ആഗോളവൽക്കരണത്തിന്റെ മറ്റൊരു രക്തസാക്ഷികൂടി
ലോകസാന്പത്തികരംഗം ഉൽപ്പാദന രംഗത്തേക്കാൾ ഊഹമൂലധന വിപണിയിൽ താൽപര്യം കാണിച്ചു വരുവാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. കാർഷിക, വ്യാവസായിക, ഉൽപ്പാദനത്തിൽ അടിയുറച്ച് സാന്പത്തികരംഗം നിയന്ത്രിക്കുകയായിരുന്നു കോളനി രാജ്യങ്ങൾ െചയ്തു വന്നിരുന്നത്. എന്നാൽ കോളനി വിമുക്തമായ ഒരു നവലോക ക്രമത്തിന്റെ നേതാവായി തീർന്ന അമേരിക്ക മുന്നോട്ടു വെയ്ക്കുന്ന വികസന സങ്കൽപ്പങ്ങൾ ഊഹക്കച്ചവടത്തിന്റെ അടിത്തറയിലാണ് ഉറപ്പിച്ചിരിക്കുന്നത്. അതിന്റെ അനിശ്ചിതത്വത്തിൽ ഒരു ഡസനിലധികം രാജ്യങ്ങൾ സാന്പത്തികമായി പാപ്പരാകുകയും അമേരിക്ക തന്നെ പ്രതിസന്ധിയിലകപ്പെടുകയും ചെയ്തു. ഇത്തരം സാന്പത്തിക അനിശ്ചിതത്വങ്ങളാണ് വംശീയ വർഗ്ഗീയ കലാപങ്ങളും തുടർന്ന് യുദ്ധവും ലോകത്തിനു മുകളിൽ കെട്ടിവെയ്ക്കുന്നത്.
ഗ്രീസ് ഇത്തരം തകർച്ചയിൽ െപട്ടുപോയ നിരവധി രാജ്യങ്ങളിൽ ഒരു പ്രധാന ഇര മാത്രം. കോളനി രാജ്യങ്ങളുടെ പഴയകാല പ്രവർത്തനങ്ങൾ ശ്രദ്ധിച്ചാൽ മതി യൂറോപ്യന്മാർ ആഫ്രിക്കയിൽ നിന്ന് ജനങ്ങളെ അടിമകളാക്കി അമേരിക്കൻ ഭൂഖണ്ധത്തിലേയ്ക്ക് എത്തിക്കുന്നു. അവിടെ നിന്ന് ഉൽപ്പന്നങ്ങൾ (കാർഷിക) യൂറോപ്പിലേയ്ക്ക്. യൂറോപ്പിലെത്തുന്ന ഉൽപ്പന്നങ്ങൾ ചരക്കുകളാക്കി വിവിധ രാജ്യങ്ങളിൽ വിൽക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും കാർഷിക വിഭവങ്ങൾ ബ്രിട്ടനിൽ കൊണ്ടുപോയി ചരക്കുകളാക്കി നമ്മുടെ നാട്ടിൽ തിരികെ കൊണ്ടുവന്ന് കച്ചവടം ചെയ്തുവന്നു. (ഇതിനെതിരെയാണ് പരുത്തി ഇവിടെ തന്നെ നൂൽ ആക്കി വസ്ത്രമാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള ഗാന്ധിയൻ സമരമാതൃകകൾ ഉണ്ടായത്) കാർഷിക വിഭവങ്ങൾ അതാതു നാട്ടിൽ ചരക്കാക്കി മാറ്റാതിരുന്നത് യൂറോപ്പിലെ ഫാക്ടറി വ്യവസായത്തെ വളർത്തുവാനായിരുന്നു. ഒപ്പം കൂടുതൽ തൊഴിലവസരങ്ങൾ യൂറോപ്പുകാർക്ക് ലഭ്യമാക്കുവാനും. ഈ നയങ്ങൾ കോളനി രാജ്യങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷമാക്കി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇങ്ങനെ സന്പാദിച്ച സ്വത്ത് മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ച് മൂലധനം കയറ്റുമതി ചെയ്യുന്ന സ്വഭാവത്തിലേയ്ക്കും മുതലാളിത്തം മാറി. കോളനി രാഷ്ട്രീയം രണ്ടാം ലോകമഹായുദ്ധത്തോടെ അവസാനിച്ചതിനു ശേഷം മൂന്നാം ലോകരാജ്യങ്ങളുടെ വിഭവങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കച്ചവടങ്ങൾക്ക് സ്വാഭാവികമായി തടസ്സങ്ങൾ നേരിട്ടു. ഇങ്ങനെ സന്പാദിച്ച സ്വത്ത് (മൂലധനം) മറ്റുരാജ്യങ്ങളിലേയ്ക്ക് നേരിട്ട് കയറ്റി അയക്കുവാൻ 20ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ മുതലാളിത്തം പരിപാടികൾ ആസൂത്രണം ചെയ്തു. അങ്ങിനെയാണ് മുതലാളിത്തം സാമ്രാജ്യത്വമായി മാറുന്നത്. അങ്ങനെ സാമ്രാജ്യത്വ രാജ്യങ്ങൾ മൂലധന കയറ്റുമതിയിൽ നിന്നും ഊഹമൂലധനത്തിന്റെ ഘട്ടത്തിലേയ്ക്ക് ചുവടുമാറ്റി. സാധനങ്ങളുടെ കയറ്റുമതിയും മൂലധനത്തിന്റെ കയറ്റുമതിയും പിന്തള്ളപ്പെട്ടു. നേരിട്ടുള്ള അധികാരങ്ങൾ നഷ്ടപ്പെട്ട പഴയ യൂറോപ്യന്മാർ മൂന്നാം ലോകരാജ്യങ്ങൾക്കു മുകളിൽ പിടിമുറുക്കുവാനായി പിൽക്കാലത്ത് ഉപയോഗിച്ചു തുടങ്ങിയ രണ്ടു സ്ഥാപനങ്ങളാണ് അന്തർദേശീയ നാണയ നിധിയും (IMF) ലോകബാങ്കും (IBRD). 1944ൽ ഇവ രൂപീകരിക്കുന്പോൾ രണ്ടാം ലോകയുദ്ധത്തിൽ തകർന്ന രാജ്യങ്ങളെ സഹായിക്കാനെന്ന അജണ്ടയായിരുന്നു പറഞ്ഞുകേട്ടതെങ്കിലും 1966 നുശേഷം ഇവ ലോകസാന്പത്തിക രംഗത്തെ കീഴടക്കുവാൻ തുടങ്ങി. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ടു സ്ഥാപനങ്ങളും ഡോളർ നാണയമായി സ്വീകരിച്ച് അമേരിക്കയ്ക്ക് മൃഗീയമായ മുൻതൂക്കം നൽകിയാണ് മുന്നോട്ടു നീങ്ങുന്നത്. ആഗോളവൽക്കരണം എന്ന ആശയം ലോകത്തിനു മുകളിൽ അടിച്ചേൽപ്പിച്ച ഇരു സ്ഥാപനങ്ങളും അമേരിക്കൻ സാന്പത്തിക താൽപര്യങ്ങളെ മാത്രം സേവിച്ചു വരുന്നു. ഇന്ന് ലോകത്തെ ചുരുക്കം ചില രാജ്യങ്ങളെ (ക്യൂബ, വെനസ്വേല, ചിലി) ഒഴിച്ചുനിർത്തിയാൽ ദേശീയ തീരുമാനങ്ങൾ എല്ലാം കൈക്കൊള്ളുന്നത് അന്തർദേശീയ നാണയ നിധിയുടെ തിട്ടൂരപ്രകാരമാണ്. ഇന്ത്യ 1991 മുതൽ പ്രകടമായി നടപ്പാക്കുന്ന അഗോളവൽക്കരണ നയങ്ങൾ, അതിന്റെ ഭാഗമായി സർക്കാർ കൈക്കൊള്ളുന്ന ജനവിരുദ്ധ നിലപാടുകൾ, എല്ലാം തന്നെ ആഗോളവൽക്കരണത്തിന്റെ ഭാഗമായി ലോകബാങ്കും ഐ.എം.എഫും യൂറോപ്യൻ ബാങ്കുകളും എ.ഡി.ബി തുടങ്ങിയവയും മുന്നോട്ടു വെയ്ക്കുന്ന കർക്കശ തീരുമാനങ്ങളുടെ ഫലമാണ്.
അന്തർദേശീയ വ്യാപാരം വർദ്ധിപ്പിക്കുക, രാജ്യങ്ങളുടെ വിദേശ നാണയ ശേഖരം വർദ്ധിപ്പിക്കുക, അതിനാവശ്യമായ നിലവിലെ ഇറക്കുമതി കയറ്റുമതി നിയമങ്ങൾ ലഘൂകരിക്കുക, പുതിയ സാങ്കേതിക വിദ്യകൾ ലോകത്തിലെല്ലാവർക്കും ലഭ്യമാക്കുക, ഉൽപ്പാദനവും വിപണിയും വളർത്തി തൊഴിലവസരങ്ങൾ കൂട്ടുക, ജീവിത നിലവാരം വർദ്ധിപ്പിക്കുക തുടങ്ങിയ കേട്ടാൽ ആശാവഹമെന്നു തോന്നുന്നവയാണ് ആഗോളവൽക്കരണ സന്ദേശങ്ങൾ. എന്നാൽ യഥാർത്ഥത്തിൽ ആഗോളവൽക്കരണം ലോകജനതയ്ക്ക് പ്രത്യേകിച്ച് മൂന്നാം ലോകരാജ്യങ്ങളിലെ സാധാരണക്കാർക്ക് നൽകിയത് നീണ്ട ദുരന്തങ്ങൾ. രാജ്യാന്തര കയറ്റുമതി വർദ്ധിപ്പിക്കണമെങ്കിൽ രാജ്യങ്ങൾ അവരുടെ ദേശീയ നാണയത്തിന്റെ മൂല്യം അന്തർദേശീയ നാണയവുമായി ബന്ധപ്പെടുത്തി ഇടിച്ചുകൊണ്ടിരിക്കണം എന്നതാണ് സാന്പത്തിക ശാസ്ത്രം പഠിപ്പിക്കുന്നത്. ഈ നിലപാട് ഇന്ത്യക്ക് എന്ത് ഫലമാണ് നൽകിയത് എന്നു മനസ്സിലാക്കിയാൽ മാത്രം മതി ആഗോളവൽക്കരണം ജനവിരുദ്ധമാണെന്ന് തറപ്പിച്ചു പറയുവാൻ. രൂപയുടെ മൂല്യം ഇടിഞ്ഞാൽ രാജ്യം എടുത്ത വിദേശ വായ്പ തിരിച്ചടക്കുവാനായി കൂടുതൽ ഇന്ത്യൻ രൂപ മാറ്റി വെക്കേണ്ടി വരും. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിക്കും. 1966 വരെ ഒരു ഡോളർ=4.75 രൂപ. 1966ൽ യുദ്ധം സൃഷ്ടിച്ച പ്രിതിസന്ധി ഡോളർ വില 7.50 രൂപയാക്കി. 1980 വരെ ഈ സ്ഥിതി തുടർന്നു. 1990 ൽ ഡോളറിന് 24.50 രൂപയായിരുന്നു. ഇന്ന് അത് 63 രൂപ. ഇതിനർത്ഥം 1990ൽ ഡോളറിനു പകരമായി 24.50 രൂപ കൊടുക്കുന്നതിന് പകരം ഇന്ന് നമ്മൾ രണ്ടര ഇരട്ടി ഇന്ത്യൻ രൂപ മാറ്റിവെയ്ക്കണം. മെട്രോക്കായി എടുത്ത വിദേശവായ്പ 1500 കോടി രൂപ (വിദേശ നാണയ രൂപത്തിൽ) 20 വർഷം കൊണ്ട് അടച്ചു തീർക്കുവാനായി ഒരു രൂപ പോലും പലിശ ഇല്ലാതെ തന്നെ രണ്ടിരട്ടി ഇന്ത്യൻ രൂപ കണ്ടെത്തേണ്ടി വരുമെന്നർത്ഥം. നമ്മുെട നാണയത്തിന്റെ വില ഇടിയുക എന്നാൽ നമ്മുെട ജനങ്ങളുടെ അദ്ധ്വാനത്തിന്റെ വില ഇടിയുക എന്നാണ്. (18ാം നൂറ്റാണ്ടിൽ ഒരു ബ്രിട്ടീഷ് പൗണ്ട് അര രൂപയ്ക്ക് സമാനമായിരുന്നു. 1947ൽ ഒരു പൗണ്ട് വില 13 രൂപയായി. ഇന്ത്യൻ രൂപയ്ക്ക് 26 മടങ്ങ് വില ഇടിഞ്ഞു എന്ന് മനസ്സിലാക്കണം.) രൂപയുെട വില നിരന്തരമായി ഇടിച്ചു വരുന്ന അന്തർദേശീയ ബാങ്കുകൾ രാജ്യങ്ങളോട് സർക്കാർ കമ്മി കുറക്കുവാനായി സബ്സിഡികൾ വെട്ടിക്കുറക്കുവാൻ ആവശ്യപ്പെടുന്നു. അത് ഇന്ത്യൻ സമൂഹിക രംഗത്തെ പാടെ അട്ടിമറിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, മറ്റു സേവന ചെലവുകളിൽ നിന്ന് എല്ലാം സർക്കാർ പിൻതിരിയുക. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ സംരംഭകരെ ഏൽപ്പിക്കുക (Privatization) ഇറക്കുമതി ചുങ്കം ചുരുക്കി കയറ്റുമതിക്ക് വൻ ഇളവുകൾ നൽകുക. SEz പോലെയുള്ള ഇടങ്ങൾ ഉണ്ടാക്കി കോപ്പറേറ്റുകളെ എല്ലാ തരത്തിലും സാന്പത്തികമായും മറ്റും പിന്തുണക്കുക. തൊഴിൽ അവകാശങ്ങൾ വെട്ടിക്കുറക്കുക. (സർക്കാർ പെൻഷൻ നിർത്തലാക്കൽ, തൊഴിലാളികളുെട എണ്ണം കുറക്കൽ, പിരിച്ചുവിടൽ) വിദേശ ഊഹമൂലധനത്തിനായി വഴികൾ തുറക്കുക. (ഷെയർ മാർക്കറ്റുകളെയും അതിലെ ഊഹകച്ചവടത്തെയും പ്രോത്സാഹിപ്പിക്കുക) സർക്കാർ നിയമങ്ങൾ കോർപ്പറേറ്റ് താൽപര്യങ്ങൾക്കായി മാറ്റി എഴുതുക. (പുതിയ കേന്ദ്ര തൊഴിൽ നിയമം നടപ്പാക്കിയത്, ആണവ കരാർ ബാധ്യത നിയമം) ബാങ്കുകൾ, വിമാനത്താവളങ്ങൾ, പ്രതിരോധം, തീവണ്ടികൾ തുടങ്ങിയ നാടിന്റെ സാന്പത്തിക സുരക്ഷാ കേന്ദ്രങ്ങൾ അന്തർദേശീയ കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലേക്ക് കൈമാറുക. ആഗോളവൽക്കരണം മുകളിൽ പറഞ്ഞ നിലപാടുകളിലൂടെ ലോകത്തു വരുത്തിയ മാറ്റങ്ങൾ മനസ്സിലാക്കുവാൻ 1990കളിൽ അർജന്റീന, മെക്സിക്കോ, ഏഷ്യൻ ടൈഗർ (മലേഷ്യ, ഇന്തോനേഷ്യ, തെക്കൻ കൊറിയ) ഫ്രാൻസ്, ബ്രിട്ടൺ, പോർച്ചുഗൽ, സ്പെയിൻ, അയർലന്റ്, റഷ്യ തുടങ്ങി ഇപ്പോൾ ഗ്രീസ് ഉൾപ്പെടുന്ന രണ്ടു ഡസനിലേറെ രാജ്യങ്ങൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളെ പറ്റി പഠിച്ചാൽ മതി. 2008ൽ ആഗോളവൽക്കരണത്തിന്റെ സ്പോൺസറും തലതൊട്ടപ്പനുമായ അമേരിക്ക തന്നെ പ്രതിസന്ധിയിൽ അകപ്പെട്ടു. ഇന്ത്യയിലും പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ സംഭവിക്കുന്ന ജീവിത ദുരന്തങ്ങൾ ഇതിന്റെ തുടർച്ചയാണ്.
ലോക സാന്പത്തിക രംഗത്തെ ചികിത്സിച്ച് രക്ഷപ്പെടുത്തുവാൻ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തിരിക്കുന്ന ഐ.എം.എഫ്, വികസനത്തിനായി ഫണ്ട് നൽകുന്ന ലോകബാങ്ക്, തുടങ്ങിയവർ നടപ്പാക്കിയ നിർദ്ദേശങ്ങൾ എങ്ങനെയാണ് വ്യത്യസ്ത രാജ്യങ്ങളെ തകർത്തത് എന്ന് മനസ്സിലാക്കിയ ലോകബാങ്കിന്റെ മുൻ അദ്ധ്യക്ഷൻ സ്റ്റിഗ്ളിസ് തന്നെ നിലപാടുകൾക്ക് എതിരെ ശക്തമായി പ്രതികരിച്ചു വരുന്നു. അമർത്യാസെൻ ഉൾപ്പെടുന്ന മൃദു മുതലാളിത്ത വികസനത്തിന്റെ വക്താക്കളും ഐ.എം.എഫ് ലോകബാങ്ക് സമീപനങ്ങളെ അപലപിക്കുന്നു. അന്തർദേശീയ സ്ഥാപനങ്ങളുടെ വികസന മാർഗ്ഗത്തിൽ കണ്ണും നട്ട് കാര്യങ്ങൾ തീരുമാനിച്ച ഏഷ്യൻ രാജ്യങ്ങൾ 1997ൽ വൻ പ്രതിസന്ധിയിൽ അകപ്പെട്ടു. റിയൽ എേസ്റ്ററ്റ്, ഊഹക്കച്ചവടം തുടങ്ങിയ മേഖലകൾ തകർന്നടിഞ്ഞത് രാജ്യത്തെ പാപ്പരാക്കി. തെക്കൻ കൊറിയയുടെ തൊഴിലില്ലായ്മ തോത് മൂന്ന് ശതമാനത്തിൽ നിന്നും 10 ശതമാനമായി ഉയർന്നു. വൻ സ്ഥാപനങ്ങളായ ‘ദേവൂ’ തുടങ്ങിയവ തകർന്നടിഞ്ഞു. ഇന്താനേഷ്യയുടെ പട്ടിണി തോത് 11ൽ നിന്നും 60 ശതമാനമായി മാറി. ജി.ഡി.പി 15 ശതമാനം കണ്ട് കുറഞ്ഞു. ഭക്ഷ്യക്ഷാമത്തിൽ പൊറുതി മുട്ടിയ ജനങ്ങളോടായി അന്നത്തെ പ്രസിഡണ്ട് (ഹബീബി) ആഴ്ചയിൽ രണ്ടു ദിവസം പട്ടിണി ഇരിക്കുവാൻ അഭ്യർത്ഥിച്ചു. വിലകൾ 25 മുതൽ 75 ശതമാനം കണ്ടു വർദ്ധിച്ചു. റഷ്യയിലും സ്ഥിതി രൂക്ഷമായി. പട്ടിണിക്കാരുടെ എണ്ണം 20 ലക്ഷത്തിൽ നിന്നും 600 ലക്ഷമായി കൂടി. പുരുഷായുസ്സ് 65ൽ നിന്നും 57 വർഷമായി കുറഞ്ഞു. ആഗോളവൽക്കരണ നാളുകളിൽ തൊഴിൽ വേതനത്തിൽ ഇടിവുണ്ടായി. ഭക്ഷ്യ ലഭ്യത കുറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾ ചെലവേറിയതായി. കാർഷിക മേഖലകളെ കോർപ്പറേറ്റുകൾ കീഴടക്കി. കയറ്റുമതി കേന്ദ്രീകൃത കൃഷിരീതികൾ സാധാരണ കർഷകരെ ഭൂരഹിതരും തൊഴിൽ രഹിതരുമാക്കി. ഭൂമിയുടെ ഉർവ്വരതയെ തകർത്തു. ആമസോൺ മഴക്കാടുകൾ സംരക്ഷിക്കുവാനുള്ള ബ്രസീൽ ശ്രമങ്ങൾ സാന്പത്തിക പ്രതിസന്ധി മൂലം പരാജയപ്പെടുന്നത് ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായി. അർജന്റീനയും മെക്സിക്കോയും അവരുടെ പരന്പാരഗത രീതികൾ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറ വെച്ചു. ഹെയ്ത്തിയെ പോലെയുള്ള പ്രകൃതിരമണീയമായ രാജ്യങ്ങൾ തെറ്റായ കോർപ്പറേറ്റ് വികസനത്തിലൂടെ മരുഭൂമിയായി തീർന്ന് ഭക്ഷ്യക്ഷാമത്തിലകപ്പെട്ടു.
അന്തർദേശീയ പണമിടപാടു സ്ഥാപനങ്ങൾ ആഫ്രിക്കൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജനങ്ങളുടെ ആയുസ്സിൽ കുറവു വരുത്തി തീർത്തു. ഒരു ഡോളർ വായ്പ ആഫ്രിക്കൻ രാജ്യങ്ങൾക്ക് നൽകി നാല് ഡോളർ വൈദേശിക സ്ഥാപനങ്ങൾ കടത്തിക്കൊണ്ടു പോകുന്നു. ശരാശരി ആഫ്രിക്കക്കാരന്റെ വിദേശക്കടം 335 ഡോളർ. ലാറ്റിനമേരിക്കക്കാരന്റെ ബാധ്യത 1000 ഡോളറും. തെക്കൻ രാജ്യങ്ങൾ 1980ൽ വിദേശ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവായി 56700 കോടി ഡോളർ നൽകി. അവർ ഇതുവരെയായി കൊടുത്ത പലിശത്തുക 3.45 ലക്ഷം കോടി ഡോളർ. എന്നാൽ ആറ് പ്രാവശ്യം യഥാർത്ഥ വായ്പ എഴുതി തള്ളി എന്നാണ് അന്തർദേശീയ ധനസ്ഥാപനങ്ങൾ പറയുന്നത്.
ഗ്രീസ് ഇന്നു പെട്ട ദുരന്തങ്ങൾക്ക് കാരണം ഐ.എം.എഫ് വെച്ചു നീട്ടിയ വികസന മാതൃക ഏറ്റെടുത്തതാണ്. യൂറോപ്പിലെ 28 രാജ്യങ്ങൾ ചേർന്നുകൊണ്ട് രൂപീകരിച്ച യൂറോപ്യൻ യൂണിയൻ, അതിന്റെ തുടർച്ചയായി 19 രാജ്യങ്ങൾക്കായി ഒരേ നാണയം തുടങ്ങിയ തീരുമാനങ്ങൾ അമേരിക്കൻ നിലപാടുകളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയൻ കൂട്ടായ്മയിൽ ജർമ്മനിയും ഫ്രാൻസും മറ്റു രാജ്യങ്ങളെ വരിഞ്ഞു മുറുക്കുവാനുള്ള അവസരമായി ഉപയോഗപ്പെടുത്തി. 11 കോടി ജനങ്ങൾ ജീവിക്കുന്ന ഗ്രീസ് നടപ്പാക്കി വന്ന നയങ്ങൾ രാജ്യത്തിന്റെ സാന്പത്തികരംഗത്ത് തകർച്ച ക്ഷണിച്ചു വരുത്തി. 2004ലെ ഏഥൻസ് ഒളിന്പിക്സിനായി ചെലവഴിച്ച 11000 കോടി ഡോളർ രാജ്യത്തെ കൂടുതൽ പാപ്പരാക്കി. വ്യക്തിഗത വിദേശകടം 50,000 ഡോളറിൽ എത്തി. 2005 ആയപ്പോഴേക്കും കടം ജി.ഡി.പിയുടെ 110 ശതമാനമായി വളർന്നു. ഇന്നത് 175 ശതമാനം ആയിട്ടുണ്ട്. കടം നല്കിയ ഐ.എം.എഫ്, ഇ.സി.ബി, യൂറോപ്യൻ കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ 150 കോടി യൂറോ ജൂലൈ 20ന് മുന്പ് തിരിച്ചടക്കണമെന്ന് നിഷ്കർഷിച്ചു. മൊത്തം അടക്കേണ്ട തുക 32300 കോടി യൂറോ. പ്രതിസന്ധിയുടെ ഭാഗമായി ബാങ്കുകൾ ഒരാഴ്ചയായി അടച്ചു. പെട്രോളിന്റേയും മരുന്നിന്റേയും സ്റ്റോക്ക് ആഴ്ചകൾ കൊണ്ടു തീരുന്ന അവസ്ഥയിലെത്തി. ബാങ്കുകൾ വായ്പകൾ എഴുതി തള്ളണമെന്ന ഇടതുപക്ഷ സർക്കാർ നേതാവ് അലക്സീസ് സിപ്രസിന്റെ വാദം തള്ളിയ വിദേശബാങ്കുകൾ ഗ്രീക്ക് സർക്കാർ നികുതി വർദ്ധിപ്പിക്കണമെന്നും സേവനങ്ങൾ വെട്ടിക്കുറക്കണമെന്നും സബ്സിഡി എടുത്തു കളയണമെന്നും വേതനം മരവിപ്പിക്കണം എന്നു തുടങ്ങിയ പരന്പരാഗത ആഗോളവൽക്കരണ നയങ്ങൾ അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചു. (ജർമ്മനിയുടെ പൊതുകടത്തിന്റെ പകുതി 1953ൽ എഴുതി തള്ളിയ ചരിത്രമുള്ള ബാങ്കുകൾ സമാന നിലപാടുകൾ എടുക്കാൻ ഇവിടെ തയ്യാറല്ല.) സിപ്രസ് പ്രസ്തുത വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം തേടി. ഐ.എം.എഫ് ഉൾപ്പെടുന്ന ബാങ്കുകളുടെ നിലപാടുകൾക്കെതിരെ സർക്കാരിനൊപ്പം നിന്ന് ജനം വോട്ടു ചെയ്തു(61 ശതമാനം). അമേരിക്കൻ പക്ഷപാതിയായ പ്രതിപക്ഷ വലതുപക്ഷ നേതാവിന് സ്ഥാനം ഒഴിയേണ്ടി വന്നു. അമേരിക്കൻ ഗുഢാലോചനകൾ ജനം തള്ളിപ്പറഞ്ഞു. (ആന്റണിയോ സമരിയാസ്)
ചൈന, ക്യൂബ, വെനസ്വല, ചിലി, ഇക്വഡോർ, എൽസൽവദോർ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഗ്രീസിനെ പിന്തുണക്കുവാൻ രംഗത്തുണ്ട്. അഗോളവൽക്കരണം ഒരു രാജ്യത്തെ കടക്കെണിയിൽ കുരുക്കി തകർത്തെറിയുവാൻ മുതിരുന്പോൾ അതിനെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട് ആഗോളവൽക്കരണത്തെ വെല്ലുവിളിക്കുവാൻ ഗ്രീക്ക് ജനത കാട്ടിയ ധീരതയെ അംഗീകരിക്കുവാൻ സ്വാശ്രയത്ത ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏവരും രംഗത്തു വരേണ്ടതാണ്.
ഇന്ത്യ എന്ന വലിയ ജനാധിപത്യരാജ്യം ലോകത്തുണ്ടായ അമേരിക്കൻ സ്പോൺസേർഡ് ആഗോളവൽക്കരണ വിരുദ്ധ സമരത്തിന്റെ വിജയത്തെ കണ്ടില്ല എന്നു നടിക്കുകയാണ്. കഴിഞ്ഞ 25 വർഷമായി ഇന്ത്യ തുടരുന്ന ആഗോളവൽക്കരണം രാജ്യത്തെ 80 ശതമാനം ജനങ്ങളെയും പാപ്പരാക്കി കഴിഞ്ഞു. എന്നാൽ മറുഭാഗത്ത് റിലയൻസിന്റെ ആസ്തി 10,000 കോടിയിൽ നിന്നും 6 ലക്ഷം കോടിയും അദാനിയുടെ ആസ്തിയിൽ പ്രതിവർഷം 48 ശതമാനം വളർച്ചയും ഉണ്ടാക്കി കൊടുത്തു. കോർപ്പറേറ്റുകൾ ലാഭം കൊയ്തെടുക്കുന്പോൾ ജനങ്ങൾ പാപ്പരായികൊണ്ടേയിരിക്കുന്നു. രാജ്യത്തിന്റെ പൊതുമുതലുകൾ കോർപ്പറേറ്റുകൾക്ക് കൈമാറുവാൻ അവസരം ഒരുക്കുന്ന, വിലക്കയറ്റം രൂക്ഷമാക്കുന്ന, വിദ്യാഭ്യാസവും ചികിത്സയും സാധാരണക്കാരന് അസാധ്യമാക്കുന്ന, തീവണ്ടി ഓഫീസുകളും വിമാനത്താവളങ്ങളും പൊതു നിരത്തുകളും സ്വകാര്യ മുതലാളിമാരെ ഏൽപ്പിച്ചു കൊടുക്കുന്ന ആഗോളവൽക്കരണത്തിനെതിരെ ‘നോ’ എന്നു പറയുവാൻ ഇന്ത്യക്കാരായ നമുക്ക് കഴിയണം.