നവംബർ 8ന്‍റെ കഷ്ട-നഷ്ടങ്ങൾ...
ഇ.പി അനിൽ
“എനിക്ക് 50 ദിവസം സമയം തരണം. എന്‍റെ തീരുമാനത്തിലോ പ്രവർത്തിയിലോ തെറ്റുപറ്റിയാൽ രാജ്യം നൽകുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങുവാൻ തയ്യാറാണ്”. നവംബർ 13ന് ഇന്ത്യൻ പ്രധാ
നമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെ വരികളാണ് മുകളിൽ ചേർത്തിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി ഗോവയിൽ ആരംഭിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവള
നിർമ്മാണ ചടങ്ങിൽ തെരഞ്ഞെടുത്ത ഇന്ത്യൻ ജനങ്ങളുടെ അറിവിലേയ്ക്ക് നൽകിയ ഉറപ്പായിരുന്നു ആ വാക്കുകൾ. വർഷം ഒന്ന് കഴിഞ്ഞു. ചായക്കച്ചവടക്കാരന്‍റെ മകനും സ്വയം സേവക സംഘത്തിന്‍റെ പ്രവർത്തകനും കൂടിയായി വളർന്ന ശ്രീ നരേന്ദ്ര മോഡിയുടെ തീരുമാനങ്ങളിൽ ഉണ്ടാകുന്ന ഓരോ പാളിച്ചയും ഇന്ത്യൻ ജനങ്ങളിൽ വരുത്തി വെയ്ക്കുന്ന ദുരന്തങ്ങൾക്ക് ഉത്തരവാദിത്തം പറയുവാൻ അദ്ദേഹത്തിന് ബാധ്യതയുണ്ട്. ജനാധിപത്യം എന്നത്, ജനങ്ങളോട് സമാധാനം പറയുവാൻ അധികാരി എന്നും ഉത്തരവാദിയായിരിക്കും എന്നു സമ്മതിക്കുന്ന ഏക സംവിധാനമാണ്.
ജനാധിപത്യത്തിൽ നമ്മുടെ നേതാക്കളുടെ ലക്ഷ്യവും മാർഗ്ഗവും ഒരു പോലെ സംശുദ്ധമായിരിക്കും എന്ന് ഉറപ്പു നൽകിയ രാജ്യം. ജാതിക്കും മതത്തിനും ഭാഷക്കും എല്ലാം അപ്പുറമാണ് എന്‍റെ നാട് എന്ന് ലോകത്തോടു പറഞ്ഞു. നാട്ടിൽ (ഒരു ഇടവേള ഒഴിച്ചു നിർത്തിയാൽ) കഴിഞ്ഞ എഴുപതു വർഷവും സജീവമായിരുന്ന ജനാധിപത്യം ആരുടെ രക്ഷകൻ ആയിരുന്നു എന്ന് പരിശോധിക്കുവാൻ നമുക്ക് ബാധ്യതയുണ്ട്. അതിന് സഹായിക്കേണ്ട നമ്മുടെ രാഷ്ട്രീയ ബോധം തടസ്സം നിൽക്കുന്ന സംവിധാനമായി പ്രവത്തിച്ചാൽ അവിടെ രാഷ്ട്രീയ ക്ഷമത അസ്തമിച്ചു എന്ന് പറയേണ്ടിവരും.
രാജ്യത്തെ കള്ളപ്പണം എന്ന യാഥാർഥ്യം ബ്രിട്ടീഷ് ഭരണ കാലത്ത് തുടക്കം കുറിച്ചു എന്ന്‍ ചരിത്രത്തിൽ നിന്നും വായിക്കാം. അന്നത്തെ കണക്കിൽ കള്ളപ്പണം 2500 കോടി ആയിരുന്നു എന്ന്‍ പറയപ്പെടുന്നു. 1946ൽ 10000 രൂപയുടെ ഇന്ത്യൻ നോട്ടുകൾ ബ്രിട്ടിഷ് സർക്കാർ പിൻവലിച്ചു. (1946ലെ 10000 രൂപയുടെ മൂല്യം ഇന്ന
ത്തെ കണക്കിൽ അത് ഏകദേശം 6 ലക്ഷം രൂപ വരും.) 1976ൽ മൊറാർജി ദേശായി സർക്കാർ 5000 രൂപയുടെയും 10000 രൂപയുടെയും നോട്ടുകൾ പിൻവലിച്ചു. അതിനു പിന്നിലെ ലക്ഷ്യവും കള്ളപ്പണം കണ്ടുകെട്ടൽ ആയിരുന്നു എന്നാണ് സർക്കാർ നൽകിയ വിശദീകരണം. ഓരോ വർഷം പിന്നിടുന്പോഴും കള്ളപ്പണവും സമാന്തര സാന്പത്തിക രംഗവും ശക്തമായി. എന്തുകൊണ്ട് നമ്മുടെ രാജ്യത്ത് ഇതുവരെയില്ലാത്ത തരത്തിൽ കള്ളപ്പണം വളർന്നു? ഊഹ മൂലധന വിപണി ശക്തമാകുകയും അതിന്‍റെ സ്വാധീനത്തിൽ രാഷ്ട്രീയ പാർട്ടികൾ മുതൽ മത സ്ഥാപനങ്ങൾ വരെ പെട്ടുനിൽക്കുന്നു. കെട്ടഴിച്ചു വിട്ട ഉപഭോഗ സംസ്ക്കാരവും അതിന്‍റെ തണലിൽ ജീവിത നിലവാരത്തിൽ ഉണ്ടായ വർദ്‍ധനവും ശക്തമാണ്. അതിന്‍റെ പേരിൽ ജനങ്ങൾ കടക്കെണിയിൽ ജീവിക്കുവാൻ നിർബന്ധിതമാകുന്നു. ഒരു വശത്ത് ജീവിതത്തെ കൂടുതൽ വർണ്ണ ശബളമാക്കുവാൻ അവസരം, എന്നാൽ അതേ മനുഷ്യർ കടക്കാരും ഒപ്പം സാമൂഹിക മൂല്യങ്ങളെ മറക്കുവാൻ നിർബന്ധിതമാകുന്ന സാഹചര്യം. ഇത്തരം ഒരു അവസ്ഥയിൽ കള്ളപ്പണവും അതിന്‍റെ ഭാഗമായ മറ്റു സംഭവങ്ങളും തികച്ചും രാഷ്ട്രീയ വിഷയങ്ങളായി കാണണം.
ലോകത്തെ ഏറ്റവും കൂടുതൽ GDP വളർച്ച രേഖപ്പെടുത്തുന്ന രണ്ടാമത്തെ രാജ്യം, വൻതോതിൽ സാന്പത്തിക വളർച്ച ഉണ്ടാക്കുന്നു എന്ന് അതിന്‍റെ കണക്കുകൾ വ്യക്തമാക്കുന്പോൾ തന്നെ ദാരിദ്ര്യ സൂചികയിൽ 144 രാജ്യങ്ങളിൽ 124ൽ മാത്രമാണ് നാടിന്‍റെ സ്ഥാനം. കുട്ടികളുടെ രോഗാതുരതയും മരണ നിരക്കും ബംഗ്ലാദേശിനും ആഫ്രിക്കൻ രാജ്യങ്ങൾക്കും മുന്നിൽ. എന്നാൽ സന്പത്തിന്‍റെ 58% വും ഒരു ശതമാനം ആളുകളിൽ കേന്ദ്രീകരിക്കുന്ന സ്ഥിതി. ഒരു വശത്ത് കലോറി ഭക്ഷണത്തിന്‍റെ അളവിൽ കുറവ് വരുന്പോഴും കോർപ്പറേറ്റ് ഭക്ഷണ വ്യവസായം വളരുന്നു. കർഷകർ ആത്മഹത്യ തുടരുന്പോൾ മറു വശത്ത് ദിരൂഭായിയുടെ കുടുംബ ആസ്തിയിൽ 40 വർഷത്തിനുള്ളിൽ 10000 മടങ്ങ് വർദ്ധനവുണ്ടായി എന്നത് ഒറ്റപ്പെട്ട സംഭവമായി കാണുവാൻ കഴിയില്ല. ബഹു ശത കോടീശ്വരെ സംഭാവന ചെയ്യുന്ന കാര്യത്തിൽ ഗുജറാത്തും അത് കഴിഞ്ഞാൽ മറാത്തയും മുന്നിൽ നിൽക്കുന്പോൾ അമരാവതിയും സൗരാഷ്ട്രയും പട്ടിണിക്കാരുടെ നാടായി തുടരുന്നു. ഇത്തരം പ്രശ്നങ്ങൾ കേവല ധാർമ്മിക വിഷയമായി മാത്രം കാണുന്ന രീതി യഥാർത്‍ഥ കാരണങ്ങളെ മറക്കുവനേ സഹായിക്കൂ. കേരളവും ഈ വിഷയത്തിൽ വ്യത്യസ്തമല്ല.സന്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം ഏറ്റവും കുറവുള്ള നാടായിരുന്ന കേരളം ആ അവസ്ഥയിൽ നിന്നും മാറി മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചു വന്നതുപോലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഭീകരമായി വർദ്ധിക്കുന്ന അവസ്ഥയിൽ എത്തി എന്ന് കാണാം. ഭൂമിയുടെ കേന്ദ്രീകരണം മുതൽ വീട് നിർമ്മാണം തുടങ്ങിയ വിവിധ ജിവ സാഹചര്യങ്ങളിൽ കേരളം വളരെ അനരോഗ്യകരമായി മാറുന്ന കാര്യത്തിൽ ഇടതു പാർട്ടികൾക്ക് പോലും ഉൽകണ്ഠ ഇല്ലാതെയായി കഴിഞ്ഞു.
ലോകത്ത് സാമ്രാജ്യത്വം, നിരവധി പ്രതിസന്ധികളെ പിന്നിലാക്കി പുരോഗമന ഭരണകൂടങ്ങളെ അട്ടിമറിച്ച്, അരക്കിട്ട് ഉറപ്പിച്ച ദേശീയ സർക്കാരുകളുടെ കള്ളപ്പണം, ചൂതാട്ടം, റിയൽ എേസ്റ്ററ്റ് മുതലായവികസന അജണ്ടകൾക്ക് എതിരായ സമരം സ്വകാര്യമൂലധനവിരുദ്ധ സമരത്തിൽ കൂടിയേ വിജയം കാണുകയുള്ളൂ. ഇന്ത്യൻ പ്രധാനമന്ത്രി എന്ന ആർഎസ്എസ് സ്കൂളിൽ നിന്നും രാഷ്ട്രീയം പഠിച്ചു വളർന്ന ഒരാൾ പ്രധാനമന്ത്രി ആയിരിക്കുകയും ആർഎസ്എസ്സിന്റെ തന്നെ അംഗങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സർക്കാരിനും ആഗോള സാന്പത്തിക പരിഷ്കാരങ്ങളെ തള്ളിപറയുവാൻ കഴിയുകയില്ല.
നവംബർ എട്ടിന് മോഡി രാജ്യത്തെ ജനങ്ങളോടായി നടത്തിയ രാത്രി പ്രസംഗത്തിൽ വ്യക്തമാക്കിയ നോട്ടു പിൻവലിക്കൽ വിഷയത്തിലെ പ്രധാന ഉള്ളടക്കം കള്ളപ്പണത്തിനും തീവ്രവാദത്തിനും എതിരായ സർജ്ജിക്കൽ സമരം എന്നായിരുന്നു. കള്ളപ്പണം എന്നാൽ എന്ത്? എവിടെയാണ് അതിന്‍റെ ഉറവിടം? അതിനെ തകർക്കുവാൻ എന്താണ് മാർഗ്ഗം? എന്നറിയാത്ത സംവിധാനമല്ല ഇന്ത്യൻ ഭരണകൂടം. ലോകത്തെ ഏറ്റവും കൂടുതൽ പണം GDP യുമായി ബന്ധപ്പെട്ട്കൈമാറ്റം നടത്തുന്ന ഇന്ത്യയിൽ (ഇവിടെ GDP പണ
അനുപാതം 12.5%. രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ 9%ത്തിനു മുകളിൽ). കള്ളപ്പണത്തിന്‍റെ തോത് GDPയുടെ 30%. പ്രതിവർഷം അതിന്‍റെ വില 60000കോടി ഡോളർ, ഏകദേശം 37 ലക്ഷം കോടിരൂപ. കള്ളപ്പണത്തിൽ 3% മാത്രമാണ് പണരൂപത്തിൽ എന്ന് സർക്കാർ സംവിധാനങ്ങൾ വ്യക്തമാക്കുന്നു. കള്ള പ്പണത്തിൽ നല്ലപങ്കും വിദേശത്തേയ്ക്ക് കൊണ്ടുപോകുവാൻ മെച്ചപ്പെട്ട സംവിധാനം ഉണ്ട്. വിദേശ ബാങ്കുകളിൽ എത്തിയ ഇന്ത്യയിൽ നിന്നുമുള്ള പണത്തിന്‍റെ മൂല്യം 1.6 ലക്ഷം കോടി ഡോളർ (ഏകദേശം 100 ലക്ഷം കോടിരൂപ) വരും. പ്രതിവർഷം രാജ്യത്ത് നിന്നും 5 ലക്ഷം കോടിയിലധികം ഇന്ത്യൻ പണത്തിന് തുല്യമായ തുക വിദേശ ബാങ്കുകളിൽ ഇന്ത്യക്കാർ നിക്ഷേപിക്കുന്നു. അങ്ങനെ എങ്കിൽ നോട്ടുകൾ അസാധുവാക്കിയാൽ വസ്തുവിലും സ്വർണ്ണത്തിലും മറ്റും നിക്ഷേപിച്ച 97%വരുന്ന അനധികൃത സ്വത്തുക്കളെ വെളിച്ചത്തു കൊണ്ടുവരുവാൻ എങ്ങനെയാകും കഴിയുക? കള്ളനോട്ടുകൾ (കൗണ്ടർഫിയറ്റു നോട്ടുകൾ) അടിച്ചിറക്കുന്ന ശ്രമങ്ങൾ ശത്രു രാജ്യങ്ങളും രാജ്യത്തെ വിഘടന വാദികളും ഒപ്പം തന്നെ സാന്പത്തിക കുറ്റവാളികളും ചെയ്യാറുണ്ട്. അവരുടെ കൈയ്യിൽ ഇരിക്കുന്ന കള്ളനോട്ടുകൾ അസധുവാക്കുവാൻ നോട്ട് അസാധുവാക്കൽ സഹായിക്കും. ഇന്ത്യയിൽ നിലവിൽ പ്രചരിപ്പിക്കപെട്ട വ്യാജ നോട്ടുകൾ 0.001ലും താഴെയാണ് എന്ന് നേരത്തെ തന്നെ സർക്കാർ സംവിധാനത്തിന് അറിവുള്ള കാര്യമാണ്. നിയമത്തിന്‍റെ മുന്നിൽ കുറ്റവാളികളെ എത്തിക്കുവാൻ കഴിയും വരെ വ്യജനോട്ടു നിർമ്മാണം നടത്തുന്ന സ്ഥാപനങ്ങൾ പുതിയ നോട്ടുകളുടെ കമ്മട്ടങ്ങൾ ഉണ്ടാക്കി നിയമത്തെ വെല്ലു വിളിക്കവാൻ ശ്രമം തുടരും എന്നതാണ് യാഥാർഥ്യം.
രാജ്യത്തെ ജനങ്ങൾ നടത്തുന്ന അദ്ധ്വാനത്തിന്‍റെ മൂല്യം (വിദേശത്തുള്ള NRI കൾ അയക്കുന്നപണവും) നമ്മുടെ കേന്ദ്ര ബാങ്ക് ഉറപ്പു നൽകുന്ന ഇന്ത്യൻ രൂപയുമായി കൈമാറ്റം ചെയ്താണ് നിത്യ ജീവിതത്തിൽ ഉപയോഗ പ്പെടുത്തുന്നത്. രാജ്യത്തെ GDPയുടെ പ്രതിവർഷ മൂല്യത്തിന്‍റെ (135ലക്ഷം കോടി)യുടെ 12.5% വരുന്ന തുക രൂപയായി കൈമാറ്റം ചെയ്യുന്നു. അതിനായി നാട്ടിൽ കറങ്ങുന്ന 17.77 ലക്ഷം കോടി രൂപയുടെ നോട്ടിൽ ഉറപ്പു നൽകിയത് പോലെ ജനങ്ങൾക്ക് അവരുടെ കൈയ്യിൽ ഇരിക്കുന്ന പണത്തിനു പകരം തുല്യ മൂല്യം നൽകുവാൻ സർക്കാർ ബാധ്യസ്ഥമാണ്. അതിനർഥം എത്ര പണമാണോ നാട്ടിൽ കറങ്ങി നടക്കുന്നത് അത്രയും സാന്പത്തിക ബാധ്യത സർക്കാറിന് ജനങ്ങളോട് ഉണ്ട് എന്നാണ്. നാട്ടിൽ കറങ്ങുന്ന പണത്തിന്‍റെ അളവിൽ കുറവ് ഉണ്ടായാൽ സർക്കാരിന്‍റെ കടബാധ്യത കുറയും. അങ്ങനെ കട ബാധ്യത കുറഞ്ഞ സർക്കാരിന്‍റെ സാന്പത്തിക ശക്തി വർദ്ധിക്കും. ഈ പറഞ്ഞതിൽ നിന്നും നാട്ടിൽ ഉപയോഗിക്കുന്ന അനധികൃത പണപ്പൊതികളെ അസാധുവാക്കിയാൽ നാടിന്‍റെ വിലപേശൽ ശക്തി വർദ്‍ധിക്കും എന്നു മനസ്സിലാക്കുവാൻ എളുപ്പമാണ്. പക്ഷേ രാജ്യത്തെ സമാന്തര സാന്പത്തിക രംഗത്തെ എല്ലാ അർദ്ധത്തിലും പിന്തുണയ്ക്കുന്ന, കുത്തകകൾക്ക് പൊതു മുതൽ കൈമാറുവാനും നികുതി ഇളവുകൾ കൊടുക്കുവാനും വിദേശത്തുള്ള ഇന്ത്യൻ അതി സന്പന്ന പണക്കാർക്ക് ഇരട്ട നികുതി ഒഴിവാക്കലിലൂടെ നൂറു കണക്കിന് കോടി രൂപയുടെ സഹായം നൽകുന്ന രാഷ്ട്രീയ നിലപാടുകൾ പുലർത്തുന്ന സർക്കാർ സംവിധാനത്തിൽ രാജ്യ താൽപര്യത്തെ മുന്നിൽ നിർത്തി ഇന്ത്യൻ സാന്പത്തിക രംഗം പോളിച്ചെഴുതും എന്ന് ഒരാൾക്കും പ്രതീക്ഷിക്കുവാൻ കഴിയില്ല. ഈ രാഷ്ട്രീയ അനുഭവത്തെ കഴിഞ്ഞ ഒരു വർഷത്തെ ഇന്ത്യയിൽ നോട്ട് പിൻവലിക്കലിന് ശേഷമുള്ള സംഭവങ്ങൾ ശരിവെയ്ക്കുന്നു.
നാട്ടിലെ 89% ആളുകളും രൂപ ഉപയോഗിച്ച് ചന്തയിൽ ഇടപെടുന്നവരാണ്. അങ്ങനെയായി തുടരുവാൻ വിവിധ കാരണങ്ങൾ ഉണ്ട്. 65 കോടി ജനങ്ങൾക്കും കക്കൂസുകൾ ഇല്ലാത്ത അവസ്ഥ. നിരക്ഷരത 30%ത്തിൽ തുടരുന്നതിനുള്ള വില്ലനായി പട്ടിണി പ്രവർത്തിക്കുന്നു. ആധുനിക ഡിജിറ്റൽ ഫോൺ സംവിധാനം സാധരണക്കാരിൽ നല്ലൊരു ആളുകളിലും എത്തിയിട്ടുണ്ട്. എന്നാൽ ഡിജിറ്റൽ നിരക്ഷരതയിൽ രാജ്യത്തിന്‍റെ അവസ്ഥ പരിതാപകരമാണ്. (120ലും മുകളിൽ). ബാങ്കുകളുടെ കാര്യത്തിൽ ഒരു ലക്ഷം ഇന്ത്യക്കാർക്ക് 10 ബാങ്ക് ശാഖകൾ ഉണ്ടെങ്കിൽ ചൈനയ്ക്കു 23ഉം ബ്രസിലിന് 46ഉണ്ട്. ATM ലേയ്ക്ക് വന്നാൽ; ഒരു ലക്ഷം ഇന്ത്യക്കാർക്ക് 8.9 ATMകൾ. ചൈനക്കാർക്ക് 50ഉം ബ്രസിലിന് 122ഉം. ഇനി ആയിരം ചതുരശ്ര കിലോമീറ്ററിലെ ബാങ്കുകളുടെ എണ്ണത്തിൽ നമ്മുടെ രാജ്യത്ത് 30ഉം ചൈനയിൽ 1430 ശാഖകളും. POSന്‍റെ കണക്കെടുത്താൽ രാജ്യത്തെ ശരാശരി 1000 പേർക്ക് രണ്ടെണ്ണം എന്നാണ്. ഈ വസ്തുതകളിൽ നിന്നും നമ്മുടെ നാട്ടിൽ ബാങ്കിംഗ് മറ്റു വികസ്വര രാജ്യങ്ങളുടെ ഏറെ പിന്നിലാണ് എന്ന് ബോധ്യപ്പെടും. ഒപ്പം തന്നെ സാധരണ കർഷകർ, കൈത്തൊഴിൽ രംഗം, മുതൽ ചെറുകിട ഇടത്തരം വ്യവസായികൾ −കച്ചവടക്കാർ അനുഭവിക്കുന്ന പ്രതിസന്ധികൾ കൂടി വരുന്നു. രാജ്യത്ത് 10000 രൂപയിൽ കൂടുതൽ മാസ വരുമാനമുള്ള കുടുംബങ്ങൾ (വ്യക്തികൾ അല്ല) 33% മാത്രമാണ് എന്ന് പറഞ്ഞാൽ രാജ്യത്തെ സാന്പത്തിക അസംതുലിതാവസ്ഥ വ്യക്തമാക്കപെടും. ആധുനിക ബാങ്കിം രംഗത്ത് ആവശ്യം വേണ്ട ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ നമ്മുടെ അവസ്ഥ പരിതാപകരമായി തുടരുന്നു. ലോക ശരാശരി (ഇന്റർനെറ്റ് വേഗത) 5.6 mbps ആണെങ്കിൽ നമ്മുടേത് 3.7 മാത്രം. ലോകത്തെ ഏറ്റവും ശക്തമായ cashless സാന്പത്തിക രാജ്യമായ Denmark ലെ internet വേഗം 16.5. കൊറിയയുടേത് 26 mbpsനും മുകളിൽ.
നോട്ടു നിരോധനത്തിന് ശേഷം രാജ്യത്ത് ഉപയോഗിച്ചു കൊണ്ടിരുന്ന 1571 കോടി എണ്ണം 500 രൂപയുടെ നോട്ടുകളും 1000 രൂപയുടെ 633 കോടി എണ്ണം നോട്ടുകളും പിൻവലിച്ചപ്പോൾ മടങ്ങിവരാതെ പോയ നോട്ടുകളുടെ മൂല്യം 1% മാത്രമായിരുന്നു. ഇവിടെ സർക്കാർ വാദവും അതിനെതിരെ മാറ്റാളുകൾ ഉയർത്തിയ വാദങ്ങളും ഓർക്കേണ്ടതുണ്ട്. counter fiet നോട്ടുകൾ എന്ന കള്ള നോട്ടുകൾ കണ്ടെത്തിയാതാകട്ടെ 43 കോടിയുടെ മാത്രം (.000045%). നാട്ടിൽ കള്ളപ്പണത്തിന്‍റെ തോത് GDPയുടെ 30% എന്ന കണക്കുകൾ ഉണ്ടെന്നിരിക്കെ കള്ളപ്പണം ബാങ്കുകളിൽ എത്താത്തതിനു പിന്നിൽ അവ നോട്ടുകളിൽ അല്ല മറ്റു രൂപത്തിൽ ആണ് സൂക്ഷിക്കുന്നത് (97%വും) എന്ന ധാരണ മുൻ സർക്കാർ കണക്കുകൾ ഇവിടെ ശരിവെക്കുകയാണ്. കള്ള നോട്ടുകളുടെ കാര്യത്തിലും ഇങ്ങനെയാണ് കാര്യങ്ങൾ സംഭവിച്ചത്.
നോട്ടുപിൻവലിക്കൽ ഇന്ത്യൻ സാന്പത്തിക രംഗത്ത് GDP യുടെ തളർച്ച (7.9ൽ നിന്നും ഏകദേശം 2% കുറവ്) നാട്ടിൽ 3 ലക്ഷം കോടി രൂപയുടെ സാന്പത്തിക തിരിച്ചടി
കൾ ഉണ്ടാക്കി എന്ന് GDP സൂചികയുടെ ആരാധകർ വാദിക്കുന്നു. നമുക്ക് സാധരണക്കാരുടെ അവസ്ഥയിലേക്ക് വരാം. കേരളത്തിൽ മീൻ പിടുത്തക്കാർ, ഏലം കൃഷിക്കാർ, ചെറുകിട കച്ചവക്കാർ, കൃഷിക്കാർ മുതൽ നോട്ട്നിരോധനം ബാധിക്കാത്തവരായി ആരാണ് ഉള്ളത്? നോട്ടു നിരോധനം പ്രതിസന്ധി ഉണ്ടാക്കിയ കാലത്ത് നിതിൻ ഗദ്ഗരിയുടെയും കുപ്രസിദ്ധ ഇരുന്പ് ഖനന മാഫിയ റെഡിയുടെ മകളുടെയും വിവാഹ മാമാങ്കത്തിന് തടസ്സങ്ങൾ ഉണ്ടായില്ല. നമ്മുടെ കേരളത്തിൽ മദ്യ കച്ചവടക്കാരന്‍റെ മകളുടെ വിവാഹം മുൻ കോൺഗ്രസ് മന്ത്രിയുടെ മകനൊപ്പം അവരുടെ കഴിവിനനുസരിച്ചു കൊഴിപ്പിച്ചു. സഹകരണ ബാങ്കുകളിൽ നിന്നും ലോൺ എടുത്ത് വിവാഹം നടത്താം എന്നാഗ്രഹിച്ച സാധാരണ പെട്ടികടക്കാരനും ഓട്ടോ ഡ്രൈവറും വിവാഹം നടത്തുവാൻ കഴിയാതെ വലഞ്ഞു. ഇത്തരം യാഥാർഥ്യങ്ങളെ അംഗീകരിക്കുവാൻ കഴിയാത്ത ഏതു രാഷ്ട്രീയ നേതൃത്വവും ജനങ്ങൾക്ക് ബാധ്യതകളായി പ്രവർത്തിക്കുന്നു എന്ന് തിരിച്ചറിയണം.
തീവ്രവാദികളുടെ നുഴഞ്ഞു കയറ്റവും മറ്റു സുരക്ഷാ വിഷയവും നോട്ടു നിരോധനത്തിൽ കൂടി പരിഹരിക്കുവാൻ കഴിയില്ല എന്ന് 2017 വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. പിന്നെന്തിനു വേണ്ടിയായിരുന്നു നോട്ടു നിരോധനം? എന്തിനു വേണ്ടിയാണ് ആഴ്ചകൾ കഴിഞ്ഞപ്പോൾ ഡിജിറ്റൽ സാന്പത്തിക രംഗത്തെ പറ്റി പ്രധാന മന്ത്രി സംസാരിച്ചത്? ബാങ്കുകളെ ആശ്രയിക്കുന്നവരിൽ നിന്നും സ്വകര്യ ബാങ്കുകളെ പിന്നിലാക്കി SBI ജനങ്ങളെ പിഴിയുന്നത് ആർക്കുവേണ്ടി? പനാമ രഹസ്യ രേഖയുടെ പേരിൽ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ കസേര തെറിച്ചപ്പോൾ നമ്മുടെ നാട്ടിൽ ആരുടേയും തലകൾ ഉരുളാതെ ഇരിക്കുന്നത് എന്തുകൊണ്ടാണ്? ഏറ്റവും അവസാനം പാരഡൈസ് പേപ്പർ രേഖയിൽ കേന്ദ്രമന്ത്രിയും മറ്റു പാർട്ടികളിലെ പ്രമുഖരും ഉണ്ടായിട്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ ഉണ്ടാകാത്തതെന്ത്? BJPയുടെ അദ്ധ്യക്ഷന്‍റെയും മറ്റു ചിലരുടെ മക്കളെപറ്റി വലിയ ആരോപണങ്ങൾ ഉയർന്നു വരുന്നത് കള്ളപ്പണ വേട്ടക്കായി രാജ്യത്തെ നിശ്ചലമാക്കിയ ശ്രീ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി തുടരുന്പോൾ തന്നെയാണ്.
ഇല്ലാത്ത നദിക്കു മുകളിൽ പാലം പണിയുന്നവരാണ് രാഷ്ടീയക്കാർ എന്ന വിശേഷണം തിരുത്തി എഴുതുവാൻ ഇന്ത്യൻ ജനത മുന്നിട്ടിറങ്ങേണ്ട സമയം ആതിക്രമിച്ചിരിക്കുന്നു!