വ്യാപകമായി തീരുന്ന പലിശക്കെണികൾ
എല്ലാ മതങ്ങളും അതിശക്തമായി അപലപിച്ചിട്ടുള്ള ക്രയവിക്രയമാണ് പലിശ. സെമറ്റിക് മതങ്ങളുടെ തുടക്കക്കാരും ക്രിസ്തുവിന് ജന്മം നൽകിയതുമായ യഹൂദമതം പലിശയെ ശക്തമായി അപലപിക്കുന്നുണ്ട്. ഇസ്ലാം മതം പലിശ പാപങ്ങളിൽ പാപമാണെന്ന് പ്രഖ്യാപിക്കുകയും അതിൽ ഇടപെടുന്നവരെ താക്കീത് ചെയ്യുന്നതിൽ കാർക്കശ്യം കാണിക്കുകയും ചെയ്തുവരുന്നു. ഹിറ്റ്ലർ യഹൂദർക്കെതിരെ നടത്തിയ കൂട്ടക്കൊല കേവലം വ്യക്തിപരമല്ല. ഹിറ്റ്ലർക്ക് ചിത്രരചന പഠിക്കുവാൻ അവസരം നിഷേധിച്ച യഹൂദ സ്കൂളിനോടുള്ള അടങ്ങാത്ത പ്രതിഷേധം അദ്ദേഹത്തെ യഹൂദ വിരുദ്ധ ചിന്തയിൽ എത്തിച്ചിട്ടുണ്ടാകും. എന്നാൽ യഹൂദവിരുദ്ധ വികാരം ജർമ്മൻ ജനതയിൽ ശക്തമായി തീരുവാൻ കാരണമായതിന് യഹൂദർ നടത്തിവന്ന പണമിടപാടുകൾ മുഖ്യകാരണമായിരുന്നു. അത് കൊടും പലിശയുടെ രൂപത്തിൽ ജർമ്മൻകാർക്ക് സന്പത്ത് നഷ്ടപ്പെടുവാൻ കാരണമാക്കി. ഇത് യഹൂദർ ജർമ്മൻ ദേശീയതയ്ക്ക് ഭീഷണിയാകുന്നു എന്ന വികാരത്തെ ലോകമുതലാളിത്തത്തിന്റെ സഹകരണത്തിന്റെ പിൻബലത്തിൽ രാഷ്ട്രീയ ആയുധമാക്കി ഹിറ്റ്ലർ മാറ്റി പണിതു.
ജൂതമതം പലിശയെ തള്ളിപ്പറഞ്ഞിട്ടും എന്തുകൊണ്ടാണ് ഭക്തന്മാരാൽ ശ്രദ്ധേയരായ യഹൂദന്മാർ ഹുണ്ടികക്കാരായി മാറിയത്? ഉത്തരം പഴയ നിമയത്തിൽ തന്നെയുണ്ട്. യഹൂദരിൽ നിന്നും പലിശ വാങ്ങുന്നതിന് മാത്രമാണ് വിലക്ക് (ഡ്യൂട്ട് 23:20). ക്രിസ്തുമതം പലിശയെ തള്ളിപ്പറയുന്നു. എന്നാൽ മാന്യമായ പലിശ ആകാമെന്ന് (മാത്യു 27).
ഖുറാൻ പലിശക്കെതിരെ ശക്തമായി പറയുന്പോൾ തന്നെ ‘ഫൈയിദ’യെ ഉസ്രി(റിബ) എന്ന കടുംപലിശയുടെ ഗണത്തിൽ കാണുന്നില്ല. ഇസ്ലാമിക് ബാങ്കുകൾ നൽകുന്ന വായ്പയ്ക്ക് പലിശയുടെ പേരിലല്ലാത്ത ചില ചുങ്കങ്ങൾ ചുമത്തുന്നുണ്ട്.
ഹൈന്ദവ മതഗ്രന്ഥങ്ങളിൽ വസിഷ്ഠൻ ബ്രാഹ്മണരും ക്ഷത്രിയരും പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനർത്ഥം ശൂദ്രർക്ക് അനുവദനീയമാണെന്ന്. സൂത്രങ്ങളിൽ പലിശയെപ്പറ്റി പരാമർശമുണ്ട്. അർത്ഥശാസ്ത്രം പലിശയെ ന്യായീകരിച്ചു. ബുദ്ധമതഗ്രന്ഥം ജാതക (600 −മുതൽ 400 ബി.സി) യും പലിശ നിരോധിച്ചിട്ടില്ല.
മതങ്ങളിൽ പലിശയെ എതിർക്കുന്ന പരാമർശം ഉണ്ടെങ്കിലും അതിനെ മറികടക്കാനുള്ള പഴുതുകൾ പലതും ഗ്രന്ഥങ്ങളിൽ പരമർശിച്ചിട്ടുള്ളതിനാൽ വിശ്വാസിക്ക് പലിശയെ ന്യായീകരിക്കുവാൻ ചില അവസരങ്ങൾ ഒരുക്കുന്നു.
അരിസ്റ്റോട്ടിലും പ്ലാറ്റോയും പലിശ ഇടപാടുകളെ സ്ത്രീധനത്തോളം എതിർത്ത് അവരുടെ ഗ്രന്ഥങ്ങളിൽ എഴുതിയിരുന്നു. ആധുനിക സാന്പത്തിക ശാസ്ത്രജ്ഞരിൽ ശ്രദ്ധേയനായ കെയ്ൻസ് സായിപ്പ് വാടക വാങ്ങി ജീവിക്കുന്നവരെ ദയാവധത്തിനു വിധേയമാക്കാൻ ആഹ്വാനം ചെയ്തു. കെയ്ൻസ് ഇത്തരത്തിൽ അദ്ധ്വാനശക്തിയെ വിശ്വാസത്തിലെടുക്കാത്തവരെ തള്ളിപറയുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. പലിശ സാമൂഹികമായി സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ (സാന്പത്തികം, സാമൂഹികം, രാഷ്ട്രീയം) രാഷ്ട്രീയമായി പഠിക്കുവാനും അതിന് രാഷ്ട്രീയമായ പരിഹാരം കണ്ടെത്തുവാൻ പരിശ്രമിച്ചവരാണ് കാറൽമാർക്സും ഏംഗൽസും. ഉൽപ്പാദനത്തിലെ നിർണ്ണായക മൂന്നു ഘടകങ്ങൾ അദ്ധ്വാനശക്തി, പ്രകൃതി (വിഭവം) ഉപകരണം ഇവയാണ്. ഈ മൂന്ന് വിഭവങ്ങൾ ഉണ്ടെങ്കിൽ സാമൂഹിക ഉല്പാദനം സാധ്യമാണ്. ഈ ഘടകങ്ങളിൽ ജീവനുള്ള വസ്തു അദ്ധ്വാനിക്കുന്നവൻ മാത്രം. എന്നാൽ ഇതുവരെയുള്ള ലോകസാഹചര്യത്തിൽ ഉൽപ്പാദനം നടത്തുന്നതിനായി മുതൽമുടക്കുന്നതിന് ആളുണ്ടാകണം. മുതൽ മുടക്കുന്നവന് (മുതലാളി) മുടക്കുമുതലിന്റെ ലാഭവും കിട്ടണം. അതിന്റെ ലാഭം (ഉല്പന്നത്തിന്റെ വിപണി മൂല്യം) മുതൽ മുടക്കുന്നവനും പണി എടുക്കുന്നവനും ലഭ്യമാകണം, അത്തരത്തിലേ ഉല്പാദനം മുന്നോട്ടു പോകുകയുള്ളൂ. ഇതിൽ ഓരോരുത്തർക്കും അവരുടെതായ പങ്കുണ്ട്. ഉല്പാദനത്തിൽ ഇടപെടാതെ ദൂരെ മാറി നിന്ന് ഉല്പാദനത്തിന്റെ ഫലം പങ്കു വഹിക്കുവന്നവൻ അർഹതപ്പെടാത്തത് കൈക്കലാക്കുന്നു എന്നുമാത്രമല്ല ഉല്പാദനത്തിന്റെ സ്വാഭാവിക നിലനിൽപ്പിനു തന്നെ ഭീഷണിയുയർത്തുന്നു. ഇവരെയാണ് ഇത്തിക്കണ്ണിവിഭാഗമായി വിലയിരുത്തുന്നത്. അന്യന്റെ ചോര ഊറ്റിക്കുടിക്കുന്ന കുളയട്ടകളാണ് അവർ. നമ്മുടെ സമൂഹത്തിലെ ഹുണ്ടികക്കാർ അത്തരത്തിൽ പെടുന്നു. ഇവരുടെ ശക്തി കൂടുന്നത് സമൂഹത്തിൽ ദുരിതങ്ങൾ പടർത്തും. കേരളത്തിലെ വികസനത്തെപ്പറ്റി വാചാലമാകുന്നവർ ഒരു കാര്യം മറന്നുപോകുന്നുണ്ട്. നമ്മുടെ ഗ്രാമങ്ങളിൽ തഴച്ചു വളരുന്ന സ്വകാര്യ പണമിടപാടുസ്ഥാപനങ്ങൾ സാമൂഹത്തിന്റെ രോഗലക്ഷണമാണെന്ന വസ്തുത. ഇത്തരം ഫിനാൻസ് സ്ഥാപനക്കാർ രാഷ്്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടേയും ഇഷ്ടതോഴന്മാരാണെന്നത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ആർ.ബി.ഐ നിർദ്ദേശങ്ങളെയും സംസ്ഥാന നിയമങ്ങളെയും ഇവർ യഥേഷ്ടം വെല്ലുവിളിക്കുന്നു.
ഇന്നത്തെ ലോകസാഹചര്യത്തിൽ പലിശ നാമമാത്രമായി ചുരുങ്ങിയിട്ടുണ്ട്. ഉദാഹരണമായി വൈദേശിക ബാങ്കുകൾ നൽകുന്ന പണത്തിന്റെ പലിശതോത് നാമമാത്രമാണ്. പകരം അവർ ലാഭം കൊയ്യുന്നത് മറ്റ് ചില മാർഗ്ഗങ്ങളിലൂടെയാണ്. എല്ലാ വായ്പകളും പണമെടുക്കുന്ന വ്യക്തിയേയോ രാജ്യത്തേയോ കെണയിൽ കുടുക്കുന്നു. എന്നാൽ മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളുടെ ഇടയിൽ പലിശ ഇന്നും ഭീകരമായ തോതിൽ തുടരുന്നുണ്ട്. അതിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കൊള്ളപ്പലിശയാണ് ജനങ്ങളിൽ നിന്ന് ഈടക്കുന്നത്. ഇന്ത്യയിലെ (കു)പ്രസിദ്ധമായ സ്വകാര്യ പണമിടപാടുസ്ഥാപനങ്ങളിൽ ഒട്ടുമിക്കതും മലയാളിയുടേതാണെന്ന് കേരളീയന് അഭിമാനമായി കാണാൻ കഴിയുകയില്ല. ഇന്ത്യയിലാകെ ശാഖകളുള്ള രണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ സ്വർണ്ണശേഖരം സ്വിസ് ബാങ്കിന്റെ സ്വർണ്ണശേഖരത്തേക്കാൾ അധികമാണെന്നത് ഇവർ നടത്തിവരുന്ന കൊള്ളകൊടുക്കലിന്റെ വ്യാപ്തി വിളിച്ച് പറയുന്നു.
ഇസ്ലാമിക രാജ്യത്ത് പലിശ ഇടപാടുകൾ വ്യക്തികൾ തമ്മിൽ നടത്തുന്നതും പലിശ പിരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപനങ്ങൾ നടത്തുന്നതും നിയമവിരുദ്ധമാണ്. ബഹ്റിനിൽ 155 രാജ്യങ്ങളിൽ നിന്നുമായി 5.20 ലക്ഷം വിദേശികൾ പരസ്പരം സൗഹൃദത്തോട് താമസിച്ചു വരുന്നു. ഇന്ത്യൻ ദേശീയ ശത്രുക്കൾ എന്ന് നമ്മെ ഭരണകൂടം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ വംശജരോടും സാഹോദര്യത്തോടെയാണ് ഇന്ത്യക്കാർ ഇടപെട്ടുവരുന്നത്. എന്നാൽ പ്രവാസികളിലെ എണ്ണം കൊണ്ടു മുൻപന്തിയിലുള്ള മലയാളി സമൂഹത്തിനിടയിൽ പലിശ വ്യാപകമാണ്. ഒരുമിച്ച് താമസിക്കുന്നവർ, ഒരേ പാത്രത്തിൽ നിന്ന് ആഹാരം വിളന്പി കഴിക്കുന്നവർ, ഒന്നിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ അങ്ങനെ പോകുന്നു ബഹ്റിനിൽ എത്തിയ ശേഷമുണ്ടായിട്ടുള്ള സൗഹൃദങ്ങളുടെ ആഴം. 1970കൾ മുതൽ ബഹ്റിനിൽ ഉള്ള ചില മുതിർന്ന വ്യക്തിത്വങ്ങൾ ഇന്നും ഇവിടെയുണ്ട്. അക്കാലത്തെ അന്തരീക്ഷം പല കാരണത്താലും ഇന്നത്തേക്കാൾ പ്രതികൂലമായിരുന്നു. വരുമാനം കുറവായിരുന്നു. ജീവിതസാഹചര്യങ്ങൾ പരിമിതമായിരുന്നു. അന്നും തുച്ഛവരുമാനക്കാരായിരുന്നു കൂടുതലും. മാസം നാട്ടിലയക്കാൻ പണം തികയാത്തവർ എണ്ണത്തിൽ ഇന്നത്തേക്കാൾ കുറവല്ലായിരുന്നു. എന്നാൽ ഭൂരിപക്ഷം ആളുകളും സാന്പത്തിക പ്രശ്നങ്ങളിൽ പരസ്പരം സഹായിക്കുവാൻ ശ്രദ്ധാലുക്കളായിരുന്നു. വടക്കൻ കേരളത്തിലെ പണംപയറ്റ് പല സാന്പത്തിക പ്രശ്നങ്ങളും പരിഹരിക്കുവാൻ സഹായകരമാണ് എന്ന് അടുത്തറിയുന്നവരാണ് കോഴിക്കോട്, കണ്ണൂർ മുതലായ ജില്ലക്കാരായ സാധാരണക്കാർ. അത്തരം കൊടുക്കൽ വാങ്ങലിലൂടെ സാധാരണക്കാരുടെ പല പണമുട്ടുകളും പരിഹരിച്ചിരുന്നു.
1990കൾക്ക് ശേഷം നാട്ടിലെന്നത് പോലെ ഇവിടെയും (മാറ്റത്തിന്റെ തുടക്കം) സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാഗമായി കന്പോളം വളരെ പെട്ടെന്ന് വളർന്നു. മീഡിയകളുടെ വർദ്ധിച്ച സാഹചര്യം, വാർത്താ വിവര കൈമാറ്റത്തിലെ വിപ്ലവം എല്ലാം കൂടി ജീവിതത്തെ കൂടുതൽ വർണ്ണശബളമാക്കുവാൻ അവസരം ഒരുക്കി. ഒരുതരം പർച്ചേസിംഗ് കൾച്ചർ തന്നെ ഉണ്ടായി. സൂപ്പർമാളുകൾ ഒരു ഉത്സവപറന്പായി. ഓഫറുകളും മറ്റും വേട്ടക്കാരനെ പോലെ ഇരയുടെ മർമ്മം നോക്കി ആക്രമിക്കുവാൻ തുടങ്ങി. മദ്യാസക്തി വർദ്ധിച്ചു. കുടുംബങ്ങൾ കൂടുതലായി ഗൾഫിൽ എത്തപ്പെട്ടു. അന്തർദേശീയ ആഹാര ശൃംഖലകൾ വളർന്നു. മൊത്തത്തിൽ ഗൾഫ് ജീവിതത്തെ ആഘോഷമാക്കി മാറ്റുവാനുള്ള അവസരങ്ങൾ വർദ്ധിച്ചു. നാട്ടിൽ ഉണ്ടായ മാറ്റം ഇതിലും തീവ്രതരമാണ്. വീടിനെപ്പറ്റിയുള്ള സങ്കല്പ്പങ്ങൾ കൂടുതൽ അപകടകരമായ തരത്തിൽ മാറിമറിഞ്ഞു. വാഹനം ഒരു ഹരമായി. സ്വാശ്രയ വിദ്യാഭ്യാസ−ആരോഗ്യ മേഖല പലരുടേയും അഭിമാന ചിഹ്നമായി. സ്വർണ്ണവും വസ്ത്രവും വിവാഹച്ചടങ്ങുകളും ആളുകളെ വേട്ടയാടി. എല്ലാത്തിനെയും ന്യായീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനും രാഷ്ട്രീയ മത നേതൃത്വങ്ങൾ കച്ചകെട്ടി ഇറങ്ങി. അവരുടെ ലക്ഷ്യം ഈ മേഖലയിലെ മാറ്റത്തെ കൊയ്ത്തുത്സവമാക്കി മാറ്റിയ മുതലാളിമാരെ സന്തോഷിപ്പിക്കുക മാത്രമായിരുന്നു. അപ്പോഴും ഭൂരിപക്ഷം ഗൾഫ്കാരുടെയും വരുമാനം കൂടിയില്ല. ഫലത്തിൽ കുറവുണ്ടായി. ശന്പളവർദ്ധന ഒരു സ്വപ്നമായി തീർന്നു. എന്നാൽ നിത്യദാന ചെലവ് (നാട്ടിനൊപ്പമില്ലെങ്കിലും) ഗൾഫിൽ വർദ്ധിച്ചു വന്നു. അത്ഭുതങ്ങൾ സംഭവിച്ചില്ല എങ്കിൽ ബഹ്റിനിൽ ആഗസ്റ്റ് ഒന്ന് മുതൽ ഒട്ടുമിക്ക ഇന്ത്യക്കാരുടെയും ചെലവിൽ വൻ വർദ്ധന ബഹ്റിനിൽ ഉണ്ടാകാൻ പോകുന്നു. ലോകത്തെ ഏറ്റവും കൂടുതൽ സബ്സിഡി ലഭിച്ചിരുന്ന ബഹ്റിൻ വൈദ്യുതി ജല വകുപ്പിലെ 35 കോടി ദിനാർ സബ്സിഡി സ്വദേശികൾക്കായി പരിമിതപ്പെടുത്താൻ പോകുന്നു. അത് അവിശ്വസനീയമായ വർദ്ധനവ് ജീവിത ചെലവിൽ ഉണ്ടാക്കും എന്നതിൽ സംശയിക്കേണ്ടതില്ല. മാംസത്തിന്റെയും ഇന്ധനത്തിന്റെയും കുബ്ബൂസിന്റെയും സബ്സിഡി കുറയുന്നതോടെ സാധാരണ തൊഴിലാളിക്ക് പട്ടിണി കിടക്കേണ്ട അവസ്ഥ രൂപപ്പെടുകയാണ്.
ബഹ്റിനിലെ ഇന്ത്യക്കാരുടെ ഇടയിൽ വിശിഷ്യ മലയാളികളുടെ ഇടയിൽ ജീവിതശൈലിയിലും ചെലവിലും ഉണ്ടായ വൻമാറ്റങ്ങൾ വ്യക്തികളെ കടക്കാരാക്കി മാറ്റി. പഴയ കാലത്തെ സഹായ സഹകരണങ്ങളിൽ അർത്ഥമില്ല എന്നു പഠിപ്പിക്കുന്ന പുതിയ രാഷ്ട്രീയം, സാന്പത്തിക പരാധീനക്കാരെ വ്യക്തിഗത പലിശക്കാരുടെ കൈകളിൽ എത്തിച്ചു. പലിശക്കു പണം കൊടുക്കുന്ന ആൾ വാങ്ങുന്ന ആളിനേക്കാൾ എക്കാലത്തും സാമൂഹികബന്ധങ്ങൾ കൂടുതലുള്ളവനാണെന്നത് ഇവിടെയും ശരി വെച്ചു വരുന്നു. പലിശക്കാരൻ നാട്ടിലെ പോലെ പലിശക്കാരനായിട്ടല്ല പ്രത്യക്ഷപ്പെടുക. സുഹൃത്തായി, ആശുപത്രിയിലോ മറ്റോ വാഹനത്തിൽ എത്തിക്കുവാനായി ഒരു തരത്തിൽ രക്ഷകനെന്ന വേഷം കെട്ടിയാടും. നമ്മുടെ സാന്പത്തിക ദുരിതത്തിന്റെ വ്യാപ്തി മനസ്സിലാക്കി ഉപദേശകനായി കൂടന്ന ഇവർ, നമ്മെ സഹായിക്കുവാനാണെന്ന് പറഞ്ഞ് പണം മറ്റ് ചിലരിൽ നിന്ന് മറിച്ചു തരാം എന്ന് അറിയിക്കുന്നു. തനിക്ക് ഈ ഇടപാടിൽ ഒരു ലാഭവും വേണ്ടതില്ല പക്ഷേ കൃത്യമായി വായ്പ തിരിച്ചടക്കണം എന്ന് മുൻകൂട്ടിപറയുന്നു. എന്നാൽ പര്യസ്യമായി പണമിടപാട് നടത്തുന്ന സ്ഥാപനവൽക്കരിക്കപ്പെട്ടവരുമുണ്ട്. ആവശ്യക്കാരൻ കൂടുതൽ കാര്യങ്ങൾ ആലോചിക്കാതെ പണം വാങ്ങുവാൻ തീരുമാനിക്കും. വാങ്ങുന്പോൾ തന്നെ കേവലം ഉറപ്പിനായി എന്ന് പറഞ്ഞ് ബ്ലാങ്ക് ചെക്ക് (നാട്ടിലെയും ഇവിടുത്തെയും) മുദ്രപത്രം, പാസ്പോർട്ട് (ചിലപ്പോൾ കുടുംബങ്ങളുടെ മൊത്തമായും) എ.ടി.എം കാർഡ് തുടങ്ങിയ രേഖകൾ സ്വന്തമാക്കും. പലിശ മാസം കൊടുത്തുകൊണ്ടിരുന്നാൽ സൗഹൃദത്തിന് ഒരു കുറവുമുണ്ടാകുകയില്ല. ജന്മദിനങ്ങളിൽ ആശംസകൾ അർപ്പിക്കുവാനും ആഘോഷങ്ങളിൽ പങ്കെടുക്കുവാനും ഇവർ ഉണ്ടാകും. വായ്പ മൊത്തമായും തിരിച്ചു വാങ്ങുന്നതിന് പലിശ കൊടുപ്പുകാരൻ വലിയ താൽപര്യം കാട്ടുകയില്ല. പലിശ തെറ്റിയാൽ ആട്ടിൻകുട്ടിയായി കൂടിയ പലിശക്കാരൻ പേപ്പട്ടിയായി മാറി പലിശക്ക് വിധേയനായ വ്യക്തിയെയും കുടുംബത്തെയും പേടിപ്പിക്കും. അത് ആത്മഹത്യ, ഒളിച്ചോട്ടം, സ്വത്ത് നഷ്ടപ്പെടൽ, മാനസികരോഗം, ശാരീരിക ക്ഷതങ്ങൾ തുടങ്ങി നിരവധി രൂപത്തിൽ പീഡനങ്ങൾക്ക് വ്യക്തികളെ വിധേയമാക്കും. പലിശ ഇടപാടിലെ വലിയ ദുരൂഹത പലിശയ്ക്ക് പണം വാങ്ങുന്നവന് പലിശയപ്പറ്റി ധാരണ ഇല്ലാത്തതാണ്. പലിശ എപ്പോഴും കണക്കുകൂട്ടേണ്ടത് വാർഷികമാണെങ്കിലും ഇവിടെ മാസക്കണക്കിനാണ് കരാറുണ്ടാക്കുക. പണം വാങ്ങുന്ന വ്യക്തിക്ക് ഇതിനെപറ്റി ഒരു ധാരണയും ഉണ്ടാകുകയില്ല. ഏറ്റവും കുറവെന്നു പറയുന്ന പലിശയെ ഇങ്ങനെ പരിചയപ്പെടുത്താം. 100 ദിനാറിന് പ്രതിമാസം ആറ് രൂപയാണ് കുറഞ്ഞ പലിശ. ഇത് തുടക്കത്തിൽ കേൾക്കുന്നവർക്ക് വലിയ പ്രശ്നമായി തോന്നുകയില്ല. പ്രതിമാസം ആറ് രൂപ എന്നു പറഞ്ഞാൽ 72% പലിശ. (ഇന്ത്യയിലെ നന്പർ വൺ ബ്ലെയ്ഡ് കന്പനിയായ മുത്തൂറ്റിന്റെ പലിശ 18%) 15 മാസം കഴിയുന്പോൾ നിങ്ങൾ 100 ദിനാറിന് 200 ദിനാർ കൊടുക്കുവാൻ ബാധ്യസ്ഥനാണെന്നർത്ഥം. പലിശ കൊടുക്കുന്നത് തെറ്റിയാൽ പലിശ തുകക്കൂടി പലിശയാകും. എങ്കിൽ പിന്നെ കുരുക്ക് മുറുകുവാൻ കൂടുതൽ വൈകേണ്ടി വരില്ല. ബഹ്റിനിലെ ശരാശരി പലിശ 144% ആണ്. (പ്രതിമാസം 12 ദിനാർ) ഇതിനർത്ഥം പലിശക്കാരന് അഞ്ചാം മാസം 100 ശതമാനം ലാഭം കിട്ടുന്നു എന്നാണ്. ഇതിന് ബ്ലൈയ്ഡ് എന്നല്ല lazer weapon(സെക്കന്റുകൾക്കകം ഇരുന്പ്കട്ടകൾ മുറിക്കുന്ന ആയുധം) എന്നു പറയാം.
ബഹ്റിനിലെ ശക്തമായി മാറിയ പലിശ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തിച്ചു വരുന്ന പലിശ വിരുദ്ധ ജനകീയ വേദി പ്രവർത്തകർ പറയുന്ന അനുഭവങ്ങൾ ആരെയും ലജ്ജിപ്പിക്കും. അവർ അറിഞ്ഞതിനേക്കാൾ എത്രയോ രൂക്ഷമാണ് യഥാർത്ഥ വസ്തുത. ബഹ്റിനിൽ നടന്ന പല ആത്മഹത്യകളുടെയും കാരണം ഹുണ്ടികക്കാർ തന്നെ. അവസാനത്തെ രണ്ട് ആത്മഹത്യകളും പലിശക്കാരുടെ പൊറുതി മുട്ടിക്കലിനാൽ സംഭവിച്ചതായി ബന്ധപ്പെട്ട ആളുകൾ വ്യക്തമാക്കിയിട്ടുണ്ട്. റിഫയിൽ ചെറുപ്പക്കാരന്റെ ആത്മഹത്യക്ക് പിന്നിൽ മലയാളിയായ പലിശക്കാരന്റെ ഭീഷണി ഉണ്ടെന്നറിഞ്ഞിട്ടും അത് തുറന്ന് പറയുവാൻ അവരുടെ ബന്ധുക്കൾ തയ്യാറായിട്ടില്ല എന്ന് ജനകീയവേദിയുടെ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യയേക്കാൾ ഭീകരമാണ് ജീവനുള്ള രക്തസാക്ഷികളുടെ അവസ്ഥകൾ. ഇത് മനസ്സിലാക്കുവാൻ തിരുവനന്തപുരത്തുകാരനായ ഇംഗ്ലീഷ് ബിരുദാനന്തരബിരുദധാരിയുടെ അവസ്ഥ മനസ്സിലാക്കിയാൽ മതി. 8700 ദിനാർ കോഴിക്കോട്ട്കാരനിൽ നിന്നും വാങ്ങി 42000 ദിനാർ മടക്കി. അപ്പോഴും 8700 ദിനാർ കൊടുക്കുവാനുണ്ടെന്നാണ് പലിശക്കാരന്റെ വാദം. അതേ ആൾ മറ്റൊരാൾക്ക് 26000 ദിനാർ കൊടുത്തത് 5500 ദിനാർ വായ്പ വാങ്ങിയതിനെതിരായിട്ടാണ്. ഇയാൾക്ക് നാട്ടിലെ വസ്തുവും മറ്റും നഷ്ടപ്പെട്ട് ബഹ്റിനിൽ ദുരിത ജീവിതം നയിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീകളും ഹുണ്ടികക്കാരായി രംഗത്തുണ്ട്. നാട്ടിൽ പെട്ടന്ന് പണം ആവശ്യം ഉണ്ടാകുന്പോൾ പണം എത്തിക്കുവാനായി സഹായിക്കുന്ന ഒരു കൂട്ടരും പ്രവർത്തിക്കുന്നുണ്ട്. നിങ്ങൾക്കാവശ്യമുള്ള പണത്തിന്റെ പകുതികൊടുത്താൽ ബാക്കി തുക അവർ നൽകി സഹായിക്കും. അതിന്റെ പലിശയും അവിശ്വസനീയമായ തരത്തിൽ ഭീകരമാണ്.
പലിശ പിശാചിന്റെ കുരുക്കിൽ പെട്ടവരെ രക്ഷിക്കുവാൻ എന്തൊക്കെ ചെയ്യുവാൻ കഴിയും എന്നത് ഒരു സാമൂഹിക പ്രശ്നമായി നമ്മുടെ മുന്നിൽ നിൽക്കുന്നു. മനുഷ്യത്വ രഹിതമായ ഈ ഇടപാടുകൾക്കെതിരെ ജനങ്ങളെ അണിനിരത്തുകയാണ് നൂറിലധികം വരുന്ന ബഹ്റിനിലെ സാമൂഹിക സംഘടനകളുടെ പ്രാധമിക ചുമതല. എന്നാൽ ഈ വിഷയത്തിൽ നിലപാടുകൾ എടുക്കാതെ, ചിലപ്പോഴെങ്കിലും പലിശക്കാരെ സഹായിക്കുന്ന നയങ്ങൾ പല സംഘടനകളു<