അരുവിക്കര കാണാതെ....


പൊതുജനം കഴുതയാണെന്ന പഴഞ്ചൊല്ലിന് ഏറെ നാളത്തെ പഴക്കമുണ്ട്. ഇത്തരം ഒരു വാദമാണ് ഹിറ്റ്ല‍ർ അധികാരത്തിലെത്തിയതിനു ശേഷം നിരന്തരമായി ഉയർത്തിയിരുന്നത്. പൊതുജനം കഴുതകളല്ല എന്ന് മുല്ലപ്പൂ വിപ്ലവത്തിനും നൂറ്റാണ്ടുകൾക്ക് മുന്പ് തെളിയിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ നിരക്ഷര ജനത, തങ്ങൾ കഴുതകളല്ലെന്നും അത് ഇന്ദിരയും അവരുടെ പാർട്ടിയുമാണെന്ന് 1977ൽ വിധി എഴുതി. ചരിത്രം ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പിൽ വിജയം പ്രതികൂലമാണെങ്കിൽ ജനം കഴുതയും വിജയിച്ചാൽ അവർ മാലാഖമാരുമാണ്. പൊതുജനത്തെ ഇകഴ്ത്തി കാണുന്ന ശീലം ഗ്രീക്ക് തത്വചിന്തകരിൽ തുടങ്ങി ഇന്നത്തെ പല ബുദ്ധിജീവികളിലും ശക്തമായി നിലനിന്നു വരുന്നുണ്ട്.

ജനങ്ങളുടെ ജനാധിപത്യ പ്രതിപത്തത സാധാരണ അവരുടെ സാമൂഹിക വീക്ഷണത്തിന്റെ അളവുകോലാണ്. ഉത്തരവാദിത്തത്തോടെ അവർക്ക് അത് വിനിയോഗിക്കുവാൻ കഴിഞ്ഞാൽ അവരുടെ രക്ഷകനായി ജനാധിപത്യം വളർന്നു പന്തലിക്കും. എന്നാൽ നമ്മുടെ ജനാധിപത്യത്തിന്റെ ഉള്ളടക്കത്തെ വഴിപിഴപ്പിക്കുവാൻ ലോകമുതലാളിത്തവും അവരുടെ ജൂനിയർ പങ്കാളികളും വിജയിക്കുന്നു. പ്രാതിനിധ്യ ജനാധിപത്യത്തെ (Represenative Democracy) ജനവിരുദ്ധ ജനാധിപത്യമായി മാറ്റിമറിക്കുവാൻ നമ്മുടെ നാടിന് കഴിഞ്ഞു. സ്വകാര്യ ലാഭാധിഷ്ഠിത രാഷ്ട്രീയം ജനാധിപത്യത്തിന്റെ പല്ലും നഖവും ഊരി എറിഞ്ഞു കൊണ്ടിരിക്കുന്നു. അങ്ങനെ ജനങ്ങളുടെ ശിക്ഷകരായി (രക്ഷകരല്ല) ജനാധിപത്യ സ്ഥാപനങ്ങൾ തരംതാണു വരുന്നു. അഴിമതി, സ്വജനപക്ഷപാതം, വഞ്ചന, ചതി തുടങ്ങിയവ കൊണ്ട് ജനകീയ സംവിധാനങ്ങൾ നിറഞ്ഞുകൊണ്ടിരിക്കുന്നു.

ഇന്ത്യൻ ജനാധിപത്യത്തിലെ ആദ്യ അനുഭവങ്ങളായ കമ്യൂണിസ്റ്റ് ഭരണം, കൂട്ടു മന്ത്രിസഭ, ജില്ലാ പരിഷത്ത്, സാക്ഷരത, ജനകീയ ആസൂത്രണം, സജീവമായ നിയമസഭ പ്രവർത്തനം തുടങ്ങിയ ഒട്ടേറെ സംഭവങ്ങൾ കേരള രാഷ്ട്രീയം ഇന്ത്യക്ക് സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനവും വിദ്യാഭ്യാസ, ആരോഗ്യ വിഷയത്തിൽ വിജയകരമായ നാടുമാണ് കേരളം. കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തേക്കാൾ ശക്തമാണ് വലതുപക്ഷ കക്ഷികൾ. എങ്കിലും വലതുപക്ഷക്കാരും വർഗ്ഗീയവാദികൾ പോലും പുരോഗമന രാഷ്ട്രീയത്തെ പിൻതുണക്കുവാൻ നിർബ്ബന്ധിതരാകുന്ന ഒരു സാമൂഹിക സാഹചര്യം 1990കൾ വരെ ഇവിടെ ഉണ്ടായിരുന്നു. (ഉണ്ടായിരുന്നു എന്നാൽ ഇന്നില്ല എന്നർത്ഥം)

തെരഞ്ഞെടുപ്പുകൾ പൊതുവെ രാഷ്ട്രീയ പാർട്ടികളെപ്പറ്റിയുള്ള ജനങ്ങളുടെ വിശ്വാസം രേഖപ്പെടുത്തുവാനുള്ള അവസരമാണ്. പ്രത്യേകിച്ച് നിലവിലുള്ള സർക്കാരിനെ ജനം വിലയിരുത്തുക സ്വാഭാവികവും. അധികാരത്തിലിരിക്കുന്നവർക്ക് പലതിനും മറുപടി പറയുവാൻ ബാധ്യതയുള്ളതും പ്രതിപക്ഷത്തിന് അതിരുകളില്ലാത്ത ആരോപണങ്ങൾ ഉയർത്താമെന്നതും ഇരുകൂട്ടർക്കും അനുകൂല പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. നിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന മന്ത്രിസഭയെ കൂടുതലായും മറ്റ് വിഷയങ്ങളെ ഭാഗികമായും ചർച്ചാവിഷയമാക്കും. പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ കേന്ദ്രവിഷയങ്ങൾ മുഖ്യമായി തീരുന്നത് സ്വാഭാവികമാണ്.

കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ കേ‍‍‍‍‍‍‍‍ഡർ സ്വഭാവമുള്ള വലിയ പാർട്ടികൾ കമ്യൂണിസ്റ്റു പാർട്ടിയായതിനാൽ, അവരുടെ ചിട്ടയായ പ്രവർത്തനങ്ങൾ അപ്രതീക്ഷിത വിജയങ്ങൾ പോലും അവർക്ക് സമ്മാനിച്ചിട്ടുണ്ട്. 1957ലെ ആദ്യ സംസ്ഥാന തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് വിജയിക്കുവാനുള്ള സാധ്യത കുറവാണെന്നായിരുന്നു പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.സി ജോഷിയുടെ അഭിപ്രായം. എന്നാൽ കേരളഘടകം രാഷ്ട്രീയ അനുകൂല സാഹചര്യങ്ങൾക്കൊപ്പം മറ്റ് ഘടകങ്ങളെ കൂട്ടി യോജിപ്പിക്കുവാൻ വിജയിച്ചപ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷകൾക്കപ്പുറം പാർട്ടിക്ക് (സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണെങ്കിലും) ചരിത്ര വിജയം നേടുവാൻ കഴിഞ്ഞു. പിന്നീടും ഈ വിജയങ്ങൾ ആവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ നടന്ന 37 ഉപതെരഞ്ഞെടുപ്പുകളിൽ 22ൽ ഇടതുപക്ഷം വിജയിക്കാനുള്ള കാരണം അവരുടെ സംഘടനാ പാടവം തന്നെ. 2000ത്തിനു ശേഷം കേ‍‍‍‍‍‍‍‍ഡർ സ്വഭാവത്തെ പിൻപറ്റിയുള്ള വിജയങ്ങൾ കൈമോശം വന്നുതുടങ്ങി. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അരുവിക്കരയും. സാമാന്യ സാമൂഹിക പ്രതിബദ്ധത വെച്ചു പുലർത്തുന്ന ആരും ഉമ്മൻചാണ്ടി സർക്കാരിന് പാസ്മാർക്ക് കൊടുക്കുകയില്ലല്ലോ. മാത്രവുമല്ല ഭാവി പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള യോഗ്യത പോലും നഷ്ടപ്പെട്ടവരാണവർ. എങ്കിലും അരുവിക്കരയിൽ 10000ലധികം വോട്ടിന് ശബരിനാഥൻ എന്ന രാഷ്ട്രീയ ഭൂമികയുടെ ഓരങ്ങളിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ചെറുപ്പക്കാരൻ വിജയിച്ചത് എന്തുകൊണ്ടാണ്? 40 വർഷത്തിലധികം രാഷ്ട്രീയ പ്രവർത്തനം നടത്തിവന്ന വിജയകുമാർ പരാജയപ്പെട്ടതെന്തു കൊണ്ടാണ്. എന്തുകൊണ്ടാണ് ജയിക്കില്ല എന്നറിയാമെങ്കിലും രാജഗോപാലന് 36000 ലധികം (പഴയതിന്റെ ആറ് ഇരട്ടിയോളം) വോട്ടു ലഭിച്ചത്? ഇത് കേവലം സഹതാപതരംഗമാണ്. അധികാര ദു‍‍‍‍‍‍‍‍ർവിനിയോഗമാണ്, നൈമിഷകമാണ് എന്നൊക്കെ ആരെങ്കിലും വിലയിരുത്തിയാൽ അവരെ ഓർത്തു സഹതപിക്കാതെ തരമില്ല. പരാജയ ഉത്തരവാദിത്തം സി.പി.ഐ (എം) നു തന്നെ എന്ന് അവിതർക്കിതമാണെന്നതിനാൽ അതിനുള്ള കാരണങ്ങൾ ജനങ്ങൾ കൂടി അറിയേണ്ടതില്ലേ?

ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനം വൻ തിരിച്ചടികളെ നേരിട്ടത് 1980കളിലാണ്. യു.എസ്.എസ്.ആറും മറ്റ് സോഷ്യലിസ്റ്റ് (ഉപഗ്രഹ) രാജ്യങ്ങളും മാറി ചവിട്ടി. ചൈന പ്രക്ഷോഭകരെ കിരാതമായി അടിച്ചമർത്തിയ കാലത്ത് യൂറോ കമ്യൂണിസ്റ്റ് പാർട്ടികൾ പിരിച്ചു വിട്ടപ്പോഴും ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടികൾക്ക് രാഷ്ട്രീയ തിരിച്ചടി നേരിടേണ്ടി വന്നില്ല. മാത്രമല്ല മൂന്നു സംസ്ഥാനങ്ങളിലും അവർ ശിഥിലമായില്ല. കേന്ദ്ര തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടിയില്ല എങ്കിലും േദശീയ രാഷ്ട്രീയത്തിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്ന സമിതികളിൽ ശ്രദ്ധേയമായ സ്ഥാനം അവർക്ക് നേടാൻ കഴിഞ്ഞു. സുർജിദ് കിംഗ് മാർക്കർ ഓഫ് ഇന്ത്യൻ പൊളിറ്റിക്സ് എന്ന സ്ഥാനത്തിനർഹനായി. സ്പീക്കർ കസേരയിൽ എത്തിപ്പിടിക്കുവാനും മറ്റൊരു ഇടതുനേതാവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയാകുവാനും കഴിഞ്ഞു. പിന്നീടുള്ള കമ്യൂണിസ്റ്റു പാർട്ടികളുടെ ദേശീയ അവസ്ഥ ശത്രുക്കളുടെ പോലും സഹതാപം പിടിച്ചുപറ്റുന്നതാണ്. പാർലമെന്റ് സ്ഥാനമാനങ്ങൾക്കു മുകളിലാണ് സമരങ്ങളുടെ സ്ഥാനം എന്ന ബി.ടി രണദേവ്-സുന്ദരയ്യ ലൈൻ ഇ.എം.എസ് നേർപ്പിച്ചെടുത്തെങ്കിലും അധികാരത്തിനായുള്ള  തലമറന്നുള്ള എണ്ണ തേയ്ക്കൽ 1990കൾക്ക് ശേഷമാണ് പാർട്ടിയെ കീഴടക്കിയത്. എന്നാൽ ഇപ്പോൾ സി.പി.എം ഒന്പത് പാർലമെന്റ് സീറ്റിലേക്കും ഡൽഹിയിലെ ഏറ്റവും വലിയ പാർട്ടി ഓഫീസ് നിലനിർത്തി വരുന്ന സി.പി.ഐ ഒരു സ്ഥാനത്തേക്കും ചുരുക്കപ്പെട്ടത് അധികാരസ്ഥാനങ്ങളെ ബലി കൊടുക്കുവാൻ തീരുമാനിച്ചതു കൊണ്ടല്ല എന്നറിയാമല്ലോ. ജയലളിതയെ പോലെയുള്ള ഒരു ക്രിമിനൽ രാഷ്ട്രീയക്കാരിയെ കൂടെ കൂട്ടിയിട്ടുപോലും ദേശീയ പദവി വരെ നഷ്ടപ്പെട്ട പാർട്ടിയായി കമ്യൂണിസ്റ്റു ഗ്രൂപ്പുകൾ മാറിയതിനുള്ള കാരണം തന്നെയാണ് സി.പി.ഐ (എം) നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷം തുടർച്ചയായി പരാജയപ്പെട്ടു പോകുന്നതിന് നിദാനവും.അത് അരുവിക്കരയിലും സംഭവിച്ചു എന്ന് മാത്രം.

ആഗോളവൽക്കരണം വൈറൽ ബാധയെ പോലെ എല്ലാവരിലും കടന്നുകൂടിയിരിക്കുന്ന ഒരു പ്രക്രിയയാണ്. കേവലമായി സാന്പത്തിക ലോകം അല്ല അത്. ഭാഷ, വിശ്വാസം, കല, ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം ഇവ എല്ലാം ആഗോളവൽക്കരണ സ്വർഗ്ഗ ഭൂമിയിലെ വിവിധ മേച്ചിൽപുറങ്ങളാണ്. ഏതൊരാൾക്കും ജീവിതത്തിലൂടെ കടന്നുപോകുന്പോൾ ഇവയിൽ പലതിലും വ്യവഹരിക്കേണ്ടി വരും. എന്നാൽ ആഗോളവൽക്കരണത്തിന്റെ അപകടമായ ചതിക്കുഴികൾ മനസ്സിലാക്കുവാൻ രാഷ്ട്രീയമായി കരുത്തുള്ള ലോകത്തെ ഏക പ്രത്യയശാസ്ത്രം കമ്യൂണിസ്റ്റു പാർട്ടിയുടേതാണെന്നു പറയാം. ഇതിനർത്ഥം കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ആഗോളവൽക്കരണത്തിന്റെ മനുഷ്യത്വവിരുദ്ധ മുഖത്തെ ജനസമക്ഷം തുറന്നു കാട്ടുവാൻ കഴിയുമെന്നാണ് മനസ്സിലാക്കാവുന്നത്. എന്നാൽ അന്തർദേശീയ കമ്യുണിസ്റ്റു പാർട്ടികൾക്ക് സംഭവിച്ചതുപോലെ തന്നെ ആഗോളമുതലാളിത്തത്തിന്റെ കൈയിലെ കളിപ്പാവയായി തീരുവാനാണ് ഇന്ത്യൻ കമ്യൂണിസ്റ്റുകളും തയ്യാറായത്. ചൈനീസ്−-ക്യൂബൻ--വിയറ്റ്നാം- ലാവോസ് കമ്യൂണിസ്റ്റുപാർട്ടികൾ മുതലാളിത്ത വികസനത്തോടു അടുത്തുപോകുന്പോൾ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടികൾ 1990കളുടെ തുടക്കത്തിൽ നരസിംഹറാവു മുന്നോട്ടു വെച്ച ആഗോളവൽക്കരണ നയങ്ങളെ അതിശക്തമായി എതിർത്തു. എന്നാൽ തൊട്ടടുത്ത കേന്ദ്ര മന്ത്രിസഭകളിൽ എല്ലാം കമ്യൂണിസ്റ്റു പാർട്ടിക്ക് സ്വാധീനമുണ്ടായിട്ടും ദേവഗൗഡയും ഗുജ്റാളും നരസിംഹറാവു ലൈൻ തുടർന്നു. പിന്നീട് ബി.ജെ.പിക്ക് ശേഷം വന്ന ആഗോളവൽക്കരണത്തിന്റെ സൈദ്ധാന്തികൻ മൻമോഹൻസിംഗിന്റെ മന്ത്രിസഭയെ ഇടതുപക്ഷം പിന്തുണച്ചതോടെ ഇന്ത്യൻ ഇടതുപക്ഷ ആഗോളവൽക്കരണ നയങ്ങളുടെ ഉത്തമ തോഴരായി തീർന്നു. ഇന്ത്യയിലെ എല്ലാ പ്രാദേശിക രാഷ്ട്രീയ കൂട്ടുകെട്ടുകളും ആഗോളവൽക്കരണത്തെ സർവ്വാത്മനാ പിന്തുണച്ചു. ചുരുക്കത്തിൽ ഇന്ത്യൻ ദേശീയതയെ തന്നെ വെല്ലുവിളിക്കുവാൻ സാധ്യത ഉണ്ടായി തീർന്ന ആഗോളവൽക്കരണം ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയക്കാരുടെയും മുഖ്യ അജണ്ടയായി മാറി. മൂന്നു സംസ്ഥാനങ്ങളിലും അധികാരം നിലനിർത്തിയിരുന്ന സി.പി.ഐ (എം) നേതൃത്വം മറ്റേതൊരു ബൂർഷ്വാ പർട്ടിയേയും വെല്ലുവിളിക്കുന്ന രീതിയിൽ ആഗോളവൽക്കരണത്തെ പിന്തുണക്കുന്ന നിലപാടുകൾ കൈക്കൊണ്ടു. ഇത് ഇടതുപാർട്ടികൾ പെട്ടെന്ന് അംഗീകരിക്കുകയായിരുന്നില്ല.  എന്നാൽ ഇതിലൂടെ പടിപടിയായി കയറിവന്ന ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾക്ക് തുടർച്ചയുണ്ടാക്കുകയായിരുന്നു ഇവിടെ. ആഗോളവൽക്കരണം എന്നാൽ മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമായ ജനകീയ മുഖത്തോടെയാണ് അവർ നടപ്പാക്കിയത്.

ജനാധിപത്യം ആഗോളമായി പ്രാതിനിധ്യ നിലപാടുകളാൽ (Representative) വിശ്വാസം നഷ്ടപ്പെട്ടു വരുന്നത് ലോകമുതലാളിത്തത്തിന് ഭീഷണിയാണെന്ന് മനസ്സിലാക്കി ലോകബാങ്കും മറ്റ് സ്ഥാപനങ്ങളും പങ്കാളിത്ത ജനാധിപത്യത്തെ പ്രോത്സാഹിപ്പിച്ചു. (Participatory Democracy) ഇതിനു മുന്പുതന്നെ വിദ്യാഭ്യാസം സർക്കാ‍ർ ചെലവിൽ നിന്ന് എടുത്തുമാറ്റുക എന്ന ആഗോളമുതലാളിത്ത വികസന സങ്കൽപ്പങ്ങളുടെ ഭാഗമായി സാക്ഷരത പ്രവർത്തനം ജനങ്ങളുടെ ചുമതലയായി അവതരിപ്പിച്ചു. അതാണ് സാക്ഷരതാ പ്രവർത്തനമായി കേരളത്തിൽ കൊട്ടിഘോഷിച്ച് ഇടതുപക്ഷം അവതരിപ്പിച്ചത്. (അതിന്റെ തുടർച്ചയാണ് കാശുള്ളവൻ പഠിച്ചാൽ മതി എന്ന നിലപാട്. സ്വാശ്രയ വിദ്യാഭ്യാസ ലോകവും നഷ്ടം വരുത്തുന്ന സ്കൂളുകൾ എന്ന വിഭജനവും) വികസനത്തിെല സർക്കാർ പങ്കാളിത്തത്തെ കൈയൊഴിഞ്ഞ സർക്കാർ, ഉത്തരവാദിത്തം ജനങ്ങളെ ഏൽപ്പിക്കുക എന്ന ധാരണയുടെ തുടർച്ചയായിരുന്നു ജനകീയ ആസൂത്രണ സങ്കൽപ്പങ്ങൾ. ഗ്രാമസഭകൾ വികസനം ഏറ്റെടുക്കുന്നു. അവർ തന്നെ കാര്യങ്ങൾ തീരുമാനിക്കുന്നു തുടങ്ങിയ ആരെയും ആകർഷിക്കുന്ന മുദ്രാവാക്യങ്ങൾ എത്ര വലിയ തട്ടിപ്പുകളായിരുന്നു എന്നു മനസ്സിലാക്കുവാൻ കേരളത്തിന്റെ ജനകീയ ആസൂത്രണ പദ്ധതികൾ എത്തിച്ചേർന്ന ഇന്നത്തെ ഗതിയെ പറ്റി പഠിച്ചാൽ മതി. ഒരുവശത്ത് അധികാര വികേന്ദ്രീകരണത്തെ പറ്റി പറയുക എന്നാൽ പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥാവകാശം പ്രദേശിക സർക്കാരുകളുടെ നിയന്ത്രണത്തിലല്ല എന്ന് ഓ‍ർമ്മിപ്പിക്കുക. ഇതിനൊപ്പം കൊട്ടിഘോഷിച്ച് നടപ്പാക്കിയ മൈക്രോ ഫിനാൻസ് പദ്ധതികൾ ആഗോളമായി ലോകബാങ്കിന്റെ മറ്റൊരു സേഫ്റ്റി വാൾവ് സിദ്ധാന്തത്തിന്റെ ഭാഗമാണ്. ബംഗ്ലാദേശിൽ ഉയർന്നു വന്ന മൈക്രോ ഫൈനാൻസിംഗ് സ്ഥാപകന് നോബൽ സമ്മാനം നൽകി അംഗീകരിച്ചത് ദേശീയ ബാങ്കിംഗ് സംവിധാനത്തെ സാന്പത്തിക ലാഭാധിഷ്ഠിത സ്വകാര്യബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് പറിച്ചു നടുന്ന ലോകബാങ്ക് നിലപാടുകളുടെ ഭാഗമായിരുന്നു. ഇത്തരം ജനകീയമെന്നു തോന്നിപ്പിക്കുന്ന, എന്നാൽ സർക്കാരിന് ജനക്ഷേമ പദ്ധതികളിൽ നിന്ന് കൈകഴുകാൻ അവസരം ഒരുക്കുന്ന പദ്ധതികളിലൂടെ ആഗോളവൽക്കരണം ജനങ്ങളുടെ മുകളിൽ കെട്ടിവെച്ചു എന്നതാണ് ഇടതുപക്ഷം വരുത്തിയ ഏറ്റവും തെറ്റായ രാഷ്ട്രീയ തീരുമാനം. അതിന്റെ ചരിത്രപരമായ ശിക്ഷ 2006 മുതൽ അതിക്രൂരമായി ഇന്ത്യൻ ഇടതുപക്ഷം ഏറ്റുവാങ്ങി വരികയാണ്. എന്നാൽ ഇത്തരം ജനപക്ഷ ആഗോളവൽക്കരണ മാർഗ്ഗങ്ങൾക്കൊപ്പം പ്രകടമായി നന്ദിഗ്രാമിലും സിംഗൂരിലും മൂലം പള്ളിയിലും ഇടതുപക്ഷ സർക്കാർ കാട്ടിയ കർഷക വിരുദ്ധ ആക്രമണോത്സുക നിലപാട് ‘കൃഷി ഭൂമി കർഷകന്’ എന്ന പ്രാഥമിക ഇടതുപക്ഷ ബോധത്തെ തന്നെ ഇവർ കൈ ഒഴിഞ്ഞു എന്ന് തെളിയിച്ചു. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലും അതിന്റെ ഭാഗമായ കേരളരാഷ്ട്രീയത്തിലും ഇവരുടെ നഷ്ടപ്പെട്ട ജനവിശാസം തിരിച്ചു പിടിക്കുവാൻ എടുക്കേണ്ട നിലപാടുകൾ എന്ത് എന്ന് ചർച്ച ചെയ്യുകയാണ് പരമപ്രധാനം. അത് കേരളത്തിലെ സാമാന്യ ജനങ്ങളുടെ ജീവിതവുമായി അടുത്ത് നിൽക്കുന്ന വിഷയമാണ്. (ആ പാ‍‍‍‍ർട്ടിയുടെ ആഭ്യന്തര വിഷയമായി മാത്രം അവസാനിക്കുന്നില്ല.)

കേരളത്തിലെ ഇന്നത്തെ വഴിപിഴച്ച വികസന സങ്കൽപ്പങ്ങൾ, കച്ചവട മൂല്യങ്ങളാൽ കാലഹരണപ്പെട്ടുപോയ ആരോഗ്യ−വിദ്യാഭ്യാസ മേഖല, പൊങ്ങച്ച മൂല്യങ്ങളുടെ ഭാഗമായ ഉപഭോഗ വിപണി, അതിന്റെ തുടർച്ചയായ കടക്കെണി, മദ്യ−അന്ധവിശ്വാസ സ്വാധീനം, വർഗ്ഗീയവൽക്കരിക്കപ്പെട്ട മനസ്സ്, പരിസ്ഥിതിയെ മറന്ന നിലപാടുകൾ തുടർന്നുണ്ടായ ഭക്ഷ്യവിള വിരുദ്ധ കാർഷിക നിലപാട്, ഉയർന്ന രോഗാതുരത, ഉയർന്ന ആത്മഹത്യാ നിരക്ക്, തുടങ്ങിയ പ്രശ്നങ്ങളെ ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളിലൂടെ പരിഹരിക്കുവാനുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ഇടതുപക്ഷ പാർട്ടികൾ ഒളിച്ചോടിക്കൊണ്ടിരിക്കുന്നു. ഇതുവഴി ഇടതുപക്ഷം, കോൺഗ്രസ്−വർഗ്ഗീയ പാർട്ടികൾക്കൊപ്പം താൽക്കാലിക രാഷ്ട്രീയലാഭത്തിനായി ജനപക്ഷ അജണ്ടകൾ മറന്നുപോയവരായി തീർന്നു. ഇതിന്റെ മഹാദുരന്തം ഏറ്റുവാങ്ങിയത് മുഖ്യമായും ലക്ഷംവീടു കോളനികളിലും സെറ്റിൽമെന്റ് കോളനികളിലും താമസിക്കുന്ന പട്ടികജാതിക്കാരും (ഭൂരിപക്ഷവും ആ വിഭാഗത്തിൽ പെടുന്നു) ആദിവാസികളുമാണ്. എന്നാൽ നാല് ദശകങ്ങളായി പൊതുസമൂഹത്തിൽ നിന്ന് പറിച്ചുമാറ്റി സെല്ലുലാ‍ർ ജീവിതം നയിക്കുന്ന അവരുടെ പഴയകാല ഇടതുപക്ഷ രക്ഷക‍ർ മദ്ധ്യവർഗ്ഗരാഷ്ട്രീയത്തിലേയ്ക്ക് കളം മാറി ചവിട്ടി. അത് പിന്നോക്കക്കാരെ സ്വത്വ രാഷ്ട്രീയ സംഘടനകളിൽ എത്തിച്ചു. ഇവർ ജനസംഖ്യയിൽ മുഖ്യപങ്കാളിത്തം വഹിക്കുന്നവരാണ്. ആരോഗ്യ−വിദ്യാഭ്യാസ കച്ചവട മേഖലയിൽ പണി എടുക്കുന്നവരെ സംഘടിപ്പിക്കുവാൻ ഇടതുപക്ഷം പുലർത്തി വരുന്ന നിഷേധാത്മകത അവരെപ്പറ്റിയുള്ള മതിപ്പ് സാധാരണക്കാർക്ക് നഷ്ടപ്പെടുവാൻ കാരണമാക്കി. കേരളത്തിലെ എയ്ഡഡ് അദ്ധ്യാപക മേഖലയിലെ നിയമനങ്ങളുടെ സംവരണ വിരുദ്ധ നിലപാടുകൾ തിരുത്തുന്നതിനെ പറ്റി ഇടതുപക്ഷം നിശബ്ദരാണ്. ഭൂപരിഷ്കരണത്തെ എന്നേ മറന്നുപോയ ഇടതുപക്ഷം അങ്ങനെ ഇടതുപക്ഷ രാഷ്ട്രീയ മനസ്സുകളെ തന്നെ ക്ഷയിപ്പിച്ചു. ഈ നിലപാടുകൾ തിരുത്താതെ ഇടതുപക്ഷ മുന്നണിക്ക് കേരള രാഷ്ട്രീയത്തിൽ ഒരു ഭാവിയും പ്രതീക്ഷിക്കേണ്ടതില്ല. ഹൈന്ദവ ജനവിഭാഗങ്ങളിലെ ഈഴവാദി 

മറ്റ

You might also like

Most Viewed