അതിഥി ദേവോ ഭവ എന്ന് പറഞ്ഞ ഇന്ത്യ ഇന്നെവിടെ ?


ഇ.പി അനിൽ

രാജ്യത്ത് വംശീയ/വർഗ്ഗീയ വിഷയങ്ങൾ ഉന്നയിച്ച് ഒരു കൂട്ടം ആളുകൾക്കു മുകളിൽ ഭരണകൂടത്തിന്‍റെ പിന്തുണയോടെ ഭൂരിപക്ഷം ജനങ്ങളുടെ പേരിൽ നടത്തുന്ന വിവിധ തരം കടന്നാക്രമണങ്ങൾ  അഭയാർത്ഥികളെ സൃഷ്ടിച്ചു വരുന്നു. യുദ്ധം, കലാപങ്ങൾ, വിഭജനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, വികസനം  തുടങ്ങിയവയിലൂടെ 7  കോടിക്കടുത്ത് ജനങ്ങൾക്ക് സ്വന്തം നാട് ഉപേക്ഷിക്കേണ്ടി വന്നതായി UN കണക്കുകൾ‍ പറയുന്നുണ്ട്. മാതൃ രാജ്യമേതെന്ന് അവകാശപ്പെടുവാൻ കഴിയാത്ത ജനവിഭാഗങ്ങളുടെ വിഷയത്തിൽ മിക്ക രാജ്യങ്ങളും തങ്ങളുടെ ദേശീയ/പ്രാദേശിക രാഷ്ട്രീയങ്ങൾക്ക് പ്രധമ സ്ഥാനം നൽകുന്നതിലൂടെ ഒരു വിഭാഗം ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തെ നിക്ഷേധിക്കുകയാണ്.

ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹത്തിന് നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ച ചരിത്രം  ആർക്കും മറക്കുവാൻ കഴിയുന്നതല്ല. ഒന്നര  കോടി ജനങ്ങളുടെ കുടി ഒഴിപ്പിക്കൽ, 10 ലക്ഷം ആളുകളുടെ മരണം, ശതകോടികളുടെ സ്വത്തുക്കൾ‍ നശിപ്പിക്കൽ‍. എല്ലാം ഒരു ജനത രണ്ടു രാഷ്ട്രമായി മാറുന്നതിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായിരുന്നു. ഇത്തരം കൂട്ടക്കുരുതികൾ, അപമാനിക്കലുകൾ പാകിസ്ഥാൻ വിഭജനകാലത്തും ആവർത്തിച്ചു. ആഫ്രിക്ക എന്ന വൻകരയുടെ ദുരന്തത്തെ പറ്റി സംസാരിക്കുന്പോൾ ആദ്യം പരാമർശിക്കേണ്ടി വരിക വിവിധ രാജ്യങ്ങളിൽ നടന്നു വരുന്ന പുറത്താക്കലുകളെ പറ്റിയായിരിക്കും. നൈഗറും സുഡാനും റുവാണ്ടയും എത്യോപ്യയുമെല്ലാം സാക്ഷ്യം വഹിച്ചു വരുന്ന കൊലകളും പലായനങ്ങളും അധികാരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്നു. ശ്രീലങ്കയിലെ തമിഴ് വംശജർ, യൂറോപ്പിലെത്തിയ ലിബിയ, സിറിയൻ അഭയാർത്ഥികൾ, അമേരിക്കയിലെ മെക്സിക്കൻ വംശജർ, ബർമ്മയിലെ റോഹിങ്കകൾ‍  തുടങ്ങിയവർ  തങ്ങൾ ജീവിക്കുന്ന പരിസരങ്ങളിൽ നിന്ന് പുറത്തു പോകേണ്ടി വരുന്നത്  അക്കൂട്ടത്തിലെ ആരുടെയെങ്കിലും അധികാരം ഉറപ്പിക്കുവനോ  അധികാരം നേടുവനോ വേണ്ടി നടത്തുന്ന പിടിവാശിയുടെ ഭാഗമല്ല. അധികാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇക്കൂട്ടർ‍  ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുന്നു അത്രമാത്രം.

അമേരിക്കൻ ഐക്യനാട്ടിൽ ജർമ്മൻകാരും സ്പെയിൻകാരും ഇംഗ്ലീഷുകാരും വിവിധ ഏഷ്യൻ ജനവിഭാഗങ്ങളും നിർണ്ണായക പങ്കു വഹിക്കുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുവാൻ മറ്റു രാജ്യങ്ങളിൽ  വേരുകൾ ഉള്ളവർക്കും സാധ്യമാണ്. അതിനെ പോരായ്മയായി കാണുവാൻ അമേരിക്കൻ ജനത തയ്യാറല്ല എന്നതാണ് ചരിത്രം. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെക്സിക്കകാരും ഏഷ്യക്കാരും അമേരിക്കയ്ക്കു ഭീഷണിയാണ് എന്ന ഡൊണാൾഡ് ട്രംപിന്‍റെ വാദം അമേരിക്കൻ ദേശീയതയെ സങ്കുചിതമായി കാണുവാൻ അദ്ദേഹം നടത്തിയ ശ്രമത്തിന്‍റെ ഭാഗമായിരുന്നു. യൂറോപ്പിലെ ചില രാജ്യങ്ങൾ പോർച്ചുഗലുകാരെ കുഴപ്പക്കാരായി കാണും പോലെ  മെക്സിക്കക്കാർ അമേരിക്കയുടെ സ്വൈര്യ ജീവിതം തകർക്കുവാൻ ശ്രമിക്കുന്നവരായാതിനാൽ വേണ്ടത്ര രേഖകൾ ഇല്ലാത്തവരെ മടക്കിയയക്കുവാൻ റിപ്പബ്ലിക്കുകൾ തയ്യാറാകും എന്ന് പരസ്യമാക്കിയിരുന്നു. അതിർത്തിയിൽ വേലി കെട്ടി തിരിച്ച് അമേരിക്കയെ രക്ഷിക്കുമെന്നു പറയുന്നവരുടെ രാഷ്ട്രീയം അമേരിക്കൻ  മാനവിക  സങ്കൽപ്പങ്ങളെ തളളിപ്പറയുന്നുണ്ട്.

ഇന്ത്യ എക്കാലവും അഭയാർത്ഥികളെയും യുദ്ധത്തിന്‍റെ ഇരകളെയും സ്വന്തനിപ്പിക്കുവാൻ തയ്യാറായിരുന്നു. ഇന്ത്യ വിഭജന കാലത്ത് പാകിസ്ഥാനിൽ നിന്നു വന്നവരെ പുനരധിവസിപ്പിക്കുവാനായി  ആസൂത്രണം ചെയ്ത ചാണ്ഡിഗഡ് നഗരം നമ്മുടെ നാട് അഭയാർത്ഥികളോടു പുലർത്തിയ മര്യാദയെ സൂചിപ്പിച്ചു. ടിബറ്റൻ ബുദ്ധിസ്റ്റുകളെ അടിച്ചമർത്താൻ ശ്രമിച്ച ചൈനീസ് സമീപനത്തെ എതിർത്ത ഇന്ത്യ അവരുടെ ആത്മീയ ഗുരുവിനും അനുഭാവികൾക്കും ഹിമാചൽ പ്രദേശിലുള്ള ധർമ്മശാലയിൽ ടിബറ്റൻ ഭരണ കേന്ദ്രമായി പ്രവർത്തിക്കുവാൻ അവസരം നൽകി. കർണ്ണാടകയിലെ കുശാൽ നഗറിൽ‍ പതിനായിരത്തിലധികം ബുദ്ധഭിക്ഷുക്കൾക്ക് ആശ്രമത്തിൽ താമസിച്ചു വിശ്വസ ജീവിതം നയിക്കുന്നു. ഡാർജിലിംഗിൽ ടിബറ്റൻ കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ട്. ഒന്നര ലക്ഷം ബുദ്ധ മത ടിബറ്റൻ‍ ജനത നിരവധി സംസ്ഥാനത്ത് ജീവിച്ചുവരുന്നു. ചൈനയുടെ നീരസത്തെ വകവെയ്ക്കാതെ  ഇന്ത്യ ടിബറ്റൻ‍ ബുദ്ധമത വിശ്വാസികൾ‍ക്ക് അഭയം നൽ‍കിയത് പ്രശംസനീയമാണ്.ബംഗാൾ‍ വിഭജനത്തെ ഇന്ത്യൻ‍ ജനത ഒറ്റകെട്ടായി ചെറുത്തു തോൽ‍പ്പിച്ചത് ചരിത്രത്തിൽ‍ എക്കാലത്തും ഓർ‍ക്കേണ്ട സംഭവമാണ്. പാകിസ്ഥാൻ‍ രൂപീകരണം ബംഗാളിനെ രണ്ടു രാജ്യങ്ങളുടെ ഭാഗമാക്കി. പാകിസ്ഥാനിൽ‍ നിന്നും കിഴക്കൻ‍ ബംഗാൾ‍ സ്വാതന്ത്ര്യം പ്രാപിക്കുവാൻ‍ അവസരം ഉണ്ടായ 1971ലെ ഇൻ‍ഡോ പാക്‌ യുദ്ധത്തിൽ‍ ബംഗാളിൽ‍നിന്നും ഉണ്ടായ അഭയാർ‍ത്ഥി പ്രവാഹം ഒരു കോടി കഴിഞ്ഞിരുന്നു. അവർ‍ ആസാം, മേഘാലയ, പശ്ചിമ ബംഗാൾ‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ‍ കുടിയേറി. പാകിസ്ഥാൻ‍ പട്ടാളം സ്വന്തം രാജ്യത്തെ ഒരു വിഭാഗത്തെ വെടിവെച്ചും കലാപം നടത്തിയും ബലാത്സംഗം നടത്തിയും അപഹസിച്ചപ്പോൾ‍  അവർ‍ക്ക് വേണ്ട സഹായം ചെയ്ത ഇന്ത്യയെ ആദരവോടെ ലോകം ഓർ‍ക്കുന്നു.

അഫ്ഗാനിസ്ഥാൻ‍ എന്ന സൂഫികളുടെയും (രാജ്യത്തിന്‍റെ പേരു പോലും സൂഫിയുടെ പേരിൽ‍ നിന്നും) ബുദ്ധ വിശ്വാസികളുടെയും  ഒരു കാലത്തേ നാടുമായി ഇന്ത്യക്കുണ്ടായിരുന്ന ബന്ധം എത്ര വൈകാരികമായിരുന്നു. അഫ്ഗാൻ‍ ആഭ്യന്തര പ്രതിസന്ധിയിൽ‍ കുരുങ്ങിയപ്പോൾ‍ ഒരു ലക്ഷത്തിൽ‍ അധികം ജനങ്ങൾ‍ ഇന്ത്യയിൽ‍ എത്തി. അവരെ സ്നേഹത്തോടെ സ്വീകരിച്ച രാജ്യം അഫ്ഗാന്‍റെ ആഭ്യന്തര സുരക്ഷയ്ക്കും വളർ‍ച്ചക്കും സഹായകരമാകുന്ന സൽ‍മ ഡാം നിർ‍മ്മാണത്തിനു നേതൃത്വം നൽ‍കി. വംശീയ കലാപത്തിൽ‍ വിറങ്ങലിച്ചു പോയ അഫ്ഗാനിസ്ഥനിൽ‍ നിന്നും ചികി
ത്സക്കായി ജനങ്ങൾ‍ നമ്മുടെ രാജ്യത്തേയ്ക്ക് എത്തിച്ചേരുന്നത് രണ്ടു രാജ്യങ്ങളും തമ്മിൽ‍ നിലനിന്നു വരുന്ന പരസ്പര സ്നേഹത്തിന്‍റെ അടയാളമാണ്.

ശ്രീലങ്കയിലെ അര നൂറ്റാണ്ടായി തുടങ്ങിയ തമിൾ‍ വംശജർ‍ക്കെതിരായ കലാപങ്ങൾ‍ ലക്ഷത്തിൽ‍ അധികം തമിൾ‍ വംശജരെ ഇന്ത്യയിൽ‍ അഭയം തേടുവാൻ‍ നിർ‍ബന്ധിതമാക്കി. അവർ‍ക്ക് കേരളത്തിലും തമിഴ്നാട്ടിലും താമസിക്കുവാനും തൊഴിൽ‍ എടുക്കുവാനും കഴിയാവുന്ന സഹായം ഇന്ത്യ നൽ‍കിവരുന്നു. ഒപ്പം തന്നെ ഇന്ത്യൻ‍ സമാധാന സേന ശ്രീലങ്കയിൽ‍ എത്തിയത് (അവർ‍ നടത്തിയ ആക്രമണങ്ങൾ‍ അപലനീയമായിരുന്നു. അതിൽ‍ പ്രതിക്ഷേധിച്ചാണ് രാജീവ്‌ ഗാന്ധി വധിക്കപ്പെടുന്നത്) നമ്മുടെ അയൽ‍ രാജ്യത്തിന്‍റെ പ്രതിസന്ധിയിൽ‍  നമ്മൾ‍ എടുക്കുന്ന ഉൽ‍കണ്‍ഠയുടെ തെളിവാണ്.

യഹൂദർ‍ ലോകത്തിന്‍റെ വിവിധ കോണുകളിൽ‍ മാതൃ രാജ്യം ഇല്ലാതെ അലഞ്ഞു നടന്ന കാലത്ത് മട്ടാഞ്ചേരിയിൽ‍ അവർ‍ക്ക് സൗകര്യങ്ങൾ‍ ഒരുക്കുന്ന കാര്യത്തിൽ‍ ഭരണ കർ‍ത്താക്കൾ‍ക്ക്, ഒപ്പം നാട്ടുകാരും, ഏറെ ശ്രദ്ധയുണ്ടായിരുന്നു. യഹൂദരെ മാനിക്കുന്നതിൽ‍ നമ്മൾ‍ കാട്ടിയ സമീപനത്തിൽ‍ പ്രധാനമാണ് അവരിൽ‍ നിന്നും ഒരാൾ‍ക്ക് നാടുവാഴി പദവി നൽ‍കിയത് (ജോസഫ്‌ റബ്ബാൻ‍). പലസ്തീൻ‍ വിഷയത്തിൽ‍ ഗാന്ധിജിയും നെഹ്രുവും ഇന്ദിരാഗാന്ധിയും എല്ലാം എടുത്ത സമീപനങ്ങൾ‍ മാനവികതയോടുള്ള നമ്മുടെ അചഞ്ചലമായ കൂറിന്‍റെ ഭാഗമാണ്. എക്കാലത്തും പലസ്തീൻ‍ വിമോചന പോരാട്ടത്തിൽ‍ ശക്തമായ നിലപാടുകൾ‍ എടുക്കുവാൻ‍ ഇന്ത്യൻ‍ ജനത ഏറെ താൽപര്യം കാട്ടി. (അതിനു മാറ്റം ഉണ്ടാക്കുവാൻ‍ BJP ശ്രമിച്ചു വരുന്നു.) ലോകത്താകെ നിരവധി കാരണങ്ങളാൽ‍ അഭയാർ‍ത്ഥി വിഷയം രൂക്ഷമായികൊണ്ടിരിക്കുന്നു. ലോക യുദ്ധങ്ങളുടെ കാലത്തേ ഓർ‍ക്കും വിധം അഭയാർ‍ത്ഥികൾ‍ ഉണ്ടാകുന്നതെങ്ങനെയാണ് എന്നത് ഗൗരവതരമാണ്. ലോക ജനതയിൽ‍ 112കളിൽ‍ ഒരാൾ‍ അഭയാർ‍ത്ഥികൾ‍ ആയി കഴിഞ്ഞു. ഈ വസ്തുതയെ  എങ്ങനെയാണ് ജനാധിപത്യ ലോകത്തിനു അംഗീകരിക്കുവാൻ‍ കഴിയുക? സ്വന്തം രാജ്യത്ത് തന്നെ അഭയാർ‍ത്ഥികളായി പരിഗണിക്കപ്പെട്ട നിരവധി കോടി ജനങ്ങൾ‍ നമുക്കുണ്ട്. ഇന്ത്യയിൽ‍ തന്നെ ആസാം സംസ്ഥാനത്തും കാശ്മീരിലും അത് മുഖ്യ രാഷ്ട്രീയ പ്രശ്നമായി പ്രവർ‍ത്തിക്കുന്നു.

അഭയാർത്ഥികളുടെ വിഷയത്തിൽ‍ ഊന്നി പ്രവർ‍ത്തിക്കുന്ന UN ഉന്നത കമ്മീഷൻ‍ (UNHCR) ഇന്ത്യയെ ഏറ്റവും മര്യാദയിൽ‍ അഭയാർ‍ഥികളെ പരിഗണിക്കുന്ന രാജ്യമായി പ്രകീർ‍ത്തിച്ചു. എന്നാൽ‍ അതേ ഇന്ത്യ ഇപ്പോൾ‍ റോഹിങ്ക്യൻ അഭയാർത്‍ഥി വിഷയത്തിൽ‍ എടുക്കുന്ന നിലപാട് രാജ്യത്തിന്‍റെ മുൻകാല സമീപനങ്ങളെ പരിഹസിക്കുന്നതാണ്. ബംഗാൾ‍ എന്ന പ്രവിശ്യയുമായി നാഫ് നദിയുടെ മറുകരയിൽ‍ സന്ധിക്കുന്ന അരക്കാൻ രാജ്യത്തിന്, (റോഹിങ്ക്യകൾ താമസിക്കുന്ന) വിദേശ ശക്തികളെ തുരുത്തുന്നതിൽ‍ ബംഗാളുമായി ഒരുമിച്ച ചരിത്രം മുതൽ‍ ആധുനിക ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ സൗഹൃദബന്ധമാണുള്ളത്‌. 15ാം നൂറ്റാണ്ടിൽ‍ സുൽ‍ത്താൻ ഗിയാസുദ്ദീൻ അസാം ഷാ ബംഗാളിനെ ആക്രമിച്ചപ്പോൾ‍ പ്രതിരോധം ഉറപ്പിക്കുവാൻ അരക്കാൻ രാജാവ് മുൻസുവാ മുന്നും പടയാളികളും കൂടെ നിന്നു. ഒപ്പം ബംഗാൾ‍ പ്രവിശ്യയോടുള്ള ബഹുമാന സൂചകമായി അരക്കാൻ രാജാക്കന്മാർ‍ ഇസ്ലാം പേരുകൾ‍ ഉപയോഗിക്കുവാൻ ശ്രദ്ധിച്ചു. ബർ‍മ്മയുടെ പടിഞ്ഞാറു ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ അരക്കോടി വരുന്ന ഭൂരിപക്ഷവും റോഹിങ്ക്യ മുസ്ലീങ്ങളും ബാക്കി, ബുദ്ധ ഹിന്ദു വിശ്വാസികളുമാണ്. ഇവർ‍ക്ക് ബംഗാളുമായി ഭാഷ ഉൾ‍പ്പെടെ  ഭക്ഷണത്തിലും വസ്ത്ര ധാരണയിലും ഒക്കെ സമാനതകൾ‍ ഉണ്ട്. ബർ‍മ്മയിൽ‍ കച്ചവടക്കാരായിരുന്ന തമിൾ‍ വംശരുമായും വളരെ അടുത്ത ബന്ധം റോഹിങ്ക്യകൾക്ക് ഉണ്ടായിരുന്നു. രണ്ടാം യുദ്ധ കാലത്ത് ഇംഗ്ലണ്ടും ജപ്പാനും ബർ‍മ്മക്കായി ഏറ്റുമുട്ടിയപ്പോൾ‍ രാജ്യത്തിന്‍റെ ഭരണം നിയന്ത്രിച്ചിരുന്ന ബ്രിട്ടനുമായി ചേർ‍ന്ന് നിന്ന് യുദ്ധം ചെയ്യുവാൻ‍  അരക്കാൻ‍ വിഭാഗം തയ്യാറായി. മറു വശത്ത് ജപ്പാൻ അനുകൂലമാകുവാൻ‍ ബുദ്ധമതത്തിലെ പ്രധാനികൾ‍ വിശ്വാസികൾ‍ക്ക് നിർ‍ദേശം നൽ‍കി. യുദ്ധത്തിനവസാനം ബർ‍മ്മ സ്വതന്ത്രമായി. റോഹിങ്ക്യകളും ബുദ്ധ വിശ്വാസികളും തമ്മിൽ‍ അകലുവാൻ‍ ഈ സംഭവം അവസരം ഒരുക്കി.

മ്യാന്മാർ‍ രാജ്യത്തിന്‍റെ പടിഞ്ഞാറൻ‍  സംസ്ഥാനത്ത് ക്രിസ്തുവിനും മുന്‍പ് മുതൽ‍ താമസിച്ചു വരുന്ന കാൽ‍ കോടി  ജനങ്ങളെ സ്വന്തം രാജ്യം 1982 നുശേഷം പൗരന്മാരായി പരിഗണിക്കാത്ത നിലപാട് ലോകത്ത് ആർ‍ക്കാണ്‌ അംഗീകരിക്കുവാൻ കഴിയുക.? തമിൾ‍ വിഷയത്തിൽ‍ ലങ്കൻ സർ‍ക്കാർ‍ എടുത്ത തീരുമാനവുമായി ഇതിനു സമാനതകൾ‍ ഉണ്ട് . ശ്രീലങ്കയിൽ‍ പ്രവത്തിക്കുന്ന ബുദ്ധ ബാല സേനയെ  (BBS) മാതൃകയാക്കുവാൻ ബർ‍മ്മീസ് ബുദ്ധമതക്കാർ‍ ഇഷ്ടപ്പെടുന്നു. ബർ‍മ്മയിലും ലങ്കയിലും നില നിൽ‍ക്കുന്ന തേരവാദം (മഹായാനം) എടുക്കുന്ന അന്യമത വിദ്വേഷം കുപ്രസിദ്ധമായി കഴിഞ്ഞു. ബണ്ടാരനായിക്കിനെ കൊലപ്പെടുത്തിയ (59) കാലം മുതൽ‍ അവരുടെ നിലപാടുകൾ‍ ഇന്ത്യയിൽ‍ RSS വെച്ച് പുലർ‍ത്തുന്ന വെറുപ്പിന്‍റെ വഴികളിലൂടെ സഞ്ചരിക്കുന്നതാണ്. സ്വന്തം രാജ്യത്ത് പലസ്തീനികളെ ഓർ‍മ്മിപ്പിക്കും വിധം പൗരരായി പരിഗണിക്കാതെ (രണ്ടാം−മുന്നാം തരം എന്ന വിശേഷണത്തിന് പോലും പരിഗണിച്ചിട്ടില്ലാത്ത) ജീവിക്കേണ്ട ജനതയിൽ‍ അധികം  ആളുകൾ‍ ബംഗ്ലാദേശ് (12 ലക്ഷം)ലേക്കും പാകിസ്ഥാൻ‍(2 ലക്ഷം), തായ്ലന്റ് (ഒരു ലക്ഷം), മലേഷ്യ (അര ലക്ഷം), അമേരിക്ക (12000), ഇന്തോനേഷ്യ (10000), നേപ്പാൾ‍ (500ൽ‍ താഴെ) മുതലായ രാജ്യങ്ങളിൽ‍ എത്തുവാൻ‍ നിർ‍ബന്ധിതരായി. നമ്മുടെ രാജ്യത്ത് 40000 ആളുകൾ‍ അഭ്യർ‍ത്ഥികളായി എത്തിയിട്ടുണ്ട്. 7000 ലധികം റോഹിങ്ക്യകളെ ബർ‍മ്മീസ് പട്ടാളം കഴിഞ്ഞ ആഗസ്റ്റ്‌ 25ന്മാത്രം കൊലപ്പെടുത്തി. 10000 ആളുകൾ‍ക്ക് മുറിവേറ്റു. 120 ഗ്രാമങ്ങളും അതിലെ കാൽ‍ ലക്ഷം വീടുകളും കത്തിച്ചു. 500 ലധികം സ്ത്രീകളെ ബലാൽ‍സംഗം ചെയ്തു. 250 പള്ളികളും നിരവധി സ്കൂളുകളും തകർ‍ത്തു.

ഇന്ത്യ അതിന്‍റെ അഭയാർത്ഥികളോടുള്ള പഴയ കാല നിലപാടുകളെ കൈവെടിയുന്നു എന്ന ദുഃഖകരമായ ഇന്നത്തെ അവസ്ഥ തികച്ചും അപലനീയമാണ്. ബർമ്മ (മ്യാൻമാർ) എന്ന ബുദ്ധമതത്തിനു മുൻതൂക്കമുള്ള Secular   രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്ഥാത്തിലെ എല്ലാ ജനങ്ങളെയും അന്യ നാട്ടുകാരായി (ശത്രുക്കളെ എന്ന വണ്ണം)കരുതി അവരുടെ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും മറ്റു സഹായങ്ങളും നിക്ഷേധിക്കുന്ന സമീപനങ്ങൾ അതി ദാരുണമായ മനുഷ്യാവകാശ ലംഘനമാണ്. (പാലസ്തീൻ വിഷയം എന്ന പോലെ  റോഹിങ്ക്യകൾ ഒരു പ്രാദേശിക വിഭാഗമാണ്. അവരുടെ  ഐഡന്റിറ്റി  മതാതിഷ്ടിതമല്ല   ഭൂരിപക്ഷം മുസ്ലീങ്ങളും ചെറിയ അളവിൽ‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മറ്റു വിശ്വസികളും അതിൽ പെടുന്നു).

രാഷ്ട്രീയ മേലാളന്മാരുടെ താൽപര്യ പ്രകാരം ലോകത്ത് സജീവമായി കൊണ്ടിരിക്കുന്ന വിവിധ തരം ക്രിമിനൽ പ്രവർത്തനങ്ങളിൽപെട്ട്  അഭയാർത്ഥികൾ ആകേണ്ടി വരുന്നവരിൽ ഏറ്റവും വലിയ ഇരകളായി മാറിയിട്ടുള്ള റോഹിങ്ക്യകളോട് ഇന്ത്യയുടെ ദേശീയ സർക്കാർ കൈകൊള്ളുന്ന സമീപനം തികച്ചും നിരാശാജനകമാണ്. ആ നിലപാട് കേവലം ഒരു ക്യാബിനറ്റ് സമ്മേളനത്തിലൂടെ ഉരുത്തിരിഞ്ഞു വന്നതല്ല. “അതിഥി ദേവോ ഭവ” എന്ന മൂന്നു വാക്കുകൾ സംസ്കൃത ഭാഷയിൽ ഉള്ളതാണെങ്കിലും അതിന്‍റെ  അർത്ഥം വിശദമാക്കാതെ തന്നെ നമുക്ക് മനസ്സിലാക്കാവുന്ന
താണ്. ഇന്നു ലോകത്തിലുള്ള 500 തലമുറകൾ പിന്നിട്ട എല്ലാ ജനങ്ങളും എവിടെയോ നിന്നു വന്നു ചേർന്നവരാണ്.
വന്നു ചേർന്ന ദിനങ്ങളുടെ കാലത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകാം എന്നു മാത്രം. ഇന്ത്യയുടെ പാരന്പര്യത്തിൽ അഭിമാനം കൊണ്ട്, അതിന്‍റെ പൊലിമയിൽ സംശയിക്കുന്നവരെ രാജ്യദ്രോഹികളായി അവതരിപ്പിച്ച് തെരുവു വിചാരണ ചെയ്യുന്ന കൂട്ടരുടെ പ്രതിനിധികൾ രാജ്യം ഭരിക്കുന്പോൾ ഇന്ത്യയുമായി അതിർത്തി മാത്രമല്ല സംസ്കാരവും മറ്റും നൂറ്റാണ്ടുകളായി പങ്കുവെയ്ക്കുന്ന, (ക്രിസ്തുവിനു മുന്‍പ് മുതലേ) സ്വന്തം രാജ്യം മത ഭ്രാന്തിനാൽ‍ സ്വന്തം ജന്മനാട് പുറത്താക്കിയ,  അഭയം തേടിയെത്തിയ പരമ ദരിദ്ര ജനതയെ, അതും ഒരു ലക്ഷത്തിൽ‍ താഴെ വരുന്നവരെ, നമ്മുടെ രാജ്യത്തു നിന്നും പുറത്താക്കുവാൻ ഇന്ത്യൻ സർ‍ക്കാർ‍ പരമവാധി കരുക്കൾ‍ തീർ‍ക്കുന്പോൾ‍ ഇന്ത്യക്കാരുടെ മുൻ‍ കാല സഹിഷ്ണുതയെ ഭരണാധികാരികൾ‍ വെല്ലുവിളിക്കുകയാണ് എന്ന് പറയേണ്ടി വരുന്നു.

റോഹിങ്ക്യകളെ പുറത്താക്കുവാൻ‍ സർ‍ക്കാർ‍ പറയുന്ന ന്യായങ്ങൾ‍ സംസ്കാര സന്പന്നമായ ഒരു  സമൂഹത്തിനു ചേരുന്നതാണോ എന്നാലോചിക്കേണ്ടിയിരിക്കുന്നു. അതും ഇന്ത്യൻ‍ ജനതയുടെ പേരിൽ‍.? റോഹിങ്ക്യകൾ കലാപകാരികളും ഇന്ത്യാ വിരുദ്ധരും രാജ്യത്തിനു ഭീഷണിയുമാണ്‌ എന്ന് പറയുന്പോൾ‍ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് രാജ്യത്തെ വിവിധ അഭയാർത്‍ഥികളിൽ‍ ആരും തന്നെ ഭീഷണിയായി പ്രവർ‍ത്തിച്ചിട്ടില്ല എന്ന് ചരിത്രത്തിൽ‍ നിന്നും വായിക്കാം. റോഹിങ്ക്യകൾ‍ ഫാസിസ്റ്റ് ചേരിക്കെതിരായി രണ്ടാം ലോക യുദ്ധത്തിൽ‍ പങ്കാളികൾ‍ ആയവരാണ്‌. മുന്‍പ് വിശദമാക്കിയത് പോലെ ബംഗാളുമായി ചേർ‍ന്ന് വൈദേശിക ശക്തികളെ ഇന്ത്യൻ‍ മണ്ണിൽ‍ പ്രതിരോധിച്ചവരാണ്. എന്നാൽ‍ ഇന്ത്യയിൽ‍ എങ്ങനെയാണോ മതത്തെ രാഷ്ടീയത്തിൽ‍ ഉപയോഗിക്കുവാൻ‍ RSS ശ്രമിച്ചു വന്നത് അതേ പാതയിലൂടെ നീങ്ങുന്ന മത അധിഷ്ടിത രാജ്യമാകുവാൻ‍ സെക്യുലർ‍ രാജ്യമായ മ്യാന്മാർ‍ ശ്രമിക്കുകയാണ്. പട്ടാളത്തിന്‍റെ അടിച്ചമർത്തൽ‍ തുടർ‍ന്നുവന്ന മ്യാന്മാറിൽ‍ ജനാധിപത്യത്തിനായി നീണ്ട കാലം സമരം നടത്തിവന്ന സൂച്ചിയുടെ പാർ‍ട്ടി അധികാരത്തിൽ‍ എത്തിയ ശേഷം കൂടുതൽ‍ അടിച്ചമർ‍ത്തലുകൾ‍ റോഹിങ്ക്യകൾ‍ക്കെതിരെ ഉയരുന്പോൾ‍ സമാധാനത്തിനു നോബൽ‍ സമ്മാനം ലഭിച്ച അവർ‍ തങ്ങളുടെ രാജ്യത്തെ  നിരപരാധികളെ കലാപം നടത്തി  കൊലപ്പെടുത്തി പുറത്താക്കുന്ന തന്‍റെ പാർ‍ട്ടിക്കായി ന്യായങ്ങൾ‍ നിരത്തുന്നു.

അഭയം തേടി എത്തുന്നവരുടെ മതവും ജാതിയും തിരിച്ച് ഒരു രാജ്യം ജനങ്ങളെ ആക്ഷേപിച്ചു പുറത്താക്കുന്നു എങ്കിൽ‍ ആ നാട് ലോകത്തിനു മുന്‍പിൽ‍ അപഹസിക്കപ്പെടാതെ തരമില്ല. ഇന്ത്യ എന്ന മഹത്തായ നാട്ടിൽ‍ നിന്നും റോഹിങ്ക്യൻ ജനതയെ പുറത്താക്കുവാൻ‍ ആർഎസ്എസ് നിയന്ത്രിക്കുന്ന സർ‍ക്കാർ‍ കിണഞ്ഞു ശ്രമിക്കുന്പോൾ അവർ‍ ആക്ഷേപിക്കുന്നത് ഇന്ത്യൻ‍ ജനതയുടെ മഹത്തായ പാരന്പര്യത്തെയാണ് എന്ന് മറക്കരുത്...

You might also like

Most Viewed