സിപിഎമ്മും മുഖ്യശത്രുവും


ഇ.പി അനിൽ

ന്ത്യൻ രാഷ്ടീയത്തിൽ‍ കോൺ‍ഗ്രസ് പാർ‍ട്ടി കഴിഞ്ഞാൽ‍ ദേശീയമായി ഏറ്റവും അധികം സാധ്യത കൽ‍പ്പിച്ചു വന്നിരുന്ന രാഷ്ടീയ പാർ‍ട്ടി കമ്യുണിസ്റ്റ് പാർ‍ട്ടിയായിരുന്നു. അവരുടെ ഇന്നത്തെ അവസ്ഥ രാഷ്ട്രീയ ശത്രുക്കൾ‍ക്ക് പോലും പ്രതീക്ഷിക്കുവാൻ കഴിയാത്ത വിധത്തിൽ തിരിച്ചടി നേരിട്ടു എന്നു കാണാം. കമ്യുണിസ്റ്റ് പാർ‍ട്ടികളെ സംബന്ധിച്ച് ഏറെ നിർ‍ണ്ണായകമായ ദേശീയ സമ്മേളനങ്ങൾ‍ (സിപിഐഎം) ഈ കഴിഞ്ഞ ദിവസം ഹൈദ്രാബാദിലും സിപിഐയുടെ സമ്മേളനം ഈ ആഴ്ച്ചയിൽ‍ കൊല്ലത്തും നടക്കുന്നു. അവർ‍ എത്ര തിരിച്ചടികൾ‍ക്ക് വിധേയമായി എങ്കിലും അവരുടെ സമ്മേളനങ്ങളെ വിമർ‍ശകരും കൂടി പ്രധാന്യത്തോടെ കാണുവാൻ‍ ആഗ്രഹിക്കുന്നുണ്ട്.

ഇന്ത്യൻ‍ കമ്യുണിസ്റ്റ് പാർ‍ട്ടി രൂപീകരണം മുതൽ‍ ഏറെ ശ്രദ്ധ നേടിയെടുത്തു. കാന്‍പൂർ‍ സമ്മേളനത്തെ തന്നെ ഒരു ഗൂഡാലോചന കേസ്സായി കരുതുവാൻ‍ അന്നത്തെ ബ്രിട്ടീഷ്‌ ഭരണം മടിച്ചില്ല. അന്ന് മുതൽ‍ ഇന്ത്യൻ‍ കമ്യുണിസ്റ്റുകൾ‍ അവരുടെ രാഷ്ട്രീയ സ്വാധീനത്തെക്കാൾ‍ മുന്തിയ വാർ‍ത്താ പ്രാധാന്യം നേടിയെടുത്തു. കമ്യുണിസ്റ്റ് പാർ‍ട്ടികളുടെ രാഷ്ട്രീയ വിജയത്തിലും കൂടുതൽ‍ പ്രാധാന്യം നേടുവാൻ കഴിഞ്ഞിട്ടുള്ളത്‌ അവരുടെ രാഷ്ട്രീയ നയ രൂപീകരണവുമായി ബന്ധപ്പെട്ടാണ്. ദേശീയ കോൺ‍ഗ്രസ്സിന്റെ ആശയങ്ങൾ‍ ഏറ്റവും പുരോഗമനപരമായി കരുതിവന്ന കാലത്ത് അന്തർ‍ദേശീയ ധാരണകളെ പറ്റി വാചാലമാകുന്ന ഒരു പാർ‍ട്ടി എന്നത് അത്ര കണ്ട് ഇന്ത്യൻ സമൂഹത്തിന് ഉൾ‍ക്കൊള്ളുവാൻ കഴിയുമായിരുന്നില്ല. ഭഗത്, എം.എൻ റോയ്, ദാങ്കെ മുതലായ നേതാക്കൾ‍ ലോക സോഷ്യലിസത്തെപറ്റി സ്വപ്നം കണ്ടു. ഒപ്പം യുക്തിവാദം, മതം രാഷ്ടീയത്തിൽ‍ നിന്നും അകലം പാലിക്കണം മുതലായ ആശയങ്ങൾ‍ ഇന്ത്യൻ‍ രാഷ്ടീയത്തിൽ‍ പ്രയോഗിക്കുന്നതിൽ‍ ഏറെ താൽപ്പര്യം കാണിച്ചവർ‍ വിവിധ കമ്യുണിസ്റ്റ് ഗ്രൂപ്പിൽ‍പ്പെട്ടവർ‍ ആയിരുന്നു.

ഇന്ത്യയിലെ പാർ‍ട്ടികൾ‍ എല്ലാം പ്രസിഡൻ‍ഷ്യൽ‍ രീതികളെ അംഗീകരിച്ചു വരുന്നു. അതിന് രാജ വാഴ്ചയോടും അമേരിക്കൻ ജനാധിപത്യത്തോടുമുള്ള താദാമ്യം ഒരു കാരണമാണ്. കമ്യുണിസ്റ്റ് പാർ‍ട്ടികൾ‍ അദ്ധ്യക്ഷൻ‍ എന്ന സമീപനത്തെ പൊതുവെ അംഗീകരിക്കുന്നില്ല.(ചൈനീസ്‌ പാർ‍ട്ടിയിലെ ചെയർ‍മാൻ‍ രീതി മറന്നു കൊണ്ടല്ല ഇതിവിടെ പറയുന്നത്) ഒരു നേതാവിന്‍റെ കീഴിൽ‍ എല്ലാവരും അനുസരണയോടെ എന്ന സമീപനം പൊതുവെ ബൂർ‍ഷ്യാ പാർ‍ട്ടികൾ‍ സ്വീകരിക്കുന്നു. അവിടെ നേതാവ് മറ്റുള്ളവരെ തീരുമാനിക്കും. നേതാവിനോട് എല്ലാ സമിതികളും കടപ്പെട്ടിരിക്കും. രാഷ്ട്രീയ പാർ‍ട്ടികൾ‍ക്ക് അണികളെ ഉണ്ടാക്കിയെടുത്ത് നിലനിർ‍ത്തുവാൻ‍ സഹായകരമായ പോഷക സംഘടന എന്ന സമീപനം കമ്യുണിസ്റ്റ് പാർ‍ട്ടികൾ‍ സ്വീകരിക്കാറില്ല. കോൺ‍ഗ്രസ് പോലെയുള്ള പാർ‍ട്ടികൾ‍ക്ക് യൂത്ത് കോൺ‍ഗ്രസ്, വനിതാ കോൺ‍ഗ്രസ് മുതലായ സംവിധാനങ്ങളെ മാത്രം പാർ‍ട്ടിയുടെ അധ്യക്ഷന് നേരിട്ടു നിയമിക്കാം. എന്നാൽ‍ കമ്യുണിസ്റ്റ് പാർ‍ട്ടിയിൽ ഇത്തരം സംവിധാനങ്ങൾ‍ക്ക് പകരം ബഹുജന സംഘടനാ രീതികളാണ് ഉള്ളത്. ഉദാഹരണമായി സിപിഐ പാർ‍ട്ടിക്ക് ഒപ്പം നിൽ‍ക്കുന്ന എഐവൈഎഫ് എന്ന യുവജന സംഘടനയുടെ നേതാക്കളെ യുവജനസംഘടന തീരുമാനിക്കും. അതിൽ‍ ഇടപെടുവാൻ പാർ‍ട്ടിക്ക് അധികാരം ഇല്ല എന്ന് അവരുടെ സംഘടനാ സംവിധാനം പറയുന്നുണ്ട്.

കമ്യുണിസ്റ്റ് പാർ‍ട്ടികൾ‍ക്ക് അന്തർ‍ദേശീയമായ നിലപാടുകൾ‍ എടുക്കാതെ മുന്നോട്ട് പോകുക അസാധ്യമാണ്. അവരുടെ വിവിധ രാജ്യങ്ങളിലെ പാർ‍ട്ടികൾ‍ ഒന്നിച്ചു കൊണ്ട് 19ാം നൂറ്റാണ്ടിന്‍റെ അവസാനം മുതൽ‍ അന്തർ‍ദേശീയ സമ്മേളനങ്ങൾ‍ നടത്തിവന്നു. (ഒന്ന്, രണ്ട്, മൂന്ന് അന്തർ‍ദേശീയ കമ്യുണിസ്റ്റ് പ്രസ്ഥാനം) അവിടെ ഓരോ രാജ്യത്തും (ഹ്രസ്വ−, ദീർ‍ഘ കാല), ആരോടൊപ്പം ഒക്കെ ചേർ‍ന്നുകൊണ്ട് സമരങ്ങൾ‍ നടത്തുന്നതിനെപറ്റി ചർ‍ച്ചകളും ധാരണകളും ഉണ്ടാക്കാറുണ്ടായിരുന്നു. ഇന്ത്യൻ‍ കമ്യുണിസ്റ്റ്പാർ‍ട്ടി സ്വാതന്ത്ര്യ സമരത്തിൽ‍ എടുക്കേണ്ട നയ സമീപനങ്ങൾ‍ തീരുമാനിക്കുവാൻ‍ അന്നത്തെ കമ്യുണിസ്റ്റ് നേതാവ് (ആദ്യ പാർ‍ട്ടി ജനറൽ‍ സെക്രട്ടറി) ലെനിനുമായി നടത്തിയ ആശയ പ്രചരണം ഇവിടെ ഓർ‍ക്കേണ്ടതാണ്. സ്വാത്രന്ത്ര്യ സമരത്തിൽ‍ കോൺ‍ഗ്രസ്സുമായി ചേർ‍ന്നുകൊണ്ട് സമരം ചെയ്യരുത് എന്ന ഇന്ത്യൻ‍ പാർ‍ട്ടി നിലപാടിനെ ലെനിൻ‍ വിമർ‍ശിക്കുകയും കോൺ‍ഗ്രസ്സിനൊപ്പം സമരത്തിൽ‍ പങ്കെടുക്കേണ്ടതുണ്ട് എന്നും കോൺ‍ഗ്രസ്സിനൊപ്പം ചേരുന്പോൾ‍തന്നെ കമ്യുണിസ്റ്റ് നിലപാടുകൾ‍ ഉയർ‍ത്തുവാൻ‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും അന്തർ‍ദേശീയ കമ്യുണിസ്റ്റ് സംഘടനയുടെ നേതാവ് നിർ‍ദ്ദേശിച്ചു. അന്തർദേശീയ സംവിധാനങ്ങൾ‍ ഇന്ത്യൻ‍ കമ്യുണിസ്റ്റ് പാർ‍ട്ടിക്ക് പിൽ‍കാലത്ത് തിരിച്ചടികൾ‍ക്ക് കാരണവുമായി.

ഇന്ത്യൻ‍ ദേശീയതയിൽ‍ അടിയുറച്ചു നിന്നുകൊണ്ട് പ്രവർ‍ത്തിച്ചു വരുന്ന രാഷ്ട്രീയ പശ്ചാത്തലത്തിൽ രണ്ടാം ലോക യുദ്ധ കാലത്ത്, ഫാസ്സിസ്സവും ലോക തൊഴിലാളിവർ‍ഗ്ഗവും തമ്മിലുള്ള യുദ്ധമായി (ജനകീയ യുദ്ധം) വിലയിരുത്തിയ ഇന്ത്യൻ‍ കമ്യുണിസ്റ്റുകൾ‍ ലോക യുദ്ധത്തിൽ‍ ഫാസ്സിസ്സത്തെ തോൽ‍പ്പിക്കുന്നതിലൂടെ ഇന്ത്യയും മറ്റു കോളനികളും സ്വതന്ത്ര്യം പ്രാപിക്കും എന്ന് വിലയിരുത്തി. ഫാസിസ്റ്റ് കക്ഷികൾ‍ വിജയിച്ചാൽ‍ ഇന്ത്യയും മറ്റു ലോക രാജ്യങ്ങളും അവരുടെ ചവിട്ടടിയിൽ‍ എത്തും. ആയതിനാൽ‍ ബ്രിട്ടിഷ് അനുകൂല നിലപാടുകൾ‍ യുദ്ധകാലത്ത് കൈകൊള്ളണം എന്ന പാർ‍ട്ടി തീരുമാനം ഫലത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തെ തള്ളിപറയുന്ന നിലപാടിലേയ്ക്ക് പാർ‍ട്ടിയെ എത്തിച്ചു.ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തിൽ‍ തൂക്കുകയർ‍ ഏറ്റുവങ്ങേണ്ടി വന്നവരുടെ പാർ‍ട്ടിയെ  (കയ്യൂർ‍ സമരം) ബ്രിട്ടീഷ്‌ ചാരന്മാരായി അക്കാലത്ത്‌ തന്നെ ചിത്രീകരിക്കുവാൻ‍ മറ്റു പാർ‍ട്ടിക്കാർ‍ മടിച്ചില്ല. അത്തരം ആരോപണം കമ്യുണിസ്റ്റ് പാർ‍ട്ടിക്ക് തിരിച്ചടിയായി മാറി. പിൽ‍ക്കാലത്തും കമ്യുണിസ്റ്റ് പാർ‍ട്ടികൾക്ക്‍ പ്രതിസന്ധികളെ നേരിടേണ്ടി വന്നു.  ഒഴുക്കിനെതിരെ നീന്തുവാൻ‍ മടിക്കാത്ത പാർ‍ട്ടി ഈ കാലത്ത് ഒഴുക്കിൽ‍ പെട്ട് അപ്രസക്തമാകുന്ന അവസ്ഥയിൽ‍ എത്തിയതായി കാണാം.

1951െല പൊതു തെരഞ്ഞെടുപ്പു മുതൽ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയിൽ പാർലമെന്റ് രംഗത്ത് എടുക്കേണ്ട നിലപാടുകളെ പറ്റി ഉയർന്നുവന്ന ആശയ സംഘട്ടനങ്ങളിൽ പാർലമെന്ററി സ്ഥാനമാനങ്ങൾക്ക് പരിഗണന നൽകുക എന്ന അഭിപ്രായഗതിക്ക് മുൻഗണന ലഭിച്ചു. കമ്യൂണിസ്റ്റു പാർട്ടി ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിന്റെ ഭാഗമായി ജനകീയ സമരങ്ങളേയും ഒപ്പം തന്നെ പാർലമെന്റ് സമരങ്ങളേയും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പാർലമെന്ററി സമരങ്ങൾ ജനകീയ സമരങ്ങൾക്ക് കീഴ്പ്പെടുത്തിയായിരിക്കണം പ്രവർത്തിക്കേണ്ടത് എന്ന അടിസ്ഥാന കമ്യൂണിസ്റ്റു വീക്ഷണത്തെ അട്ടിമറിക്കുന്ന നയസമീപനങ്ങൾ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റു പാർട്ടി കൈക്കൊണ്ടു. ഇതുമൂലം പാർട്ടി, പാർലമെന്ററി വ്യാമോഹങ്ങൾക്കൊപ്പം കഴിഞ്ഞ കാലങ്ങളിൽ തുടർന്നുവന്ന ജനകീയ സമരങ്ങളെയും കൈ ഒഴിയുവാൻ ആരംഭിച്ചു. തെലുങ്കാന സമരം അവസാനിപ്പിച്ച പാർട്ടി അത് ഉയർത്തിയ ഒത്തുതീർപ്പുകളില്ലാത്ത ഭൂമിയുടെ ദേശസാൽക്കരണം എന്ന നയങ്ങളിൽ വീട്ടുവീഴ്ചക്കു തയ്യാറായി. ഇതിന്റെ തിരിച്ചടി ആന്ധ്രയിൽ നിന്നു തന്നെ 1951 ലെ തെരഞ്ഞെടുപ്പിൽ ഉണ്ടായി. എന്നാൽ അതിൽ നിന്നു പാഠങ്ങൾ പഠിക്കുവാൻ പാർട്ടി തയ്യാറായില്ല. ഇതേ അവസരത്തിൽ കമ്യൂണിസ്റ്റു വിരുദ്ധ ചേരിയിലെ പ്രബല പാർട്ടിയായ കോൺഗ്രസ്, ഭൂസമരത്തിലൂടെ ജനഹൃദയങ്ങളെ കീഴ്പ്പെടുത്തി കർഷകരാജ്യമായ ഇന്ത്യയിൽ പടന്നുകയറുവാനുള്ള കമ്യൂണിസ്റ്റു ശ്രമങ്ങളെ തട ഇടുന്നതിന്റെ ഭാഗമായി, ഗാന്ധി ശിഷ്യനായ വിനോദഭാവ ആന്ധ്രയിലെ പോച്ചുംപള്ളിയിൽ‍ ഭൂദാന പ്രസ്ഥാനം ആരംഭിച്ചു. ഭൂപ്രഭുക്കന്മാർ ദാനമായി ഭൂരഹിതർക്ക് കൃഷി ഇടങ്ങൾ നൽകുവാൻ തയ്യാറാകും എന്ന തോന്നൽ ജനങ്ങളിൽ സൃഷ്ടിച്ച്, കമ്യണിസ്റ്റ് കർഷക കലാപങ്ങളിൽ ജനങ്ങൾ അണിനിരന്നതിന്റെ സാധ്യതയെ തകർക്കുക എന്നതായിരുന്നു അവർ ലക്ഷ്യം വെച്ചത്. അതിന്റെ തുടർച്ചയായി സോഷ്യലിസം തന്നെ ഇന്ത്യയിൽ നടപ്പിലാക്കുവാൻ കോൺഗ്രസ് പാർട്ടി മുന്നിട്ടിറങ്ങുന്നു എന്ന തോന്നൽ ജനങ്ങളിൽ ജനിപ്പിക്കുവാൻ അവരുടെ 1955 ലെ ‘അവഡി’ സമ്മേളനത്തിനു കഴിഞ്ഞു. അങ്ങനെ സോഷ്യലിസം രാജ്യത്തു നടപ്പാക്കുവാനുള്ള കുത്തകക്കാരായി അറിയപ്പെട്ടിരുന്ന കമ്യുണിസ്റ്റ് പാ‍‍‍‍ർട്ടിയുടെ പരിപാടികൾക്ക് പകരം വെയ്ക്കുവാൻ ഇന്ത്യൻ മണ്ണിന്റെ ഗന്ധമുണ്ടെന്ന് അവകാശപ്പെടുന്ന പ്രസ്ഥാനം തയ്യാറായിട്ടുണ്ട് എന്നത് കമ്യൂണിസ്റ്റുപാർ‍ട്ടിക്ക് നേരിടേണ്ടിവന്ന മറ്റൊരു കടന്പയായിരുന്നു.

കമ്യൂണിസ്റ്റു പാർട്ടി നേതൃത്വം നൽകിയ നിരവധി കർഷക കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ച മലബാറിലും പുന്നപ്ര വയലാർ സമരത്തിലൂടെ അജയ്യ ശക്തിയായി തിരുവിതാംകൂറിലും ശ്രദ്ധ പിടിച്ചു പറ്റിയ കമ്യൂണിസ്റ്റു പാർട്ടിക്ക് 1957ലെ കേരള സംസ്ഥാനത്തെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരുടെ പിന്തുണയോടെയാണെങ്കിലും അധികാരം ലഭിച്ചതിൽ അസ്വാഭാവികതയില്ല. പ്രസ്തുത സർക്കാർ രാജ്യത്ത് ആദ്യമായി ജന്മി നാടുവാഴിത്തത്തെ തകർക്കുവാൻ പ്രാപ്തമായ ഭൂപരിഷ്കരണം നടപ്പിലാക്കിക്കൊണ്ട് തങ്ങളുടെ ഭരണം മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമാണെന്നു തെളിയിച്ചു. 27 മാസങ്ങൾ പൂർത്തീകരിക്കുവാൻ മാത്രം അവസരം ലഭിച്ച ആ മന്ത്രിസഭയുടെ പതനം യഥാർത്ഥത്തിൽ കമ്യൂണിസ്റ്റുപാർട്ടിക്ക് രാജ്യത്താകമാനം പടർന്നു പന്തലിക്കുവാൻ അവസരം ഒരുക്കിയിരുന്നു.

ഇന്ത്യാരാജ്യത്ത് നടപ്പാക്കേണ്ട വിപ്ലവം ജനകീയ ജനാധിപത്യം ആണെന്ന അവിഭക്ത കമ്യൂണിസ്റ്റു പാർട്ടിയുടെ പരിപാടി സി.പി.ഐ (എം) തുടർന്നപ്പോൾ, ഇന്ത്യയിൽ കോൺഗ്രസ് പോലെയുള്ള താരതമ്യേന പുരോഗമന ശക്തികളുടെ സഹായത്താൽ നടപ്പിലാക്കേണ്ട ദേശീയ ജനാധിപത്യയ വിപ്ലവമാണ് അനുയോജ്യമെന്ന് സി.പി.ഐ അവകാശം ഉന്നയിക്കുകയും അവർ കോൺഗ്രസിന്റെ ജൂനിയർ പങ്കാളികളാകുകയും ചെയ്തു. കോൺഗ്രസിനുള്ളിൽ ഇന്ദിരഗാന്ധിയുടെ നേതൃത്വത്തിൽ 1969ലുണ്ടായ പിള‍ർപ്പിനെ തുടർന്ന് ഇന്ദിരഗാന്ധിയെ പുരോഗമനവാദിയായി വിലയിരുത്തി പിന്തുണക്കുവാനുള്ള ഇരു പാർട്ടിയുടെയും നിലപാട് കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ തെറ്റായ രാഷ്ട്രീയ തീരുമാനങ്ങളുടെ നല്ല തുടക്കമായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഉറങ്ങിക്കിടക്കുന്ന ജനാധിപത്യവിരുദ്ധ ശൈലിക്ക് സി.പി.ഐ (എം) ബംഗാളിൽ 1970കളിൽ തന്നെ വലിയ വില കൊടുക്കേണ്ടി വന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപനവുമായി മുന്നോട്ടു പോയ ഇന്ദിരയെ പിന്തുണക്കുവാനും ലോക സോഷ്യലിസത്തിന്റെ ഉത്തമ സുഹൃത്തായ അവർക്കെതിരെയുള്ള എല്ലാ നീക്കവും സാമ്രാജ്യത്വ താൽപര്യാർത്ഥമാണെന്ന സി.പി.ഐയുടെ നിലപാട് ആ പാർട്ടിയെ തങ്ങൾക്ക് നല്ല വേരോട്ടമുണ്ടായിരുന്ന ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നാമാവശേഷമാക്കി.

അടിയന്തിരാവസ്ഥക്കു ശേഷം ഇരു കമ്യൂണിസ്റ്റു പാർട്ടികളും ഒരുപോലെ ഇന്ദിരയെ എതിർക്കുവാൻ തീരുമാനിച്ചു എങ്കിലും അവർക്കെതിരെ ശക്തമായ ഇടതുപക്ഷ ഐക്യനിര രാജ്യത്ത് ഉയർത്തുവാൻ പരിശ്രമിക്കാതെ ഇന്ദിരാഗാന്ധിയുമായി പലപ്പോഴായി തെറ്റിപ്പിരിഞ്ഞ മൊറാർജി ദേശായി, ജയപ്രകാശ് നാരായണൻ, ലോഹ്യ തുടങ്ങിയ ഗ്രൂപ്പിൽ പെട്ടവരുടെയും നേതൃത്വത്തിൽ രൂപീകൃതമായ ജനതാപാർട്ടിയെ പിന്തുണച്ചതോടെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ ജൂനിയറുമായി മാത്രം തുടരുവാൻ ഇഷ്ടപ്പെടുന്നവരായി കമ്യൂണിസ്റ്റുകളെ ജനം മനസ്സിലാക്കി. അങ്ങനെ കോൺഗ്രസിന്റെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ആഭ്യന്തര പ്രശ്നമായി ഇന്ത്യൻ രാഷ്ട്രീയത്തെ ചുരുക്കുവാൻ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടികൾ അവുന്നതൊക്കെ ചെയ്തു കൂട്ടി. രാജീവ് ഗാന്ധി സർക്കാരിനെതിരെ ഉയർന്നുവന്ന വികാരത്തെയും ഇടതുപക്ഷ മുന്നേറ്റമാക്കി മാറ്റുവാൻ ഇക്കൂട്ടർ ശ്രമിച്ചില്ല. അത് മറ്റൊരു രാഷ്ട്രീയ പരാജയത്തിന് അവസരം സൃഷ്ടിക്കുകയും ഹൈന്ദവ വർഗ്ഗീയ കക്ഷികളുടെ അതിശക്തമായ വളർച്ചക്ക് അവസരം ഒരുക്കുകയും ചെയ്തു.

1991 കാലമായപ്പോഴും ഇന്ത്യയിലെ മറ്റു പാർട്ടികളെ പോലെ ആഗോളവൽക്കരണവുമായി ഏതു തലത്തിലും സന്ധി ചെയ്യുവാൻ ഞങ്ങൾ തയ്യാറാണെന്ന് ഇന്ത്യയിലെ ഇരു കമ്യൂണിസ്റ്റു പാർട്ടിയും കിട്ടിയ അവസരങ്ങളിൽ ഒക്കെ തെളിയിച്ചു. 1967 മുതൽ കോൺഗ്രസിനുണ്ടായ തുടർച്ചയായ തകർച്ചയെ ഫലപ്രദമായി ഉപയോഗപ്പെടുത്തി ശക്തമായ ഒരു ഇടതുപക്ഷ രാഷ്ട്രീയ മുന്നേറ്റം സംഘടിപ്പിക്കുവാൻ വിമുഖത കാട്ടിവന്ന ഇരു കമ്യൂണിസ്റ്റുപാർട്ടികളും അധികാരത്തിൽ എത്തിച്ചേരുവാൻ സാധാരണ വലതുപക്ഷ പാർട്ടികൾ എടുക്കുന്ന എല്ലാ പിന്തിരിപ്പൻ അടവുകളും പ്രയോഗിച്ചുവരുന്നു. ഇതുവഴി കമ്യുണിസ്റ്റു പാർട്ടികളെ പറ്റിയുള്ള ജനങ്ങളുടെ പ്രതീക്ഷകളെ ഇവർ പൂർണ്ണമായും തകർത്തു എന്നു പറയാം. അഴിമതിയിൽ മുങ്ങിക്കുളിച്ച ചരിത്രം മാത്രമുള്ള ജയലളിതയും കരുണാനിധിയും തുടങ്ങി വർഗ്ഗീയ ക്യാന്പുകളിൽ നിത്യ അംഗങ്ങളായിരുന്ന നിതീഷ് ചന്ദ്രബാബു നായിഡു തുടങ്ങി എല്ലാ പിന്തിരിപ്പൻ കക്ഷികളുമായി അധികാരം പങ്കുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടുകൂടി വരുന്ന കമ്യൂണിസ്റ്റുപാർട്ടികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് ലഭ്യമാകുമായിരുന്ന എല്ലാ സാധ്യതകളെയും അട്ടിമറിക്കുന്നതിന് അവസരം ഒരുക്കിക്കൊണ്ടിരുന്നു.

കമ്യൂണിസ്റ്റ് പാർട്ടികളുടെ തെറ്റായ രാഷ്ട്രീയ തീരുമാനങ്ങൾ അവരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്ര നിസ്സാരമാക്കി എന്നു മനസ്സിലാക്കുവാൻ പാർലമെന്റിലെ സാന്നിദ്ധ്യം തന്നെ ധാരാളം മതിയാകും. 1951ൽ അവരുടെ പാർലമെന്റ് സീറ്റുകൾ16. 60 വർഷത്തിനിപ്പുറം 2009ലെ ഇരുപാർട്ടികളുടെയും കൂടി എണ്ണം 20. അതിൽ തലമൂത്ത പാർട്ടി ഒറ്റക്ക സംഖ്യയിലേയ്ക്കും സിപിഐ ഒന്നിലേയ്ക്കും എത്തി. ബംഗാളിൽ ഇടതുപാർട്ടിക്കുണ്ടായ തിരിച്ചടി താൽക്കാലികമല്ല. രണ്ടാം
സ്ഥാനത്തു നിന്നും നാലാം സ്ഥാനത്തേയ്ക്ക് ഇടതുപക്ഷം ചുരുങ്ങി. ത്രിപുരയിൽ വോട്ടിന്റെ അളവിൽ വൻ തിരിച്ചടി ഉണ്ടായില്ല എങ്കിലും ഭരണം നഷ്ടപ്പെട്ട ശേഷം നടക്കുന്ന മാർക്സിസ്റ്റു വിരുദ്ധ വേട്ടയെ പാർട്ടിക്ക് പ്രതിരോധിക്കുവാൻ കഴിയുമോ എന്നതാണ് ചോദ്യം. ഇന്ത്യൻ ജനാധിപത്യത്തിൽ ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന ഭരണം രാജ്യത്തിന്റെ പൊതുവായ താൽപര്യത്തിന് വിഘാതമാണ് എന്ന് മനസ്സിലാക്കുവാൻ അത്ര കണ്ട് ബുദ്ധിമുട്ടേണ്ടതില്ല. ദളിത് സ്ത്രീ
വിരുദ്ധത, ന്യൂനപക്ഷത്തെ ആക്രമിക്കുവാൻ കാട്ടുന്ന താൽപര്യം ഒക്കെ പ്രാദേശിക വിഷയമായി ചുരുങ്ങുന്നില്ല. ഇന്ത്യൻ മതനിരപേക്ഷതയെ നിരായുധമാക്കുക, ഒപ്പം തന്നെ കോർപ്പറേറ്റുകൾക്കായി ഭരണചക്രം ചലിപ്പിക്കുക എന്നതിൽ നിന്നും മുന്നോട്ടു പോയി മറ്റുള്ളവരുടെ ജനാധിപത്യ അവകാശങ്ങളെ തന്നെ മാനിക്കാത്ത തരത്തിൽ ദേശീയ രാഷ്ട്രീയത്തിൽ ആർഎസ്എസ് പിടിമുറുക്കി കൊണ്ടിരിക്കുന്നു.

ഇന്ത്യയിൽ നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്ന സ്വകാര്യവൽക്കരണത്തെ എതിർക്കണമെങ്കിൽ  അതിന്റെ നടത്തിപ്പുകാർക്കെതിരെ രാഷ്ട്രീയ സമരങ്ങൾ നടത്തേണ്ടതുണ്ട്. സ്വാഭാവികമായും കോൺഗ്രസ്സ് പാർട്ടി നടപ്പിലാക്കി തുടങ്ങിയ ആഗോളവൽക്കരണത്തെ കൂടുതൽ വേഗത്തിൽ കൈകാര്യം ചെയ്യുന്ന എൻഡിഎ സർക്കാർ പക്ഷേ കോൺഗ്രസ്സ് പങ്കുവെയ്ക്കുന്ന രാഷ്ട്രീയത്തേക്കാളും അപകടകരമായ സമീപനങ്ങൾ പിൻതുടരുന്നു. ഇവിടെയാണ് രാജ്യത്തിന്റെ മുഖ്യ ശത്രു പ്രശ്നം ഉയർന്നു വരുന്നത്. ആഗോളവൽക്കരണവും അതിന്റെ ഭാഗമായ അഴിമതിയും ഒരു വശത്ത്, ഒപ്പം നാടിന്റെ വൈവിധ്യങ്ങളെ അപ്പാടെ തകർക്കുന്ന രാഷ്ട്രീയം മറുവശത്തും ഉണ്ടാകുന്ന സാഹചര്യത്തിൽ ഏറ്റവും അപകടകാരികളെ ഒറ്റപ്പെടുത്തുക എന്നതാണ് ശരിയായ രാഷ്ട്രീയം. രണ്ടു ജന ശത്രുക്കളെയും ഒരേസമയം എതിർക്കുവാൻ ജനപിന്തുണയില്ലാത്തവർക്ക് മുഖ്യശത്രുവിനെ ഒറ്റപ്പെടുത്തുവാൻ മറ്റേ കൂട്ടരുമായി ഒത്തു ചേരേണ്ടി വരിക സാധാരണമാണ്. ഇന്ത്യയിൽ ഇതിനു മുന്പും റഷ്യയിലും ചൈനയിലും കമ്യൂണിസ്റ്റ് പാർട്ടികൾ വിപ്ലവത്തിന് തൊട്ടു മുന്പും ഇങ്ങനെ ചെയ്തു. സിപിഐഎമ്മിലെഒരു വിഭാഗം എൻഡിഎയെ തെരഞ്ഞെടുപ്പിൽ പിൻതള്ളുവാൻ കോൺഗ്രസ്സുമായി ധാരണകൾ ഉണ്ടാക്കരുത് എന്നു പറയുന്പോൾ പിന്നെ എങ്ങനെ അവരെ തോൽപ്പിക്കാൻ കഴിയും എന്നുകൂടി പറയുവാൻ അവർക്കു ബാധ്യതയുണ്ട്. ഫാസിസവും നാസിസ്സവും അധികാരത്തിൽ എത്തിയത് തെരഞ്ഞെടുപ്പിൽ ഉണ്ടായ ഫാസിസ്റ്റ് നാസിസ്റ്റ് വിരുദ്ധ ചേരിയിലെ വിള്ളലുകൾ കൊണ്ടായിരുന്നു. ഇന്ത്യയിലെ ഹൈന്ദവ മതമൗലികവാദം യുറോമാതൃകയിലല്ല എങ്കിലും അവരുടെ രീതികൾ ജനാധിപത്യ സംവിധാനത്തെ തന്നെ അട്ടിമറിക്കുവാൻ കാരണമാകും.

കമ്യുണിസ്റ്റു പാർട്ടി(സിപിഐഎം)യിൽ രണ്ടു ചേരികൾ രണ്ടാശയങ്ങൾക്കായി പോരടിക്കുന്നു എന്ന അവസ്ഥ മാറുകയും രണ്ടു ചേരികളും ബിജെപിയെ തോൽപ്പിക്കുവാൻ തങ്ങൾ ശക്തരല്ലാത്തിടത്ത് പൊതു സ്ഥാനാർത്ഥിയെ പിൻതുണയ്ക്കാം എന്ന ധാരണയിൽ എത്തിച്ചേർന്നതിൽ ആശ്വസിക്കാം. ബിജെപി നയിക്കുന്ന കേന്ദ്ര മന്ത്രിസഭയെ അടുത്ത ദേശീയ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുവാൻ കഴിയാത്ത സാഹചര്യം ഇന്ത്യയെ വലിയ പ്രതിസന്ധിയിലെത്തിക്കും. അപ്പോഴും ആഗോളവൽക്കരണവിരുദ്ധ സമരങ്ങളെ ശക്തമാക്കാതെ ഇന്ത്യയിലെ ജനങ്ങൾക്കു ജീവിക്കുവാൻ കഴിയില്ല എന്ന യാഥാർത്ഥ്യത്തിലേയ്ക്ക് നമ്മുടെ രാഷ്ട്രീയം വളരേണ്ടതുണ്ട്.

You might also like

Most Viewed