന്നോട്ട് വരണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. എന്നാൽ ഇതിനകം അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥവിദഗ്ധ സമിതിഅംഗം, പത്രപ്രവർത്തകർ തുടങ്ങി 49 ആളുകൾ ദുരൂഹമായി മരണപ്പെട്ടു എന്നത് ഭീതി പടർത്തുന്ന വാർത്തയാണ്. ആരോപണ വിധേയനായ ഗവർണ്ണറിന്റെ മകൻ തന്നെ സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെട്ടു. ഇന്ത്യൻ ഫാസിസത്തിന്റെ പ്രതിരൂപമായ ആർ.എസ്.എസ്സിന്റെ മുതിർന്ന നേതാവായ സുരേഷ് സോണി നേരിട്ട് അഴിമതി യിൽ പങ്കാളിയായി തുടങ്ങിയ വാർത്തകൾ ബി.ജെ.പി മറ്റേതു പാർട്ടിയേക്കാളും ഭീകരമായ ക്രിമിനൽ പാർട്ടിയാണെന്നു തെളിയിച്ചുകൊണ്ടിരിക്കുന്നു. അദാനി, റിലയൻസ്, ടാറ്റാ കോർപ്പറേറ്റുകളുമായി നടത്തി വരുന്ന ചങ്ങാത്തങ്ങൾ മാത്രമല്ല മറ്റ് അഴിമതി വിഷയത്തിലും ബി.ജെ.പി മന്ത്രിസഭ കോൺഗ്രസ്, പ്രാദേശിക പാർട്ടികൾ തുടങ്ങിയവരുടെ റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു. മദ്ധ്യപ്രദേശിലെ എം.ബി.ബി.എസ് പ്രവേശന പരീക്ഷയിൽ ഉണ്ടായ അഴിമതികൾ വ്യാപം അഴിമതിയുടെ ആവർത്തനമാണ്. ഇന്ത്യയുടെ പൊതുമണ്ധലത്തിൽ വ്യാപകമായി പടർന്നു പന്തലിച്ച അഴിമതികൾ നമ്മുടെ ജനാധിപത്യത്തിന്റെ ശോഭയെ തല്ലി കെടുത്തുന്നു.
അഴിമതിയിൽ മുങ്ങിക്കുളിച്ച പൊതുസമൂഹം കൊടുങ്കാറ്റിൽ ലക്ഷ്യം തെറ്റിയ പായ്കപ്പലിനെ പോലെയാണ്. അത് ഏത് സമയവും കടലിൽ തകർന്നടിഞ്ഞ് അപ്രത്യക്ഷമാകും. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വിഹായസ്സിൽ ഇരുൾ വീഴ്ത്തി കൊണ്ടിരിക്കുന്ന അഴിമതി എന്ന കറയെ തുടച്ചു നീക്കാൻ സമൂഹം മറന്നുപോയാൽ അത് തിരിച്ചു പിടിക്കാൻ കഴിയാത്ത ദുരന്തത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കും. രാഷ്ട്രീയ പാർട്ടികൾ അതിലെ നേതാക്കന്മാർ വന്നു പൊയ്കൊണ്ടിരിക്കും എന്നാൽ അഴിമതിയെ താലോലിക്കുന്ന രാഷ്ട്രീയ സമീപനങ്ങൾ നമ്മുടെ നാടിന്റെ മാനത്തെ ഊതി കെടുത്തും. അത് നമ്മുടെ ജനസമൂഹത്തിന്റെ വിശ്വാസ്യതയെ പാതാളത്തോളം ചവിട്ടി താഴ്ത്തും...
ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണമന്തരങ്കം...